Alfanar Sl No 42, E-Edition Vol 2 2019 Feb - Mar
- നവോത്ഥാനം, വനിതാ മതിൽ
- കലണ്ടർ വിപ്ലവ നവോത്ഥാനം-2
- എന്തുകൊണ്ട് ആരാധന അല്ലാഹുവിനു മാത്രം? - ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ
- ദൈവദാസികൾക്ക് ദേവാലയം തടയുന്നവർ - അബുൽ ബനാത്ത് കുറ്റിച്ചിറ
5. മുഅ്ജിസത്തു നിഷേധികൾക്ക് അവാർഡ് - നിദാഉർറഹ്മാൻ വി.ടി
6. സ്വർഗ്ഗം വിശ്വാസികൾക്കുമാത്രം - ഡോ. കോയക്കുട്ടി ഫാറൂഖി
7. ഇഖാമത്തുസ്സ്വലാത്ത് - അബ്ദുറഹ്മാൻ ഇരിവേറ്റി
8. ഹിലാൽ കണ്ടു മാസം തുടങ്ങൽ ബിദ്അത്ത് - അലി മണിക്ഫാൻ
9. അനന്തമായ ആകാശം - ഡോ. ടി.കെ.യൂസുഫ്
10. ഹിജ്റ കലണ്ടർ - ചരിത്രത്തിൽ - നജ്മുദ്ദീൻ മാറഞ്ചേരി
11. നവോത്ഥാനം എവിടം വരെ - ടി. അബ്ദുഷുക്കൂർ
12. വിശ്രമമില്ലാത്ത ഇസ്ലാഹി പ്രസ്ഥാനം - ജമീല ടീച്ചർ എടവണ്ണ
13. സാക്ഷരകേരളം - മുഹമ്മദ് മാറഞ്ചേരി
നവോത്ഥാനം , വനിതാ മതിൽ , ലൂണാർ കലണ്ടർ- 1
2019 ജനുവരിയിൽ കേരള നവോത്ഥാന ചരിത്രത്തിൽ വനിതാ മതിൽ സവിശേഷമായൊരു അദ്ധ്യായം കുറിച്ചുവെന്ന് അതിന്റെ സംഘാടകർ അവകാശപ്പെടുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ഉറപ്പ് വരുത്തുകയുമാണതിന്റെ ലക്ഷ്യമത്രേ. കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല, സ്ത്രീക്കരുത്തിന്റെ പ്രഖ്യാപനമാണിത് എന്ന് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനാനുമതിയുെട സുപ്രീം കോടതി വിധി വന്ന പ്രത്യേക സാഹചര്യത്തിൽ രാഷ്ട്രീയമായ ഒരു ഹിഡൻ അജണ്ട ഇതിനു പിന്നിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
കേരളത്തിലെ എല്ലാ വിഭാഗങ്ങളിലും അനേകം നവോത്ഥാനങ്ങൾ നടന്നിട്ടുണ്ട്. അതിൽ പലതും പോരാട്ടങ്ങളിലൂടെയായിരുന്നു. ചാന്നാർ കലാപം, കല്ലുമാല സമരം, ഘോഷാബഹിഷ്കരണം, നങ്ങേലി മുലയറുത്തത് തുടങ്ങിയവ ഉദാഹരണം. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളിൽ നിന്നുയർന്നുവന്നവ. ഈ വിപ്ലവങ്ങളൊന്നും യൂറോപ്പുമായി സദൃശ്യമില്ലാത്ത നവോത്ഥാനങ്ങളായിരുന്നു. ശ്രീനാരായണ ഗുരുവിലൂടെ കേരളമാകെ മുന്നേറ്റമുണ്ടായി. ന്യൂനപക്ഷങ്ങൾക്കുമിടയിലുമുണ്ടായി നവോത്ഥാന സംരംഭങ്ങൾ പലതും.
മുസ്ലിം നവോത്ഥാന ചുക്കാൻ പിടിച്ചവർ സയ്യിദ് സനാഉല്ലാ മക്തി തങ്ങളും, വക്കം മൗലവി, കെ.എം. മൗലവി തുടങ്ങിയവരുമായിരുന്നു. വക്കം മൗലവിയുടെ സ്ത്രീ വിദ്യാഭ്യാസ വിപ്ലവം മുസ്ലിംകളിൽ അനൽപമായ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. സാഹിത്യ രംഗത്ത് നവോത്ഥാന സംരംഭങ്ങൾ വിപ്ലവകരമായിരുന്നു. ക്രൈസ്തവരിൽ മിഷ്യനറിമാർ വരുത്തിയ നവോത്ഥാനവും സ്മരണീയമാണ്. പൊയ്കയിൽ കുമാരഗുരു നടത്തിയ നവോത്ഥാനവും ചരിത്രപരമായിരുന്നു. മുസ്ലിം കേരളത്തിൽ നിഖില മേഖലകളിലും മുജാഹിദ് പ്രസ്ഥാനമുണ്ടാക്കിയ നവോത്ഥാനത്തെ വെല്ലുന്ന മറ്റൊരു വിപ്ലവവും മലയാള മണ്ണിൽ ഉണ്ടായിട്ടില്ല. അനർഹർ അവകാശവാദവുമായി അണിയറയിലുണ്ടെങ്കിലും.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ അനേകം പരിവർത്തനങ്ങൾക്ക് പുറമേ എസ്.എൻ.ഡി.പി, പുലയ മഹാസഭ തുടങ്ങിയവരും നവോത്ഥാനത്തിൽ അണിചേർന്നവരാണ്. അയിത്ത ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം നേടികൊടുക്കാൻ കൂടൽ മാണിക്യ ക്ഷേത്ര വഴിയിലെ കൂട്ടംകുളം സമരം എടുത്തുപറയാവുന്ന നവോത്ഥാന വിപ്ലവമായിരുന്നു.
എന്നാൽ, ശബരിമല സ്ത്രീ പ്രവേശാനുമതി വിധി നിഴലിൽ 55 ലക്ഷം സ്ത്രീകൾ അണിനിരന്നെന്ന അവകാശപ്പെട്ട വനിതാമതിൽ എന്തു വിപ്ലവമാണുണ്ടാക്കിയതെന്നറിയില്ല. അവരിൽ നിന്ന് നടപ്പിലാക്കാനെന്നവണ്ണം ശബരിമലയിലേക്ക് അയ്യപ്പദർശന മതിൽ കെട്ടിയിരുന്നെങ്കിൽ അതൊരു മഹാഗംഭീര നവോത്ഥാനമാകുമായിരുന്നു! അതിനുള്ള ചങ്കൂറ്റം ഇന്നത്തെ കേരള മാർക്സിസത്തിനു ഇല്ലാതെ പോയതിൽ അത്ഭുതം കൂറുകയാണ് ലോകം. അപ്പോൾ വനിതാ മതിൽ വെറുമൊരു 'ഷോവാൾ' ആയി. 17 യുവതികളെ ഒളിപ്പിച്ചു കടത്തി കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തി ദൈവത്തെ അശുദ്ധമാക്കേണ്ടതില്ലായിരുന്നു! നവോത്ഥാന ചരിത്രത്തിൽ ഒരു 'ബാഡ് ഇമേജ്' ഉണ്ടാക്കിയെന്നു ഭാവി ചരിത്രകാരന്മാർ രേഖപ്പെടുത്താനിടയുണ്ട്! ദൈവത്തെ അശുദ്ധമാക്കിയതിന്റെ ശിക്ഷ അടുത്ത തെരെഞ്ഞെടുപ്പിൽ കിട്ടാതിരുന്നാൽ ഭാഗ്യം.
ഭൂവാസികൾക്ക് കൃത്യമായ കാലഗണനയക്കായി ദൈവം പ്രകൃതിയിൽ നിശ്ചയിച്ചിട്ടുള്ള ചന്ദ്രമാസ/വർഷക്കലണ്ടറാണ് ലൂണാർ സിസ്റ്റം കലണ്ടർ-യഥാർത്ഥ മാനവ കലണ്ടർ. ജൂത, ക്രൈസ്തവ, ഹിബ്രു, ജൂലിയൻ, ഗ്രിഗ്വറി സൂര്യവർഷ (സോളാർ സിസ്റ്റം) ക്കലണ്ടറുകളുടെ അശാസ്ത്രീയത ലോകമിന്നു ഗ്രഹിച്ചിട്ടുണ്ട്. യൂറോപ്യൻ സ്വാധീനത്തിൽ അതു കൈവെടിയാൻ ലോകത്തിനു ഇഛാശക്തിയുണ്ടായിട്ടില്ല. ലോകത്തെ പ്രബല മതാനുയായികളെല്ലാം യഥാർത്ഥ മാനവ കലണ്ടറിന്റെ വക്താക്കൾ തന്നെയായിരുന്നു. വിശുദ്ധ ഖുർആൻ മുഹമ്മദ് നബി(സ്വ)യിലൂടെ ലോകത്തിന്നതു സമർപ്പിച്ചു. അദ്ദേഹമതു ലോകത്തിനു പഠിപ്പിച്ചു. മുസ്ലിംകളെ ജീവിത വ്യവഹാരങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം തുടർന്നുവന്നു.
കാലത്തിന്റെ കുത്തൊഴുക്കിൽ ഇസ്ലാമിനു ഗ്ലാനി സംഭവിച്ചപ്പോൾ ചന്ദ്രവർഷക്കലണ്ടർ അഗണ്യമാക്കപ്പെട്ടു. കേരളത്തിൽ നവോത്ഥാനപ്പോരാളികൾ ഈ യാഥാർത്ഥ്യം ഉൾകൊണ്ടവരായിരുന്നു. അവർ ഇതിലും നവോത്ഥാനം കൊണ്ടുവരാൻ 'കേരളാ ഹിലാൽ കമ്മറ്റി'യുണ്ടാക്കി. ഖാസിമാർക്കെതിരിൽ വിപ്ലവം സൃഷ്ടിച്ചു. ദൗർഭാഗ്യവശാൽ കേരള മതനേതൃത്വത്തന്നെ പണ്ഡിതന്മാരിൽ നിന്ന് രാഷ്ട്രീയ തങ്ങന്മാരും കോപ്പറേറ്റ് മുതലാളിമാരും റാഞ്ചിയെടുത്തു. അതോടെ ഇസ്ലാഹീ നേതൃത്ത്വം ഇതിലെ നവോത്ഥാനത്തെ ഫ്രീസറിൽ കയറ്റി. ഇപ്പോൾ അവരുെട ജിഹാദും നവോത്ഥാനവും ഗവേഷണവും സംഘടനാ പിളർപ്പ് കുറ്റമറ്റതാക്കണമെന്നതിലാണ്. ദുരന്തമാണിത്. അല്ലാഹുവേ, കാക്കണേ!
ആദർശ വ്യതിയാനം ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് നവോത്ഥാന നേരവകാശികളായ 'യുവതുർക്കി മുജാഹിദുകൾ'ക്ക് നൂറ് ശതമാനവും ബോധ്യമായിട്ടുണ്ട്, ചന്ദ്രമാസക്കലണ്ടർ-ലൂണാർ സിസ്റ്റം ആണ് മുസ്ലിംകൾ ലോകത്തു നടപ്പിലാക്കേണ്ടത്, അത് കൃത്യമായ കണക്കിനനുസൃതമായിരിക്കണം എന്ന്. വലിയൊരു നവോത്ഥാന വിഷയമാണിതെന്നവർ തിരിച്ചറിയുകതന്നെ വേണം. നവോത്ഥാനമെന്ന പദം മുസ്ലിംകളിൽ ഏറ്റവും കൂടുതൽ പാകം ചെയ്യുന്നതും നാടുനീളെ നവോത്ഥാനം വിളമ്പുന്നവരും അവരാണ്. അതിനാൽ ഒരപേക്ഷ: 'ഹിജ്റ കമ്മറ്റി ഓഫ് ഇന്ത്യ'യുടെ മുദ്രാവാക്യം ഏറ്റെടുക്കുന്നതിലൂടെ നിങ്ങളുടെ അന്തസ്സുയരുന്നതാണ്. ഇക്കാലത്തിന്റെ മുസ്ലിം നവോത്ഥാനത്തിലെ കൃത്യമായ ഒരു അജണ്ടയാകേണ്ടതാണിത്. ദഅ്വത്തു സെന്റർ ഇതേറ്റെടുക്കണം. ഞങ്ങൾ പിന്നിൽ നിന്നുകൊള്ളാം. അതിന്റെ ആത്മാവും പരമാത്മാവും ജീവാത്മാവും നിങ്ങളായിക്കൊൾക. അവകാശികളായി ഞങ്ങൾ വരില്ല. ആര് കുത്തിയാലും അരിവെളുക്കണം. പരലോകത്തു ഇങ്ങനെ പറയാനിടയാക്കണ്ട. "ഞങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നുവെങ്കിൽ ജ്വലിക്കുന്ന ഈ അഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല" (സൂറ: 67 അൽമുൽക്ക്: 10). ഈ സൂക്തം നമുക്ക് താക്കീതാണ്. ആരെയും ആക്ഷേപിക്കാൻ എടുത്തുപറഞ്ഞതല്ല. ഒരു സത്യം ഓർമ്മപ്പെടുത്തിയെന്നുമാത്രം.
(എഡിറ്റർ)
വിശ്വാസദർശനം-36
എന്തുകൊണ്ട് ആരാധന അല്ലാഹുവിനു മാത്രം
?
ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ
(വിവ: അബൂനുബ്ലാ)
ശിർക്ക്-ബഹുദൈവാരാധന-ദൈവത്തോടുള്ള കൊടും പാപമാകുന്നു എന്നത് സുപ്രധാനമായി അറിയേണ്ടകാര്യമാകുന്നു. കാരണം, "നിശ്ചയം അല്ലാഹുവിൽ ശിർക്കുവെക്കൽ ഒരിക്കലും അവൻ പൊറുക്കുന്നതല്ല. അല്ലാത്തതെല്ലാം അവനുദ്ദേശിച്ചാൽ മാപ്പുചെയ്തേക്കുന്നതാണ്." (വി.ഖു: 4:48). ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നു: “നബി(സ്വ)യോട് ‘ഏറ്റവും വമ്പിച്ച പാപമേതാണ്’ എന്ന് ചോദിക്കപ്പെട്ടപ്പോൾ, അവിടുന്നു പറഞ്ഞു: നിന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിനു സമന്മാരെ വെക്കലാകുന്നു” എന്ന്. നിദ്ധൻ-എന്നാണു പറഞ്ഞത്, അതായത് ദൈവത്തിന് ‘തത്തുല്യൻ’. അല്ലാഹു പറഞ്ഞുവല്ലോ. “അതിനാൽ നിങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹുവിനു-അൻദാദുകൾ-സമന്മാരെ സങ്കൽപ്പിക്കരുത്.” (വി.ഖു: 2:22)
വീണ്ടും അല്ലാഹു പറഞ്ഞതു കാണുക: “ദൈവമാർഗത്തിൽ നിന്നു വ്യതിചലിപ്പിക്കും വിധം അല്ലാഹുവിനു സമന്മാരെ നിശ്ചയിക്കുകയാണവൻ. പറയൂ പ്രവാചകാ, നീ നിഷേധിയായി അൽപകാലമേ ഇവിടെ സുഖിക്കുകയുള്ളൂ. നിശ്ചയം, നീ നരകാവകാശി തന്നെയാകുന്നു.” (വി.ഖു: 39:8). അല്ലാഹുവിന്റെ സവിശേഷതയായ ‘ആരാധ്യനായിരിക്കുക’ (ഉലൂഹിയ്യത്ത്) എന്നതിലും പ്രപഞ്ചാധിപതിയായിരിക്കുക (റുബൂബിയ്യത്ത്) എന്നതിലും ഏതൊരാൾ തന്റെ സൃഷ്ടാവായ അല്ലാഹുവിനു സമന്മാരെ ഉണ്ടാക്കിയോ അവൻ ദൈവ നിഷേധിയായിത്തീരുമെന്നതിന് മുസ്ലിം ലോകത്തിന്റെ ഏകകണ്ഠ തീരുമാനം (ഇജ്മാഅ്) ഉണ്ട്.
അടിസ്ഥാനപരമായി ആരാധന അല്ലാഹുവിനു മാത്രമേ അർഹിക്കുന്നുള്ളു. കാരണം അവൻ മാത്രമാണ് ആരാധനക്ക് അർഹതയുള്ള ഏകദൈവം. എല്ലാ മനസ്സുകളും അവനെയാണ് കൊതിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ അവനിലേക്കാണ് സർവ്വതും അഭയപ്പെടുന്നത്. അവനല്ലാത്തവരെല്ലാം അവനിലേക്കാവശ്യക്കാരും വിധേയത്തമുള്ളവരുമാണ്. അപ്പോൾ എങ്ങനെ ആ സമന്മാർക്ക് ദൈവമാകാൻ കഴിയുക? അല്ലാഹു പറയുന്നുണ്ട്: “അവന്നർഹതപ്പെട്ട ആരാധനയിലെ ഒരു പങ്ക് അവന്റെ അടിമക്കവൻ വകവെച്ചു കൊടുക്കുകയോ? മനുഷ്യൻ വളരെ വലിയ നന്ദികെട്ടവൻ തന്നെ” (വി.ഖു: 43:15). പിന്നെയും അല്ലാഹു പറഞ്ഞു: “ആകാശഭൂമികളിലുള്ളവർ മുഴുക്കെയും പരമകാരുണികന്റെ സവിധത്തിൽ കൊണ്ടുവരപ്പെടാതിരിക്കില്ലതന്നെ.” (വി.ഖു:20:93). അല്ലാഹു പറഞ്ഞു: “നിങ്ങളൊരിക്കലും അല്ലാഹുവിനോടൊപ്പം ഒരാളെയും ദൈവമാക്കരുത്. പ്രവാചകനായ ഞാൻ നിങ്ങളോടിക്കാര്യം ശക്തമായി താക്കീതുചെയ്യുന്ന മുന്നറിയിപ്പുകാരൻ തന്നെയാണ്.” (വി.ഖു:51:51). “നബിയേ, പറയൂ: സർവ്വാർപ്പണവും അല്ലാഹുവിനു നിഷ്കളങ്കമായർപ്പിച്ച് അവനെ മാത്രം ആരാധിക്കാനാണ് ഞാൻ പോലും കൽപിക്കപ്പെട്ടിട്ടുള്ളത്.” (വി.ഖു:39:11). അതിനാൽ അല്ലാഹു മാത്രമാണ് യഥാർത്ഥ ആരാധന അർഹിക്കുന്നവൻ എന്നതു വ്യക്തമാകുന്നു.
അല്ലാഹു പറഞ്ഞു: “സർവ്വ സ്തുതികളും പ്രപഞ്ചനാഥനുള്ളതാകുന്നു.” സ്തുതികളായ സ്തുതികളൊക്കെയും ദൈവത്തിനു മാത്രമേ അവകാശപ്പെടുന്നുള്ളൂ. അതേ, തീർച്ചയായും യഥാർത്ഥ സ്തുതിക്കർഹത അല്ലാഹുവിനു തന്നെയാണ്. സൂറത്തുൽ ഫാത്തിഹയിൽ ഈ സ്തുതിയുടെ കാര്യം പറഞ്ഞയുടൻ ‘നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായമഭ്യർത്ഥിക്കുന്നു’ എന്ന് പറയുന്നതിൽ നിന്ന് ‘അല്ലാഹുവല്ലാതെ ആരാധനക്കർഹൻ മറ്റാരുമില്ല’ എന്ന കാര്യം കൂടുതൽ സുവ്യക്തമാവുകയാണ്. ‘ഇയ്യാക്ക നഅ്ബുദു’ എന്ന വാക്യം അല്ലാഹുവിന്റെ ആരാധ്യനായിരിക്കുക എന്ന ഉലൂഹിയ്യത്തിനെ ഊന്നുന്നു. സ്നേഹം, ഭക്തി, ഭയം, പ്രതീക്ഷ, തുടങ്ങിയവയെല്ലാം അതിലുൾപ്പെടുന്നു. ‘വഇയ്യാക്ക നസ്തഈൻ’ നിന്നോടു മാത്രം സഹായാഭ്യാർത്ഥന നടത്തുന്നു എന്നത് അല്ലാഹുവിന്റെ ‘റുബൂബിയ്യ’ത്തിനെയും വിവക്ഷിക്കുന്നു. ഭരമേൽപനം, സമർപ്പണം, വിനയപ്പെടൽ ഇതെല്ലാം പരിപാലകനായ, ഉടമസ്ഥനായ അല്ലാഹുവിൽ അർപ്പിക്കുന്നു. അത് അല്ലാഹുവിന്റെ ആധ്യപത്യത്തിലെ മുഴുവൻ കാര്യങ്ങളിലും അവനിഛിക്കുന്ന വിധം പ്രാവർത്തികമാക്കുന്നു എന്നും നമുക്കു ഗ്രഹിക്കാം.
റബൂബിയ്യത്തിന്റെ പൊരുൾ ഏതൊരുവനും ബോധ്യമാണ്. ഈ പ്രപഞ്ചത്തിന്റെ ആധിപത്യം, നിയന്ത്രണം, സംരക്ഷണം എല്ലാറ്റിന്റെയും കൈകാര്യ കർതൃത്വം എന്നിവയിൽ അത് പ്രകടമാണ്. “ആധിപത്യം ഏതൊരുവനിലാണോ അവൻ അത്യനുഗ്രഹീതനാകുന്നു. അവൻ സർവ്വശക്തനത്രെ.” (വി.ഖു:67:1). ഉപകാരോപദ്രവങ്ങൾ വരുത്തുക, പ്രപഞ്ചത്തിലെ ചലനനിയന്ത്രണങ്ങൾ, ആസൂത്രിത, സഞ്ചാര പഥങ്ങളുടെ ക്രമീകരണം, ഓരോന്നിന്റെയും കയറ്റിറക്കങ്ങൾ എന്നുവേണ്ട എല്ലാറ്റിന്റെയും നാഥൻ അല്ലാഹുവിലല്ലാതെ മറ്റാരിലുമല്ല. അവൻ തന്നെയാണ് ഇതെല്ലാം നിയന്ത്രിച്ചും പരിപാലിച്ചും കൊണ്ടിരിക്കുന്നത്. ഇതുതന്നെയാണ് ഈ പ്രാപഞ്ചിക വ്യവസ്ഥയുടെ പിന്നാമ്പുറശക്തി സ്രോതസ്സ്. അപ്പോൾ അവനിൽ ആരാധ്യനായിരിക്കുക എന്ന വിശേഷം മാത്രമല്ല സർവ്വാധിപതിയായ പ്രപഞ്ചനാഥൻ എന്ന വിശേഷവും കൂടി നിലനിൽക്കുന്നു. അവ തിരിച്ചറിയൽ ഏതൊരു വിവേകിയുടെയും ബാധ്യതയാകുന്നു.
നന്മ തിന്മകളുടെ സാക്ഷാൽ പൊരുൾ, ദൈവസ്നേഹം, ഭക്ത്യാദരവ്, പ്രതീക്ഷ പുലർത്തൽ തുടങ്ങിയവയിൽ ആരാധനാ ഭാവങ്ങളുള്ളതിനാൽ അത് ഉലൂഹിയ്യയുടെ ഭാഗമാണ്. ഭരമേൽപനം, സമർപ്പണഭാവം, വിനയപ്പെടൽ തുടങ്ങിയവ റുബൂബിയ്യത്തിന്റെ ഭാഗവുമാണ്. കാരണം, അത് പ്രപഞ്ചത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിത നിയമമാണ്. അക്കാര്യം അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. “ഏതെങ്കിലുമൊരു കാര്യം നടക്കണമെന്നു നാമുദ്ദേശിച്ചാൽ ‘അതുണ്ടാകട്ടെ’ എന്നു പറയുക മാത്രമാണ് നമ്മുടെ കാര്യം. അപ്പോഴതു സംഭവിക്കുകയായി” (വി,ഖു:16:40). ഈ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ തൗഹീദിന്റെ ഈ രണ്ടു ഭാഗങ്ങളും ഉൾകൊണ്ടു കൊണ്ടുള്ള സാക്ഷാൽ ആരാധന പ്രാവർത്തികമാവുകയുള്ളൂ. മതത്തിന്റെ എല്ലാ കാര്യങ്ങളും ഈ രണ്ട് അച്ചുതണ്ടിലാണ് കറങ്ങുന്നത്. കാരുണ്യം, അനുകമ്പ, ബഹുമാനാദരവുകൾ, ജീവിത സൗന്ദര്യമെല്ലാം റുബൂബിയ്യയുടെ സാക്ഷ്യങ്ങളാണ്. അത് നാം പ്രാർത്ഥിക്കുവാൻ ബാധ്യസ്ഥമായ ‘ഇയ്യാക്കനഅ്ബുദു വഇയ്യാക്കനസ്തഈൻ’ എന്നതിലെ മർമ്മമായി നിലകൊള്ളുന്നു.
(തുടരുന്നു)
ഖുർആൻ ചിന്തകൾ
ദൈവദാസികൾക്ക് ദേവാലയം തടയുന്നവർ - അബുൽ ബനാത്ത് കുറ്റിച്ചിറ
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَـٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ١١٤ وَلِلَّـهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّـهِ ۚ إِنَّ اللَّـهَ وَاسِعٌ عَلِيمٌ ١١٥
“ദേവാലയങ്ങളിൽ ദൈവനാമം ജപിക്കുന്നതിന്ന് തടസ്സമുണ്ടാക്കുകയും അവയുടെ തകർച്ചക്കായി ശ്രമിക്കുകയും ചെയ്തവനേക്കാൾ വലിയ അതിക്രമകാരി ആരുണ്ട്? ഭയഭക്തിയോടെയല്ലാതെ ആർക്കും ആ ദൈവാലയത്തിൽ പ്രവേശിക്കാവതില്ലായിരുന്നു. അത്തരക്കാർക്ക് ഇഹലോകത്ത് നിന്ദ്യതയുണ്ട്. പരലോകത്ത് കഠിന ശിക്ഷയും. കിഴക്കും പടിഞ്ഞാറും ദൈവത്തിന്റേതുതന്നെയാകുന്നു. നിങ്ങൾ എങ്ങോട്ടു ലക്ഷ്യമിട്ടാലും അവിടെയെല്ലാം ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടായിരിക്കും. ദൈവം വൈപുല്യകഴിവുറ്റവനും സർവ്വജ്ഞനുമാകുന്നു. (വി.ഖു. 2: 114, 115).”
ദേവാലയങ്ങളേതും ദൈവത്തെ ആരാധിക്കാൻ തയ്യാറാക്കപ്പെട്ട വിശുദ്ധിയടങ്ങളാണ്. വിവിധ മതക്കാർ അവരുടെ ദേവാലയങ്ങൾക്കു വ്യത്യസ്ഥ നാമങ്ങളിട്ടു. എല്ലായിടത്തും നടത്തപ്പെടേണ്ടത് പ്രപഞ്ചനാഥനും ഏകനുമായ ദൈവത്തിന്റെ നാമ ജപങ്ങളും കീർത്തനങ്ങളും ആരാധനകളും നമസ്കാരങ്ങളുമൊക്കെയാണ്. അതിനു പകരം അതിന്റെ സംരക്ഷകരും പരിപാലകരും ബഹുൈദവാരാധനകൾ അവിടെ അരങ്ങേറ്റുകയാണ്. “നിശ്ചയം ദേവാലയങ്ങൾ ദൈവത്തിന്റേതു തന്നെയാണ്. അതിനാൽ അവിടെ നിങ്ങൾ ആ ദൈവത്തോടൊപ്പം മറ്റാരേയും വിളിച്ചു പ്രാത്ഥിക്കരുത്.” (വി.ഖു:72:18). സാക്ഷാൽ ജഗന്നിയന്താവായ പ്രപഞ്ചനാഥന്റെ കൂടെയോ കൂടാതെയോ മറ്റാരെയും പ്രാർത്ഥിക്കരുതെന്നാണ് ഈ മഹാ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് മനുഷ്യരോട് ആവശ്യപ്പെട്ടിട്ടുള്ളത്. പക്ഷെ, മനുഷ്യർ അതുലംഘിച്ചു. ദൈവത്തോടൊപ്പവും കൂടാതെയും വ്യാജ ദൈവങ്ങളെ പ്രതിഷ്ഠിച്ചു അവയ്ക്ക് ആരാധനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. കുറ്റവാളികളായ മനുഷ്യരാണ് ദേവാലയങ്ങളെ ഇവ്വിധം മലിനമാക്കിക്കൊണ്ടിരിക്കുന്നത്.
മുഹമ്മദ് നബി (സ്വ)ക്കു മുമ്പുള്ള അറബികളും ജൂത, ക്രൈസ്തവരും ദേവാലയം സ്ത്രീകൾക്ക് നിരോധിച്ചിരുന്നു. ആ കരിനിയമം തകർത്തത് മുഹമ്മദ് നബി(സ്വ)യാണ്. “പള്ളികളിൽ സത്രീകൾക്കുള്ള ആരാധനാവകാശം നിങ്ങൾ തടയരുത്” എന്നു മുഹമ്മദ് നബി (സ്വ) താക്കീതു ചെയ്തു. അറബി ഖുറൈശികൾ സ്ത്രീകളെ ദേവാലയത്തിൽ നിന്നു തടയാൻ തന്ത്രം മെനഞ്ഞു. ഏതെങ്കിലും സ്ത്രീക്കു കഅ്ബാലയത്തിൽ വരണമെങ്കിൽ പൂർണ്ണ നഗ്നകളായി വന്നു കൊള്ളട്ടെ എന്നുവെച്ചു. അഭിമാനവും മാന്യതയും ലജ്ജയുമുള്ള ഒരൊറ്റ വനിതയും അതിനു തയ്യാറാകില്ല എന്നവർക്കറിയാം. പ്രവാചകൻ ആ ക്രൂരത അവസാനിപ്പിച്ചു. തന്റെ ഭാര്യമാരെയും പെൺമക്കളെയും സമുദായ വനിതകളെയും പള്ളിയിൽ ഭജന (ഇഅ്തികാഫ്) മിരിക്കാൻ വരെ ശീലിപ്പിച്ചു. 5 നേരനമസ്കാരത്തിലേക്കും ജുമുഅ ജമാഅത്തിലേക്കും വരാനാവശ്യപ്പെട്ടു. തടയുന്നവരെ ശകാരിക്കുകമാത്രമല്ല താക്കീതും ചെയ്തു.
ഇസ്ലാമതത്തേയും മറ്റുമതങ്ങളെപ്പോലെ പൗരോഹിത്യം കയ്യടക്കി. അതോടെ ദൈവം കനിഞ്ഞേകിയ സ്ത്രീ ആരാധനാലയ പ്രവേശ സ്വാതന്ത്ര്യത്തിനു മേൽ കയ്യേറ്റം നടന്നു. സ്ത്രീകളെയും സൃഷ്ടിച്ചൊരുക്കിയ ദൈവത്തിന്റെ അടുത്ത് സ്ത്രീ പ്രവേശിച്ചാൽ ദൈവം അശുദ്ധമാകുമെന്ന പുരോഹിതാക്രോശം ഇന്നു അരങ്ങുതകർക്കുകയാണ്. സ്ത്രൈണവ പ്രകൃതിയിലുള്ള ആർത്തവകാലത്ത് സ്ത്രീകൾക്ക് ഇസ്ലാം ആരാധനയിലും ലൈംഗീക ബന്ധത്തിലും ഇളവു നൽകിയിട്ടുണ്ട്. ചില നിയന്ത്രണങ്ങളും നിശ്ചയിച്ചു. കാരണം, ശാരീരിക, മാനസീക പ്രശ്നങ്ങളുള്ള ആർത്തവഘട്ടത്തിൽ ആരാധനകൾ കാര്യക്ഷമമായി ഭക്ത്യാദരപൂർവ്വം ചെയ്യാനവർക്കു കഴിയില്ല. ആ കാലവുധിയിൽ ദേവാലയത്തിൽ-മുസ്ലിം സ്ത്രീ, പള്ളിയിൽ-അവർ പ്രവേശിക്കാതിരിക്കൽ അവരുടെ സുരക്ഷയ്ക്ക് നല്ലതാണ്. സ്ത്രീ വിഭാഗത്തിനു ആർത്തവമുള്ളതിനാൽ അവരുടെ സാന്നിധ്യം തന്നെ ദൈവത്തിന്റെ നൈഷ്ഠിക ബ്രഹ്മ ചര്യത തകർത്തുകളയുമെന്നത് വെറും ജൽപനം മാത്രമാണ്. ഒരു സ്ത്രീ ആരാധനയ്ക്കായി ദൈവ സമക്ഷത്തിലെത്തിയാൽ ദൈവം അശുദ്ധനാകുമെങ്കിൽ ദൈവമെന്തിനു ആർത്തവം സ്ത്രീക്ക് നൽകി? പുരുഷനെപ്പോലെ ആർത്തവാശുദ്ധിയില്ലാത്തവളായി സൃഷ്ടിക്കാമായിരുന്നില്ലേ? ദൈവത്തിന്റെ മേൽ പച്ചക്കള്ളം ചമയ്ക്കുന്നവർ മഹാ അധിക്രമകാരികളാകുന്നു. സാക്ഷാൽ ഏകദൈവത്തിങ്കൽ അങ്ങനെയൊന്നുമില്ല. മനുഷ്യർ പടച്ചുണ്ടാക്കിയ വ്യാജ ദൈവങ്ങൾക്ക് സ്ത്രീകളുടെ ആർത്തവം ഇഷ്ടപ്പെടാത്തത് അവരല്ല സ്ത്രീകളെ പടച്ചത് എന്നതിന്റെ പ്രകടമായ ദൃഷ്ടാന്തമാകുന്നു. ദൈവം മഹാവിശുദ്ധനാണ്, (സുബ്ഹാനല്ലാഹ്) എന്ന മുസ്ലിംകളുടെ ദൈവകീർത്തനം ശ്രദ്ധിക്കുക. ദൈവത്തെ പ്രപഞ്ചത്തിലെ യാതൊരഴുക്കും ബാധിക്കുകയില്ല. ദൈവം വിശുദ്ധനാണെന്നുമാത്രമല്ല, വിശുദ്ധമായെതെല്ലാം അവനിഷ്ടമാണ്. ദൈവം സുന്ദരനാണ്. സൗന്ദര്യത്തെ അവനിഷ്ടപ്പെടുന്നു. നല്ലതെല്ലാം / വിശുദ്ധമായതെല്ലാതെ അവൻ സ്വീകരിക്കില്ല. അതിനാൽ മനുഷ്യൻ നല്ലതേ ചെയ്യാവൂ എന്ന് ദൈവം ശാസിച്ചിട്ടുണ്ട്. ദൈവശാസനകൾ സർവ്വമനുഷ്യർക്കും ബാധകമാണ്. കൽപനകളനുസരിക്കുക. ഇളവുകൾ സ്വീകരിക്കുക. നിരോധിച്ചവ വെടിയുക. അതാണ് സാക്ഷാൽ ആരാധന.
ആരാധനകൾ ഭൂമിയിലെവിടെവെച്ചുമാകാം. മുസ്ലിംകളോട് ആരാധനയിൽ ദിശാബോധമുണ്ടാകാൻ ‘കഅ്ബ’യിലേക്കു മുഖമിടാൻ ആവശ്യപ്പെട്ടു. മുമ്പ് അവർ ഫലസ്ഥീനിലെ ഖുദ്സ് മസ്ജിദിന്റെ ദിശയിലേക്കായിരുന്നു അഭിമുഖീകരിച്ചിരുന്നത്. മത പൂർത്തീകരണത്തിന്റെ ഭാഗമായി പുതിയ കൽപനയിൽ മക്കയിലെ കഅ്ബയിലേക്കു ദിശമാറ്റാൻ പറഞ്ഞു. മറ്റനേകം ലക്ഷ്യങ്ങളും ആ മാറ്റത്തിന്റെ പിന്നിലുണ്ടായിരുന്നു. ജൂത, ക്രൈസ്തവർക്കിടിയിൽ മുസ്ലിംകളുടെ ഈ മാറ്റത്തിൽ അസഹിഷ്ണുതയും അസഹനീയതയും കടുത്ത എതിർപ്പും സംജാതമായി. അതൊരു ഗംഭീര വിവാദമാക്കി അവർ ആഘോഷിച്ചു. അപ്പോൾ അല്ലാഹു പറഞ്ഞു. ദൈവ കൽപന ഉൾകൊണ്ടവർ ദൈവം പറയുന്നത് അപ്പടി അനുസരിക്കും. കിഴക്കും പടിഞ്ഞാറും ഭൂമിയും ആകാശവും മനുഷ്യരും പ്രപഞ്ചം മുഴുവനും അല്ലാഹുവിന്റേതായിരിക്കേ എങ്ങോട്ട് മുഖം തിരിച്ചാലും ദൈവസാന്നിദ്ധ്യം അവിടെയുണ്ടായിരിക്കും. ആചാരങ്ങളേക്കാളും അനുഷ്ഠാന പാരമ്പര്യങ്ങളേക്കാളും വലുതും മഹത്വമായതും ആദർശമാണ്. ആചാരത്തിന്റെ പേരിൽ മനുഷ്യത്വത്തേക്കാൾ മഹനീയം ദൈവശാസനകളും ദൈവ ആരാധനകളുമാണ്. മുസ്ലിം സ്ത്രീകൾക്ക് ചില വിഭാഗങ്ങൾ ആരാധനാലയങ്ങളിൽ പ്രവേശനം തടഞ്ഞത് ദൈവധിക്കാരവും നിയമലംഘനവും തന്നെയായിരുന്നു ദൈവമോ, പ്രവാചകനോ, ഇസ്ലാമികശരീഅത്തോ അതിന്നുത്തരവാദിയല്ല. അത്തരം ദുഷ്ടന്മാർക്ക് ഇഹലോക ജീവിതത്തിൽ തന്നെ നിന്ദ്യത അനുഭവപ്പെടും. പാരത്രിക ജീവിതത്തിൽ കടുത്ത ശിക്ഷയും ലഭിക്കുമെന്ന് അല്ലാഹു ഇവിടെ വ്യക്തമാക്കുന്നു താക്കീതും ചെയ്യുന്നു. നൂറ്റാണ്ടുകളോളം ഏകദൈവാരാധന നടന്നുവന്ന സുപ്രസിദ്ധ ദേവാലയം തകർത്തുതരിപ്പണമാക്കിയവർ ദൈവദാസികളായ മഹിളാമണികളെ ദേവാലയപ്രവേശം തടയുന്നതിൽ ആനന്ദം കാണുന്നുണ്ടെങ്കിൽ അത്ഭുതപ്പെടാനില്ല. ദൈവ വാഗ്ദാനമായ നിന്ദ്യതയും കടുത്തശിക്ഷയും അവർ പ്രതീക്ഷിച്ചുകൊള്ളട്ടെ.
തിരുമൊഴിപ്പൊരുൾ
മുഅ്ജിസത്തു നിഷേധികൾക്ക് അവാർഡ്
നിദാഉർറഹ്മാൻ വി.ടി
عن أبي هريرة رضي الله عنه قال إن رسول الله صلعم قال ما من الأنبياء من نبي
الا قد اعطي من الآيات ما مثله أمن عليه البشر وانما كان الذي أوتيت وحيا اوحي
الله الي فأرجو أن أكون أكثرهم تابعا يوم القيامة
( احمد / البخاري / المسلم )
അബൂഹുറൈയിറ (റ) പറയുന്നു: “ഏതൊരു പ്രവാചകനും ജനങ്ങൾക്ക് വിശ്വസിക്കാനുതകുന്ന അമാനുഷിക ദൃഷ്ടാന്തം നൽകപ്പെട്ടിട്ടുണ്ട്. എനിക്ക് നൽകപ്പെട്ട മഹൽ ദൃഷ്ടാന്തം അല്ലാഹു എനിക്കിറക്കിത്തന്ന ദിവ്യബോധനം (വി.ഖുർആൻ) ആകുന്നു. അതിനാൽ മറ്റിതര പ്രവാചകന്മാരേക്കാൾ അനുയായികൾ ഏറ്റവും കൂടുതൽ എനിക്കായിരിക്കും അന്ത്യനാളാകുമ്പോഴേക്കും ഉണ്ടായിരിക്കുക എന്നു ഞാൻ പ്രതീക്ഷിക്കുന്നു.” [അഹ്മദ്/ ബുഖാരി/ മുസ്ലിം].
മുൻ കഴിഞ്ഞ ഓരോ പ്രവാചകനും അതാതു കാലത്തേക്കു മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. അവർ ദൈവ നിയോഗിതരാണെന്നതിനു വ്യക്തമായ ദൃഷ്ടാന്തങ്ങളും കാലോചിതമായി നൽകപ്പെട്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ബഹിഷ്കൃതനായ ആദം നബി(അ) ഭൂമിയിൽ അലഞ്ഞു നടന്നു. ചെയ്തുപോയ തെറ്റിൽ നെടുംഖേദത്തോടെയുള്ള അദ്ദേഹത്തിന്റെ വിലാപവും പശ്ചാത്തവും കാരണം അല്ലാഹു അദ്ദേഹത്തിനു മാപ്പു കൊടുത്തു. നഷ്ടപ്പെട്ട സ്വർഗ്ഗാനുഭവങ്ങളുടെ സ്മരണക്കായി ഒരു സ്വർഗ്ഗക്കൂടാരം മക്കയിലെ കഅ്ബ നിലകൊള്ളുന്ന സ്ഥലത്തേക്കിറക്കിക്കൊടുത്തു. അദ്ദേഹം അതിൽ താമസിച്ചു. ആ കൂടാരമാണ് ഭൂമിയിലെ ആദ്യത്തെ ‘ബൈത്തുല്ലാഹിൽ ഹറാം’. ആദം (അ) തന്റെ മക്കൾ/കുടുംബ തലമുറയിലേക്കുള്ള പ്രവാചകനുമായിരുന്നുവല്ലോ. അദ്ദേഹത്തിനുള്ള ദൃഷ്ടാന്തം (മുഅ്ജിസത്ത്) അതായിരുന്നു. ആ കൂടാരം നശിച്ചപ്പോൾ അത് നിന്നിടത്തു കാലക്രമേണ ആദം സന്തതികൾ കഅ്ബ പണിതു. ലോകാന്ത്യം വരെ ആ ഭവനം മനുഷ്യവംശത്തിന്റെ സന്മാർഗ്ഗ പ്രസരിപ്പ് കേന്ദ്രമായി നിലകൊള്ളുന്നു.
നൂഹ്നബി(അ)യുടെ മുഅ്ജിസത്ത് ഭൂലോക പ്രളയമായിരുന്നു. ഭൂമിയിൽ വെള്ളം പോരാത്തതുകൊണ്ടാകാം ആകാശം തുറന്നു വെള്ളം കുത്തിയൊഴുകി ദൃഷ്ടാന്തം പൂർത്തീകരിച്ചു. ഇബ്രാഹീമിനു (അ) രാജകീയമായി തയ്യാറാക്കപ്പെട്ട അഗ്നിയിൽ എറിയപ്പെട്ടിട്ടും ഒരു രോമം പോലും കരിയാതെ സുരക്ഷിതനായി കയറിവന്നു. ആ ഇബ്രാഹീം സർവ്വലോകരുടെയും ഇമാമായി നിലകൊള്ളുന്നു. ലൂത്ത്നബി (അ) യുടെ മുഅ്ജിസത്തു ചാവുകടൽ രൂപത്തിൽ നിലനിൽക്കുന്നു. സ്വാലിഹ് നബി (അ) യുടെ മുഅ്ജിസത്തു ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒട്ടകം കരിംപ്പാറക്കുള്ളിൽ നിന്നു പൊന്തിവന്നതായിരുന്നു. ചരിത്രകാരന്മാർ അതിന്റെ ഫോസിസ് കണ്ടെത്തിയോ എന്നറിയില്ല. മൂസാ നബി (അ) യുടെ വടിയും ചെങ്കടൽ കടത്തും കൈപ്രാകാശവും ഈസാ നബി (അ) മാറാരോഗശാന്തിവരുത്തിയതുമൊക്കെ മുഅ്ജിസത്തിന്റെ ലിസ്റ്റിൽ ഇടം നേടിയതായിരുന്നവല്ലോ!
എന്നാൽ മുഹമ്മദ് നബി (സ) യുടെ ദിവ്യദൗത്യഗ്രന്ഥം ലോകാന്ത്യം വരെ നിലനിൽക്കുക തന്നെ ചെയ്യും. കാലാതിവർത്തിയായ വിശുദ്ധ ഖുർആനാകുന്ന ആ ദിവ്യ ബോധനത്തിന്റെ മാസ്മരികത അതിന്റെ മൂർദ്ധന്യത്തിലേക്കു കയറിക്കൊണ്ടിയിരിക്കുകയാണ്. വിശുദ്ധഖുർആനിൽ പറഞ്ഞ പല അമാനുഷിക സംഭവങ്ങളും അപ്പടി വിശ്വസിക്കാനാകാത്തവർ മുൻകാലത്തും ഇന്നും ഉണ്ട്. മുഅ്ജിസത്തുകളായി ഖുർആൻ ഉദ്ധരിച്ച പലതിന്റെയും ശാസ്ത്രവശങ്ങൾ അത്ഭുതകരമായി വെളിപ്പെടുന്നൊരു യുഗത്തിൽ നാമെത്തി നിൽക്കുന്നുണ്ട്. ഇബ്നു മസ്ഊദ് (റ)വും നബി (സ്വ)യും ഒരു യഹൂദ സംഘത്തിനടുത്തുകൂടി കടന്നുപോയപ്പോൾ അവർ നബി (സ്വ)യോട് ചോദിച്ചു: ഓ, അബുൽഖാസിം, ആത്മാവിനെക്കുറിച്ചു ഞങ്ങൾക്കൊന്നു പറഞ്ഞു തരുമോ..? കുറച്ചു സമയം നബി (സ്വ) നിശ്ശബ്ദനായി. അദ്ദേഹത്തിനു ദിവ്യബോധനം ഉടനെ ലഭിച്ചു. അദ്ദേഹം സൂറത്ത് ഇസ്രായീലിലെ 85-ാം സൂക്തം അവരെ കേൾപ്പിച്ചു “ആത്മാവിനെക്കുറിച്ചവർ താങ്കളോടു ചോദിക്കുന്നു. പറയൂ: ആത്മാവ് എന്റെ രക്ഷിതാവിന്റെ രഹസ്യകാര്യത്തിൽ പെട്ടതാകുന്നു. നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ള ജ്ഞാനം കുറച്ചുമാത്രമാണ്.” (വി.ഖു:അൽഇസ്രാഅ്:17:85). ലോകം ഇന്നും ആത്മാവിനെ ക്കുറിച്ച അറിവിൽ ശൈശവത്തിലും ഇരുട്ടിലും തന്നെയാണ്. ഒരു ‘പ്രഹേളിക’ എന്നാണ് ശാസ്ത്ര ലോകം അതിനെക്കുറിച്ച് പറയാറ്.
നമുക്കിടയിൽ ജീവിച്ച് ഒരുപാട് ഗ്രന്ഥങ്ങൾ രചിച്ച് പേരും പെരുമയും സമ്പാദ്യവും ഇണ്ടാക്കിയ ഒരു പണ്ഡിതൻ, ഖുർആൻ വിവരിച്ച മുഴുവൻ മുഅജിസത്തുകളെയും വ്രതാ സ്ഥൂലമായി വലിച്ചു നീട്ടി വ്യാഖ്യാനിച്ചു. മൗലാനാ മുഹമ്മദലിയുടെയും മുഅ്തസലികളുടെയും ഗ്രന്ഥങ്ങളിൽ നിന്ന് അപ്പടി പകർത്തെടുത്ത് മലയാളത്തിലേക്കു വിവർത്തിച്ചു. കേരളാ പണ്ഡിത ലോകം അതുകണ്ട് അമ്പരന്നു! പകരം സമുജ്വലമായൊരു ഖുർആൻ വ്യാഖ്യാനഗ്രന്ഥം കേരള ജനതക്കു ലഭ്യമാക്കാൻ അതു കാരണമായിവർത്തിച്ചു. സാത്വികരും നിഷ്കളങ്കരും നവോത്ഥാന നായകന്മാരിൽപെട്ടവരുമായ മൂന്നു മഹാരഥന്മാർ ഒന്നിച്ചിരുന്നു. ബൃഹത്തായ ഒരു മലയാള തഫ്സീർ ജനിച്ചുവീണു. മുഹമ്മദ് അമാനി മൗലവി അതു പൂർത്തീകരിച്ച് അല്ലാഹുവിന്റെ സംരക്ഷണ വാഗ്ദാനം പാലിക്കപ്പെട്ടു. വിശുദ്ധ ഖുർആനിന്റെ മുഅ്ജിസത്ത് അങ്ങനെ വീണ്ടും പ്രൗഢമായി മലയാള മണ്ണിൽ വിളങ്ങി.
ഖേദകരമെന്നു പറയട്ടെ, മുഅജിസത്തുകൾ മുഴുക്കെ നിഷേധിച്ചെഴുതിയ മേൽപ്പറഞ്ഞ ഗ്രന്ഥകാരന്റെ പേരിൽ ‘എൻഡോവ്മെന്റ് അവാർഡ്’ ഏർപ്പെടുത്തിയ ഒരു മുസ്ലിം സൊസൈറ്റി എന്തു കണ്ടിട്ടാണ് അങ്ങനെയൊന്ന് ഏർപ്പെടുത്തിയതെന്ന് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല! എഴുത്തിലെ നെല്ലും പതിരും സത്യാസത്യവും വേർതിച്ചറിയാത്തവരുടെ ഉപരിപ്ലവ അവാർഡായി അതിനെ ആരെങ്കിലും കണ്ടാൽ അവരെ കുറ്റപ്പെടുത്തിക്കൂടാ. വിശ്വാസ രാഹിത്യത്തിനുള്ള അവാർഡായും അതിനെ വിവക്ഷിക്കാം. വൈജ്ഞാനിക ലോകത്തെ മാലിന്യം നീക്കാൻ വിശ്വാസികൾക്കും സത്യാസത്യ വിവേചന ബുദ്ധിയുള്ളവർക്കും ബാധ്യതയുണ്ട്. മറ്റിതര പ്രവാചകന്മാർക്കുള്ളതിനേക്കാൾ സത്യസന്ധരും നിഷ്കളങ്കരും വിനയാന്വിതരുമായ അനുയായി വൃന്ദത്താൽ മുഹമ്മദ് നബി (സ്വ) അനുഗ്രഹിക്കപ്പെടാൻ നാമും മനസ്സുവെക്കേണ്ടിയിരിക്കുന്നു. പ്രവാചകനെ സ്നേഹിക്കുന്നവരുടെ യഥാർത്ഥ ദൗത്യവും അതാകട്ടെ. അല്ലാഹു എല്ലാവർക്കും പൊറുത്തുതരട്ടെ.
സ്വർഗ്ഗം വിശ്വാസികൾക്കുമാത്രം - ഡോ. കോയക്കുട്ടി ഫാറൂഖി
ഭൂവാസികളിൽ യഥാർത്ഥ വിശ്വാസികൾക്കു മാത്രമേ ഖുർആൻ പറയുന്ന സ്വർഗമുള്ളൂ. കാരണം വിശ്വസിക്കുകയും സ്വർഗം കിട്ടാനുള്ള പണികളെടുക്കുകയും ചോദിക്കകുകയും ചെയ്യുന്നവർ അവരാണ്. ഒരാൾ വിശ്വാസിയാകണമെങ്കിൽ അവന്റെ സ്രഷ്ടാവ് പറഞ്ഞ വിശ്വാസകാര്യങ്ങളിൽ ദൃഢതയുള്ളവരായിരിക്കണം. 1. തന്നെ സൃഷ്ടിച്ച് ജനിപ്പിച്ച് പരിപാലിച്ചു വളർത്തിയെടുത്ത പ്രപഞ്ച സ്രഷ്ടാവായ ജഗന്നിയന്താവായ ഏക ആരാധ്യനായ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക. 2. ഈ മഹാ പ്രപഞ്ചത്തിന്റെ സുഗമമായ നടത്തിപ്പ് സർവ്വശക്തന്റെ ഇംഗിത പ്രകാരം നടത്തിക്കൊണ്ടു പോകുന്ന മാലാഖമാർ-മലക്കുകൾ-ഉണ്ടെന്നും അവർ ദൈവത്തിന്റെ ആത്മസൃഷ്ടികളാണെന്നുമുള്ള വിശ്വാസം. 3. മനുഷ്യരെ സന്മാർഗ്ഗ പാതയിൽ നയിക്കപ്പെടാനുതകുന്ന വെളിച്ചമാകുന്ന പ്രമാണമായ ദൈവിക ഗ്രന്ഥങ്ങളിലും വെളിപാടുകളിലും അവസാന ഗ്രന്ഥമായ വിശുദ്ധ ഖുർആനിലും വിശ്വസിക്കുക. 4. മനുഷ്യരിൽ നിന്നുതന്നെ ദൈവം തിരഞ്ഞെടുക്കുന്ന ദൈവദൂതന്മാരിൽ കൃത്യമായി വിശ്വസിക്കുക. 5. ഭൂവാസം നശ്വരമാണ്. സർവ്വമനുഷ്യരും ഈ ഭൂമിയിൽ തന്നെ അണയും. മരണാന്തരമാണ് മനുഷ്യന്റെ യഥാർത്ഥ ജീവിതം. ഭൂവാസകാലത്തെ ജീവിത പരീക്ഷണങ്ങളിൽ നന്മ തിന്മകൾക്കനുസൃതമായ രക്ഷയോ ശിക്ഷയോ പരലോക വിചാരണക്കുശേഷം ലഭ്യമാക്കും. അപ്പോൾ നന്മ ചെയ്തവനു സ്വർഗവും തിന്മ ചെയ്തവനു നരകവും ദൈവം നൽകും. ഈ പരലോക വിശ്വാസം ദൃഢമായിരിക്കണം. 6. ഈ പ്രപഞ്ചത്തിൽ നടക്കുന്നതെന്തും സ്രഷ്ടാവും സംരക്ഷകനും സംഹാരകനും നിയന്താവുമായ ദൈവത്തിന്റെ വിധിക്കനുസരിച്ചുതന്നെയാകുന്നു. അതിൽ മറ്റാർക്കും യാതൊരു പങ്കുമില്ല എന്ന വിശ്വാസം.
ഈ വിശ്വാസകാര്യങ്ങൾക്കനുസരിച്ച് ദൈവകൽപനാധിഷ്ഠിതമായ കർമ്മങ്ങൾ ചെയ്തവന് പ്രപഞ്ച നിയമ വിധേയൻ-മുസ്ലിം-എന്നു പറയുന്നു. ദൈവത്തിങ്കൽ യഥാർത്ഥ മതം ഇസ്ലാം മാത്രമാണ്. അതാകട്ടെ ദൈവത്തിന്റെ മതമാണ്. മറ്റു മതങ്ങളെല്ലാം മനുഷ്യനിർമ്മിതങ്ങളാണ്. ദൈവം അംഗീകരിച്ചിട്ടില്ല. ഇസ്ലാമല്ലാത്ത ഏതുമതവും ദൈവം വിശുദ്ധ ഖുർആനിൽ സംശയലേശമന്യേ പ്രഖ്യാപിച്ചിട്ടുണ്ട്. (വി,ഖു:3:19,20,83,85,91 എന്നീ വചനങ്ങൾ കാണുക). മേൽപറഞ്ഞ വിശ്വാസവും അനുഷ്ഠാനങ്ങളും സ്വീകരിച്ചു കൊള്ളാമെന്നു പ്രതിജ്ഞ ചെയ്തവനാണ്-പ്രഖ്യാപിച്ച മുസ്ലിമിനാണ് മരണാന്തര ജീവിതത്തിൽ സ്വർഗ്ഗം ലഭിക്കുക. ഇപ്പറഞ്ഞവയിൽ അഴകുഴമ്പൻ നയം സ്വീകരിച്ചു ദുർവ്യാഖ്യാനിച്ചിട്ട് സ്വർഗ്ഗം കൊതിക്കേണ്ടതില്ല.
എത്രയെത്ര മഹോന്നതമായ, സൽകർമ്മനിരതമായ, ത്വാഗോജ്വലമായ ഏതേതു പ്രവർത്തനങ്ങൾ എത്രവലിയ മഹാൻ െചയ്താലും അതിൽ മനുഷ്യശാശ്വത ജീവിതമായ പരലോകത്തിലെ മോക്ഷവും രക്ഷയും സ്വർഗ്ഗവും ദൈവതൃപ്തിയും ലക്ഷ്യമാക്കിയിട്ടില്ലെങ്കിൽ-മനസ്സിൽ ഉറച്ചു കരുതിയിട്ടില്ലെങ്കിൽ-യാതൊരു മോക്ഷവും തദ്വാരാ സ്വർഗ്ഗവും ലഭിക്കുകയില്ല എന്നത് ദൈവം വളരെ സ്പഷ്ട ഭാഷയിൽ ലോകത്തോട് പ്രഖ്യാപിച്ചിട്ടുണ്ട്. മനുഷ്യരെ സൃഷ്ടിച്ച് ഭൂമിയിൽ വിന്യസിച്ചത് ദൈവമാണ്. അതെന്തിനെന്നാൽ ദൈവത്തെ ആരാധിക്കാൻ മാത്രമാണ് എന്ന് ദൈവം പ്രഖ്യാപിച്ചതാണ്. (വി.ഖു:51:56,58). ആ ദൈവത്തിനുള്ള ആരാധനയിൽ വിശ്വാസവും കർമ്മവുമാണ് ജീവിത പദ്ധതി. അഥവാ ഇസ്ലാമതം. അതില്ലാത്തവന് സ്വർഗ്ഗമില്ല. പിന്നെ എന്താണവർക്ക്? നരകം തന്നെ. എന്തുകൊണ്ട്? അവർ പരലോകമോക്ഷം ആത്യന്തികമായി ആഗ്രഹിച്ചിട്ടില്ല. അവർ വിശ്വാസികളല്ല. സ്രഷ്ടാവ് പറഞ്ഞതു ചെയ്തില്ല. വിശ്വാസികളായ സൽക്കർമ്മികൾക്കുള്ള സ്വർഗം അനർഹർക്കു നൽകൽ ദൈവം അനീതി ചെയ്യലാണ്.
സ്വതന്ത്ര മതേതര, മതനിരപേക്ഷ, സോഷ്യലിസ, ജനാധിപത്യ ഇന്ത്യയിൽ ജീവിക്കുന്ന കാനേഷുമാരി മുസ്ലിംകൾ. ഒരൽപം അപഹാസ്യതയും ചമ്മലും അനുഭവിക്കുന്നുണ്ട്. ദുർബലവിശ്വാസികളായതിനാൽ അപകർഷതാ ബോധത്തിന്നടിമകളുമാണ്. മുസ്ലിംകളേക്കാൾ അനേകമിരട്ടി നന്മയുറ്റ കാര്യങ്ങൾ ചെയ്യുന്നവരെ അവർ കാണുന്നു. സൽകർമ്മകാരികൾക്ക് പരലോക പ്രതിഫലമുണ്ടെന്ന പാഠങ്ങൾ മുസ്ലിംകൾ പഠിച്ചിട്ടുമുണ്ട്. അപ്പോൾ അവർ ചിന്തിക്കുന്നു ഗാന്ധിജിയെപ്പോലെ മദർ തെരേസയെപ്പോലെ അബ്രഹാം ലിങ്കണെപ്പോലെ സൽക്കർമ്മകാരികൾക്കു സ്വർഗമില്ലാതിരിക്കില്ല! (അവർക്കൊക്ക അല്ലാഹു സ്വർഗം കൊടുക്കുന്നുവെങ്കിൽ നമുക്കു പരാതിയൊന്നുമില്ല).
ശരിയാണ്, അവർ നേരത്തെപ്പറഞ്ഞ നിഷ്കളങ്ക വിശ്വാസികളും ദൈവം പലരോകമോക്ഷത്തിന്നായി നിശ്ചയിക്കപ്പെട്ട ആരാധനയടക്കമുള്ള സൽക്കർമ്മങ്ങളും െചയ്ത് ദൈവം പരലോക മോക്ഷത്തിനായി പ്രഖ്യാപിച്ച കാര്യങ്ങൾ നിർവ്വഹിച്ചു ജീവിച്ചവരാണെങ്കിൽ സ്വർഗം അവർക്കു ലഭിക്കുകതന്നെചെയ്യും. എന്നാലതു നമുക്കുറപ്പിക്കുക വയ്യ. മനുഷ്യഹൃദയ വികാര വിചാരങ്ങൾ അതിലോലമായി, സൂക്ഷമമായി അറിയുന്ന സ്രഷ്ടാവിന്റെ നിയമം കയ്യിലെടുക്കാൻ നമുക്കവകാശമില്ല. അവൻ തീരുമാനിച്ചുകൊള്ളും. നമുക്കു മൗനം ഭൂഷണം.
പക്ഷെ, നമ്മോട് ദൈവം കൽപിച്ചിട്ടുള്ളതും അറിയിച്ചിട്ടുള്ളതും നിഷ്കളങ്കമായി നാം അനവർത്തിക്കുക. നല്ല വിശ്വാസികളാവുക-സൽകർമ്മങ്ങളിൽ നിരതരാവുക, പരലോകത്തു സ്വർഗം കിട്ടാനാവശ്യമായ കർമ്മങ്ങൾ ഇവിടെ ചെയ്ത് സ്വർഗം കനിഞ്ഞേകാൻ ദൈവത്തോട് കെഞ്ചുക. ഏതാനും ഖുർആൻ സൂക്തങ്ങൾ കാണുക.
“(മുസ്ലിം) സത്യവിശ്വാസികളോ, യഹൂതമതം സ്വീകരിച്ചവരോ, ക്രൈസ്തവരോ, സ്വാബിഉകളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവർക്ക് അവരുടെ രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട്. അവർ ഭയപ്പെടേണ്ടതില്ല. ദുഃഖിക്കേണ്ടി വരികയുമില്ല.” (സൂറ:അൽബഖറ:62) ഭയമേതുമില്ലാത്ത, ദുഃഖം ഒരിക്കലുമില്ലാത്ത സ്വർഗ്ഗ ജീവിതം ആർക്കുവേണമെങ്കിലും നേടിയെടുക്കാൻ, എന്തവകാശപ്പെട്ടാലും 3 അടിസ്ഥാന വിശ്വാസങ്ങളായ ഏകദൈവ വിശ്വാസവും പരലോക മോക്ഷാഗ്രഹവും സൽക്കർമ്മനിരത ജീവിതവും വേണമെന്നാണിവിെട അല്ലാഹു വ്യക്തമാക്കുന്നത്. അന്തിമ തീരുമാനധികാരം അല്ലാഹുവിൽ നിക്ഷിപ്തം.
“സത്വവിശ്വാസികൾ, യഹൂദന്മാർ, സ്വാബിഉ മതക്കാർ, ക്രൈസ്തവർ, മജൂസികൾ, ബഹുദൈവാരാധകർ എന്നിവർക്കിടയിലെല്ലാം ഉയിർത്തെഴുന്നേൽപുനാളിൽ അല്ലാഹു അന്തിമ വിധി നടപ്പിലാക്കുന്നതാണ്. അല്ലാഹു എല്ലാറ്റിനും സാക്ഷിയാണല്ലോ” (വി,ഖു:സൂറ:അൽഹജ്ജ് 22:17).
“വിശ്വസിക്കുകയും സൽക്കർമ്മങ്ങളിൽ നിരതരാവുകയും തങ്ങളുടെ രക്ഷിതാവിനോട് വിനയപ്പെടുകയും (യഥാർത്ഥ മുസ്ലിമാവുക) ചെയ്തവരാരോ അവർക്കാണ് സ്വർഗ്ഗം. അവരതിൽ നിത്യവാസികളായിരിക്കും” (വി.ഖു:ഹൂദ് 11:23).
“സത്യവിശ്വാസികളായിക്കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചിട്ടാണ് വല്ലവനും അല്ലാഹുവിങ്കൽ എത്തുന്നതെങ്കിൽ അവർക്കാണ് ഇന്നത പദവികൾ. അതേ, താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്ഥിരവാസ സ്വർഗ്ഗത്തോപ്പുകൾ. അതാണ് പരിശുദ്ധി നേടിയവർക്കുള്ള ശാശ്വത പ്രതിഫലം” (വി,ഖു:ത്വാഹാ 20:75,76).
“ക്ഷണികമായ ഇഹലോക ജീവിതം ലക്ഷ്യമാക്കിയവരിൽ അല്ലാഹു ഉദ്ദേശിച്ചവർക്ക് തന്റെ ഇംഗിത പ്രകാരം ഇവിടെ വെച്ചുതന്നെ പ്രതിഫലം വേഗത്തിൽ നൽകുന്നതാണ്. പിന്നെ അല്ലഹു അവനു നരകമായിരിക്കും നൽകുക. അപമാനിതനും അവഗണിക്കപ്പെട്ടവനുമായി നരകത്തിലവൻ എരിയും. എന്നാൽ ആരെങ്കിലും പരലോകം ലക്ഷ്യമാക്കുകയും സത്യവിശ്വാസിയായിക്കൊണ്ട്് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും. മാത്രമല്ല, അക്കൂട്ടരെയും ഇക്കൂട്ടരെയും ഇഹത്തിൽ വിവേചനമന്യേ നാം സഹായിക്കുന്നതാണ്. താങ്കളുടെ രക്ഷിതാവിന്റെ മഹാദാനത്തിൽ പെട്ടതാണത്. താങ്കളുടെ റബ്ബിന്റെ അനുഗ്രഹീത ദാനം ആർക്കും തടഞ്ഞുവെക്കാനാകില്ല.” (വി.ഖു:അൽഇസ്രാഅ് 17:18-20).
(കാര്യങ്ങൾ എത്ര വ്യക്തം. സുതാര്യം.
ദൈവവിശ്വാസം + പാരത്രികലക്ഷ്യം + സൽകർമ്മജീവിതം = സ്വർഗ്ഗം)
ഇഖാമത്തുസ്സ്വലാത്ത് - അബ്ദുറഹ്മാൻ ഇരിവേറ്റി
നമസ്കാരം എന്ന വിഷയം ഇന്ന് പ്രസംഗങ്ങളിലായാലും എഴുത്തിലായാലും അത് “ജമാഅത്ത് നമസ്കാരം” എന്നതിൽ ഒതുങ്ങിപ്പോകാറുണ്ട്. യഥാർത്ഥത്തിൽ ഖുർആൻ ഊന്നുന്നത് “ഇഖാമത്തുസ്സ്വലാത്തി” (നമസ്കാരത്തിന്റെ നിലനിൽപ്പ്)ലാണ്. ഏത് പരിത:സ്ഥിതിയിലും ഉപേക്ഷിക്കാതെ ഒരു മുസ്ലിം നില നിർത്തേണ്ട ആരാധനാ കർമ്മമാണ് നമസ്കാരം. അത് ജനങ്ങൾ വേണ്ടവണ്ണം ഗ്രഹിച്ചിട്ടില്ല. ഗ്രഹിപ്പിച്ചിട്ടുമില്ല. അതിനാലാണ് സന്നിഗ്ധ ഘട്ടങ്ങളിൽ നമസ്കാരം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്.
ജംഅ്, ഖസ്റ്, തയമ്മും, വാഹനങ്ങളിലെ നമസ്കാരം, അത്യാവശ്യ സാഹചര്യങ്ങളിൽ സ്വന്തം വീട്ടിൽ വെച്ചോ തൊഴിൽ സ്ഥലങ്ങളിൽ വെച്ചോ ജംആക്കാനുള്ള നിയമം, മഴ ദിവസങ്ങളിൽ ജംആക്കാനും വീട്ടിൽ വെച്ച് നമസ്കരിക്കാനായി ബാങ്കിൽ തന്നെ വിളിച്ചുപറയുവാനും (സ്വല്ലൂ ഫീ ബുയൂത്തിക്കും / സ്വല്ലൂ ഫീ രിഹാലിക്കും) ഉള്ള വകുപ്പ് തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ വേണ്ട വിധം ബോധവൽക്കരിക്കുന്നില്ല. മദ്രസാ പഠനം മുതൽ അത് നടക്കുന്നില്ല. അത് പോലെ ജമാഅത്ത് നമസ്കാരം ഇന്ന് ഫർള് ഐൻ (വ്യക്തിഗത നിർബന്ധം) ആയി തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ അത് ഫർള് കിഫായ (സാമൂഹിക ബാധ്യത) മാത്രമാണ്. ഉമ്മു മക്തൂമിനോട് നബി (സ്വ) പറഞ്ഞ കാര്യം തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചത് കൊണ്ടാണ് ആ കുഴപ്പം സംഭവിച്ചത്. പ്രമുഖ സ്വഹാബിയായ ഉത്ബാനും (റ) മറ്റൊരു തടി കാരണം വിഷമമുള്ള ഒരു സ്വഹാബിക്കും നബി (സ്വ) വീട്ടിൽ മുസല്ല (നമസ്കാര സ്ഥലം) നിശ്ചയിച്ച് കൊടുത്ത കാര്യം ബുഖാരിയിലുണ്ട്. ഉത്ബാന് കാഴ്ച മങ്ങുക മാത്രമേ ചെയ്തിരുന്നുള്ളൂ! അതൊന്നും നമ്മുടെ പ്രബോധകർ പുറത്ത് പറയാറില്ല.
ജംആക്കാനും ഖസ്റാക്കാനും യാത്രക്ക് ദൂരെ പരിധിയോ സമയ പരിധിയോ ഇല്ല! സ്വന്തം മഹല്ലിൽ നിന്നും പുറത്ത് കടന്ന ഏതൊരാൾക്കും ആ ഇളവുകൾ ലഭിക്കും! ആ ഇളവുകൾ സ്വീകരിക്കുന്നതാണ് അല്ലാഹുവിനിഷ്ടം.! ഇതൊന്നും വേണ്ടത് പോലെ പറയാത്തതിനാലും അറിയാത്തതിനാലും ജനം പഴയ മദ്ഹബുകളുടെ ദൂരവും സമയവുമായി നടക്കുകയാണ്! വട്ടം കറങ്ങുകയാണ്! തയമ്മുവിന്റെ കാര്യവും അത് തന്നെ!
ഭൂമിയുടെ വൃത്തിയുള്ള ഏത് പ്രതലവും അതിനുപയോഗിക്കാമെന്നോ, തത്സമയം വെള്ളം ലഭിക്കാത്തവർക്ക് തയമ്മും ചെയ്യാമെന്നോ ജനം ഗ്രഹിക്കുന്നില്ല. നാട്ടിലാകെ വെള്ളം വറ്റിയാലേ തയമ്മും ചെയ്ത് കൂടൂ, പൊടിമണ്ണ് മാത്രമേ അതിനുപയോഗിച്ചു കൂടൂ എന്ന് പണ്ഡിതന്മാർ പോലും തെറ്റിദ്ധരിച്ചിരിക്കുന്നു.
ഹിലാൽ കണ്ടു മാസം തുടങ്ങൽ ബിദ്അത്ത് - അലി മണിക്ഫാൻ
മുസ്ലിം സമൂഹത്തിൽ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് ഹറാമാക്കപ്പെട്ട കാര്യമാണ്. മുസ്ലിം സമുദായത്തിന്റെ പെരുന്നാൾ രണ്ടു ദിനങ്ങളിലായി ആചരിക്കുന്നത് ദീനിൽ ഇല്ലാത്ത കാര്യമാണ്. പക്ഷെ നമ്മുടെ കാലത്തു മുസ്ലിം സമൂഹം ഒരു പെരുന്നാൾ രണ്ടു മൂന്നു ദിവസങ്ങളിലായി ആചരിക്കുന്നതായാണ് നാം കാണുന്നത്.
ഇതിന്ന് കാരണം നമ്മുടെ ഇടയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഹിജ്റ തിയതികൾ അടിസ്ഥാന രഹിതമായി പ്രചരിപ്പിക്കുന്നതുകൊണ്ടാണ്. ബന്ധപ്പെട്ടവർ ഇതിനെ തടയുന്നതായി കാണുന്നില്ല.
ഇപ്പോൾ മുസ്ലിം സമൂഹത്തിന്റെ വിശ്വാസം ചന്ദ്രമാസക്കലണ്ടർ മുൻകൂട്ടി ഉണ്ടാക്കുക സാധ്യമല്ലെന്നാണ്. ഹിലാൽ കണ്ടാൽ മാത്രമെ മാസം തുടങ്ങുകയുള്ളുവെന്ന തെറ്റായ വിശ്വാസമാണ്. ഇത് സൂമൂലിറുഅ്യത്തിഹി എന്ന ഹദീസിന്റെ ദുർവ്യാഖ്യാനമാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ മുസ്ലിംലോകത്തു നോമ്പിലും പെരുന്നാളിലും ഐക്യമുണ്ടായിരുന്നു. ഖുർആനിൽ വ്യക്തമായ ഭാഷയിൽ അല്ലാഹു അറിയിച്ചത് ചന്ദ്രന്റെ മനാസിൽ പടച്ച നാളിൽ തന്നെ നിർണ്ണിതമാണെന്നും അവയാണ് ജനങ്ങൾക്ക് തിയ്യതികൾ കാണിക്കുന്നതെന്നുമാണ്. ഇതിൽ നിന്നു വ്യക്തമാകുന്നത് കൃത്രിമ തിയ്യതികൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്നാണ്, എന്നാൽ ഈ ലോകം അംഗീകരിച്ചത് കൃത്രിമ നിയമങ്ങളാണ്. അതുകൊണ്ട് മുസ്ലിംകളും അതംഗീകരിച്ചിരിക്കുകയാണ്.
ചന്ദ്രമാസത്തിയ്യതികൾക്ക് വ്യവസ്ഥയില്ലെന്നും അത് ഹിലാൽ കാണുന്നതിന്റെ അടിസ്ഥാനത്തിൽ മാറുകയെന്നും മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകായണ്. പണ്ഡിതന്മാർ ഖുർആനെ പുറംതള്ളി.
പള്ളികളിൽ പോലും അവരവരുടെ സംഭാവനകളുടെ തെറ്റായ തിയതികൾ എഴുതി പ്രചരിപ്പക്കുകയും മുസ്ലിമീങ്ങളുടെ പെരുന്നാൾ ക്രിസ്തുമസ്സ് പോലെ ഒരു ദിവസത്തിലാവില്ലെന്നും അതിനെതിരായി പല ദിവസങ്ങളിലാക്കണമെന്നും പണ്ഡിതന്മാർ പറയുന്നു.
ഉസ്മാനിയ്യ ഖിലാഫത്തിലും ബ്രിട്ടീഷ് ആധിപത്യത്തിലും ടെലിഗ്രാഫിലൂടെ പെരുന്നാളുകൾ അംഗീകരിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ആഗസ്ത് 15ലാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്. അന്നു ബോംബെയിൽ നിന്നും കിട്ടുന്ന ടെലിഗ്രാമിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ ഏകീകരിച്ചിരുന്നു. തുടക്കത്തിൽ വിട്ടുപോയാൽ പിന്നീടു വീട്ടി എണ്ണം പൂർത്തിയാക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.]
1960 കളായപ്പോൾ ഖാളിമാർ അവരവരുടെ ഇഷ്ടപ്രകാരം പെരുന്നാൾ പ്രഖ്യാപിക്കുന്ന ബിദ്അത്ത് സുന്നത്താക്കി മാറ്റി. സ്വാതന്ത്ര്യം കിട്ടിയതു റമളാൻ 28 ആയ വെള്ളിയാഴ്ച ഹി. 1366 ലായിരുന്നു. പാകിസ്ഥാൻകാർ ഇന്നും എടുത്തു പറയുന്നു. അവർക്ക് പാകിസ്ഥാൻ അല്ലാഹു തന്നത് 27-ാം രാവ് നല്ല രാത്രിയാണെന്ന്. അന്ന് നോമ്പിനും പെരുന്നാളിനും ഐക്യം നിർബന്ധമായിരുന്നുവെന്നത് ഇതു തെളിയിക്കുന്നു.
ഈ പ്രശ്നത്തിന്ന് പരിഹാരം കാണുവാനായി ലക്ക്നോവിൽ ചേർന്ന ഉന്നത യോഗത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഒരു ദിവസം മാത്രമെ പെരുന്നാൾ ആചരിക്കാൻ പാടുള്ളുവെന്നു തീരുമാനിച്ചിരുന്നു.
1970കളിലാണ് റാബിത്ത അവരുടെ സംഘടനകളെ അറിയിച്ചത്, കലണ്ടർ ഉണ്ടാക്കേണ്ടതു അവരുടെ സ്ഥലത്തെ സൂര്യ ചന്ദ്രന്മാരുടെ അസ്തമന വ്യത്യാസം പരിഗണിച്ചായിരിക്കണം. ഇതു ഡോ. മുഹമ്മദ് ഇൽയാസ് സാഹിബിന്റെ കണ്ടുപിടിത്തമായിരുന്നു. അദ്ദേഹത്തിന്നു ഡിഗ്രികളുണ്ടെങ്കിലും ഗോളശാസ്ത്രത്തിൽ ഒരു സാധാരണക്കാരനായിരുന്നു. ഹിലാൽ കണ്ടാൽ മാസം തുടങ്ങുകയുള്ളുവെന്ന പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരമായിരുന്നു
റാബിത്തയുടെ അറിയിപ്പു പ്രകാരം കേരള നദുവത്തുൽ ഉലമായും അതിനെ അന്ധമായി തഖ്ലീദു ചെയ്തു. 1970കൾ മുതൽ മതാടിസ്ഥാനത്തിൽ കലണ്ടർ പ്രസിദ്ധീകരിക്കുകയും അത് ഖുർആനും സുന്നത്തുമാണെന്ന് അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. ഇപ്പോൾ അവർ ഈ ബിദുഅത്തു തുടരുകയാണ്.
സൂര്യചന്ദ്രന്മാരുടെ അസ്തമന വ്യത്യാസം ചന്ദ്രമാസത്തിന്റെ ശാസ്ത്രീയ മാനദണ്ഡമല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഹിജ്റ കമ്മിറ്റിയെ വഴിതെറ്റിയവരാണെന്നു ജനങ്ങളേ അറിയിക്കുകയും ചെയ്തു. സംഘടനയെ രക്ഷപ്പെടുത്തുവാനായി ഇസ്ലാമിനെ മറച്ചുവെക്കുവാനാണ് അവർ ശ്രമിച്ചത്. അവരുടെ കലണ്ടർ ഖുർആനും സുന്നത്തിനും എതിരാണെന്നു പറയുവാൻ ഇപ്പോൾ അവർക്കു സാധ്യമല്ല.
ഖുർആനിലെ പ്രപഞ്ച വിസ്മയങ്ങള്‍ (1)
അനന്തമായ ആകാശം - ഡോ. ടി.കെ.യൂസുഫ്
ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഖുർആന്‍ നമ്മോട് അനവധി സൂക്തങ്ങളില്‍ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് "ആകാശവും അത് സ്ഥാപിച്ച രീതിയും തന്നെയാണ് സത്യം" ( ശംസ് : 5) എന്ന വചനം. "സമാഅ്" എന്ന പദമാണ് ഖുർആനില്‍ ആകാശം എന്ന അർത്ഥത്തില്‍ പ്രയോഗിച്ചിട്ടുളളത്. ഉയർന്നത് എന്നാണ് അറബി ഭാഷയില്‍ ഇതിനർത്ഥം. മേഘം, മേൽക്കൂര എന്നീ അർത്ഥങ്ങളിലും ഈ പദം പ്രയോഗിക്കാറുണ്ട്. പ്രപഞ്ചത്തില്‍ ഭൂമിക്ക് ഉപരിയായി സ്ഥിതി ചെയ്യുന്ന ഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്സികള്‍, താരാഗണങ്ങള്‍, തമോഗർത്തങ്ങള്‍ തുടങ്ങി ഊർജത്തിന്റെയും പദാർത്ഥത്തിന്റെയും അനവധി അത്ഭുതങ്ങള്‍ അടങ്ങിയ ഒരു ലോകമാണ് ആകാശം.
മുകളില്‍ സൂചിപ്പിച്ച സൂറത്തു ശംസിലെ അഞ്ചാം വചനമായ "വസ്സമാഇ വമാ ബനാഹാ" എന്ന വാക്യത്തെ ഖുർആന്‍ വ്യാഖ്യാതാക്കള്‍ പ്രധാനമായും രണ്ട് രൂപത്തിലാണ് വിശദീകരിച്ചിട്ടുളളത്. ഒന്ന് ആകാശവും അത് നിർമിച്ച രീതിയും തന്നെയാണ് സത്യം. രണ്ട് ആകാശം അത് നിർമിച്ചവന്‍ തന്നെയാണ് സത്യം. ഈ രണ്ട് അർത്ഥത്തിലാണെങ്കിലും അല്ലാഹുവിന്റെ മഹത്വം തന്നെയാണ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്..
ആകാശം എന്ന പദം ഖുർആനില്‍ 310 സ്ഥലങ്ങളിലാണ് പ്രയോഗിച്ചിട്ടുളളത്. അതില്‍ 120 സ്ഥലങ്ങളില്‍ ഏകവചനമായും 190 സ്ഥലങ്ങളില്‍ ബഹുവചനമായും പ്രയോഗിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏഴ് ആകാശങ്ങള്‍ എന്ന പ്രയോഗവും ഏഴ് പ്രാവശ്യം വന്നിട്ടുണ്ട്. എന്നാല്‍ ആകാശത്തെ അലങ്കരിക്കുന്ന താരങ്ങളും നക്ഷത്ര ഗ്രഹങ്ങളും ഒന്നാം ആകാശത്തിലാണ് എന്നാണ് ഖുർആനിലെ പല വചനങ്ങളും സൂചിപ്പിക്കുന്നത്. "തീർച്ചയായും അടുത്തുളള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു" (സ്വാഫാത്ത്: 6 ), "അടുത്തുളള ആകാശത്തെ നാം ദീപങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു" (ഫുസിലത് 12, മുൽകി 5) എന്നീ വചനങ്ങള്‍ അതിനുദാഹരണമാണ്.
വിജ്ഞാന വിസ്ഫോടനം കൊണ്ട് അഭിമാനം നടിക്കുന്ന ഈ കാലഘട്ടത്തില്‍, അത്ഭുതകരമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അകമ്പടിയുണ്ടായിട്ട് പോലും മനുഷ്യൻ ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമെ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുളളൂ. ഈ വിശാല പ്രപഞ്ചത്തിന്റെ വ്യാപ്തിയില്‍ നിന്ന് ആഗോള ശാസ്ത്രജ്ഞർക്ക് ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുളളത് ഏകദേശം 24 ബില്യണ്‍ പ്രകാശവർഷ ദൂരത്തിലുളള ഭാഗം മാത്രമാണ്. ഈ ഭാഗം തന്നെ ഇനിയും അനന്തതയിലേക്ക് വികസിച്ച് കൊണ്ടിരിക്കുകയാണ്. അതായത് ഇന്ന് വരെ കണ്ടെത്തിയ ഗാലക്സികള്‍ പരസ്പരം അകലുന്നത് പോലെ അവ നമ്മില്‍ നിന്നും സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ അകന്നു കൊണ്ടിരിക്കയാണ്. നമ്മോട് ഏറ്റവും അടുത്ത ആകാശത്തില്‍ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിയ ഭാഗത്ത് ഏകദേശം രണ്ട് ലക്ഷം മില്യണ്‍ ഗാലക്സികളെങ്കിലും ഉണ്ട്. അവയില്‍ ഓരോന്നിലും ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുമുണ്ട്. ഒന്നാം ആകാശത്തിന്റെ പത്ത് ശതമാനം മാത്രമാണ് ആധുനിക ശാസ്ത്രത്തിന് ഇതുവരെയായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടുളളത്. അപ്പോള്‍ ഏഴ് ആകാശങ്ങളുടെ വ്യാപ്തി നമുക്ക് സങ്കൽപ്പിക്കാന്‍ പോലും കഴിയാത്തതാണ്. അത് കൊണ്ടാണ് ആകാശ സൃഷ്ടിപ്പ് ഖുർആനില്‍ ഇത്രയധികം ഊന്നിപ്പറയുന്നത്. അല്ലാഹു പറയുന്നു "ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ് മനുഷ്യ സൃഷ്ടിപ്പിനേക്കാളും വലിയതാണ്. പക്ഷെ അധിക ജനങ്ങളും അറിയുന്നില്ല" (ഗാഫിര്‍: 57). "ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുളളതിനെയും നാം കളിയായി സൃഷ്ടിച്ചതല്ല, അവ രണ്ടിനെയും സത്യമായിട്ട് തന്നെയാണ് നാം സൃഷ്ടിച്ചിട്ടുളളത് പക്ഷെ അധിക ജനങ്ങളും അറിയുന്നില്ല" (ദുഖാന്‍: 38, 39)
ആകാശത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലെങ്കില്‍ അതിന്റെ സ്രഷ്ടാവിനെക്കുറിച്ച് ഖുർആന്‍ സത്യം ചെയ്ത് പറഞ്ഞതിലെ യുക്തി വളരെ വ്യക്തമാണ്. ഏറ്റവൂം അടുത്ത ആകാശത്തിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയാത്ത മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തവും അജ്ഞാതവുമായ ആകാശം സംവിധാനിച്ച അല്ലാഹു അല്ലാതെ മറ്റാരാണ് ആരാധനക്കർഹനായിട്ടുളളത്.
ഹിജ്റ കലണ്ടർ - ചരിത്രത്തിൽ - നജ്മുദ്ദീൻ മാറഞ്ചേരി
ആകാശഭൂമികളുടെ സൃഷ്ടിപ്പിന്റെ നാൾ തൊട്ടേ നാഥൻ കാലഗണനക്ക് നിർണ്ണയിച്ച് തന്ന
ചന്ദ്ര മാസകലണ്ടർ മനുഷ്യന്റെ തെറ്റായ പ്രവണതകൾ കാരണം ക്രമം തെറ്റി ഉപയോഗിച്ച്
വന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഹിജ്ജത്തുൽ വിദാഇൽ ദിവസങ്ങളുടെയും
മാസങ്ങളുടെയും പവിത്രതകൾ ഓർമ്മിച്ച് ശരിയായ ദിനത്തെ തിരിച്ച് പിടിച്ച്
വിശ്വാസി സമൂഹത്തെ കാലഗണനയുടെ പ്രാധാന്യം വിളംബരം ചെയ്തതായി കാണാം
ഇസ്ലാമിക നാഗരികതയുടെ വളർച്ചയിൽ വർഷത്തെ തിരിച്ചറിയുന്നതിന് ഒരു തുടക്കം
അനിവാര്യമായി വന്നപ്പോൾ പ്രവാചക ജീവിതത്തിലെ സുപ്രധാന കാൽവെപ്പായ ഹിജ്റയെ
മുൻനിർത്തി ഹിജ്റ വർഷത്തിന് തുടക്കം കുറിച്ചു. ഇസ്ലാമിക നാഗരികതയുടെ
വികാസത്തിനനുസരിച്ച് വളർന്ന് വന്ന കാലഗണനാരീതി നാഗരികമായ തകർച്ചയിൽ
നാമാവശേഷമായി എന്നതാണ് വസ്തുത
എല്ലാ മത സമൂഹങ്ങളും പിന്തുടർന്ന് വന്ന കാലഗണനാരീതി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആധാരമാക്കിയായിരുന്നു എന്ന് കാണാം. ഇന്ത്യൻ സംസ്കൃതി ഉൾപ്പെടെ പ്രാചീന നഗരികതകളുടെ ചരിത്രം പരിശോധിച്ചാൽ ചന്ദ്രമാസ കാലഗണാ രീതിയുടെ സ്വാധീനം കാണാം. അവരുടെ മതപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനമായി വർത്തിച്ചിരുന്ന കാർഷിക വൃത്തിയുടെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തിയിരുന്ന കാലഗണനാരീതി സോളാർ കലണ്ടറിന്റെ സ്വാധീനത്തിൽ തകർന്നടിഞ്ഞതായി കാണാൻ കഴിയും. മുസ്ലീം നാടുകളിലെ സ്ഥിതിയും സമാനമാണ്. കാലഗണനയുടെ ധർമ്മത്തിൽ മരണ ശേഷമുള്ള ആഘോഷ - ആചാരങ്ങളായേ ചന്ദ്രമാസ കലണ്ടറിന്റെ പേരിൽ നടന്ന് വരുന്ന കാര്യങ്ങളെ കാണാൻ കഴിയൂ.
ലോകം വിസ്മരിച്ച ലളിത സുന്ദരമായ കാലഗണനാ രീതി, ഓരോ മനുഷ്യനും അവന്റെ നിരീക്ഷണത്തിൽ നിന്ന് തന്നെ കാലം ഗണിക്കാൻ കഴുയുന്ന "മവാഖിത്തുലിന്നാസ് "പ്രബോധകരും പ്രചാരകരുമായ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്? പുതുമയുള്ള ആശയങ്ങളെ സ്വീകരിക്കാൻ വെമ്പൽ കൊള്ളുന്നവരുടെ ശ്രദ്ധയിൽ നമ്മുടെ ചിന്തകൾ പഠനങ്ങൾ പങ്ക് വെക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്? നമ്മുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതുണ്ട്. പോരായ്മകൾ ആത്മപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
ലോകത്തിന് ഏറ്റവും അനുയോജ്യമായ കാലഗണനാ രീതി പരിചയപ്പെടുത്തുന്നതിനപ്പുറം നോമ്പ് പെരുന്നാളുകളുടെ പ്രശ്നമായി ഈ വിഷയം മാറിയിട്ടില്ലേ. പ്രബോധിതർക്കിടയിൽ ഒരു ദിവസം മുമ്പ് പെരുന്നാൾ ആഘോഷിക്കുന്ന കേവലമൊരു ചെറിയ സംഘമായി മുദ്രകുത്തപ്പെട്ടു. അലി മണിക്ഫാൻ എന്ന ഒരു വ്യക്തിയുടെ ചിന്തയായി മാത്രം ഇന്നും ജനങ്ങൾ ഈ വിഷയത്തെ കാണുന്നത്. മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളേയും ചന്ദ്ര മാസ കാലഗണനയുമായി ചേർത്ത് വച്ചുള്ള പഠനങ്ങൾ നടക്കേണ്ടതുണ്ട്. ആരാധനകൾക്കപ്പുറം ദൈനംദിന ജീവിതത്തിലെ കൃഷി മുതൽ കാലാവസ്ഥ പ്രവചനം ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും പ്രചീന സമൂഹങ്ങൾ വരെ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ അടിസ്ഥാനമായി സ്വീകരിച്ചു വന്നതിന്റെ ചരിത്രം വരും തലമുറക്ക് മുമ്പിൽ അവതരിപ്പിക്കാൻ നമുക്ക് കഴിയണം.
ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അടിയുറച്ച് പോയ സോളാർ കലണ്ടറിന്റെ പോരായ്മകൾ വിശകലനം ചെയ്യാനും സമ്പൂർണ്ണമായ പ്രാബഞ്ചിക കലണ്ടറിന്റെ ചരിത്രപരവും മതപരവും ശാസ്ത്രീയവുമായ കൃത്യത ബോധ്യപെടുത്താനും സഹായകമായ ഗവേഷണങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കേണ്ടതുണ്ട്. നമ്മുടെ സംവാദങ്ങൾ പലപ്പോഴും മതരംഗത്തുള്ള അജ്ഞതയോടാണ്. ആരോഗ്യകരമല്ലാത്ത തർക്കവിതർക്കങ്ങൾ ഒഴിവാക്കി ശാസ്ത്രലോകത്തോടും യുക്തിവാദികളുടെ വാദങ്ങളുടെ നിരർത്ഥകതേയിലേക്കും നയിക്കുന്ന സംവാദങ്ങളിലേക്ക് വഴി തിരിച്ച് വിടാൻ നമുക്ക് കഴിയണം.
മുന്നോട്ടുള്ള യാത്ര ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ വലിയ രീതിയിലുള്ള സംഭാവനകൾ നാം അർപ്പിക്കേണ്ടതുണ്ട്.പ്രധാനമായും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മുൻഗണന നൽകണം. അർഹിക്കുന്ന പ്രധാന്യമുള്ള വിഷയമന്നെ രീതിയിൽ പൊതു സമൂഹത്തെ ഹോണപ്പ് ചെയ്യാൻ ശേഷിയുള്ള പൊതുപരിപാടികളും ക്യാമ്പയിനുകളും ആവിഷ്കരിക്കണം. പ്രസ്തുത രീതിയിൽ ചിട്ടയാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കാൻ നമുക്ക് കഴിഞ്ഞാൻ കാലം നമ്മുടെ ദൗത്യം ഏറ്റെടുക്കും.
നവോത്ഥാനം എവിടം വരെ - ടി. അബ്ദുഷുക്കൂർ
കേരള ജനത ഇപ്പോൾ ചർച്ച ചെയ്യുന്നത് നവോത്ഥാനത്തെ കുറിച്ചാണ്. എന്താണീ നവോത്ഥാനം? നിഘണ്ടു പറയുന്നത് പുതിയ ഉയർച്ച എന്നാണ്. Renaissance, Renovation എന്നെല്ലാമാണ് ഇംഗ്ലീഷിൽ പറയുന്നത്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം നവോത്ഥാനം പുതിയ ഉയർച്ചയല്ല. പഴയതിലേക്കുള്ള തിരിച്ചുപോക്കാണ്. അല്ലാഹുവിൽ നിന്നും അവതീർണമായ ദീനിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കണ്ടതായിട്ടില്ല. പിന്നീട് കൂട്ടിച്ചേർത്തത് നിഷ്കാസനം ചെയ്ത് ശുദ്ധീകരിക്കുക (ഇസ്ലാഹ്) എന്നതാണ് നവോത്ഥാനം. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനമാണ്. പ്രപഞ്ചത്തിലുള്ള സർവ്വ വസ്തുക്കൾക്കും അല്ലാഹു ചില ഗുണവിശേഷണങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ അറിവിനെയാണ് നാം ശാസ്ത്രമെന്ന് വിളിക്കുന്നത്. അല്ലാഹുവിന്റെ വചനങ്ങളും പ്രപഞ്ച നിയമ വ്യവസ്ഥകളും പൊരുത്തപ്പെട്ടു പോകുന്നതാണ്. വൈരുദ്ധ്യമുണ്ടാവുകയില്ല. അതിനാൽ ശാസ്ത്ര വിരുദ്ധമായതെല്ലാം അന്ധവിശ്വാസങ്ങളാണ്. അന്ധവിശ്വാസത്തിൽ നിന്നാണ് അനാചാരങ്ങൾ ഉണ്ടാകുന്നത്.
കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്ന അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പടപൊരുതിക്കൊണ്ടാണ് 13-ാം നൂറ്റാണ്ടിന്റെ ആദ്യപാതിയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉടലെടുത്തത്. എന്തെല്ലാമായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന അനാചാരങ്ങൾ. ഓരോ സുന്നത്തായ കർമത്തിന്റെ സ്ഥാനത്തും ഒരു ബിദ്അത്ത് സ്ഥാപിതമായിരുന്നു. ഇംഗ്ലീഷ്, മലയാളം ഭാഷാപഠനം നിഷിദ്ധമായിരുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാക്കി. രോഗം വന്നാൽ ചികിത്സിക്കുന്നതിനു പകരം മന്ത്രവാദവും നേർച്ചയും നടത്തി. പിഞ്ഞാണമെഴുത്ത്, മന്ത്രനൂൽ, ഏലസ്സ്, തകിട്, സിഹ്റ്, മാലമൗലീദ്, ജിന്നുസേവ എന്നിങ്ങനെ നിഷിദ്ധമാക്കിയ കാര്യങ്ങൾ നിർബന്ധപൂർവ്വം ജീവിതത്തിൽ കൊണ്ടുനടന്നു. അക്കാലത്ത് നാട്ടിലുടനീളം 'ബീബിമാരും' മന്ത്രവാദി തങ്ങന്മാരും നിറഞ്ഞു നിന്നിരുന്നു. ഇതിനെതിരിൽ ഖുർആനിന്റെ പ്രകാശം പരത്തിക്കൊണ്ട് സർവ്വ അന്ധകാരങ്ങൾക്കും എതിരെ പടപൊരുതി കൊണ്ടാണ് നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ വേരുപിടിച്ചത്.
ഇസ്ലാഹീ പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി കേരള മുസ്ലിംകളിൽ വൈജ്ഞാനിക വിസ്ഫോടനം തന്നെ നടന്നു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായി. ആശുപത്രികളുണ്ടായി. മുസ്ലിം സ്ത്രീകൾ പുരുഷന്മാരോടൊപ്പം എല്ലാ മേഖലകളിലും തുല്യത കൈവരിച്ചു. ജിന്നു ബീവിമാരും നഫീസത്തു മാലയും പിഞ്ഞാണമെഴുത്തും സ്ത്രീകളുടെ കൂകിവിളിക്കലും മറ്റും നാടു നീങ്ങി. പക്ഷേ ഒരു നൂറ്റാണ്ടിനോടടുക്കുമ്പോൾ നാം കാണുന്നത് എല്ലാ അന്ധവിശ്വസങ്ങളും അനാചാരങ്ങളും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുന്നതായാണ്. ഇതിനു കാരണമാകുന്നത് ഖുർആനിനേക്കാൾ ഹദീസിനും പണ്ഡിതാഭിപ്രായങ്ങൾക്കും മുന്തിയ പരിഗണന നൽകുന്നതും. പണ്ട് ഇങ്ങനെയായിരുന്നില്ല. വാദ പ്രതിവാദ സ്റ്റേജിൽ സുന്നിപക്ഷത്ത് നിന്നും തെളിവ് ചോദിച്ചപ്പോൾ ഖുർആൻ ആയത്തോതിയ മുജാഹിദ് പണ്ഡിതനോട് ദലീൽ വേണം, ഖുർആനിൽ നിന്നല്ല കിതാബിൽ നിന്നു വേണം എന്നായിരുന്നു. കാലം കറങ്ങി ഇപ്പോൾ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇതേ അവസ്ഥയിൽ വന്നു നിൽക്കുകയാണ്.
നവോത്ഥാന കാലഘട്ടം ഖുർആനിന്റെ പ്രാധാന്യം മനസ്സിലാക്കിയേടത്ത് നിന്നാണ് ആരംഭിച്ചത്. ഇപ്പോൾ ഖുർആൻ കാണാപ്പാഠം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വർദ്ധിച്ചു വരുന്നുണ്ട്. നല്ലതു തന്നെ. പക്ഷേ ഖുർആനിന്റെ ആശയം പഠിച്ചു മനസ്സിലാക്കാനുള്ള ഗവേഷണ പഠനങ്ങൾ നടന്നെങ്കിൽ മാത്രമേ ഇസ്ലാം വളരുകയുള്ളൂ. ഖുർആൻ പഠനമാണ് നവോത്ഥാനമുണ്ടാക്കുന്നത്. ഖുർആൻ ഗവേഷണം മാറ്റിവെച്ചുള്ള മതപഠനം അന്ധവിശ്വാസം വളർത്തും. നവോത്ഥാന പാർട്ടികൾ ശാസ്ത്രത്തിനു പ്രാധാന്യം നൽകിയിരുന്നു. ഖുർആനിലെ പ്രകൃതി രഹസ്യങ്ങൾ പ്രതിപാദിക്കുന്ന ആയത്തുകൾ അവർ പഠിക്കുകയും മാതൃകയാക്കുകയും ചെയ്തിരുന്നു. അതിന്റെ തെളിവാണ് കേരള ഹിലാൽ കമ്മിറ്റിയുടെ രൂപീകരണം. ഗോളശാസ്ത്ര കണക്കുകൾ അംഗീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ മാസപ്പിറവി നിശ്ചയിക്കാമെന്നുമായിരുന്നു ഹിലാൽ കമ്മിറ്റിയുടെ ആദ്യകാല നേതാക്കൾ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ ചന്ദ്രക്കല കണ്ണു കൊണ്ട് കാണൽ നിർബന്ധമാണെന്നും സംഘടനയുടെ പ്രവൃത്തി മേഖലയിൽ തന്നെ കാണണമെന്നുമാണ് മുസ്ലിം സംഘടനകൾ പറയുന്നത്. തത്വത്തിൽ ഒന്നായിട്ടും പ്രയോഗത്തിൽ മൂന്നു ദിവസങ്ങളിലായാണ് ലോകത്ത് മുസ്ലിംകൾ നോമ്പും പെരുന്നാളുകളും ആചരിക്കുന്നത്. എന്തുകൊണ്ട് മുസ്ലിംകൾക്ക് ഇതിൽ സംശയം ജനിക്കുന്നില്ല; നാണക്കേടു തോന്നുന്നില്ല. കാരണം ഖുർആൻ തന്റെ മോചനമാർഗ്ഗമായി സ്വീകരിക്കുന്നില്ല എന്നതു തന്നെ.
ഖുർആൻ പറഞ്ഞു. "സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചു തന്നെയാണ് (സഞ്ചരിക്കുന്നത്)." മുസ്ലിംകൾ വിശ്വസിക്കുന്നു. അക്കണക്ക് തങ്ങൾക്ക് ബാധകമല്ല എന്ന്. ഖുർആൻ "ചന്ദ്രന് വൃദ്ധിക്ഷയങ്ങൾ (അഹില്ല) നിശ്ചയിച്ചിരിക്കുന്നു. ജനങ്ങൾക്കും ഹജ്ജിന്നും തിയതികൾക്കായിട്ട്" എന്നു പറയുന്നു. എന്നാൽ ചന്ദ്രക്കലകൾക്ക് മുസ്ലിംകളുടെ തിയ്യതികളുമായി യാതൊരു ബന്ധവുമില്ല. "ചന്ദ്രന് മനാസിലുകൾ നിശ്ചയിച്ചിരിക്കുന്നു. ചന്ദ്രന്റെ പ്രായം അളക്കുന്നതിനും കണക്കു കൂട്ടുന്നതിനും" എന്നു ഖുർആൻ. കണക്കു കൂട്ടാനേ പാടില്ലെന്ന് ചില പണ്ഡിതന്മാർ തന്നെ വാദിക്കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച നാളിൽ അല്ലാഹുവിന്റെയടുക്കൽ മാസങ്ങളുടെ എണ്ണം 12 ആണെന്നും അതിൽ 4 മാസങ്ങൾ പവിത്രങ്ങളാണെന്നും ഖുർആൻ (9: 36). ഇത് ചന്ദ്രമാസ കലണ്ടറാണെന്നു നബി(സ) പഠിപ്പിച്ചു. ഖലീഫ ഉമർ(റ)വിന്റെ ഭരണകാലത്ത് പ്രസ്തുത കലണ്ടർ നടപ്പിലാക്കുകയും ഹിജ്രി കലണ്ടർ എന്നു നാമകരണം നടത്തുകയും ചെയ്തു. ഇന്ന് മുസ്ലിംകൾക്ക് പ്രസ്തുത കലണ്ടർ വേണ്ട. "സൂര്യനും ചന്ദ്രനും കണക്കിന്നു വിധേയമാണെന്നു" ഖുർആൻ (55: 05). മുസ്ലിംകൾ സൂര്യന്റെ കണക്കു സ്വീകരിക്കുകയും ചന്ദ്രന്റെ കണക്കു തള്ളുകയും ചെയ്തിരിക്കുന്നു. ഖുർആൻ ഭാഗികമായി സ്വീകരിക്കുന്നതിന്റെ വിധി എന്താണെന്നു ചിന്തിച്ചു നോക്കുക.
അല്ലാഹു ചന്ദ്രന്റെ കലകളെ തിയ്യതികൾക്ക് അടിസ്ഥാനമാക്കിയിരിക്കുന്നു. അതിന്റെ (ഓരോ ദിവസത്തെയും കല) കാഴ്ചയുടെ അടിസ്ഥാനത്തിൽ മാസം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യണമെന്നു നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അഥവാ കലകൾ ദൃശ്യമാവാതെ വന്നാൽ പ്രസ്തുത മാസത്തിൽ 30 ദിവസങ്ങളുള്ളതായി കണക്കാക്കാനും നിർദ്ദേശിച്ചു. മുസ്ലിം പണ്ഡിതന്മാർ ഇതിനെ 29 നുമാക്കി കല കണ്ടാൽ അടുത്ത ദിവസം ഒന്നാം തിയ്യതിയാണെന്നു മനസ്സിലാക്കി. നബി(സ) 29ന് രാത്രി പടിഞ്ഞാറോട്ട് കല നോക്കാൻ പഠിപ്പിച്ചിട്ടില്ല. മാത്രവുമല്ല മാസത്തിലെ അവസാനത്തെ രണ്ടു രാത്രികളിൽ ചന്ദ്രനെ കാണുകയില്ലെന്നു തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഓരോ ദിവസത്തെയും കലയാണ് പ്രസ്തുത ദിവസം കാണുന്നത്. "സുമൂലി റുഅ്യതിഹി" എന്നതിനെ "സൂമൂ ബഅ്ദ റുഅ്യതിഹി" എന്നാണ് മുസ്ലിംകൾ മനസ്സിലാക്കി വെച്ചിരിക്കുന്നത്. ലോകം കണ്ട ഭീമാബദ്ധങ്ങളിൽ ഒന്നാണിത്. മുസ്ലിം പണ്ഡിതന്മാരും സാധാരണക്കാരും ഒന്നിച്ചിരുന്നാലോചിക്കണം, ഈ മഹാ ദുരന്തത്തിൽ നിന്നും സമുദായത്തെ രക്ഷിക്കണം. ഇസ്ലാമിക കാലഗണന അഥവാ ഹിജ്രി കലണ്ടർ പുനഃസ്ഥാപിക്കണം. ഒരു ദിവസത്തിന് ഒരു തിയ്യതിയേ പാടുള്ളൂ. രണ്ടും മൂന്നും ദിവസത്തിന് ഒരു തിയ്യതി എന്നത് ഖുർആൻ നിഷേധമാണ്.
ഈദുൽ ഫിത്വർ ശവ്വാൽ ഒന്നിനാണ്. ചന്ദ്രൻ ആകാശത്ത് ഒന്നിന്റെ കല കാണിക്കുമ്പോൾ നോമ്പെടുക്കുന്നത് ഹറാമാണ്. ദുൽഹിജ്ജയുടെ ആദ്യത്തെ 7 കലകൾ കണ്ടു കഴിഞ്ഞാൽ 8-ാം ദിവസം ഹജ്ജ് ആരംഭിക്കണമെന്നത് ഖുർആൻ കൽപനയാണ്. (2" 189). 9-ാം തിയതി ഹജ്ജ് തുടങ്ങുക. ലോകത്ത് മൂന്നു ദിവസങ്ങളിലായി ഈദാഘോഷിക്കുക. അയ്യാമുത്തശ്രീഖ് കഴിഞ്ഞ് അയ്യാമുൽ ബീള് ആയ നോമ്പുകാലത്തേക്ക് ബലി പെരുന്നാളിനെ നീട്ടുക. ഇതെല്ലാം തെറ്റായ വിശ്വാസാചാരങ്ങളാണ്. അതിനാൽ നവോത്ഥാനം ഇവിടെ തുടങ്ങണം. ജിന്ന്, സിഹ്റ് തുടങ്ങി അനാവശ്യ വിഷയങ്ങൾക്ക് ചിലവഴിക്കുന്ന സമയവും പണവും അദ്ധ്വാനവും ഖുർആൻ കൽപനകൾ ചിന്തിക്കാനും പഠിക്കാനും ഉപയോഗിച്ചില്ലെങ്കിൽ അന്തിമ വിചാരണയിൽ മറുപടി പറയേണ്ടി വരും. ഞങ്ങൾ നവോത്ഥാന പാർട്ടിയാണ്, ഞങ്ങൾ ഖുർആൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്നെല്ലാം അവകാശപ്പെടുന്ന പുതിയതോ പഴയതോ ആയ പ്രസ്ഥാനങ്ങൾ ഇക്കാര്യങ്ങൾ വിശദീകരിക്കണം. ഒരു ദിവസത്തിന് എത്ര തിയ്യതിയാവാം. ഏതാണ് ഇസ്ലാമിക കലണ്ടർ.
ഞങ്ങൾ മുസ്ലിംകളാണെന്നവകാശപ്പെടുന്ന എല്ലാ സംഘടനകൾക്കും ഈ ചോദ്യം ബാധകമാണ്. ഒരു പുനരാലോചനയും സത്യത്തിലേക്കുള്ള മടക്കവും പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.
വിശ്രമമില്ലാത്ത ഇസ്ലാഹി പ്രസ്ഥാനം - ജമീല ടീച്ചർ എടവണ്ണ
ഇന്നലെകളിലേക്ക് മാത്രം തുറന്ന് വെക്കപ്പെട്ട കണ്ണാടിയല്ല ഇസ്ലാമിക നവോത്ഥാനം. സമൂഹം എന്ന ഘടികാരത്തിന്റെ സൂചിയെ പിറകോട്ട് തിരിച്ചു വെക്കലുമല്ല. കാലത്തെ അറിഞ്ഞും ജീവിതത്തെ തൊട്ടും ഇസ്ലാമിനെ വായിച്ചറിയുക എന്നതാണത്. അതനുസരിച്ച് മുന്നോട്ട് നീങ്ങാൻ പാതയൊരുക്കുകയും വേണം. സ്വന്തത്തെ മാത്രമല്ല, തനിക്ക് ചുറ്റുമുള്ള സഹജീവികളെയും സമുദായം എന്ന അന്ധമായ വിശ്വാസങ്ങളുടെയും പിഴച്ച് പോയ ആചാരങ്ങളുടെയും ചെളിക്കുണ്ടിൽ ആഴ്ന്നു പോകുന്നുണ്ടോ അവരെ അതിൽ നിന്ന് കൈപിടിച്ചുയർത്തുന്ന ഭാരിച്ച പണി. അതാണ് ഇസ്ലാഹീ നവോത്ഥാനം എന്നത്. ഒരു പക്ഷേ ഒരു ക്രെയിനിനേക്കാൾ അദ്ധ്വാനം വേണ്ടത്. അതുകൊണ്ടാണല്ലോ സാമൂഹിക പരിഷ്കരണത്തിനിറങ്ങിത്തിരിച്ചവരെയെല്ലാം ജീവിതം വല്ലാതെ ചുട്ടു പൊള്ളിക്കുന്നത്. സ്വർഗത്തിലേക്കുള്ള പ്രഥമ പുരുഷന്മാരുമാവണമവർ. പരിശുദ്ധ ഖുർആൻ അത്തൗബ 100-ാം വചനത്തിൽ പറയുന്നത് കാണുക. "ദൈവിക സന്ദേശം കൈകൊള്ളുന്നവരിൽ പ്രഥമരായി മുന്നേറിയ മുഹാജിറുകളും അൻസാറുകളും പിൽക്കാലത്ത് അവരെ ഭാഗികമായി പിന്തുടർന്നവരുമുണ്ടല്ലോ. അവരിലൊക്കെയും അല്ലാഹു സംപ്രീതരായിരിക്കുന്നു. അല്ലാഹുവിൽ അവരും സംപ്രീതരായിരിക്കുന്നു."
അല്ലാഹുവിന്റെ ഈ സംപ്രീതി കരസ്ഥമാക്കുവാനുള്ള അവസരം പുതിയ കാലത്തും അടഞ്ഞിട്ടില്ല. ക്ഷേത്രാരാധനയെ കവച്ച് വെക്കും വിധം ഖബറാരാധനയും പരിശുദ്ധ കഅ്ബക്ക് പാര പണിയുന്ന ശഅ്റെ മുബാറക്കുകളുമായി ചെകുത്താന്റെ സംഘം നെട്ടോട്ടമോടുമ്പോൾ ഇസ്ലാഹി നവോത്ഥാനക്കാർക്ക് എവിടെയാണ് വിശ്രമിക്കാനവസരമുണ്ടാകുക, അധർമ്മത്തിനെതിരിൽ ധർമ്മസമരവുമായി മുന്നോട്ട് ഗമിക്കാം. ഒന്നും പാഴാവില്ല. "അവർക്കവൻ താഴ്ഭാഗങ്ങളിലൂടെ ആറൊഴുകുന്ന ആരാമം ഒരുക്കി വെച്ചിട്ടുണ്ട്. അതിലവർ എന്നെന്നും വസിക്കുന്നവരായിരിക്കും. അതത്രെ മഹത്തായ വിജയം." (അത്തൗബ 100)
സാക്ഷരകേരളം - മുഹമ്മദ് മാറഞ്ചേരി
സാക്ഷര കേരളം സുന്ദരകേരളം എന്നാണ് പുതിയ വാക്യം. കേരളം സുന്ദരമാണോ? പ്രകൃതിയില്‍ കേരളം സുന്ദരമാണ്. എന്നാല്‍ കേരളം വിശ്വാസാചാരങ്ങളില്‍ വിരൂപിണിയുമാണ്. ദൈവവിശ്വാസമെടുത്തു പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദൈവത്തെ മാത്രം ആരാധിക്കേണ്ട മനുഷ്യര്‍ കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതല്‍ ശവകുടീരങ്ങള്‍വരെ ആരാധിക്കുന്നു!. ഇതിനെല്ലാം പുരോഹിതന്മാര്‍ മതവിധിയും നല്‍കുന്നു!.
ഏതുവസ്തുവിനെ ആരാധിച്ചാലും അതെല്ലാം ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെന്ന് സൂഫികള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഏതിനെ വേണമെങ്കിലും ആരാധിക്കാമെന്ന് പൊതുജനം വിശ്വസിക്കുന്നു. ആരാധനയല്ലെന്നു കരുതി ആരോടും പ്രാര്‍ത്ഥിക്കാമെന്നും പൗരോഹിത്യം പഠിപ്പിക്കുന്നു. വിശ്വാസരംഗത്ത് സുന്ദര കേരളം വൈരൂപ്യകേരളമായി മാറിയിരിക്കുന്നു.
മുസ്ലീം കേരളം തള്ളികളഞ്ഞ ആരാധനമുറകള്‍ വീണ്ടും വന്നുതുടങ്ങിയിരിക്കുന്നു. കുത്തുറാത്തീബ് അതിന്നു തെളിവാണ്. ക്രിമിനല്‍ റാത്തീബിന്‍റെ വാള്‍പോസ്റ്റുകള്‍ വ്യാപകമാണ്. ഒരുതരം തട്ടിപ്പന്‍ പരിപാടിയാണിത്. ഇതിന്‍റെ പിന്നിലും സാമ്പത്തിക ചൂഷണം തന്നെയാണ്. കുത്തുറാത്തിബുകാര്‍ക്ക് വലിയൊരു സംഖ്യ ലഭ്യമാകുന്നതുകൊണ്ട് അതിന്‍റെ പ്രചരണവും വലുതാണ്. പരസ്യങ്ങളിലൂടെ മുസ്ലിം സമൂഹത്തിലേക്ക് കടന്നുവന്ന ശിയാഇസമാണിത്. സുന്നികള്‍ ശിയാഇസത്തിന്‍റെ ത്വരീഖത്തിലാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.
കേരളം വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും വിവേകത്തില്‍ പിന്നിലാണ്. വിജ്ഞാനമുണ്ടെങ്കിലും ചിന്തിക്കുവാന്‍ പോലും മറ്റൊരാളെ ഏല്‍പിക്കുകയാണ്. ചിന്താപരമായ വന്ധ്യതയും വിശ്വാസജീര്‍ണ്ണതക്ക് പ്രധാനകാരണമാണ്. പുതിയ നവോത്ഥാന നായകവേഷം കെട്ടിയ സുന്നിപണ്ഡിതന്മാര്‍ തന്നെയാണ് കുത്തുമുറി റാത്തിബീന്‍റേയും നേത്യത്വമേറ്റെടുത്തിട്ടുള്ളത്.
വിശ്വാസ ജീര്‍ണ്ണതയില്‍ മനുഷ്യരെ തളച്ചിടുന്നത് നവോത്ഥാനമാണെന്ന് ഇവര്‍ കരുതുന്നു. അജ്ഞാത ശവങ്ങള്‍ മുസ്ലിംകള്‍ കാണരുതെന്നാണ് ഇതരര്‍ പറയാറ്. ജാറമുണ്ടാക്കി മനുഷ്യരെ തെരുവില്‍ പോലും തല്ലിക്കുന്ന പൗരോഹിത്യത്തെ മറ്റുള്ളവര്‍ മനസ്സിലാക്കിയിരിക്കുന്നു. പൗരോഹിത്യം പടച്ചുവിടുന്ന ശിര്‍ക്കന്‍ ആചാരങ്ങള്‍ സുന്ദരകേരളത്തിന് യോജിച്ചതല്ല. സാമ്പത്തിക ചൂഷണങ്ങളുടെ കേന്ദ്രങ്ങളാണ് ജാറങ്ങളും മഠങ്ങളും പള്ളിമേടകളുമെന്ന് സുന്ദര കേരളം കാണിച്ചു തരുന്നു.
അതിനാല്‍, ശിര്‍ക്കന്‍ വിശ്വാസാചാരങ്ങളില്‍ നിന്നും മുക്തമായ കേരളമാണ് സുന്ദരകേരളം!
ദൈവം ഒന്നേയുള്ളൂ (ചന്ദോഗ്യാപനിഷത്ത് 6:21)
"സർവ്വ ശക്തനായ ദൈവം അരൂപിയാണ്. ആർക്കും അവന്റെ രൂപം കണ്ണുകൾ കൊണ്ട് കാണാൻ
കഴിയില്ല. (ശ്വേതാ ശ്വേതാരോപനിഷത്ത് 4 : 20)
സർവ്വശക്തനായ ദൈവത്തിന ചിത്രമില്ല.( യജുർവേദം 40 : 8)
സർവ്വശക്തനായ ദൈവം അരൂപിയും പവിത്രനുമാണ്. (യജുർവേദം). അവനോടു മാത്രം പ്രാർത്ഥിക്കുക. അവൻ മാത്രമാണ് ആരാധനക്കർഹൻ (ഋഗ്യേദം 8:11) അവനു യജമാനനില്ല. പ്രഭുക്കളില്ല സർവ്വശക്കനായ ദൈവത്തിനു മാതാപിതാക്കളില്ല. അവനു മേലാളന്മാരില്ല. (ശ്വേതാശ്വേതാരോപനിക്ഷത്ത് 6: 9).
സർവ്വശക്തനായ ദൈവം സർവ്വലോകത്തിന്റെയും യജമാനനാകുന്നു. (ഭഗവത്ഗീത 10: 3)
ദൈവം ബൈബിളിൽ
മുകളിൽ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും കർത്താവല്ലാതെ മറെറാരു ദൈവമില്ലെന്നു ഗ്രഹിച്ചു അത് ഹൃദയത്തിൽ ഉറപ്പിക്കുവീൻ. (ആവർത്തന പുസ്തകം 4 : 39)
ഞാൻ ആദിയും അന്തവുമാണ്. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. (ആവർത്തന പുസ്തകം. 44 : 6 )
ഇസ്രായേലെ, കേൾക്ക നമ്മുടെ ദൈവമായ കർത്താവാണു് ഏക കർത്താവ് (മാർക്കോസ് 12: 29 )
സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഭൃത്യൻ യജമാനനേക്കാൾ വലിയവനല്ല. അയക്കപ്പെട്ടവൻ അയച്ചവനേക്കാളും വലിയവനല്ല. ഈ കാര്യങ്ങൾ അറിഞ്ഞ് നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗ്രഹീതർ (യോഹന്നാൻ 13: 16, 17)
ദൈവം വിശുദ്ധ ഖുർആനിൽ
പറയുക. അല്ലാഹു ഏകനാണ്. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ ജന്മം നൽകിയിട്ടില്ല. ജനിച്ചിട്ടുമില്ല. അവനു തുല്യനായി യാതൊന്നുമില്ല.(വി.ഖുർആൻ 112 : 1 - 4)
സുഹൃത്തേ, എല്ലാ വേദങ്ങളും ഒരേ സ്വരത്തിൽ ദൈവത്തെ കുറിച്ചു പറയുമ്പോൾ നാം മാത്രം എന്തുകൊണ്ട് അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നു. നമ്മുടെ കയ്യിൽ സത്യമുണ്ടായിട്ടും അതിന്നെതിരിൽ പ്രവർത്തിക്കുന്നവർ ദൈവകോപത്തിനു അർഹരല്ലേ?
(ടി.വി.കെ.കെ)
No comments:
Post a Comment