Part 1 – Text Version of Alfanar 10th Special Edition
INDEX
001 അൽഫനാർ 10-ാം വർഷത്തിന്റെ നിറവിൽ
002 എഡിറ്റോറിയൽ
003 ഈ പണ്ഡിതമൗനം മതത്തിനാപത്ത്
004 തൗഹീദ് / ഈമാൻ ഇല്ലെങ്കിൽ അനൈക്യം സുനിശ്ചിതം - ഖുർആൻ ചിന്തകൾ - അബുൽ ബനാത്ത് കുറ്റിച്ചിറ
005 അല്ലാഹുവിന്റെ സാക്ഷാൽ ഔലിയാക്കൾ - ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ - (വിവ: അബൂനുബ്ലാ)
006 ചെവിക്കൊള്ളാത്തൊരുപദേശമോ? നിദാഉർറഹ്മാൻ വി.ടി
007 നമസ്കാരം വിശുദ്ധ ഖുർആനിൽ - 2 , തുന്നംവീടൻ
008 നഷ്ടനേട്ടങ്ങളുടെ കാലസാക്ഷ്യം - ശൈഖ് മുഹമ്മദ് കാരക്കുന്ന്
009 ഖുർആൻ നിയമങ്ങളുടെ നിത്യസൗന്ദര്യം - ഡോ. ജമാലുദ്ദീൻ ഫാറൂഖി
010 “ഉമ്മതുന്‍ വസതുന്‍” അഥവാ ചുമതലയേല്‍പിക്കപ്പെട്ട സമുദായം - എ. ഐ. വിലായത്തുല്ല
001 അൽഫനാർ 10-ാം വർഷത്തിന്റെ നിറവിൽ
അൽഫനാറിന്റെ പത്താം വാർഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുവാൻ പോകുന്നുവെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. തുടക്കം മുതൽ ഈ ത്രൈമാസികയുടെ പ്രവർത്തനവുമായി ബന്ധപ്പെടാനും അതിലെ പഠനാർഹമായ ലേഖനങ്ങൾ വായിക്കാനും എനിക്കവസരം ലഭിച്ചുവെന്നത് വലിയ അനുഗ്രഹവും സൗഭാഗ്യവുമായി ഞാൻ കരുതുന്നു. മുസ്ലിം ലോകത്തെ സംബന്ധിച്ചിടത്തോളം ചന്ദ്രമാസനിർണ്ണയം ആരാധനാകർമ്മങ്ങളുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിന്റെ മതപരവും ശാസ്ത്രീയവുമായ വശങ്ങളെക്കുറിച്ച് വേണ്ട അവഗാഹം ഇനിയും പൊതുവിൽ മുസ്ലിം സമുദായത്തിനുണ്ടായിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. മുസ്ലിംകൾ ബഹുഭൂരിപക്ഷം പേരും സ്വീകരിച്ചു വരുന്ന വികലമായ ചന്ദ്രമാസ നിർണ്ണയരീതി ഇസ്ലാം വിഭാവനം ചെയ്യുന്ന ഒരു ഏകീകൃത ഹിജ്റ കലണ്ടറിന് രൂപം നൽകാൻ തികച്ചും അപര്യാപ്തമായി വരികയും വ്രതാനുഷ്ഠാനം, പെരുന്നാൾ ആഘോഷങ്ങൾ തുടങ്ങിയവ പല ദിവസങ്ങളിലായി മുസ്ലിംകൾ ആചരിക്കുന്ന ഒരു ദുസ്ഥിതി നിലനിൽക്കുകയും ചെയ്യുന്നുവെന്നത് വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾക്ക് വിരുദ്ധവും അപഹാസ്യമാം വിധം അശാസ്ത്രീയവുമാണ്. ഇതിന്റെ നിജസ്ഥിതിയെ കുറിച്ച് അൽഫനാറിൽ വന്നുകൊണ്ടിരിക്കുന്ന ലേഖനങ്ങൾ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ ശരിയായ അവബോധം സൃഷ്ടിക്കാൻ സഹായകമായിട്ടുണ്ടെന്നാണെന്റെ വിശ്വാസം. അക്കാര്യത്തിൽ ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞ അൽഫനാറിന് അഭിമാനിക്കാൻ തികച്ചും അർഹതയുണ്ട്. യുക്തിഭദ്രവും ഇസ്ലാമിക ചൈതന്യം കൊണ്ട് പ്രകാശിതവുമായ ഗഹനമായ ലേഖനങ്ങൾ കൊണ്ട് സമ്പന്നമായ പത്താം വാർഷിക പതിപ്പ് പ്രതീക്ഷിക്കുകയും അതിന് സർവ്വവിധ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.സസ്നേഹം
ജസ്റ്റിസ് പി.കെ. ശംസുദ്ദീൻ
(മുൻ ഹൈക്കോടതി ജഡ്ജ്)
Back to INDEX
002 എഡിറ്റോറിയൽ
അൽഹംദുലില്ലാഹ്: 'അൽഫനാർ' അതിന്റെ 39ഉം 40ഉം പതിപ്പുകൾ ചേർത്ത് പത്താം വാർഷികപ്പതിപ്പായി വായനക്കാർക്കെത്തിക്കാൻ സർവ്വശക്തൻ തുണച്ചിരിക്കുന്നു. സ്തുതികളഖിലവും അല്ലാഹുവിന്. വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ് അൽഫനാറിനു തുടക്കമിട്ടത്. നീണ്ട 30 വർഷം നവോത്ഥാന പ്രസ്ഥാനത്തിനു വേണ്ടി നാട്ടിലും വിദേശത്തുമായി ജിഹ്വയും തൂലികയും സമ്പത്തും ഊർജ്ജവും ചെലവഴിച്ചു. അനുസരണയുള്ളൊരു പ്രവർത്തകാനുയായി നടന്നു. ചന്ദ്രമാസ നിർണ്ണയത്തിനു ശാസ്ത്ര, ഗോള, ഗണിത മാനദണ്ഡം സ്വീകരിക്കുന്നതിനു ഖുർആനോ സുന്നത്തോ, സലഫുകളുടെ മാതൃകയോ എതിരല്ല എന്ന സത്യം ഉറക്കെപ്പറഞ്ഞു. അതനുസരിച്ച് ഈദ് നമസ്കാരത്തിനു കൃത്യമായ തിയ്യതിയിൽ കോഴിക്കോട് നഗരത്തിൽ ഒരു കൂട്ടം സത്യവാന്മാർക്കു നേതൃത്വം വഹിച്ചു. സംഘടനാ അച്ചടക്കത്തിന്റെ വാൾ തലക്കു മുകളിൽ ഉയർന്നു. 'സുപ്രീം കൗൺസിലി'ൽ വിചാരണ ചെയ്യപ്പെട്ടു. സത്യത്തിൽ ഉറച്ചു നിന്നതിനാൽ പുകച്ചു ചാടിപ്പിക്കപ്പെട്ടു. 'ഉലമാക്കൾ' അതിനു നേതൃത്വം വഹിച്ചു. പ്രസ്ഥാന പ്രസിദ്ധീകരണങ്ങളഖിലവും തൂലികാവകാശവും പ്രബോധന വേദികളും നിഷേധിച്ചു. അറിഞ്ഞതും പഠിച്ചതുമായ കാര്യങ്ങൾ അല്ലാഹുവിങ്കൽ സാക്ഷിയാക്കാനും സദ്ഹൃദയ സമക്ഷം സമർപ്പിക്കുവാനും വേദിയില്ലാതായി. നിഷ്പക്ഷ ഇസ്ലാമിക വായന കൊതിക്കുന്ന അനേകർക്കു അത്താണിയുണ്ടാക്കണമെന്ന് ആഗ്രഹിച്ചു. സംഘടനാ സങ്കുചിത വൃത്തത്തിനുള്ളിലും പക്ഷപാതിത്വ വിശദീകരണത്തിനുള്ളിലും 'ചന്ദ്രമാസക്കലണ്ടറും മാസവും' കിടന്നു ഞെരിഞ്ഞു. എന്തുണ്ട് പരിഹാരമെന്ന് ഗുണകാംക്ഷികളുമായി സംവദിച്ചു. മഹാന്മാരായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങൾ മുതൽ ഇത്തലക്കലുള്ള വെളിയങ്കോട്, സൽസബീൽ, കെ. ഉമർ മൗലവി വരെയുള്ള നവോത്ഥാന നായകരുടെ പാതയിൽ 'അൽഫനാർ' ജനിച്ചു വീണു.കുത്തുവാക്കുകൾ, പരിഹാസം, ബഹിഷ്കരണം, സ്ഥാപനങ്ങളിൽ വരുന്ന അൽഫനാർ പൂഴത്തിവെപ്പ്, സൗജന്യകോപ്പി വാങ്ങി നശിപ്പിക്കൽ, ചേകന്നൂരീയത്തായി ചിത്രീകരിക്കൽ, വരിസംഖ്യാ നിഷേധം, തെറ്റിദ്ധരിപ്പിക്കൽ തുടങ്ങി എന്തൊക്കെ തരംതാണ ഏർപ്പാടുകൾ പത്തുവർഷം നേരിട്ടു! അല്ലാഹു ഇതെല്ലാം രേഖപ്പെടുത്തിയല്ലോ എന്നതാണ് പരലോക വിശ്വാസിക്ക് ഏറ്റവും വലിയ ആശ്വാസവും മുതൽകൂട്ടും. ഉലമാ സംഘം ഔദ്യോഗികമായി കൂട്ടുത്തരവാദിത്വത്തോടെ നടത്തിവരുന്ന ദ്വൈ, ത്രൈ, മാസികകളടക്കം ഇടയ്ക്കിടെ നിന്നും കിടന്നും മുങ്ങിയും പൊന്തിയും കിതച്ചും ഓടുന്നതിനിടയിൽ ഒരു ലക്കം പോലും മുടങ്ങാതെ, കാലം തെറ്റാതെ, ഒറ്റയാൻ പ്രസ്ഥാനമായി വായനക്കാരുടെ കരങ്ങളിൽ കിറുകൃത്യമായി സ്വന്തം ചെലവിൽ എത്തിച്ചു കൊണ്ടിരിക്കാൻ അല്ലാഹു അൽഫനാറിനു തൗഫീഖു ചെയ്തതിനു റബ്ബിനോട് വല്ലാതെ വല്ലാതെ കടപ്പെട്ടിരിക്കുന്നു. ആയിരമായിരം സ്തുതികൾ അല്ലാഹുവിന്. അല്ലാഹുവേ എന്നിൽ നിന്നത് സ്വീകരിക്കേണമേ.
അൽഫനാർ വിളിച്ചു പറഞ്ഞ സത്യങ്ങൾ അതിശക്തമായ സ്വാധീനം സമൂഹത്തിൽ ചെലുത്തിയെന്നത് 'ഞാഞ്ഞൂളീന്യായം' പോലെ ഒരവകാശവാദമായി ചിത്രീകരിക്കുന്നില്ല. എങ്കിലും, അതുണ്ടാക്കിയ ചിന്താവിപ്ലവം ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ ശക്തമായ പിന്തുണയോടെ പ്രത്യക്ഷത്തിൽ തന്നെ സമുദായത്തിനു അനുഭവവേദ്യമാണ്. കൃത്യമായ ചന്ദ്രമാസ ഹിജ്റാ കലണ്ടർ തിയ്യതി പ്രകാരം കോഴിക്കോട് മാത്രം ഒതുങ്ങിയിരുന്ന ഈദുഗാഹുകൾ കേരളത്തിലങ്ങോളം ഇപ്പോൾ വ്യാപകമായി. മതസംഘടനകൾ കുത്തകയാക്കി തെറ്റായ ചന്ദ്രമാസത്തിയ്യതി കാണിച്ച് ഇറക്കിക്കൊണ്ടിരിക്കുന്ന ക്രൈസ്തവ ഗ്രിഗ്വറി കലണ്ടറുകൾ ഇപ്പോൾ ഏട്ടിലെ പശു കണക്കെ പുല്ല് തിന്നുന്നില്ല. ഇറക്കുന്ന കലണ്ടറുകൾ ഇബാദത്തിനു മാനദണ്ഡമാക്കാൻ സാധിക്കാത്തതിനാൽ ഞങ്ങളിപ്പോഴത് തൂക്കിവിൽക്കാനും കടല പൊതിയാനുമാണ് ഉപയോഗിക്കുന്നതെന്ന് സരസനായ ഒരു മുജാഹിദ് നേതാവ് തന്നെ പറയുകയുണ്ടായി. ഖാദിമാർ ഉറപ്പിച്ചു കൊടുക്കുന്ന തിയ്യതിയിൽ ഇബാദത്ത് ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും എന്തിനു ആ കലണ്ടർ!? നോമ്പ്, പെരുന്നാളുകൾ 'ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ' കലണ്ടർ വിളംബരം ചെയ്യുന്ന യഥാർത്ഥ തിയ്യതികളിൽ തന്നെ ചെയ്യാൻ വിവിധ സംഘടനാനുയായികളും നേതാക്കളും വരെ ഇപ്പോൾ ശീലിച്ചു തുടങ്ങിയിരിക്കുന്നു. അവരിലെ ചിലർ സാക്ഷാൽ പെരുന്നാൾ ദിനം 'ശുദ്ധ ശൂന്യദിനം' ആയി ആചരിക്കുന്നുണ്ടെങ്കിലും അൽഫനാറിന്റെ പ്രഭയിൽ പകുതിദൂരം പിന്നിട്ടിരിക്കുന്നു. ബാക്കി ദൂരത്തിലേക്കു സ്വാഗതം! സംഘടനാ റബ്ബുമാരെ തൃപ്തിപ്പെടുത്താൻ ചില നേതാക്കളടക്കം പൊതുജനത്തോടൊപ്പം വ്യാജ ഐക്യനിരയിൽ ചേരാൻ തെറ്റി നടത്തുന്ന ഈദ്ഗാഹിലേക്ക് എണ്ണം കൊടുക്കാൻ തലയിൽ മുണ്ടിട്ടു പോകുന്നുവെന്നു മാത്രം. മാറ്റങ്ങളുടെ തുടക്കത്തിൽ അങ്ങനെയൊക്കെത്തന്നെ ആയിരിക്കുമല്ലോ! എന്നാൽ സംഘടനാ നേതാക്കളും പണ്ഡിതന്മാരും യാഥാർത്ഥ്യത്തെ തമസ്സീകരിച്ചു ശീലിച്ചവരായതിനാൽ അവരെ കുറിച്ചൊന്നും ഇപ്പോൾ പറയുന്നില്ല. മൗനം വിദ്വാനു ഭൂഷണം.
മുജാഹിദ് ഐക്യത്തിനു പരസ്യമായി ആറേഴു ലക്കങ്ങളിലായി അൽഫനാർ ആഹ്വാനം ചെയ്തു. അതുകൊണ്ടാണ് ഐക്യമുണ്ടായതെന്ന പൊങ്ങച്ചമൊന്നുമില്ല. എങ്കിലും, സംഘടനയിലെ നൂറുക്കണക്കിന് നേതാക്കൾ ഈ ഐക്യാഹ്വാനം വായിച്ചിട്ടുണ്ട്. കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. മനസ്സാക്ഷിക്കുത്തേറ്റിട്ടുണ്ടവർക്ക് എന്നതിനു അല്ലാഹു സാക്ഷിയാണ്. മരിക്കും മുമ്പ് ഐക്യമുണ്ടാക്കണമെന്ന് തോന്നിപ്പിച്ചതിൽ അത് വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. (പക്ഷേ, ഉണ്ടാക്കിയ ഐക്യത്തിന്റെ 'കഥ' നമുക്ക് വേറെ പറയാം).
മുസ്ലിം പ്രസിദ്ധീകരണങ്ങളിൽ തെറിപ്പാട്ടും അമാന്യമായ പ്രയോഗങ്ങളും സത്യത്തെ കോട്ടിമാട്ടലും വ്യക്തിഹത്യയും പക്ഷപാതിത്വവും ഇപ്പോഴും കുറച്ചൊക്കെ തുടരുന്നുണ്ടെങ്കിലും അതിന്നെതിരിൽ ശക്തമായി അൽഫനാർ വിരൽ ചൂണ്ടി ചോദ്യം ചെയ്തിട്ടുണ്ട്. തങ്ങൾ പഠിച്ചതേ പാടൂ എന്ന നിലപാട് മാറ്റിയെടുക്കാൻ ഏറെ കാലവും അദ്ധ്വാനവും വേണ്ടിവരും. പൂച്ച പാൽ കട്ടു കുടിക്കുമ്പോൾ ആരും കാണുന്നില്ല എന്നു കരുതുമത്രെ. അതുപോലെ അൽഫനാറിന്റെ ശ്രദ്ധ ക്ഷണിക്കലുകൾ ഇളിഭ്യതയോടെ അവഗണിക്കുകയാണ് പല പ്രസിദ്ധീകരണങ്ങളും ചെയ്യാറ്. എപ്പോഴെങ്കിലും അൽഫനാറിലെ പരാമർശങ്ങളെ വിമർശിക്കേണ്ടി വരുമ്പോൾ അൽഫനാർ എന്ന പേര് അബദ്ധത്തിൽ വരികൾക്കിടയിൽ പോലും വരാതിരിക്കാൻ അതിലെ എഴുത്തുകാർ നിതാന്തജാഗ്രത പുലർത്താറുണ്ട്. അൽഫനാർ അതെല്ലാം കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. പലരും ഞൊണ്ടി ന്യായങ്ങളിലൂടെ മറുപടിക്കാറുണ്ടെങ്കിലും അൽഫനാറിന്റെ സത്യപ്രഭയിലും ന്യായത്തിന്റെ മുമ്പിലും നമ്രശിരസ്കരാണ്. പ്രത്യേകിച്ച് - ചന്ദ്രമാസ നിർണ്ണയ മാനദണ്ഡം എന്താകണമെന്ന വിഷയത്തിൽ.
ഏതായലും റബ്ബിന്റെ സഹായവും അനേകരുടെ നിസ്വാർത്ഥ പിന്തുണയും നിർലോഭം കിട്ടിയതിനാൽ അൽഫനാർ തളർന്നില്ല. ശക്തിക്ഷയമുണ്ടായിട്ടില്ല. സ്വയമേറ്റ ബാധ്യതയായതിനാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടുണ്ട്. പ്രിന്റിംഗ് ലോകത്ത് താങ്ങാനാവാത്ത വമ്പൻ ചിലവും പൊതുസാമ്പത്തിക മാന്ദ്യവും വിഭവസമാഹരണത്തിനു ആരോഗ്യം അനുവദിക്കാത്തതിനാലും തൽക്കാലം പ്രിന്റിംഗ് മാഗസിനു വിരമാമിടുവാൻ നിർബന്ധിതമായിരിക്കുകയാണ്. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറുണ്ടെങ്കിൽ ചിന്തിക്കാവുന്നതാണ്. ആധുനിക മാധ്യമങ്ങളിലൂടെ ദൗത്യം തുടരുന്നതാണ്.
പത്തുവർഷം പൂർത്തീകരിച്ച് ചരിത്രത്തിലിടം നേടി കളംവിടുകയല്ല. 'ലാ യുകല്ലിഫുല്ലാഹു നഫ്സൻ ഇല്ലാ വുസ്അഹാ' - ഒരാളോടും അയാൾക്കു സാധിക്കാത്ത അധ്വാനം ബാധ്യതപ്പെടുത്തുന്നില്ല - എന്ന അല്ലാഹുവിന്റെ വിധിക്കു മുമ്പിൽ വിനയാന്വിതനാവുകയാണ്. ഇനി മുതൽ അൽഫനാർ മാസാന്തം - ഇ മാഗസിൻ ആയി വായിക്കാവുന്നതാണ്. ഇൻശാഅല്ലാ. അതിന്റെ ലോഞ്ചിംഗ് അൽഫനാർ പത്താം വാർഷികാഘോഷ സമ്മേളനത്തിൽ നടത്തുകയാണ്. ഇതുവരെ നിഷ്കപടമായി സഹകരിച്ചവരും പിന്തുണച്ചവരും മേലിലും അതു തുടരണമെന്ന് അഭ്യർത്ഥിക്കുകയാണ്. അല്ലാഹു എല്ലാം കാണുന്നവനും അറിയുന്നവനുമല്ലോ. അല്ലാഹുവേ, വല്ല വീഴ്ചകളും വന്നുപോയിട്ടുണ്ടെങ്കിൽ നീ പൊറുക്കേണമേ. സജ്ജനങ്ങളിലുൾപ്പെടുത്തി ചെയ്ത കർമ്മങ്ങൾ സ്വീകരിക്കേണമേ.
-എഡിറ്റർ
Back to INDEX
003 ഈ പണ്ഡിതമൗനം മതത്തിനാപത്ത്
ഈയുള്ളവൻ 10 ചോദ്യങ്ങൾ കേരളത്തിലെ വിവിധ മതസംഘടനയിലെ തലയെടുപ്പുള്ള പണ്ഡിതന്മാർക്ക് രണ്ടു മാസങ്ങൾക്ക് മുമ്പ് അയച്ചു കൊടുത്തിരുന്നു. ലോക മുസ്ലിം സമുദായം മൊത്തത്തിൽ അറിയാനാഗ്രഹിക്കുന്ന കാലോചിതവും നിത്യപ്രസക്തവുമായ ചോദ്യങ്ങൾ. പണ്ഡിതോചിതമായി മറുപടി അർഹിക്കുന്ന ചോദ്യങ്ങൾ. മറുപടിക്കുവേണ്ട സമയം ലഭിക്കുമാറുള്ള കാലം അനുവദിച്ചു കൊണ്ട്. പക്ഷേ, ഖേദകരമെന്നു പറയട്ടെ ഒരൊറ്റ മനുഷ്യനും മറുപടി ലേഖനം അയച്ചു തന്നിട്ടില്ല.----------------------------------------------
താഴെ പറയുന്ന 10 ചോദ്യങ്ങൾ കേരളത്തിലെ വിവിധ മതസംഘടനയിലെ തലയെടുപ്പുള്ള പണ്ഡിതന്മാർക്ക് രണ്ടു മാസങ്ങൾക്ക് മുമ്പ് അയച്ചു കൊടുത്തിരുന്നു. ലോക മുസ്ലിം സമുദായം മൊത്തത്തിൽ അറിയാനാഗ്രഹിക്കുന്ന കാലോചിതവും നിത്യപ്രസക്തവുമായ ചോദ്യങ്ങൾ. പണ്ഡിതോചിതമായി മറുപടി അർഹിക്കുന്ന ചോദ്യങ്ങൾ. മറുപടിക്കുവേണ്ട സമയം ലഭിക്കുമാറുള്ള കാലം അനുവദിച്ചു കൊണ്ട്. പക്ഷേ, ഖേദകരമെന്നു പറയട്ടെ ഒരൊറ്റ മനുഷ്യനും മറുപടി ലേഖനം അയച്ചു തന്നിട്ടില്ല.
എന്തുകൊണ്ടവർ പ്രതികരിച്ചില്ല? മറുപടി എഴുതിയാൽ തുടർന്ന് നൂറു നൂറു ചോദ്യങ്ങൾ അവരെത്തേടി വരുമെന്നവർ ഭയപ്പെട്ടു! മറുപടി അറിയാത്തതു കൊണ്ടല്ല, അതുപറഞ്ഞാൽ ചില പച്ചപ്പരമാർത്ഥങ്ങൾ ജനങ്ങളറിയും. തങ്ങൾ മറച്ചുപിടിക്കുന്ന രഹസ്യങ്ങൾ വെളിവാകും. അൽഫനാറിനോടുള്ള അവഗണനയുമല്ല. കേരളത്തിലെ മത വിഭാഗങ്ങളിലെ പണ്ഡിതന്മാരുടെ ചങ്കൂറ്റമില്ലായ്മയോ, നിരുത്തരവാദിത്വമോ, വിഷയത്തിന്റെ ഗൗരവം ഗൗനിക്കാത്ത നിലപാടുകളോ, അജ്ഞതയോ, ജനങ്ങൾക്കു ശുദ്ധ വിദ്യ നൽകുന്നതിലുള്ള പിശുക്കോ, സമുദായത്തോടുള്ള അവഞ്ജയോ എന്തെന്നറിയില്ല. ഇതെല്ലാം കൂടിയായിരിക്കുമോ? അറിയില്ല. ബഹുമാന്യനായ അലിമണിക്ഫാൻ ഹൃസ്വമായി മറുപടി നൽകിയതു മാത്രം താഴെ കൊടുക്കുന്നു. ഈ ചോദ്യങ്ങളുടെ വിശദമായ മറുപടികൾ തന്നെയായിരുന്നു ഇക്കാലമത്രയും 10 വർഷമായി അൽഫനാറും അലിമണിക്ഫാനും പ്രധാനമായി എഴുതി വന്നത്. അതും ഈ ചോദ്യങ്ങളുമായി 'അൽഫനാർ' നൂഹ് നബിയെപ്പോലെ പരലോകത്തു വരുന്നതാണ്. ഈ പണ്ഡിതമൗനം വിദ്വാന്മാർക്കു ഭൂഷണമായതായിരുന്നില്ലെന്നും ഇസ്ലാം മതത്തിനു ഈ പണ്ഡിതമൗനം അളവറ്റ നഷ്ടവും അപമാനവും വരുത്തിയിട്ടുണ്ടെന്നും അപ്പോൾ കൈകെട്ടി ഉത്തരം പറയിക്കാൻ അല്ലാഹുവിനോട് / സത്യ, ന്യായ കോടതിയോട് അൽഫനാർ ആവശ്യപ്പെടുമെന്നും എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.
കേരള മുസ്ലിം മഹാപണ്ഡിതന്മാരിൽ 20 ആളുകൾക്കയച്ചു കൊടുത്ത ചോദ്യവും അലിമണിക്ഫാൻ മാത്രം നൽകിയ മറുപടിയും വായിക്കുക:
ചോദ്യങ്ങൾ
1. സമ്പൂർണ്ണ മതമായ ഇസ്ലാമിൽ മനുഷ്യർ പിന്തുടരേണ്ട കലണ്ടർ വ്യവസ്ഥ നിർദ്ദേശിക്ക പ്പെടുന്നുവെങ്കിൽ അതേതാണ്. ഇല്ലെങ്കിൽ എന്തുകൊണ്ട്?
2. നമസ്കാരസമയം, സകാത്തിന്റെ കാലാവധി, റമള്വാനിലെ നോമ്പ്, ഹജ്ജ് കാലം തുടങ്ങി സ്ത്രീകളുടെ ഇദ്ദ, പ്രായപൂർത്തി, കരാർ രേഖകൾ എല്ലാറ്റിനും ഏതു കലണ്ടറാണ് മുസ്ലിംകൾ അവലംബമാക്കേണ്ടത്?
3. വി.ഖുർആനിൽ ഖണ്ഡിതമായിപ്പറഞ്ഞ വിഷയത്തിൽ നബിചര്യയുടെ പിന്തുണയുണ്ടാകും. എന്നാൽ ചില ഹദീസുകളിൽ വരുന്ന പദപ്രയോഗങ്ങൾക്ക് വിപരീതാർത്ഥങ്ങൾ ലഭിക്കുന്നു. ഉദാഹരണത്തിനു സൂറ. അൽബഖറ 189-ാം വചനത്തിൽ 'ചന്ദ്രവൃദ്ധിക്ഷയങ്ങളെ (അഹില്ല)ക്കുറിച്ചവർ നിന്നോട് ചോദിക്കുന്നു' എന്നാണുള്ളത്. പക്ഷേ ഹദീസുകളിൽ ഏകമായ - ചന്ദ്രക്കലയെ - (ഹിലാൽ)ക്കുറിച്ചു പറയുന്നു. ഈ വൈരുദ്ധ്യം എങ്ങനെ വിശദീകരിക്കപ്പെടണം?
4. ഒരു ദിവസം എന്നതിന്റെ നിർവ്വചനം എന്താണ്? ദിവസം എപ്പോഴാണ് തുടങ്ങുന്നതും അവസാനിക്കുന്നതും. കാഴ്ചപ്പാട് പ്രാമാണികമായി വ്യക്തമാക്കിയാലും.
5. ഓരോ ദിനത്തിലും അഞ്ചുനേര നമസ്കാരമുണ്ട്. ഭൂമിയിൽ ആദ്യമായി 'ള്വുഹർ' നമസ്കരിക്കുന്നത് എവിടെയാണ്? വെള്ളിയാഴ്ച ള്വുഹ്റിന് പകരം 'ജുമുഅ'യാണ് നമസ്കരിക്കുന്നത്. അപ്പോൾ ഭൂമിയിൽ ജുമുഅ തുടങ്ങുന്നതിന് തൊട്ടു കിഴക്ക് വ്യാഴാഴ്ചയുടെ ള്വുഹർ ആയിരിക്കുമല്ലോ. ഈ സംഭവം നടക്കുന്നത് എവിടെ? ഇതിന്റെ മതകീയ മാനം?
6. ചന്ദ്രമാസം 29-ാം തിയ്യതി സൂര്യാസ്തമന ചക്രവാളത്തിൽ (പടിഞ്ഞാറ്) ഹിലാൽ നോക്കണമെന്നു നിർദ്ദേശിക്കുന്ന ഹദീസുണ്ടോ? നബി(സ) 29-ാം തിയ്യതി മഗ്രിബിന് അസ്തമയ ചന്ദ്രനെ നോക്കിയതിനോ കണ്ടതിനോ സഹാബത്തിനെ നോക്കാൻ നിയോഗിച്ചതായോ കണ്ടാൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായോ ഉള്ള രേഖകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏത്? ഇല്ലെങ്കിൽ എന്തുകൊണ്ടായിരിക്കണം?
7. ഹിലാൽ കണ്ട് മാസം തുടങ്ങണമെന്നാണ് ചില പണ്ഡിതന്മാരും ജനങ്ങളും പൊതുവെ ധരിച്ചിരിക്കുന്നത്. എങ്കിൽ ഒരു സ്ഥലത്ത് ഹിലാൽ കണ്ടാൽ എത്ര ദൂരം വരെ പ്രസ്തുത കാഴ്ച ബാധകമാക്കാം. ധ്രുവപ്രദേശത്തേക്ക് നീങ്ങുന്നതനുസരിച്ച് രാവിന്റെയോ പകലിന്റെയോ ദൈർഘ്യം കൂടുന്നുണ്ടല്ലോ. എങ്കിൽ 6 മാസം വരെ സൂര്യനസ്തമിക്കാത്ത പ്രദേശത്ത് മാസപ്പിറവി നിശ്ചയിക്കുന്നതെങ്ങനെ?
8. 29-ാം തിയ്യതി ചന്ദ്രനും സൂര്യനും ഒരേ മൻസിലിൽ ആയിരിക്കുമല്ലോ. അന്ന് ചന്ദ്രനെ കാണാൻ കഴിയില്ലെന്ന് ഗണിത/ ഗോള ശാസ്ത്രജ്ഞന്മാർ ഖണ്ഡിതമായി പറയുന്നു. ഹിലാൽ കാണാൻ സാധ്യമല്ലെന്ന് ഹിസാബുകാർ പറയുന്ന ദിവസത്തിൽ കണ്ടെന്നു പറയുന്നതിനെ നിരാകരിക്കണമെന്നും ഫുഖഹാക്കളും വിശദമാക്കുന്നുണ്ട്. എങ്കിൽ പിന്നെ എന്തിനാണ് 29-ാം തിയ്യതി നോക്കാൻ പ്രവാചകൻ കൽപിച്ചുവെന്ന് പറയുന്നത്?
9. 29-ാം തിയ്യതി അൽപനിമിഷങ്ങൾ മാത്രം ചക്രവാളത്തിലുണ്ടാവുന്ന ചന്ദ്രക്കല കാണണമെങ്കിൽ മഗ്രിബ് നമസ്കാര ജമാഅത്ത് ഉപേക്ഷിക്കുകയോ നീട്ടിവെക്കേണ്ടി വരികയോ ചെയ്യേണ്ടി വരുമല്ലോ. ഇതിനു വല്ല വിധിയും മതത്തിലുണ്ടോ? ഇതു സംബന്ധമായ ബാബ് - അദ്ധ്യായം - ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ടോ?
10. അനേകം ഗണിത, ഗോള മുസ്ലിം ശാസ്ത്രജ്ഞന്മാർ (ഹി. 3-ാം നൂറ്റാണ്ട് മുതലുള്ള) കണക്കനുസരിച്ച് ചന്ദ്രമാസം നിർണ്ണയിച്ച് കാലഗണന നടത്താമെന്നും ആരാധനാ കർമ്മങ്ങൾ അതനുസരിച്ച് ചെയ്യാമെന്നും വ്യക്തമാക്കിയത് കാണാം. ഗണിത/ ഗോള അറിവുകൾ ഖണ്ഡിതാറിവാണ്. (ഇൽമുൽ ഖത്വഈ). കാഴ്ചയും സാക്ഷിത്വവും ഊഹാധിഷ്ഠിത അറിവുമാണ് (ഇൽമുൻ ള്വന്നീ). ഇവ രണ്ടിൽ സ്വീകരിക്കേണ്ടത് ഇൽമുൻ ഖത്വഈ ആയിരിക്കണമെന്നു ഉസ്വൂലി പണ്ഡിതന്മാർ (കർമ്മനിദാന ശാസ്ത്ര ജ്ഞന്മാർ) വ്യക്തമാക്കുന്നു. അത് സ്വീകരിച്ച് ഇന്നത്തെ സങ്കീർണ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഖുർആനോ പ്രവാചകചര്യയോ മറ്റു ഇസ്ലാമിക പ്രമാണ ങ്ങളോ എതിര് പറയുന്നുണ്ടോ? താങ്കളുടെ വീക്ഷണം?
ഉത്തരങ്ങൾ
1. വിശുദ്ധ ഖുർആനിലെ 2: 189; 8: 36, 37; 10: 5; 26: 48, 55: 5 എന്നീ ആയത്തുകളിൽ കലണ്ടറിനെ പറ്റി മതിയായ വിവരണങ്ങളുണ്ട്. പരിശോധിക്കുക.
2. ചന്ദ്രമാസമല്ലാത്ത വേറെ ഒരു തിയ്യതി സ്വീകരണ രീതിയും ഖുർആനിൽ കാണപ്പെടുന്നില്ല. അതല്ലാത്തതൊന്നും റസൂലും സ്വഹാബത്തും ഉപയോഗിച്ചിട്ടുമില്ല. ആവശ്യപ്പെട്ടിട്ടുമില്ല.
3. ഖുർആനിലെ "അഹില്ല" തന്നെയാണ് പ്രധാനപ്പെട്ട ആദ്യത്തെ ഹദീസിലും ഉള്ളത്. 'ജഅലല്ലാഹുൽ അഹില്ലത മവാഖീത ലിന്നാസി' എന്ന് ആദ്യത്തെ കലയെപ്പറ്റി പറഞ്ഞ സ്ഥലത്തും ബഹുവചനമായിപ്പറഞ്ഞു. ബലികർമ്മത്തെപ്പറ്റി പറഞ്ഞപ്പോൾ ഫഅൻസികൂലഹാ എന്ന് പത്താം തിയ്യതിയിൽ ബലികർമ്മം നടത്തുവാൻ പറഞ്ഞു. "ലഹാ" എന്ന ബഹുവചനവുമാണ് അവിടെയും ഹദീസിൽ കാണുന്നത്. ഇത് വൈരുദ്ധ്യമല്ലല്ലോ.
4, 5. ദിവസങ്ങളുടെ നേതാവ് ജുമുഅ ദിവസമാണ്. ഇതാണ് അളവുകോൽ. ജുമുഅ മുതൽ ജുമുഅ വരെ ലോകത്ത് ഒരു ദിവസമാണ്. ജുമുഅ ദിവസം ഫജ്ർ മുതൽ തുടങ്ങുന്നതിനാൽ ദിവസത്തുടക്കം ഫജർ മുതലാണ്. ഒരു ദിവസത്തെ ഒന്നാമത്തെ നമസ്കാരം ഫജ്ർ ആണ്. വിത്തർ നമസ്കാരമാണ് അവസാനത്തേത്. ലോകത്തിനു അരുണോദയത്തിൽ തന്നെയാണ് ദിനം ആരംഭിക്കുന്നത്. അതാണ് പ്രകൃതി മതമായ ഇസ്ലാമും പഠിപ്പിച്ചിട്ടുള്ളത്. സൂറ. 36: 40 മനസ്സിരുത്തി പഠിക്കുക.
6. ഇല്ല. 29/30 ഹിലാൽ കാണുകയില്ല. കാണാത്തത് കാണാൻ റസൂൽ(സ) പറയുകയില്ല. സാങ്കൽപ്പിക വാദങ്ങൾക്ക് നിലനിൽപില്ല.
7. ആദ്യത്തെ ഹിലാൽ കാണുന്നത് ഒന്നാം തിയ്യതി സൂര്യൻ അസ്തമിച്ചതിനു ശേഷമാണ്. ഇത് മഗ്രിബ് സമയത്ത് അസ്തമിക്കും. എല്ലാ സ്ഥലങ്ങളിലും എല്ലാ മാസങ്ങളിലും കാണുകയില്ല.
8. 29നോ 30നോ ഹിലാൽ കാണുകയില്ല. കണ്ടൂവെന്ന് പറയുന്നവർക്ക് അങ്ങനെ തോന്നിയേക്കാം.
9. മാസാവസാന ദിവസം 29/30 ആണ്. അന്ന് ഒരിക്കലും കാണുകയില്ല. കാണൽ അസംഭവ്യമായതിനു മതവിധി ഉണ്ടാവുകയില്ല.
10. 'വഖദ്ദറഹു മനാസില ലിതഅ്ലമു അദബസ്സിനീന വൽ ഹിസാബ' എന്ന വചനം തന്നെ കണക്കനുവദിക്കണം. കണക്ക് കൃത്യവുമാണ്. "അല്ലാഹു ആ ചന്ദ്രനു മനാസിലുകൾ കൃത്യമായി കണക്കാക്കിയിരിക്കുന്നു. ആ ചന്ദ്രക്കലയുടെ പ്രായം അറിയുവാനും കണക്കു കൂട്ടുവാനുമായി" (വി.ഖു. 5:5) എന്നു പഠിപ്പിക്കുന്നു. വ്യക്തമായ ഈ പ്രമാണം നമുക്കുണ്ടല്ലോ.
Back to INDEX
004 തൗഹീദ് / ഈമാൻ ഇല്ലെങ്കിൽ അനൈക്യം സുനിശ്ചിതം - ഖുർആൻ ചിന്തകൾ - അബുൽ ബനാത്ത് കുറ്റിച്ചിറ
مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ٣١ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا ۖ كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ٣٢"നിങ്ങൾ അല്ലാഹുവിങ്കലേക്ക് സമർപ്പിതരാവുക. അവന്റെ കൽപനകൾ സൂക്ഷിച്ചു ജീവിക്കുക. നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുക. നിങ്ങളൊരിക്കലും ബഹുദൈവാരാധകരുടെ കൂട്ടത്തിലകപ്പെടരുത്. അതെ, തങ്ങളുടെ മതാദർശത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായിത്തീരുകയും ചെയ്തവരുടെ കൂട്ടത്തിലാകരുത്. ഓരോ കക്ഷിയും തങ്ങളുടെ വാദഗതികളിൽ സ്വയം സംതൃപ്തരത്രെ." (വി.ഖുർആൻ 30: 31, 32).
---------------------
പലരും പലവിധം ചർച്ച ചെയ്യാറുള്ള സുപ്രധാന സൂക്തമാണിത്. ഓരോരുവരും നിലകൊള്ളുന്ന നിലപാടുകൾക്കനുസൃതം മേൽവചനത്തെ വ്യാഖ്യാനിക്കാറുണ്ട്. ഇതിന്റെ തൊട്ടുമുമ്പുള്ള വചനാശയവുമായി ബന്ധിതമുള്ളതാണിത്. 30-ാം സൂക്തം കാണുക. "താങ്കൾ സത്യസന്ധമായി നിലകൊണ്ട് ഈ മതത്തെ സ്ഥാപിക്കുക. അല്ലാഹു ഏതൊരു പ്രകൃതിയിലാണോ മനുഷ്യരെ വിന്യസിച്ചിട്ടുള്ളത് ആ പ്രകൃതിക്കനുയോജ്യ മതമാണിത്. ഇതിനനുസൃതം ജീവിച്ചാൽ ദൈവപ്രകൃതിക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. ഇതാണ് ഋജുവായ മതം. പക്ഷേ മിക്കയാളുകളും ഈ യാഥാർത്ഥ്യം അറിയുന്നില്ല."
യഥാർത്ഥ മതം അല്ലാഹുവിന്റെ മതമായ ഇസ്ലാം മാത്രമാണ്. അത് മനുഷ്യന്റെയും പ്രകൃതിയുടെയും സൃഷ്ടിമഹത്വത്തിന്നനുസൃത മതാദർശമാണ്. അത് സ്ഥാപിക്കാനാണ് ദൈവദൂതനായ താങ്കളെ നിയമിച്ചിട്ടുള്ളത്. അതുമായി താങ്കൾ സത്യസന്ധമായി നിലകൊണ്ട് ത്യാഗോജ്വല ജീവിതം നയിക്കണം. ഇത് വക്രതയില്ലാത്ത ഋജുവായ യഥാർത്ഥ മതമാണെന്നു വിശ്വസിക്കുന്ന കാര്യത്തിൽ മനുഷ്യർ അധികപക്ഷവും വിമുഖരും അജ്ഞരുമാണെന്ന കാര്യം ഉണർത്തിയ ശേഷമാണ്. "നിങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിതരാവുക" എന്ന് കൽപ്പിക്കുന്നത്.
പ്രവാചക മാതൃക സ്വീകരിച്ച് മതപ്രബോധന ദൗത്യമേറ്റെടുത്തവർ അത് നിർവഹിക്കുന്നതിൽ സത്യസന്ധത പുലർത്തണം. തന്നെത്തന്നെ അല്ലാഹുവിന്റെ തൃപ്തിക്കായി സ്വയം സമർപ്പിക്കണം. അവന്റെ കൽപനകൾക്കനുസൃത ജീവിതം സസൂക്ഷ്മം പാലിക്കണം. തന്റെ ഓരോ കാൽവെപ്പിലും അല്ലാഹുവിനെ സൂക്ഷിക്കണം. ആരാധനാനുഷ്ഠാനങ്ങളിൽ യാതൊരു വീഴ്ചയും വരുത്താതെ വ്യവസ്ഥാപിതമായി ജീവിക്കണം. നിങ്ങളൊരിക്കലും ബഹുദൈവ വിശ്വാസികളുടെ വിശ്വാസമോ സംസ്കാരമോ ആചാരാനുഷ്ഠാനങ്ങളോ സ്വീകരിക്കരുത്. ദൈവപാശം മുറുകെപ്പിടിച്ച് ഒറ്റക്കെട്ടായി ഭിന്നതയില്ലാതെ ഏകമനസ്കരായി ഗമിക്കണം. സ്വാർത്ഥ താൽപര്യങ്ങൾക്കോ അധികാര മോഹങ്ങൾക്കോ ഭൗതിക താൽപര്യങ്ങൾക്കോ വശംവദരായിരിക്കരുത്. ഈ മതാദർശത്തെ ഛിന്നഭിന്നമാക്കരുത്. ഒരേ മതത്തിൽ നിലകൊള്ളുന്നുവെന്നവകാശപ്പെടുകയും അതേ മതത്തിന്റെ പേരിൽ വിവിധ ആദർശങ്ങൾ കൊണ്ടുവന്ന് ഭിന്നിച്ച് പല കക്ഷികളായി രൂപാന്തരപ്പെടുന്നത് ബഹുദൈവ വിശ്വാസത്തിലേക്കുള്ള സഞ്ചാരമാണെന്നാണിവിടെ വളച്ചുകെട്ടില്ലാതെ അല്ലാഹു ഉണർത്തുന്നത്. തങ്ങളുടെ വാദഗതികളാണ് ഏറ്റവും ശരിയെന്നു ഭിന്നിച്ച കക്ഷികളിലെ ഓരോ വിഭാഗവും അവകാശപ്പെടുന്നതു കാണാം. ആരും ആർക്കും തോറ്റു കൊടുക്കുകയില്ല. സത്യം ബോധ്യമായാലും സമ്മതിച്ചു കൊടുക്കുകയില്ല. താൻ ഒരിക്കൽ പിടിച്ച മുയലിനു നാല് കൊമ്പുകളുള്ളതിനാൽ മുയൽ വർഗ്ഗത്തിനെല്ലാം കൊമ്പുകൾ നാലുണ്ട് എന്നു സമർത്ഥിച്ചും വാദിച്ചും ഒച്ചവെച്ചുകൊണ്ടവൻ അവന്റെ വഴിയെത്തന്നെ സഞ്ചരിക്കും. അവർ മുശ്രിക്കുകളെപ്പോലെയാണ്.
സംഘടനാ 'മത്ത്' തലയിൽ കയറിയവരെല്ലാം ഇന്ന് ഏതു മത/ സാമൂഹ്യ/ സാംസ്കാരിക/ രാഷ്ട്രീയ സംഘടനകളിലായാലും ഈ ബഹുദൈവത്വ ശാപത്തിലകപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ അധികാരാവകാശങ്ങളും സ്വാർത്ഥ താൽപര്യങ്ങളും കാത്തുസൂക്ഷിക്കാൻ വ്യഗ്രതരാണവർ. അതിന്റെ മുമ്പിൽ മതാദർശമോ സംഘടനാ താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ദൗത്യമോ ഒന്നും അവർക്കു പ്രശ്നമല്ല. തങ്ങളിരിക്കുന്ന അധികാരപീഠത്തിനോ ആനുകൂല്യങ്ങൾക്കോ യാതൊരു പോറലുമേൽക്കാൻ അത്തരക്കാർ സമ്മതിക്കില്ല. ഐക്യത്തിനും സ്നേഹത്തിനും കാരുണ്യത്തിനും വിട്ടുവീഴ്ചക്കും അവർ തയ്യാറല്ല. ക്ഷമിക്കാനോ സഹിഷ്ണുതക്കോ കാത്തിരിപ്പിനോ അവർ സന്നദ്ധരല്ല. ഇക്കാര്യങ്ങളൊന്നും നീട്ടിപ്പറയേണ്ടതില്ല. എന്താണിതിനു കാരണമെന്നതാണിവിടെ അല്ലാഹു നമ്മെ തെര്യപ്പെടുത്തുന്നത്. പിശാചൊരിക്കലും നേർക്കുനേരെ മുസ്ലിംകളാൽ ആരാധിക്കപ്പെട്ടേക്കുകയില്ല. എന്നാലവൻ നമ്മെ തമ്മിൽ തല്ലിച്ച് തകർത്തു കളയുമെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
യഥാർത്ഥ മതം ഇസ്ലാം മാത്രമാണ്. അത് അല്ലാഹു മനുഷ്യർക്കു സംവിധാനിച്ച് സമർപ്പിച്ച മതമാണ്. ആ മതമനുഷ്ഠിച്ചുള്ള ജീവിതമാണ് മനുഷ്യരിൽ നിന്ന് അല്ലാഹു ആവശ്യപ്പെടുന്നത്. അത് അല്ലാഹുവിന് മാത്രമുള്ള അർപ്പണമായിരിക്കണം. ഇതു തന്നെയാണ് യഥാർത്ഥ തൗഹീദി ജീവിതമെന്നത്. ഇതനുസരിച്ച് അല്ലാഹു അല്ലാത്ത ആരോടും പ്രാർത്ഥിക്കാനോ അഭയപ്പെടാനോ രക്ഷാകർതൃത്വം സമർപ്പിക്കാനോ പാടില്ല. അതിൽ ഭിന്നചേരികൾ ഉണ്ടാക്കരുത്. ഉണ്ടാകുകയുമരുത്. അതു മുറുകെപ്പിടിച്ച് ഭിന്നിക്കാതിരിക്കണം. പ്രപഞ്ചസ്രഷ്ടാവും സംരക്ഷകനും സർവ്വാധിപനുമായ അല്ലാഹുവിന്റെ ഏക ദീനിനെ പലതാക്കി, ചേരിയാക്കി, ഭിന്നിപ്പിച്ചാൽ ആ ഏകത്വത്തിൽ മറ്റുള്ളവരെ പങ്കുചേർക്കൽ തന്നെയാണ്. ബഹുദൈവാരാധകരിലേക്ക് നോക്കുക.
ഉദാഹരണം. ഹിന്ദുമതം. എന്താണ് യഥാർത്ഥത്തിൽ ഹിന്ദു മതം എന്ന് അവർക്കു തന്നെ നിർവചിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ കോടതി പോലും അങ്ങനെയൊരു മതമുണ്ടോ എന്നു പലവട്ടം ചോദിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ ദൈവാരാധനയോ ഏകരൂപത്തിലുള്ള അനുഷ്ഠാന സമ്പ്രദായങ്ങളോ കൃത്യതയാർന്ന മതചിട്ടകളോ ഒരൊറ്റ ശബ്ദമുള്ള ആദർശമോ അതിൽ നാം കാണുന്നില്ല. എത്രയെത്ര ജാതികൾ, വർഗ്ഗങ്ങൾ, ഉപജാതികൾ, ഉപവർഗ്ഗങ്ങൾ, വിചിത്രങ്ങളായ ആരാധനകൾ, യാതൊരു സാദൃശ്യവുമില്ലാത്ത ദേവാലയങ്ങൾ, മുപ്പത്തിമുക്കോടി ദൈവങ്ങൾ, ദേവീദേവ വിഗ്രഹങ്ങൾ, കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ മുള്ള്, മുരട്, മൂർഖൻ പാമ്പ് വരെയുള്ള ദൈവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത വ്യത്യസ്ത ആചാരങ്ങൾ എല്ലാം അതിലുണ്ട്. ഒരുപാട് വേദപുസ്തകങ്ങളുണ്ടായിട്ടും അതിനനുസൃതം ജീവിക്കുന്നവരെ നാം കാണുന്നില്ല. സിക്കുകാരും ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ലിംകളുമല്ലാത്ത ബാക്കിയുള്ള ഇന്ത്യയിലെ സർവ്വജാതി വിഭാഗങ്ങളും ഹിന്ദുക്കളെന്നു പലരും അവകാശം പറഞ്ഞുവരുന്നു. എന്നാൽ അവർക്കാർക്കും യഥാർത്ഥ ഹിന്ദുമതം എന്നൊന്നറിയില്ല താനും.
അത്തരം ബഹുദൈവ വിശ്വാസികൾക്ക് തങ്ങളുടെ മതത്തിൽ എത്ര ചേരിതിരിവുകളുണ്ടായാലും ഛിന്നഭിന്നമായാലും പ്രശ്നങ്ങളേതുമില്ല. കാരണം അതിലൊന്നും ദൈവഭയം അവർക്കില്ല. അതുകൊണ്ട് തന്നെയാണ് അല്ലാഹു മേൽപറഞ്ഞ വിധം വിശദമാക്കിയത്. ഒരൊറ്റ ദൈവം. ആ ദൈവം നിയോഗിച്ച ഒരേയൊരു ആദർശം കൊണ്ടുവന്ന നബിമാർ. വേദങ്ങളുടെയെല്ലാം വേദമായ ഖുർആൻ. ഒരൊറ്റ അഭിമുഖകേന്ദ്രമായ ഖിബ്ല. പഞ്ചസ്തംഭങ്ങളുള്ള സുപ്രധാനമായ അഞ്ച് ആരാധനകൾ മാത്രം. അടിസ്ഥാനപരമായ ആറ് വിശ്വാസ - ഈമാൻ - കാര്യങ്ങളിൽ അടിയുറപ്പിച്ച ആദർശം. മരണാനന്തരമുള്ള ശാശ്വതജീവിതം മാത്രം ലക്ഷ്യം. മനുഷ്യരെ എന്നുമെന്നും ഉൾക്കൊണ്ടു കൊണ്ടുള്ള മഹനീയമായ ഇസ്ലാമിക ശരീഅത്ത്. അളന്നു മുറിച്ച കൃത്യതയാർന്ന ഈ മതത്തെ ചേരിതിരിക്കാനോ ഭിന്നിപ്പിച്ച് തകർക്കാനോ ഏകനായ അല്ലാഹുവോ അവന്റെ റസൂലോ ഇസ്ലാമിക ശരീഅത്തോ ഒരിക്കലും നിമിത്തക്കാരല്ല. അവരാരും അത് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. പിന്നെ ആരാണീ 'ഇലാഹീ' മതത്തെ ചേരികളാക്കിയത്. ഭിന്നിപ്പിച്ച് ശക്തി നശിപ്പിച്ചത്?
അല്ലാഹുവിന്റെയും ഇസ്ലാമിന്റെയും മനുഷ്യ വംശത്തിന്റെയും കഠിനശത്രുവായ പിശാചു തന്നെയാണിതിനു പിന്നിൽ. ബഹുദൈവത്വത്തിന്റെ തനിസ്വരൂപമാണ് പിശാച്. ജിന്നു വർഗ്ഗത്തിലും മനുഷ്യ വർഗ്ഗത്തിലുമുള്ള പിശാചുക്കൾ ഈ സുന്ദരമതത്തെ ഭിന്നിപ്പിച്ചു. ജിന്നുകളെച്ചൊല്ലി ചേരിയാക്കി. സിഹ്ർ പറഞ്ഞ് ഊർജ്ജം ചോർത്തിയെടുത്തു. ഈമാനാകുന്ന കാറ്റു പോക്കി. അവന്നു വഴിപ്പെട്ട പണ്ഡിത, പുരോഹിത, മത നേതാക്കളായവർ ആ പിശാചുക്കളുടെ അടിമകളും അനുയായികളും അനുഗാമികളുമായിത്തീർന്നു. അങ്ങനെ അവർ ആയിത്തീരാൻ കാരണമായത് അചഞ്ചലമായ തൗഹീദിൽ നിന്നും ഈമാനിൽ നിന്നും അകന്നതാണ്. തർക്കകുതർക്കങ്ങൾക്കിടയിൽ അതുണ്ടെന്നവകാശപ്പെട്ടവർക്കും അതില്ലാതായത് അവർ അറിഞ്ഞില്ല. അവരറിയാതെ പിശാചവരെ അധികാരക്കെണിയിലും സ്വാർത്ഥതകളുടെ അഹന്തതയിലും ഭൗതിക താൽപര്യങ്ങളിലും പെടുത്തി വഞ്ചിച്ചു. അല്ലാഹുവിനെയും അവന്റെ മതത്തെയും അവഗണിച്ചവൻ പിശാചിന്റെ ബഹുദൈവത്വ വലയിലാണ് അകപ്പെടുക. യഥാർത്ഥ മതത്തെ പിശാചിന്റെ സഹായത്തോടെയാണ് ബഹുദൈവ വിശ്വാസികൾ ഛിന്നഭിന്നമാക്കിയതും പല കക്ഷികളായി തിരിഞ്ഞതും. അതിനാൽ അക്കൂട്ടരിൽ നിങ്ങൾ അകപ്പെടരുതെന്നു അല്ലാഹു താക്കീതു നൽകിയിരിക്കുകയാണീ സൂക്തങ്ങളിലൂടെ.
സമൂഹത്തെ ഭിന്നിപ്പിക്കൽ അധികാരം സ്ഥാപിക്കാനോ സംഘശക്തി തകർക്കാനോ ആയിരിക്കാമെന്നത് സുവിദിതമാണ്. സർവ്വാധികാരം നിലനിർത്താൻ ദൈവധിക്കാരിയായിരുന്ന ഫിർഔൻ ജനങ്ങളെ പല ചേരികളാക്കി ഭിന്നിപ്പിച്ചു നിർത്തിയത് സൂറ. അൽ ഖസ്വസിലെ നാലാം വചനത്തിൽ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. തൗഹീദും ഈമാനും നഷ്ടപ്പെട്ടാൽ യഥാർത്ഥ ദീനിൽ കടുത്ത ചേരിതിരിവും ഭിന്നിപ്പും ഉണ്ടാക്കുന്നത് ബഹുദൈവത്താദർശമായിരിക്കുമെന്ന് ഇവിടെയും അല്ലാഹു ഉണർത്തി. കടലിലും കരയിലും സംഭവിക്കുന്ന സർവ്വ ആപത്തുകളിൽ നിന്നും രക്ഷിക്കുന്നവനാണ് അല്ലാഹു. പ്രതിസന്ധികളിലും അല്ലാത്തപ്പോഴും അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ച് അഭയം തേടപ്പെടേണ്ടവനും അല്ലാഹു മാത്രമായിരിക്കണം. എന്നിട്ടും അവനോട് മറ്റുള്ളവരെ ആരാധനയിൽ പങ്കു ചേർത്താൽ അവരെ അല്ലാഹു തകർത്ത് നശിപ്പിക്കുമെന്ന് സൂറ. അൻആമിൽ 65-ാം വചനത്തിൽ പറയുന്നത് കാണുക.
قُلْ هُوَ الْقَادِرُ عَلَىٰ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ انظُرْ كَيْفَ نُصَرِّفُ الْآيَاتِ لَعَلَّهُمْ يَفْقَهُونَ ٦٥
"പറയൂ, നിങ്ങളുടെ ഉപരിലോകത്തു നിന്നോ താഴ്ഭാഗത്തു നിന്നോ നിങ്ങൾക്കു നേരെ ശിക്ഷ അയക്കാൻ കഴിവുറ്റവനാണ് അല്ലാഹു. നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയസംഘർഷത്തിലാക്കാനും ചിലർ ചിലരോട് അക്രമണം അഴിച്ച് വിട്ടു പീഡിതരാക്കാനും കഴിവുള്ളവനത്രെ അല്ലാഹു. നോക്കൂ. അവർക്കു കാര്യം ഗ്രഹിക്കാൻ നാം വിവിധ തെളിവുകൾ വിവരിക്കുന്നത് എങ്ങനെയെന്ന്?" അപ്പോൾ അല്ലാഹുവിനെ ഭയപ്പെടാതെ സ്വാർത്ഥതയാണ് ഈമാൻ നഷ്ടപ്പെട്ടവരെ അവരിലെ ചിലരെക്കൊണ്ട് തന്നെ തമ്മിൽ തല്ലിപ്പിച്ചുള്ള പ്രത്യേകതരം ശിക്ഷ അല്ലാഹു അവർക്കു നൽകുമെന്നു കൃത്യമായി അല്ലാഹു വ്യക്തമാക്കുകയാണിവിടെ. ഭിന്നിച്ചവരും ഭിന്നിപ്പിച്ചവരും ഒരുപോലെ മർദ്ദകരും പീഡിതരുമായിത്തീരുന്ന ശിക്ഷ. ഭിന്നിക്കുന്ന കക്ഷികൾ ആകെ അങ്കലാപ്പിലും ആശയക്കുഴപ്പത്തിലും അകപ്പെട്ടു തുല്യ ദുഃഖിതരായി പരിഭ്രാന്തരായിത്തീരുന്നതു നാം കാണുന്നില്ലേ? ജീവൽ ഉദാഹരണങ്ങൾ പറയാതെത്തന്നെ നമുക്കറിയാമല്ലോ!
യഥാർത്ഥത്തിൽ മുസ്ലിം സമൂഹത്തിന്റെ മനസ്സിന്റെ അടിത്തട്ടിൽ പ്രകൃതിദത്തമായ ഐക്യമാണുള്ളത്. പൊതുസമൂഹം ഒരിക്കലും ഭിന്നത കൊതിക്കുന്നവരല്ല. നേതാക്കളും പണ്ഡിതന്മാരും ചേരിതിരിഞ്ഞു തല്ലുന്നതിൽ അവർക്ക് യാതൊരു മതിപ്പുമില്ല. ഏതു സംഘടനകളായാലും ദൃഢവിശ്വാസവും സമുദായ സ്നേഹവും ജീവൽ പ്രധാന വിഷയങ്ങളിലെ കാരുണ്യസമീപനവും അവർ ഇഷ്ടപ്പെടുന്നു. അധികാരമോഹവും ആശാഭംഗവും സ്വാർത്ഥ താൽപര്യങ്ങളും ബാധിക്കുമ്പോഴാണ് പണത്തിനും സ്ഥാനമാനങ്ങൾക്കും അധികാരാവകാശങ്ങൾക്കും വേണ്ടി ഒരു പറ്റം ശബ്ദമുയർത്താറുള്ളത്. അവർ എത്ര വലിയ സംഘടനയായാലും എത്ര മഹനീയ ആദർശമായാലും അതിനെതിരിൽ പടപൊരുതും. സംഘബലം നഷ്ടപ്പെടുെമന്നവർ ഊഹിക്കുകപോലുമില്ല. അതവരുടെ ഇഛയുടെ മുമ്പിൽ ഒരു വിലയുമില്ലാത്തതായിരിക്കും. ഞാൻ/ ഞങ്ങൾ ഭിന്നിപ്പാണുയർത്തുന്നതെന്ന് പോലും അവർക്കപ്പോൾ തോന്നുകയേ ഇല്ല. അവരുടെ താൽപര്യങ്ങൾക്ക് മുമ്പിൽ അതെല്ലാം അവർ മറക്കും. നന്മയും തിന്മയും അവർ ഒരുപോലെ കാണും. സ്വർഗ്ഗവും നരകവും അവർ വിസ്മരിക്കും. അല്ലാഹുവും റസൂലും മതനിയമങ്ങളും അവരുടെ മനോമുകുരത്തിലുദിക്കുകയില്ല. തങ്ങളിലർപ്പിതമായ ദൗത്യം അല്ലാഹുവിലേക്കുള്ള ക്ഷണമാണെന്ന ദഅ്വത്താണെന്ന ചിന്ത അവരിൽ നിന്ന് നഷ്ടമായിരിക്കും. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്:
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ٣٣ وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ٣٤ وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ٣٥ وَإِمَّا يَنزَغَنَّكَ مِنَ الشَّيْطَانِ نَزْغٌ فَاسْتَعِذْ بِاللَّـهِ ۖ إِنَّهُ هُوَ السَّمِيعُ الْعَلِيمُ .
"അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽക്കർമ്മത്തിൽ നിരതരാവുകയും ഞാൻ എന്തായാലും മുസ്ലിംകളുടെ കൂട്ടത്തിൽ തന്നെയായിരിക്കുമെന്നു പറഞ്ഞവനേക്കാളും ഉത്തമനായി മറ്റാരുണ്ട്? നല്ലതും ചീത്തയും ഒരിക്കലും സമമല്ല! ഏറ്റവും നല്ലതുകൊണ്ട് തിന്മയെ പ്രതിരോധിക്കൂ. അപ്പോൾ ഏതൊരുവനുമായി നിനക്കു ശത്രുതയുണ്ടോ അവൻ നിന്റെ ഉറ്റമിത്രമായിത്തീരുന്നതു കാ ണാം. ആ അനുഗ്രഹം കിട്ടാൻ അസാമാന്യമായി ക്ഷമിക്കേണ്ടി വരും. വമ്പൻ ഭാഗ്യവാനു മാത്രമേ ആ അനുഗ്രഹം ലഭിക്കുകയുള്ളൂ. എന്നിട്ടും പിശാചിന്റെ വല്ല ദുഷ്പ്രേരണയും നിന്നെ ബാധിച്ചാൽ അല്ലാഹുവിൽ നീ ശരണം തേടുകയാണു വേണ്ടത്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു." (വി.ഖുർആൻ ഫുസ്വിലത്ത് 41: 33 - 36).
എത്രമാത്രം സൗമ്യമായ അല്ലാഹുവിന്റെ ഈ ഉപദേശം ഈമാനും തൗഹീദും അരക്കിട്ടുറപ്പിക്കുന്നു. ആ അനുഗ്രഹം ലഭിച്ചവർ ഒരിക്കലും ചേരിത്തിരിവിനും ഭിന്നതക്കും കൂട്ടുനിൽക്കില്ല തന്നെ. വീക്ഷണ വൈജാത്യങ്ങൾ മനുഷ്യസഹജമാണ്. അതൊരിക്കലും കടുത്ത ഭിന്നിപ്പിലേക്കും കക്ഷിത്വത്തിലേക്കും ചേരിതിരിവിലേക്കും തദ്വാരാ കഠിനമായ അനൈക്യത്തിലേക്കും പോകുന്നതിനു നിമിത്തമാകരുത്. കൂട്ടായ്മയിലാണ് അനുഗ്രഹവും നന്മയുമുള്ളത്. ഭിന്നിപ്പിക്കാനും ആവേശപൂർവ്വം ഭിന്നിപ്പാഘോഷിക്കാനും എപ്പോഴും ഒരു കൂട്ടർ രംഗത്തുണ്ടാകും. അവർ പാർട്ടി/ സംഘടനാ സ്പിരിറ്റുള്ള ഒരു തരം ലഹരിയിലായിരിക്കും. പൊതുസമൂഹത്തിനു ആ അനൈക്യങ്ങളിൽ താൽപര്യങ്ങൾ ഉണ്ടാകാറില്ല. അതുണ്ടാക്കിയെടുക്കാനാണ് പലരും അശ്രാന്ത പരിശ്രമം ചെയ്യാറ്. അല്ലാഹുവിന്റെ വചനങ്ങളിലെ പരം പൊരുളുകളുൾക്കൊണ്ട് ഐക്യത്തോടെ ജീവിക്കാൻ മുസ്ലിംകൾക്കു ബാധ്യതയുണ്ട്. അല്ലാഹുവിന്റെ മുമ്പിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ മറ്റാരും രക്ഷക്കുണ്ടാകില്ല. അതിനാൽ നാം ഐക്യപ്പെടുക. ശക്തരാവുക. അധർമ്മത്തിന്നെതിരിൽ കർമ്മനിരതരാവുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
Back to INDEX
005 അല്ലാഹുവിന്റെ സാക്ഷാൽ ഔലിയാക്കൾ - ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ - (വിവ: അബൂനുബ്ലാ)
വിശ്വാസികളിൽ ചിലർക്ക് എന്തെങ്കിലുമൊരു അസാധാരണ സംഭവം കണ്ടാൽ അവരുടെ കഥ പറയാനില്ല. പൈശാചിക പിത്തലാട്ടക്കാരുടെ തന്ത്രകുതന്ത്രങ്ങളിൽ അവർ പെട്ടെന്നു വീണുപോകും. ബുദ്ധിജീവികളെന്നവകാശപ്പെടുന്നവർ പോലും ഒരത്ഭുതക്കാഴ്ചയിൽ സ്തബ്ധരാകുന്നതു കാണാം. പിന്നെയുണ്ടോ സാധാരണക്കാർ! പിശാച് എപ്പോഴും മനുഷ്യരെ വഴികെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമല്ലോ. നേർക്കുനേരെ പിശാചിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, ഏതെങ്കിലും അവിശ്വാസ കാര്യമോ തെമ്മാടിത്തരമോ അനാചാരമോ മതനിയമ ലംഘനമോ ആയിരിക്കും ശൈത്താൻ കൊണ്ടുവരുന്നത്. പിശാച് അവന്റെ സർവ്വ തന്ത്രങ്ങളും പയറ്റും. ദുർബോധനത്തിലൂടെ മനുഷ്യനെ അവിശ്വാസത്തിൽ ചാടിക്കും. അല്ലെങ്കിൽ ഏതെങ്കിലും തെമ്മാടികളോ ദുഷ്ടന്മാരോ ആയിട്ടുള്ളവരെ കൂട്ടുകൂടിപ്പിച്ച് പിഴപ്പിക്കും. അല്ലെങ്കിൽ മതത്തിൽ നിന്ന് അകറ്റാനിട വരുത്തുന്ന കർമ്മത്തിലേർപ്പെടുവിപ്പിക്കും. അല്ലെങ്കിൽ ഏതെങ്കിലും ബിദ്അത്തുകളിൽ തളച്ചിടിയിപ്പിക്കും. ചുരുക്കത്തിൽ ദൈവദൂതന്റെ ഉൽബോധനത്തിനു വിരുദ്ധമായി പ്രവർത്തിപ്പിക്കും.അതുകൊണ്ടാണ് പല മഹാന്മാരും നമ്മളെ ഇപ്രകാരം ഉപദേശിച്ചത്. "ഒരാൾ ആകാശത്തിലൂടെ സഞ്ചരിക്കുന്നതായി കണ്ടതിനാലോ വെള്ളത്തിനു മുകളിലൂടെ നടക്കുന്നതായി കണ്ടാലോ ഒരിക്കലും വഞ്ചിതരായി പോകേണ്ടതില്ല. മതനിയമങ്ങൾ കൃത്യമായി പാലിക്കുന്ന വ്യക്തിയാണോ അയാൾ എന്നാണ് ശ്രദ്ധിക്കേണ്ടത്. എത്രയോ മനുഷ്യരും ജന്തുക്കളും വായുവിലൂടെ പറക്കാറുണ്ട്. വെള്ളത്തിനു മുകളിലൂടെ നടക്കാറുണ്ട്. തീയിനു മുകളിലൂടെ നഗ്നപാദരായി സഞ്ചരിക്കാറുണ്ട്. അതിനു പിന്നിലെല്ലാം പിശാചാണ് പ്രവർത്തിക്കുന്നത്. അതൊന്നും ഔലിയാക്കന്മാരുടെ കറാമത്തുകളൊന്നുമല്ല. മുത്വഖീങ്ങളുടെ സദാചാര കർമ്മങ്ങളുമല്ല. ഔലിയാക്കന്മാർക്ക് അതിന്റെയൊന്നും ആവശ്യങ്ങളുമില്ല."
ഏതെങ്കിലുമൊരു പിശാച് ഒരാളെ ഹജ്ജ് കാലത്ത് അറഫയിൽ ജനങ്ങളോടൊപ്പം നിൽക്കാൻ തയ്യാറാക്കി. പിന്നെ അയാൾ വളരെ തന്ത്രപരമായി മദീനത്ത് അന്നു രാത്രിയിൽ തന്നെ എത്തിച്ചേർന്നുവെന്നിരിക്കട്ടെ. അമ്പരന്ന ഒരു വിഡ്ഢിയായ മനുഷ്യൻ അയാളെ വലിയ്യാണെന്നു ധരിക്കുന്നു. ശൈഖെന്ന് പറയുന്ന ആ മനുഷ്യനെ വഞ്ചിക്കുന്ന ഈ പണിയിൽ പശ്ചാത്തപിക്കുന്നില്ല. അയാൾ ചെയ്തത് പൈശാചികത്തമാണെന്ന് മനസ്സിലാക്കുന്നതിനു പകരം ദൈവസാമീപ്യം നേടി എന്നു സ്വയം സങ്കൽപ്പിക്കുന്നു. യഥാർത്ഥത്തിൽ അയാൾ പശ്ചാത്തപിച്ചു മടങ്ങാത്തപക്ഷം ഉത്തരവാദപ്പെട്ടവർ അവനെ പിടിച്ചു ശിക്ഷിക്കുകയാണ് വേണ്ടത്. കാരണം, ഹജ്ജ് കർമ്മം അല്ലാഹുവും റസൂലും കൽപിച്ച ആരാധനാകർമ്മമാണ്. ആ ഹജ്ജിൽ പ്രവേശിക്കാൻ 'ഇഹ്റാം' ചെയ്യണമെന്നു കൽപിച്ചിട്ടുണ്ട്. അറഫയിൽ ദുൽഹിജ്ജ ഒമ്പതിനു നിൽക്കേണ്ടതുണ്ട്. പിറ്റേദിവസം കഅ്ബയിലെത്തി ത്വവാഫുൽ ഇഫാള്വ ചെയ്യേണ്ടതുണ്ട്. ഈ സുപ്രധാന ഹജ്ജിലെ ഘടകങ്ങൾ (റുക്നുകൾ) ചെയ്യാതെ ഹജ്ജില്ല തന്നെ. മാത്രമല്ല അറഫാദിനത്തിലെ രാത്രിയിൽ മുസ്ദലിഫയിൽ രാപ്പാർക്കേണ്ടതും ജംറകളിൽ ബാക്കിദിവസങ്ങളിൽ കല്ലേറുകൾ നടത്തേണ്ടതും അവസാനം മക്ക വിടുമ്പോൾ ത്വവാഫുൽ വിദാഅ് ചെയ്യേണ്ടതുമുണ്ട്. ഹറാമുകളൊന്നും ചെയ്യാതെ ഇവകളെല്ലാം ചെയ്തുതീർത്തിട്ടേ മദീനയിലേക്കു വേണമെങ്കിൽ പോകേണ്ടതുള്ളൂ. ഇങ്ങനെ മനുഷ്യരെ വഞ്ചിക്കുന്ന പിശാചിനാൽ വഴികെടുത്തപ്പെട്ടവരാണ് മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യിപ്പിക്കാറുള്ളത്. ഹജ്ജിന്റെ വസ്ത്രവും അണിഞ്ഞ് അറഫയിൽ നിന്ന വ്യക്തി അന്നു തന്നെ മദീനയിൽ എത്തിയതിനു പിന്നിൽ പിശാചിന്റെ തന്ത്രപരമായ നിർണ്ണായക പങ്കുണ്ടായിരിക്കും. അതു തിരിച്ചറിയാൻ അന്ധവിശ്വാസിക്ക് കഴിഞ്ഞിരിക്കില്ല. എന്റെ ശൈഖ് ഈ പകൽ അറഫയിലുണ്ടായിരുന്നു. അന്നു രാത്രി തന്നെ മദീനയിലെത്തിയത് കറാമത്തു തന്നെ എന്നയാൾ വിശ്വസിക്കുന്നു. ആ ശൈഖ് ചിലപ്പോൾ ഞാൻ അക്കൊല്ലം അറഫയിൽ പോയിട്ടു തന്നെയില്ല എന്നു പറഞ്ഞാലും ഈ അന്ധവിശ്വാസി പറയും: "എങ്കിൽ താങ്കളുടെ രൂപത്തിൽ ഒരു മലക്ക് വന്നു നിന്നതാണ്" എന്ന്. ഇത് പിശാചിന്റെ വഴിപിഴപ്പിക്കലിന്റെ ഭാഗമാണ്. മറ്റാരെയെങ്കിലും ഇപ്പറയപ്പെട്ട ശൈഖിന്റെ രൂപമാണെന്ന് അന്ധവിശ്വാസിയുടെ മനസ്സിൽ തോന്നിപ്പിച്ചതായിരിക്കും. ശൈത്താൻ ഈ രീതിയിലെല്ലാം പറ്റിക്കുന്ന അനേകം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അല്ലാഹു പറഞ്ഞിട്ടുണ്ട്: "കാരുണ്യവാനായ അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അകന്നവന് നാമൊരു പിശാചിനെ ഉറ്റചങ്ങാതിയാക്കി വെച്ചു കൊടുക്കുന്നതാണ്." (വി.ഖു. സുഖ്റുഫ് 36). വിശുദ്ധ ഖുർആൻ തന്നെ ദൈവസ്മരണയുണ്ടാക്കാൻ അല്ലാഹു റസൂലിനു അവതരിപ്പിച്ചു കൊടുത്തതാണ്. "നാമാണ് ഈ ദിക്ർ (അഥവാ ഉൽബോധന സ്മരണിക) - അവതരിപ്പിച്ചത്. നാം തന്നെ അതു കാത്തുസൂക്ഷിക്കും." (വി.ഖു. ഹിജ്ർ 9). "നമ്മിൽ നിന്ന് സന്മാർഗ്ഗദർശനം ലഭിച്ചാൽ ആ സന്മാർഗ്ഗത്തെ ആർ പിന്തുടർന്നാലും ഒരിക്കലും പിഴച്ചുപോകില്ല. എന്നാൽ ദൈവസ്മരണയിൽ നിന്ന് അകന്നവന്ന് ജീവിതം തന്നെ കുടുസ്സാക്കും. അന്ത്യനാളിൽ അന്ധനായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടും. ഞാൻ ഇഹലോകത്ത് കാഴ്ചയുള്ളവനായിരുന്നു. നീ എന്താണെന്നെ ഇപ്പോൾ അന്ധനാക്കി ഉയിർത്തെഴുന്നേൽപ്പിച്ചിരിക്കുന്നുവെന്നു ചോദിക്കും. അതേ, എന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നു കിട്ടിയപ്പോൾ എന്നെ മറന്നു ജീവിച്ചതല്ലേ. ഇപ്പോൾ നാം നിന്നെയും വിസ്മരിച്ചിരിക്കുകയാണ് എന്ന് അല്ലാഹു പറയും." (വി.ഖു. ത്വാഹാ 123 - 126).
അല്ലാഹുവിലുള്ള ദൃഢവിശ്വാസവും അതനുസരിച്ച കർമ്മങ്ങളും ഉപേക്ഷിച്ചപ്പോൾ അല്ലാഹു അവനെ വിസ്മൃതിയിലാക്കും. ആ വിശുദ്ധ ഗ്രന്ഥത്തിന്റെ അക്ഷരങ്ങളിലല്ല, അതിലെ ആശയത്തിലാണ് ദൈവസ്മരണ നിലകൊള്ളുന്നത്. മഹാനായ ഇബ്നു അബ്ബാസ് പറഞ്ഞു: "വിശുദ്ധ ഖുർആൻ യഥാവിധി പാരായണം ചെയ്യുകയും അതിന്നനുസൃതം കർമ്മം ചെയ്യുകയുമായാൽ ഇഹലോകത്തൊരിക്കലും വ്യതിചലിച്ചു പോകില്ല. പരലോകത്തിൽ ദൗർഭാഗ്യപ്പെടുകയുമില്ല. എന്നിട്ടദ്ദേഹം മേൽപറഞ്ഞ സൂറ. ത്വാഹയിലെ വചനങ്ങൾ (123-126) പാരായണം ചെയ്യുകയുണ്ടായി." അപ്പോൾ ഏതൊരാൾ റസൂലിലൂടെ ലഭിച്ച വിശുദ്ധ ഖുർആൻ പിന്തുടരുകയും പ്രവാചകചര്യ അനുധാവനം ചെയ്യുകയുമായാൽ അല്ലാഹു അയാൾക്ക് വിജയം നൽകും. ആ വിശുദ്ധഗ്രന്ഥത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുകയും സന്മാർഗ്ഗ പാത സ്വീകരിക്കുകയും ചെയ്താൽ മാത്രമേ രക്ഷപ്പെടുകയുള്ളൂ. അതിൽ നിന്ന് തിരിഞ്ഞുപോയാൽ പിഴക്കുകയും പിശാചിന്റെ വഴികെട്ട മാർഗത്തിലാവുകയും തദ്വാരാ ജീവിതം പരാജയപ്പെടുകയും ചെയ്യുന്നതാണ്.
അല്ലാഹുവിന്റെ കാരുണ്യാവസ്ഥയും ഔലിയാക്കളായ യഥാർത്ഥ മുത്തഖീകളുടെ മഹത്വവും വിശ്വാസത്തിന്റെ പാത തന്നെയാണ്. യഥാർത്ഥ ഔലിയാക്കളുടെ സ്ഥിതി എന്താണ്. അല്ലാഹു പറയുന്നു. "അറിയുവീൻ. അല്ലാഹുവിനെ യഥാവിധി സൂക്ഷിച്ചു ജീവിക്കുന്നവരായ വിശ്വാസികളാണ് അല്ലാഹുവിന്റെ യഥാർത്ഥ ഔലിയാക്കൾ. അവർക്ക് ഒരിക്കലും ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല." (വി.ഖു. യൂനുസ് 62). ഒരു വിശ്വാസിയായ ദൈവദാസന്റെ ഇഹപര വിഷയങ്ങളിലെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. ഒരു വിശ്വാസിക്ക് ഇഹലോക ജീവിതത്തിലും മതവിഷയത്തിലും പലവിധ ആവശ്യങ്ങളും ഉണ്ടായിരിക്കും. പ്രവാചകൻ(സ)ക്ക് ചില അമാനുഷിക ദൃഷ്ടാന്തങ്ങൾ ആവശ്യമായി വന്നിരുന്നുവല്ലോ. മതത്തിൽ വ്യക്തമായ ഒരൗന്നിത്യ രൂപവും മുസ്ലിംകൾക്ക് പൊതു ആവശ്യങ്ങളും ഉണ്ടായിരിക്കും. ഭക്ഷണ പാനീയങ്ങളിലെല്ലാം ദൈവാനുഗ്രഹവും ആവശ്യമാണ്. പ്രവാചകൻ മുഖേന വിശ്വാസികൾക്കതു ലഭിച്ചിട്ടുണ്ട്. ദാഹാർത്തരായി രക്ഷയില്ലാതായ സമയത്ത് പ്രവാചകന്റെ വിരലുകൾക്കിടയിലൂടെ വെള്ളമൊഴുകിക്കിട്ടിയ സന്ദർഭമുണ്ടായിട്ടുണ്ട്. വരൾച്ച നേരിട്ടപ്പോൾ മഴക്കു വേണ്ടി പ്രവാചകൻ പ്രാർത്ഥിച്ചപ്പോൾ മഴ കിട്ടിയിട്ടുണ്ട്. അവിശ്വാസികളുടെ മേൽ ആധിപത്യം കിട്ടിയതും പ്രവാചകന്റെ പ്രാർത്ഥന കൊണ്ട് രോഗശാന്തി ലഭിച്ചതും ചില പ്രവചനങ്ങൾ സത്യമായി പുലർന്നതും സ്ഥലത്തില്ലാതിരുന്നവരെക്കുറിച്ചുള്ള രഹസ്യ അറിവുകൾ ലഭിച്ചതും കഴിഞ്ഞകാല അമ്പിയാക്കന്മാരെക്കുറിച്ചുള്ള വാർത്തകളുമൊക്കെ പ്രവാചകനു സത്യസന്ധമായി വഹ്യിലൂടെ ലഭിച്ചിരുന്നു. ഇതെല്ലാം വിശ്വാസികൾക്കു ലഭിച്ച വലിയ അനുഗ്രഹങ്ങളാണ്. പ്രവാചകന്റെ മുഅ്ജിസത്തുകളുമായിരുന്നു.
എന്നാൽ പിശാചുക്കളുടെ ഭാഗത്തുനിന്നുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കുക. അത് അവർക്ക് ലഭ്യമായത് ജോത്സ്യന്മാർ മുഖേന കിട്ടുന്ന അറിവിലൂടെയാണ്. അതു ചിലപ്പോൾ യാദൃശ്ചികം ശരിയായി വന്നേക്കാം. പലപ്പോഴും അസത്യവും തിരസ്കരിക്കപ്പെടേണ്ടതുമാകും. അവരുടെ കർമ്മങ്ങൾ അഖിലവും നിയമവിധേയമായതുമായിരിക്കില്ല. അല്ലാഹു പറഞ്ഞു. "പിശാച് ആരിലൊക്കെയാണ് സ്വാധീനിച്ചു വരുന്നതെന്നറിയാമോ? സർവ്വകുറ്റവാളികളും വ്യാജവാദികളുമായവരിലായിരിക്കും." (വി.ഖു. ശുഅറാഅ് 221, 222). നോക്കൂ. ചില ഔലിയാ വാദക്കാർ വൃത്തിഹീനരും മുഷിഞ്ഞ വസ്ത്രധാരികളും മലിനതയിൽ മുങ്ങിയവരായി നടക്കുന്നതും കാണാം. പിശാചിനാണ് ആ വേഷവും സ്വഭാവവും വളരെ ഇഷ്ടപ്പെടുക. തെമ്മാടിത്തം ചെയ്യിപ്പിക്കലും അവന്റെ പണിയാണ്. ജനങ്ങളുടെ സ്വത്തിലും ആൾനാശം വരുത്തലും അക്രമങ്ങൾ അഴിച്ചു വിടുവിക്കുന്നതുമെല്ലാം പിശാചിന്റെ ഭാഗത്തുനിന്നുള്ള പ്രവൃത്തികളാണ്. അല്ലാഹു പറഞ്ഞു: "നബീ, പറയുക. എന്റെ നാഥൻ സർവ്വ നീചത്തരങ്ങളും അവ പ്രത്യക്ഷമായതാകട്ടെ പരോക്ഷമായതാകട്ടെ എല്ലാ പാപകർമ്മങ്ങളും അന്യായമായ എല്ലാ അതിക്രമങ്ങളും യാതൊരു പ്രമാണ ബദ്ധതയുമില്ലാതെ അല്ലാഹുവിൽ പങ്കുചേർക്കലും അല്ലാഹുവിന്റെ പേരിൽ ഒരറിവുമില്ലാതെ കള്ളം പറയലും നിഷിദ്ധമാക്കിയിരിക്കുന്നു." (വി.ഖു. അൽ അഅ്റാഫ് 33)
ചുരുക്കത്തിൽ അല്ലാഹുവിന്റെ ഔലിയാക്കൾ അല്ലാഹു കൽപിച്ച കാര്യങ്ങൾ സംതൃപ്തിയോടെ പ്രവർത്തിക്കുന്നവരായിരിക്കും. സർവ്വതിന്മകളും നിഷിദ്ധങ്ങളും വെടിഞ്ഞ് അല്ലാഹുവിൽ എല്ലാം അർപ്പിച്ചവരായിരിക്കും അവന്റെ പരീക്ഷണങ്ങളിൽ ദൃഢചിത്തതയോടെ നിലനിൽക്കുന്നവരുമായിരിക്കും. അല്ലാതെ അത്ഭുതങ്ങൾ കാട്ടിനടക്കുന്ന മാന്ത്രികവിദ്യക്കാരോ ദിവ്യത്വം ചമഞ്ഞ് ആളുകളെ കബളിപ്പിക്കുന്നവരോ ആയിരിക്കില്ല. ഞങ്ങൾ അല്ലാഹുവുമായി ഏറ്റവും അടുത്ത ഔലിയയാണെന്നവകാശപ്പെടുകയോ ഞങ്ങളെ നിങ്ങൾ ഔലിയാ പട്ടമണിയിച്ച് കൊണ്ടു നടക്കണമെന്നോ അത്ഭുതങ്ങൾ കാണിക്കാൻ നിങ്ങൾ ആവശ്യപ്പെട്ടോളൂ, ഞങ്ങൾ അതെല്ലാം നിങ്ങൾക്ക് നേടിത്തരാമെന്നവകാശപ്പെടുന്നവരോ ആയിരിക്കില്ല. വിനയാന്വിതരായി ഭക്തജീവിതം നയിച്ച് മനുഷ്യർക്കും ജീവജാലങ്ങൾക്കും നന്മ ചെയ്ത് സ്വർഗത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവരായിരിക്കുമവർ. അവരാണ് അല്ലാഹുവിന്റെ സാക്ഷാൽ ഔലിയാഅ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശാലമായി മറ്റൊരിടത്തു വിശദമായി പരാമർശിക്കുന്നതാണ്. ഇൻശാഅല്ലാഹ്.
Back to INDEX
006 ചെവിക്കൊള്ളാത്തൊരുപദേശമോ? നിദാഉർറഹ്മാൻ വി.ടി
തിരുമൊഴിപ്പൊരുൾعَنْ أَبِي هُرَيْرَةَ (رضي) قَالَ, قَالَ النَّبِي (ﷺ) اِذَا كَانَ يَوْمُ الْجُمُعَةِ وَقَفَتِ الْمَلاَئِكَةُ عَلَى باَبِ الْمَسْجِدِ يَكْتُبُونَ الْأَوَّلَ فَالأَوَّلَ وَمَثَلُ الْمُهَجَّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً ثُمَّ كَأَلَّذِي يُهْدِي بَقَرَةً ثُمَّ كَبْشًا ثُمَّ دَجَاجَةً ثُمَّ بَيْضَةً فَإِذَا خَرَجَ الْإِمَامُ طَوَوْا صُحْفَهُمْ وَيَسْتَمِعُونَ الذِّكْرَ.
(البخاري, المسلم, الأحمد, الترمذي, أبوداود. النسائي, ابن ماجه, الدارمي الموطأ)
"അബൂഹുറൈറ(റ) പറഞ്ഞു: നബി(സ) പറഞ്ഞു. വെള്ളിയാഴ്ച ആയിക്കഴിഞ്ഞാൽ പള്ളിയുടെ വാതിൽക്കൽ മലക്കുകൾ നിൽക്കും. ആദ്യമാദ്യം വന്നുകൊണ്ടിരിക്കുന്നവരുടെ പേരുകൾ അവർ രേഖപ്പെടുത്തും. ഏറ്റവുമാദ്യമെത്തിയവന് ഒട്ടകത്തെ ബലി നൽകിയ പ്രതിഫലം, പിന്നെ വരുന്നവന് പശുവിനെ ബലിയർപ്പിച്ച പ്രതിഫലം, പിന്നീടുള്ളവനു ആടിന്റെ, പിന്നെ കോഴിയെ, പിന്നെ കോഴിമുട്ടയുടെ ദാനപ്രതിഫലം എന്ന തോതിൽ രേഖപ്പെടുത്തി കൊണ്ടിരിക്കും. അങ്ങനെ ഖത്തീബ് (മിമ്പറിൽ) ഹാജറാായാൽ മലക്കുകൾ തങ്ങളുടെ രജിസ്റ്റർ പൂട്ടിവെക്കുകയും പ്രസംഗം കേൾക്കാനിരിക്കുകയും ചെയ്യുന്നതാണ്." (ബുഖാരി/ മുസ്ലിം/ തിർമുദി/ അബൂദാവൂദ്/ നസാഈ/ ഇബ്നുമാജ/ അഹ്മദ്/ ദാരിമി/ മുവത്വ).
അല്ലാഹു മനുഷ്യരുടെ സർവ്വചലനങ്ങളും കർമ്മങ്ങളും കാണുകയും കേൾക്കുകയും നിരീക്ഷിക്കുകയും അവ കണിശമായി രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നത് വിശുദ്ധ ഖുർആൻ അനേകപ്രാവശ്യം ഖണ്ഡിതമായി പ്രഖ്യാപിച്ച കാര്യമാണ്. നിങ്ങൾ സിസിടിവിയുടെ നിരീക്ഷണത്തിലാണെന്ന എഴുത്ത് നാം കാണുന്നിടത്തും റെഡാർ നിരീക്ഷണത്തിലാണ് ഹൈവേ എന്നറിയുമ്പോഴും നിയമലംഘകർക്കു കിടിലമുണ്ടാകാറുണ്ട്. പിടിക്കപ്പെടുമല്ലോ എന്ന ഭയം. അല്ലാഹു പറയുന്നു:
إِنَّ رَبَّكَ لَبِالْمِرْصَادِ
"നിന്റെ രക്ഷകനായ അല്ലാഹു പതിയിരിക്കുന്ന ഒരു സ്ഥാനത്തു തന്നെയുണ്ട്." (സൂറ. 89: 14). സസൂക്ഷ്മമായി നിരീക്ഷിക്കുന്ന റെഡാറിനു അറബിയിൽ 'മിർസ്വാദ്' എന്നാണ് പറയുക. അല്ലാഹുവിനെക്കുറിച്ച് മനുഷ്യനു ഒരു ഗൗരവമില്ലായ്മയുണ്ടെന്ന് അല്ലാഹു തന്നെ പറയുന്നു:
مَّا لَكُمْ لَا تَرْجُونَ لِلَّـهِ وَقَارًا"
"നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങൾ കൽപിക്കുന്നില്ലല്ലോ?" (വി.ഖു. സൂറ. 71: 13).
وَإِنَّ عَلَيْكُمْ لَحَافِظِينَ ﴿١٠﴾ كِرَامًا كَاتِبِينَ ﴿١١﴾ يَعْلَمُونَ مَا تَفْعَلُونَ ﴿١٢﴾
"അല്ല. നിങ്ങൾ പ്രതിഫലനാളിലെ നടപടികളെ നിഷേധിച്ചു തള്ളുകയാണോ? തീർച്ചയായും. നിങ്ങളുടെ ഉപരിയിൽ ചില നിരീക്ഷകന്മാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മാന്യന്മാരായ റിക്കാർഡന്മാരാണവർ. നിങ്ങളുടെ പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നവരും അറിയുന്നവരും തന്നെയാണവർ." (വി.ഖു. 82: 10-12)
മനുഷ്യർ അല്ലാഹുവിന്റെ 'കണ്ണുവെട്ടിക്കാൻ' ശ്രമിക്കാമെന്ന പോലെയാണ് പെരുമാറുന്നത്. ആരും അറിയുവാനോ കേൾക്കുവാനോ ഇല്ലായെന്ന മിഥ്യാധാരണയിൽ കഴിഞ്ഞുകൂടാൻ ശ്രമിക്കുകയാണ് അധികവും. അല്ലാഹു പറയുന്നു: "ജനങ്ങൾക്ക് കഷ്ടത ബാധിച്ച ശേഷം നാമവർക്കു കാരുണ്യം അനുഭവിപ്പിച്ചാൽ അവരതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ കുതന്ത്രം പ്രയോഗിക്കുകയായി. പറയൂ. അല്ലാഹു വളരെ വേഗതയിൽ തന്ത്രം പ്രയോഗിക്കാൻ കഴിയുന്നവനാണ്. നിങ്ങളുടെ എല്ലാ കുതന്ത്രങ്ങളും നമ്മുടെ ദൂതന്മാരായ മാലാഖമാർ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ട്." (വി.ഖു. 10: 21).
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴿٨٠﴾
"അല്ല, അവരുടെ രഹസ്യവും ഗൂഢാലോചനകളും നാം കേൾക്കുന്നില്ലെന്നാണോ അവരുടെ വിചാരം! അതെ, നമ്മുടെ ദൂതന്മാരായ മലക്കുകൾ അതെല്ലാം ഉല്ലേഖം ചെയ്യുന്നുണ്ട്." (വി.ഖു. 43: 80). ചുരുക്കത്തിൽ അല്ലാഹു മനുഷ്യരുടെ കർമ്മങ്ങൾ മാത്രമല്ല വാക്കുകൾ പോലും മലക്കുകൾ മുഖേന രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മലക്കുകളിലുള്ള വിശ്വാസം ഈമാൻ കാര്യത്തിലെ ഘടകമാക്കിയത് വെറുതെയാണെന്നാണോ നമ്മുടെ ധാരണ?
مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ ﴿١٨﴾
"അവർ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് തയ്യാറായി നിൽക്കുന്ന നിരീക്ഷകർ (റഖീബ്, അതീദ് എന്നീ രണ്ടു മലക്കുകൾ) ഉണ്ടാവാതിരിക്കുകയില്ല." (വി.ഖു. 50: 18).
മേൽപറഞ്ഞ മഹനീയ സൂക്തങ്ങളുടെ മുമ്പിൽ വെച്ചാണ് പ്രവാചകന്റെ മേലുദ്ധരിച്ച വചനപ്പൊരുൾ പരിശോധിക്കേണ്ടത്. നമ്മുടെ യാതൊരു കർമ്മവും ഇഹലോകത്തു പാഴാകാതിരിക്കാനാണ് അല്ലാഹു വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. മനുഷ്യജന്മത്തിലെ നശ്വരമായ ഇഹലോകത്തെ ഓരോ സെക്കന്റും മണിക്കൂറും ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും ജീവിതകാലവും അല്ലാഹുവിങ്കൽ അനശ്വരമായ ജീവിതം നൽകുന്നതിനു വേണ്ടിയുള്ള മാനദണ്ഡ കാലമാണ്. അതിനാലാണ് അവ ചെറുതോ വലുതോ ലഘുവോ ഗുരുവോ രഹസ്യമോ പരസ്യമോ ഒക്കെ റിക്കാർഡാക്കേണ്ടി വരുന്നതെന്നാണ് അല്ലാഹുവും റസൂലും ആണയിട്ടു പറഞ്ഞു പഠിപ്പിക്കുന്നത്. ഇഹലോകം നശ്വരവും പരലോകം ശാശ്വതമായതിനാലാണത്.
ഏതാണ്ട് എല്ലാ ഹദീസുഗ്രന്ഥങ്ങളിലും ഏകണ്ഠമായി പറയുന്ന ഒരു തിരുവചനമാണ്, നമ്മുടെ നാട്ടിലെ ഏതൊരു പ്രഭാഷകനും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു തഴമ്പിച്ച് കാണാപ്പാഠമായ ഹദീസാണ് മേലുദ്ധരിച്ചത്. എല്ലാ ഖത്തീബുമാരും - ജുമുഅ ഖുത്തുബയിൽ - നിരന്തരമായി പറയാറുള്ളതാണ്. ജുമുഅക്ക് ഖത്തീബ് മിമ്പറിൽ കയറും മുമ്പ് എല്ലാവരും ഹാജരായിരിക്കണമെന്ന ഉപദേശം. ഖേദകരമെന്നു പറയട്ടെ, നല്ലൊരു ശതമാനം ജുമുഅക്ക് എത്തിച്ചേരുന്നവരും എന്നാൽ ഈ മഹത്തായ ഉപദേശം അവഗണിക്കുന്നതുമായാണ് അനുഭവം. എന്തെന്നറിയില്ല, ജനങ്ങൾ ഭൂരിഭാഗവും അശ്രദ്ധയിൽ ജീവിക്കുക തന്നെയാണ്. ഈ ലേഖകൻ 1978 മുതൽ കഴിഞ്ഞാഴ്ച(10.08.2018) വരെ ഇടയ്ക്കിടെ ഖുത്തുബയുടെ അവസാനത്തിൽ ഇക്കാലത്തിനിടയിൽ എണ്ണമറ്റ തവണ ഖുത്തുബ നടത്തിയ എല്ലാ മിമ്പറുകളിലും ഉൽബോധിപ്പിക്കേണ്ടി വന്ന ഒരു വിഷയമാണിത്. പലരും പല കാരണങ്ങൾ വൈകി വരുന്നതിനു ബോധിപ്പിക്കാറുണ്ട്. പലതും മുഖവിലക്കെടുക്കാനാകാത്ത ഈ ദുഷ്പ്പതിവ് എന്തുകൊണ്ട് മാറ്റിയെടുക്കാൻ പ്രബോധിതർക്കാകുന്നില്ല! പറഞ്ഞു മടുത്ത ഖത്തീബുമാർ ചിലർ പറച്ചിൽ നിർത്തിയിട്ടുമുണ്ട്. ഇത് പ്രവാചകൻ പറഞ്ഞിട്ടില്ലെന്ന ധാരണയിലാണോ? അദ്ദേഹം അങ്ങനെ പറഞ്ഞു കൊള്ളട്ടെ, ഞങ്ങളിങ്ങനെത്തന്നെ പെരുമാറുകയുള്ളൂ എന്ന അഹങ്കാരവാശിയിലാണോ? അതുമല്ലെങ്കിൽ ഖത്തീബുമാരോടുള്ള നീരസം കൊണ്ടാണോ? അല്ല, ഇപ്പറയുന്നത് ജീവിതത്തിൽ പാലിക്കാൻ അസാധ്യമായ കാര്യമായതു കൊണ്ടാണോ? തല്ലണ്ടമ്മാവാ, കൊല്ലണ്ടമ്മാവാ, ഞാൻ നന്നാകാൻ പോകുന്നില്ല എന്ന മരുമകന്റെ ഭാവത്തിലാണോ? എന്താണെന്നറിയില്ല, ജനങ്ങളിത് മാറ്റാൻ തയ്യാറില്ല എന്നതാണ് മനസ്സിലാകുന്നത്.
ജുമുഅ അല്ലാഹു കൽപിച്ചതാണ്. പ്രവാചകൻ ജീവിതകാലത്ത് ചെയ്ത് മാതൃകയാക്കിയതാണ്. സ്വഹാബത്ത് ഒന്നടങ്കം തലമുറക്കു കൈമാറിത്തന്നതാണ്. നാം ഉൽബോധനത്തോടു കൂടിയുള്ള ആ ജുമുഅയിൽ പങ്കെടുക്കുന്നുണ്ട്. കൽപനകളെ അക്ഷരത്തിൽ സാക്ഷാൽക്കരിക്കുന്നുമുണ്ട്. പക്ഷേ, അതിലെ സുപ്രധാന മര്യാദകളിൽ പലതും മാനിക്കുന്നില്ല. ജനങ്ങൾക്കു മനസ്സിലാകേണ്ട ഖുത്തുബ ഭാഷ മാറ്റി ദുരൂഹമാക്കി ഒരു കൂട്ടർ. മറ്റൊരു കൂട്ടർ അത് സംഘടന വളർത്താനുള്ള ഉപാധിയാക്കി. രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള പ്രോഗ്രാമാക്കി മാറ്റി. മറ്റു ചിലർ ഗ്രൂപ്പ് വളർത്തിയെടുക്കാനുള്ള വേദിയാക്കി. നടത്തിപ്പുകാർകേവലമൊരു ചടങ്ങാക്കി മാറ്റി. ഖത്തീബുമാരിൽ പലരും അതൊരു സ്ഥിരവരുമാന വേദിയാക്കി. ആളുകളെന്തായാലും കമ്മിറ്റിക്കാർ ആരായാലും എന്റെ ഓഹരി കിട്ടിയിരിക്കണം. ജനഹിതത്തിനനുസരിച്ചവർ വഅള് പറയും.
ബനീ ഇസ്രായീല്യരോട് ശനിയാഴ്ചയിൽ മീൻ പിടിക്കരുതെന്ന് അല്ലാഹു കൽപിച്ചതിനെ അക്ഷരത്തിലവർ അനുസരിച്ചു. തന്ത്രപരമായി മത്സ്യങ്ങളെ ശനിയാഴ്ച തടുത്തുനിർത്തി. പിടുത്തം ഞായറാഴ്ചയാക്കി. അർത്ഥത്തിലവർ ലംഘകരായി. മൂസാ നബി(അ)യെ കുരങ്ങു കളിപ്പിച്ചു. അപ്പോൾ അല്ലാഹു അവരെ കുരങ്ങുകളായി രൂപാന്തരപ്പെടുത്തി. (വി.ഖു. 2: 65, 66). അല്ലാഹു നമ്മെ ഉപദേശിച്ചു. മൂസാ നബി(അ)യെ വേദക്കാർ പരിഹസിച്ചതുപോലെ മുഹമ്മദ് നബി(സ)യെ നിങ്ങൾ അപഹസിക്കരുത്. (വി.ഖു. 5: 16, 33: 69). പ്രവാചകൻ ഇത്രയും ഊന്നിപ്പറയുകയും അത്യുത്സാഹപ്പെടുത്തുകയും ചെയ്തതിനെ ഗൗരവത്തിലെടുക്കാത്തത് തികഞ്ഞ പ്രവാചകനിന്ദയും പരിഹാസ്യവും തന്നെയല്ലേ എന്നാലോചിക്കുക. ഖുത്തുബയാണ് വെള്ളിയാഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. നമസ്കാരം രണ്ട് റക്അത്തായിട്ടേ അന്നു നമസ്കരിക്കേണ്ടതുള്ളൂ. വെള്ളിയാഴ്ച നമസ്കാരത്തിലേക്കു വിളിക്കപ്പെട്ടാൽ അവിടെ നടത്തപ്പെടുന്ന ദിക്ർ - ഉൽബോധന -ത്തിലേക്ക് ധൃതിയിൽ വരിക. സർവ്വ വ്യാപാര ഇടപാടുകളും നിർത്തിവെച്ചായിരിക്കണമത്. കാര്യം മനസ്സിലാക്കാൻ കഴിവുണ്ടെങ്കിൽ അതാണ് നിങ്ങൾക്കേറ്റവും ഉത്തമം എന്നു തന്നെയാണ് അല്ലാഹു ഖുർആനിൽ സൂറ. അൽ ജുമുഅ 9-ാം സൂക്തത്തിൽ നേർക്കുനേരെ ആഹ്വാനം ചെയ്യുന്നത്.
അതെ, ആ ഖുത്തുബ ആദ്യാന്ത്യം സശ്രദ്ധം കേൾക്കേണ്ടതുണ്ട്. തുടക്കം നഷ്ടപ്പെട്ടവർക്ക് പലപ്പോഴും വിഷയം അവ്യക്തമാകും. ജുമുഅയുടെ അച്ചടക്കവും പവിത്രതയും നഷ്ടപ്പെടും. ഇഷ്ടമുള്ളപ്പോൾ കയറിവരികയും കണ്ടിടത്തേക്ക് തിക്കിത്തിരക്കുകയുമൊക്കെ വൈകി വരുന്നവർ കാണിക്കാറുള്ള അപമര്യാദകളാണ്. വൈകിവന്ന പ്രഗത്ഭരായ സ്വഹാബിയെപ്പോലും സംസ്കൃതനാക്കി മാറ്റാനായി പ്രവാചകൻ മിമ്പറിൽ നിന്നു തന്നെ താക്കീത് ചെയ്തിട്ടുണ്ട്. ഒരിക്കൽ ഖലീഫമാരിൽ ഉമർ(റ) വൈകിക്കയറി വന്ന തന്നേക്കാൾ മുതിർന്ന ഉസ്മാൻ(റ)നെ പോലും പരസ്യമായി ചോദ്യം ചെയ്യുകയും കാരണമെന്തെന്ന് ആരായുകയും ചെയ്തിട്ടുണ്ട്. (ബുഖാരി). വൈകി വരികയും സ്വഫുകൾ വകമാറ്റി കടന്നുകയറുകയും ചെയ്യുന്നത് കർശനഭാഷയിൽ നബി(സ) നിരോധിച്ചിട്ടുണ്ട്. (ബുഖാരി). ആളുകളുടെ ചുമലുകൾക്കിടയിലൂടെ കാലെടുത്തു വയ്ക്കുന്നതും പ്രസംഗം നടക്കുമ്പോൾ സംസാരിക്കുന്നതും സംസാരിക്കുന്നവരോട് നിശ്ശബ്ദത പുലർത്താൻ ആവശ്യപ്പെടുമ്പോഴുണ്ടാകുന്ന അലോസരം പോലും കുറ്റകരമാണെന്നു പ്രവാചകൻ താക്കീത് ചെയ്തിട്ടുണ്ട്. (അഹ്മദ്, ബുഖാരി, ത്വബ്റാനി, അബൂദാവൂദ്). വൈകിവരികയും ഇരിക്കുന്നവരെ എഴുന്നേൽപ്പിച്ച് അവിടെയിരിക്കുന്നതും പ്രവാചകൻ നിരോധിച്ചു. (അഹ്മദ്, ബൈഹഖി).
അല്ലാഹുവിന്റെയും പ്രവാചകന്റെയും ഈ ഉപദേശങ്ങളും താക്കീതുകളും പ്രോത്സാഹനങ്ങളുമെല്ലാം അവഗണിക്കുന്നത് നിസ്സാരമല്ല. അതു അല്ലാഹുവിനെയും പ്രവാചകനെയും പരിഹസിക്കുന്നതിന് തുല്യമാണെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. കപടന്മാരുടെ ഉള്ളുകളി അല്ലാഹു പ്രവാചകനു വെളിവാക്കി കൊടുത്തതിലുള്ള പ്രതിഷേധമായി അവർ അല്ലാഹുവിനെയും പ്രവാചകനെയും പരിഹസിച്ചതിനെ ഖുർആൻ എടുത്തു പറയുന്നുണ്ട്.
وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ
"താങ്കൾ അവരോട് ചോദിച്ചാലവർ പറയും. ഞങ്ങൾ തമാശ പറഞ്ഞു കളിക്കുകയായിരുന്നു! പറയൂ: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുന്നത്." (വി.ഖു. 9: 65). നമസ്കാരത്തിനായി വിളിക്കുന്നതുപോലും പരിഹാസ്യമാക്കിത്തള്ളിയവരുടെ നിലപാട് അറിയിക്കുന്നിടത്ത് അല്ലാഹു പറഞ്ഞതു കൂടി ശ്രദ്ധിക്കുക.
يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِّنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ
"സത്യവിശ്വാസികളേ, നിങ്ങൾക്ക് മുമ്പുള്ള വേദക്കാർ നിങ്ങളുടെ മതത്തെ തമാശയും വിനോദവുമാക്കിയിട്ടുണ്ട്. അവരെയും മറ്റു സത്യനിഷേധികളെയും നിങ്ങളൊരിക്കലും ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അല്ലാഹുവിനെ സൂക്ഷിച്ചുകൊൾക." (വി.ഖു. 5: 57).
കേവലം ഒരു നിസ്സാരവിഷയം ചർച്ച ചെയ്യുകയല്ല ഇവിടെ. മുസ്ലിം സംസ്കാരത്തിന്റെ ഭാഗമാണ് അനുസരണയും ചിട്ടയും വ്യവസ്ഥാപിത ജീവിതക്രമവും. അതിന്നു പരിശീലനമാകുന്ന കുറ്റമറ്റ ഉപാധിയാണ് ആരാധനകളെല്ലാം അതിൽ ഏറ്റവും സുപ്രധാനമാണ് ആഴ്ചയിലൊരിക്കലുള്ള ജുമുഅയും അതിൽ നടത്തപ്പെടുന്ന ഉൽബോധന സദസ്സും. അതിലേക്കുള്ള പ്രവേശനത്തിന്റെ ചിട്ടയിലെ അലങ്കോലമാണ് പ്രവാചകൻ കർശനമായി വിലക്കുന്നത്. 3 മണിക്കു വെച്ച പരിപാടിയിലേക്ക്/ നിക്കാഹിലേക്ക്/ യോഗത്തിലേക്ക് 4 മണി കഴിഞ്ഞിട്ടും വരാത്തവരുണ്ട്. വന്നാൽ ഇളിഭ്യതയില്ലാതെ താമസിച്ചതിന്റെ കാരണം ന്യായീകരിക്കാറുണ്ട്. സംഘാടകർ പലപ്പോഴും നാലു മണിക്കുള്ള യോഗത്തിലേക്ക് മൂന്ന് മണിക്കു വരാൻ നോട്ടീസ് കൊടുക്കും. ഇതറിയുന്ന വിരുതന്മാർ 5 മണിക്കേ വരൂ. സമയത്തിന്റെയും ജീവിതകാല മൂല്യത്തിന്റെയും വില മനസ്സിലാക്കാത്ത ഇത്തരം സമീപനങ്ങൾ മുസ്ലിം ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചു. എന്നിട്ടും ബോധവാന്മാരാകാത്തതിലാണ് ദുഃഖിക്കേണ്ടത്. നമ്മുടെ നിലപാടുകൾ മാറ്റാതെ അല്ലാഹു നമ്മിൽ യാതൊരു പരിവർത്തനവും ഉണ്ടാക്കുകയില്ല എന്ന തത്വം കേൾക്കാത്തവരായി ആരുമില്ല. എന്നിട്ടും സ്ഥിതി ഇതാണ്. അതിനാൽ ചീത്ത ചട്ടങ്ങളെ മാറ്റുവീൻ. അല്ലെങ്കിൽ ചട്ടങ്ങൾ നമ്മെ മാറ്റിതകർത്തുകളയും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
Back to INDEX
007 നമസ്കാരം വിശുദ്ധ ഖുർആനിൽ - 2 , തുന്നംവീടൻ
കർമ്മ കാണ്ഡം – പഠനംസ്വലാത്ത് എന്ന പദമുപയോഗിച്ച് അഞ്ചുനേര നമസ്കാരത്തെക്കുറിച്ചും അല്ലാതെയും വിശുദ്ധ ഖുർആൻ വിവക്ഷിച്ചിട്ടുണ്ട്. വിവിധ അർത്ഥതലങ്ങളിൽ സ്വലാത്ത് എന്ന പദം വിശുദ്ധ ഖുർആനിൽ വന്നത് നമുക്ക് പരിശോധിക്കാം.
1. പ്രാർത്ഥന
സൂറ. അത്തൗബ 103-ാം വചനത്തിൽ "വസ്വല്ലി അലൈഹിം ഇന്ന സ്വലാത്തകസകനും ലഹും - പ്രവാചക സന്നിധിയിലേക്ക് സകാത്തുമായി വരുന്നവർക്ക് വേണ്ടി താങ്കൾ പ്രാർത്ഥിക്കുക. താങ്കളുടെ പ്രാർത്ഥന അവർക്ക് മനശാന്തി നൽകുന്നതാണ്." പ്രാർത്ഥിക്കുക എന്ന അർത്ഥത്തിലാണിവിടെ ഖുർആൻ 'സ്വല്ലി' പ്രയോഗിച്ചിട്ടുള്ളത്.
2. പാപമോചനം
സൂറ. അത്തൗബയിൽ തന്നെ 99-ാം വചനത്തിൽ 'ഇസ്തിഗ്ഫാർ' എന്ന ആശയത്തിലാണ് സ്വലാത്ത് ഉപയോഗിച്ചിട്ടുള്ളത്. ('വസ്വലവാത്തിർ റസൂൽ' - പ്രവാചകന്റെ അവർക്കുവേണ്ടിയുള്ള പാപമോചന പ്രാർത്ഥനകൾക്കും). 'ഗ്രാമീണ അറബികൾ ദൈവത്തിലും പരലോകത്തിലും വിശ്വസിക്കുകയും തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ അടുപ്പം നേടാനും പ്രവാചകന്റെ പ്രാർത്ഥന കിട്ടാനും ഉപയോഗിക്കുന്നവരാണ്' എന്നാണിവിടെ പറയുന്നത്. സൂറ. അൽ അഹ്സാബ് 56ലും 43ലും "ഇന്നല്ലാഹ വമലാഇകത്തുഹു യുസ്വല്ലൂന അലന്നബി;" "ഹുവല്ലദി യുസ്വല്ലീ അലൈക്കും വമലാഇകത്തുഹൂ" എന്നീ സ്ഥലങ്ങളിലും കാരുണ്യത്തിന്/ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക - മഗ്ഫിറത്തിനു - എന്ന ആശയത്തിലാണ് വന്നിട്ടുള്ളത്. അല്ലാഹു മഗ്ഫിറത്തു നൽകി അനുഗ്രഹിക്കുന്നു. മലക്കുകൾ പ്രവാചകനു മഗ്ഫിറത്തിനായി അല്ലാഹുവിനോട് അപേക്ഷിക്കുന്നു. അദ്ദേഹത്തിനു മഗ്ഫിറത്തിനായി സത്യവിശ്വാസികളേ നിങ്ങളും പ്രാർത്ഥിക്കുവീൻ എന്നുമാണ് അവിടങ്ങളിലെ ഭാഷാപ്രയോഗത്തിലെ 'സ്വലാത്ത്' എന്നതിന്റെ വിവിധ വിവക്ഷകൾ. ഇവയല്ലാത്ത മറ്റെന്ത് ആശയങ്ങൾ അവിടെ 'സ്വല്ല' എന്നതിനു പറഞ്ഞാലും ഇസ്ലാമിന്റെ അടിസ്ഥാന ത്തിനു കളങ്കമായിത്തീരും. വിവിധ പ്രവാചക വചനങ്ങൾ പിന്തുണക്കുന്നത് അപ്രകാരം വിശദീകരിക്കുവാനാണ്.
3. ദയ/ കാരുണ്യം
സൂറ. അൽബഖറ 157ൽ "ഉലാഇക അലൈഹിം സ്വലവാത്തുൻ മിർറബ്ബിഹിം വറഹ്മത്തുൻ" (ജീവിതകാലത്തെ അത്യാപത്തുകളോട് ക്ഷമ കൈക്കൊണ്ട് അല്ലാഹുവിലഭയപ്പെട്ടവർ, തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള അനുഗ്രഹങ്ങളിലും കാരുണ്യത്തിലും - സ്വലവാത്തുകളിൽ - ആയിരിക്കും) എന്നാണ് അല്ലാഹു വ്യക്തമാക്കുന്നത്. വിഷയപ്രാധാന്യം കൊണ്ടാണ് സ്വലവാത്തുൻ - അനുഗ്രഹങ്ങൾ എന്ന് പറഞ്ഞശേഷം വീണ്ടും റഹ്മത്തുൻ - കാരുണ്യവും എന്നു ആവർത്തിച്ചിരിക്കുന്നത്.
4. ദേവാലയം
സൂറ. അൽ ഹജ്ജ് 40-ാം വചനത്തിൽ യഹൂദദേവാലയം എന്ന അർത്ഥത്തിൽ സ്വലാത്ത് ഉപയോഗിച്ചിരിക്കുന്നു. ജനങ്ങളിൽ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെ കൊണ്ട് പ്രതിരോധിക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസി മഠങ്ങൾ - സ്വവാമിഅ്; ക്രൈസ്തവ ചർച്ചുകൾ - ബിയഅ്, യഹൂദ ദേവാലയങ്ങൾ - സ്വലവാത്ത്; മുസ്ലിം പള്ളികൾ - മസാജിദ് എല്ലാം തകർക്കപ്പെടുമായിരുന്നു എന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. നമസ്കാരം/ ആരാധന നടത്തുന്നതിന് പവിത്രമാക്കി ജനങ്ങൾ ഒരുമിക്കുന്ന അനുഗ്രഹീത ഇടം എന്നർത്ഥത്തിൽ ഇവിടെ സ്വലവാത്ത് പ്രയോഗിച്ചിരിക്കുന്നു. യഹൂദ ദേവാലയങ്ങൾക്കു അറബിയിൽ ആ പദമാണ് പറയുന്നത്.
5. ഇസ്ലാം
സൂറ. അൽഖിയാമഃയിൽ 31-ാം വചനത്തിൽ "ഫലാ സ്വദ്ദഖ വലാ സ്വല്ലാ" എന്നു പ്രതിപാദിക്കുന്നുണ്ട്. "അവൻ സത്യം വിശ്വസിച്ചില്ല, അനുസരിച്ചതുമില്ല" എന്നാണർത്ഥം. നമസ്കാരം അല്ലാഹുവിനെയും റസൂലിനെയും സർവ്വാത്മനാ അനുസരിക്കുന്നതിന്റെ പ്രത്യക്ഷ തെളിവായതിനാൽ 'അവൻ നമസ്കരിച്ചതുമില്ല' എന്നും ആശയം പറയാവുന്നതാണ്. 'സ്വല്ലാ' എന്നതിന് ഇസ്ലാം/ അനുസരണം എന്നീ അർത്ഥതലങ്ങളാണിവിടെ കൂടുതൽ അനുയോജ്യം.
6. മതം/ ദീൻ/ ആദർശം
സൂറ. ഹൂദ് 87-ാം വചനത്തിൽ സ്വാലിഹ് നബി(അ)യോട് ജനങ്ങൾ ചോദിക്കുന്നു. "അസ്വലവാത്തു്ക തഅ്മുറുക്ക" 'നിന്റെ മതം/ ആദർശം/ ദീൻ ആണോ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കാൻ നിന്നോട് കൽപിക്കുന്നത്' എന്ന്. അവിടെ സ്വലവാത്ത് - ദീൻ എന്ന ആശയമാണ് ഏറ്റവും അനുയോജ്യമായത്. അദ്ദേഹവും നമസ്കരിക്കുന്ന വ്യക്തിയായതിനാൽ 'നിന്റെ നമസ്കാരമാണോ' എന്നും അവർ ഉദ്ദേശിച്ചിരിക്കുമെന്നു പറയാം.
7. ഖിറാഅത്ത്/ പാരായണം
സൂറ. അൽ ഇസ്രാഅ് 110ൽ 'വലാ തജ്ഹർ ബി സ്വലാത്തിക്ക' എന്നു പറയുന്നു. നമസ്കാരത്തിലെ നബി(സ)യുടെ ഖുർആൻ പാരായണം അവിശ്വാസികളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു. അവരുടെ അസഹനീയത കൊണ്ട് ഖുർആനിനെ നിഷേധിക്കുകയും അവർ ആക്ഷേപിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള നമസ്കാരത്തിൽ വല്ലാതെ ശബ്ദം ഉയർത്തേണ്ടതില്ല എന്നുപദേശിക്കുന്നു. (ബുഖാരി 5/229 കാണുക). ഏതു പ്രാർത്ഥനയിലും അമിത ശബ്ദമുയർത്തേണ്ടതില്ല. അപ്പോൾ ഇവിടെ സ്വലാത്തിനു ശാന്തമായ പ്രാർത്ഥന/ മിതമായ ശബ്ദത്തിലുള്ള നിന്റെ ഖുർആൻ പാരായണം എന്നും വിവക്ഷ വരുന്നതാണ്.
8. അഞ്ചുനേര നമസ്കാരം
സക്കാത്തുമായി വിശുദ്ധ ഖുർആനിൽ എവിടെയെല്ലാം ചേർത്തു പറഞ്ഞുകൊണ്ട് 'അസ്സ്വലാത്ത്' വന്നിട്ടുണ്ടോ അവിടെയെല്ലാം നിർബന്ധമായും മുസ്ലിംകൾ അനുവർത്തിക്കേണ്ട അഞ്ചുനേര നമസ്കാരമാണുദ്ദേശിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആനിൽ 82 പ്രാവശ്യം സക്കാത്തും നമസ്കാരവും ചേർത്തു പറഞ്ഞിട്ടുണ്ട്. ഉദാഹരണം: സൂറ. അൽബഖറയിലെ 83 "വഅഖീമുസ്സ്വലാത്ത് വആത്തുസ്സകാത്ത്" (നിങ്ങൾ നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക). എന്നെന്നും മുറപ്രകാരം നിലനിർത്തപ്പെടേണ്ട ആരാധന ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തേതായ അഞ്ചുനേര നമസ്കാരങ്ങളാകുന്നു. (ഇഖാമുസ്സ്വലാത്ത്) എന്നത് അംഗീകൃത വ്യവസ്ഥയാകുന്നു.
9. സ്വലാത്തുൽ ഖൗഫ്
വിവിധ സന്ദർഭങ്ങളിലെ നമസ്കാരങ്ങളെ പ്രത്യേകമായി സൂചിപ്പിച്ചു കൊണ്ടും സ്വലാത്ത് പ്രയോഗിച്ചിട്ടുണ്ട്. സൂറ. അന്നിസാഅ് 102ൽ "വ ഇദാ കുൻത്തഫീഹിം ഫ അഖംത്ത ലഹുമുസ്സ്വലാത്ത" (താങ്കൾ കൂട്ടത്തിലുണ്ടാകുകയും യുദ്ധരംഗത്തെ നമസ്കാരത്തിനു നേതൃത്വം നൽകാൻ നിൽക്കുകയും ചെയ്താൽ). യുദ്ധരംഗത്ത് പടക്കളത്തിൽ വെച്ചുപോലും കൃത്യതയോടെ ചിട്ടയോടെ ചില പ്രത്യേക ക്രമത്തിൽ സാധ്യമാകുന്ന വിധം നമസ്കരിക്കുന്ന രൂപമാണിവിടെ വിശദമാക്കുന്നത്. 'സ്വലാത്തുൽ ഖൗഫ്' എന്ന പേരിൽ തന്നെ പ്രവാചകൻ നേതൃത്വം നൽകി മാതൃക കാണിച്ചിട്ടുണ്ട്.
10. സ്വലാത്തുൽ ജനാസ
സൂറ. അത്തൗബ 84-ാം വചനത്തിൽ "വലാ തുസ്വല്ലി അലാ അഹദിൻ മിൻഹും മാത്ത അബദാ - താങ്കൾ അവരിലെ മരിച്ചവർക്ക് വേണ്ടിയും നമസ്കരിക്കരുത്" എന്നു പറഞ്ഞതിലെ നമസ്കാരം ജനാസ നമസ്കാരത്തെക്കുറിച്ചാണെന്നത് വ്യക്തമാണ്. വലാതുസ്വല്ലി ലിൽ ജനാസത്തി എന്നു പറയാതെ തന്നെ കാര്യം മനസ്സിലാക്കിയിരിക്കുകയാണ്. മരിച്ചവർക്കു വേണ്ടി നടത്തുന്ന സുപ്രധാന കർമ്മം ജനാസ നമസ്കാരം തന്നെയാണല്ലോ. മുസ്ലിം ലോകത്താർക്കും അതിൽ ഭിന്നാഭിപ്രായമില്ല.
11. സ്വലാത്തുൽ ഈദ്
സൂറ. അൽ അഅ്ലാ 15-ാം വചനത്തിൽ "വദകറസ്മി റബ്ബിഹീ ഫസ്വല്ലാ - അദ്ദേഹം തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും പിന്നീട് നമസ്കരിക്കുകയും ചെയ്തു" എന്നതിലെ നമസ്കാരം പെരുന്നാൾ നമസ്കാരമായിരുന്നുവെന്നും അബൂ സഈദുൽ ഖുദ്രിയിൽ നിന്ന് ഇമാം ബഗ്വവീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നബി(സ) ഈദിലേക്കായി പുറപ്പെടുകയും എന്നിട്ട് ഈദ് നമസ്കാരം നിർവ്വഹിക്കുകയും ചെയ്തു എന്ന് തന്റെ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ 'മആലിമുത്തൻസീൽ' (4/476) ഗ്രന്ഥത്തിൽ പറയുന്നു.
12. സ്വലാത്തുൽ ജുമുഅ
സൂറ. അൽ ജുമുഅ 9-ാം വചനത്തിൽ 'ഇദാ നൂദിയ ലിസ്സ്വലാത്തി മിൻ യൗമിൽ ജുമുഅത്തി' എന്നു പറഞ്ഞതിലെ സ്വലാത്ത് (വെള്ളിയാഴ്ച ദിവസം നമസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ) ജുമുഅ നമസ്കാരത്തെക്കുറിച്ചാണെന്നതിൽ സംശയമില്ലല്ലോ. യൗമുൽ ജുമുഅയിലെ പ്രധാന നമസ്കാരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അത് തന്നെയാണ്.
13. സ്വലാത്തുൽ ജമാഅഃ
സൂറ. അൽമാഇദയിലെ 58-ാം വചനത്തിൽ "വഇദാ നാദൈത്തും ഇലസ്സ്വലാത്തി ഇത്തഖദുഹാ ലഇബൻ വലഹ്വാ - അവരെ നമസ്കാരത്തിലേക്ക് താങ്കൾ വിളിച്ചാൽ അവരത് കളിതമാശയായിട്ടാണ് കാണുന്നത്" എന്ന സൂക്തം അവിശ്വാസികളുടെയും കപടന്മാരുടെയും നിലപാടിനെയാണ് വ്യക്തമാക്കിയത്. ഓരോ ദിവസവും അഞ്ചു പ്രാവശ്യമുള്ള സംഘടിത നമസ്കാരത്തെ ആവർത്തനവിരസമായ കളിയും വിനോദവുമായി കണക്കിലെടുത്തു. ഇവിടെ ജമാഅത്തു നമസ്കാരത്തെക്കുറിച്ചാണെന്നു വ്യാഖ്യാതാക്കളെല്ലാം വിശദീകരിക്കുന്നു. സ്വലാത്തിലേക്കുള്ള വിളി - ബാങ്ക് - നിദാഅ് അഞ്ചുനേര നമസ്കാരത്തിന്റെ നിലനിൽപിന്നുള്ള പ്രധാന സംവിധാനവുമാകുന്നു.
14. സ്വലാത്തുസ്സഫർ
സൂറ. അന്നിസാഅ് 101-ാം സൂക്തത്തിലെ "ഫലൈസ അലൈക്കും ജുനാഹും അൻ തഖ്സുറൂ മിനസ്സ്വലാത്തി - നിങ്ങൾക്ക് നമസ്കാരം ചുരുക്കി നിർവ്വഹിക്കുന്നതിൽ കുറ്റമില്ല" എന്നതിലെ തുടക്കം 'നിങ്ങൾ ഭൂമിയിൽ യാത്ര ചെയ്യുമ്പോൾ' എന്നു വ്യക്തമാക്കുന്നതിനാൽ യാത്രക്കാരന്റെ യാത്രാവസരത്തിലെ നമസ്കാരത്തെ കുറിച്ചാകുന്നു സ്വലാത്ത് എന്നു പ്രത്യേകം വിശേഷിപ്പിച്ചത്.
15. മുൻഗാമികളുടെ
നമസ്കാരം
സൂറ. മറിയം 31-ാം വചനത്തിൽ ഈസാ നബി(അ) പറയുന്നതായുള്ള ''വഅവുസ്വാനീ ബിസ്സ്വലാത്തി വസ്സകാത്തി - എന്നോടു നമസ്കരിക്കാനും നിർബന്ധദാനം നൽകാനും അല്ലാഹു കൽപിച്ചിരിക്കുന്നു" എന്നതിലെ സ്വലാത്ത് മുൻഗാമികളിൽ നിശ്ചയിക്കപ്പെട്ട നമസ്കാര രൂപത്തെ കുറിച്ചാകുന്നു. എല്ലാ പ്രവാചകന്മാരും നമസ്കാരം നിർവ്വഹിച്ചവരായിരുന്നുവല്ലോ.
16. തസ്ബീഹും ഹംദും
സൂറ. അൽറൂം 17, 18 വചനങ്ങളിൽ "ഫസുബ്ഹാനല്ലാഹി ഹീന തുംസൂന വഹീന തുസ്ബിഹുൻ/ വലഹുൽ ഹംദു - ആകയാൽ നിങ്ങൾ സന്ധ്യാ വേളയിലും പ്രഭാതവേളയിലും അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക/ ആകാശഭൂമികളിലെ സർവ്വസ്തുതികളും അവന്നായതിനാൽ വൈകുന്നേരവും ഉച്ച തെറ്റുമ്പോഴും അവനെ പ്രകീർത്തിക്കുക." ഇതിൽ പറയുന്ന തസ്ബീഹും ഹംദും അഞ്ചുനേര നമസ്കാരത്തെയാണ് വിവക്ഷിക്കുന്നത്. നമസ്കാരത്തിൽ സുപ്രധാന ഘടകങ്ങളാണ് നിറുത്തത്തിലും റുകൂഉകളിലും സുജൂദുകളിലും ഇരുത്തത്തിലുമെല്ലാമുള്ള കീർത്തനങ്ങളും സ്തുതിയർപ്പണങ്ങളും (തസ്ബീഹുകളും ഹംദുകളും). പ്രത്യേക സമയങ്ങളിലായി എടുത്തു പറയുന്ന തസ്ബീഹും ഹംദും നമസ്കാരത്തിന്റെ ആലങ്കാരികമായ ഭാഷാപ്രയോഗങ്ങളാകുന്നുവെന്ന് പ്രവാചകനും അഭിസംബോധിതരായ സ്വഹാബിമാർക്കും ബോധ്യപ്പെട്ടിരുന്നു. അവരത് മാതൃകയാക്കിത്തരികയും ചെയ്തിട്ടുണ്ട്.
ചുരുക്കത്തിൽ 'സ്വലാത്ത്' എന്ന പദത്തിന്റെ പ്രഥമവും പ്രധാനവുമായ ഖുർആനിന്റെ ഭാഷ നമസ്കാരത്തെ കുറിച്ചാകുന്നു. രണ്ടാമത്തേതായി, വിവിധങ്ങളായ വിവക്ഷകൾക്കായും സ്വലാത്ത് എന്ന പദം ഉപയോഗിച്ചിരിക്കുന്നു. അവ സന്ദർഭങ്ങളിൽ നിന്നും വ്യക്തമാകുന്നതുമാണ്. അതുപോലെ നമസ്കാരത്തെ ഉദ്ദേശിച്ച് മറ്റു പദങ്ങളും വിശുദ്ധ ഖുർആൻ യഥേഷ്ടം ഉപയോഗിച്ചതായി കാണാം. ഉദാഹരണത്തിനു ചിലതുകൂടി കാണുക.
1. അദ്ദിക്ർ: സൂറ. അൽജുമുഅയിലെ 9-ാം വചനത്തിലും സൂറ. സ്വാദിലെ 32-ാം വചനത്തിലും സൂറ. അൽബഖറയിലെ 239-ാം വചനത്തിലും പറയുന്ന ദിക്റുകൾ നമസ്കാരത്തിന്റെ കൂടി പര്യായപദമെന്നോണമാകുന്നു പ്രയോഗിച്ചിട്ടുള്ളത്. വിശുദ്ധ ഖുർആനിനെയും അദ്ദിക്ർ എന്ന് അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്. ഖുർആൻ പാരായണം നമസ്കാരത്തിലെ പ്രധാന ഘടകമാണ്.
2. ഇസ്തിഗ്ഫാർ: സൂറ. അദ്ദാരിയാത്തിലെ 18, സൂറ. അൽ അൻഫാലിലെ 33 തുടങ്ങിയ വചനങ്ങളിൽ പറയുന്ന ഇസ്തിഗ്ഫാർ - പാപമോചന പ്രാർത്ഥന എന്ന് വിവക്ഷിക്കുന്നത് നമസ്കാരത്തെക്കുറിച്ച് തന്നെയാകുന്നു. അനേകം ഹദീസുകളിലും തഫ്സീറുകളിലും അക്കാര്യം വിവരിച്ചു കാണാം.
3. റുകൂഅ്/ സുജൂദ്: സൂറ. അൽബഖറ 43ൽ നമസ്കരിക്കൂ - സ്വല്ലൂ - എന്നു പറയുന്നതിന് പകരം 'വർകഊ' റുകൂഅ് ചെയ്യുവീൻ എന്നാണ് പറയുന്നത്. മഅർറാകിഈൻ - നമസ്കരിക്കുന്നവരോടൊപ്പം എന്നു സാരം. അതുപോലെ സൂറ. അൽ മുർസലാത്ത് 48ൽ 'അവരോട് റുകൂഅ് ചെയ്യാൻ പറഞ്ഞാൽ അവർ റുകൂഅ് ചെയ്യുന്നതല്ല. എന്നാൽ, അവർ നമസ്കരിക്കാൻ തയ്യാറില്ല എന്നാണ് വിവക്ഷിച്ചിട്ടുള്ളത്. നമസ്കാരത്തിലെ ഒരു സുപ്രധാന ഘടകമായ റുകൂഇനെ നമസ്കാരം തന്നെയായി എടുത്തു പറഞ്ഞു.
അതുപോലെ സൂറ. അശ്ശുഅറാഅ് 219-ാം സൂക്തത്തിൽ 'വതഖല്ലബുക ഫിസ്സാജിദീൻ - താങ്കൾ സുജൂദിൽ വീഴുന്നവരോടൊപ്പവും നാം നിന്നെ കാണുന്നു' എന്നതിലെ സുജൂദ് നമസ്കാരത്തെയാണ് വിവക്ഷിക്കന്നത്. റുകൂഅ് പോലെ സുജൂദും നമസ്കാരത്തിലെ പ്രധാന ഘടകമാകുന്നു. ഒരു പ്രധാന ഘടകത്തെച്ചൂണ്ടി മൊത്തത്തെ എടുത്തു കാട്ടുകയാണിവിടെ.
4. ഖുർആൻ: സൂറ. അൽ ഇസ്രാഅ് 78-ാം വചനത്തിൽ 'ഇന്ന ഖുർആനൽ ഫജ്റി കാന മശ്ഹൂദാ - നിശ്ചയമായും ഫജ്റിലെ ഖുർആൻ പാരായണം സാക്ഷ്യമാകുന്നു' എന്നതിലെ ഖുർആൻ കൊണ്ട് വിവക്ഷ, ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള നമസ്കാരത്തെയാകുന്നു. നബി(സ) ഖുർആനൽ ഫജ്ർ - ഫജ്ർ നമസ്കാരമാകുന്നു എന്നു പറഞ്ഞിട്ടുമുണ്ട്. (ബുഖാരി 5/227).
5. ഖുനൂത്ത്: സൂറ. അസ്സുമർ 9-ാം വചനത്തിലെ 'അമ്മൻ ഹുവ ഖാനിത്തുൻ ആനാഅല്ലൈലി - രാത്രിയുടെ ഭാഗങ്ങളിലുള്ള ഭക്ത്യാദരപൂർവ്വമുള്ളവസ്ഥയിൽ - ഖാനിത്തായ - അവരുടെ സുജൂദും നിർത്തവും ചെയ്യുന്നവരല്ലേ ഉത്തമർ' എന്നതിലെ ഖുനൂത്തായവസ്ഥ നമസ്കാരത്തെയാണ് വിവക്ഷിക്കുന്നത് എന്നതും സ്പഷ്ടമാണ്. നമസ്കാരത്തിൽ ഭയഭക്തി - ഖുനൂത്ത് - യില്ലാതെ ഒക്കുകയില്ലല്ലോ.
6. ഹസനാത്ത്: സൂറ. ഹൂദിൽ 114-ാം വചനത്തിലെ 'ഇന്നൽ ഹസനാത്തി യുദ്ഹിബ്നസ്സയിആത്ത് - നിശ്ചയമായും സദ്കർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ പോക്കിക്കളയുന്നതാണ്' എന്നത് ആ സൂക്തത്തിലെ ആദ്യ പ്രതിപാദ്യവുമായി ബന്ധപ്പെട്ടതിനാൽ ഇവിടെ ഹസനാത്തു കൊണ്ടുദ്ദേശ്യം ഏറ്റവും മഹത്തായ നമസ്കാരമെന്ന സൽകർമ്മമാണ്. "പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപ്രകാരമനുഷ്ഠിക്കുക. നിശ്ചയമായും ആ സൽകർ്മ്മങ്ങൾ ദുഷ്കർമ്മങ്ങളെ - പാപങ്ങളെ - പോക്കിക്കളയുന്നതാകുന്നു" എന്ന പരാമർശത്തിൽ നിന്ന് നമസ്കാരത്തെ ഹസനാത്തു എന്നു വിവക്ഷിച്ചിരിക്കുന്നു. മറ്റെല്ലാ സൽക്കർമ്മങ്ങളെക്കാളും സമുന്നത സ്ഥാനമാണല്ലോ നമസ്കാരത്തിന്റേത്. സന്ദർഭോചിതങ്ങളായി ഇതല്ലാത്ത പ്രയോഗങ്ങളും ഉണ്ട്.
അപ്പോൾ പദപരമായും ഭാഷാപരമായും സാങ്കേതികമായുമെല്ലാം വിവിധ വിവക്ഷകളിലൂടെയും ആലങ്കാരിക പ്രയോഗങ്ങളിലൂടെയും നമസ്കാരത്തിന്റെ ഉന്നത പദവി അല്ലാഹു വ്യക്തമാക്കിയിരിക്കുകയാണ്. നമസ്കാരം, ഋഷിമാരോ മുനിമാരോ സന്യാസിമാരോ സൂഫിയാക്കളോ യോഗാചാര്യന്മാരോ ചെയ്യുന്നതു പോലെ വെറും നിശ്ചലാവസ്ഥ പ്രാപിച്ച് ഏതോ സാങ്കൽപിക, ഭാവനാലോകത്തിൽ ലയിച്ചിരിക്കേണ്ട ധ്യാനമല്ല. മറിച്ച് ചലനാത്മകമായ കർമ്മങ്ങളുടെയും ഭക്ത്യാദരവുകളുടെയും വിനയത്തിന്റെയും അനുസ്മരണങ്ങളുടെയും സമന്വിത രൂപമാണ്. അതിൽ ശാരീരിക പ്രവർത്തനങ്ങളുണ്ട്. ആചാരപരമായ പ്രവേശനത്തോടെ ഉരുവിടേണ്ട വാക്കുകളുണ്ട്. പ്രാർത്ഥന, ദൈവസ്മരണ, സ്തോത്രം, കീർത്തനം, പാപമോചനത്വര, ഖുർആൻ പാരായണം, നിറുത്തം, കുനിയൽ, നമ്രശിരസ്കത, ഇരുത്തം, ശാന്തമായ വിടചൊല്ലൽ തുടങ്ങിയ ശാരീരികവും മാനസികവും ആത്മീയവുമായ എല്ലാ ഭാവങ്ങളും അടങ്ങിയിട്ടുള്ള മഹൽകർമ്മമാകുന്നു. നമസ്കാരത്തിലെ എല്ലാ ഘടകങ്ങൾക്കും മതം വളരെ വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ട് അതിന്റെ എല്ലാ വശങ്ങളെയും ഉൾപ്പെടുത്തുവാനുതകുന്ന വിധം സംക്ഷിപ്തമായും സമഗ്രമായും ആഴത്തിലും പരപ്പിലും വിവിധ വിശേഷണങ്ങളോടെയുള്ള പദപ്രയോഗങ്ങളും വാക്കുകളും നമസ്കാരത്തിനായി വിശുദ്ധ ഖുർആൻ വ്യാപകമായി പ്രയോഗിച്ചിരിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ 'നമസ്കാരം' എന്ന് ഒറ്റവാക്കിൽ വിവക്ഷിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ സമ്പന്നമായ പദങ്ങളാണ് ഖുർആൻ ഉപയോഗിച്ചിരിക്കുന്ന ഓരോ പദങ്ങളിലും അന്തർഭവിപ്പിച്ചിട്ടുള്ളത്.
അഞ്ചുനേര നമസ്കാരം ഖുർആനിൽ
വിശുദ്ധ ഖുർആനിന്റെ വിവരണമനുസരിച്ച് നിർബന്ധ നമസ്കാരത്തിന്റെ സമയക്ലിപ്തതയിൽ വിവിധ രൂപമുണ്ട്. 3 ആയും 4 ആയും വിവക്ഷിക്കപ്പെട്ടിട്ടുണ്ട്. പകലിലെ നമസ്കാരം, രാത്രിയിലെ നമസ്കാരം, രാവിന്റെ അന്ത്യത്തിലും പകലിന്റെ തുടക്കത്തിലുമായുള്ള നമസ്കാരം. അങ്ങനെ മൂന്ന്. അതാണ് ജംഇലും ഖസ്വ്റിലും കാണുന്നത്. പകലിലേത് യാത്രക്കാരനു രണ്ടും കൂട്ടി - ള്വുഹ്ർ, അസ്വർ - ഏതെങ്കിലുമൊരു സമയത്താകാം. രാത്രിയിലേത് രണ്ടും കൂട്ടി - മഗ്രിബ്, ഇശാഅ് - ഏതെങ്കിലുമൊരു സമയത്താക്കാം. ഫജ്റിനു ഇതു ബാധകവുമല്ല. അത് ഉദയത്തിനു മുമ്പ് നിർവ്വഹിക്കണം. സൗകര്യത്തെയും പ്രയാസങ്ങളെയും കണക്കിലെടുത്ത് യാത്രക്കാരനും രോഗിക്കും ഈ ആനുകൂല്യങ്ങൾ എടുക്കാവുന്നതാണ്. പകലിലെ നമസ്കാരങ്ങളെ രാത്രിയിലേക്കോ മറിച്ചോ പാടില്ല എന്നു മാത്രം. ഈ മൂന്നെണ്ണത്തോടൊപ്പം രാത്രി നമസ്കാരം - സ്വലാത്തുല്ലൈൽ - ചേർത്താൽ നാലായി വിവക്ഷിക്കണം.
നബി(സ)യുടെ രാപ്രയാണവും ആകാശാരോഹണവും - (ഇസ്രാഅ്, മിഅ്റാജ്) - സംഭവിക്കുന്നതിന് മുമ്പ് മക്കയിൽ അവതരിപ്പിക്കപ്പെട്ട സൂറ. അൽഅലഖ്, അൽഅഅ്ലാ, അൽ കൗസർ, ഫാത്വിർ, നംല്, ത്വാഹാ, ഖാഫ് തുടങ്ങിയ സൂറകളിലെ നമസ്കാരാഹ്വാനങ്ങളിൽ പൊതുകൽപനകളാണത്. വിശ്വാസികൾ പീഡന വിധേയരും മർദ്ദിതരും ഭയവിഹ്വലരും അസ്വസ്ഥരും അനിശ്ചിതാവസ്ഥയിലുമായിരുന്നു. സമയാധിഷ്ഠിതമായി അതാതു നേരങ്ങളിൽ പരസ്യമായി കൃത്യതയോടെ നിർവ്വഹിക്കാവുന്ന സാഹചര്യങ്ങളില്ലായിരുന്നു. ഒളിഞ്ഞും പാത്തും ഭീതിയോടെയാണവർ നമസ്കാരം നിർവ്വഹിച്ചിരുന്നത്. അധികവും രാത്രിയിൽ. പ്രവാചകന്റെ ഇസ്രാഓടെ കണിശമായി അഞ്ചുനേര നമസ്കാരം നിയമിക്കപ്പെട്ടു. ഹിജ്റയുടെ തലേവർഷമാണ് ഇസ്രാഅ് നടക്കുന്നത്. അതുമുതൽ ശക്തമായ കൽപനകളും ചിട്ടയും വ്യവസ്ഥകളും നിർദ്ദേശിക്കപ്പെട്ടു. അനുകൂല സാഹചര്യം കാത്തിരിപ്പുമായി. നബി(സ)യും സ്വഹാബിമാരും മദീനയിലേക്ക് ഹിജ്റ പോയതോടെ പൂർണ്ണ സ്വാതന്ത്ര്യവും നിർഭയത്വവും ഭരണ ക്രമീകരണങ്ങളും പള്ളിയും ബാങ്ക് വിളിയും അടുക്കും ചിട്ടയും വന്നുചേർന്നു. പ്രവാചകന്റെ നേതൃത്വത്തിൽ ശാന്തമായി പരസ്യമായി നമസ്കാരം നിലനിർത്തപ്പെടുകയാണുണ്ടായത്. മദീനയിൽ നബി(സ) ജീവിച്ച കാലമത്രയും അഞ്ചു സമയങ്ങളിലായിത്തന്നെ ആയിരങ്ങളെ പിന്നിൽ നിർത്തി നമസ്കരിച്ചു. സ്വഹാബി തലമുറ ഒന്നടങ്കം അതിന്നു സാക്ഷികളായി. തലമുറ തലമുറകളായി അത് കൈമാറി. ചരിത്രത്തിൽ ഇന്നുവരെയുള്ള ഏതെങ്കിലും ദശാസന്ധിയിൽ ഒരു ദിവസമെങ്കിലും അതിനു വിരുദ്ധമായി നടന്നതായി യാതൊരു ആധികാരിക പ്രമാണവും ഇന്നോളം ഉണ്ടായിട്ടില്ല. യാത്രക്കാർക്ക് അന്നും ഇന്നും എന്നും അഞ്ച് നമസ്കാരങ്ങളെ മൂന്ന് പ്രാവശ്യങ്ങളിലായി (ജംആയി) റക്അത്തുകളുടെ എണ്ണം ചുരുക്കി (ഖസ്വ്റായി) നമസ്കരിച്ചാൽ മതി എന്ന പ്രവാചകചര്യ ഈ നിമിഷം വരെ നിലനിൽക്കുകയും ചെയ്യുന്നു. പ്രവാചകന്റെ യാത്രയിൽ ഒരിക്കലും ജംഉം ഖസ്വറുമായിട്ടല്ലാതെ നിർവ്വഹിക്കപ്പെട്ടിട്ടുമില്ല. ഇതാണ് യാഥാർത്ഥ്യം.
മക്കാ ജീവിതകാലത്ത് എല്ലാ നമസ്കാരങ്ങളും രണ്ട് റക്അത്തുകൾ വീതം മാത്രമായിരുന്നു നിർവ്വഹിച്ചിരുന്നത്. മദീനയിലെത്തിയ ശേഷമാണ് സ്ഥിരതാമസക്കാരിൽ ള്വുഹറിലും അസ്വറിലും ഇശാഇലും രണ്ടുവീതം കൂട്ടി. നാലു റക്അത്തുകളും മഗ്രിബ് 3 ആയും ഫജ്ർ മുൻകാലത്തെ പോലെ രണ്ടു തന്നെയായും നിജപ്പെടുത്തപ്പെട്ടത്. യാത്രക്കാരുടെ നമസ്കാരം ഏതു പരിതസ്ഥിതിയിലും മഗ്രിബ് ഒഴികെ മറ്റെല്ലാ റക്അത്തുകളും രണ്ട് റക്അത്തുകളായി നിശ്ചയിക്കപ്പെട്ടു. പ്രമാണ നിബദ്ധമാണിതെല്ലാം. പ്രാമാണികമായ മുഴുവൻ ഹദീസ്/ തഫ്സീർ/ ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ഇത് വിശദമായി വിവരിക്കപ്പെട്ടിട്ടുണ്ട്. ദൈർഘ്യഭയത്താൽ ഇവിടെ അവ ഉദ്ധരിക്കുന്നില്ല. വിശുദ്ധ ഖുർആനല്ലാത്ത പ്രമാണങ്ങളൊന്നുമില്ലെന്ന വാദമുന്നയിക്കുന്ന പിഴച്ച കക്ഷികൾ പലവിധ ആശയക്കുഴപ്പങ്ങളും വിശ്വാസികളിലുണ്ടാക്കാൻ ശ്രമിക്കുന്നത് കരുതലോടെ കാണേണ്ടതാകുന്നു. മതസംരക്ഷണമല്ല അവരുടെ ആത്യന്തിക ലക്ഷ്യമെന്നത് സുവിദിതമാണ്.
വിശുദ്ധ ഖുർആനിലെ നമസ്കാര സമയ നിർണയത്തെ ജീവിത മാതൃകയിൽ ലോകത്തിനു സമർപ്പിച്ചത് പ്രവാചകനാകുന്നു. ഖുർആനിൽ നാൽപതിലധികം സ്ഥലങ്ങളിൽ പ്രവാചകനെ നിർബന്ധപൂർവ്വം അനുസരിക്കാൻ അല്ലാഹു കൽപിച്ചതായി കാണാം. ഏതൊക്കെ സമയത്ത്, എങ്ങനെയൊക്കെ, ഏതു രൂപത്തിൽ എന്നെല്ലാം അവിടുന്നു കാണിച്ചും പറഞ്ഞും കൽപിച്ചും ഉപദേശിച്ചും പ്രോത്സാഹിപ്പിച്ചും സുന്ദരമായി മാതൃക കാട്ടി. അവകൾ ഒന്നൊഴിയാതെ ലോകത്തിനു പലവഴികളിലായി കുറ്റമറ്റ പരമ്പരയിലായി തലമുറ കൈമാറിക്കിട്ടിയിരിക്കെ യാതൊരു സംശയത്തിനുമിടയില്ലാതെ സുരക്ഷിതമായിരിക്കുന്നു. സുഭദ്രമായിത്തീർന്ന ഇസ്ലാമിന്റെ പഞ്ചസ്തംഭത്തിന്റെ തകർച്ച ആഗ്രഹിക്കുന്ന കൊടും ക്രൂരർ അല്ലാതെ മറ്റാരും അക്കാര്യത്തിൽ സംശയം ജനിപ്പിക്കുകയില്ല. മതാചാരം ജീവിതത്തിൽ വിശുദ്ധമായി കൊണ്ടുനടക്കാൻ സന്മനസ്സില്ലാത്ത അൽപജ്ഞാനികളും അഹങ്കാരികളുമായവർ മാത്രമേ ദുർവ്യാഖ്യാനത്തിലൂടെ അഞ്ചുനേര നമസ്കാരത്തിൽ കൃത്രിമം ഉണ്ടാക്കുകയുള്ളൂ. തിരുസുന്നത്തിനെ മാറ്റി നിർത്തിയാൽ ഖുർആനിനെ എങ്ങോട്ടു വേണമെങ്കിലും വലിച്ചിഴക്കാമല്ലേ. അല്ലാഹു സ്പഷ്ടമാക്കിയ വിശുദ്ധ ഖുർആനിലെ അഞ്ചു നേര നമസ്കാരത്തിന്റെ സൂക്തങ്ങൾ നിഷ്പക്ഷമായി വിലയിരുത്താൻ നാം തയ്യാറായാൽ കാര്യം ബോധ്യപ്പെടും. പ്രവാചകൻ അതു പ്രായോഗികമാക്കിയതും പരിശോധിക്കുക.
1. സൂറ. ഹൂദ് 114-ാം വചനം:
وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَات ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ
"പകലിന്റെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും താങ്കൾ നമസ്കാരം മുറപോലെ നിലനിർത്തുക." മക്കയിലവതരിപ്പിക്കപ്പെട്ട ഈ വചനം അഞ്ചുനേര നമസ്കാരങ്ങളുടെ കണിശമായ നിർണ്ണയമല്ല - ദിനരാത്രങ്ങളിൽ മുറ തെറ്റാതെ പ്രാർത്ഥന നടത്തുക എന്ന ഉൽബോധനമാണ്. എന്നിട്ടും ഒരു ദിവസത്തിലെ നാലു നമസ്കാരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പകലിന്റെ ഒരറ്റത്തേത് സുബ്ഹും മറ്റേ അറ്റത്തേത് അസ്വറുമാണ്. 'സുലഫ്' ഒന്നിലധികത്തെ സൂചിപ്പിക്കുന്നു. പകലിനോടടുത്ത യാമങ്ങൾ എന്നു സാരം. മഗ്രിബും ഇശാഉമാണ് ഈ സമയത്തെ നമസ്കാരങ്ങൾ. എല്ലാ ഖുർആൻ വ്യാഖ്യാതാക്കളും ഇത് അംഗീകരിക്കുന്നു. നൂറു കണക്കിൽ ഉദ്ധരണികൾ തഫ്സീറുകളിൽ കാണാം.
2. സൂറ. അൽ ഇസ്രാഅ് 78-ാം വചനം:
أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا
"സൂര്യൻ ഉഛിയിൽ നിന്നു തെറ്റിയതു മുതൽ രാത്രി ഇരുട്ടുന്നതു വരെ നിശ്ചിത നമസ്കാരങ്ങൾ താങ്കൾ മുറപ്രകാരം നിർവ്വഹിക്കുക. ഖുർആൻ പാരായണം ചെയ്തു കൊണ്ടുള്ള പ്രഭാത നമസ്കാരവും നിലനിർത്തുക. പ്രഭാത നമസ്കാരത്തിലെ ഖുർആൻ പാരായണം (മലക്കുകൾ) സാക്ഷ്യം വഹിക്കുന്നതാകുന്നു." ഉച്ച തെറ്റുന്നതു മുതൽ സൂര്യന്റെ നാല് ചായ്വുകൾ നിർണ്ണയിക്കാനാകും. 90 ഡിഗ്രിയിൽ നിന്ന് തെറ്റിയാൽ ള്വുഹർ. ഏതാണ്ട് 140 ഡിഗ്രിയിൽ സൂര്യനെത്തിയാൽ അസ്വർ നമസ്കാരമായി. 180 ഡിഗ്രിയിൽ അസ്മതിച്ചാൽ മഗ്രിബായി. രാത്രിയിലെ ഇരുളു കട്ടി കൂടുമ്പോൾ ഏതാണ്ട് സൂര്യൻ 220 ഡിഗ്രിയിലെത്തിയിട്ടുണ്ടാകും. അതാണ് ഇശാഅ് നമസ്കാരസമയം. ഫജ്റിലെ - ഉന്മ പ്രഭാതത്തിലെ - ഖുർആൻ ഏറ്റവും കൂടുതൽ പാരായണം ചെയ്തുകൊണ്ടുള്ള സുബ്ഹ് നമസ്കാരവും. ഈ വിശുദ്ധ വചനം പൂർണ്ണമായെടുത്തു പ്രവാചകചര്യകളുമായി ഒത്തുനോക്കിയാൽ 5 പ്രാവശ്യത്തെ നമസ്കാരത്തെ ഖണ്ഡിതമായി മനസ്സിലാക്കാൻ വേറെ തെളിവുകളൊന്നും ആവശ്യമില്ലല്ലോ. തനിക്കവതരണീയമായ ഖുർആനിനെ പ്രയോഗവൽക്കരിച്ച പ്രവാചകൻ എത്ര വലിയ മഹാമാതൃകാ പുരുഷൻ.
3. സൂറ. അൽറൂം 17, 18 വചനങ്ങൾ:
فَسُبْحَانَ اللَّـهِ حِينَ تُمْسُونَ وَحِينَ تُصْبِحُونَ ﴿١٧﴾ وَلَهُ الْحَمْدُ فِي السَّمَاوَاتِ وَالْأَرْضِ وَعَشِيًّا وَحِينَ تُظْهِرُونَ
"അതിനാൽ നിങ്ങളുടെ സന്ധ്യാവേളയിലും പ്രഭാതവേളയിലും അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. ആകാശഭൂമിയിലെ സർവ്വസ്തുതികളും അവന്നുള്ളതായിരിക്കയാൽ വൈകുന്നേരവും ഉച്ച തിരിയുമ്പോഴും അവനെ പ്രകീർത്തിക്കുക."
ഒരു ദിനത്തിലെ രാപ്പകലുകളിലായി നിശ്ചിത സമയങ്ങളിൽ അല്ലാഹുവിനുള്ള സ്തോത്ര കീർത്തനങ്ങളടങ്ങുന്ന അതിമഹത്തായ നമസ്കാരം നിർവ്വഹിക്കാനാണിവിടെ ആഹ്വാനം ചെയ്യുന്നത്. സന്ധ്യാവേളയിൽ മഗ്രിബ്, ഇശാഅ് നമസ്കാരങ്ങൾ. പ്രഭാതവേളയിൽ സുബ്ഹ് നമസ്കാരം. സായാഹ്നത്തിൽ അസ്വർ നമസ്കാരം. ഉച്ച തിരിയുമ്പോഴുള്ള ള്വുഹർ നമസ്കാരവും. വളരെ വ്യക്തമായാണ് അല്ലാഹു ഇവിടെ വിശദമാക്കിയിരിക്കുന്നത്. പ്രവാചകൻ ജീവിതത്തിൽ അനുസ്യൂതം മാതൃകയാക്കി കാണിച്ചുവല്ലോ. മൂന്ന് നമസ്കാരത്തിന്റെ പേരുകൾ അങ്ങനെത്തന്നെ സൂറ. അൽനൂർ 58ൽ മാത്രമായി വന്നിട്ടുണ്ട്. സ്വലാത്തുൽ ഫജ്ർ, സ്വലാത്തുൽ ള്വഹീറ (ള്വുഹ്ർ) സ്വലാത്തുൽ ഇശാഅ് എന്നിവ.
4. സൂറ. ത്വാഹാ 130-ാം വചനം:
فَاصْبِرْ عَلَىٰ مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا وَمِنْ آنَاءِ اللَّيْلِ فَسَبِّحْ وَأَطْرَافَ النَّهَارِ لَعَلَّكَ تَرْضَىٰ
"അവർ പറയുന്നതിനെ കുറിച്ച് ക്ഷമിച്ചു കൊള്ളുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിനു മുമ്പും രാത്രിയിൽ ചില നാഴികകളിലും പകലിന്റെ അറ്റങ്ങളിലും താങ്കളുടെ നാഥനെ സ്തുതിച്ചു കൊണ്ടുള്ള സ്തോത്ര കീർത്തനങ്ങൾ നടത്തുക. താങ്കൾക്ക് സംതൃപ്തി കൈവരിക്കാനാകും." സൂര്യോദയത്തിന് മുമ്പ് ഫജ്ർ നമസ്കാരമാണ്. സൂര്യാസ്തമനത്തിന് മുമ്പ് അസ്വർ നമസ്കാരമുണ്ട്. രാത്രിയിൽ സൂര്യാസ്തമന ശേഷം ഏതാനും നാഴികകൾ പിന്നിട്ടാലുള്ളത് ഇശാഅ് നമസ്കാരമാണല്ലോ. തഹജ്ജുദ് നമസ്കാരവും രാത്രിയിലാണ്. അതും ഉൾപ്പെടുത്താം. പകലിന്റെ നട്ടുച്ച തെറ്റിയാൽ ഒരറ്റമാണ്. ളുഹറിന്റെ സമയമാണത്. പകലിന്റെ അവസാനത്തെ അറ്റം അസ്തമയത്തോടെ മഗ്രിബ് നമസ്കാരവും. ധാരാളം മുഫസ്സിറുകൾ ഇവ്വിധം വിശദീകരിച്ചിട്ടുണ്ട്. ഹദീസ് നിഷേധികൾക്ക് ഇത്തരം വിശദീകരണങ്ങൾ 'വാറോല'കളാണത്രെ! പ്രവാചക ചര്യ നിഷേധിക്കുന്നവർക്ക് എന്തും പറയാമല്ലോ!
അതിശയകരമെന്നു പറയട്ടെ. മേൽപറഞ്ഞ 4 അധ്യായങ്ങളിലെ 5 ആയത്തുകളിലായി 5 നമസ്കാര സമയങ്ങളുടെ കൃത്യമായ പ്രഖ്യാപനങ്ങൾ ആവർത്തിച്ചു സ്പഷ്ടമായി നമുക്ക് വായിക്കാനാകുന്നു. പകലിന്റെ രണ്ടറ്റം, രാത്രിയിലെ ആദ്യയാമങ്ങൾ, സൂര്യന്റെ ചായ്വുകളിലും, രാത്രിയിൽ ഇരുട്ടിയാൽ, സന്ധ്യാവേളയിൽ, പ്രഭാതവേളയിൽ, വൈകുന്നേരം, ഉച്ച തിരിയുമ്പോൾ, സൂര്യോദയത്തിന് മുമ്പ്, സൂര്യാസ്തമനത്തിനു മുമ്പ്, രാത്രിയിലെ ചില നാഴികകളിൽ, പകലിന്റെ അറ്റങ്ങളിൽ ഇങ്ങനെ സമയങ്ങളുടെ സവിശേഷതകൾ ആലങ്കാരികവും മനോഹരവുമായ പദാശയങ്ങളിൽ സന്ദർഭോചിതങ്ങളായി അല്ലാഹു ഒതുക്കിപ്പറഞ്ഞു കൽപിച്ചു. ഇവ വിശുദ്ധ ഖുർആനിലൂടെ മനുഷ്യകുലത്തിന്നാകമാനമായി ഏറ്റുവാങ്ങിയ ഒന്നാമത്തെ മഹാമാതൃകാ മനുഷ്യനായ റസൂൽ(സ) പതിനായിരങ്ങളെ പിന്നിൽ നിർത്തി 5 തവണയാക്കി കാണിച്ചു തന്നുകഴിഞ്ഞു. അത് തലമുറ തലമുറയായി കൈമാറിക്കിട്ടി - അമലുംമുതവാതിർ - ഇസ്ലാം അനുഗ്രഹീതമാക്കപ്പെട്ടു. എന്നിട്ടുമതിൽ ഏതെങ്കിലും വക്രമനസ്സുള്ളവർ ഭൗതിക താൽപര്യങ്ങൾക്കു വേണ്ടി ദുർവ്യാഖ്യാനം ചെയ്ത് പൊളിച്ചടുക്കാൻ ശ്രമിച്ചാൽ അത് പ്രതിരോധിക്കൽ പണ്ഡിതധർമ്മമാകുന്നു.
Back to INDEX
008 നഷ്ടനേട്ടങ്ങളുടെ കാലസാക്ഷ്യം - ശൈഖ് മുഹമ്മദ് കാരക്കുന്ന്
ലേഖനംനാം ആരെയാണ് ഭാഗ്യവാന്മാർ എന്ന് വിളിക്കുക? ആരെയാണ് വിജയികൾ എന്ന് വിശേഷിപ്പിക്കുക?
ധാരാളം സമ്പത്തുള്ള വരെ, അധികാരമുള്ളവരെ, സ്വാധീനമുള്ളവരെ, കൈകരുത്തും മെയ് മിടുക്കുമുള്ളവരെ, പ്രൗഢിയും പ്രതാപവുമുള്ളവരെ, പണം കൊണ്ടും പദവികൊണ്ടും വിചാരിച്ചതൊക്കെ ചെയ്യാൻ കഴിയുന്നവരെ, മറ്റുള്ളവരെ അടിച്ചമർത്തുകയും ഇടിച്ചൊതുക്കുകയും ചെയ്യുന്നവരെ.
ചിലപ്പോഴൊക്കെ ബാഹ്യമായും ഭൗതികമായും അവർ തന്നെയായിരിക്കും ഭാഗ്യവാന്മാർ . വിജയികൾ. എന്നാൽ പലപ്പോഴും അത് താൽക്കാലികവും പ്രത്യക്ഷവും മാത്രമായിരിക്കും. ഭൂമിയിൽ തന്നെ എപ്പോഴും അതങ്ങനെയാകണമെന്നില്ല. പ്രത്യക്ഷത്തിൽ കാണപ്പെടുന്നത് തന്നെയായിരിക്കണം യാഥാർഥ്യം എന്നുമില്ല.
ഭൂമിയിൽ ആദ്യമായുണ്ടായ അക്രമവും കൊലയും തന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു.
ഹാബീലിനും ഖാബീലിനുമിടയിൽ പ്രശ്നമുണ്ടായപ്പോൾ പരിഹാരമായി ബലി നിർദ്ദേശിക്കപ്പെട്ടു. അത് നടത്തിയപ്പോൾ സ്വീകരിക്കപ്പെട്ടത് ഹാബീലിന്റേതായിരുന്നു. കോപാകുലനായ ഖാബീൽ സഹോദരൻ ഹാബീലിന്റെ കഥ കഴിച്ച് എല്ലാം തന്റെ താല്പര്യത്തിനും ഇഛക്കും അനുസരിച്ച് നടത്താമെന്ന് തീരുമാനിച്ചു. ഹാബീലിന്റെ ശല്യം എന്നന്നേക്കുമായി ഇല്ലാതാക്കാമെന്നും. അങ്ങിനെ കൂർത്തു മൂർത്ത കല്ലെടുത്ത് അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തി. എന്നാൽ പിന്നീടുണ്ടായത് ഖാബീലിന്റെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നതായിരുന്നു. അയാൾ അത്യന്തം ദുഃഖിതനും നിരാശനും അപമാനിതനായി. ആരിലും കൗതുകമുണർത്താത്ത ഒരു കാക്കയെപ്പോലെ ആകാൻ പോലും തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് വേദനയോടെ വിലപിക്കേണ്ടി വന്നു.
അയാൾ പറഞ്ഞു: "എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തിൽ ഈ കാക്കയെപ്പോലെ ആകാൻ പോലും എനിക്ക് കഴിഞ്ഞില്ലല്ലോ. അങ്ങനെ അവൻ കൊടും ഖേദത്തിൽ അകപ്പെട്ടു."(ഖുർആൻ 5:31)
അന്ന് മുതൽ ഇന്നോളം ചരിത്രത്തിൽ ആരും ഖാബീലിനെ പ്രശംസിച്ചിട്ടില്ല. കടുത്ത അക്രമികളും കൊലയാളികളും പോലും അദ്ദേഹത്തെ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. എന്നല്ല സുമനസ്സുകളൊക്കെയും അയാളെ വെറുക്കുകയും ശപിക്കുകയുമാണുണ്ടായത്. ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല . ഭാവിയും മറിച്ചായിരിക്കില്ല.
മറുഭാഗത്ത് ഹാബീൽ ഏവരുടെയും പ്രശംസയും ആദരവും ആർജിച്ചു.അന്നുതൊട്ടിന്നോളം ചരിത്രം സമാനമായ അനുഭവങ്ങൾക്കാണ് കാലം സാക്ഷ്യം വഹിച്ചത്.
പ്രവാചക സമുദായങ്ങൾ
സംഘ സമൂഹത്തിലേക്ക് നിയോഗിതനായ ആദ്യ പ്രവാചകനായി അറിയപ്പെടുന്നത് നൂഹ് നബിയാണ്. ആർക്കും സങ്കല്പിക്കാവുന്നതിൽ ഏറെക്കാലം അദ്ദേഹം സത്യപ്രബോധനം നടത്തി. എന്നിട്ടും വളരെ ചെറിയ ന്യൂനപക്ഷം മാത്രമേ അനുയായികളായി ലഭിച്ചുള്ളു. അവരോ ഏറെ ദുർബലരും പിന്നാക്കക്കാരുമായിരുന്നു. അതേസമയം എതിരാളികൾ അധികാരവും സ്വാധീനവും സമ്പത്തും ഉള്ളവരുമായിരുന്നു. അവർ പ്രവാചകനെയും അനുയായികളെയും പരമാവധി ദ്രോഹിച്ചു. പ്രയാസപ്പെടുത്തി. എന്നാൽ പ്രവാചകനും അനുയായികളും രക്ഷപ്പെടുകയും എതിരാളികൾ വെള്ളത്തിൽ മുങ്ങി മരിക്കുകയുമാണുണ്ടായത്. ചരിത്രത്തിലോ അന്നുതൊട്ടിന്നോളം സുമനസ്സുകളൊക്കയും നൂഹ് നബിക്കും അനുയായികൾക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു .ലോകാന്ത്യം വരെ ഇതു തുടരും .എന്നാൽ എതിരാളികളുടെ പേരോ കുറിയോ പോലും ആർക്കുമറിയില്ല. എന്നിട്ടും അവർ മുഴുവൻ സച്ചരിതരുടെയും ശാപകോപങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു
ഹൂദ്, സ്വാലിഹ്,ശുഐബ്,ലൂത്വ്(അ)പോലുള്ള പ്രവാചകന്മാർ ജീവിതകാലത്ത് കടുത്ത പ്രയാസങ്ങളും പിഡനങ്ങളും അനുഭവിച്ചു.കഠിനമായി അദ്ധ്വാനിച്ചും ത്യാഗം സഹിച്ചും സത്യപ്രബോധനം നടത്തിയിട്ടും വിരലിലെണ്ണാവുന്നവരെ മാത്രമേ അനുയായികളായി കിട്ടിയുള്ളു.അവരോ പാവങ്ങളും സാധാരണക്കാരുമായിരുന്നു. എതിരാളികൾ അധികാരവും സ്വാധീനവുമുള്ളവരും .എന്നിട്ടും ഭൂമിയിൽ തന്നെ രക്ഷപ്പെട്ട് വിജയം വരിച്ചത് പ്രവാചകന്മാരും കൂടെയുള്ളവരുമായിരുന്നു. എതിരാളികൾ അല്ലാഹുവിന്റെ ശാപകോപങ്ങൾക്കിരയായി സമൂലം നശിപ്പിക്കപ്പെട്ടു. ചരിത്രത്തിലിന്നോളം അവർ സച്ചരിതരുടെയൊക്കെ ശാപകോപങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു.പ്രവാചകന്മാരും കൂടെയുള്ളവരും ജനകോടികളുടെ പ്രശംസകളും പ്രാർത്ഥനകളും.
ഇബ്രാഹീം നബിക്ക് ജന്മനാട്ടിൽ നിരവധി കാലം നിരന്തരം ഇസ്ലാമിക പ്രബോധനം നടത്തിയിട്ടും അനുയായികളെ കിട്ടിയില്ല. അഗ്നികുണ്ഠത്തിൽ എറിയപ്പെടുക പോലുമുണ്ടായി. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഏകാന്തപഥികനായി അസമാനമായ ത്യാഗം സഹിച്ച് നാടായ നാടുകളിലൊക്കെ ചുറ്റിക്കറങ്ങുകയായിരുന്നു മാനവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുകയും ത്യാഗം സഹിക്കുകയും ചെയ്ത വ്യക്തി അദ്ദേഹമാണ്. അതു കൊണ്ടു തന്നെ വിശുദ്ധ വേദഗ്രസ്ഥത്തിൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ട വ്യക്തിയും അദ്ദേഹം തന്നെ.ചരിത്രത്തിൽ അദ്ദേഹത്തെപ്പോലെ ആദരിക്കപ്പെട്ടന്ന മറ്റൊരാളുമില്ല.ജൂത, ക്രൈസ്തവ, ഇസ്ലാമിക സമൂഹങ്ങൾ ഒരേ പോലെ അദ്ദേഹത്തെ അംഗീകരിക്കുന്നു. മറുഭാഗത്ത് നംറൂദ് അനിഷേധ്യമായ അധികാരമുള്ള മർദ്ദകനായ ഭരണാധികാരിയായിരുന്നു'. എന്നാൽ ചരിത്രത്തിൽ അദ്ദേഹത്തിന്റെ ഇടം പരമ നിന്ദ്യരുടേതും അഭിശപ്തരുടേതുമത്രെ.
മൂസാ നബി അടിയാള സമാന സമൂഹത്തിൽ നിന്ന് നിയോഗിതനായ പ്രവാചകനാണല്ലോ 'അദ്ദേഹവും അനുയായികളും അനുഭവിച്ച മർദന പീഢനങ്ങൾ വിവരണാതീതമത്രെ. മറുഭാഗത്ത് ഫറവോൻ ഈജിപ്തിലെ പരമാധികാരിയായിരുന്നു. ധിക്കാരപൂർവം അയാൾ ചോദിച്ചു.: "ഈജിപ്തിന്റെ അധികാരം എനിക്കല്ലേ?" ( 43:51)
" ഈ നദികൾ ഒഴുകുന്നത് എന്റെ താഴ്ഭാഗത്തുകൂടെയല്ലേ?(43:51)
"ഞാനല്ലാതെ നിങ്ങൾക്ക് ഒരു ദൈവം ഉള്ളതായി എനിക്കറിയില്ല(28:38)
" ഞാനാണ് നിങ്ങളുടെ പരമോന്നതനായ പരമാധികാരി. " (79:24)
ഈജിപ്ത്യൻ ജനത അദ്ദേഹത്തിന്റെ അവകാശവാദങ്ങളൊക്കെയും അംഗീകരിച്ചു. അദ്ദേഹത്തെ യജമാനനും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയുമായി വാഴിച്ചു.
അവരുടെ ഭാഷയിൽ അയാൾ വൻ വിജയം വരിച്ച മഹാഭാഗ്യവാനും എല്ലാം നേടിയവനുമായിരുന്നു' എന്നാൽ ഭൂമിയിൽ തന്നെ ഫറവോൻ പലതവണ അങ്ങേയറ്റം അപമാനിതനാ യി.. തനിക്കു വേണ്ടി മൂസാ നബിയോട് മത്സരിച്ച മാരണക്കാർ തോറ്റപ്പോൾ;(26:45;46)
അങ്ങനെ അവർ മൂസാ നബിയെ അംഗീകരിക്കുകയും ഏകനായ അല്ലാഹു വിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ...(26:47;48 7:120-122)
പിന്നീട് മാരണക്കാർ ഫറവോന്റെ കൈകാലുകൾ ഒന്നിടവിട്ട് കൊത്തിനുറുക്കുമെന്നും കൊല്ലുമെന്നും കുരിശിലേറ്റു മെന്നുമൊക്കെയുള്ള വെല്ലുവിളികളെ തീർത്തും അവഗണിച്ച് തള്ളിക്കളഞ്ഞപ്പോൾ(26:49- 51. 7:124-126)
സ്വന്തം ഭാര്യ പോലും തന്നെ വെടിഞ്ഞ് മൂസാ നബിയോടൊപ്പം ചേർന്നപ്പോൾ ,തുടർന്ന് നടത്തിയ ഭീഷണി കൾ വിലപ്പോ വാതിരുന്നപ്പോൾ(66:11)
അവസാനം കടലിൽ മുങ്ങിമരിച്ചപ്പോൾ.(26:66)
ഫറവോനും ശിങ്കിടികൾക്കും സംഭവിച്ച ദുരന്തം ഖുർആൻ ഇങ്ങനെ വിശദീകരിക്കുന്നു.
"എത്രയെത്ര ആരാമങ്ങളും അരുവികളുമാണവർ വിട്ടേച്ചു പോയത്.കൃഷിയിടങ്ങളൂം മാന്യമായ മണിമേടകളും, അവർ ആനന്ദത്തോടെ അനഭവിച്ചു പോന്ന എന്തെല്ലാം സൗഭാഗ്യങ്ങൾ, അങ്ങനെയായിരുന്നു അവയുടെ ഒടുക്കം. അതൊക്കെയും നാം മറ്റൊരു ജനതക്ക് അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോൾ ആകാശമോ ഭൂമിയോ അവർക്ക് വേണ്ടി കണ്ണീർവാർത്തില്ല. അവർക്ക് ഒട്ടും അവസരം നൽകിയതുമില്ല"(44:25-29)
മൂസാ നബി എക്കാലത്തെയും വിമോചന പോരാട്ടങ്ങളുടെ പ്രചോദനവും ഇന്ധനവും ആദർശ സ്രോതസ്സുമായി മാറി. പാർശ്വവൽകൃതരും ഇരകളുമായി മറിയ മർദ്ദിത കോടികളുടെ പ്രതീക്ഷയായി അന്നു തൊട്ടിന്നോളം ചരിത്രത്തിൽ അദ്ദേഹം ഇടംപിടിച്ചു. എന്നാൽ ഫറവോൻ കാലം കണ്ട ഏറ്റവും ക്രൂരനും മർദ്ദകനായ കൊലയാളിയും കൊടും ആക്രമിയും നികൃഷ്ടനായ ഭരണാധികാരിയുമായി അറിയപ്പെടുന്നു.
സങ്കല്പാതീതമായ സമ്പത്തിന്റെ ഉടമയായിരുന്നു ഖാറൂൻ.എക്കാലത്തെയും മതരഹിതരായ പണക്കാരെപ്പോലെ ഖാറൂനും അഹന്ത നടിച്ചു.തന്റെ അറിവിലും കഴിവിലും സമ്പത്തിലും അഹങ്കരിച്ചു. അയാളുടെ പൊങ്ങച്ചവും പിത്ത ലാട്ടങ്ങളും പൊതുജനങ്ങളെ ഹഠാദാകർഷിച്ചു. അയാൾ മഹാഭാഗ്യവാനാണെന്ന് അവർ വിധിയെഴുതി- അയാളെപ്പോലെ ആയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു. എന്നാൽ ഏറെകഴിയും മുമ്പെ അയാളുടെ സ്വത്തൊക്കെയും നശിച്ചു. അയാൾ പാപ്പറായി. അതോടെ ജനം പറയാൻ തുടങ്ങി: തങ്ങൾ ഖാറൂനെപ്പോലെ ആവാതിരുന്നതെന്തു ഭാഗ്യം.(28:76-82)
നൂറ്റാണ്ടുകളിലൂടെ
പ്രവാചകന്റെ ഏറ്റവും കരുത്തരും ക്രൂരരുമായ പ്രതിയോഗികളുടെ മുന്നണിയിൽ ഉണ്ടായിരുന്നത് അബൂലഹബും അബൂജഹലും ഉമയ്യത്തുമൊക്കെയായിരുന്നു.മുന്നു പേരും പ്രവാചകനെയും അനുചരന്മാരെയും കഠിനമായി പീഡിപ്പിച്ചു കൊണ്ടിരുന്നു. അവരെല്ലാവരും അക്കാലത്തെ മക്കയിലെ നേതാക്കളും പ്രമാണിമാരുമായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രങ്ങളും.
എന്നിട്ടും അവരുടെയൊക്കെ അന്ത്യം അത്യന്തം അപമാനകരവും ദുരന്തപൂർണവുമായിരുന്നു.
ഖുർആൻ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച വ്യക്തിയാണ് അബൂലഹബ് . അബ്ദുൽ ഉസ്സാ എന്ന് പേരുണ്ടായിരുന്ന അദ്ദേഹത്തിന് അബൂലഹബ് എന്ന പേരു കിട്ടിയത് അയാളുടെ ശരീരം തങ്കം പോലെ ശോഭിക്കുന്നതായിരുന്നതിനാലാണ്. ബദ്ർ യുദ്ധത്തിൽ പരാജയപ്പെട്ട സംഘത്തലവൻ എന്ന നിലയിൽ അയാൾ അതിരൂക്ഷമായ ദുഃഖത്തിലും മോഹ ഭംഗത്തിലും അകപ്പെട്ടു .പിന്നീട് ഏഴു ദിവസത്തിലേറെ ജീവിക്കാൻ കഴിഞ്ഞില്ല. അയാളുടെ ശരീരത്തിൽ ഒരുതരം വൃത്തികെട്ട കുരുക്കൾ പ്രത്യക്ഷപ്പെട്ടു. മുറിവുകളായി അവ പൊട്ടിയൊലിച്ചു. ദുർഗന്ധം വമിക്കാൻ തുടങ്ങി. അയാൾ തൊടുമോഎന്ന് ഭയന്ന് വീട്ടുകാർ മാറിത്താമസിച്ചു അയാൾ മരണപ്പെട്ട ശേഷവും മൂന്ന് ദിവസം ആരും അടുത്ത് ചെന്നില്ല. ശവം ജീർണിച്ച് നാറാൻ തുടങ്ങി. അതോടെ ബന്ധുക്കൾ ഒരു കുഴിയുണ്ടാക്കി. മരക്കഷ്ണങ്ങൾ ഉപയോഗിച്ച് ശവശരീരം തോണ്ടിയെടുത്ത് അതിലേക്ക് എറിഞ്ഞ് കുഴിച്ചുമൂടി.
ബിലാലുബ്നു റബാഹ് സന്മാർഗം സ്വീകരിച്ചതിന്റെ പേരിൽ ഉമയ്യത്ത് കഠിനമായി മർദ്ദിച്ച് അവശനാക്കി. നട്ടുച്ച നേരത്ത് നെഞ്ചിൽ കല്ല് കയറ്റി വെച്ച് ചുട്ടുപഴുത്ത മണലിൽ വലിച്ചിഴച്ചു. ഈ കൊടിയ പീഡനം അനുഭവിച്ച് ശരീരം വേദനകൊണ്ട് പുളയുമ്പോഴും ബിലാലിന്റെ മനസ്സ് ശാന്തമായിരുന്നു . അതേസമയം ഈ മർദ്ദന പീഡനങ്ങൾ നടത്തിക്കൊണ്ടിരുന്ന ഉമയ്യത്തിന്റെ അകം അങ്ങേയറ്റം അശാന്തമായിരുന്നു. ആൾക്കൂട്ടത്തിൽ വെച്ച് തന്റെ അടിമ തന്നെ ധിക്കരിക്കുന്നത് അയാൾക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു . അപമാനഭാരം സഹിക്കാനാവാതെ അയാൾ നബി തിരുമേനിയെ ഒരിക്കലെങ്കിലും ഒരുവാക്ക് പറഞ്ഞെങ്കിലും തള്ളിപ്പറയാൻ ബിലാലിനോട് കെഞ്ചി . ബിലാൽ അതിനു തയ്യാറായില്ല. അദ്ദേഹം തികഞ്ഞ സംതൃപ്തിയോടെ എല്ലാം സഹിക്കുകയായിരുന്നു. അങ്ങനെ ബിലാൽ ചരിത്രത്തിൽ ഏറ്റവും ഉയരത്തിൽ എത്തി. മക്കാവിജയവേളയിൽ വിജയ പ്രഖ്യാപനം നടത്താൻ നബി തിരുമേനി തെരഞ്ഞെടുത്തത് അദ്ദേഹത്തെ ആണല്ലോ. ഭൂമിയിൽ അദ്ദേഹത്തോളം ആദരവ് നേടിയ മറ്റാരെയും അടിമകൾക്കിടയിൽ കണ്ടെത്താനാവില്ല. മക്കാ നഗരത്തിന്റെ മാതാവ് ഹാജറയെയല്ലാതെ. ഉമയ്യത്താകട്ടെ ബദ്ർ യുദ്ധത്തിൽ ബിലാലിന്റെ കൈകളാൽ തന്നെ അപമാനിതനായി വധിക്കപ്പെട്ടു. അയാൾ അവസാനം കേട്ട വാക്കുകൾ ബിലാലിന്റേതായിരുന്നു. "സത്യനിഷേധികളുടെ നായകാ ഇത് ഞാനാണ് .ബിലാൽ എന്ന അടിമ. അല്ലാഹു എന്നെ ഇസ്ലമിലൂടെ ശ്രേഷ്ഠനാക്കി. നിന്നെ അതിക്രമവും സത്യനിഷേധവും കാരണമായി നിന്ദ്യനാക്കി. അതിനാൽ നീ പോകൂ! നിത്യ നാശത്തിലേക്ക്. നരകത്തിലേക്ക്! അവിശ്വാസത്തിന്റെ കാളിമയും പേറി."
അബൂജഹലിന്റെ അന്ത്യവും ഇവ്വിധം അത്യന്തം അപമാനകരമായിരുന്നു.
മറുവശത്ത് സത്യനിഷേധികളുടെ കഠിനമായ പീഡനങ്ങൾ ഏറ്റ് കുരിശിൽ കിടന്നു പിടയുമ്പോഴും തികഞ്ഞ മനസ്സാന്നിധ്യത്തോടെ ഖുബൈബ് ബ്നു അദിയ്യിന് ഇങ്ങനെ പാടാൻ കഴിഞ്ഞു. "അല്ലാഹുവിൻറെ മാർഗത്തിൽ മുസ്ലിമായി വധിക്കപ്പെടുമ്പോൾ അത് ഏതു രൂപത്തിലായാലും എനിക്ക് പ്രശ്നമല്ല. അല്ലാഹു ഉദ്ദേശിച്ചാൽ ചിതറിത്തെറിക്കുന്ന ഓരോ അവയവത്തിലെയും അംശങ്ങളെ അവൻ അനുഗ്രഹിക്കും ."
കുരിശിൽ ബന്ധിതനായിരിക്കെ ശത്രു നേതാവ് അബൂസുഫയാൻ അദ്ദേഹത്തോടു ചോദിച്ചു: "ഈ അവസ്ഥയിൽ മുഹമ്മദ് ആവുകയും ഞങ്ങൾ അദ്ദേഹത്തിന്റെ കഴുത്ത് വെട്ടുകയും നീ നിന്റെ കുടുംബത്തിൽ ആയിരിക്കുകയും ചെയ്യുന്നത് നിനക്കിഷ്ടമാണോ?"
ഖുബൈബിന്റെ പ്രതികരണം എതിരാളികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.അദ്ദേഹം അറിയിച്ചു." ഞാൻ എന്റെ കുടുംബത്തോടൊപ്പം സുഖ ജീവിതം നയിച്ചു കൊണ്ട് മുഹമ്മദ് നബി ഇപ്പോഴുള്ളിടത്ത് ആയിരിക്കുകയും എന്നിട്ട് കാലിൽ ഒരു മുള്ള് തറച്ച് പ്രയാസപ്പെടുകയും ചെയ്യുന്നത് പോലും എനിക്കൊട്ടും ഇഷ്ടകരമല്ല."
അതോടൊപ്പം അദ്ദേഹത്തെ വധിക്കാൻ നേതൃത്വം നൽകിയ അബൂസുഫ്യാന് അവസാനം ഖുബൈബിന്റെ പാത പിന്തുടർന്ന് ഇസ്ലാം സ്വീകരിക്കേണ്ടി വന്നു.
സച്ചരിതരായ നാല് ഖലീഫമാരുടെ കാല ശേഷം അധികാരത്തിൽവന്ന ഉമവികളുടെ ഗവർണറായിരുന്ന ഹജ്ജാജ്
അതിക്രൂരനും കടുത്ത ഏകാധിപതിയും മർദ്ദകനായ ഭരണാധികാരിയുമായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത അധികാര നടത്തിപ്പുകാരനും. അധികാരമേറ്റ ഉടനെ പ്രസംഗപീഠത്തിൽ കയറി അയാൾ ചൊല്ലിയ കവിത തന്നെ ആ ദുഷ്ട മനസ്സ് അനാവരണം ചെയ്യുന്നു .അയാൾക്ക് പാടി. "ഞാൻ ചില തലകൾ കാണുന്നു. അവ പഴുത്ത് പാകമായിരിക്കുന്നു.അവ പറിച്ചെടുക്കാറായിരിക്കുന്നു.ഞാനാണത് ചെയ്യുക.".
പ്രവാചക പത്നി ആയിശ ബീവിയുടെ ജ്യേഷ്ഠ സഹോദരിയും പ്രവാചകന് ഏറെ പ്രിയപ്പെട്ടവരുമായിരുന്ന അസ്മാ ബീവിയുടെയും സുബൈറിന്റെയും മകൻ അബ്ദുല്ലാഹിബ്നു സ്സുബൈറിനെ ഹജ്ജാജ് ഹറമിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മൃതശരീരത്തോടു പോലും തികഞ്ഞ അനാദരവ് കാണിച്ചു. പ്രഗത്ഭ പണ്ഡിതനായിരുന്ന സഈദ് ബ്നു ജുബൈറിന് ഹജ്ജാജ് വധ ശിക്ഷ വിധിച്ചു. വധിക്കാൻ വാൾ തലക്കു മുകളിൽ ഇയർത്തിയപ്പോൾ ജുബൈർ പുഞ്ചിരിച്ചു. കോപാകുലനായ ഹജ്ജാജ് ഗർജിച്ചു. "നീ എന്തിനാണ് ചിരിക്കുന്നത്? "സഈദ് പറഞ്ഞു.'" ഞാൻ ആഴത്തിൽ ആലോചിച്ചപ്പോൾ താങ്കൾ അല്ലാഹുവോട് കാണിക്കുന്ന ധിക്കാരത്തെയും അല്ലാഹു താങ്കളോട് കാണിക്കുന്ന കാരുണ്യത്തെയും കുറിച്ചോർത്തു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അതിനാലാണ് ചിരിച്ചത്."
കൊല്ലപ്പെടുമെന്നുറപ്പാള്ളപ്പോഴും ചിരിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നു സഈദ് ബ്നുജുബൈർ. എന്നാൽ ഹജ്ജാജോ, അയാളുടെ കൈക്ക് കുരു ബാധിച്ചു. അതിവേഗം അത് ശരീരമാകെ പടർന്നു . അയാൾ കാളയെപ്പോലെ അലറുകയായിരുന്നു. അത്യന്തം അപമാനകരവും ദുരിത പൂരിതവുമായിരുന്നു അയാളുടെ അന്ത്യം.. അധികാരത്തിന്റ അഹന്തക്ക് അടിപ്പെട്ട് കൊടിയ ധിക്കാരിയായി പരാക്രമത്തൽ മുഴുകിയ അയാളെ ആദരിക്കന്ന ആരെയും എവിടെയും കാണാനാവില്ല. എന്നാൽ അബ്ദുല്ലാഹിബ്നു സുബൈറും സഈദ് ബ്നു ജുബൈറും ഉൾപ്പെടെ അയാളുടെ പീഢനങ്ങൾക്കിരയായവർ നൂറ്റാണ്ടുകളിലൂടെ ജനകോടികളുടെ പ്രശംസയും പ്രാർത്ഥനയും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. ലോകാന്ത്യം വരെ ഇത് തുടരും.
പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ട , പ്രവാചകന്റെ മടിയിൽ കിടന്നു വളർന്ന, പ്രവാചകന്റെ പ്രിയ പേരക്കുട്ടി ഹസ്രത്ത് ഹുസൈൻ കർബലയിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു. പ്രവാചകൻ സ്ഥാപിച്ച ഇസ്ലാമിക രാഷ്ട്രത്തിന്റെ പിന്മുറക്കാരായി അധികാരമേറ്റ ഉമവിൾക്ക് വേണ്ടി ഇബ്നു സിയാദിന്റെ സൈന്യം അദ്ദേഹത്തെ യൂഫ്രട്ടീസിന്റെ തീരത്ത് കർബലയിൽ പത്തു ദിവസം ദാഹജലം പോലും നൽകാതെ ഉപരോധിച്ചു. ഹസ്രത്ത് ഹുസൈന്റെ കൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ്റമ്പതിൽ താഴെ പേരേ ഉണ്ടായിരുന്നുള്ളൂ. ഇബ്നു സിയാദിന്റെ കൂടെ ആയിരക്കണക്കിന് സൈനികർ ഉണ്ടായിരുന്നു. അവർ പ്രവാചകന്റെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ആ ഹീന കൃത്യത്തെ പൈശാചികമായി ആഘോഷിക്കുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ കൊടും ക്രൂരരായ ആ കൊലയാളികൾ എവിടെ? ആരെങ്കിലും അവരെ ഓർക്കുന്നുവെങ്കിൽ അത് രൂക്ഷമായി ആക്ഷേപിച്ചും ശകാരിച്ചും ശപിച്ചുമാണ്. എന്നാൽ ഹസ്രത്ത് ഹുസൈൻ ഇസ്ലാമിക ജനാധിപത്യത്തിന്റെയും ഖിലാഫത്തിന്റെയും സംരക്ഷണത്തിനായി വീരമൃത്യു വരിച്ച ധീര വിപ്ലവകാരിയായും വീരനായകനായും വാഴ്ത്തപ്പെടുന്നു. ജനകോടികളുടെ പ്രാർത്ഥന ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു.
ഇമാം അബൂഹനീഫ ഭരണകൂടത്തിന്റെ ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങിയ പ്രഗത്ഭ പണ്ഡിതനാണ്. അദ്ദേഹത്തെ ഭരണാധികാരികൾ ക്രൂരമായി പീഡിപ്പിച്ചു. അവസാനം ജയിലിലടച്ചു . ജയിലിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്.
ഇമാം മാലിക്ക് ബ്നു അനസിനെ അധികാരിവർഗ്ഗം ക്രൂരമായി മർദിച്ചു. അടിച്ച് തോളെല്ല് വേർപ്പെടുത്തി. തല മുണ്ഡനം ചെയ്തു. മുഖത്ത് കരി തേച്ച് കഴുത പ്പുറത്തിരുത്തി അങ്ങാടിയിലൂടെ നടത്തിച്ച് അപമാനിച്ചു.
ഇമാം ഷാഫിയെ കയ്യാമം വെച്ച് യമനിൽ നിന്ന് ബഗ്ദാദ് വരെ മരുഭൂമിയിലൂടെ നടത്തിച്ചു. ഇമാം അഹമദ് ബ്നു ഹംബലിനെ അനേകതവണ ബോധം നഷ്ടപ്പെടുമാറ് പ്രഹരിച്ചു കൊണ്ടേയിരുന്നു. അവസാനം അദ്ദേഹത്തെയും ജയിലിലടച്ചു.
എന്നാൽ നാലു ഇമാമുകളും ചരിത്രത്തിൽ ജനകോടികൾക്ക് സത്യത്തിന്റെയും നന്മയുടെയും നേർ വഴിയുടെയും മഹത്തായ മാതൃകയായി മാറുകയായിരുന്നു. അവർ വരച്ചുകാണിച്ച കർമശാസ്ത്ര സരണികളി ലൂടെയാണ് ലോകത്തിലെ മഹാഭൂരിപക്ഷം മുസ്ലിംകളും ഇന്നും ജീവിതം നയിച്ചു കൊണ്ടിരിക്കുന്നത്. അവരെ കഠിനമായി പീഡിപ്പിച്ച ഭരണാധികാരികളോ ? ചരിത്രത്തിൽ ഒന്നുമല്ലാതായി മാറി . അവർ നല്ലവരായ മുഴുവൻ മനുഷ്യരുടെയും വെറുപ്പ് ഏറ്റു വാങ്ങിക്കൊണ്ടേ യിരിക്കുന്നു. ഇമാം അഹമ്മദിനെ മർദ്ദിച്ച അഹമ്മദ് ബിൻ അബൂമുആദ് ഭൂമിയിൽ വച്ചുതന്നെ കഠിനമായ ശിക്ഷ ഏറ്റുവാങ്ങി. ശരീരത്തിന്റെ ഒരുഭാഗം ഈച്ച ഇരുന്നാൽ പോലും സഹിക്കാനാവാത്ത വേദനയുംമറുഭാഗം കത്തി കൊണ്ടു കുത്തിയാലും അറിയാത്ത മരവിപ്പും അനുഭവപ്പെടുന്ന വിചിത്ര രോഗം ബാധിച്ച് അയാൾ അപമാനിതനായാണ് മരിച്ചത്
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ കാലം കണ്ട മഹാ പണ്ഡിതന്മാരുടെ മുന്നണിയിൽ നിൽക്കുന്നു. അദ്ദേഹത്തെയും ഭരണാധികാരികൾ വെറുതെവിട്ടില്ല. കഠിനമായി ദ്രോഹിക്കുകയും ജയിലിലടക്കുകയും ചെയ്തു. ജയിലിൽ വെച്ചാണ് അദ്ദേഹവും ഇഹലോകവാസം വെടിഞ്ഞത്. അദ്ദേഹം ഇസ്ലാമിക നവോത്ഥാനത്തിന്റെ കരുത്തനായ നേതാവായി വാഴ്ത്തപ്പെടുമ്പോൾ എതിരാളികൾ ചരിത്രത്തിൽ ഒന്നുമല്ലാതായി മാറി.
രണ്ടാം സഹസ്രാബ്ദത്തിലെ ഇസ്ലാമിക നവോത്ഥാന നായകനായി പരക്കെ അംഗീകരിക്കപ്പെടുന്ന ശൈഖ് അഹമ്മദ് സർഹിന്ദി ഗോളിയോർ ജയിലിൽ കഴിയേണ്ടി വന്ന മഹത് വ്യക്തിയാണ്. അദ്ദേഹവും ഇന്ത്യൻ സമൂഹത്തിലെ പ്രകാശ ഗോപുരമായി വാഴ്ത്തപ്പെടുന്നു.
ആധുനികലോകത്ത്
ഇസ് ലാമിക ചരിത്രത്തിലെ ഏറ്റം വലിയ ദുരന്തമായിരുന്നു പ്രവാചക കാലം തൊട്ട് നീണ്ട പതിമൂന്നര നൂറ്റാണ്ടുകാലം നിലനിന്നുപോന്ന ഇസ്ലാമിക ഖിലാഫത്തിന്റെ പതനം. അതിന്റെ ചരമ പ്രഖ്യാപനം നടത്തിയ മുസ്തഫാ കമാലിനെ തുർക്കിയുടെ പിതാവ് എന്നർത്ഥം വരുന്ന '.അത്താതുർക്ക് 'എന്ന് വിളിച്ച് ആദരിച്ചു. അയാൾ തന്റെ ക്രൂര കൃത്യങ്ങളെ എതിർത്തവരെയൊക്കെ കൊന്നൊടുക്കുകയോ ജയിലിലടക്കുകയോ ചെയ്തു.എന്നാൽ ആധുനിക തുർക്കി മുസ്തഫാ കമാൽ തള്ളിപ്പറഞ്ഞ ഇസ്ലാമിനെ വാരിപ്പുണർന്നിരിക്കന്നു. അയാൾ ഇസ്ലാമിന്റെ ചിഹ്നങ്ങൾ തുടച്ചുമാറ്റിയ പോലെ അയാളുടെ അവസാനത്തെ അടയാളവും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് തുർക്കിയിലെ ജനവും ഭരണ കൂടവും.
ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിംലോകത്തെ ഏറ്റം കരുത്തനായ ഇസ്ലാമിക നവോത്ഥാന നായകൻ ഹസനുൽ ബന്നയെ വെടിവച്ചുകൊല്ലിച്ച ഫാറൂഖ് രാജാവിന് അന്ത്യ വിശ്രമത്തിന് ആറടി മണ്ണ് യാചിച്ചു വാങ്ങേണ്ടിവന്നു.
അബ്ദുൽ ഖാദിർ ഔദയെയും സയ്യിദ് ഖുത്ബിനെയും അവരുടെ കൂട്ടുകാരെയും ക്രൂരമായി കൊലപ്പെടുത്തിയ ജമാൽ അബ്ദുന്നാസർ ഇന്നിവിടെ? അയാൾ കൊന്നൊടുക്കിയവരും പീഡിപ്പിച്ചവരും ലോകമെങ്ങുമുള്ള സദ്വൃത്തർക്ക് സത്യപാതയിലൂടെ മുന്നോട്ടു നീങ്ങാൻ പ്രചോദനവുംആവേശവും നൽകുന്ന ശക്തി സ്രോതസ്സുകളായി മാറിയപ്പോൾ അബ്ദുന്നാസർ സ്വന്തം നാട്ടിൽ പോലും കൊലയും പീഢനവും ഹരമാക്കിയ മനുഷ്യ പിശാചായാണ് വിലയിരുത്തപ്പെടുന്നത്. ആദരിക്കാൻ ആരുമില്ലാതെ അപമാനവും ആക്ഷേപവും ഏറ്റു വാങ്ങുന്നവനായി മാറിയിരിക്കുന്നു . ആധുനിക ഈജിപ്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യരിലൊരാളാണിന്ന് ജമാൽ അബ്ദുന്നാസർ.
"അയാളുടെ ആജ്ഞാനുവർത്തിയായിരുന്ന ജയിലർ ഹംസ ബസയൂനി ഒട്ടേറെ ഇസ്ലാമിക പ്രവർത്തകരെ തടവിലിട്ടു പീഡിപ്പിച്ചു. അവരെ മർദ്ദിക്കാൻ ഉപയോഗിച്ചിരുന്ന ദണ്ട് ഉയർത്തിപ്പിടിച്ചു അയാൾ ധിക്കാരത്തോടെ ഓരോരുത്തരോടും പറയുമായിരുന്നു "എവിടെ നിന്റെ പടച്ചോൻ? നിന്റെ ദൈവത്തെ ഞാൻ ഈ കമ്പിയിൽ കോർക്കും."
അല്ലാഹു അയാളുടെ അതിക്രമത്തിന്റെ ഫലം നേരിയ നിലയിൽ ഇവിടെവെച്ചു തന്നെ അനുഭവിപ്പിച്ചു. ഇരുമ്പ് കമ്പി കൊണ്ടുപോകുന്ന ഒരു ട്രക്ക് കാറിൽ ഇടിച്ചാണ് ആ ധിക്കാരി അന്ത്യശ്വാസം വലിച്ചത്. അതിൽ ഒരു കമ്പി അയാളുടെ നെറുകയിലൂടെ തുളച്ചുകയറി കുടലിലൂടെ കടന്നുപോയി .അയാളുടെ ശരീരം കഷ്ണം കഷ്ണമാക്കി മുറിച്ചു മാറ്റിയാണ് കാറിൽനിന്ന് പുറത്തെടുത്തത്.
അബ്ദുന്നാസറിന്റെ പട്ടാള മേധാവിയായിരുന്ന സ്വലാഹ് നസ്വറിന്റെ കഥയും ഇവ്വിധംതന്നെ. അനേകം നിരപരാധികളെ കൊടിയ മർദ്ദനങ്ങൾക്ക് ഇരയാക്കിയ അയാൾ ചികിത്സ ഫലിക്കാത്ത പത്തോളം രോഗങ്ങൾക്ക് ഇരയായി. നിരവധി വർഷം അതിൻറെ ദുരിതവുമായി കഴിയേണ്ടിവന്നു. അവസാനം നിരപരാധികളെ പിടിച്ച് തടവിലിട്ട അതേ ജയിലിൽ അയാൾക്കും കിടക്കേണ്ടിവന്നു. മരണവും ജയിലിൽ വെച്ചുതന്നെ.(അവലംബം: ദുഃഖിക്കേണ്ട.അല്ലാഹുനമ്മോടൊപ്പമുണ്ട് :ആഇദുൽ ഖർനി)
ജനകോടികളുടെ പാർതഥന ഏറ്റുവാങ്ങുന്നവർ
വിശ്വാസികളുടെ അനുഭവം അത്ഭുതകരം തന്നെ. അവർ എത്ര സാധാരണക്കാരായാലും എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ പ്രാർത്ഥനകൾ എപ്പോഴും ഏറ്റുവാങ്ങിക്കൊണ്ടേയിരിക്കുന്നു.
ഓരോ വിശ്വാസിയും ലോകമെങ്ങുമുള്ള നൂറ്റി എഴുപത് കോടി വിശ്വാസികളുടെയും അഞ്ചുനേരത്തെ നമസ്കാരങ്ങളിലെ "സച്ചരിതരായ അള്ളാഹുവിന്റെ എല്ലാ അടിമകൾക്കും സമാധാനമുണ്ടാകട്ടെ "എന്ന പ്രാർത്ഥനയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ പതിനാലു നൂറ്റാണ്ടിലേറെക്കാലം ലോകമെങ്ങുമുള്ള വിശ്വാസികൾ നിർവ്വഹിച്ച ഈ പ്രാർത്ഥനയ്ക്ക്
നിസ്സാരരായ നാമും അർഹരായിരിക്കുന്നു. ലോകാവസാനം വരെയുള്ള എല്ലാ നാടുകളിലെയും സച്ചരിതരായ മുഴുവൻ ജനകോടികളുടെയും പ്രാർത്ഥനകളിൽ നാമും ഉൾപ്പെടും. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനകോടികളുടെ പ്രാർത്ഥന നമുക്കു വേണ്ടി ഉണ്ടാവുന്നു. പിന്നാലെ വരുന്നവരൊക്കെയും നമുക്കുവേണ്ടി ഇങ്ങനെ പ്രാർത്ഥിക്കും: "ഞങ്ങളുടെ നാഥാ! നീ ഞങ്ങൾക്കും ഞങ്ങളുടെ മുമ്പേ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്തു തരേണമേ. ഞങ്ങളുടെ മനസ്സിൽ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ(69:10)
ഈ ലോകത്തു പോലും നഷ്ട-നേട്ടങ്ങൾക്കും ജയാപജയങ്ങൾക്കും ആരാണ് അർഹരെന്ന് കാലം സാക്ഷ്യപ്പെടുത്തിയതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ ചേർത്തത്.
മരണശേഷമുള്ള മറുലോകത്തെ ദൈവപ്രീതിയും അവന്റെ പ്രതിഫലവും ആ ദൈവത്തിന്റെ പാത പിന്തുടർന്ന് ജീവിക്കുന്നവർക്ക് മാത്രമാണ്. നരക മുക്തിയും സ്വർഗ ലബ്ധിയും അതിനു നിശ്ചയിക്കപ്പെട്ട ദൈവിക സൻമാർഗം സ്വീകരിച്ച വിശ്വാസികൾക്കു മാത്രം .
"കാലം സാക്ഷി. തീർച്ചയായും മനുഷ്യരെല്ലാം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ." (103:1-3)
Back to INDEX
009 ഖുർആൻ നിയമങ്ങളുടെ നിത്യസൗന്ദര്യം - ഡോ. ജമാലുദ്ദീൻ ഫാറൂഖി
ഭൗതിക ലോകത്തും മരണാനന്തരവും ആനന്ദദായകമായ ജീവിതം ഉറപ്പ് വരുത്തുന്നതാണ് ഈ ദൈവിക നിയമങ്ങൾ. ദിവ്യഗ്രന്ഥത്തിന്റെ പ്രാമാണികതയും ആധികാരികതയും മനസ്സിലാക്കാൻ വിശ്വാസാധിഷ്ഠിത ഭൗതിക സമീപനമാണ് ഖുർആൻ ആവശ്യപ്പെടുന്നത്. മനുഷ്യാർജിത കേവല വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിൽ അത് വിലയിരുത്താൻ സാധിക്കുകയില്ല. അറിവുകൾക്ക് മൗലികതയുണ്ടാകുന്നതും വിശ്വാസത്തിന്റെ പിൻബലം അതിന് ഉണ്ടാകുമ്പോഴാണ്. വിശ്വാസത്തിന്റെ അഭാവത്തിൽ വിജ്ഞാനമെത്രയുണ്ടെങ്കിലും അത് മനസ്സിനെ മലിനമാക്കുമെന്നാണ് ഖുർആൻ പറയുന്നത്. (10/100)മനുഷ്യൻ കൈവരിക്കേണ്ട ശാശ്വത വിജയമാണ് ഖുർആന്റെ മുഖ്യപ്രമേയം. അതിന് അവനെ പ്രാപ്തമാക്കുന്ന ആദർശ ആരാധന, പെരുമാറ്റ, സ്വഭാവഗുണങ്ങളുടെ സംഗ്രഹമാണ് ഇസ്ലാമിക ശരീഅത്ത്. ഇതിന്റെ മുഖ്യ സ്രോതസ്സ് ഖുർആൻ തന്നെയാണ്. തൗഹീദ് (ഏകദൈവ വിശ്വാസം) രിസാലത്ത് (പ്രവാചകത്വം) ആഖിറത്ത് (മരണാനന്തര ജീവിതം) എന്നീ മൂന്ന് മേഖലകളിലായാണ് ഖുർആന്റെ നിയമങ്ങൾ വന്നിരിക്കുന്നത്. ഭൗതിക ലോകത്തും മരണാനന്തരവും ആനന്ദദായകമായ ജീവിതം ഉറപ്പ് വരുത്തുന്നതാണ് ഈ ദൈവിക നിയമങ്ങൾ. ദിവ്യഗ്രന്ഥത്തിന്റെ പ്രാമാണികതയും ആധികാരികതയും മനസ്സിലാക്കാൻ വിശ്വാസാധിഷ്ഠിത ഭൗതിക സമീപനമാണ് ഖുർആൻ ആവശ്യപ്പെടുന്നത്. മനുഷ്യാർജിത കേവല വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിൽ അത് വിലയിരുത്താൻ സാധിക്കുകയില്ല. അറിവുകൾക്ക് മൗലികതയുണ്ടാകുന്നതും വിശ്വാസത്തിന്റെ പിൻബലം അതിന് ഉണ്ടാകുമ്പോഴാണ്. വിശ്വാസത്തിന്റെ അഭാവത്തിൽ വിജ്ഞാനമെത്രയുണ്ടെങ്കിലും അത് മനസ്സിനെ മലിനമാക്കുമെന്നാണ് ഖുർആൻ പറയുന്നത്. (10/100)
നിയമങ്ങളുടെ മൗലികത
മൂന്ന് തരത്തിലുള്ള നിയമങ്ങൾ ഖുർആൻ ഉൾകൊള്ളുന്നുണ്ട്.
ഒന്ന്: പ്രപഞ്ച കേന്ദ്രീകൃത നിയമങ്ങൾ: പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് ദൈവിക നിയമങ്ങൾക്ക് വിധേയമായിട്ടാണ്. സന്തുലിതവും വ്യവസ്ഥാപിതവുമാണ് ഈ നിയമങ്ങൾ. "സുന്നത്തുല്ലാഹ്" എന്നാണിതിനെ ഖുർആൻ വിശേഷിപ്പിക്കുന്നത്. മാറ്റമോ ഭേദഗതിയോ ഇതിൽ ഉണ്ടാവുകയില്ല. പ്രാപഞ്ചിക പ്രവർത്തനങ്ങളിലെ ദൈവിക നടപടിയുടെ കൃത്യത ഖുർആൻ എടുത്തു പറയുന്നുണ്ട്. "പരമ കാരുണികനായ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ യാതൊരുവിധ ഏറ്റക്കുറവും നീ കാണുകയില്ല." (67/03). "എല്ലാറ്റിനെയും നാം സൃഷ്ടിച്ചിരിക്കുന്നത് വ്യവസ്ഥാപിതമായിട്ടാണ്." (54/49). ഈ നടപടിക്രമങ്ങളിൽ മനുഷ്യാർജിത വിജ്ഞാനം കൊണ്ട് വളരെ കുറച്ച് മാത്രമാണ് ശാസ്ത്രലോകത്തിന് ലഭിച്ചിരിക്കുന്നത്. പ്രപഞ്ചമാസകലമുള്ള ഇത്തരം ദൈവിക നിയമ വിജ്ഞാനങ്ങൾ പൂർണമായി കണ്ടെത്താൻ മനുഷ്യന് സാധിക്കുകയില്ലെന്നും ഖുർആൻ വ്യക്തമാക്കുന്നു. "ഭൂമുഖത്തുള്ള വൃക്ഷങ്ങളെല്ലാം പേനയാക്കുകയും സമുദ്രം മഷിയാകുകയും പുറമെ ഏഴ് സമുദ്രങ്ങൾ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങൾ എഴുതി തീരുകയില്ല." (31/27)
ഭൂമുഖത്ത് അവസാനമായി ജീവിക്കാനിരിക്കുന്ന മനുഷ്യൻ വരെയും ഈ പ്രപഞ്ചത്തിൽ പ്രവർത്തന നിരതമായിരിക്കും. അതിൽ ഇടപെടുവാനുള്ള അവസരം അല്ലാഹു ആർക്കും നൽകുന്നുമില്ല. "നിന്റെ രക്ഷിതാവ്, താനുദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു, താനുദ്ദേശിക്കുന്നത് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവർക്കെന്തെങ്കിലും തെരഞ്ഞെടുക്കാൻ അർഹതയില്ല." (28/68). പ്രപഞ്ചത്തിൽ കാണുന്ന ദൈവിക നിയമ നടപടി ക്രമങ്ങൾ മനുഷ്യനെ പഠിപ്പിക്കുന്നത് അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) ആകുന്നു. 27-ാം അധ്യായത്തിൽ (നംല്) അഞ്ച് വചനങ്ങളിലായി (60-64) പ്രപഞ്ചത്തിലെ ദൈവിക നിയമ സംവിധാനങ്ങൾ വിവരിക്കവെ, ആവർത്തിക്കുന്ന ഒരു ചോദ്യമുണ്ട്. "അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹ് ഉണ്ടോ?" എന്ന ചോദ്യം പ്രാപഞ്ചിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം മനഷ്യനെ തൗഹീദിലേക്ക് എത്തിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
രണ്ട്: മതപരമായ നിയമങ്ങൾ
അനശ്വരമായ വിജയം സ്വന്തമാക്കുവാൻ വിശ്വാസ ധർമാധിഷ്ഠിത ജീവിതമാണ് ഖുർആൻ നിർദ്ദേശിക്കുന്നത്. ആരാധനകളും ആചാരങ്ങളും സ്വഭാവശീലങ്ങളുമായി പരശ്ശതം നിയമങ്ങൾ ഈ മേഖലയിൽ ഖുർആൻ നിശ്ചയിച്ചിട്ടുണ്ട്. പ്രാപഞ്ചിക പ്രവർത്തനങ്ങളുടെയും മനുഷ്യസൃഷ്ടിപ്പിന്റെയും താളപ്പൊരുത്തങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ തലത്തിലുള്ള നിയമങ്ങൾ ഖുർആൻ പഠിപ്പിക്കുന്നത്. "അതിനാൽ സത്യത്തിൽ വക്രതയില്ലാതെ നിലകൊള്ളുന്നവനായി മതത്തിന് കീഴൊതുങ്ങി ജീവിക്കുക, അല്ലാഹു മനുഷ്യനെ ഏതൊരു പ്രകൃതത്തിൽ സൃഷ്ടിച്ചിരിക്കുന്നുവോ, ആ പ്രകൃതിയാണ് മതം. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് ഒരു മാറ്റവുമുണ്ടാകുകയില്ല. (30/30)" ഈ അടിസ്ഥാനത്തിലാണ് ഇസ്ലാമിനെ പ്രകൃതി മതമെന്ന് പറയപ്പെടുന്നത്.
മതനിയമങ്ങൾക്കനുസരിച്ച് ജീവിക്കുന്നത് പഴഞ്ചനും പ്രാകൃതവുമായി കാണുന്നവരുണ്ട്. എന്നാൽ മതരാഹിത്യ സമീപനം ദുരന്തങ്ങൾ മാത്രമാണ് മനുഷ്യന് സമ്മാനിച്ചത്. ദൈവമുക്ത, ധർമരഹിത ജീവിതത്തിൽ മനുഷ്യൻ അലക്ഷ്യമായി അലയുന്നതായാണ് നമ്മുടെ അനുഭവം. നിയമങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുന്നു എന്ന് ബോധ്യം വരുമ്പോൾ മാത്രമാണ് മനുഷ്യൻ സ്വതന്ത്രനാകുന്നത്. പാടുള്ളതും പാടില്ലാത്തതും കണിശമായി പാലിക്കുമ്പോൾ മാത്രമേ ജീവിതത്തിന് ദിശാബോധമുണ്ടാകുകയുള്ളൂ.
മതനിയമങ്ങൾക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്. അനുഷ്ഠാനങ്ങൾ; നമസ്കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നു. ഭക്തി നിറഞ്ഞ മനസ്സുമായി ഇവ നിർവ്വഹിക്കുമ്പോൾ ജീവിതത്തിലെ മറ്റു സന്ദർഭങ്ങളെ കൂടി ശാക്തീകരിക്കാനാവശ്യമായ ഭയഭക്തി ഇതിലൂടെ നേടിയെടുക്കാനും കഴിയുന്നു. വിവാഹം, വിവാഹമോചനം, മാതാപിതാക്കൾ, സന്താനങ്ങൾ, ഭക്ഷണക്രമങ്ങൾ, വസിയ്യത്ത്, അനന്തരാവകാശം, യുദ്ധം, സന്ധികൾ തുടങ്ങി വ്യവഹാര പ്രാധാന്യമായ കാര്യങ്ങളാണ് രണ്ടാമത്തേത്. ആരാധനകളില്ലെന്ന പോലെ ഈ കാര്യങ്ങളിലെ നിയമങ്ങളും കണിശമായി പാലിക്കണമെന്ന് ഖുർആൻ വ്യക്തമാക്കുന്നു. നിയമങ്ങൾ എന്നതിനേക്കാളേറെ അല്ലാഹു നിശ്ചയിച്ച പരിധികൾ (ഹൂദൂദുല്ലാഹ്) എന്നാണവയെ അല്ലാഹു വിശേഷിപ്പിക്കുന്നത്. അവ ലംഘിക്കുന്നത് കടുത്ത അപരാധവും അതിക്രമവുമാണെന്നും ഖുർആൻ ഉണർത്തുന്നു.
ഈ കാര്യങ്ങളിൽ ഖുർആൻ നൽകുന്ന നിയമങ്ങൾ മാറ്റിവെച്ച് സ്വന്തം താൽപര്യപ്രകാരം പ്രവർത്തിക്കുവാൻ പാടില്ല. "അല്ലാഹുവും റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്താൽ വിശ്വാസിക്കോ, വിശ്വാസിനിക്കോ അതിൽ സ്വന്താഭിപ്രായം പാടില്ല." (33/36)
മൂന്ന്. പ്രതിക്രിയ (ഖിസ്വാസ്)യുമായി ബന്ധപ്പെട്ട നിയമങ്ങളാണ് മൂന്നാമത്തേത്. വ്യക്തിക്കും സമൂഹത്തിനും ആവശ്യമായ സുരക്ഷ ഒരുക്കുകയെന്നത് ഖുർആൻ അധ്യാപനങ്ങളുടെ പ്രധാന ലക്ഷ്യമാണ്. മതപരമായ വിലക്കുകൾ ലംഘിച്ച് അരുതാത്തത് ചെയ്യുമ്പോൾ അത് സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്നു. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കിയെടുക്കാൻ മുകളിൽ പറഞ്ഞ മതാനുഷ്ഠാനങ്ങൾ പ്രാപ്തമാണ്. എന്നാൽ തിന്മയും ദുഷ്ടമനസ്സുമായി നടക്കുന്നവരെ തടയിടാൻ അതിന് കഴിയില്ല. അത്തരക്കാരെ നിയന്ത്രണത്തിൽ കൊണ്ടുവരികയെന്നതാണ് ഖിസ്വാസിന്റെ ലക്ഷ്യം. "പ്രതിക്രിയ നിയമങ്ങളിൽ നിങ്ങൾക്ക് ജീവിത പരിരക്ഷയുണ്ട്." (02/179). ഒരാളെ കൊന്നവൻ എല്ലാ ജനങ്ങളെയും കൊന്നതിന് തുല്യമാണ്. ഒരാൾക്ക് ജീവിതം നൽകിയാൽ എല്ലാവർക്കും ജീവൻ നൽകിയതിന് തുല്യമാണ്. (05/32). പ്രതിക്രിയ നിയമ സംവിധാനങ്ങളുടെ മുഖ്യസന്ദേശമാണ് ഇതിൽ വ്യക്തമാക്കുന്നത്. മോഷണം, വ്യഭിചാരം, കൊലപാതകം തുടങ്ങിയവയൊക്കെ ശിക്ഷാർഹമായ കുറ്റങ്ങളാണ്. വ്യക്തമായ തെളിവുകളിലൂടെ കുറ്റം സ്ഥിരീകരിച്ചാൽ മാത്രമേ പ്രതി ശിക്ഷക്ക് അർഹനാകുന്നുള്ളൂ. സംശയങ്ങളുടെ ആനുകൂല്യത്തിൽ ഇത്തരം ശിക്ഷകൾ ഒഴിവാക്കപ്പെട്ട സന്ദർഭങ്ങളും ഇസ്ലാമിക ചരിത്രത്തിലുണ്ട്.
ഇന്ന് ലോകത്ത് രണ്ട് തരം ക്രിമിനൽ കോഡുകളാണുള്ളത്. നിരപരാധിത്വം തെളിയിക്കാത്ത കാലത്തോളം ഒരാളെ കുറ്റവാളിയായി കാണുന്ന കിരാതമായ സമീപനം. നമ്മുടെ രാജ്യത്തും ഇത്തരത്തിൽ പല വ്യക്തികളും കുറ്റവിചാരണക്ക് വിധേയരായി ജയിലുകളിലുണ്ട്. കുറ്റകൃത്യം തെളിയിക്കാത്ത കാലത്തോളം നിരപരാധിയായി കാണുന്ന സമീപനവും ചില രാജ്യങ്ങളിലുണ്ട്. ഇസ്ലാമിക ശിക്ഷാനിയമങ്ങളിൽ രണ്ടാം ഗണത്തിൽ പെടുന്നു. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നത് ഇസ്ലാമിക നീതിന്യായ വ്യവസ്ഥയുടെ വിശേഷ ഭാഗമാണ്. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന സാമൂഹിക പശ്ചാത്തലം ഉണ്ടാകുമ്പോഴും പ്രതികൾക്ക് ശിക്ഷ വിധിക്കാറില്ല. പട്ടിണി മൂലം മോഷണം നടത്തിയ ഒരാളെ ശിക്ഷ നൽകാതെ ഉമർ(റ) വെറുതെവിട്ട സംഭവം ചരിത്രത്തിൽ പ്രസിദ്ധമാണ്. ആ നിലക്ക് വിലയിരുത്തുമ്പോൾ ശിക്ഷാനിയമങ്ങളെ ശിക്ഷണമായിട്ടു മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. ചെയ്ത തെറ്റുകളിൽ കുറ്റബോധമുണ്ടാക്കുവാനും ഭാവി ജീവിതത്തിൽ കൂടുതൽ സൂക്ഷ്മത പാലിക്കുവാനും ശിക്ഷണങ്ങൾ സഹായകമാണ്. എന്നാൽ സമൂഹത്തിന്റെ നിലനിൽപ്പിനും സുരക്ഷക്കും കടുത്ത ഭീഷണിയായി വിധ്വംസക പ്രവർത്തനങ്ങൾ പെരുകുമ്പോൾ ശിക്ഷാ നിയമങ്ങളിലൂടെ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഖുർആൻ നിർദ്ദേശിക്കുന്നത്.
"അല്ലാഹുവിനോടും റസൂലിനോടും പോരാടുകയും ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പരിണിതി, അവർ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ കൈകാലുകൾ എതിർവംശങ്ങളിൽ നിന്നായി മുറിച്ചു മാറ്റുകയോ നാടുകടത്തപ്പെടുകയോ ചെയ്യുകയെന്നത് മാത്രമാകുന്നു." (05/33).
അക്രമവാസന പെരുകുകയും ദുഷ്ടചിന്തകളുള്ള അധോലോകം രാജ്യത്തിന്റെ ക്രമസമാധാനം കൈയിലെടുക്കുകയും ചെയ്യുമ്പോഴും ജുഡീഷ്യറി നിസ്സംഗത പാലിക്കുന്ന ഇക്കാലത്ത് ഇസ്ലാമിക ശിക്ഷാനിയമങ്ങളെ സമൂഹം പുനർവായിക്കേണ്ടതുണ്ട്. നിയമം നൽകുന്ന അമിതമായ സുരക്ഷാബോധവും നിരപരാധികളെ അനാവശ്യമായി വേട്ടയാടലും സമൂഹത്തിൽ അരാജകത്വം വർദ്ധിക്കുവാൻ മാത്രമേ സഹായകമാകുകയുള്ളൂ.
Back to INDEX
010 “ഉമ്മതുന്‍ വസതുന്‍” അഥവാ ചുമതലയേല്‍പിക്കപ്പെട്ട സമുദായം - എ. ഐ. വിലായത്തുല്ല
മനുഷ്യ സമൂഹം ഒരൊറ്റ “ഉമ്മത്ത്” (സമുദായം) ആണെന്ന് വിശുദ്ധ ഖുര്ആ ന്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്.نَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ
“നിശ്ചയമായും നിങ്ങളുടെ ഈ സമുദായം ഏക സമുദായമാകുന്നു. ഞാന്‍ നിങ്ങളുടെ രക്ഷിതവുമാകുന്നു. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവീന്‍” (വി. ഖു. 21:92)
സുദീർഘമായ ഒരു കാലഘട്ടം മനുഷ്യകുലം ഒരു ഉമ്മത്തായി തന്നെ നിലക്കൊണ്ടുവെന്നും പിന്നീട് വിശ്വാസപരമായ, പ്രത്യേകിച്ച് തങ്ങളുടെ സൃഷ്ടാവും ആരാധ്യനുമായ റബ്ബിനെക്കുറിച്ചുള്ള വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള, അഭിപ്രായ ഭിന്നതകള്‍ കാരണമായിട്ടാണ് അവര്‍ ഭിന്നസമൂഹങ്ങളായി പരിവർത്തിതമായത് എന്നും വിശുദ്ധ ഖുർആന്‍ ചൂണ്ടിക്കാണിക്കുന്നു.
كانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّـهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّـهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّـهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ
“മനുഷ്യകുലം ഒരൊറ്റ സമുദായമായിരുന്നു. ആ അവസ്ഥയില്‍ അല്ലാഹു പ്രവാചകന്മാരെ സന്തോഷവാർത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നൽകുന്നവരുമായി അയച്ചുകൊണ്ടിരുന്നു. ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായങ്ങളുളള കാര്യങ്ങളില്‍ തീർപ്പ് കല്പിക്കുന്നതിന് നിദാനമാകുന്നതിന് വേണ്ടി സത്യവേദവും അവർക്ക് ഇറക്കികൊടുക്കുകയുണ്ടായി. സത്യവേദം നൽകപ്പെട്ടവര്‍, വ്യക്തമായ തെളിവുകളും വിശദീകരണങ്ങളും ലഭിച്ചതിന് ശേഷവും, ഭിന്നാഭിപ്രായക്കാരായി മാറിയത് അവർക്കിടയിലെ പകയും വിദ്വേഷവും കാരണമായിട്ടാണ്. വിശ്വാസത്തിലൂന്നി നിന്നവർക്ക് അവർക്കിടയിലെ അഭിപ്രായഭിന്നതകളുടെ കാര്യത്തില്‍ സത്യാടിസ്ഥാനത്തിലുള്ള മാർഗ്ഗദർശനം തുടർന്നും അല്ലാഹു തൃപ്തിയോടെതന്നെ നൽകുകയുണ്ടായി. അല്ലാഹു അവനുദ്ദേശിക്കുന്നവരെ ചൊവ്വായ വഴിയിലേക്ക് നയിക്കുന്നു.” (വി. ഖു. 2: 213)
മഹാനായ പ്രവാചകന്‍ നൂഹ് (അ)ന്റെ കാലം വരെയും മനുഷ്യ സമൂഹം ഒറ്റ സമുദായമായിരുന്നുവെന്ന് ഖുർആന്റെ സൂചനകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. വിശ്വാസപരമായ ഭിന്നതകള്‍ ഉടലെടുത്തതിനോടൊപ്പം നൂഹിന്റെ കാലത്ത് മനുഷ്യന് കരഗതമായ കപ്പല്‍ നിർമ്മാണ വിദ്യകൂടി ആയതോടെ, മനുഷ്യ സമൂഹം കടലിലൂടെ ദീർഘമായ യാത്ര നടത്തുവാനും പുതിയ പല വൻകരകളും കണ്ടെത്തുവാനും തുടങ്ങുകയും വൈകാതെ തന്നെ അവര്‍ ഭിന്നസമൂഹങ്ങളും, പരസ്പരം തിരിച്ചറിയാനോ മനസ്സിലാക്കാനോ കഴിയാത്ത സമുദായങ്ങളുമായി മാറുകയും ചെയ്തു.
ബൈബിളിലെ ബെയിബല്‍ ഗോപുരം (Babel Tower) ഒരു ആലങ്കാരികമായ പരികല്പയന മാത്രമാണ്. ഭിന്നത ഉടലെടുക്കുന്നത് വിശ്വാസപരമായ അടിത്തറക്ക് ഇളക്കം തട്ടിയത് കൊണ്ടാണെന്ന് ഖുർആൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭാഷ വൈവിദ്യമുള്ളതാകുവാന്‍ കാരണമാകും വിധം ദൈവിക ശാപമുണ്ടായതല്ല, മറിച്ച്, അകന്നുപോയി മാറിത്താമാസിച്ചതിനാലാണ് ഭാഷാവൈവിധ്യം ഉടലെടുക്കുന്നത്.
പല സമുദായങ്ങളായി മനുഷ്യകുലം പരിവർത്തിതമായി തീർന്നതിന് ശേഷവും ഓരോ സമുദായത്തിലേക്കും വിത്യസ്ത ദേശങ്ങളിലേക്കുമായി ദൈവികദൂതന്മാര്‍ നിയോഗിക്കപ്പെട്ടു.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ
“നിശ്ചയമായും എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ അയക്കുകയുണ്ടായി. അല്ലാഹുവിന് ഇബാദത്ത് ചെയ്യുവാനും താഗൂതിനെ കൈവെടിയുവാനും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവര്‍ കർത്തവ്യം നിറവേറ്റിയിരുന്നത്. ആ സമുദായങ്ങളില്‍ ചിലതിന് അല്ലാഹുവിന്റെ മാർഗ്ഗദർശനം ഉൾക്കൊള്ളുവാന്‍ യോഗമുണ്ടായപ്പോള്‍ മറ്റു ചിലതിന് ദുർമാർഗ്ഗം പിൻപറ്റുവാനുള്ള യോഗമേ ഉണ്ടായുള്ളൂ. അതിനാല്‍ നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും സത്യനിഷേധികളുടെ അന്തിമപരിണിതി എന്തായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്യുക.” (വി. ഖു. 16:36)
ഏകനായ സൃഷ്ടാവിനെ മാത്രം ആരാധിക്കുക, അവനെ മാത്രം രക്ഷിതാവായി കാണുക, അവനിലേക്കാണ് മടക്കം തുടങ്ങിയ കാര്യങ്ങള്‍ ഓർമ്മിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. ശരിയായ ജീവിത സരണി കാണിച്ചുകൊടുക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഇത്തരം ദൂതന്മാരെ പിൻപറ്റുന്നവർക്ക് സ്വർഗലബ്ധിയെക്കുറിച്ച് സന്തോഷവാർത്തയും, അവരെ ധിക്കരിക്കുകയും അവരോട് ശത്രുത കാണിക്കുകയും ചെയ്തവർക്ക് നരകശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുമാണ് നൽകപ്പെടുകയുണ്ടായത്.
മനുഷ്യ സമൂഹം ഈ വിധം വിഭിന്നതകളും വൈജാത്യങ്ങളുമുള്ള വിവിധ സമൂഹങ്ങളും കുലങ്ങളും ജാതികളും വംശങ്ങളുമൊക്കെയായി മാറിയതിന് ശേഷവും എല്ലാ ദൂതന്മാരും അവരെ ഓർമ്മപ്പെടുത്തിയിരുന്ന കാര്യം അവര്‍ എല്ലാവരും ഒരൊറ്റ പിതാവിന്റെയും മാതാവിന്റെയും മക്കളായ ഒറ്റ സമൂഹമാണ് എന്ന കാര്യമായിരുന്നു.
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ ۚ إِنَّ اللَّـهَ عَلِيمٌ خَبِيرٌ
“മനുഷ്യസമൂഹമേ, നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായിട്ടാണ്. നിങ്ങളെ നാം വംശങ്ങളും ഗോത്രങ്ങളുമാക്കി തിരിച്ചിട്ടുള്ളത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുന്നതിനു വേണ്ടി മാത്രമാകുന്നു. നിശ്ചയമായും അല്ലാഹുവിന്റെയടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സൂക്ഷമതയുള്ളവനാകുന്നു. നിശ്ചയമായും അല്ലാഹു സര്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” (വി. ഖു. 49:13)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا
“മനുഷ്യസമൂഹമേ, ഒരൊറ്റ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ച, അതിൽനിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ച, എന്നിട്ട് അവരിരുവരില്‍നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയുണ്ടായ, നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക! ഏതൊരു അല്ലാഹുവിനെ മുന്‍നിർത്തിയാണോ നിങ്ങള്‍ പരസ്പരം ഇടപാടുകള്‍ ചോദിക്കുകയും പറയുകയും ചെയ്യാറുള്ളത്, അവനെ നിങ്ങള്‍ സൂക്ഷിക്കുക! അപ്രകാരം തന്നെ കുടുംബ ബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക! നിശ്ചയമായും അല്ലാഹു നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാകുന്നു.” (വി. ഖു. 4:1)
ബുദ്ധിപരമായ സത്യസന്ധതയോടെ നന്മയും തിന്മയും സത്യവും അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കി ശരിയായതിനെ പിൻപറ്റുവാന്‍ കാണിക്കുന്ന സൂക്ഷ്മത (തഖ്വ) മാത്രമാണ് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഔന്നത്യം നൽകുന്ന ഘടകമെന്ന്കൂടി ഇതോടൊന്നിച്ച് അവര്‍ ഓര്‍മിപ്പിക്കുകയുണ്ടായി.
കാര്യങ്ങള്‍ ഈവിധമൊക്കെയായിരുന്നെങ്കിലും എല്ലാ കാലഘട്ടങ്ങളിലും മനുഷ്യകുലത്തിന്റെ പൊതുവായ നേതൃത്വം വഹിക്കുവാനും സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും ദൈവിക നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു സാമൂഹ്യക്രമവും ഒരു ലോകക്രമവുമൊക്കെ നടപ്പിലാക്കുന്നതിന് വേണ്ടി ചില സമുദായങ്ങളെ അല്ലാഹു തെരഞ്ഞെടുക്കുകയും ചുമതല ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ വിധത്തില്‍ ചുമതലയേല്‍പ്പിക്കപ്പെട്ടിരുന്ന ഒരു സമുദായമായിരുന്നു ബനൂഇസ്രാഈല്‍ സമുദായമെന്ന് വിശുദ്ധ ഖുർആന്‍ വ്യക്തമാക്കുന്നുണ്ട്.
يَا بَنِي إِسْرَائِيلَ اذْكُرُوا نِعْمَتِيَ الَّتِي أَنْعَمْتُ عَلَيْكُمْ وَأَنِّي فَضَّلْتُكُمْ عَلَى الْعَالَمِينَ
“ഇസ്റാഈല്‍ മക്കളെ, ഞാന്‍ നിങ്ങളുടെ മേല്‍ ചൊരിഞ്ഞു തന്ന എന്റെ അനുഗ്രഹങ്ങളെയും നിങ്ങളെ ഞാന്‍ നിശ്ചയമായും ലോകസമൂഹങ്ങളുടെമേല്‍ ശ്രേഷ്ടരാക്കിയ കാര്യവും നിങ്ങള്‍ ഓർക്കുക! (വി. ഖു. 2:47, 2:122)
وَلَقَدْ آتَيْنَا بَنِي إِسْرَائِيلَ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى الْعَالَمِينَ
“നിശ്ചയമായും ബനൂഇസ്റാഈലിന് നാം വേദഗ്രന്ഥവും പ്രായോഗികജ്ഞാനവും പ്രവാചകത്വവും നല്കുകയുണ്ടായി. നാം അവർക്ക് നല്ല വിഭവങ്ങള്‍ നൽകുകയും ലോകസമൂഹങ്ങളുടെമേല്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.” (വി. ഖു. 45:16)
ഒന്നിന് പുറകെ ഒന്നായി ധാരാളം ദൂതന്മാരെ അയച്ചുകൊണ്ടും തുടരെ തുടരെ മാർഗ്ഗദർശനം നൽകുന്ന ദൈവിക വെളിപാടുകളും വേദഗ്രന്ഥങ്ങളും നൽകിക്കൊണ്ടും ബനൂഇസ്രാഈല്‍ സമുദായത്തെ അല്ലാഹു ശക്തിപ്പെടുത്തിക്കൊണ്ടിരുന്നു. ദാവൂദ്, സുലൈമാന്‍ എന്നീ മഹത്തുക്കളായ പ്രവാചകന്മാരുടെ കാലത്ത് ജെറുസലേം (ദാറുസ്സലാം, ഫിലസ്തീന്‍) തലസ്ഥാനമായിക്കൊണ്ടൊരു ലോകരാഷ്ട്രം തന്നെ നിലവില്‍വരികയുണ്ടായി. അക്കാലത്ത് അറിയപ്പെട്ടിരുന്ന ഒട്ടുമിക്ക ഭൂപ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും മേല്‍ സ്വാധീനവും അധികാരവുമുണ്ടായിരുന്ന, സത്യത്തിലും നീതിയിലും നന്മയിലുമധിഷ്ടിതമായ ഒരു സാമ്രാജ്യമായിരുന്നു അത്. അതുകൊണ്ടുകൂടിയായിരുന്നു ബൽഖീസ് രാജ്ഞിയുടെ അധികാരത്തിലുണ്ടായിരുന്ന ശേബരാജ്യം (സബഅ്) സുലൈമാന്റെ രാഷ്ട്രീയനേതൃത്വത്തിന് കീഴ്പ്പെടുവാന്‍ സന്നദ്ധമായത്. മസ്ജിദുല്‍ അഖ്സ ഖിബ് ലയായി അംഗീകരിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണല്ലോ.
എന്നാല്‍ മാനവകുലം പല സമുദായങ്ങളായി ചിതറിപ്പോയ ഘട്ടത്തില്‍, നോഹയുടെ കാലത്തെ പ്രളയവും കപ്പല്‍ നിര്മാലണവിദ്യയുടെ വ്യാപനവുമൊക്കെ കഴിഞ്ഞ് മനുഷ്യസമൂഹം എല്ലാനിലക്കും വലിയ പതനത്തിലേക്ക് കൂപ്പുകുത്തിയ കാലത്താണ് മഹാനായ പ്രവാചകന്‍ ഇബ്രാഹീം (അ) വലിയ ഒരു ചുമതലയേൽപിക്കപ്പെടുന്നത്.
മുഴുവന്‍ മനുഷ്യരുടെയും ഇമാം (നായകന്‍, നേതാവ്, മാതൃകാപുരുഷന്‍) ആയി അദ്ദേഹം നിയോഗിക്കപ്പെടുകയായിരുന്നു. അല്ലാഹുവിന്റെ മുഴുവന്‍ കല്പനകളും അക്ഷരം പ്രതി അനുസരിക്കുകയും പൂർണമായ രീതിയില്‍ അല്ലാഹുവിന് സമര്പ്പി ക്കുകയും ചെയ്തുകൊണ്ട്, അല്ലാഹുവിന്റെ ഖലീല്‍ (കൂട്ടുകാരന്‍) ആയിക്കൊണ്ട് ഇബ്രാഹീം അതിനുള്ള യോഗ്യത തെളിയിക്കുകയുണ്ടായപ്പോഴാണ് അല്ലാഹു ഈ ചുമതല അദ്ദേഹത്തെ ഏല്‍പിക്കുന്നത്.
മാനവത ഒറ്റ സമുദായമാണന്ന് പ്രഖ്യാപിക്കുവാനും അവരുടെ ജീവിതയാത്രയുടെ ദിശ ഏതെന്ന് കാണിച്ചുകൊടുക്കുവാനും വേണ്ടിയാണ് മാനവ നാഗരികതയുടെ പ്രഭവകേന്ദ്രമായ മക്കയിലെ ചിരപുരാതനമായ ആദിഭവനം (കഅബ അഥവാ മസ്ജിദുല്‍ ഹറാം) സന്ദർശിക്കുവാന്‍ (ഹജ്ജും ഉംറയും നിർവഹിക്കുവാന്‍) ലക്ഷ്യമിട്ടുകൊണ്ട് പുറപ്പെടാന്‍ വേണ്ടി വിളംബരം ചെയ്യുവാന്‍ അദ്ദേഹം കൽപ്പിക്കപ്പെടുകയുണ്ടായത്.
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ
“ജനങ്ങൾക്കിടയില്‍ ഹജ്ജി(തീര്‍ത്ഥാടനം)നെപ്പറ്റി നീ വിളംബരം ചെയ്യുക. നടന്നുകൊണ്ടും എല്ലാവിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും വിദൂരമായ സകല താഴ്വരകളിൽ നിന്നുമായി അവര്‍ നിന്റെയടുത്ത് വന്നുകൊള്ളും” (വി. ഖു. 22:27)
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّـهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ
“നിശ്ചയമായും ഇബ്രാഹീം അല്ലാഹുവിന് കീഴ്പെട്ട് ജീവിക്കുന്ന, നേർവഴിയില്‍ നിലക്കൊള്ളുന്ന, ഒരു സമുദായം തന്നെയായിരുന്നു. അല്ലാഹുവില്‍ ഇതരരെ പങ്കുചേർക്കുന്നവരില്‍ പെട്ടവനായിരുന്നില്ല അദ്ദേഹം. (വി. ഖു. 16:120)
അല്ലാഹുവിന് പൂർണ്ണമായി സമർപ്പിക്കുകയുണ്ടായ ഒരു സമുദായം തന്നെയായിരുന്നു ഇബ്രാഹീം എന്ന് അല്ലാഹു വിവരിച്ചത് വിശ്വാസ അടിത്തറകളെ ശരിപ്പെടുത്തിക്കൊണ്ട് മാനവതയെ പുനരേകീകരിച്ച് ഒരൊറ്റ സമുദായമെന്ന അടിസ്ഥാനത്തില്‍ ദിശാബോധം നൽകുവാന്‍ ചുമതലപ്പെടുത്തപെട്ട പ്രവാചകന്‍ എന്ന നിലക്ക് കൂടിയാണ്.
സുദീര്‍ഘമായ ഒരു കാലഘട്ടം തന്നെ മനുഷ്യരാശിയുടെ നായകരും വഴികാട്ടികളും സത്യത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തില്‍ നന്മ പുലരുന്ന സാമൂഹ്യക്രമം നടപ്പിൽ വരുത്തുവാന്‍ ചുമതലയേൽപ്പിക്കപ്പെട്ടവരുമായി ബനൂഇസ്രാഈല്‍ ജീവിച്ചു. എന്നാല്‍ ചരിത്രത്തിലുടനീളം ഈ ചുമതലകള്‍ നിര്വീഹിക്കാതിരുന്നതിന്റെ പേരിലും ധിക്കാരവും നിഷേധവും അനുസരണക്കേടും നന്ദികെടും കാണിച്ചുകൊണ്ടിരുന്നതിന്റെപേരിലുമാണ് ബനൂഇസ്രാഈല്‍ സമുദായം ശ്രദ്ധേയരായത്. ചരിത്രത്തിന്റെ ചുരുക്കം ചില സന്ദർഭങ്ങളില്‍ മാത്രമാണ് മാതൃകായോഗ്യമായ ചില ചിത്രങ്ങള്‍ അവർക്ക് കാഴ്ചവെക്കാന്‍ സാധിച്ചത്.
ചുമതലാനിർവഹണത്തെ അവഗണിക്കുകയും വീഴ്ച വരുത്തുകയും ചെയ്ത തുടരെ തുടരെയുള്ള അനുഭവസാക്ഷ്യങ്ങളെത്തുടർന്നാണ് ആ പദവിയില്‍ നിന്ന് അല്ലാഹു അവരെ നീക്കിക്കൊണ്ടുള്ള നടപടിയെടുക്കുന്നത്.
ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ മക്കയിലെ ഖുറൈശി ഗോത്രത്തില്‍ ജനിച്ച മുഹമ്മദ് ബിന്‍ അബ്ദില്ലക്ക് സമുന്നതമായ അന്ത്യപ്രവാചക പദവി നൽകിക്കൊണ്ടാണ് ഈ നടപടിക്ക് തുടക്കമിടുന്നത്.
പ്രവാചകത്വലബ്ധി മുതല്‍ ഹിജ്റ രണ്ടാം വർഷം വരെയുള്ള ഏകദേശം പതിനഞ്ചു വർഷക്കാലം ജെറുസലേമിലെ ബൈതുല്‍ മുഖദ്ധിസ് ഖിബ്ലയായി സ്വീകരിക്കേണ്ടിയിരുന്ന വിധത്തിലായിരുന്നു അല്ലാഹുവിന്റെ നിർദേശം. നബിക്കോ അറബികളായ മക്കക്കാർക്കോ തൃപ്തിയുണ്ടായിരുന്നില്ലങ്കിലും അതിന് വേണ്ടി അവര്‍ കൽപിക്കപ്പെടുകയായിരുന്നു. ഇതിന്നുള്ള കാരണങ്ങളിലൊന്ന് യഹൂദ- ക്രൈസ്തവ സമൂഹങ്ങളുടെ ദൌത്യത്തിന്റെ തുടർച്ചയാണ് മുഹമ്മദിലൂടെ സംഭവിക്കുന്നത് എന്നത് വ്യക്തമാക്കപ്പെടുക എന്നതായിരുന്നു. അറബ് ഗോത്രപക്ഷപാധിത്വ വംശീയ മനസ്ഥിതിയില്‍ നിന്ന് മുഹമ്മദ് നബി (സ) യുടെ അനുയായികളെ മോചിതരാക്കുക എന്നതും ഇതിന്റെ താല്പര്യമായിരുന്നുവെന്ന് ഖുർആൻ ചൂണ്ടിക്കാണിക്കുന്നു.
وَمَا جَعَلْنَا الْقِبْلَةَ الَّتِي كُنتَ عَلَيْهَا إِلَّا لِنَعْلَمَ مَن يَتَّبِعُ الرَّسُولَ مِمَّن يَنقَلِبُ عَلَىٰ عَقِبَيْهِ ٌۚ
“... നീ ഇത് വരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ് ലയായി നിശ്ചയിച്ചിരുന്നത് റസൂലിനെ പിൻപറ്റുന്നതാരൊക്കെയെന്നും, പിന്മായറിക്കളയുന്നതാരൊക്കയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു.” (വി. ഖു. 2:143)
ഇതേത്തുടർന്ന് ഹിജ്റ രണ്ടാം വർഷത്തിലെ റജബിലോ ശഅബാനിലോ ആണ് മക്കയിലെ മസ്ജിദുല്‍ ഹറാമിനെ (കഅബ) ഖിബ്ലയായി സ്വീകരിക്കുവാന്‍ അല്ലാഹുവിന്റെ കല്പനയുണ്ടാകുന്നത്. ചുമതലാനിർവഹണത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക സമുദായം എന്ന പദവിയില്‍ നിന്ന് ബനൂഇസ്റാഈലിനെ നിഷ്കരുണം നീക്കം ചെയ്യുന്നുവെന്ന കാര്യം പരസ്യമായി വെളിപ്പെടുത്തുന്ന നടപടി കൂടിയായിരുന്നു അത്.
കേവലമായ ഖിബ്ല (പ്രാർത്ഥനയില്‍ സ്വീകരിക്കേണ്ട ദിശ) മാറ്റി നിശ്ചയിക്കല്‍ മാത്രമായിരുന്നില്ല അത്. ലോക മനുഷ്യ സമൂഹങ്ങളെ ഇനിമുതല്‍ നയിക്കേണ്ടത്, മാർഗ്ഗദർശനം ചെയ്യേണ്ടത്, അവർക്ക് നേതൃത്വം നൽകേണ്ടത്, മാതൃകയാകേണ്ടത്, അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ (സ)യാണ്. മാനവതക്ക് സൃഷ്ടാവായ അല്ലാഹുവുമായുള്ള ബന്ധം പ്രഖ്യാപിക്കുന്ന വിധത്തിലുള്ള ഏറ്റുപറച്ചിലായുള്ള ആരാധനാകർമ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ വേണ്ടി ഭൂമുഖത്ത് ആദ്യമായി പണിയപ്പെട്ട മന്ദിരം തന്നെ അതിന് വേണ്ടി തെരഞ്ഞെടുത്തുവെന്നത് വളരെയേറെ ഔചിത്യമുള്ള കാര്യമാണ്.
إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ
“നിശ്ചയമായും മനുഷ്യർക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ (ആരാധനാ)മന്ദിരം ബക്ക(മക്ക)യിലുള്ളതത്രെ! അത് അനുഗ്രഹീതവും ലോകസമൂഹങ്ങൾക്ക് മാർഗ്ഗദർശനം (ദിശാബോധം) നൽകുന്നതുമാണ്.” (വി. ഖു. 3:96)
ലോകമെമ്പാടുമുള്ള മുഴുവന്‍ പട്ടണങ്ങളും ജനവാസകേന്ദ്രങ്ങളും ഈ കേന്ദ്രബിന്ദുവിൽ നിന്ന് വേർപ്പെട്ടുപോയി ഉടലെടുത്തതാണ് എന്ന ചരിത്ര വസ്തുതയും അവർക്കൊക്കെയും വാഴികാട്ടിയായിട്ടാണ് പ്രവാചകന്‍ മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടിട്ടുള്ളത് എന്നതും ഇവിടെ ഓർമ്മിപ്പിക്കപ്പെടുന്നുണ്ട്.
وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ الْقُرَىٰ وَمَنْ حَوْلَهَا ۚ وَالَّذِينَ يُؤْمِنُونَ بِالْآخِرَةِ يُؤْمِنُونَ بِهِ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونََ
“ഇതാണ് നാം അവതരിപ്പിച്ചിരിക്കുന്ന അനുഗ്രഹീതമായ ഗ്രന്ഥം! ഇതിനുമുമ്പുള്ള വേദഗ്രന്ഥത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരിയിലും (മക്ക) അതിന്റെ ചുറ്റുഭാഗത്തുമുള്ളവർക്ക് നീ താക്കീത് നൽകുവാന്‍ വേണ്ടിയുള്ളതാണത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ പ്രാർത്ഥനാ(നമസ്കാര) കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ളവരുമാണവര്‍.” (വി. ഖു. 6:92)
അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യസമൂഹങ്ങൾക്കും വേണ്ടിയാണ് പ്രവാചകന്‍ ദൌത്യനിർവഹണത്തിന് ചുമതലയേല്‍പിക്കപ്പെട്ടതും അത് ഏറ്റവും വിജയകരമായ രീതിയില്‍ നടപ്പിലാക്കുകയുണ്ടായതും.
Back to INDEX
No comments:
Post a Comment