Monday, 8 October 2018

Part 2 – Text Version of Alfanar 10th year Special Edition


Part 2 – Text Version of Alfanar 10th Special Edition
INDEX
011 മാസനിര്‍ണയത്തിലെ മറിമായം - ടി.അബ്ദുഷുക്കൂര്‍

012 ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ - ഡോ. സി. അബ്ദുറഹ്മാൻ ആദൃശ്ശേരി

013 പ്രമാണങ്ങൾ തെറ്റിദ്ധാരണകൾ - അബ്ദുറഹ്മാൻ ഇരിവേറ്റി
014 അറിയാത്തതും അറിഞ്ഞതും തുല്യമോ? – പ്രശ്നോത്തരി - അബ്ദുസ്സലാം സുല്ലമി, എടവണ്ണ
015 'പായാരം' പറയേണ്ടിവന്ന ഇസ്ലാമിക സംസ്കൃതി - എ. ജമീല ടീച്ചർ, എടവണ്ണ
016 ഖുർആനും ഹദീസും തമ്മിലുള്ള അന്തരം - അബ്ദുൽ അലി മദനി -- ഹദീസ് ലോകം
017 ലിംഗ സമത്വം ഇസ്ലാമിക കാഴ്ചപ്പാടിൽ - പ്രൊഫ. ഓമാനൂർ മുഹമ്മദ്
018 സൽസബീൽ - മാസപ്പിറവി തെറ്റിദ്ധരിപ്പിക്കുന്നു
019 ചന്ദ്രമാസ നിർണ്ണയത്തിൽ മുസ്ലിം പണ്ഡിതന്മാരുടെ നിസ്സംഗത - കെ.പി. കുഞ്ഞിമ്മൂസ
020 നബി(സ)യുടെ കാലത്ത് അജ്ഞാതമായത് - എ. അബ്ദുസ്സലാം സുല്ലമി

021 ഹംഫര്‍ എന്ന ശിയാ ചാരന്‍! - സ്വാലിഹ് നിസാമി പുതുപൊന്നാനി

022 കുറ്റവും ശിക്ഷയും: ഇസ്ലാമിന്റെ സമീപനങ്ങൾ - എ. മുഹമ്മദ്, മാറഞ്ചേരി

023 ആനക്കാര്യമായി മാറുന്ന വേഷക്കാര്യം - അലി മൂർക്കനാട്


011 മാസനിര്‍ണയത്തിലെ മറിമായം - ടി.അബ്ദുഷുക്കൂര്‍

റമദാന്‍ മാസപ്പിറവി എന്നും വിവാദ വിഷയമാണ്. എന്നാണ് ഇതിന്നൊരവസാനമുണ്ടാവുക. പുതു മാസം പിറന്നിട്ടും സൂര്യാസ്തമയശേഷം രണ്ടു മിനിട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിച്ചിട്ടും സഊദിഅറേബ്യ അവരുടെ പ്രഖ്യാപിത മാനദണ്ഡം മാറ്റിവെച്ച് ഹിലാല്‍ കണ്ടില്ലെന്നു പറഞ്ഞ് നോമ്പ് വ്യാഴാഴ്ചയിലേക്കു മാറ്റി. ഇന്ത്യ, (കേരളമൊഴികെ) ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ വെള്ളിയാഴ്ചയാണ് റമദാന്‍ തുടങ്ങിയത്. തുര്‍ക്കിയും അവരെ പിന്തുടരുന്ന 12 യൂറോപ്യന്‍ രാജ്യങ്ങളും വടക്കെ അമേരിക്കയിലെ മുസ്ലീംകളെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും വലിയ സംഘടനയായ ISNAയും FCNAയും ബുധനാഴ്ച നോമ്പെടുത്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതൊരു തര്‍ക്കമെ ആവുന്നില്ല. മൗലികമായ വിഷയം ഇന്ന് മുസ്ലിം ലോകം അനുഷ്ടിച്ചു വരുന്ന മാസനിര്‍ണയ രീതി നബി(സ)യുടെ സുന്നത്തിനോട് യോജിക്കുന്നുണ്ടോ എന്നതാണ്.
'29-ാം തിയ്യതി പടിഞ്ഞാറെ ചക്രവാളത്തില്‍ ഹിലാല്‍ കണ്ടാല്‍ അടുത്തദിവസം ഒന്നാം തീയ്യതി, കണ്ടില്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക'. ഇതാണ് മുസ്ലിം ലോകത്തിന്‍റെ പൊതുവായ തീരുമാനം. നവീന ഗോളശാസ്ത്രവിജ്ഞാനങ്ങള്‍ 29-ാം തിയ്യതിയിലെ കാഴ്ച നിഷേധിക്കുന്നതിനാല്‍ പണ്ഡിതലോകം ആകെ ആശയക്കുഴപ്പത്തിലാണ്. ഇതിന്നുപകരമായി മുസ്ലീം നേതൃത്വം ഹിലാല്‍ കാണാതെതന്നെ കണ്ടു എന്ന കള്ള സാക്ഷ്യം ഉണ്ടാക്കാന്‍ തുടങ്ങി. അതിന്നായി മാസക്കോയമാരെ സൃഷ്ടിച്ചു. ഈ ആശയക്കുഴപ്പത്തിനുള്ള പരിഹാരം തേടിയപ്പോഴാണ് ബഹു: അലിമണിക്കുഫാനും ഹിജ്റ കമ്മിറ്റിയും വിശുദ്ധഖുര്‍ആനിന്‍റെ സത്തയില്‍ നിന്നും നബിചര്യയില്‍ നിന്നും യഥാര്‍ത്ഥ മതവിധി കണ്ടെത്തിയത്. ദീനീവിഷയത്തില്‍ സംശയമുണ്ടായാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങാനാണല്ലോ വിധി.
29-ാം നു സന്ധ്യയ്ക്ക് പടിഞ്ഞാറെ ചക്രവാളത്തില്‍ കല നോക്കുന്നതില്‍ മൂന്നു ഗൗരവമേറിയ പ്രശ്നങ്ങളുണ്ട്.
1. ചന്ദ്രമാസം 29നു സന്ധ്യക്ക് പടിഞ്ഞാറില്‍ ചന്ദ്രക്കല കണ്ണു കൊണ്ടു കാണാന്‍ സാധിക്കുമോ?
2. നബി (സ) തന്‍റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും 29നു സൂര്യാസ്തമയശേഷം ഹിലാല്‍ നോക്കുകയും കാണുകയും ചെയ്തിട്ടുണ്ടോ? ഹിലാല്‍ നോക്കാന്‍ ആളുകളെ ചുമതലപ്പെടു ത്തിയിട്ടുണ്ടോ? മാസം കാണാന്‍ പോകുന്നയാള്‍ക്ക് നമസ്കാരം പിന്തിക്കാമോ? മാസം കാണുന്നയാള്‍ക്ക് പ്രതിഫലം പറഞ്ഞിട്ടുണ്ടോ?
3. 29 - നു ഏതെങ്കിലും മാസത്തില്‍ ഹിലാല്‍ ജനിക്കുമൊ. പുതുമാസം പിറക്കുമൊ? പിറക്കുമെങ്കില്‍ അതെങ്ങിനെ കണ്ടു പിടിക്കാം.
വിശദീകരണം
1. 29-നു മിക്കവാറും പടിഞ്ഞാറെ അര്‍ദ്ധഗോളത്തില്‍ എവിടെയെങ്കിലും വെച്ച് മാസപ്പിറവി സംഭവിക്കാം. ഉദാ:1439 ശഅബാന്‍ 29നു 11.48UT യില്‍ അതായത് ഗ്രീനിച്ച് രേഖക്കു അടുത്ത് വെച്ച് മാസപ്പിറവി സംഭവിക്കുന്നു. ഇത് സംഭവിക്കുന്ന സ്ഥലത്ത് സൂര്യന്‍ അസ്തമിച്ച് 12 മിനുട്ട് കഴിഞ്ഞ ശേഷം ചന്ദ്രന്‍ അസ്തമിക്കുന്നു. കേരളത്തില്‍ സൂര്യനു ഒരു മിനിട്ടു മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നു.. മക്കയില്‍ സൂര്യനസ്തമിച്ച് രണ്ടു മിനിട്ട് കഴിഞ്ഞശേഷം ചന്ദ്രന്‍ അസ്തമിച്ചു. അമേരിക്കയില്‍ 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രാസ്തമയം. സൂര്യനും ചന്ദ്രനും തമ്മിലുള്ള കോണകലം 8 ഡിഗ്രിയില്‍ താഴെയാണ്. സൂര്യനും ചന്ദ്രനും ഒരേ മന്‍സിലിലാണുള്ളത്. അതിനാല്‍ കണ്ണുകൊണ്ട് 29നു ചന്ദ്രക്കലകാണുകയില്ല. അടുത്ത ദിവസം ഒന്നാം തീയ്യതി സന്ധ്യക്ക് ലോകത്തെല്ലായിടത്തും ചന്ദ്രക്കല കാണാം. ആദ്യമായി കല കാണുന്നത് ഒന്നാം തീയതിയിലാണ്. മാസാവസാനത്തിലെ ഒന്നോ രണ്ടോ രാത്രികളില്‍ ചന്ദ്രക്കല കാണുകയില്ല എന്ന് ജലാലൈനി, അമാനി തഫ്സീറുകളില്‍ രേഖ പ്പെടുത്തിയിട്ടുണ്ട്. ആദ്യമായി കല കാണുന്നത് ഒന്നാം ദിവസത്തിലാണെന്നും അമാനി മൗലവി വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത് മുസ്ലീം ലോകം മാസപ്പിറവി നിര്‍ണയത്തിനു സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം പ്രമാണവിരുദ്ധവും അശാസ്ത്രീയവുമാണ് എന്നാണ്.
2. ആയിശ(റ)വിനോട് നബി(സ)യുടെ ജീവിതം എങ്ങിനെയായിരുന്നു എന്നു ചോദിക്കപ്പെട്ടു. നബിയുടെ ജീവിതം ഖുര്‍ആന്‍ ആയിരുന്നു എന്നാണ് ആയിശ(റ) പറഞ്ഞ മറുപടി. ഖുര്‍ആന്‍ കല്പന പ്രകാരം നബി(സ) എങ്ങിനെ മാസപ്പിറവി നിശ്ചയിച്ചു. ആയത്തുകളും ഹദീസുകളും പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത് പ്രഥമചന്ദ്രക്കലയായ ഹിലാലിനെ സംബന്ധിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നേയില്ല. ചന്ദ്രക്കലകള്‍ എന്ന ബഹുവചനത്തില്‍ അഹില്ല എന്നാണു പറഞ്ഞിട്ടുള്ളത്. ഏകമായ ഒരു കലയെ സംബന്ധിച്ചു പറയുന്നത് അവസാനം കാണുന്ന കലയെ സംബന്ധിച്ചാണ്. 'ഉര്‍ജ്ജൂനുല്‍ഖദീം' എന്ന് യാസീന്‍ 39-ാം ആയത്തില്‍ അതിനെ പറഞ്ഞിരിക്കുന്നു. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന അവസാനത്തെ കലയെ എന്തുകൊണ്ട് മുസ്ലീംകള്‍ പരിഗണിക്കുന്നില്ല. അവസാനം കാണുന്ന കല കണ്ടു മനസ്സിലാക്കിയാല്‍ അടുത്ത ദിവസം പിറവി നടക്കുമെന്നും അതിനടുത്ത ദിവസം പുതുമാസം ഒന്നാം തീയ്യതിയായിരിക്കുമെന്നും വ്യക്തമാണല്ലോ. പൂര്‍വ്വകാല പണ്ഡിതന്‍മാര്‍ ഉര്‍ജ്ജുനുല്‍ഖദീം നിരീക്ഷിച്ചതു കൊണ്ടാണ് അതിന്നു ശേഷമുള്ള ഒന്നൊ രണ്ടോ രാത്രിയില്‍ ചന്ദ്രനെ കാണുകയില്ല എന്നു പറഞ്ഞിട്ടുള്ളത്. ഖുര്‍ആനിനെ പരിഗണിക്കാത്തതു കൊണ്ടാണ് മുസ്ലീംകള്‍ ഇത്രയും ആശയക്കുഴപ്പത്തിലായിട്ടുള്ളത്. 29-നു മഗ്രിബിനു ഹിലാല്‍ നോക്കാന്‍ പോകല്‍ നബിയുടെ സുന്നത്തല്ല. ആണെങ്കില്‍ നമസ്കാരം ജമാഅത്ത് ഒഴിവാക്കാനും , നമസ്കാരം നീട്ടിവെയ്ക്കാനും മറ്റും അനുവാദം വേണം. ബാങ്ക് കൊടുക്കുന്നയാള്‍ക്ക് പരലോകത്ത് പ്രത്യേകസ്ഥാനം പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാസം കാണുന്നയാള്‍ക്ക് യാതൊരു പ്രതിഫലവും പറഞ്ഞിട്ടില്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നൂറുകണക്കിന് അദ്ധ്യായങ്ങള്‍ (ബാബുകള്‍) കാണാം. ഇതില്‍ മാസപ്പിറവി കാണുന്നവര്‍ക്കുള്ള പ്രതിഫലം പറയുന്നതോ നമസ്കാരത്തിന്‍റെ ഇളവുകള്‍ പറയുന്നതൊ ആയ ഒരു 'ബാബും' കാണുന്നില്ല. 29-ാം നു സൂര്യസ്തമയശേഷം നബിയൊ ഖലീഫമാരൊ സഹാബത്തൊ ആരും തന്നെ ഹിലാല്‍ നോക്കുകയൊ കാണുകയൊ ചെയ്തിട്ടില്ല. ഉണ്ടായിരുന്നുവെങ്കില്‍ ഹിജ്ജത്തുല്‍ വദായില്‍ ഒരു ലക്ഷം അനുയായികളോടൊത്ത് മക്കയിലേക്കുള്ള യാത്രയ്ക്കിടയില്‍ ദുല്‍ഹിജ്ജമാസം പിറന്നു. നബി(സ)പിറവി തീരുമാനിച്ചു. എങ്ങിനെ? 29-ാ നു ഹിലാല്‍ നോക്കിയൊ? കണ്ടോ? സഹാബത്തിനോട് നിങ്ങള്‍ നോക്കുക കണ്ടാല്‍ എന്നെ അറിയിക്കുക എന്നു പറഞ്ഞോ? ഒരു അവ്യക്ത റിപ്പോര്‍ട്ട് പോലും ഈ മാസപ്പിറവി തീരുമാനം സംബന്ധിച്ച് ഇല്ലാതെ പോയതെന്തുകൊണ്ട്. 29 നു സന്ധ്യക്ക് ഹിലാല്‍ നോക്കുന്ന ഏര്‍പ്പാട് ഇസ്ലാമിലില്ല. അതു കൊണ്ടാണു റിപ്പോര്‍ട്ടില്ലാതെ പോയത്.
3. 29-ാം തീയ്യതി മാസപ്പിറവി കാണുന്നതിന്‍റെ അടിസ്ഥാനമായി പറയപ്പെടുന്ന ഹദീസ് ഇതാണ്. "നാം അജ്ഞരായ സമുദായമാണ് . കണക്കു കൂട്ടുകയൊ എഴുതുകയോ ചെയ്യാറില്ല. ഒരു മാസത്തില്‍ 29 ദിവസങ്ങളുണ്ടാവാം. 30 ദിവസങ്ങളുമുണ്ടാകാം. അവയുടെ ദൃശ്യതയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ നോമ്പു തുടങ്ങുക". ഈഹദീസ് പ്രകാരം കണക്കുകൂട്ടാന്‍ പാടില്ലെന്നു വാദിക്കുന്നു ചിലര്‍. യഥാര്‍ത്ഥത്തില്‍ മുസ്ലീംകള്‍ കണക്കു കൂട്ടുന്നവരും അത് എഴുതിവെയ്ക്കുന്നവരുമായിരുന്നു. അവര്‍ കച്ചവടക്കാരായിരുന്നു. കവികളായിരുന്നു. ഇവിടെ നബി(സ)ഉദ്ദേശിച്ചത് ഗോളശാസ്ത്ര കണക്കിനെയാണ്. മാസപ്പിറവി എപ്പോള്‍ സംഭവിക്കുമെന്ന ഗോളശാസ്ത്ര അറിവില്ലാത്തവരായതിനാല്‍ ചന്ദ്രക്കലകളെ നിരീക്ഷിച്ച് പിറവി കണ്ടു പിടിക്കണമെന്നും ശാസ്ത്രജ്ഞാനം ലഭ്യമായാല്‍ കണക്കു കൂട്ടി പിറവി നിശ്ചയിക്കണമെന്നുമാണ് ഈഹദീസ് പഠിപ്പിക്കുന്നത്. പല ഹദീസ് വ്യാഖ്യാതാക്കളും ഇത് പറഞ്ഞിട്ടുണ്ട്.
ഒരു മാസത്തില്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങളാണുണ്ടാവുക. അത് വേര്‍തിരിച്ചു മനസ്സിലാക്കണം. അതിന്നാണു കലകളുടെ നിരീക്ഷണം. 29/30 എന്ന് ഖണ്ഡിതമായി പറഞ്ഞതില്‍ നിന്നും അത് മാസത്തിലെ അവസാനദിവസമാണെന്നു മനസ്സിലായി. അതായത് ചന്ദ്രമാസത്തില്‍ ചില മാസങ്ങളില്‍ 29-ാം ദിവസവും ചില മാസങ്ങളില്‍ 30-ാം ദിവസവും അവസാന ദിവസമാണ്, അമാവാസിയാണ്, കറുത്തവാവ് ദിനമാണ് എന്നു റസൂല്‍കരീം പഠിപ്പിക്കുകയാണ്. ഈ 29-ാം ദിവസസമോ 30- ാം ദിവസമോ പുതുമാസ ഹിലാല്‍ ആകാശത്തുണ്ടാവുമെങ്കിലും കാണാന്‍ കഴിയില്ല. കാണാത്തതിനെ നോക്കാനും മാസമാറ്റത്തിനു മാനദണ്ഡമാക്കാനും അല്ലാഹുവിന്‍റെ റസൂല്‍ നിര്‍ദ്ദേശിക്കുകയില്ല. നിര്‍ദ്ദേശിച്ചിട്ടുമില്ല. മൂന്നു കാരണങ്ങള്‍ കൊണ്ട് മാസാവസാന ദിവസം സൂര്യാസ്തമയശേഷം ചന്ദ്രക്കല കാണുകയില്ല.
1) സൂര്യനും ഭൂമിക്കുമിടയില്‍ കൂടി ചന്ദ്രന്‍ പടിഞ്ഞാറു നിന്നും കിഴക്കോട്ടെക്ക് മറികടക്കുന്നതാണ് സാങ്കേതികമായി മാസപ്പിറവി. ഈ സമയം സൂര്യപ്രകാശത്തിനുള്ളിലായിരിക്കും ചന്ദ്രന്‍. പ്രകാശമേഖലയില്‍ നിന്നു പുറത്തേക്ക് ചന്ദ്രന്‍ സഞ്ചരിച്ചു കഴിഞ്ഞാല്‍ മാത്രമെ കണ്ണു കൊണ്ട് കാണാന്‍ കഴിയുകയുള്ളൂ. അതിന്നു ഏതാണ്ട് 12ഡിഗ്രി കോണകലം ആവശ്യമാണ് . വാവിന്നു ശേഷം ഒരു ദിവസം കഴിഞ്ഞ് അതായത് ഒന്നാം തീയ്യതി സന്ധ്യക്കു മാത്രമെ കല കാണുകയുള്ളു.
2) ചന്ദ്രക്കല ചെറുതായി വന്ന് പൂജ്യം ഡിഗ്രിയിലെത്തുന്നു. ന്യൂമൂണ്‍ സംഭവിക്കുമ്പോള്‍ ചന്ദ്രന്‍ പൂജ്യം ഡിഗ്രിയിലായിരിക്കും. ചന്ദ്രക്കല വളര്‍ന്നു തുടങ്ങുമ്പോള്‍ വളരെ നേരിയ ഘടനയിലായിരിക്കും. ചുരുങ്ങിയത് 4% എങ്കിലും വളര്‍ച്ച പ്രാപിച്ചാല്‍ മാത്രമെ കല കണ്ണു കൊണ്ടു കാണുകയുള്ളൂ. അതിന്ന് ന്യൂമൂണ്‍ സംഭവിച്ച് 24 മണിക്കൂര്‍ എങ്കിലും കഴിയണം.
3) ചന്ദ്രക്കല കാണാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ വേണം. ദ്രുവപ്രദേശത്തോടടുക്കും തോറും കാണാനുള്ള സാഹചര്യം ഇല്ലാതെയാവും. മഴക്കാര്‍, പൊടിപടലം, മലകള്‍ തുടങ്ങിവയും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
മാസത്തിലെ അവസാന ദിവസം (ന്യൂ മൂണ്‍ ദിവസം ) മേല്‍ മൂന്നു കാരണങ്ങളാലും ഹിലാല്‍ കാണുകയില്ല. എന്നാല്‍ ഒന്നാം തീയ്യതി സൂര്യാസ്തമയ ശേഷം ഒന്നും രണ്ടും കാരണങ്ങള്‍ നീങ്ങുകയും ലോകത്തെവിടെയെങ്കിലും ഹിലാല്‍ കാണുകയും ചെയ്യുന്നതാണ്.
നബിചര്യയും കല്പനകളും
ഇസ്ലാമിക ശരിഅത്ത് എന്നാല്‍ വി.ഖുര്‍ആനാണ്. നബി(സ) സ്വന്തം ജീവിതം കൊണ്ട് നമുക്കത് യഥാര്‍ത്ഥ്യമാക്കി കാണിച്ചു തന്നു. നബിചര്യയും ചില കല്പനകളും(ഹദീസ്) യോജിക്കാതെ വന്നാല്‍ അതിന്‍റെ അര്‍ത്ഥമെന്താണ്. നബിചര്യയാണു പ്രധാനം. കല്പനകള്‍ നാം മനസ്സിലാക്കിയതില്‍ അപാകത സംഭവിച്ചിട്ടുണ്ട്. ആയത് നബിചര്യയോടു യോജിപ്പിച്ചു മനസ്സിലാക്കണം. ആയിശ(റ)യോട് നബിയുടെ ജീവിതം എപ്രകാരമായിരുന്നു എന്നു ചോദിക്കപ്പെട്ടപ്പോള്‍ അത് ഖുര്‍ആന്‍ ആയിരുന്നു എന്നാണു പറഞ്ഞത്. മാസപ്പിറവിയുടെ കാര്യത്തില്‍ ഖുര്‍ആന്‍ വചനങ്ങളും നബിചര്യയും ഒത്തുവരുന്നു. എന്നാല്‍ ചില കല്പനകള്‍ (ഹദീസുകള്‍) വ്യത്യസ്തമായി അര്‍ത്ഥം വെയ്ക്കപ്പെടുന്നു. ആയതിനാല്‍ മാസനിര്‍ണയവുമായി വന്ന ഹദീസുകള്‍ അര്‍ത്ഥം വെയ്ക്കുമ്പോള്‍ ഖുര്‍ആന്‍ ആയത്തുകളുമായും നബിചര്യയുമായും യോജിക്കുന്ന വിധ ത്തില്‍ വേണം അര്‍ത്ഥം വെയ്ക്കല്‍.
ഉദാഹരണം (1)ഖുര്‍ആന്‍ 2:189 വചനം, "ചന്ദ്രന്‍റെ കലകളെ സംബന്ധിച്ച് ചോദിക്കുന്നു;പറയുക, അത് ജനങ്ങള്‍ക്ക് (പൊതുവിലും)ഹജ്ജിന്നും ആവശ്യമായ തീയ്യതികള്‍ ആകുന്നു". ചന്ദ്രന്‍റെ പ്രഥമ കലയായ ഹിലാലിനെ സംബന്ധിച്ചല്ല ചോദ്യം. ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളെ സംബന്ധിച്ചാണ്. ചന്ദ്രന്‍റെ ഓരോ കലയും തീയ്യതികള്‍ (മവാഖീത്ത്) ആണെന്നാണു പറയുന്നത്. ജനങ്ങള്‍ക്ക് പൊതുവായി എല്ലാ കാര്യങ്ങള്‍ക്കും, മുസ്ലീംകള്‍ക്ക് മതആവശ്യത്തിന്നും. പ്രത്യേകിച്ച് ഹജ്ജിന്‍റെ കാലം നിശ്ചയിക്കുന്നതിന്ന്. ദുല്‍ഹിജ്ജ ഒന്നു മുതല്‍ കല നോക്കി വന്നാല്‍ 7-ാം ദിവസം തലക്കു മുകളില്‍ അര്‍ദ്ധചന്ദ്രനായ് കാണുന്നു. മാത്രമല്ല 7-ാം ദിവസത്തെ കല അര്‍ദ്ധരാത്രി അസ്തമിക്കുന്നു. 7-ാം ദിവസം അഹില്ലയെ നിരീക്ഷിച്ച് ഉറപ്പു വരുത്തി 8-ാം ദിവസം അവര്‍ ഹജ്ജ് തുടങ്ങി. നബി(സ)യും ഇങ്ങനെ തന്നെയാണു ചെയ്തിട്ടുള്ളത്. 29-ാം നു ഹിലാല്‍ നോക്കിയിട്ടല്ല പിറവി നിശ്ചയിച്ചത്. റമദാന്‍മാസം നിശ്ചയിക്കുന്നതിന്നായി ശഅബാനിലെ കലകളെ പ്രത്യേകം നിരീക്ഷിക്കുമായിരുന്നു എന്ന് അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. യൂനുസ് 5-ാം ആയത്തില്‍ ചന്ദ്രന്‍റെ മന്‍സിലുകളെ സംബന്ധിച്ചാണു പറയുന്നത്. ഇതും ബഹുവചനത്തിലാണുള്ളത്. അപ്പോള്‍ ഖുര്‍ആന്‍ കല്പനകളും നബിചര്യയും ഒന്നുതന്നെയാണെന്നു മനസ്സിലായി. എന്നാല്‍ നബി(സ) 2:189-ാം ആയത്തിനെ വിശദീകരിച്ച ഹദീസ് ഇങ്ങിനെയാണ്. "ജഅലല്ലാഹുല്‍ അഹില്ലത്ത മവാഖീത്ത ഫ; സുമൂ ലി റുഅ്യത്തിഹി വ അഫ്തിറൂലിറുഅ്യത്തിഹി"
ഈ ഹദീസിന്‍റെ ആദ്യഭാഗത്തെ അവഗണിക്കുകയും അവസാനഭാഗം മാത്രം എടുത്ത് അത് കണ്ടാല്‍ നോമ്പു തുടങ്ങുക, അതു കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുക എന്നും അര്‍ത്ഥം പറയുകയാണ് ചെയ്യുന്നത്. അത് എന്നാല്‍ ഹിലാല്‍ ആണെന്നും 29-ാം നു സൂര്യാസ്തമയശേഷം ചന്ദ്രക്കല കണ്ടാല്‍ അടുത്ത ദിവസം നോമ്പു തുടങ്ങാനാണു പറഞ്ഞിട്ടുള്ളതെന്നും മുസ്ലീം ലോകം വിശ്വസിച്ചു വരുന്നു. ഖുര്‍ആനും നബിചര്യയുമായി മേല്‍ അര്‍ത്ഥം യോജിക്കുന്നില്ല എന്നതു ഗൗനിക്കുന്നേയില്ല. അറബി ഭാഷാ പണ്ഡിതന്‍മാര്‍ പോലും അഹില്ലയും മവാഖീത്തും മറച്ചു വെച്ച് ഹിലാല്‍ കണ്ടാല്‍ എന്നര്‍ത്ഥം വെയ്ക്കുന്നു. ഖുര്‍ആന്‍ കലകളെ തീയ്യതികള്‍ക്ക് മാനദണ്ഡമായി പറയുമ്പോള്‍ കലകള്‍ നോക്കി തീയ്യതികള്‍ മനസ്സിലാക്കുകയാണ് പ്രവാചകന്‍ ചെയ്തത്. ഇതു തന്നെയല്ലെ പ്രവാചകന്‍ നമ്മോടു കല്പിച്ചിട്ടുള്ളതും. കലകള്‍ തിയ്യതികളാണ്. ഓരോ ദിവസത്തെയും കല ആ ദിവസത്തെ തീയ്യതി കാണിക്കുന്നു. ഒരു മാസത്തെ എല്ലാ കലകളും നിരീക്ഷിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ മാസാവസാനം കണ്ടെത്തുകയും അടുത്തമാസം അഥവാ നോമ്പ് തുടങ്ങുകയും ചെയ്യുക.
ഇവിടെ ഖുര്‍ആനും ശാസ്ത്രവും നബിചര്യയും നബികല്പനകളും ഒരുമിക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷ മുസ്ലീംകളും നബി(സ)യുടെ കല്പനകളെ മാറ്റി നിര്‍ത്തി ബഹുവചനത്തെ ഏകവചനമാക്കി വിഷയം കീഴ്മേല്‍ മറിച്ചിരിക്കുകയാണ് എന്ന സത്യം എല്ലാവരും ഉള്‍കൊള്ളണം. മാറിചിന്തിക്കണം. സത്യത്തിലേക്കു മടങ്ങണം. അപ്രായോഗികവും അശാസ്ത്രീയവും ഭിന്നിപ്പിക്കുന്നതുമായ ഒരാശയം അവതരിപ്പിച്ച് അത് നബി(സ)യുടെ പേരില്‍ ഉന്നയിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നു മനസ്സിലാക്കണം. ഖുര്‍ആനില്‍ പറഞ്ഞ അഹില്ലയും മവാഖീത്തും മനാസിലും അവ കണ്ടെത്താനുള്ള നബി(സ)യുടെ പ്രവര്‍ത്തനവും മാതൃകയാക്കുക. നബിയുടെ കല്പനകളിലെ (ഹദീസുകളിലെ) 'റുഅ്യ' എന്ന എല്ലാ പ്രയോഗങ്ങള്‍ക്കും മേല്‍പ്പറഞ്ഞവ കണ്ടെത്താനും അറിയാനുമുള്ള കല്പനയാണെന്നു മനസ്സിലാക്കുക. ലോകത്തുള്ള എല്ലാ ജനതയും കലകളെയും അവയുടെ സ്ഥാനവും നോക്കിയും അളന്നും കണക്കുകൂട്ടിയും മാസനിര്‍ണയം നടത്തിയാല്‍ ലോകത്തെല്ലായിടത്തും ഒരേ ദിവസം നോമ്പും പെരുന്നാളും ആകുന്നതാണ്. ആയതിന്ന് അല്ലാഹു നമ്മെ പ്രാപ്തരാക്കട്ടെ.
പിറവി നിര്‍ണയത്തില്‍ തെറ്റു പറ്റിയാല്‍ കലകള്‍ നോക്കി തെറ്റു തിരുത്തുന്ന പതിവ് പണ്ടുണ്ടായിരുന്നു. നോമ്പ് നഷ്ടപ്പെട്ടു എന്നു ബോദ്ധ്യമായാല്‍ പിന്നീട് നോറ്റു വീട്ടാന്‍ പണ്ഡിതന്‍മാര്‍ ആഹ്വാനം ചെയ്യുമായിരുന്നു. ഒരു തെറ്റും വരുത്താതെ കൃത്യദിനം കണക്കു കൂട്ടാന്‍ കഴിയുന്ന ഇക്കാലത്ത് കണക്കു സ്വീകരിക്കുന്നുമില്ല, കാഴ്ചയിലെ തെറ്റ് തിരുത്തുന്നുമില്ല. വിശ്വാസികള്‍ പരലോക ചിന്തയോടെ ഈ വിഷയം പഠിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.
കണക്കുകൂട്ടല്‍ (ഹിസാബ്)
മാസപ്പിറവി കണക്കുകൂട്ടി തീരുമാനിക്കുവാന്‍ പാടുണ്ടോ എന്നതും തര്‍ക്കവിഷയമാണ്. നേരായ ചിന്തയുള്ളവര്‍ക്കു ഇതൊരു പ്രശ്നമായി തോന്നുകയില്ല. ഖുര്‍ആന്‍ യൂനുസ് 5-ാം വാക്യത്തില്‍ ചന്ദ്രന്ന് വിവിധ മണ്ഡലങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു; അവയുടെ എണ്ണം അറിയുന്നതിനും കണക്കു കൂട്ടുന്നതിന്നും വേണ്ടി എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ എന്തു കണക്കു കൂട്ടാനാണു അല്ലാഹു അനുവദിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ കലകള്‍ തീയ്യതികള്‍ കാണിക്കുന്നതായി 2:189 ല്‍ പറഞ്ഞു. ഓരോ കലയും അവക്കു നിശ്ചയിച്ച മണ്ഡലത്തില്‍ കൂടി കടന്നു പോകുന്നു. മണ്ഡലത്തിന്‍റെ അളവ് കലയുടെ നമ്പര്‍ അഥവാ തീയ്യതിയാണ്. പ്രസ്തുത തിയ്യതി അറിയാന്‍ മണ്ഡലത്തിന്‍റെ (മന്‍സിലന്‍റെ) അളവ്, കണക്കു കൂട്ടണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുകയാണ്. ഈ കണക്കാണ് നാം സ്വീകരിക്കുന്നത്. ഇസ്ലാമിക ശരിഅത്തിലെ നിയമങ്ങള്‍ക്ക് ഒരു ഭേദഗതിയും വരുത്തുന്നില്ല.
ആധുനിക ഗോളശാസ്ത്രം വളരെയധികം വളര്‍ച്ച നേടിയിരിക്കുന്നു. സൂര്യചന്ദ്രമ്മാരുടെ ഉദയാസ്ഥമയങ്ങള്‍ കൃത്യമായി കണക്കുകൂട്ടിയെടുക്കാന്‍ ശാസ്ത്രത്തിന്നു കഴിയുന്നു. ഗോള ശാസ്ത്ര കേന്ദ്രങ്ങള്‍ പ്രസ്തുത കണക്ക് ഓരോ കൊല്ലവും പ്രസിദ്ധീ കരിക്കുന്നുണ്ട്. ഇന്ത്യാഗവണ്‍മന്‍റ് സ്ഥാപനമായ നാഷണല്‍ ജിയോഗ്രാഫിക് ഓഫീസ്, ഡെഹ്റാഡൂണ്‍ പ്രസിദ്ധീകരിക്കുന്ന നോട്ടിക്കല്‍ അല്‍മനാക്കില്‍ ഇന്ത്യയിലെ ഓരോ രേഖാംശത്തിലെയും അക്ഷാംശത്തിലെയും ഉദയാസ്ഥമയങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കണക്കാണ് ഹിജ്റ കലണ്ടറിന്‍റെയും അടിസ്ഥാനം. ഈ കണക്ക് കൃത്യതയാര്‍ന്നതാണെന്ന് തെളിയിക്കപ്പെട്ടതാണ്. ഓരോ ദിവസവും ചന്ദ്രന്‍ ആകാശത്ത് കാണിക്കുന്ന കലയുടെ ഉദയാസ്തമയങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ കണക്കു കൂട്ടിയെടുക്കാവുന്നതാണ്. ഒരു വര്‍ഷത്തെ കലകളുടെ കണക്കാണു കലണ്ടര്‍ മുന്‍കൂട്ടി നമുക്ക് നല്‍കുന്നത്. കലണ്ടറില്‍ കൊടുത്തിരിക്കുന്ന കലകളുടെ ചിത്രവും ആകാശത്ത് ചന്ദ്രന്‍ കാണിക്കുന്ന കലയും ഒത്തുനോക്കി കലണ്ടറിന്‍റെ കണിശത ഉറപ്പു വരുത്താവുന്നതാണ്.
എന്നാണ് ഈദുല്‍ഫിത്വര്‍
മുകളില്‍ വിശദീകരിച്ചതു പ്രകാരം റമദാനിലെ കലകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ശവ്വാല്‍ ഒന്നു എന്നായിരിക്കുമെന്നു നേരത്തെ അറിയാന്‍ കഴിയും. 22-05-18 ചൊവ്വാഴ്ച (റമദാന്‍ 7) അര്‍ദ്ധചന്ദ്രനെയും 29-05-18 ചൊവ്വാഴ്ച പൗര്‍ണമിയും (റമദാന്‍14) കണ്ടു. 06-06-18 ബുധനാഴ്ച പ്രഭാതത്തില്‍ അര്‍ദ്ധചന്ദ്രനെ കാണാന്‍ കഴിയും. ചന്ദ്രക്കല ചെറുതാവുകയും സൂര്യനിലേക്ക് (കിഴക്കെചക്രവാളത്തിലേക്ക്) അടുത്തു കൊണ്ടിരിക്കുന്നതും നാം കാണുന്നു. 07-06-18 വ്യാഴാഴ്ച (റമദാന്‍23) ചന്ദ്രന്‍ കലയുടെ ആകൃതിയിലായിത്തീരുന്നു. ഇതിനര്‍ത്ഥം അടുത്ത വ്യാഴാഴ്ച പുതുമാസം ഒന്നാം തീയ്യതിയായിരിക്കും എന്നാണ്. തുടര്‍ന്ന് എല്ലാ ദിവസവും ചന്ദ്രനെ നോക്കുക. 12-06-18 ചൊവ്വാഴ്ച (റമദാന്‍28) പ്രഭാതത്തില്‍ നേരിയ ചന്ദ്രക്കല സൂര്യോദയത്തിന്ന് ഒന്നര മണിക്കൂര്‍ മുമ്പായി ഉദിക്കുന്നു. ഖുര്‍ആന്‍ 36:39 ല്‍ പറഞ്ഞ ഉര്‍ജ്ജുനില്‍ഖദീം എന്ന കലയാണിത്. ഈ റമദാനില്‍ കണ്ണുകൊണ്ടു കാണാന്‍ കഴിയുന്ന അവസാനത്തെ കല. അടുത്ത ദിവസം (ബുധനാഴ്ച) ചന്ദ്രന്‍ സൂര്യന്നു അരമണിക്കൂര്‍ മുമ്പായി ഉദിക്കുകയും പകല്‍ സമയത്ത് ന്യൂമൂണ്‍ (മാസപ്പിറവി) സംഭവിക്കുകയും ചെയ്യുന്നു. പക്ഷെ അന്നു രാവിലെയും വൈകുന്നേരവും ചന്ദ്രനെ കാണാന്‍ സാധിക്കുകയില്ല. ചന്ദ്രന്‍ വാവ് കഴിഞ്ഞ് പൂജ്യം ഡിഗ്രിയില്‍ നിന്നും വളര്‍ന്നു തുടങ്ങുന്നു. അതിനാല്‍ 14-06-18 വ്യാഴാഴ്ച ശവ്വാല്‍ ഒന്നാം തീയ്യതിയും ഈദുല്‍ ഫിത്വറും ആയിരിക്കുന്നതാണ്. ഇതിന്‍റെ ശാസ്ത്രീയവശം താഴെ കൊടുക്കുന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നതാണ്.
12-06-18 ന് ചെറുതായി കൊണ്ടിരിക്കുന്ന കലയുടെ വലിപ്പം 2% ആണ്. 13-06-18 ന് പൂജ്യം ശതമാനം. 19.43 UTയില്‍ ന്യൂമൂണ്‍ സംഭവിക്കുന്നു. 14-06-18 വളരുന്നകല 1% വളര്‍ന്നിരിക്കുന്നു. ഒന്നാം തീയ്യതിയാണ്. മാസാവസാന ദിവസത്തെ കലയുടെ മുഖം കിഴക്കു ഭാഗത്തേക്കാണ്. ആദ്യ ദിവസത്തേത് പടിഞ്ഞാറ ഭാഗത്തേക്കുമാണ്. "സൂര്യനു മുമ്പെ ഉദിക്കുന്നത് പഴയ മാസത്തെതും സൂര്യനു ശേഷം ഉദിക്കുന്നത് പുതിയ മാസത്തിന്‍റെയും കലയാണ്. മാസത്തിലെ അവസാനം സൂര്യന്‍ ചന്ദ്രനെ പിന്തുടരുന്നു. ആദ്യത്തില്‍ ചന്ദ്രന്‍ സൂര്യനെ പിന്തുടരുന്നു." (ഖു:91/02 ഇബ്നുകസീര്‍ വ്യാഖ്യാനം).
Back to INDEX

012 ജഅ്ഫരി മദ്ഹബ് എന്ന കെട്ടുകഥ - ഡോ. സി. അബ്ദുറഹ്മാൻ ആദൃശ്ശേരി

കര്‍മ്മശാസ്ത്രത്തില്‍ ജഅ്ഫര്‍ ഇബ്നു മുഹമ്മദ്(റ)ന്‍റെ മദ്ഹബ് സ്വീകരിക്കുന്നത് കൊണ്ട് പൊതുവെ ശിയാക്ക്കളെ ജഅ്ഫരികള്‍ എന്ന് അഭിസംബോധന ചെയ്യപ്പെടാറുണ്ട്. അഹ്ലുസ്സുന്നയുടെ നാല് മദ്ഹബുകള്‍ പോലെ തന്നെ, ഒരു കര്‍മ്മശാസ്ത്ര സരണിയാണ് ഇതും എന്നാണ് പൊതുജനങ്ങളുടെ ധാരണ.
യഥാര്‍ത്ഥത്തില്‍ ജഅ്ഫര്‍ സ്വാദിഖിന്(റ)ന് കര്‍മ്മശാസ്ത്രത്തിലോ ഹദീസിലോ അദ്ദേഹം രചിച്ചതോ തന്‍റെ ശിഷ്യന്മാര്‍ ക്രോഡീകരിച്ചതോ ആയ ഒരു ഗ്രന്ഥവുമില്ല. ശിയാക്കള്‍ക്ക് അവലംബാര്‍ഹമായ നിവേദന പരമ്പരകളിലൂടെ വന്ന ഒരു ആധികാരിക ഗ്രന്ഥം തന്നെയില്ല എന്നതാണ് വസ്തുത. ശിയാക്ക്കള്‍ തങ്ങള്‍ "ഇമാമികള്‍" അഥവാ മഅ്സ്വൂമായ ഇമാമില്‍ നിന്ന് വിധികളും നിയമങ്ങളും (ഫിഖ്ഹ്) സ്വീകരിക്കുന്നവരാണെന്നവകാശപ്പെടുന്നവരാണ്. എന്നാല്‍ ബാഖിര്‍ സ്വദ്ര്‍, സിസതാനി, ഖുമൈനി, ഖാതമി, ഖാംനഇ പോലുള്ളവരില്‍ നിന്ന് മതം സ്വീകരിക്കുന്നവരാണവര്‍. ഇമാമികള്‍ എന്നത് ഏട്ടിലെ പശുവാണെന്നര്‍ത്ഥം.
യഥാര്‍ത്ഥത്തില്‍ അവര്‍ ജഅ്ഫരികളോ, ഇമാമികളോ അല്ല. ജഅ്ഫര്‍ സാദിഖോ തങ്ങളുടെ പന്ത്രണ്ട് ഇമാമുകളില്‍ ഒരാള്‍ പോലുമോ ഹദീസിലോ ഫിഖ്ഹിലോ ഒരു ഗ്രന്ഥവും രചിക്കാത്തവരാണ്.
ഇനി സുന്നികളുടെ ഇമാമുകള്‍ക്ക് ഈ രംഗത്തുള്ള സംഭാവനകള്‍ നോക്കാം. ഇമാം അബൂഹനീഫക്ക് ഹദീസില്‍ തന്‍റെ മുസ്നദും ഫിഖ്ഹില്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ ഖാള്വി അബൂയൂസുഫും മുഹമ്മദ് ഇബ്നു ഹസനും ക്രോഡീകരിച്ച കര്‍മ്മശാസ്ത്രവുമുണ്ട്. ഇമാം മാലികിന് ഹദീസിലും ഫിഖ്ഹിലുമായി തന്‍റെ "അല്‍ മുവത്വ"യുണ്ട്. ഇമാം ശാഫിഇക്കാവട്ടെ ഹദീസില്‍ തന്‍റെ മുസനദും ഫിഖ്ഹില്‍ ഉമ്മും ഉസൂലില്‍ "അര്‍രിസാല"യുമുണ്ട്. ഇമാം അഹ്മദ് ഇബ്നു ഹംബലിനാവട്ടെ ഹദീസില്‍ ഭുവന പ്രസിദ്ധമായ തന്‍റെ മുസ്നദും ഫിഖ്ഹില്‍ തന്‍റെ ശിഷ്യരില്‍ പ്രമുഖനായ ഇമാം ഖല്ലാല്‍ ക്രോഡീകരിച്ച കര്‍മ്മശാസ്ത്രവുമുണ്ട്.
ഫിഖ്ഹിലും ഹദീസിലും സ്വന്തമായി രചനയില്ലെങ്കിലും ഇമാം ജഅ്ഫറിലേക്ക് ചേര്‍ത്ത് പറയാറുള്ള നിവേദനങ്ങളാവട്ടെ ശിയാക്ക്കള്‍ക്ക് തന്നെ അസ്വീകാര്യവുമാണ്.
ഇമാം ജഅ്ഫറിന്‍റെ മരണത്തിന് ശേഷം 180 വര്‍ഷങ്ങള്‍ക്ക് ശേഷം രചിച്ച ഖുമൈനിയുടെ 'അഫൂറുഉല്‍ കാഫി'യാണ് അദ്ദേഹത്തില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടതെന്ന് ശിയാക്കള്‍ പ്രചരിപ്പിക്കാറുള്ള കര്‍മ്മശാസ്ത്ര രചന. തങ്ങളുടെ ഇമാമുകളുടെ ശിഷ്യന്മാര്‍ നേരിട്ടു അവരില്‍ നിന്ന് ക്രോഡീകരിച്ചതോ ശിഷ്യന്മാരുടെ ശിഷ്യന്മാരില്‍ നിന്ന് ക്രോഡീകരിച്ചതോ ആയ നാനൂറ് ഗ്രന്ഥങ്ങള്‍ ഉണ്ടെന്നും അവയെല്ലാം നഷ്ടപ്പെട്ടു പോയെന്നുമാണ് ശിയാഭാഷ്യം! ബഹ്റൈനിലെ സമകാലികനായ ശിയാ പണ്ഡിതന്‍ ആയതുല്ല ജഅ്ഫര്‍ സുബ്ഹാനി പറയുന്നത് ഇമാമുകളില്‍ നിന്ന് നേരിട്ടു ലഭിച്ച ഗ്രന്ഥങ്ങള്‍(ഉസൂല്‍)ക്ക് നിശ്ചിതമായ ഒരു ക്രോഡീകരണവും ഉണ്ടായിരുന്നില്ലെന്നും കാരണം. അവ സദസ്സുകളില്‍ പറഞ്ഞ ക്ലാസുകളോ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങളോ ആയിരുന്നുവെന്നും ശിയാക്ക്കളുടെ പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളായ അല്‍കാഫി, അല്‍ ഇസ്തിബ്സാര്‍, തഹ്ദീബ്, മന്‍ലായഹ്ളുറുഹൂല്‍ ഫഖീഹ് എന്നിവയില്‍ അവയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടുമില്ലെന്നുമാ ണ്. പിന്നീടദ്ദേഹം പറയുന്നു. റളിയുദ്ദീന്‍ അലി ഇബ്നുതാവൂസ് പറഞ്ഞു. (ഹി. 663). എന്‍റെ പിതാവ് എന്നോടു പറഞ്ഞു. അബുല്‍ ഹസന്‍റെ അനുയായികളും വീട്ടുകാരും നമ്മുടെ കക്ഷിയില്‍ പെട്ടവരും തന്‍റെ സദസ്സില്‍ ഹാജരാവുമായിരുന്നു. അവരുടെ പക്കല്‍ പലകകളും എഴുത്തുപകരണങ്ങളുമുണ്ടായിരുന്നു. അബുല്‍ ഹസന്‍ ഒരു വാക്ക് പറയുകയോ ഫത്വ നല്‍കുകയോ ചെയ്താല്‍, ആളുകള്‍ അത് രേഖപ്പെടുത്തി വെക്കും. (അദവാറുല്‍ഫിഖ്ഹില്‍ ഇമാമി: ജഅ്ഫര്‍ സുബ്ഹാനി-35). ഇവിടെ അബുല്‍ ഹസന്റെയും അദ്ദേഹത്തിൽ നിന്നും നിവേദനം ചെയ്യുന്ന അലി ഇബ്നു താവൂസും തമ്മില്‍ നാനൂറ് കൊല്ലത്തെ അന്തരമുണ്ട്. നിവേദനപരമ്പരകളുടെ കൂടിച്ചേരല്‍ എവിടെ? തന്നെ കൂടെ തങ്ങളുടെ അറിവുകള്‍ ക്രോഡീകരിക്കപ്പെട്ടതാണെന്നതിന് ഇതേ സുബ്ഹാനി പറയുന്ന മറ്റൊരു തെളിവ് ഇതാണ്: "നമ്മുടെ ശൈഖ് ബഹാഉദ്ദീന്‍ ആമിലി പറയുന്നു. നമ്മുടെ മശാഇഖുകളില്‍ നിന്ന് നമുക്ക് ലഭിച്ച ഒരു കാര്യമാണ് 'ഉസൂലി'ന്‍റെ ആളുകള്‍ക്ക് ഇമാമുകളില്‍ നിന്ന് എന്തെങ്കിലും ലഭിച്ചാല്‍ അവര്‍ മറക്കാതിരിക്കാന്‍ അവ തങ്ങളുടെ ഉസൂലുകളില്‍ രേഖപ്പെടുത്തി വെക്കുന്നതാണ്. ഇവിടെ നിവേദകനായ സുബ്ഹാനിയും അദ്ദേഹം ഉദ്ധരിക്കുന്ന ബഹാഉല്‍ ആമിലിയും തമ്മില്‍ പത്ത് നൂറ്റാണ്ടുകളുടെ അന്തരമുണ്ട്!
അവരുടെ തന്നെ വാദപ്രകാരം ഏറ്റവും പൗരാണികവും വിശ്വസനീയവുമായ ഉസൂലുകള്‍ (ഇമാമുകളുടെ നിവേദനങ്ങള്‍) ഉള്‍ച്ചേര്‍ന്നതുമായ സമാഹാരം, കുലൈനിയുടെ കാഫിയാണ്. എന്നാല്‍ പ്രമുഖരായ ശിയാ പണ്ഡിതന്മാരുടെ വാദപ്രകാരം അതിലെ അറുപത് ശതമാനം നിവേദനങ്ങളും ദുര്‍ബ്ബലങ്ങളോ(ള്വഈഫ്) നിര്‍മ്മിതികളോ (മൗള്വൂഅ്) ആണ്.
തങ്ങളുടെ കക്ഷിയുടെ ഏറ്റവും കൃത്യതയോടും സൂക്ഷ്മതയോടും കൂടി ക്രോഡീകരിക്കപ്പെട്ടതെന്നവകാശപ്പെടുന്ന അല്‍കാഫിയെക്കുറിച്ച് അവരുടെ പ്രമുഖ ഇമാം ബാഖിറുല്‍ മജ്ലിസി അതിന്‍റെ വ്യാഖ്യാനമായ മിര്‍ആതുല്‍ ഉഖൂലില്‍ പറയുന്നത്; ഒമ്പതിനായിരത്തില്‍പരം നിവേദനങ്ങള്‍ ദുര്‍ബ്ബലങ്ങളാണെന്നാണ്! അല്‍കാഫിയിലെ 9485 നിവേദനങ്ങള്‍ ദുര്‍ബലങ്ങളാണെന്നാണ് മുര്‍തള അസ്കറിയുടെ അഭിപ്രായം (മആലിമുല്‍ മദ്റസതൈന്‍ 3/343).
മുഹമ്മദ് ബാഖിര്‍ അല്‍ബഹ്ബൂദിയുടെ അഭിപ്രായത്തില്‍ 11693 നിവേദനങ്ങള്‍ അല്‍കാഫിയില്‍ ദുര്‍ബലങ്ങളാണ്. 16121 നിവേദനങ്ങളില്‍ സഹീഹുല്‍ കാഫിയില്‍ നിന്ന് 4428 മാത്രമാണ് സ്വീകാര്യമായതെന്നാണ് മുര്‍തദാ അസ്കരിയുടെ അഭിപ്രായം. മൂന്നില്‍ രണ്ടു ഭാഗവും ദുര്‍ബല നിവേദനം കുത്തിനിറച്ച ഒരു ഗ്രന്ഥത്തിന് എന്ത് വിശ്വസനീയതയാണുള്ളത്. തങ്ങളുടെ ഏറ്റവും വിശ്വസനീയവും ആധികാരികവുമായ ഗ്രന്ഥത്തിന്‍റെ കഥയിതാണെങ്കില്‍ മറ്റുള്ളവയുടെ അവസ്ഥയെന്താകും?
ശിയാക്കള്‍ തങ്ങളുടെ കര്‍മ്മശാസ്ത്ര പണ്ഡിതരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങളെയും ഫത്വകളെയും ശിയാ കര്‍മ്മശാസ്ത്രമെന്നും ജഅ്ഫരി മദ്ഹബ് എന്നുമൊക്കെയാണ് വിവക്ഷിക്കുന്നത്. ചുരുക്കത്തില്‍ ജഅ്ഫര്‍ സാദിഖും അല്ലാത്തവരുമായ ഏത് ഇമാമിന്‍റെയും പേരില്‍ അവര്‍ ചാര്‍ത്തി കൊടുക്കുന്ന ഏത് വിധികളും അഭിപ്രായങ്ങളും ജഅ്ഫരി മദ്ഹബായി ഗണിക്കപ്പെടും.
ശിയാ വിശ്വാസപ്രകാരം ഓരോ ഫഖീഹിനും തന്‍റേതായ സ്വതന്ത്രവീക്ഷണമുണ്ട്. അയാള്‍ ഇമാമിനെ ഉദ്ധരിക്കാറുമില്ല. ഓരോ ഫഖീഹിനും സ്വന്തമായ അനുകര്‍ത്താക്കളുമുണ്ട് (മുഖല്ലിദുകള്‍) അഥവാ ഖുമൈനിക്കും, മുഖ്തദാ സദറിനും, സീസ്താനിക്കും, ശരീഅത്ത് മദാരിക്കും സ്വന്തമായ മുഖല്ലിദുകള്‍ ഉണ്ട്. അവര്‍ മറ്റ് ഫുഖഹാക്കളെ ആശ്രയിക്കുകയോ അംഗീകരിക്കുകയോ ഇല്ല. എല്ലാം ജഅ്ഫരി മദ്ഹബിന്റെ പേരില്‍ വരവ് വെക്കുകയും ചെയ്യും. തങ്ങളുടെ ഫുഖഹാക്കള്‍ ഇമാമുകളുടെ അഭിപ്രായങ്ങളുടെ വെളിച്ചത്തിലാണ് ഇജ്തിഹാദ് നടത്തുന്നത് എന്നാണ് ഇമാമുകളുടെ അഭിപ്രായം സ്വീകരിക്കാത്തതെന്താണെന്ന ചോദ്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ പറയാറുള്ളത്. ഫഖീഹിന് വിശുദ്ധ പരിവേഷം നല്‍കുന്നതിനാല്‍ അയാളുടെ അഭിപ്രായം അലംഘനീയമാണ്. ഓരോ ഫഖീഹും ഓരോ മര്‍ജിഇയ്യയാണ്. ഇവര്‍ പരസ്പരം കഠിനവിരോധികളും വിയോജിപ്പിലുമാണ്. അവര്‍ പ്രസിദ്ധീകരിക്കുന്ന കര്‍മ്മശാസ്ത്രരേഖകള്‍ (അര്‍രിസാലത്തുല്‍ ഇല്‍മിയ്യ). ആശയസംഘാടനത്തിന്‍റെ നിദര്‍ശനങ്ങളാണ് ഓരോ ഫഖീഹും തങ്ങളെയല്ലാതെ തഖ്ലീദ് ചെയ്യരുതെന്നും, തങ്ങളാണ് ഏറ്റവും വിവരമുള്ളവര്‍ എന്നും വാദിക്കുന്നവരാണ് ഒരാളുടെ മുഖല്ലിദ് മറ്റൊരു ഫഖീഹിന്‍റെ പിറകില്‍ നമസ്കരിക്കാറില്ല. ഇത്രത്തോളം വിയോജിപ്പും വിരോധവും പുലര്‍ത്തുന്നവര്‍ പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍, തങ്ങള്‍ ജഅ്ഫരി മദ്ഹബുകാരാണെന്നവകാശപ്പെടുന്നു!
ഇമാമി ശിയാക്കള്‍ പൊതുവെ രണ്ടു വിഭാഗമാണ്; ഇഖ്ബാരികളും ഉസൂലികളും. ഇഖ്ബാരികള്‍ ഫഖീഹിനെ തഖ്ലീദ് ചെയ്യുന്നതിനെ വിലക്കുന്നവരാണ്. കാരണം മഅ്സൂമായ ഇമാമിനെ മാത്രമേ അവരുടെ വീക്ഷണപ്രകാരം പിന്തുടരാവൂ. ഇഖ്ബാരികളും ഉസൂലികളും തമ്മിലുള്ള ഭിന്നത യുദ്ധത്തിലും കലാപത്തിലും വരെ എത്താറുണ്ട്. അവര്‍ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു. ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഉസൂലികള്‍ മരണപ്പെട്ട ഫഖീഹിനെ തഖ്ലീദ് ചെയ്യരുത് എന്ന വാദക്കാരാണ്. അഥവാ ഓരോ ഫഖീഹിന്‍റെ മദ്ഹബും അയാളുടെ മരണത്തോടുകൂടി മരണമടയുന്നു! അപ്പോള്‍ ജഅ്ഫര്‍ സാദിഖിന്‍റെ മദ്ഹബും ഫിഖ്ഹുമാണ് ശിയാ ഫുഖഹാക്കള്‍ പിന്തുടരുന്നതെങ്കില്‍ ഒരു ഫഖീഹിന്‍റെ മരണശേഷം അയാളെ പിന്തുടരുന്നത് വിലക്കേണ്ട കാര്യമുണ്ടോ? കാരണം മഅ്സൂമായ ഇമാമിന്‍റെ മദ്ഹബും ഫിഖ്ഹും അയാള്‍ മരിച്ചാലും മാറുകയോ അവസാനിക്കുകയോ ഇല്ലല്ലോ? ഫഖീഹ് മരണപ്പെടുമ്പോള്‍ തങ്ങള്‍ ഉപേക്ഷിക്കുന്ന ഫിഖ്ഹ് ജഅ്ഫരീ മദ്ഹബിനെ പ്രതിനിധീകരിക്കുന്നതാണെങ്കില്‍ അയാളുടെ വിയോഗത്തോടെ അവര്‍ അത് ഉപേക്ഷിക്കുകയില്ലല്ലോ?
ചുരുക്കത്തില്‍ ശിയാ ഫുഖഹാക്കള്‍ തമ്മിലുള്ള ഗുരുതരമായ അഭിപ്രായാന്തരങ്ങള്‍ കാണിക്കുന്നത്, അവര്‍ ജഅ്ഫരി മദ്ഹബുകാരല്ലെന്നതിന്‍റെ തെളിവത്രെ. മഅ്സൂമായ ഇമാമിന്‍റെ അഭിപ്രായങ്ങള്‍ എങ്ങനെയാണ് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും പര്സപര വിരുദ്ധവുമാകുന്നത് അപ്പോള്‍ ജഅ്ഫര്‍ ഇബ്നു മുഹമ്മദ് മഅ്സൂമാണെങ്കില്‍ പരസ്പരവിരുദ്ധമായ ഈ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്‍റേതാവില്ല. അദ്ദേഹം അങ്ങനെയല്ലെങ്കില്‍ ശിയാ ആദര്‍ശം അതോടെ തകര്‍ന്നു തരിപ്പണമാവുകയും ചെയ്യും. ഇനി അദ്ദേഹം മഅ്സൂമല്ലെന്ന് തന്നെ സമ്മതിക്കുകയാണെങ്കില്‍ ഒരാളില്‍ നിന്ന് ഇത്രമാത്രം വിരുദ്ധാഭിപ്രായങ്ങള്‍ സംഭവിക്കുമോ? നാല് സുന്നി മദ്ഹബുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇത്രത്തോളം വരില്ല.
ശിയാ പുരോഹിതന്‍ "ഫൈളുല്‍ കാശാനി" പറയുന്നത് കാണുക. ഒരേ വിഷയത്തില്‍ ശിയാ പണ്ഡിതന്മാര്‍ ഇരുപതോ മുപ്പതോ അതിലധികമോ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതായി കാണാം. അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത ഒരു വിഷയവും ഉണ്ടാവില്ല. (മുഖദ്ദിമ തഹ്ദീബുല്‍ അഹ്കാം). "മുഖ്തലഫു ശീഅ" എന്ന അല്ലാമാ ഹൂലിയുടെ ഗ്രന്ഥം നോക്കിയാല്‍ ജഅ്ഫരി മദ്ഹബുകാരെന്നവകാശപ്പെടുന്ന ശിയാക്കള്‍ക്കിടയിലുള്ള അഭിപ്രായ വൈരുദ്ധ്യങ്ങളുടെ ആഴവും പരപ്പും ബോധ്യപ്പെടുന്നതാണ്. പത്തു വാള്യങ്ങള്‍ ഉണ്ട് ഹി. 726ല്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്! ശിയാ മദ്ഹബിന്‍റെ വൈരുദ്ധ്യങ്ങള്‍ ക്രോഡീകരിക്കുന്ന ഒരു ഗ്രന്ഥം രചിക്കാന്‍ ഇന്നൊരാള്‍ തയ്യാറാവുകയാണെങ്കില്‍ ചുരുങ്ങിയത് നൂറ് വാള്യങ്ങള്‍ വേണ്ടി വരും. അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ പരസ്പരം കാഫിറാക്കുകയും തെമ്മാടികളാക്കുകയും മാത്രമല്ല അത് കൊലയിലവസാനിച്ച സംഭവങ്ങളുമുണ്ട്. ശിയാ പുരോഹിതന്‍ ഖുവാന്‍സാരി പറയുന്നു. പില്‍ക്കാലക്കാര്‍ വര്‍ദ്ധിച്ച തോതില്‍ രചനകള്‍ നടത്തി. അവരുടെ ഗ്രന്ഥങ്ങളില്‍ ധാരാളം പിഴവുകള്‍ സംഭവിച്ചു. അവ അവരില്‍പ്പെട്ട ചിലരുടെ കൊലക്ക് കാരണമായി. (ലുഅ്ലുഅത്തുല്‍ ബഹ്റൈന്‍ 81).
സുന്നി പണ്ഡിതന്മാര്‍ക്കും ഫുഖഹാക്കള്‍ക്കുമിടയിലും അഭിപ്രായാന്തരങ്ങളില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകും. എന്നാല്‍ മഅ്സൂമുകളല്ലാത്ത പണ്ഡിതന്മാരില്‍ നിന്ന് അവരുടെ മാനദണ്ഡങ്ങളും വീക്ഷണങ്ങളും സമീപനങ്ങളും വ്യത്യസ്തമാകുന്നത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുന്നത് സ്വാഭാവികവും അനുവദനീയവുമാണ്. അവര്‍ക്ക് പിഴവ് പറ്റിയാല്‍ ഒരു പ്രതിഫലവും ശരിയായാല്‍ രണ്ട് പ്രതിഫലവും ലഭിക്കുന്നതാണ്.
എന്നാല്‍, ശിയാക്കള്‍ അടിസ്ഥാനപരമായി കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം അംഗീകരിക്കാത്തവരാണ്. സുന്നികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സംഭവിക്കാന്‍ കാരണം അവര്‍ മഅ്സൂമായ ഇമാമിനെ അംഗീകരിക്കാത്തത് കൊണ്ടാണെന്നാണ് ശീഈ വീക്ഷണം. അബൂഹുറൈറ(റ) ആയിശ(റ), മുആവിയ(റ) അബൂഹനീഫ(റ), ശാഫിഈ(റ), അഹ്മദ് ഇബ്നു ഹംബല്‍(റ) തുടങ്ങിയ മഅ്സൂമുകളല്ലാത്തവരെ പിന്തുടര്‍ന്നത് കൊണ്ടും അഹ്ലുബൈത്തിന്‍റെ മദ്ഹബ് തള്ളിക്കളഞ്ഞത് കൊണ്ടുമാണ് സുന്നികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം സംഭവിക്കുന്നത് എന്നാണ് അവരുടെ വാദം. അവര്‍ രക്ഷയുടെ കപ്പലില്‍ കയറിയിരുന്നുവെങ്കില്‍ അഭിപ്രായാന്തരങ്ങളുടെ ആഴിയില്‍ മുങ്ങിപ്പോകില്ലായിരുന്നുവെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്!
സമകാലികരായ ശീഇ പണ്ഡിതരായ "അഹ്മദുല്‍ വാഇലി" വേദക്കാരായ സ്ത്രീകളെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ ആറ് അഭിപ്രായങ്ങള്‍ പറഞ്ഞതിന് ശേഷവും ഒരു തീര്‍പ്പിലെത്താത്തത് കൊണ്ട് സുന്നികളുടെ വീക്ഷണം പറഞ്ഞു അവസാനിപ്പിക്കുന്നു. മറ്റൊരു ശിയാ പണ്ഡിതന്‍ സുന്നികളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് ശേഷം ശിയാ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പരസ്പര ഭിന്ന വീക്ഷണം പുലര്‍ത്തുന്നു എന്നും പറയുന്നു.
ജുമുഅ നമസ്കാരം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു തീര്‍പ്പിലെത്താന്‍ മഅ്സൂമായ ഇമാമിന്‍റെ അനുയായികള്‍ക്ക് സാധിച്ചിട്ടില്ല. ഹറാം, വുജൂബ് തഖ്യീരി, വുജൂബ് തഅ്യീനി, ഇമാം ഫഖീഹാകണമെന്ന നിബന്ധനയോടെ വുജൂബ്, വുജൂബ് ഹറാം എന്നതിന്‍റെ ഇടയിലുള്ള അനിശ്ചിതത്വം, ഇങ്ങനെ അഞ്ച് അഭിപ്രായമാണ് ഇതിലുള്ളത്!
ഇതിനു പുറമെ അദൃശ്യനായ ഇമാമോ അയാളുടെ പ്രതിനിധിയോ ഉണ്ടായാലേ നിര്‍ബന്ധമാവൂ എന്ന കാര്യത്തിലും അഭിപ്രായാന്തരമുണ്ട്. ഭര്‍തൃമതിയായ സ്ത്രീ വ്യഭിചരിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ സയ്യിദ് ഖൂഇ പരസ്പരവിരുദ്ധമായ രണ്ട് അഭിപ്രായം പ്രകടിപ്പിച്ചതായി ഹുസൈന്‍ ഫദ്ലുല്ലാ അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന് ഇറാഖില്‍ വെച്ച് പറഞ്ഞതും മറ്റൊന്ന് അമേരിക്കയില്‍ വെച്ച് നല്‍കിയ ഫത്വയുമാണെന്ന് മാത്രം! ഇത് സുന്നി ഫുഖഹാക്കളുടെ ഖദീമും ജദീദുമായ ഖൗല്‍ പോലെയല്ല. ഒരേ ഗ്രന്ഥത്തില്‍ വ്യത്യസ്ത അധ്യായങ്ങളില്‍ പരസ്പര വിരുദ്ധമായ അഭിപ്രായം പറയുകയാണിവര്‍.
ഒരു വീട്ടില്‍ തന്നെ പിതാവ് ഒരു മര്‍ജിഇനെയും മകന്‍ മറ്റൊരു മര്‍ജിഇനെയും പിന്തുടരുന്നത് കൊണ്ട് അല്ലെങ്കില്‍ സഹോദരങ്ങള്‍ വ്യത്യസ്ത ഫുഖഹാക്കളെയും ഭാര്യ ഭര്‍ത്താക്കന്മാര്‍ വിരുദ്ധ വീക്ഷണമുള്ള രണ്ട് ഫുഖഹാക്കളെയും തഖ്ലീദ് ചെയ്യുന്നത് കൊണ്ടും അഭ്യന്തരക്കുഴപ്പങ്ങള്‍ക്കും വക്കാണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവെക്കാറുണ്ട്. മുഹമ്മദ് സാദിഖ് സദറിനോടു ചോദിച്ച ഒരു ചോദ്യം കാണുക. ഭര്‍ത്താവ് പിന്തുടരുന്ന ഫഖീഹിന്‍റെ വീക്ഷണത്തില്‍ ഗുദത്തില്‍ ലൈംഗിക വേഴ്ച നടത്താവുന്നതാണ് എന്നാല്‍ ഭാര്യ തഖ്ലീദ് ചെയ്യുന്ന ഫഖീഹിന്‍റെ വീക്ഷണത്തില്‍ അത് അനുവദനീയവുമല്ല എങ്കില്‍ ഭര്‍ത്താവ് അതിന് ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യണം. അഭിപ്രായ വൈരുദ്ധ്യങ്ങള്‍ അനുഷ്ഠാന കര്‍മ്മങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല. അടിസ്ഥാനപരമായ വിശ്വാസരംഗത്തും വൈരുദ്ധ്യങ്ങള്‍ ദര്‍ശിക്കാം. "ഇഅ്തിഖാദുസദൂഖ്" എന്ന പേരില്‍ സദൂഖിന് ശീഇ വിശ്വാസ ദര്‍ശനങ്ങളെക്കുറിച്ച് ഒരു ഗ്രന്ഥമുണ്ട്. എന്നാല്‍ തന്‍റെ ശിഷ്യന്‍ മുഫീദ് അതിനെതിരില്‍ "തസ്ഹീഹുല്‍ ഇഅ്തിഖാദ്" എന്ന പേരില്‍ ഒരു ഖണ്ഡന ഗ്രന്ഥവും രചിച്ചു. വിവരമില്ലാത്തവന്‍, അവിവേകി, കഥയറിയാത്തവന്‍ എന്നൊക്കെയാണ് അതില്‍ ഗുരുവിനെ വിശേഷിപ്പിക്കുന്നത്. പിന്നീട് മുഫീദിന്‍റെ ശിഷ്യന്‍ ശരീഫ് മുര്‍തള തന്‍റെ ഗുരുനാഥനോട് 95 വിഷയങ്ങളില്‍ വിയോജിച്ചുകൊണ്ട് ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. ഇവിടെ ഒരു ചോദ്യം ജഅ്ഫര്‍ സാദിഖ് ഇതില്‍ ഏത് വിശ്വാസക്കാരനായിരുന്നു? സദൂഖിന്‍റെയോ മുഫീദിന്‍റെയോ ശരീഫിന്‍റെയോ?
വിശ്വാസകാര്യത്തില്‍ ഇമാം ജഅ്ഫറിന്‍റെ നിലപാടിലല്ലെങ്കില്‍ പിന്നെ ശിയാക്ക്കള്‍ ഏതു കാര്യത്തിലാണ് ജഅ്ഫരികളാകുന്നത്?
ഏറ്റവും ലജ്ജാകരമായിട്ടുള്ള കാര്യം. വ്യത്യസ്ത വീക്ഷണക്കാരുടെ അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഫിഖ്ഹിലും ഉസൂലിലും അടുത്തകാലത്തായി രചിക്കപ്പെട്ട സുന്നി പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ ഒരു വിഷയത്തില്‍, മാലികികള്‍ക്ക് രണ്ട് അഭിപ്രായവും അഹ്മദ്(റ)നും ശാഫിഈ(റ)ക്കും അതില്‍ കൂടുതല്‍ അഭിപ്രായം ഉണ്ടെന്ന് പറഞ്ഞതിന് ശേഷം ഇമാമികള്‍ക്ക് ഒരഭിപ്രായവുമുണ്ടെന്ന് പറയുന്നത് കാണാം. ജഅ്ഫരി മദ്ഹബെന്ന കെട്ടുകഥ വിശ്വസിക്കാന്‍ നമ്മുടെ പണ്ഡിതന്മാരെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? കാര്യമറിയാത്തതു കൊണ്ടോ? അതോ അറിഞ്ഞിട്ടും കണ്ണടക്കുന്നതാണോ?
പിന്നെ, എക്കാലത്തും മഅ്സൂമായ ഇമാം ഉണ്ടായിരിക്കുമെന്നാണ് ശീഇ വിശ്വാസം. അവരുടെ വീക്ഷണപ്രകാരം ഇക്കാലത്തെ മഅ്സൂം മഹ്ദിയാണ്. (ഇമാമുസമാന്‍) മഹ്ദിയുടെ ഫിഖ്ഹ് എവിടെയാണ്? അദ്ദേഹത്തിന്‍റെ പിതാവ് ഹസന്‍ അസ്കരിയുടെയും റിദയുടെയും മൂസയുടെയും ഫിഖ്ഹുകള്‍ എവിടെ? ജഅ്ഫര്‍ സ്വാദിഖിന്‍റെ വിയോഗത്തോടെ ഇമാമത് അടുത്ത ഇമാമിലേക്ക് നീങ്ങേണ്ടതല്ലേ? എക്കാലത്തും ജഅ്ഫര്‍ സ്വാദിഖിന്‍റെ ഫിഖ്ഹ് മതിയെങ്കില്‍, അടുത്ത ഇമാമുകളുടെ ആവശ്യമെന്താണ്?
കുലൈനി ജീവിച്ചത് (ഹി. 329) ഹസന്‍ അസ്കരിയുടെ (ഹി. 220) അടുത്തകാലത്തും അടുത്ത പ്രദേശത്തുമായിരുന്നു. എന്നിട്ടും എട്ടു വാള്യങ്ങളുള്ള തന്‍റെ ഗ്രന്ഥത്തില്‍ മിക്കതും ജഅ്ഫര്‍ സാദിഖില്‍ നിന്നുള്ള നിവേദനങ്ങള്‍ കൊണ്ട് നിറക്കുകയും മറ്റു ഇമാമുകളുടെ നിവേദനങ്ങള്‍ അവഗണിക്കുകയും ചെയ്തതെന്ത് കൊണ്ട്? ജഅ്ഫര്‍ സാദിഖ് ജീവിച്ചത് ഹിജ്റ 80 കളിലും കുലൈനി 300 കളിലും. ഒരാള്‍ ബാഗ്ദാദിലും മറ്റെയാള്‍ മദീനയിലും. എന്നാല്‍ ഏകദേശം ഒരേ കാലത്ത് തൊട്ടടുത്ത് ജീവിച്ചവരായിരുന്നു കുലൈനിയും ഹസന്‍ അസ്കരിയും. ആദ്യത്തെ അഞ്ച് ഇമാമുകളെയും അവസാനത്തെ ആറ് പേരെയും വിട്ടു ഏഴാമത്തെ ആളില്‍ നിന്ന് മാത്രം ഉദ്ധരിച്ചത് എന്തുകൊണ്ടാണ്?
ഒരാളുടെ മാത്രം അഭിപ്രായമാണ് തങ്ങളുടെ മതവീക്ഷണമെങ്കില്‍ ഒന്നിലധികം ഇമാമുകളുടെ ആവശ്യമെന്ത്? ഒന്നാമത്തെ ഇമാം അലി(റ)യുടെ ഫിഖ്ഹ് എവിടെപ്പോയി. ജഅ്ഫര്‍ സാദിഖില്‍ നിന്ന് മാത്രം ഇത്രമാത്രം നിവേദനങ്ങള്‍ ഉണ്ടാവാന്‍ കാരണമെന്ത്? ശിയാ പണ്ഡിതര്‍ തന്നെ അതിന് മറുപടി പറയുന്നുണ്ട്. 'ശരീഫി' പറയുന്നത് കാണുക. മിക്ക ഹദീസുകളും ഇമാമുമാര്‍ പറഞ്ഞതല്ല. കള്ളം പറയുന്നവര്‍ സ്വന്തം നിര്‍മ്മിച്ച് അവരിലേക്ക് ചേര്‍ത്തി പറയുന്നതാണ് ഒന്നുകില്‍ അവരുടെ ശിഷ്യന്മാരുടെ ഗ്രന്ഥങ്ങളില്‍ തിരുകിക്കയറ്റിയോ മറ്റു വിധേനയോ (ഖവാഇദുത്തഹ്ദീസ് 135) ആകാം. "നമ്മുടെ പണ്ഡിതന്മാരുടെ ഹദീസ് ഗ്രന്ഥങ്ങള്‍ എടുക്കുക. അതില്‍ വിശ്വസ്തരായവരോ പ്രമാണം അറിയുന്നവരോ ഇല്ല. അവരുടെ ഗ്രന്ഥങ്ങള്‍ തെളിവു പിടിക്കാന്‍ യോഗ്യവുമല്ല." (റസാഇലുശ്ശരീഫ് അല്‍ മുര്‍തള 3/211).
നബി(സ)യുടെ ഹദീസുകള്‍ ശിയാക്ക്കള്‍ തള്ളിക്കളയുന്നത് അത് നിവേദനം ചെയ്തവര്‍ അഹ്ലുബൈത്തില്‍ പെട്ടവരല്ല എന്ന ന്യായം പറഞ്ഞാണ്. കാരണം നബിയുടെ അറിവുകള്‍ക്ക് ഒരു കവാടം(അലി) മാത്രമാണുള്ളത്. തങ്ങളുടെ നിവേദനങ്ങള്‍ അഹ്ലുബൈത്തില്‍ നിന്നാണെന്ന വാദം ശരിയാകണമെങ്കില്‍ നിവേദനപരമ്പരയിലെ എല്ലാ കണ്ണികളും അഹ്ലുബൈത്തില്‍ പെട്ടവരായിരിക്കണമല്ലോ? ഇതാകട്ടെ ഒരിക്കലും സംഭവിച്ചിട്ടില്ല താനും. അവരുടെ, അന്‍കാഫി, തഹ്ദീബ്, അല്‍ബിഹാര്‍ എന്നിവയുടെ നിവേദന പരമ്പരകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. തങ്ങളുടെ മതം ഉദ്ധരിച്ച ആയിരക്കണക്കിന് നിവേദകപരമ്പരകളില്‍ തങ്ങളുടെ ഇമാമുകളിലോ അഹ്ലുബൈത്തിലോ പെട്ട ഒരാളുമില്ലെന്നാണ് വാസ്തവം.
ഏതെങ്കിലും ഒരു ഇമാമില്‍ (പ്രധാനമായും ജഅ്ഫര്‍ സാദിഖില്‍) ചെന്ന് ചേരുന്ന ഒരു നിവേദനം ഉദ്ധരിക്കുകയാണ് കുലൈനിയെ പോലുള്ളവര്‍ ചെയ്യുന്നത്. പ്രസ്തുത നിവേദക പരമ്പരയില്‍ അഹ്ലുബൈത്തില്‍ പെട്ട ആരുമുണ്ടാവില്ല. എന്നാല്‍ ബുഖാരിയെ പോലുള്ള സുന്നി ഹദീസ് പണ്ഡിതന്മാര്‍ ഉദ്ധരിക്കുന്ന നിവേദനങ്ങള്‍ നബി തിരുമേനിയില്‍ എത്തിച്ചേരുന്നു. പലപ്പോഴും അതില്‍ അലി(റ) നെ പോലെ നബി കുടുംബത്തില്‍ പെട്ട നിവേദകര്‍ ഉണ്ടാവുകയും ചെയ്യും. ഉദാ:
കുലൈനി:- മുഹമ്മദ് ഇബ്നു യഹ്യ - അഹ്മദ് ബിന്‍ മുഹമ്മദ് ഇബ്നു ഫള്വാല്‍, ഹസന്‍ ഇബ്നു ജഹ്മര്‍റിള്വ, ജഅ്ഫര്‍ സ്വാദിഖ്.
ബുഖാരി - അലിയ്യ് ഇബ്നു ജഹ്ദ്, ശുഅ്ബ - മന്‍സൂര്‍, രിബ്ഇയ്യ, ഇബ്നു ഹറാശ്, അലി(റ), റസൂൽ(സ).
പ്രവാചക കുടുംബത്തില്‍ പെട്ടവര്‍ റസൂലുല്ലാഹ് (സ) യില്‍ നിന്ന് നേരിട്ടു ഉദ്ധരിക്കുന്നത് അസ്വീകാര്യവും അഹ്ലുബൈത്തില്‍ പെടാത്തവര്‍ ഏതെങ്കിലും ഒരു ഇമാമില്‍ നിന്ന് ഉദ്ധരിക്കുന്നവര്‍ സ്വീകാര്യവുമാകുന്നത് എങ്ങനെ?
ഒന്നുകില്‍ ഇമാമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ എല്ലാവരും അഹ്ലുബൈത്തില്‍ പെട്ടവരാകണം. അല്ലെങ്കില്‍ ജഅ്ഫര്‍ സാദിഖിനെപ്പോലുള്ള ഇമാമുകള്‍ നബിയില്‍ നിന്നു ഉദ്ധരിച്ച ഹദീസുകളുടെ സമാഹരണം ഉണ്ടാവണം. രണ്ടുമില്ലെങ്കില്‍ പിന്നെ ശിയാവാദത്തിന് എന്ത് നിലനില്‍പാണുള്ളത്.
ശിയാ ഹദീസ് സമാഹാരം രചിച്ചവര്‍ ആരും അറബികളോ അഹ്ലുബൈത്തില്‍ പെട്ടവരോ അല്ലെന്ന് കാണാം. ഉദാഹരണത്തിന് കാഫിയുടെ കര്‍ത്താവ് - (കുലൈനി ഹി.329) ഫഖീഹുമന്‍ലായഹ്ളുറൂഹുല്‍ ഫഖീഹിന്‍റെ കര്‍ത്താവ് അല്‍ഖുമ്മി 381) തഹ്ദീബുല്‍ അഹ്കാം, അല്‍ ഇസ്തിബ്സാര്‍ എന്നിവയുടെ കര്‍ത്താവ് (അത്തൂസി 460) ബുവൈഹികള്‍ ഭരിക്കുന്ന സമയത്താണ് ഇവ രചിക്കപ്പെട്ടതും പ്രചരിക്കപ്പെട്ടതും. അവരാകട്ടെ ഇറാനികളും ബഗ്ദാദ് പിടിച്ചടക്കി അതിക്രമം കാണിച്ച ശിയാക്ക്കളുമാണ്. സുന്നി ഹദീസ് പണ്ഡിതന്മാരായ ഇമാം മാലിക് (179) അഹ്മദ് ഇബ്നു ഹംബല്‍ (241) ഇമാം ശാഫിഈ (204) ഇമാം മുസ്ലിം (261) അബൂ ദാവൂദ് (270) എന്നിവര്‍ അറബി വംശജരാണ്. ഇമാം ബുഖാരി അനറബിയും. എന്നാല്‍ ശിയാ ഹദീസ് പണ്ഡിതന്മാരില്‍ ഒരാളും അറബി വംശജരില്‍ പെട്ടവരില്ല.
ശിയാ നിവേദക പരമ്പരയില്‍പെട്ട പ്രശസ്തരായ പലരും വിശ്വസിക്കാന്‍ കൊള്ളുന്നവരല്ലെന്നാണ് അവരുടെ ചരിത്രഗ്രന്ഥങ്ങളായ രിജാലുല്‍ കശ്ശി, ജാമിഉര്‍റുവാത് എന്നിവ സാക്ഷ്യപ്പെടുത്തുന്നത്. സറാറത്ത് ഇബ്നു അഅ്യുന്‍, അബൂ ബസ്വീറു ലൈസുല്‍ മുറാദി, മുഹമ്മദ് ഇബ്നു മുസ്ലിം, ബുറൈദ് ഇബ്നു മുആവിയ എന്നിവര്‍ ഉദാഹരണം.
സിന്‍ദീഖുകളായിരുന്ന (മതനിഷേധി) ഹിശാം ഇബ്നു ഹകം, ജാബിര്‍ ഇബ്നു യസീദിനെ പോലുള്ളവര്‍, ഇമാം ജഅ്ഫര്‍ സാദിഖിന്‍റെ പേരില്‍ എഴുപതിനായിരത്തില്‍ പരം നിവേദനങ്ങളാണ് കെട്ടിച്ചമച്ചത്. മദ്യപാനികളും ചൂതാട്ടക്കാരുമായ ഔഫുല്‍ അഖീല, അലി ഇബ്നു അബീ ഹംസ, അബൂഹുറൈറ അല്‍ ബസാര്‍ തുടങ്ങിയവരാണിവരുടെ പ്രധാന നിവേദകന്മാര്‍. ഇമാം ജഅ്ഫര്‍ സാദിഖില്‍ നിന്ന് കശ്ശി ഉദ്ധരിക്കുന്നത് കാണുക. മുഗീറ ഇബ്നു സഅദ് എന്‍റെ പിതാവ് ബാഖിറിന്‍റെ പേരില്‍ കളവ് കെട്ടിച്ചമക്കാറുണ്ടായിരുന്നു. കുഫ്റും സന്‍ദഖത്തും രഹസ്യമായി എന്‍റെ പിതാവിന്‍റെ പേരിലേക്ക് ചേര്‍ത്ത് ഉദ്ധരിച്ച് തന്‍റെ ശിഷ്യന്മാര്‍ക്ക് നല്‍കി, ശിയാക്ക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം കല്‍പ്പിക്കുമായിരുന്നു. (രിജാലുല്‍ കശ്ശി 196).
നിങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഒരു ലക്ഷത്തോളം വരുന്ന വ്യാജ നിവേദനങ്ങള്‍ ഞാന്‍ രഹസ്യമായി ചേര്‍ത്തിട്ടുണ്ടെന്ന് മുഗീറ പറഞ്ഞതായി ശിയാ പണ്ഡിതന്‍ മാംഖാനി തന്‍റെ തന്‍ഖീഹുല്‍ മഖാല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട് (1-5) അബിന്‍ ഖത്താബ് അല്‍ അസ്ദി, മുഅ്മിനത്താഖ് ഇങ്ങനെ നുഴഞ്ഞുകയറി ശീഇസത്തില്‍ കുഫ്റും ളലാലത്തും കടത്തി കൂട്ടിയവരാണ്.
സമകാലികനായ ശിയാ പണ്ഡിതന്‍ ഹാശിം മഅ്റൂഫ് പറയുന്നത് കാണുക. അന്‍കാഫി, അല്‍വാഫി പോലുള്ള ഹദീസ് സമാഹാരങ്ങളില്‍ ഇമാമുകളോടു വിദ്വേഷം പുലര്‍ത്തുന്ന പലരും കയറിക്കൂടി അവരുടെ നിവേദനങ്ങളില്‍ അസത്യങ്ങള്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. (അല്‍മൗളൂആത്ത് ഫില്‍ ആസാര്‍ വല്‍ അഖ്സാര്‍ 253).
കാഫിയിലെ ഏതാനും ഹദീസുകള്‍? ഉദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം.
അബൂ അബ്ദില്ല (ജഅ്ഫര്‍ സാദിഖ്) പറഞ്ഞു. ജിബ്രീല്‍ നബിക്ക് അവതരിപ്പിച്ച ഖുര്‍ആനില്‍ പതിനേഴായിരം ആയത്തുകളുണ്ട്. (അല്‍കാഫി 2/634).
ഖുര്‍ആന്‍ അവതരിച്ചതുപോലെ ക്രോഡീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടവന്‍ കള്ളനാണ്. അതിനെ ക്രോഡീകരിച്ച് സംരക്ഷിച്ചത് അലിയും ഇമാമുകളുമാണ്. (1/227). കുഫ്റും ഫിസ്ഖും ധിക്കാരവും അവന്‍ നിങ്ങള്‍ക്ക് വെറുപ്പുള്ളതാക്കി (അല്‍ഹുജുറാത്ത് 7) അഥവാ ഒന്നാമനും രണ്ടാമനും മൂന്നാമനുമാണ് (അബൂബക്കര്‍ ഉമര്‍ ഉസ്മാന്‍ എന്നിവരാണ്) ഇതുകൊണ്ടുള്ള വിവക്ഷയെന്നര്‍ത്ഥം (1/426). കഥയറിയാതെ ആട്ടം കാണുന്ന പല സുന്നികളും എന്നിട്ടും പറയുന്നു: അഹ്ലുസ്സുന്നയുടെ നാല് മദ്ഹബുകള്‍ പോലെ ഒരു മദ്ഹബാണ് ജഅ്ഫരി മദ്ഹബ് എന്നും, അതുകൊണ്ട് ഇബാദത്ത് ചെയ്യല്‍ അനുവദനീയമാണെന്നും!
Back to INDEX

013 പ്രമാണങ്ങൾ തെറ്റിദ്ധാരണകൾ - അബ്ദുറഹ്മാൻ ഇരിവേറ്റി

കാലത്താൽ മത വിശ്വാസങ്ങളെയും മതാചാരങ്ങളെയും വിശ്വസിച്ചും ആചരിച്ചും പോന്നിരുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള പ്രമാണബദ്ധമായ പോസ്റ്റുമോർട്ടമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ആരംഭത്തോടെ കേരളത്തിൽ നടന്നത്. പോസ്റ്റ്മോർട്ടം വളരെ സൂക്ഷ്മതയോടെയായിരുന്നു. വിശ്വാസങ്ങൾ, ആചാരങ്ങൾ, പ്രാർത്ഥനകൾ, പ്രകീർത്തനങ്ങൾ (ദിക്റുകൾ), സാമൂഹ്യ - കുടുംബ ബന്ധങ്ങൾ, ആഘോഷങ്ങൾ, പ്രമാണങ്ങൾ, പഠനങ്ങൾ, ഭാഷാ - വേഷങ്ങൾ അങ്ങനെ എല്ലാറ്റിലേക്കും ആ പരിശോധനകൾ നീണ്ടു. ഫലങ്ങൾ ഐതിഹാസികങ്ങളായിരുന്നു. പ്രത്യാഘാതങ്ങൾ വലുതായിരുന്നു. കൊടുങ്കാറ്റുകളും തിരയിളക്കങ്ങളുമുണ്ടായി. പലതും കടപുഴകി! പകരം പലതും പുനഃസ്ഥാപിച്ചു. മറഞ്ഞുകിടന്ന പലതും പുറത്തേക്ക് വന്നു. പുറത്തുണ്ടായിരുന്ന പലതും മറഞ്ഞുപോയി!
ഈ തിരയിളക്കം പൂർണമായിട്ടില്ല. ഇപ്പോഴും തുടരുന്നു. അതിന്റെ സദ്ഫലങ്ങൾ എല്ലാവരും അനുഭവിക്കുന്നു. ആസ്വദിക്കുന്നു. അവകാശപ്പെടുക പോലും ചെയ്യുന്നു. ചില കാര്യങ്ങൾ മാത്രം നോക്കാം.
പ്രമാണങ്ങൾ
മുസ്ലിംകളുടെ പ്രമാണം ഏതാണ്? ഇങ്ങനെ ഒരു ചോദ്യം മുജാഹിദ് പ്രസ്ഥാനം വരും മുമ്പെ ഈ കേരളത്തിൽ ഉയർന്നിരുന്നില്ല. "നാലിലൊരു മദ്ഹബ്" ആണ് ഇസ്ലാം മതം എന്നാണ് അന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. അങ്ങനെ വിശ്വസിച്ച് പോന്നിരുന്ന ജനങ്ങളിൽ ഭൂരിപക്ഷത്തിനും ആ മദ്ഹബുകളുടെ പേരുകൾ പോലും അറിയാമായിരുന്നില്ല. മദ്ഹബ് എന്ന അറബി പദത്തിന്റെ അർത്ഥമോ അതിന്റെ "ഇമാമു"കളുടെ മതത്തിലെ സ്ഥാനമോ അവർ ഗ്രഹിച്ചിരുന്നില്ല. മതം സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് നൽകപ്പെട്ടിരുന്ന വിദ്യാഭ്യാസം ഖുർആൻ ഓത്തും "നിസ്കാരക്കണക്കും" ആയിരുന്നു! അന്ന് ഖുർആൻ എന്ന പ്രയോഗം പോലും ഉണ്ടായിരുന്നില്ല! മുസ്ഹഫ് ഓതുക എന്നായിരുന്നു പ്രയോഗം!
ഖുർആന് വലിയ വിശുദ്ധി തന്നെയാണ് കൽപിച്ചിരുന്നത്. ബർക്കത്തും! ഖുർആൻ ഒരുറയിലിട്ട് സൂക്ഷിച്ചു! ആ ഉറ ഒരു "മേക്കട്ടി" മേൽ വെച്ചു. അത് പലതരം "ബർക്കത്തുകൾക്കായി" ഓതാൻ എടുക്കുമ്പോൾ "വുളു" വേണമെന്ന് നിബന്ധന വെച്ചു. അങ്ങനെ ഖുർആനെ ഏറെ "വിശുദ്ധ"മാക്കി വെച്ച് കൊണ്ട് തന്നെ ജനജീവിതത്തിൽ നിന്നും അതിനെ അകറ്റി നിറുത്തുന്നതിൽ സ്ഥാപിത താൽപര്യക്കാർ വിജയിച്ചു!
"ഖുർആൻ സാധാരണ ജനങ്ങൾക്ക് മനസ്സിലാവുകയില്ല" എന്ന പ്രചാരണം വ്യാപകമായി തന്നെ നടന്നു. സാധാരണക്കാരുടെ മത വിദ്യാഭ്യാസം ഓത്തുപള്ളികളിലവസാനിച്ചപ്പോൾ "ഖുർആൻ ഓതുക" എന്നതിൽ അത് പരിമിതപ്പെട്ടു! ഖുർആൻ ഓതാൻ പല സന്ദർഭങ്ങൾ നിശ്ചയിക്കപ്പെട്ടു. രാത്രികാലങ്ങളിൽ ഖുർആൻ ഓതുന്ന സമ്പ്രദായം, ഖുർആൻ പഠിക്കുന്ന കുട്ടികളിൽ മാത്രമായി ഒതുങ്ങി. വലിയ ആളുകൾക്ക് രാത്രിയിൽ വീട്ടിൽ "ബർക്കത്തു"ണ്ടാവാനായി ഓതാൻ (പാടാൻ) ഒരുപാട് "മാലകൾ" ഉണ്ടാക്കി. മുഹ്യിദ്ദീൻ മാല, രിഫാഇ മാല, നഫീസത്ത് മാല തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്.
ഖുർആൻ ജീവിച്ചിരിക്കുന്നവർക്കല്ല മരിച്ചവർക്കാണ് ഓതിക്കൊടുക്കേണ്ടത് എന്ന തീരുമാനം വന്നു. മരിച്ചവരുടെ തലക്കപ്പുറത്തും, അവരുടെ ഖബറുകളിലും (ഖബറിന്മേൽ പുര കെട്ടി അതിലും) ഒക്കെ ഓത്തായി! മരിച്ചവർക്ക് വേണ്ടി ഓതാനായി ഖുർആനിലെ "യാസീൻ" എന്ന സൂറത്ത് തന്നെ "റിസർവ്വ്" ചെയ്യപ്പെട്ടു! ഖുർആൻ ചില വീടുകളിൽ "ദാഇമോത്ത്" എന്ന പേരിൽ ബർക്കത്തിനായി ഓതുന്ന ഒരു സമ്പ്രദായവും വന്നു! ഇതിന് പള്ളികളിലെ ചില മുല്ലമാരോ നാട്ടിലെ ചില ഓത്തുകാരോ ആണ് നിയോഗിതരായിരുന്നത്. ചുരുക്കത്തിൽ ഖുർആൻ ഒരു വാക്കിന്റെ അർത്ഥം പോലും അറിയാതെ ഓതുന്ന സമ്പ്രദായം ഒരു കൂട്ടരുടെ ഒരു ജീവിതോപാധിയായി മാറി!
മദ്ഹബാണ് പ്രമാണമെങ്കിലും അതിന്റെ അനുയായികൾക്ക് മദ്ഹബും അറിയുമായിരുന്നില്ല. അവരുടെ പ്രമാണം അക്കാലത്തെ മുസ്ലിയാക്കന്മാരുടെ വഅളുകളായിരുന്നു. അതായത് മുസ്ലിമിന്റെ മത ജീവിതം മുസ്ലിയാക്കന്മാരുടെ നിശ്ചയങ്ങൾക്കനുസരിച്ച് നടന്നു! മതത്തിന് പ്രമാണം മാത്രമല്ല നഷ്ടപ്പെട്ടത്, അടിസ്ഥാന ആദർശം തന്നെ നഷ്ടപ്പെട്ടു. തൗഹീദ് (ഏക ദൈവവിശ്വാസം), ശിർക്ക് (ഏക ദൈവത്വത്തിൽ പങ്ക് ചേർക്കൽ), സുന്നത്ത് (പ്രവാചകചര്യ), ബിദ്അത്ത് (പ്രവാചകചര്യയിലില്ലാത്ത മതാ(അനാ)ചാരങ്ങൾ) തുടങ്ങിയ അനേകം അടിസ്ഥാന കാര്യങ്ങളെ കുറിച്ചൊന്നും പഠനമോ, അന്വേഷണമോ, പ്രബോധനമോ ഒന്നും നടന്നില്ല. മതം എന്ന രീതിയിൽ കൊണ്ടുനടന്ന മദ്ഹബുകളിൽ മതത്തിന്റെ അടിസ്ഥാനാശയങ്ങൾ സംബന്ധിച്ച് കാര്യമായി ഒന്നും ഇല്ലാത്തതിനാൽ മത നേതൃത്വത്തിനും (മുസ്ലിയാക്കന്മാർക്ക്) അത്തരം കാര്യങ്ങളിൽ പിടിപാട് പോയിട്ട്, മതത്തിൽ പെട്ടവയാണെന്ന തോന്നൽ പോലും ഉണ്ടായിരുന്നില്ല. മദ്ഹബുകൾ വെറും "മസാലകളാണ്!" ആത്മാവ് (അടിസ്ഥാന വിശ്വാസം) നഷ്ടപ്പെട്ട് കഴിഞ്ഞിരുന്ന മതങ്ങളിലെ ആചാരങ്ങൾ എങ്ങനെയാണ് നടത്തുക എന്നത് സംബന്ധിച്ച വിധികൾ മാത്രമാണ് മദ്ഹബുകൾ. ചില വിധികളൊക്കെ മദ്ഹബുകളുടെ ഇമാമുമാർക്ക് ആ കാലത്ത് ലഭ്യമായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ പല വിധികളും സ്വയംകൃതങ്ങളാണ്. പലതിലും ഇമാമ് ഞാൻ ഇഷ്ടപ്പെടുന്നത് ഞാൻ തിരഞ്ഞെടുത്തത് എന്നിങ്ങനെ പ്രയോഗിച്ച് കാണാം! യഥാർത്ഥത്തിൽ മതത്തിൽ ഈ ഇമാമുമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കോ തെരഞ്ഞെടുപ്പിനോ ഒന്നിനും തന്നെ യാതൊരു സ്ഥാനവുമില്ല! മതം നിശ്ചയിക്കുന്നത് അല്ലാഹുവും അത് ജനങ്ങൾക്ക് അറിയിച്ച്, വിശദീകരിച്ച് കൊടുക്കുന്നത് ദൈവദൂതനുമാണ്. അതിനിപ്പുറം ഒരാൾക്കും മതത്തിൽ ഒരു ചെറിയ കാര്യം പോലും സൃഷ്ടിക്കാനോ നേരിയ ഭേദഗതി പോലും വരുത്താനോ അവകാശമില്ല!
നാലാലൊരു മദ്ഹബ്!
നാലാലൊരു മദ്ഹബ് സ്വീകരിച്ചാൽ മതി എന്നല്ല, നാലാലൊരു മദ്ഹബ് സ്വീകരിക്കൽ നിർബന്ധമാണ് എന്നാണ് ഇവിടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മദ്ഹബില്ലാത്തവൻ മുസ്ലിമേ അല്ലെന്നും നിശ്ചയിക്കപ്പെട്ടു! ഇതൊക്കെ ആരാണ് നിശ്ചയിച്ചത്? ഒന്നായ മതം എങ്ങനെ നാലായി? പരസ്പര വിരുദ്ധങ്ങളായ നാലും എങ്ങനെ ശരിയായി? ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് കൂറുമാറാൻ ഏതൊരാൾക്കും ഏത് ഘട്ടത്തിലും സ്വാതന്ത്ര്യം നൽകി നിയമം വെച്ചത് ആരാണ്?
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല! ഇത്തരം ചോദ്യങ്ങളേ ഉണ്ടായിരുന്നില്ലല്ലോ! അതും പാടുണ്ടായിരുന്നില്ല! കാരണം ഇമാമുമാർക്കൊക്കെ ആദ്യമേ അപ്രമാദിത്വം കൽപിച്ചുത്തരവിറക്കിയിരുന്നു. നന്നെ ചെറുപ്പത്തിലെ ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമാക്കിയ ഇമാമുമാരെ ചോദ്യം ചെയ്യുകയോ? എവിടെയാണ് ലക്ഷക്കണക്കിന് ഹദീസുകളുള്ളത്? എന്ന് പോലും ചോദിക്കാൻ ആളില്ലാതെ പോയി! സ്ത്രീകളുടെ മഹ്ർ നിയന്ത്രിക്കണമെന്ന് മിമ്പറിൽ വെച്ച് പ്രസംഗിച്ച രണ്ടാം ഖലീഫ ഉമറി(റ)നെ ഖുതുബക്കിടെ തന്നെ ഖുർആൻ ഉദ്ധരിച്ച് ചോദ്യം ചെയ്ത വനിതയെ അംഗീകരിക്കുകയും "ഉമറിന് തെറ്റിപ്പോയി. ആ വനിത പറഞ്ഞതാണ് ശരി"യെന്ന് പ്രസ്താവിക്കുകയും ചെയ്ത, പഠനത്തിന്റെയും ചിന്തയുടെയും പ്രമാണ പ്രതിബദ്ധയുടെയും മതത്തിനെന്തേ ഈ അധഃപതനം!
മദ്ഹബുകളുടെ പേരിൽ പരസ്പരം കലഹിച്ചവർക്ക് വേണ്ടിയുണ്ടാക്കിയ ഒത്തുതീർപ്പ് ഫോർമുലയാണ് ഈ നാലാലൊരു മദ്ഹബ് വാദം. യുദ്ധവിരാമ ഉടമ്പടി! ഈ മദ്ഹബുകളുടെ വളർച്ച അങ്ങ് കഅ്ബാലയം വരെ ഉണ്ടായി! കഅ്ബയുടെ മൂന്ന് പുറവും മൂന്ന് ജമാഅത്തുകൾ നടന്നു! ശാഫിഈ, ഹനഫീ, മാലികീ മദ്ഹബുകാരുടെ വക! (ഹമ്പലികൾ എല്ലാവരെയും തുടർന്ന് നമസ്കരിക്കാറായിരുന്നു പതിവ്). ഖുർആനിലെ വ്യക്തമായ നിർദ്ദേശങ്ങൾക്ക് എതിരായിപ്പോലും മസാലകളുള്ള ഈ മദ്ഹബുകളിൽ ഏതെങ്കിലുമൊന്ന് സ്വീകരിക്കൽ മുസ്ലിമിന് നിർബന്ധമാണെന്ന്!
ഈ വാദത്തിനും "ഇജ്മാഅ്" ഉണ്ടാവാം. ഇജ്മാഅ് എന്നാൽ ഐക്യകണ്ഠേനയുള്ള അഭിപ്രായം, തീരുമാനം എന്നൊക്കെയാണല്ലോ അർത്ഥം. ഒരു കാലത്തെ മുഴുവൻ പണ്ഡിതന്മാരും അഭിപ്രായ വ്യത്യാസമില്ലാതെ യോജിച്ച കാര്യത്തിനാണ് ഇജ്മാഅ് എന്ന് പറയുന്നത്. അങ്ങനെ ഏതെങ്കിലും കാലഘട്ടത്തിൽ ഏതെങ്കിലുമൊരു പ്രശ്നത്തിൽ ഐക്യകണ്ഠേന തീരുമാനം ഉണ്ടായിട്ടുണ്ടോ? അത് എവിടെയെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ? ഏതെങ്കിലും കാലഘട്ടത്തിലെ മുഴുവൻ പണ്ഡിതന്മാരുടെയും ലിസ്റ്റ് സ്വരൂപിച്ചിട്ടുണ്ടോ?
ഒന്നും ഇല്ല! എല്ലാം ചില പണ്ഡിതന്മാരുടെ പ്രസ്താവനകൾ മാത്രമാണ്. ഇന്ന പ്രശ്നത്തിൽ പണ്ഡിതന്മാർക്കിടയിൽ ഇജ്മാഅ് ഉണ്ട് എന്ന് ഇന്ന പണ്ഡിതൻ പ്രസ്താവിച്ചിട്ടുണ്ട് എന്ന് ഒരാൾ പറയുകയോ എഴുതുകയോ ചെയ്താൽ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കാതെ സ്വീകരിക്കുക എന്ന രീതിയാണ് ഉള്ളത്. അവിടെയും സംഭവിക്കുന്നത് എന്താണ്? തെളിവുകളുടെ അടിസ്ഥാനത്തിലല്ല അന്ധമായ അനുകരണം (തഖ്ലീദ്)ത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പോകുന്നത് എന്നർത്ഥം.
"നിനക്കറിയാത്തതിനെ നീ പിൻപറ്റരുത്" (അൽ ഇസ്രാഅ് 34) എന്നത് ഖുർആന്റെ ഒരു അസന്നിഗ്ധ നിലപാടാണല്ലോ! എന്നാൽ ഈ നിലപാട് നമ്മുടെ മത പ്രമാണങ്ങളുടെ വിലയിരുത്തലിന്റെ കാര്യത്തിലെങ്കിലും ഏതെങ്കിലുമൊരു ഘട്ടത്തിലെങ്കിലും നടപ്പായിട്ടുണ്ടോ?
ഒന്നാം പ്രമാണം ഖുർആനാണ് എന്ന് എല്ലാവരുമിപ്പോൾ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നാണല്ലോ വെപ്പ്! എന്നാൽ മതനിയമങ്ങൾക്ക് ആദ്യം ഖുർആൻ, പിന്നെ ഹദീസ് എന്ന നിലപാട് പ്രായോഗിക തലത്തിൽ നാം സ്വീകരിച്ചിട്ടുണ്ടോ?
ഖുർആന്റെ സ്ഥിതി ഇന്നും പഴയത് തന്നെ! ഓത്തിനായുള്ള ഒരു ഗ്രന്ഥം! അത് മരിച്ചേടത്ത് ഓതിയിരുന്നത് ഉപേക്ഷിച്ചവരിലും അവശേഷിക്കുന്നത് ഈ ഓത്ത് ഭ്രമം തന്നെയാണ്.
റമസാൻ മാസം ഖുർആന്റെ അവതരണ ആഘോഷമാണല്ലോ. അതിനാൽ റമസാനിൽ ഖുർആനെ പറ്റിയുള്ള ഒരുപാട് ചിന്തകൾ നമ്മുടെ ഇടയിലുണ്ടായി. എന്നാൽ എല്ലാവരും ഊന്നിയത് ഖുർആൻ ഓതുക എന്നതിൽ തന്നെയായിരുന്നു. "നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ്" എന്ന് ഹദീസ് ഉദ്ധരിച്ചു കൊണ്ട് നമ്മുടെ പ്രബോധകരിൽ പലരും പറഞ്ഞത് ഖുർആൻ ഓതുന്നവരും ഓതാൻ പഠിപ്പിക്കുന്നവരും എന്ന അർത്ഥം തന്നെയാണ്. ഈ ഹദീസ് ഖുർആൻ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഊന്നുന്നത്.
ഇന്ന് ഖുർആൻ പഠനം എന്നത് ഖുർആൻ മനഃപാഠമാക്കൽ ആയി മാറുന്നതാണ് നാം കാണുന്നത്. വടക്കെ ഇന്ത്യയിൽ ഉണ്ടായിരുന്ന ഈ പ്രവണത ഇന്ന് കേരളത്തിലേക്കും വ്യാപിച്ചിരിക്കുന്നു. ഖുർആൻ "ഹിഫ്ളാ"ക്കുന്നതിന് പ്രാധാന്യമില്ലെന്നല്ല പറയുന്നത്. എന്നാൽ ഖുർആൻ സംബന്ധിച്ച് നാം ചർച്ച ചെയ്യുമ്പോൾ ഖുർആനിന്റെ ആശയം ഗ്രഹിക്കുന്നതിനും അത് സ്വീകരിക്കുന്നതിനുമാണ് മുഖ്യപ്രാധാന്യം എന്ന കാര്യമാണ് ഊന്നുന്നത്. ഇമാമത്ത് നിൽക്കുന്നതിൽ മുൻഗണന ഏറ്റവുമധികം ഖുർആൻ അറിയുന്ന ആൾക്ക് എന്ന് പറയുമ്പോൾ ഇന്ന് നാം അർത്ഥമാക്കുന്നതും ഖുർആൻ മനഃപാഠക്കാരെ മാത്രമാണ്. യഥാർത്ഥത്തിൽ ഈ മനഃപാഠക്കാരിൽ ഭൂരിപക്ഷത്തിനും ഖുർആനിലെ ഒരു വചനത്തിന്റെ പോലും പൊരുൾ അറിയാത്തവരാണ് എന്നതാണ് സത്യം.
സന്ദർഭവശാൽ പറയട്ടെ. ഖുർആൻ ഹിഫ്ളുള്ള ഈ ഇമാമുമാർ തങ്ങളുടെ മനഃപാഠചാതുര്യം ഇന്ന് നിർബന്ധ നമസ്കാരങ്ങളിൽ വകതിരിവില്ലാതെ ഉപയോഗിച്ച് പോരുന്നുണ്ട്! നിർബന്ധ നമസ്കാരങ്ങൾ ഇമാമുകൾ നീട്ടി നമസ്കരിക്കുന്നതിനെതിരെ നബി(സ) ശക്തമായ താക്കീതുകൾ നൽകിയിട്ടുണ്ട്. അത്തരം ഇമാമുമാരെ വ്യക്തിപരമായി തന്നെ ശാസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശാസനകളുള്ള ഹദീസുകൾ നിരവധിയാണ്. എന്നാൽ നമസ്കാരം നീട്ടിയത് മതിയായില്ല എന്ന് പറയുന്ന ഒരൊറ്റ ഹദീസ് പോലുമില്ല! നമസ്കാരം ഓത്തു കൊണ്ട് നീട്ടാൻ പാടില്ലെന്ന് ഖുർആനും (മുസമ്മിൽ 20) ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ ഈ നമസ്കാരം നീട്ടി വൻ ശബ്ദങ്ങളിലും ഈണത്തിലും നീട്ടിയും കുറുക്കിയും കക്ക കക്കിയും ഓതുന്ന വടക്കെ ഇന്ത്യൻ ഇമാമുമാർക്ക് ഈ വസ്തുതകളൊന്നും അറിയുകയില്ല! ഇവിടുത്തുകാർ അത് തിരുത്തത്തക്ക അവസ്ഥയിലുമല്ല. നമസ്കാരം ഇന്ന് ഏറെക്കുറെ മൗനവും അവധാനതയും ഭക്തിയും എന്നേടത്ത് നിന്നും ശബ്ദമാനമായ ഒരു ഖുർആൻ ഓത്ത് മത്സരമായി തരം താണിരിക്കുകയാണ്. നിർബന്ധ നമസ്കാരങ്ങളിൽ രോഗികൾ, യാത്രക്കാർ, ദുർബലർ, കുട്ടികൾ, വൃദ്ധന്മാർ, സൈനികർ, അത്യാവശ്യക്കാർ ഒക്കെ ഉണ്ടാവുമെന്ന് ഖുർആനും സുന്നത്തും ചൂണ്ടിക്കാട്ടുന്നതിനെ പള്ളിക്കാരും ഇമാമുമാരും അവഗണിക്കുന്നു.
ഫലത്തിൽ ഖുർആൻ പ്രമാണം എന്ന സ്ഥാനത്തേക്ക് ഉയർത്തുവാൻ ഇന്നും കഴിഞ്ഞിട്ടില്ല. അത് പുണ്യത്തിനായി സ്വീകരിക്കുന്ന ഒരു ദുരവസ്ഥയിലാണ് നാമിപ്പോഴും ഉള്ളത് എന്നതാണ് ദുഃഖകരമായ വസ്തുത.
Back to INDEX

014 അറിയാത്തതും അറിഞ്ഞതും തുല്യമോ? – പ്രശ്നോത്തരി - അബ്ദുസ്സലാം സുല്ലമി, എടവണ്ണ

ചോദ്യം: നിങ്ങൾ സോഷ്യൽ മീഡിയകളിൽ ചന്ദ്രന്റെ ഉദയത്തെക്കുറിച്ചുള്ള ചർച്ച ശ്രദ്ധിക്കാറുണ്ടോ? (ഫിറോസ്, കോഴിക്കോട്)
ഉത്തരം: ഉണ്ട്. എങ്കിലും പ്രസ്തുത സംവാദം താഴെ പറയുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി ചുരുക്കുകയാണ്.
1. ചന്ദ്രമാസം 29ന്റെ ദിവസം സൂര്യൻ അസ്തമിച്ച ശേഷം ചക്രവാളത്തിൽ ചന്ദ്രൻ അവശേഷിക്കുന്നുണ്ടെന്ന് ശാസ്ത്രീയ കണക്കിലൂടെ ഉറപ്പു ലഭിച്ചാലും മാസം പിറന്നതായി പരിഗണിക്കുവാൻ പാടില്ല. ചന്ദ്രനെ സംസ്ഥാനത്തിൽ തന്നെ കാണണം. ഈ വാദം ശരിയാണോ?
2. ദർശനം മഹല്ല് അടിസ്ഥാനത്തിലാണോ നിങ്ങൾ പരിഗണിക്കുക? അതല്ല ജില്ലാ അടിസ്ഥാനത്തിലോ സംസ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ? ഇന്ന് പരിഗണിച്ച് വരുന്നത് സംസ്ഥാന അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിൽ എവിടെയും മാസപ്പിറവി കണ്ടില്ല എന്നാണ് പറയാറുള്ളത്. ഇതിന് വിശുദ്ധ ഖുർആന്റെയും ഹദീസിന്റെയും തെളിവെന്ത്? പൂർവ്വീക പണ്ഡിതന്മാരിൽ ആരാണ് ഇപ്രകാരം പറഞ്ഞത്? അതല്ല ഭൂമിയിൽ എവിടെയെങ്കിലും ദർശിച്ചാൽ മതിയോ? നാല് മദ്ഹബിന്റെ ഇമാമുകൾ എന്തു പറഞ്ഞു? ശാഫിഈ മദ്ഹബിൽ അസ്വഹ് ആയി അഭിപ്രായം പറഞ്ഞാൽ എതിരഭിപ്രായം ദുർബലമാണോ? ഇമാം ശൗകാനി(റ) നൈലുൽ ഔത്വാറിൽ എന്തു പറഞ്ഞു? ഇബ്നുത്തീമിയ്യ(റ) എന്തു പറഞ്ഞു?
3. ഇന്ന രാജ്യങ്ങൾ ഇന്ന സംസ്ഥാനത്തിൽ ഉൾപ്പെടണമെന്ന് പറഞ്ഞത് അല്ലാഹുവും അവന്റെ ദൂതനുമാണോ? ഇതു ശരീഅത്ത് നിയമമാണോ?
4. ഒരേ ഉദയത്തിൽ ഉദിച്ചാൽ മതി എന്നതാണ് മറുപടിയെങ്കിൽ രാജ്യങ്ങളുടെ വിദൂരതയെ അടിസ്ഥാനമാക്കി ചന്ദ്രന്റെ ഉദയവ്യത്യാസം തീരുമാനിക്കുവാൻ സാധിക്കുമോ? ഉദയവ്യത്യാസം ഉണ്ടാകുന്ന രാജ്യങ്ങൾ മാസം തോറും മാറികൊണ്ടിരിക്കുമോ? സഊദിയിലും കൊച്ചിയിലും ഒരേ ഉദയം. കോഴിക്കോടും കൊച്ചിയും ഉദയവ്യത്യാസം അനുഭവപ്പെടുന്നു. ഇപ്രകാരം സംഭവിച്ച ദിവസം ഉണ്ടായിട്ടുണ്ടോ? കാപ്പാട് ചന്ദ്രനെ ദർശിച്ചാൽ കേരളം മുഴുവൻ ആ ദർശനത്തെ ബാധകമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഉദയവ്യത്യാസം തീരുമാനിക്കുന്നതു എന്തിന്റെ അടിസ്ഥാനത്തിലാണ്?
5. സൂര്യൻ അസ്തമിച്ച ശേഷം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടെന്ന് ഉറപ്പ് ലഭിച്ച സമൂഹത്തോട് നിങ്ങൾ അതിനെ കണ്ടാൽ നോമ്പനുഷ്ഠിക്കുക. അതിനെ കണ്ടാൽ നോമ്പ് മുറിക്കുക എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ? അതല്ല സംശയദിവസം (യൗമുശ്ശക്ക്) ഉള്ളവരോടാണോ ഇപ്രകാരം പറഞ്ഞത്? എന്താണ് യൗമുശ്ശക്ക്? ഇന്ന് അത് ഉണ്ടോ?
6. 'രാത്രി മുന്നിട്ടു വരുന്നതു നിങ്ങൾ കണ്ടാൽ' നോമ്പുകാരൻ നോമ്പ് തുറന്നു എന്ന് നബി(സ) പറഞ്ഞിട്ടുണ്ടോ? നബി(സ)യുടെ കാലത്ത് ഒരു മാസം മുഴുവൻ നോമ്പ് തുറന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
7. മുസ്ലിം സമൂഹത്തെ ഉമ്മിയായും അല്ലാത്തവരുമായും രണ്ട് വിഭാഗമായി വിശുദ്ധ ഖുർആൻ വിഭജിക്കുന്നുണ്ടോ? ഉമ്മിയായ സമൂഹത്തോട് സമയം അറിയുവാൻ നിർദ്ദേശിച്ച മാർഗ്ഗം തന്നെ ഉമ്മിയല്ലാത്ത സമൂഹത്തിനും എക്കാലവും ബാധകമാണോ? ചന്ദ്രദർശനം ഇബാദത്ത് (തഅബ്ബുദ്) ആണോ? നിർബന്ധമായ ഇബാദത്തായി എല്ലാവരും ഈ ഇബാദത്ത് അനുഷ്ഠിക്കേണ്ടതുണ്ടോ?
8. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടതു നമ്മൾ എക്കാലവും എഴുതുകയും കണക്ക് കൂട്ടുകയും ചെയ്യാത്ത ഉമ്മത്തായി അവശേഷിക്കുവാൻ വേണ്ടിയാണോ? ചന്ദ്രമാസം തീരുമാനിക്കുന്ന വിഷയത്തിൽ മാത്രമാണോ മുസ്ലിം സമൂഹം ഉമ്മിയ്യ്?
9. തള്ളാനും നോമ്പ് തുറക്കുവാനും നമസ്കാരത്തിന് ബാങ്ക് വിളിക്കുവാനും നബി(സ) കണക്ക് ഉപയോഗിച്ചിരുന്നുവോ? കലണ്ടറിലേക്ക് നോക്കിയിരുന്നുവോ? ഇതിനുള്ള വിശുദ്ധ ഖുർആന്റെയും ഹദീസിന്റെയും തെളിവെന്ത്?
10. നബി(സ)യുടെ കാലത്തും ഖലീഫ ഉമറി(റ)ന്റെ കാലത്തും സൂര്യൻ അസ്തമിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച് അസ്തമിക്കുന്നതിന്റെ മുമ്പായി നോമ്പ് മുറിക്കുകയുണ്ടായി. ഇത് എന്തുകൊണ്ട്?
11. മാസം പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഈ മാസം ഇത്ര ദിവസമുണ്ടെന്ന് നബി(സ) പറഞ്ഞത് ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കുന്നുണ്ടോ? വഹ്യിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇതിലും പ്രധാനപ്പെട്ട വിഷയമാണ് നോമ്പ് മുറിക്കൽ. ഈ വിഷയത്തിൽ എന്തുകൊണ്ട് വഹ്യ് ഇറങ്ങാതെ സൂര്യൻ അസ്തമിക്കുന്നതിന്റെ മുമ്പ് തന്നെ നബി(സ) നോമ്പ് തുറന്നത്?
12. ദർശനത്തിന് ചന്ദ്രൻ ചക്രവാളത്തിൽ ഏറ്റവും ചുരുങ്ങിയ നിലക്ക് എത്ര മിനുട്ട് അവശേഷിക്കണം? രണ്ടു മിനിട്ട് മതിയോ?
13. 29ന്റെ ദിവസം ചന്ദ്രനെ ദർശിച്ചതായി സാക്ഷി നിൽക്കുവാൻ മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് എല്ലാ ചന്ദ്രമാസവും 30 ദിവസമായിരുന്നുവോ? അതല്ല അന്ന് ചന്ദ്രമാസം 29ഉം 30ഉം ദിവസങ്ങളായിരുന്നുവോ? മനുഷ്യനെ സൃഷ്ടിച്ചതു മുതൽക്കാണോ അല്ലാഹുവിന്റെ ഈ പ്രകൃതി നിയമത്തിന് മാറ്റം സംഭവിച്ചത്?
14. കാഴ്ചയെക്കാൾ ഉറപ്പുള്ളത് കണക്കാണെന്ന് നിങ്ങൾ തള്ളാൻ വേണ്ടി കണക്ക് ഉപയോഗിക്കുമ്പോൾ നിങ്ങൾ തന്നെ പറയാറുണ്ടോ?
15. ഉറപ്പായ അറിവ് അടിസ്ഥാനമാക്കി പ്രവർത്തിക്കുവാൻ ഉറപ്പില്ലാത്ത അറിവ് കൂടി ഉണ്ടാവേണ്ടതുണ്ടോ?
16. മാസം പിറന്നിട്ടുണ്ടെന്ന ഉറപ്പ് ലഭിച്ച ശേഷവും ദർശനം ഉണ്ടായില്ല എന്ന കാരണത്താൽ നബി(സ) ചന്ദ്രമാസം പിറന്നതായി പരിഗണിക്കാതെ ആദ്യമാസത്തെ 30 പൂർത്തിയാക്കിയിട്ടുണ്ടോ? അതായത് റമളാൻ മാസം 5 മിനുട്ട് ഉണ്ട്. അല്ലെങ്കിൽ അതിൽ കുറഞ്ഞ മിനുട്ട് അല്ലെങ്കിൽ വർദ്ധിച്ച മിനുട്ട് എന്നാൽ കണ്ടില്ല എന്ന കാരണത്താൽ ശാസ്ത്രീയമായ കണക്കിലൂടെ റമളാൻ ആയിട്ടുണ്ടെന്ന് ഉറപ്പ് ലഭിച്ചിട്ടും റമളാൻ മാസത്തിന്റെ പവിത്രത നഷ്ടപ്പെടുത്തി റമളാൻ മാസത്തെ ശഅ്ബാൻ മാസമാക്കി കുഫ്റായ നസീഅ് പണി നബി(സ) നടത്തിയിട്ടുണ്ടോ? നടത്താൻ സഹാബിമാരോട് പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ ശവ്വാൽ മാസത്തിന് റമളാൻ മാസത്തിന്റെ പവിത്രത നൽകി കുഫ്റ് പണി നബി(സ) നടത്തുകയും നടത്താൻ പറയുകയും ചെയ്തിട്ടുണ്ടോ? ശാസ്ത്രീയ കണക്ക് അറിയുന്ന അതായത് മാസം പിറന്നിട്ടുണ്ടെന്നു കണക്കിലൂടെ ഉറപ്പ് ലഭിച്ച ഏതു സഹാബിയാണ് ഈ കുഫ്റ് പണി നടത്തിയത്? തള്ളാൻ മാത്രം തന്റെ ഈ അറിവ് പ്രയോഗിച്ചത്?
17. 29ന്റെ ദിവസം ആകാശം മേഘാവൃതമായാൽ റമളാൻ ആകുവാനുള്ള സാധ്യത പരിഗണിച്ച് ഒരു സംഘം പ്രഗൽഭരായ സഹാബിമാർ അവരിൽ "നിങ്ങൾ അതിനെ കണ്ടാൽ നോമ്പനുഷ്ഠിക്കുക. അതിനെ കണ്ടാൽ നോമ്പ് മുറിക്കുക എന്ന് പറയുന്ന ഹദീസ് ഉദ്ധരിച്ച സഹാബിവര്യന്മാരുമുണ്ട്. ഇവരുടെ കൂടെ നബി(സ)യുടെ ഭാര്യമാരും ഉണ്ട് നോമ്പനുഷ്ഠിച്ചിരുന്നുവെന്ന് ഹദീസുകളിൽ പറയുന്നു. ഇബ്നുതീമിയ്യ(റ), ഇബ്നു ഖയ്യിം(റ) മുതലായവർ അതു ഉദ്ധരിച്ച് സ്ഥിരപ്പെടുത്തുന്നു. ഇതിനെ നിങ്ങൾ നിഷേധിക്കുന്നുവോ?
18. ചന്ദ്രമാസം തീരുമാനിക്കുവാൻ ഉദയവ്യത്യാസം (ഇഖ്തിലാഫുൽ മത്വാലിഅ്) പരിഗണിക്കുമോ? പരിഗണിക്കണമെങ്കിൽ എന്തുകൊണ്ട് സഊദി അറേബ്യയിൽ രണ്ട് ദിവസം നോമ്പും പെരുന്നാളും ഉണ്ടാവുന്നില്ല? ആ രാഷ്ട്രത്തിൽ ഉദയവ്യത്യാസം അനുഭവപ്പെടുന്ന രാജ്യങ്ങൾ ഉണ്ടല്ലോ ഈ കൊച്ചു കേരളത്തിലും അങ്ങനെ ഉണ്ടായിട്ടും ഇല്ലയോ?
19. ഒരു സംഭവം ചന്ദ്രമാസത്തിന്റെ അടിസ്ഥാനത്തിൽ തിയ്യതി പറയുമ്പോൾ മൂന്ന് തിയ്യതികളിൽ പറയേണ്ടതുണ്ടോ? അതായത് സഊദി ഉദയത്തിന്റെ അടിസ്ഥാനത്തിലും കേരളം, ഒമാൻ രാജ്യങ്ങളിലെ ഉദയത്തിന്റെയും ഡൽഹി ഉദയത്തിന്റെയും അടിസ്ഥാനത്തിൽ ഉദാ. നബി(സ)യുടെ ജനനം, മരണം.
20. ലൈലത്തുൽ ഖദ്ർ ഭൂമിയിൽ മൂന്നു ദിവസങ്ങളിലായിട്ടാണോ സംഭവിക്കുക. അതായത് ഓരോരുത്തരുടെയും ദർശനത്തിന്റെ അടിസ്ഥാനത്തിൽ? കൊച്ചു കേരളത്തിൽ രണ്ട് ദിവസം ഈ രാത്രി ഉണ്ടാകുമോ? സഊദി അറേബ്യയിൽ ഒരു രാത്രിയും. ഇന്ത്യയെക്കാൾ വിശാലമായ.
21. ന്യൂമൂൺ മാസത്തിന്റെ അവസാനം അറിയിക്കുന്നുണ്ടോ? അതല്ല ന്യൂമൂൺ ഉണ്ടായ ശേഷവും അതിന്റെ മുമ്പുള്ള മാസം അവശേഷിക്കുമോ? ന്യൂമൂണിനെ യാതൊന്നിനും അവലംബിക്കുവാൻ പാടില്ല? ഇത് ആര് ഉണ്ടാക്കിയതാണ്? ഹിജ്റ കമ്മിറ്റിയോ?
22. ന്യൂമൂൺ ഉണ്ടാകുമ്പോൾ മഗ്രിബിനോടു അടുത്ത സ്ഥലങ്ങളിൽ നമ്മുടെ പ്രഭാതത്തിന് മുമ്പായി ചന്ദ്രൻ ഉദിക്കൽ (അസ്തമിക്കൽ) സംഭവിക്കുമോ? ഒരേ ദിവസം നോമ്പും പെരുിന്നാളും ആകുവാൻ സാധ്യമല്ലെങ്കിൽ സാധ്യമാവേണ്ടതില്ല. എല്ലാവരും അടിസ്ഥാനമാക്കുന്നതു ഭൂമിയിൽ ആദ്യമായി ഉണ്ടായ ഉദയത്തെയായിരിക്കണം. കാപ്പാട് പ്രത്യക്ഷപ്പെട്ട ചന്ദ്രനെയല്ല. ഇപ്രകാരം പറയുന്നതിൽ തെറ്റ് ഉണ്ടോ? അടിസ്ഥാന വിഷയം ഇതാണ്.
23. മാസം കാണൽ 12 മാസത്തിനും ബാധകമാണോ? നബി(സ)യുടെ കാലത്ത് ചില മാസം ദർശനത്തിന്റെയും മറ്റു ചിലതു കണക്കിന്റെയും അടിസ്ഥാനത്തിൽ തീരുമാനിച്ചിരുന്നുവോ? കണക്ക് അറിയുന്നവർ നിങ്ങളുടെ ജൽപനപ്രകാരം ഉണ്ടായിട്ടും.
24. ഹദീസുകളിൽ ബാഹ്യ ആശയം ഉപേക്ഷിച്ച് അടിസ്ഥാന തത്വത്തിലേക്ക് മടക്കേണ്ടവ ഉണ്ടോ? നിങ്ങൾ വല്ല വിഷയത്തിലും അപ്രകാരം ചെയ്യുന്നുണ്ടോ? ജുമുഅ ഖുതുബ മലയാളത്തിൽ ആകുന്നതിന്റെ തെളിവെന്ത്?
25. ഒരാൾ ചന്ദ്രനെ കണ്ടു. ശേഷം അതു മേഘത്തിൽ മാഞ്ഞു. എന്തു ചെയ്യണം? മാസമാറ്റമായി ദർശിക്കണം എന്നതായിരിക്കും മറുപടി. കാരണം ചന്ദ്രൻ സൂര്യന്റെ അസ്തമനശേഷം ചക്രവാളത്തിൽ ഉണ്ടെന്ന് അയാൾക്ക് അറിവ് ലഭിച്ചു. എങ്കിൽ ഈ അറിവിനേക്കാൾ ഉറപ്പായ അറിവ് ഇന്നത്തെ കണക്ക് കൊണ്ട് ലഭിക്കുന്നതാണ്. ഇതിനെ നിഷേധിക്കുന്നുവോ?
26. ആകാശം അല്ലെങ്കിൽ ചന്ദ്രൻ മേഘാവൃതമായാൽ നിങ്ങൾ മാസം മുപ്പത് പൂർത്തിയാക്കുവീൻ എന്ന് നബി(സ) ആരോട് പറഞ്ഞതാണ്? ഒരു മഹല്ലിൽ ഇപ്രകാരം സംഭവിച്ചാൽ മറ്റു മഹല്ലിൽ ദർശിച്ചത് സ്വീകരിക്കാമോ? ഇതിന്റെ ദൂരപരിധി എത്രയാണ്? സംസ്ഥാനമാണോ? ഉദയവ്യത്യാസമാണോ? ഉദയവ്യത്യാസം ഓരോ മാസവും രാജ്യങ്ങൾ തമ്മിൽ ഉണ്ടാകുമോ? അതല്ല സൂര്യനെ പോലെ സ്ഥിരമാണോ?
ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം സം വാദം കുറൈബി(റ)ന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ ദൂരരാജ്യം എന്നതിന്റെ അടിസ്ഥാനത്തിൽ ചന്ദ്രന്റെ ഉദയവ്യത്യാസം സംഭവിക്കുമെന്ന് വിശ്വസിക്കുന്ന മൗലവിമാരും ഖാളിമാരുമാണ് അധികവും ഇവരുമായി "നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം" എന്ന് പറഞ്ഞു പിന്തിരിയുക. മതവും ശാസ്ത്രവും പഠിച്ച വ്യകതികളുമായി ചർച്ച നടത്തുക. സുന്നികൾ ഖണ്ഡനപ്രസംഗത്തിൽ പരാജയപ്പെടുമ്പോൾ സംവാദത്തിന് ജനങ്ങളെ പിടിച്ച് നിർത്തുവാൻ വെല്ലുവിളിക്കാറുണ്ട്. ഇത്തരം വെല്ലുവിളി കേട്ട് സത്യം അവരുടെ ഭാഗത്താണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
(NB: ഈ ചോദ്യങ്ങൾ വായനക്കാർ അച്ചടിച്ച് വിതരണം ചെയ്യുക).
(മൗലവി മരണത്തിനു മുമ്പ് ഏൽപ്പിച്ചുപോയ ലേഖനമാണിത്) (എഡിറ്റർ)
Back to INDEX

015 'പായാരം' പറയേണ്ടിവന്ന ഇസ്ലാമിക സംസ്കൃതി - എ. ജമീല ടീച്ചർ, എടവണ്ണ

ഒരു സമൂഹം പൊതുവെ കാത്ത് സൂക്ഷിച്ച് വരുന്ന മൂല്യബോധം. അതിനെയാണ് ആ ജനതയുടെ സംസ്കാരം എന്ന് വിലയിരുത്തപ്പെടുന്നത്. അതിൽ അവരുൾക്കൊള്ളുന്ന വിശ്വാസം, ജീവിതകാഴ്ചപ്പാടുകൾ, ആചാരാനുഷ്ഠാനങ്ങൾ, സംസാരം, ഭാഷാശൈലി, കലാകായികം, വിവാഹാഘോഷരീതികൾ, ഇവയെല്ലാം ബന്ധപ്പെട്ട് കിടക്കുന്നുണ്ടാവും. എല്ലാം സാംസ്കാരിക തനിമയുടെ പൈതൃകങ്ങളായി എടുത്തു പറയേണ്ടവ തന്നെ. ഇങ്ങനെ സ്വന്തം നാടിന്റെ സാംസ്കാരികതയുടെ മെച്ചത്തെക്കുറിച്ച് വാചകമടിക്കുന്ന ഒരാളോട് ഒരിക്കൽ വിക്ടർ ഹ്യൂഗോ എന്ന മഹാൻ ചോദിച്ചു.
"ശരി ഞാനൊന്ന് ചോദിക്കട്ടെ. നിങ്ങളുടെ നാട്ടിലെ സ്ത്രീകൾ, കുട്ടികൾ, അഗതികൾ, അനാഥർ, വിധവകൾ, അധഃസ്ഥരിൽ നിന്നുള്ള അബലകൾ. ഇവരെയൊക്കെ എനിക്കൊന്ന് കാണിച്ച് തരാമോ? അവരെത്ര കണ്ട് സുരക്ഷിതരാണ്? സംതൃപ്തരാണ്? അവരുടെ മുഖത്ത് പുഞ്ചിരി വിടരുന്നുണ്ടോ? വീടിനകത്തു പുറത്തും അവർക്ക് നിർഭയത്വമുണ്ടോ? അവർ ഉണ്ണുന്നുണ്ടോ. സ്വസ്ഥമായി ഉറങ്ങുന്നുണ്ടോ ഉടുക്കുന്നുണ്ടോ? ഇതൊക്കെ ഞാനൊന്ന് നോക്കട്ടെ. അതിനനുസരിച്ചേ നിങ്ങളീ ബഡായി പറയുന്ന ഉന്നത സംസ്കാരം നിങ്ങളുടെ നാട്ടിലുണ്ടോ എന്ന് എനിക്ക് സമ്മതിക്കാനാവൂ."
അനുചിതം എന്ന് ആർക്കും അത്ര പെട്ടെന്ന് എഴുതിത്തള്ളാനാവാത്ത ചോദ്യങ്ങൾ തന്നെയാണിത്. ഇസ്ലാമിക സംസ്കാരം ഇതര സംസ്കാരം എന്ന വ്യത്യാസങ്ങളൊന്നും ഇതിലില്ല. ആദ്യം ഒരുവൻ മനുഷ്യനായിട്ട്, അഥവാ മനുഷ്യത്വം ഉൾക്കൊണ്ടിട്ട് വേണമല്ലോ മുസ്ലിമാവാൻ. ഇത്തരം ഉന്നതമൂല്യങ്ങളെ കുറിച്ച് ഏറെ സംസാരിക്കുന്നതും ഇസ്ലാം മതം തന്നെയാണ്. നബി(സ) ഒരിക്കൽ പറഞ്ഞു. "നിശ്ചയം, അല്ലാഹുവിന്റെ ദാസന്മാരിൽ കരുണ ചെയ്യുന്നവരോടാണ് അല്ലാഹു കരുണ കാണിക്കുക." (മുസ്ലിം). സ്വന്തം കുത്സിത തന്ത്രങ്ങളുടെയും ദൈവധിക്കാരത്തിന്റെയും ഫലമായി മനസ്സ് കടുത്തുപോയ വേദക്കാരെ കുറിച്ച് ഖുർആനിന്റെ പ്രതിപാദ്യം ശ്രദ്ധിക്കുക. "പിന്നെ മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങൾ കണ്ടതിന് ശേഷവും നിങ്ങളുടെ മനസ്സ് കടുത്തു. കല്ലുപോലെ. അല്ലാ അതിനേക്കാൾ കടുത്തുപോയി. എന്തെന്നാൽ കല്ലുകൾ ചിലതിൽ നിന്ന് അരുവികൾ പൊട്ടിയൊഴുകാറുണ്ടല്ലോ." (വി.ഖു. 2: 74)
മനസ്സുകൾ കല്ലിനേക്കാൾ കടുത്തുപോയി എന്ന് സാരം. കല്ലും മരവും പ്രകൃതി വിഭവങ്ങളുമെല്ലാം ദൈവത്തിന്റെ നിയമത്തിന് വിധേയമാകുന്നു. അതിൽ നിന്ന് തെളിനീരിന്റെ നീരുറവകൾ പൊട്ടിയൊഴുകുന്നു. പക്ഷേ ശിലയേക്കാൾ കടുത്ത മനസ്സുകളുള്ളവർ സ്വന്തം സഹജീവികളെ മറക്കുന്നു. സ്നേഹ ദയാ കാരുണ്യങ്ങളുടെ നീരുറവകൾ അവിടെ വറ്റി വരണ്ടു പോകുന്നു. "ചെറിയവരെ സ്നേഹിക്കാതിരിക്കുകയും മുതിർന്നവരെ ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നവർ നമ്മിൽ പെട്ടവനല്ല" എന്ന പ്രവാചക വചനം ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കാം. മനുഷ്യനടക്കം പ്രപഞ്ചത്തിലെ ഓരോ ദൈവിക സൃഷ്ടികളും ഉത്തരവാദിത്വ നിബിദ്ധമാണെന്നതിന്റെ തെളിവാണിത്. നന്മയുടെ ഈ മൂല്യങ്ങളിൽ നിന്ന് മനുഷ്യർ കുതറിയോടും. അചേതന വസ്തുക്കളുടെ കാഠിന്യതയിലേക്ക് വഴിമാറിയാൽ മുസ്ലിമും അമുസ്ലിമും എല്ലാം ദുഷിക്കും. അത്തരം ചീഞ്ഞ് നാറ്റത്തിൽ ഇസ്ലാമിക സമൂഹവും ചെന്ന് പെട്ട് പോകരുതെന്നുള്ളതാണ് ദൈവിക താൽപര്യം. പരിശുദ്ധ ഖുർആൻ 7-ാം അധ്യായത്തിലെ 172-ാം വാചനം ശ്രദ്ധിക്കുക. "നിന്റെ നാഥൻ ആദമിന്റെ മക്കളിൽ നിന്ന് അവരുടെ മുതുകുകളിൽ നിന്ന് അവരുടെ സന്തതികളെയെടുത്ത് അവർക്ക് തന്നെ അവരെ സാക്ഷികളാക്കിക്കൊണ്ട് ചോദിച്ചതോർക്കുക. ഞാനല്ലയോ നിങ്ങളുടെ വിധാതാവ്. അവർ പറഞ്ഞു. "തീർച്ചയായും അതെ. ഞങ്ങളുടെ വിധാതാവ് നീ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു." കാലത്തിന്റെ തുടക്കത്തിലേ അല്ലാഹുവും മനുഷ്യനും തമ്മിൽ ചില കരാറുകളുണ്ടാക്കി വെച്ചിട്ടുണ്ട്. ആ കരാറിനെക്കുറിച്ചാണ് ഈ സൂക്തത്തിലെ സൂചന. പ്രവാചകനിൽ നിന്ന് ഉബയ്യുബ്നു കഅ്ബ്(റ) മുതലായവർ ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. "സപ്തവാനങ്ങളെ ഞാൻ നിങ്ങൾക്ക് സാക്ഷികളാക്കിയിരിക്കുന്നു. നിങ്ങളുടെ പിതാവ് ആദമിനെയും. ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ നിങ്ങൾ പറയാതിരിക്കാൻ. ഇക്കാര്യം ഞങ്ങൾ അറിഞ്ഞിട്ടില്ലായിരുന്നു എന്ന്. അറിയുവീൻ. ഞാനല്ലാതെ ദൈവമേതുമില്ല. യാതൊന്നിനെയും നിങ്ങൾ എന്റെ പങ്കാളികളാക്കരുത്. ദൂതന്മാരെ എന്റെ ഈ കരാറുമായി ഞാൻ നിങ്ങളിലേക്കയക്കും. വേദവും കൊണ്ട്, അപ്പോൾ അവർ പറഞ്ഞു. നീയല്ലാതെ ഞങ്ങൾക്കും വേറൊരു ദൈവവും വിധാതാവുമില്ലെന്ന് ഞങ്ങളിതാ സാക്ഷ്യം വഹിച്ചിരിക്കുന്നു." സൃഷ്ടിയുടെ തുടക്കത്തിൽ ആദം മക്കളിൽ നിന്ന് അല്ലാഹു വാങ്ങിയ ഈ കരാറാണ് ഇസ്ലാമിക സംസ്കാരത്തിന്റെ മൂലകം. അതിൽ മാതാവും പിതാവും മക്കളും സഹോദരി സഹോദരങ്ങളും ഭാര്യ ഭർത്താക്കളും ഉൾക്കൊള്ളുന്ന കുടുംബമുണ്ട്. സമൂഹമുണ്ട്. അവർ തമ്മിലുള്ള പരസ്പര അവകാശങ്ങളും ബാധ്യതകളും പറയുന്നുണ്ട്. എല്ലാം പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന സൂചനയുമുണ്ട്. "ഏതൊരു അല്ലാഹുവിനെ മുൻനിർത്തിയാണോ നിങ്ങൾ ചോദിക്കുന്നത്. അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവനാണ്." (വി.ഖു. 4: 1)
മുസ്ലിംകൾ എന്നു മുതൽ ഈ ഉത്തരവാദിത്വങ്ങളും കടമകളും മറന്ന് സ്വാർത്ഥ കാമനകളിലേക്ക് പുറംതിരിഞ്ഞുവോ അന്ന് മുതൽ അവർ വിമർശിക്കപ്പെടുന്നു എന്നത് സ്വാഭാവികം മാത്രം. "ഇന്ത്യയിൽ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഭരണം ഇസ്ലാമിക ഖലീഫ ഉമറിന്റേതു പോലെയുള്ളതാക്കാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ആഗ്രഹിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഇന്നോളം ഒരിക്കലും പുലർന്നിട്ടില്ലാത്ത സ്വപ്നങ്ങളിലൊന്നായിരുന്നു അത്, ജാതിമത ഭേദമന്യേ പ്രജകളുടെ ക്ഷേമാശ്വൈര്യങ്ങൾ ആ സൽഭരണത്തിൽ നിന്ന് ആർക്കുംവായിച്ചെടുക്കാൻ മാത്രമുണ്ടായിരുന്നു. വേണമെന്നുണ്ടെങ്കിൽ മാതൃകയാക്കാനും പറ്റിയവിധം ഇസ്ലാം നിരത്തിവെക്കുന്ന മനുഷ്യ സംസ്കാരത്തിന്റെ ഉന്നത മൂല്യങ്ങളുടെ മഹത്വമായിരുന്നു അതിന് കാരണം. ഖുർആനും പ്രവാചകചര്യയും അവർ പ്രമാണങ്ങളാക്കി മുറുകെ പിടിച്ചു. അണപ്പല്ലുകൾ കൊണ്ട് കടിച്ച് പിടിച്ച് കൊണ്ട് തന്നെ. പരലോക ചിന്ത അവരെ നന്മയിലേക്ക് തെളിച്ച് നിർത്തി. നശ്വരമായ ഈ ജീവിതം കണ്ട് അവർ മതിമറന്നില്ല. കത്തുന്ന മെഴുകുതിരി കത്തിത്തീരുക തന്നെ ചെയ്യും. അന്യരോട് കടം ചോദിച്ചാൽ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. ഉണങ്ങിയ കൊമ്പിലിരിക്കുന്ന കിളിയെപ്പോലെയാണ് ദുൻയാവിലെ ജീവിതം. എപ്പോഴും പാറിപ്പോകേണ്ടിവരാം. അതിന് തയ്യാറായി സുകൃതം ചെയ്ത് കാത്തിരിക്കലാണ് ബുദ്ധി. ഇതാണ് ഇസ്ലാമിക സംസ്കാരം പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ. ഇതിൽ അക്ഷരത്തെറ്റ് വരുത്തുന്നവരാണ് അന്യരാൽ വിമർശന വിധേയരാകുന്നവർ. ബർണാഡ് ഷാ ഒരിക്കൽ പറഞ്ഞുവല്ലോ. ലോകത്തിലെ ഏറ്റവും നല്ല മതം ഇസ്ലാമാണ്. പക്ഷേ അതിന്റെ വൃത്തികെട്ട അനുയായികൾ മുസ്ലിംകളും. ക്രിസ്ത്യാനികളെയും അദ്ദേഹം വെറുതെ വിട്ടില്ല. യേശു ഏറ്റവും നല്ല ഗുരു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഏറെ മോശപ്പെട്ടവരും."
കാരണം പ്രവാചകന്മാരെയും മഹാത്മാക്കളെയുമൊക്കെ വീരാരാധകരാക്കാൻ എളുപ്പമാണ്. അവരുടെ നല്ല ഗുണങ്ങൾ ജീവിതത്തിൽ പാലിക്കുക എന്നത് പ്രയാസകരവും. അതുകൊണ്ടാണല്ലോ കേരളത്തിൽ കാമാർത്തരാൽ പീഡിക്കപ്പെടുന്ന പെൺമക്കളുടെ ദീനരോദനങ്ങൾ കേട്ട് മടുത്ത പ്രിയ കവയത്രി സുഗതകുമാരിക്ക് ഒരു വേള ഇപ്രകാരം പാടേണ്ടി വന്നത്.
"മരിച്ച കുഞ്ഞുങ്ങൾ
വരുന്നുണ്ട്
മഹാനഗരത്തിൻ
നടുക്കുനിന്നു ഞാൻ
അവരുടെ മിണ്ടാവരവ്
കാണുന്നു
മിഴിഞ്ഞ കണ്ണുകൾ,
മുറിഞ്ഞ ചുണ്ടുകൾ
ഒടിഞ്ഞ് തൂങ്ങിയ
ഇളംകഴുത്തുകൾ
ഉടഞ്ഞ നെഞ്ചുകൾ
ചതഞ്ഞ മെയ്യുകൾ
തുടകളിൽ
ചോരക്കറയൊലിപ്പുകൾ"
Back to INDEX

016 ഖുർആനും ഹദീസും തമ്മിലുള്ള അന്തരം - അബ്ദുൽ അലി മദനി -- ഹദീസ് ലോകം

പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളും ആശയങ്ങളുമാണ് വിശുദ്ധ ഖുർആൻ. അത് 'വഹ്യായി' (ദിവ്യബോധനം) പ്രവാചകൻ മുഹമ്മദ് നബിയിലൂടെയാണ് അവതരിച്ചത്.
ഖുർആൻ സൂക്തങ്ങൾ അവതരിക്കുമ്പോൾ തന്നെ നബി(സ) അത് ഹൃദിസ്ഥമാക്കുകയും അവ തന്റെ സ്വഹാബത്തിന് ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നു. ആയതിനാൽ ഖുർആൻ ക്രമാനുസൃതമായി, ക്രോഡീകൃതമായി, സുരക്ഷിതമായി കാത്തുസൂക്ഷിക്കപ്പെട്ടു.
അതിലെ സൂക്തങ്ങൾ അവതരണഘട്ടത്തിൽ തന്നെ നബി(സ) സഹാബത്തിന് വിശദമാക്കി കൊടുത്തിരുന്നു. ഇങ്ങനെ വിശദീകരിച്ച് കൊടുക്കാനുള്ള അനുമതി നേരത്തെ അല്ലാഹു പ്രവാചകന് നൽകിയിട്ടുമുണ്ട്. (ഖു. 16: 44).
അല്ലാഹുവിന്റെ വാക്കുകളും വചനങ്ങളും അതേപടി നബി(സ) സഹാബത്തിന് ഓതിക്കേൾപ്പിച്ചു കൊടുത്തിരുന്നതിനാൽ പാരായണം ചെയ്യപ്പെടുന്നതിനുള്ള വഹ്യാണ് ഖുർആനെന്ന് മനസ്സിലാക്കാം.
എന്നാൽ ഈ വാക്കുകളും വചനങ്ങളും ജനങ്ങൾക്ക് വിശദമാക്കി കൊടുക്കാൻ നബി(സ) സ്വീകരിച്ചിരുന്ന മാർഗ്ഗം "ഇൽഹാമിയാ"യ വഹ്യായോ അല്ലാതെയോ ആകാം. അഥവാ ഹദീസ് (നബിചര്യ) എന്നറിയപ്പെടുന്നത് ഖുർആൻ പോലെ പാരായണം ചെയ്യപ്പെടുന്ന വഹ്യല്ലെന്നർത്ഥം. ഇനി അഥവാ ഹദീസും വഹ്യും മുഖേനയാണെന്ന് പറഞ്ഞാൽ തന്നെ 'ഇൽഹാമിയാ'യ വഹ്യ് മാത്രം ഉദ്ദേശിക്കുന്നുള്ളൂ. തന്നെയുമല്ല പ്രവാചകൻ(സ)യുടെ ഈ വിശദീകരണം ഇൽഹാമിയായ വഹ്യ് മുഖേനയാണെന്ന് അവിടുന്ന് പ്രത്യേകം വേർതിരിച്ചു പറഞ്ഞിട്ടുമില്ല. ആയതിനാൽ ഹദീസ് എന്നത് 'മത്ലുവ്വായ' വഹ്യല്ല. ഹദീസുകളെല്ലാം വഹ്യാണെന്ന് പ്രവാചകൻ പ്രത്യേകം പഠിപ്പിച്ചിട്ടുമില്ല.
പ്രവാചകന്മാരുടെ ഹൃദയത്തിൽ അല്ലാഹുവിൽ നിന്നും ലഭിച്ച അറിവാണിതെന്ന് ഉറപ്പാക്കും വിധം ലഭിക്കുന്ന ബോധനങ്ങളെയാണ് ഇൽഹാമിയായ വഹ്യെന്ന് പറയുന്നത്.
നബി(സ)ക്കുണ്ടായ ദിവ്യബോധനം രണ്ടു വിധമുണ്ട്. (1) മത്ലുവ്വായ് (പാരായണം ചെയ്യപ്പെടേണ്ട) വഹ്യ്. അതാണ് ഖുർആൻ (2) "ഇൽഹാമിയാ"യത്. ഇത് പാരായണം ചെയ്യപ്പെടാത്തതും ഓതിയാൽ പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ലാത്തതുമാണ്. ഖുർആനിക വചനങ്ങൾക്ക് നബി(സ) നൽകുന്ന വിശദീകരണമായ ഹദീസുകളിൽ ചിലതെല്ലാം ഇൽഹാമിയായ വഹ്യ് മുഖേനയാണെങ്കിൽ തന്നെ അവയേതെന്ന് വേർതിരിക്കാനാവില്ല.
ഹദീസുകൾ ഖുർആൻ വചനങ്ങളുമായി കൂടിക്കലരാതിരിക്കാൻ നബി(സ) പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല, ഖുർആൻ എഴുതി വെച്ചിരുന്നപോലെ ഹദീസുകൾ എഴുതി സൂക്ഷിച്ചിരുന്നില്ല. സഹാബികളെ സംബന്ധിച്ചിടത്തോളം എല്ലാം എഴുതി വെക്കേണ്ട ആവശ്യവുമില്ല. കാരണം, അവർ നബി(സ)യിൽ നിന്ന് നേരിട്ട് മതം പഠിക്കുന്നവരാണ്. ആയതിനാൽ ഖുർആൻ വചനങ്ങൾ അവർ എഴുതി, ഹൃദിസ്ഥമാക്കി, ക്രോഡീകരിച്ചു വെച്ചു. നബി(സ) നൽകിയ വിശദാംശങ്ങൾ അവർ പഠിച്ചെടുക്കുകയും തൊട്ടടുത്ത തലമുറക്ക് കൈമാറുകയും ചെയ്തു. സഹാബികളുടെ കാലശേഷം വന്നവരെയും സഹാബികളുമായി ഇസ്ലാമികാദ്ധ്യാപനങ്ങൾ സംവദിച്ചു പഠിച്ചവരെയുമാണ് താബിഉകൾ എന്ന് പറയുന്നത്. സഹാബികളെ വിശ്വാസപൂർവ്വം കണ്ടുമുട്ടുകയും അവരുമായി സഹവസിക്കുകയും അവരിൽ നിന്ന് ഇസ്ലാമിക പാഠങ്ങൾ പഠിച്ചെടുക്കുകയും ചെയ്തവരാണ് താബിഉകൾ.
ഇസ്ലാം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും മതത്തിലേക്ക് അനേകം പേർ പുതുതായി കടന്നുവരികയും ചെയ്തുകൊണ്ടിരുന്നു. ഇവരിൽപെട്ട ചിലർ യുദ്ധങ്ങളിലും മറ്റും മരണമടഞ്ഞു. സഹാബികളുടെ കാലഘട്ടത്തിൽ തന്നെ ഖുർആൻ അവതരിച്ച പോലെ ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്നും ഖുർആനിന്റെ പതിപ്പുകൾ എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കുകയും ചെയ്തിരുന്നുവെന്നും നാം മനസ്സിലാക്കിയതാണ്. ഉസ്മാൻ(റ)വിന്റെ കാലത്താണ് ഖുർആനിന്റെ കോപ്പികൾ വിവിധ രാജ്യങ്ങളിലേക്കെത്തിച്ചത്.
സഹാബികൾ അവരുമായി ഇടപഴകിയ തലമുറക്ക് അതെല്ലാം പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള താബിഉകൾ പലരും മരണപ്പെടുമ്പോൾ നബിചര്യകളായി അവൻ പഠിച്ചെടുത്ത പലതും നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയും സ്വാഭാവികമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഹദീസ് ക്രോഡീകരണ ചിന്ത അവർക്കുണ്ടാകുന്നത്.
ഉമവീ ഭരണാധിപന്മാരിലെ സദ്വൃത്തനും നീതിമാനും ഭക്തനുമായിരുന്ന ഖലീഫ ഉമറുബ്നു അബ്ദിൽ അസീസ്(റ) ആണ് ഈ സംരംഭത്തിനു മുൻകയ്യെടുത്തത്. ഇസ്ലാമിക ചരിത്രത്തിൽ രണ്ടാം ഉമർ എന്ന ഖ്യാതി നേടിയ അദ്ദേഹം നബിചര്യകളെ സംരക്ഷിച്ചു വെക്കേണ്ട ഉത്തരവാദിത്തത്തെപ്പറ്റി പണ്ഡിതന്മാരെയും നേതാക്കളെയും ബോധ്യപ്പെടുത്തി. അങ്ങനെയാണ് ഹദീസ് ക്രോഡീകരണം നടക്കുന്നത്. പക്ഷേ, അപ്പോഴേക്കും നബിചര്യയാണെന്ന വ്യാജേന പലതും ജനങ്ങൾക്കിടയിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു. ചിലർ സദുദ്ദേശ്യപൂർവ്വവും മറ്റു ചിലർ സ്വാർത്ഥ താൽപര്യപ്രകാരവും നബി(സ)യുടെ പേരിൽ പലതും കെട്ടിച്ചമച്ചുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തിൽ ഹദീസ് ക്രോഡീകരണവും അതിലെ ശരിയും തെറ്റും വേർതിരിച്ചെടുക്കലും സാഹസികമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഹദീസ് എന്നറിയപ്പെടുന്ന എല്ലാം കേട്ടമാത്രയിൽ തന്നെ പരിശോധനകളില്ലാതെ സ്വീകരിക്കാവതല്ലെന്ന് അന്നു മുതൽ ഇന്നുവരെ സ്വീകരിച്ചു വന്ന നിലപാടാണ്.
ഖുർആൻ സൂക്തങ്ങളോടുള്ള അതേ സമീപനം ഹദീസുകളോട് പാടില്ലെന്ന് പറയാനുള്ള കാരണവും അതുകൊണ്ടാണ്. ഹദീസുകളുടെ സാങ്കേതിക പദപ്രയോഗങ്ങളൊന്നും ഖുർആൻ ആയത്തുകൾക്ക് നൽകാറില്ല. അഥവാ, സ്വഹീഹ്, ഹസൻ, ദ്വഈഫ്, മൗദൂഅ്, മുർസൽ, മൗഖൂഫ്, മുൻഖത്തിഅ്, മർഫൂഅ്, മുഅ്ദ്വൽ എന്നീ സാങ്കേതികതകളൊന്നും ഖുർആൻ ആയത്തുകളെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ല. കാരണം, ഖുർആൻ നൂറു ശതമാനവും ഖണ്ഡിതവും അപ്രമാദിത്വമുള്ളതും മുഴുവനും മുതവാതിറും അമാനുഷികമായതുമാണ്. ഹദീസും മറ്റു വിജ്ഞാനങ്ങളും അങ്ങനെയല്ല.
നബിചര്യയായി അറിയപ്പെട്ടതും ഖുർആനിന്റെ വിശദീകരണമായി ക്രോഡീകരിക്കപ്പെട്ടതുമായ ഹദീസുകൾക്ക് സ്ഥിരീകരണമുണ്ടായാൽ മാത്രമേ അത് പ്രാമാണികമാവുകയുള്ളൂ. ആയതിനാൽ ഇതിന്നാവശ്യമായ ഒരു മാനദണ്ഡം അനിവാര്യമായി വന്നു. അതാണ് ഉസൂലുൽ ഹദീസ് (നിദാനശാസ്ത്രം). ഖുർആനും ഹദീസും ഒന്നുതന്നെയാണെന്ന് പറയുന്നവർ ഈ മാനദണ്ഡങ്ങളെ മൂടിവെക്കുന്നവരാണ്. ഉസൂലുൽ ഖുർആൻ ഖുർആനിക വചനങ്ങളുടെ അമാനുഷികതയെ (ഇഅ്ജാസ്) കൂടുതൽ ഉയർത്തിക്കാണിക്കാനാണ്. ഉസൂലുൽ ഹദീസാണെങ്കിൽ (ഹദീസ് നിദാനശാസ്ത്രം) ഹദീസുകളുടെ സ്വീകാര്യതയെ ദൃഢപ്പെടുത്താൻ വേണ്ടിയുള്ളതുമാണ്.
സഹാബികളുടെയും താബിഉകളുടെയും കാലത്തു തന്നെ ഇസ്ലാമിന്റെ ശത്രുക്കൾ കപടത നടിച്ച് മുസ്ലിംകൾക്കിടയിൽ വിള്ളലുകളുണ്ടാക്കാൻ ഗൂഢശ്രമങ്ങൾ നടത്തിയിരുന്നു. വ്യാപകമായ നുണപ്രചരണങ്ങളിലൂടെ അത്തരക്കാരുടെ നുഴഞ്ഞുകയറ്റം നിരന്തരം ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെയാണ് ശീആ, ഖവാരിജ്, മുഅ്തസില, ഖദരിയ്യ, മുർജി, ദാഹിരി, ബാത്തിനി, ത്വരീഖത്ത്, മദ്ഹബ് എന്നീ വിഭാഗങ്ങളുണ്ടായത്. തന്മൂലം നിരവധി പാർട്ടികളും അവയുടെ അവാന്തര വിഭാഗങ്ങളും ഉടലെടുത്തു. ഇസ്ലാമിന്റെ ഗുണകാംക്ഷികളായി ചമഞ്ഞ ഈ വിഭാഗക്കാർ ഇസ്ലാമിനെ തകർക്കുന്നതിലാണ് എത്തിപ്പെട്ടത്. ഖുർആനിനെ നേരിടാനാകാതെ വന്നപ്പോൾ ഹദീസ് രംഗമാണവർ ഉപയോഗപ്പെടുത്തിയത്. ഇതിന്റെയെല്ലാം അച്ചുതണ്ട് ശീആയിസമാണ്. ജൂതകരങ്ങളായിരുന്നു ഇതിന്റെയും അണിയറയിൽ.
ചുരുക്കത്തിൽ, ഹദീസുകളെന്ന നിലയിൽ ഓരോ വിഭാഗവും അവരവരുടെ വാദഗതികളെ ഉറപ്പാക്കാൻ പ്രചരിപ്പിച്ച പലതും ഹദീസ് ശേഖരണ ക്രോഡീകരണ രംഗത്ത് തലവേദനയുണ്ടാക്കി. ഈ സാഹചര്യത്തിൽ ശക്തമായൊരുളവുകോൽ അനിവാര്യമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ വിധം ശേഖരിച്ച നബിചര്യകളെല്ലാം ഹദീസ് പണ്ഡിതന്മാർ പരിശോധന നടത്തി. നബിചര്യകളല്ലാത്ത ഒന്നും അതിൽ കൂടിക്കലരരുതെന്നുള്ള നിർബന്ധ ബുദ്ധിയുള്ളവരായിരുന്നു അവർ. എങ്കിലും, വീഴ്ചകൾ ഈ രംഗത്തും സംഭവിക്കാം. അതുകൊണ്ടാണ് ഖുർആനല്ലാത്ത എന്തുണ്ടോ അതെല്ലാം പരിശോധനകൾക്ക് വിധേയമാക്കുന്നത്. പരിപൂർണ്ണമായ ദൈവികസംരക്ഷണം വാഗ്ദാനം ചെയ്യപ്പെടാത്ത അവസ്ഥയുള്ളതിനാലാണ് ഹദീസുകളുടെ സ്വീകാര്യത ഉറപ്പാക്കാൻ ശക്തമായ അളവുകോൽ അനിവാര്യമായത്. മുതവാതിർ, ആഹാദ് എന്നീ രണ്ടു വിധം അറിവുകൾ ഉണ്ടെന്നും മുതവാതിറല്ലാത്ത ആഹാദുകൾ ഉറപ്പായ അറിവിനെ ഫലം നൽകുകയില്ലെന്നും നേരത്തെ പറഞ്ഞുവെച്ചതും അതുകൊണ്ടാണ്. ഖുർആൻ പോലെ മുതവാതിറായത് യഖീനായ അറിവ് നൽകുന്നു. ബാക്കിയുള്ളവ യഖീനല്ലാത്ത അറിവും പ്രദാനം ചെയ്യുന്നു. മുഹദ്ദിസുകളായ പണ്ഡിതന്മാർ ഹദീസുകൾ ശേഖരിച്ച് നിരൂപണ വിധേയമാക്കി. അവർ കണ്ടെത്തിയ തകരാറുകൾ അവർ വിലയിരുത്തി. ഹദീസുകളുടെ നിവേദകരെയും ഉദ്ധരിക്കപ്പെട്ട വിഷയങ്ങളെയും പഠനവിധേയമാക്കി. ഇവിടെയാണ് ബുദ്ധിയെ അവലംബമാക്കുന്നത്. ദീനിലെ കൽപനകളും നിരോധങ്ങളും ശരീഅത്തിലെ വിശ്വാസ ആരാധനകളുമെല്ലാം ബുദ്ധിയുള്ളവരോടാണല്ലോ നിയമമാക്കിയിട്ടുള്ളത്. ഗവേഷണപരമായ അറിവുകളെ ഉത്തേജിതമാക്കാൻ ആഹ്വാനം ചെയ്യുന്ന ഇസ്ലാം ഇജ്തിഹാദ് നടത്താൻ കൽപിക്കുന്നതും ബുദ്ധിയുള്ളവരോടാണ്.
ഇജ്തിഹാദിനും (ഗവേഷണം) നഖ്ദിനും (നിരൂപണം) ബുദ്ധിയുപയോഗിക്കാത്തവർക്കാകില്ല. ബുദ്ധിജീവികളെല്ലാം അഖ്ലാനികളാണെങ്കിൽ മുജ്തഹിദുകളും നാഖിദുകളും അഖ്ലാനികളാണെന്ന് പറയേണ്ടി വരും. തെറ്റായ വീക്ഷണങ്ങൾ തിരുത്താൻ ശ്രമിക്കുന്നവരെയെല്ലാം അഖ്ലാനികളെന്ന് കളിയാക്കുന്നവർ നിയമങ്ങളെ ബുദ്ധിപൂർവ്വം അപഗ്രഥിക്കുന്നതിനു വിലക്കേർപ്പെടുത്തുന്നവരാണ്. ഇവർ സൃഷ്ടിക്കുന്ന പുകമറക്കുള്ളിൽ മതസംഹിതകൾ പോലും വെളിച്ചം കാണാതാവും.
അഖ്ല്, ഫ ഹ്മ്, ഫിക്റ്, തദബ്ബുർ, ഇൽമ് എന്നീ പദങ്ങളും അവയുടെ ഉദ്ദേശ്യങ്ങളും അർത്ഥതലങ്ങളും സമുന്നതമാക്കിയ വേദഗ്രന്ഥമാണ് ഖുർആൻ. അതുകൊണ്ട് തന്നെ അബദ്ധജടിലങ്ങളായ വാദഗതികൾക്ക് ദീർഘസമയം പിടിച്ചുനിൽക്കാനാവില്ല.
ഇത്തരമൊരവസ്ഥയിൽ ഹദീസ് നിഷേധവും ഹദീസ് വിശകലനവും പഠനവുമെന്താണെന്ന് വേർതിരിച്ചറിയേണ്ടതുണ്ട്.
ഖുർആനും ഹദീസും ഒന്നു തന്നെയാണ്. അവയെല്ലാം വഹ്യാണ്. ഹദീസുകൾക്ക് മുഹദ്ദിസുകൾ കണ്ടെത്തിയ ന്യൂനതകൾ കാരണം മാറ്റിവെക്കുന്നത് ഹദീസ് നിഷേധമാണ്. ഹദീസ് നിഷേധം വഹ്യിനെ നിഷേധിക്കലാണ്. അഖ്ലാനികൾ ഹദീസു നിഷേധകരാണ് എന്നൊക്കെയാണ് ഇത്തരക്കാരുടെ വാദകോലാഹലങ്ങൾ. ബുദ്ധിയുപയോഗിക്കുമ്പോൾ ചില ഹദീസുകൾ ഇസ്ലാമിന്റെ മൗലികാശയങ്ങൾക്ക് നിരക്കാത്ത പോലെയായാൽ അവയെ നിരൂപണ വിധേയമാക്കുകയെന്നത് സ്വാഭാവികമാണ്. അത്തരം റിപ്പോർട്ടുകളെ സംബന്ധിച്ച് മുൻകാലക്കാരിലും പിൽക്കാലക്കാരിലുമുള്ള പണ്ഡിതന്മാർക്കിടയിൽ രണ്ടും മൂന്നും വീക്ഷണങ്ങൾ നിലനിൽക്കുന്നുമുണ്ട്.
ഉദാഹരണമായി ഇസ്റാഅ്, മിഅ്റാജ്, ചന്ദ്രൻ പിളർന്ന സംഭവം, നബി(സ)ക്ക് മാരണം ബാധിച്ചു എന്നുള്ളത്, നബി(സ)യുടെ പ്രവാചകത്വത്തിനു മുമ്പുണ്ടായതായി പറയപ്പെടുന്ന നെഞ്ചുപിളർത്തിയ സംഭവം തുടങ്ങിയവയെപ്പറ്റിയെല്ലാം വ്യത്യസ്ത വീക്ഷണങ്ങൾ കാണുന്നു. അത് സംബന്ധമായി അഭിപ്രായങ്ങൾ മതത്തിന്റെ അടിസ്ഥാനപരമായ ചട്ടക്കൂട്ടിൽ ഒതുങ്ങിനിന്നു കൊണ്ട് രേഖപ്പെടുത്തിയവരിൽ സ്വഹാബികൾ പോലുമുണ്ടെന്നതാണ് പരമാർത്ഥം. എന്നിരിക്കെ, ഒരു കാര്യത്തെപ്പറ്റി നിരൂപണം നടത്തിയവനെ ഹദീസ് നിഷേധിയെന്നൊന്നും അടച്ചാക്ഷേപിക്കാവതല്ലെന്നാണ് സൂക്ഷ്മതയുടെ ഭാഗം.
ഹദീസ് നിഷേധികളല്ലാത്തവരെ നിഷേധികളാണെന്ന് വരുത്തി തീർക്കാൻ പാടുപെടുന്നവർ നിരൂപകരായ മുഹദ്ദിസുകളെയും ഗവേഷണപടുക്കളായ മുജ്തഹിദുകളെയും ഹദീസു നിഷേധികളാണെന്ന് പറയേണ്ടി വരുന്ന ഗതികേടിലാണ് എത്തിപ്പെടുക. ഭയാനകമായ ശിക്ഷക്കിരയാവുന്ന ആരോപണങ്ങളാണിതെല്ലാം.
ഹദീസുകളുടെ സ്വീകാര്യത നിജപ്പെടുത്തണമെങ്കിൽ അതിലെ ഉള്ളടക്കവും അതിന്റെ റിപ്പോർട്ടർമാരെയുമാണ് വിലയിരുത്തപ്പെടുക. ഉള്ളടക്ക വിഷയത്തിന് 'മത്ന്' എന്നും റിപ്പോർട്ടർമാരുടെ പരമ്പരക്ക് 'സനദ്' എന്നും പറയപ്പെടുന്നു. ഈ രംഗത്ത് ചിലപ്പോൾ സനദ് നന്നാവുകയും മത്ന് ശരിയല്ലാതെയും മറ്റു ചിലപ്പോൾ മത്ന് നന്നാവുകയും സനദ് ശരിയാവാതെയും ഉണ്ടാവാൻ സാധ്യതകളുണ്ട്.
'ഹദീസ്' എന്ന അറബി പദത്തിന് ഭാഷയിൽ പുതിയത് എന്ന് അർത്ഥം പറയാമെങ്കിലും പ്രസ്തുതപദം നബി(സ)യുടെ ചര്യകളെ സൂചിപ്പിക്കുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. ഖബർ എന്നത് ഹദീസുകൾക്കും മറ്റു വാർത്തകൾക്കും ഉപയോഗിക്കാറുള്ള ഒരു പൊതു പ്രയോഗവുമാണ്.
'അസർ', 'ആസാർ' എന്നതിന് ഭാഷാപരമായി ചരിത്ര അവശിഷ്ടങ്ങളെന്നും സാങ്കേതികമായി സഹാബികളുടെയും താബിഉകളുടെയും വാക്കുകൾക്കും പ്രവർത്തികൾക്കുമാണ് പ്രയോഗിക്കാറുള്ളത്. ഹദീസ് ഗ്രന്ഥങ്ങളിൽ സഹാബികളുടെയും താബിഉകളുടെയും ധാരാളം വാക്കുകൾ ഉദ്ധരിച്ചതായി കാണാം. അതെല്ലാം 'അസർ' എന്നയിനത്തിൽ പെടുന്നു.
'സനദ്', 'മത്ന്' എന്നിവ കിടയറ്റതും യോഗ്യമായതും പ്രബലമായതുമാകണമെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നബി(സ)യുടെ ഭാഷാപ്രയോഗങ്ങൾക്ക് നിരക്കാത്തതായി വല്ലതും ഹദീസുകളിൽ കാണപ്പെട്ടാൽ തന്നെ അത് സംബന്ധമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ഹദീസ് പണ്ഡിതന്മാർ പറഞ്ഞു വെച്ചതും അതുകൊണ്ട് തന്നെയാണ്. ന്യൂനതകളുള്ള സനദോ മത്നോ കാണപ്പെട്ടാൽ അവയൊരിക്കലും പ്രാമാണികമാവില്ല.
'മുഹദ്ദിസ്' എന്നാൽ ഹദീസ് വിജ്ഞാനീയങ്ങളുമായി പൂണ്ടുപിടിച്ചവൻ എന്നാണ്. 'ഹാഫിദ്വ്' എന്നാൽ മുഹദ്ദിസിനേക്കാൾ ഉയർന്നവൻ എന്നും മുഹദ്ദിസുകൾ അറിയാതെ പോയതും കൂടി അറിയുന്നയാൾ എന്നും ഉദ്ദേശിക്കപ്പെടുന്നു.
'ഹാക്കിം' എന്നാൽ ഹദീസുകളെപ്പറ്റി അവഗാഹതയുള്ളവൻ എന്ന നിലക്കാണ് പ്രയോഗിക്കുക.
'മുതവാതിറായ' ഹദീസ് എന്നാൽ ധാരാളം പരമ്പരകളിലൂടെ വന്നതും സംശയരഹിതമായതും നീതിമാന്മാരാൽ ഉദ്ധരിക്കപ്പെട്ടതുമെന്നാണ് ഉദ്ദേശ്യം. ഖുർആൻ ആദ്യം മുതൽ അവസാനം വരെ മുതവാതിറാണ്. എന്നാൽ ഹദീസുകളിൽ മുതവാതിറും അല്ലാത്തവയും ഉണ്ടാകും. മാത്രമല്ല, ഹദീസുകളിൽ മുതവാതിർ നന്നേ കുറവാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ക്രോഡീകരിച്ച ഭൂരിഭാഗം ഹദീസുകളും മുതവാതിറല്ല. തന്നെയുമല്ല, ആറു ലക്ഷത്തോളം ഹദീസുകൾ ശേഖരിച്ച ഇമാം ബുഖാരി തന്റെ സഹീഹിൽ നാലായിരത്തോളം ഹദീസുകളാണ് ക്രോഡീകരിച്ചിട്ടുള്ളത്. അവ തന്നെ അദ്ധ്യായങ്ങളുടെ പേര് മാറുമ്പോൾ ഹദീസുകൾ ആവർത്തിച്ചുകൊണ്ട്.
'മുതവാതിറ'ല്ലാത്ത ഹദീസുകൾക്ക് പറയുന്ന പേരാണ് ആഹാദ്, 'ഖബർ വാഹിദ്' എന്നത്. മുതവാതിറിന്ന് നാം സൂചിപ്പിച്ച നിബന്ധനകൾ പൂർണ്ണമാവാതെ വന്നവയാണ് 'ആഹാദുകൾ'. ഹദീസു ഗ്രന്ഥങ്ങളിലെല്ലാം ആഹാദുകളാണധികവും.
നബി(സ)യുടെ വാക്കുകളെല്ലാം വഹ്യാണെന്നും അതെല്ലാം മുതവാതിറാണെന്നും ഹദീസ് പണ്ഡിതന്മാർക്ക് അഭിപ്രായമില്ല. നബി(സ)യുടെ വാക്കുകളായ ജുമുഅ ഖുത്തുബകൾ ക്രോഡീകരിക്കപ്പെടാതായത് തന്നെ നബി(സ)യുടെ വാക്കുകളെല്ലാം വഹ്യാണെന്ന അഭിപ്രായമില്ലാത്തതിനാലാണ്. നബി(സ)യുടെ സംസാരങ്ങളെല്ലാം വഹ്യാണെങ്കിൽ അവരതു ചെയ്യുമായിരുന്നു.
എന്തു തന്നെയായാലും ആഹാദായ ഹദീസുകളെല്ലാം തള്ളണമെന്ന് ഇതിനർത്ഥമില്ല. അവയുടെ ന്യൂനതകൾ കണ്ടെത്തി പരിഹരിച്ച് പ്രവർത്തിപദത്തിലേക്കുയർത്തിയ ശേഷം ബാക്കിയുള്ളവ മാറ്റിവെച്ചാൽ മതിയെന്നതാണ് മുഹദ്ദിസുകളുടെ നിലപാട്.
അങ്ങനെയാവുമ്പോൾ ആഹാദായ ഹദീസുകളിൽ 'മഖ്ബൂലും' (സ്വീകാര്യമായവ), 'മർദൂ'ദും (തള്ളപ്പെടേണ്ടവ) ഉണ്ടാകും. മുതവാതിറുകളെല്ലാം സ്വീകാര്യമാണ്. ആഹാദുകൾ പരിശോധിച്ച ശേഷം ഒരിക്കലും സ്വീകാര്യമാവില്ലെന്നുറപ്പായാൽ മാത്രമേ തള്ളപ്പെടുകയുള്ളൂ. ഇവിടെയാണ് നിദാന ശാസ്ത്ര അറിവുകളിൽ സൂചിപ്പിച്ച സാങ്കേതിക പദങ്ങളെ നാം വിലയിരുത്തുക. അതുപോലെ തന്നെ ഹദീസുകളിൽ പെട്ട സുപ്രധാനമായൊരിനമാണ് 'ഖുദ്സി'യായ ഹദീസുകൾ.
പ്രവാചകൻ(സ) അല്ലാഹുവിൽ നിന്ന് അറിഞ്ഞു, കേട്ടു, നേരിട്ടു പഠിച്ചെടുത്തു എന്നീ പദപ്രയോഗങ്ങളിലൂടെ ഹദീസ് പണ്ഡിതന്മാർ ശേഖരിച്ച ഹദീസുകൾക്കാണ് ഖുദ്സിയായ ഹദീസുകളെന്ന് പറയുക. ഖുദ്സിയായതെന്ന് പറഞ്ഞാൽ പരിശോധിക്കാതെ സ്വീകരിക്കാമെന്ന് അർത്ഥമില്ല. കാരണം, ഖുദ്സിയായ ഹദീസുകളിൽ പോലും നാം നേരത്തെ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പൂർണ്ണമാവാത്തവയുണ്ട്. ഇത്തരം ഖുദ്സിയായി ഹദീസുകളും ഖുർആൻ പോലെ ഓതപ്പെടുന്നതല്ല. മുതവാതിറിന്റെ പദവിയോളം എത്താത്തവയും ഖുദ്സിയായ ഹദീസുകളിലുണ്ട്. വളരെ കുറഞ്ഞ ഹദീസുകൾ മാത്രമേ ഖുദ്സിയായ ഹദീസുകളിലുള്ളുതാനും.
ഇങ്ങനെയൊരു നാമം ഹദീസു പണ്ഡിതന്മാർ നൽകിയതുമാണ്. ഖുർആനും ഇത്തരം ഹദീസുകളും തമ്മിലുള്ള വ്യത്യാസം (1) ഖുർആനിന്റെ പദങ്ങളും അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിന്റേതാണ്. ഖുദ്സിയായ ഹദീസുകൾ മറ്റു ഹദീസുകളെപ്പോലെ തന്നെ നബി(സ)യുടെ പദങ്ങളാണ്. (2) ഖുർആൻ പാരായണം ചെയ്യപ്പെടുന്നതും പ്രതിഫലാർഹമായതുമാണ്. ഖുദ്സിയായ ഹദീസുകൾ പാരായണം ചെയ്യപ്പെടുന്നവയല്ല. (3) ഖുർആൻ മുഴുവനും മുതവാതിറാണ് ഖുദ്സിയായ ഹദീസുകൾ അങ്ങനെയല്ല. ഖുർആനും ഹദീസും ഒന്നാണെന്നും നബി(സ)യുടെ വാക്കുകൾ മുഴുവനും വഹ്യാണെന്നും പറയുന്നവരുടെ വാദം ശരിയല്ലെന്നറിയിക്കാനാണ് നാമിത് സൂചിപ്പിച്ചത്.
മഖ്ബൂലായ ഹദീസുകളെത്തന്നെ അവയുടെ യോഗ്യതയുടെയടിസ്ഥാനത്തിൽ സ്വഹീഹ്, ഹസൻ എന്നീ രണ്ടു വിധമായി മുഹദ്ദിസുകൾ വേർതിരിക്കുന്നുണ്ട്. കൂടാതെ വീണ്ടും ഈ വിഭാഗങ്ങളെ അവയുടെ മികവുകളിലുള്ള ഏറ്റക്കുറവിനാൽ പലയിനങ്ങളായി വേർതിരിക്കപ്പെടും. ഇങ്ങനെയൊരവസ്ഥ ഖുർആൻ സൂക്തങ്ങൾക്കില്ലാത്തതിനാൽ തന്നെ ഖുർആനും ഹദീസും ഒന്നാണെന്ന വാദം പൊളിയുന്നു.
'സ്വഹീഹ്' എന്നാൽ ഹദീസുകളിലെ ഒന്നാംകിട ഹദീസുകളാണ്. 'ഹസൻ' എന്നത് സ്വഹീഹിന്റെയത്ര തന്നെ നിലവാരമുള്ളവയല്ല. 'സ്വഹീഹി'ന്റെ നിബന്ധനകൾ 'ഹസൻ' എന്നതിൽ കരുത്തുറ്റതാവില്ല. എന്നിരുന്നാലും ഈ രണ്ടു വിഭാഗവും മഖ്ബൂലിന്റെ ഗണത്തിലാണുൾപ്പെടുക.
നിദാനശാസ്ത്ര പണ്ഡിതന്മാർ സ്വഹീഹിനെയും ഹസനിനെയും വീണ്ടും രണ്ടു വിഭാഗമാക്കിയിട്ടുണ്ട്. സ്വഹീഹ് ലിദാത്തിഹി, സ്വഹീഹ് ലി ഗയ്രിഹി, ഹസൻ ലിദാത്തിഹി ഹസൻ ലിഗയ്രിഹി എന്നിവയാണത്. ഇതിൽ ലിദാത്തിഹി, ലിഗയ്രിഹിയെന്നാൽ ശക്തിയിലും സ്വീകാര്യതയിലും കൃത്യതയിലും ഏറ്റക്കുറവുകളുള്ളതിനാലാണ്. ഹദീസുകളെ പരമാവധി പ്രാവർത്തികമാക്കുകയെന്ന നിലയിലേക്കുയർത്താനാണ് ഈ ശ്രമങ്ങളെല്ലാം.
ഹദീസുകളുടെ പ്രധാനഭാഗമായ മത്നുകളിൽ ഖുർആൻ സൂക്തങ്ങൾക്കെതിരാകും വിധം വല്ലതും ചൂണ്ടിക്കാണിക്കപ്പെട്ടാൽ അത് നിവേദനം ചെയ്ത പരമ്പരയുടെ മികവ് പറഞ്ഞ് ഉയർത്തിക്കാണിക്കാവതല്ലെന്നാണ് മുഹദ്ദിസുകളുടെ നിലപാട്. ഖുർആനല്ലാത്ത മറ്റെല്ലാ ഗ്രന്ഥങ്ങളും മനുഷ്യരാൽ ക്രോഡീകൃതമായവയായതിനാൽ ന്യൂനതകളിൽ നിന്നു മുക്തമായതാണവയെന്ന് പറയാനാവില്ല.
ഖുർആൻ വചനങ്ങളുടെ മഹത്വം ഖുർആൻ തന്നെ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിലെ ചിലത് ഇങ്ങനെയാണ്: ഖുർആനും ഹദീസും തമ്മിലുള്ള വ്യത്യാസം ഇതിൽ നിന്നെല്ലാം ഗ്രഹിക്കാം.
1. "ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്." (ഖു. 2: 2)
2. "ജനങ്ങൾക്ക് മാർഗ്ഗദർശനമായി കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവായിക്കൊണ്ടും." (ഖു. 2: 185)
3. "(നബിയേ) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതിൽ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്." (ഖു. 3: 7)
4. "അലിഫ് ലാം റാ - വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ." (ഖു. 10: 1)
5. അലിഫ് ലാം റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങൾ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതത്രെ അത്. (ഖു. 11: 1)
6. അലിഫ് ലാം റാ - വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങൾ) സ്പഷ്ടമാക്കുന്ന ഖുർആനിലെ വചനങ്ങളാകുന്നു അവ. (ഖു. 15: 1)
7. അലിഫ് ലാം റാ - മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടികളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രനഥമാണിത്. (ഖു. 14: 1, 2)
8. അലിഫ് ലാം മീം റാ - വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്റെ രക്ഷിതാവിങ്കൽ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാകുന്നു. പക്ഷേ ജനങ്ങൾ അധികപേരും വിശ്വസിക്കുന്നില്ല. (ഖു. 13: 1)
9. ത്വാഹാ, നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാൻ വേണ്ടിയല്ല. (ഖു. 20: 1, 2)
10. ഹാമീം - പരമകാരുണികനും കരുണാനിധിയുമായിട്ടുള്ളവന്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത് (ഖു. 41: 1,2)
11. ഹാമീം - സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ് - സത്യം തീർച്ചയായും നാം അതിനെ ഒരനുഗ്രഹീത രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. (ഖു. 44: 1,2)
12. തീർച്ചയായും ഇത് ആദരണീയമായ ഒരു ഖുർആൻ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. (ഖു. 56: 77, 78)
13. അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വർത്തമാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. (ഖു. 39: 23)
സ്വഹീഹായ രണ്ടു ഹദീസുകൾ പരസ്പരം എതിരാണെന്ന് തോന്നുംവിധം വന്നാൽ അവയിൽ ആദ്യത്തേതും രണ്ടാമത്തേതും ഏതാണെന്ന് തിരിച്ചറിയാൻ പരിശ്രമിക്കണം. തിയതി, സ്ഥലം, സമയം മുതലായവയാണതിന്ന് പരിഗണിക്കുക. ഇത്തരം ഹദീസുകളിൽ ഒന്നിനെ ദുർബലപ്പെടുത്തി മറ്റേതിനെ സ്ഥിരപ്പെടുത്തണം. ഇതിന്നാണ് നാസിഖ്, മൻസൂഖ് എന്നു പറയുക. നബി(സ) ആദ്യം പറഞ്ഞത് മൻസൂഖും രണ്ടാമത് പറഞ്ഞത് നാസിഖുമായിരിക്കും.
'മർദൂദാ'യ (തള്ളപ്പെടുന്ന) ഹദീസുകൾ ദ്വഈഫ്, മുഅല്ലഖ്, മുർസൽ, മുഅ്ദ്വൽ, മുദല്ലസ്, മുൻഖത്തിഅ്, മുൻകർ, മൗദൂഅ് തുടങ്ങിയ പേരുകളിലാണറിയപ്പെടുക. ഇതിൽ ഏറ്റവും ഗുരുതരമായത് 'മൗദൂആ'യതാണ്.
ചില തൽപര കക്ഷികൾ അവരവരുടെ ആശയങ്ങളെ ചിലവാക്കാനായി പ്രവാചകന്റെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കുന്നതാണിത്. ശീആക്കൾ, ഖവാരിജുകൾ, കച്ചവടക്കാർ, രാഷ്ട്രീയക്കാർ, കാഥികന്മാർ, ദരിദ്രവാസികൾ തുടങ്ങിയവരെല്ലാം ഇതിന്റെ മുൻപന്തിയിലുണ്ടായിട്ടുണ്ട്. ഇവിടെ നാം ഉറപ്പായി അംഗീകരിക്കേണ്ട സത്യമിതാണ്. ഖുർആനിൽ മർദൂദ് എന്നൊരിനമില്ല. എല്ലാം മഖ്ബൂലാണ്. ഹദീസുകളിലെ മർദൂദിന്റെ വ്യത്യസ്ത പേരുകൾ പറയുന്നതൊന്നും ഖുർആനിനെ സംബന്ധിച്ച് ഇല്ലാത്തതാണ്. ഖുർആൻ പോലെ തന്നെയാണ് ഹദീസ് എന്ന് ആരെങ്കിലും പറഞ്ഞാൽ ഹദീസുകളിൽ മർദൂദായത് ഉള്ളതുപോലെ തന്നെ ഖുർആനിലും ഉണ്ടെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതകളേറെയാണ്. മുസ്ലിംലോകത്ത് പണ്ഡിതന്മാരാരും തന്നെ നാളിതുവരെ പറഞ്ഞുവന്നിട്ടില്ലാത്ത ഒരു നൂതന വാദമാണ് ഖുർആനും ഹദീസും കൂടി ഒരു പ്രമാണമാണെന്നത്. ഖുർആൻ ഒന്നാം പ്രമാണമെന്നും സ്ഥിരപ്പെട്ട ഹദീസ് രണ്ടാം പ്രമാണമെന്നുമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. രണ്ടാം നമ്പർ പ്രമാണമെന്നല്ല പ്രവാചകൻ(സ) തന്റെ സമുദായത്തോട് ഞാൻ നിങ്ങൾക്ക് രണ്ടു കാര്യം വിട്ടേച്ചു പോകുന്നു എന്നാണ് പറഞ്ഞത്. ഖുർആനും നബിചര്യയുമാണവ. ഒരു കാര്യം ബാക്കിയാക്കി പോകുന്നു എന്നല്ല നബി(സ) വ്യക്തമാക്കിയത്. ഖുർആൻ വ്യാഖ്യാനിക്കാൻ ഹദീസുകൾ വേണ്ടതില്ലെന്ന് പറുയന്നതാണ് ഹദീസു നിഷേധം. ഏതെങ്കിലും ഒരു ഹദീസിന്ന് ന്യൂനത ചൂണ്ടിക്കാണിക്കുന്നത് ഹദീസ് നിഷേധമായി ഇസ്ലാമിക പണ്ഡിതന്മാർ പറഞ്ഞിട്ടില്ല. ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ അനാവശ്യമായി ഹദീസു നിഷേധിയെന്നോ മതനിഷേധിയെന്നോ ആരോപിച്ചാൽ അത് ആരോപിക്കപ്പെട്ടവനിലില്ലെങ്കിൽ ആരോപിച്ചവനിലേക്ക് തിരിച്ചടിക്കപ്പെടുമെന്നാണ് ഇസ്ലാമിക പാഠം.
Back to INDEX

017 ലിംഗ സമത്വം ഇസ്ലാമിക കാഴ്ചപ്പാടിൽ - പ്രൊഫ. ഓമാനൂർ മുഹമ്മദ്

അഖില ലോകാടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ സ്ത്രീയും, പുരുഷനും എണ്ണത്തിൽ ഏതാണ്ട് തുല്യ അനുപാതത്തിലാണുള്ളത്. മൂന്നാം ലിംഗമായ ഹെർഫ്രോഡയ്റ്റ് അഥവാ നപുംസകം എണ്ണത്തിൽ വളരെ കുറവാണ്. മനുഷ്യർ എന്ന നിലയിൽ സ്ത്രീക്കും, പുരുഷനും, നംപുസ്കങ്ങൾക്കും തുല്യസ്ഥാനമാണ് ഇസ്ലാം കൽപിക്കുന്നത്. നപുംസകങ്ങളെ സ്ത്രീകളുടെ കൂട്ടത്തിലാണ് ഇസ്ലാമിക കർമ്മശാസ്ത്രജ്ഞന്മാർ എണ്ണിയിട്ടുള്ളത്. "ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു." (17: 70)വെന്ന ഖുർആൻ വചനമനുസരിച്ച് ഇസ്ലാമിൽ ലിംഗ വിവേചനമില്ല. ആണിനും, പെണ്ണിനും, നപുംസകത്തിനുമൊക്കെ തുല്യസ്ഥാനമാണുള്ളത്. ലിംഗഭേദത്തിന്റെ പേരിൽ കർമ്മഫലത്തിൽ യാതൊരു വിവേചനവും ഇസ്ലാം കൽപിക്കുന്നില്ല. സൂറത്തുന്നഹ്ലിൽ അല്ലാഹു പറയുന്നു. "ആണാവട്ടെ, പെണ്ണാവട്ടെ സത്യവിശ്വാസം ഉൾക്കൊണ്ടു കൊണ്ട് ആരെങ്കിലും നല്ലത് ചെയ്താൽ ആ വ്യക്തിക്ക് നാം ഉത്തമ ജീവിതം പ്രദാനം ചെയ്യുന്നതും, സൽക്കർമ്മങ്ങളുടെ തോതനുസരിച്ച് അവർക്ക് നാം പ്രതിഫലം നൽകുന്നതുമാണ്." (16: 97). "വിശ്വാസികളും, വിശ്വാസിനികളും ആത്മ മിത്രങ്ങളാണെന്നും, അവർ നന്മ ഉപദേശിക്കുകയും, തിന്മ നിരോധിക്കുകയും ചെയ്യുന്നവരാണെന്നും" സൂറത്തുത്തൗബയിലും പറയുന്നു. (9: 71). സ്വന്തം പ്രയത്നത്തിലൂടെ ആത്മീയമോ, ഭൗതികമോ ആയ ഏത് ഉന്നതസ്ഥാനവും കരഗതമാക്കാനുള്ള അനുമതി സ്ത്രീ പുരുഷഭേദമന്യേ ഇസ്ലാം മനുഷ്യന് നൽകുന്നുണ്ട്. ആത്മീയോൽക്കർഷത്തിന്റെ മേഖലയിൽ പ്രവാചകത്വം ഒഴിച്ചുള്ള അത്യുന്നതങ്ങളായ പദവികളിൽ സ്ത്രീകൾക്കും ഇസ്ലാമിൽ സ്ഥാനങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രവാചകത്വം ഇസ്ലാമിക കാഴ്ചപ്പാടിൽ മനുഷ്യ പ്രയത്നത്തിലൂടെ നേടിയെടുക്കാവുന്ന പദവിയല്ല.
എന്നാൽ ചില കാര്യങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ പരിഗണനയും, പരിലാളനയും, പരിപാവനത്വവും, പരിരക്ഷയുമാണ് ഇസ്ലാം നൽകുന്നത്. ഒരാൾ ജീവിതത്തിൽ ആരോടാണ് ഏറ്റവും അധികം നന്മ ചെയ്യാൻ കടപ്പെട്ടിരിക്കുന്നത് എന്ന് ഒരാൾ നബിയോട് ചോദിച്ചപ്പോൾ നിന്റെ മാതാവിനോട് എന്നാണ് നബി മറുപടി പറഞ്ഞത്. പിന്നെയാർക്ക് എന്ന് ചോദിച്ചപ്പോഴും മാതാവിനോട് എന്ന മറുപടിയാണ് നബി ആവർത്തിച്ചത്. നാലാമതും ചോദ്യം ആവർത്തിച്ചപ്പോഴാണ് നിന്റെ പിതാവിനോട് എന്ന മറുപടി ലഭിച്ചത്. സ്ത്രീത്വത്തിന്റെയും, മാതൃത്വത്തിന്റെയും മഹത്വത്തെയാണ് നബി ഇവിടെ ഉയർത്തിക്കാട്ടിയത്. സ്വർഗ്ഗം മാതാവിന്റെ കാൽച്ചുവട്ടിലാണ് എന്ന് പ്രഖ്യാപിക്കുക വഴി സ്ത്രീക്ക് സമൂഹത്തിൽ ഇസ്ലാം കൽപിക്കുന്ന ഉന്നത സ്ഥാനത്തെയാണ് നബി വ്യക്തമാക്കിയത്.
ഖുർആനിലെ 92-ാം അദ്ധ്യായമായ സൂറത്തുല്ലൈലിൽ രാവിന്റെയും, പകലിന്റെയും ദൃഷ്ടാന്തം ചൂണ്ടിക്കാണിച്ച ശേഷം ഖുർആൻ പറയുന്നു. "ആണിനെയും, പെണ്ണിനെയും പടച്ച അസ്തിത്വമാണ്, സത്യം, നിങ്ങളുടെ പ്രവർത്തന മണ്ഡലങ്ങൾ വ്യത്യസ്തമാണ്." പല കാര്യങ്ങളിലും സ്ത്രീക്കും, പുരുഷനും വ്യത്യസ്ത ധർമ്മങ്ങളാണ് നിർവ്വഹിക്കാനുള്ളതെന്ന് ഖുർആൻ ഉണർത്തുന്നു. ഇരുവരുടെയും സൃഷ്ടിപ്പിലും, പ്രകൃതിയിലും പ്രകടമായിക്കാണുന്ന വ്യത്യാസങ്ങൾ കണക്കിലെടുത്തു കൊണ്ടുള്ള അവകാശങ്ങളും, ബാധ്യതകളുമാണ് ഇസ്ലാം ഇരുകൂട്ടർക്കും വീതിച്ച് നൽകിയിട്ടുള്ളത്. ഇസ്ലാമിന്റെ കാഴ്ചപ്പാട് സ്ത്രീ പുരുഷ സൃഷ്ടിപ്പിലെ ജീവശാസ്ത്രപരമായ വശം കണക്കിലെടുത്തു കൊണ്ടുള്ളതാണെന്ന് വിഷയത്തെ വിവേകപൂർവ്വം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതാണ്. സ്ത്രീയുടേതിന് തുല്യമായ അവകാശങ്ങളും, കടപ്പാടുകളും തന്നെയാണ് ഹിജഡകൾക്കും ഇസ്ലാം നിയമമാക്കിയിട്ടുള്ളത്.
ശാരീരികമായ അധ്വാനവും, മനക്ലേശവും അധികം ആവശ്യമായി വരുന്ന ജോലികൾ ഇസ്ലാം പുരുഷനാണ് നൽകിയിട്ടുള്ളത്. മനുഷ്യരുടെ ഇടയിൽ മത പ്രബോധനം നടത്താൻ ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം പ്രവാചകന്മാരെ നിയോഗിച്ച അല്ലാഹു വളരെ ഭാരിച്ച ഉത്തരവാദിത്തം നിർവ്വഹിക്കാൻ ഒരൊറ്റ സ്ത്രീയയും നിയോഗിക്കുകയുണ്ടായില്ല. അതുപോലെ തന്നെ ഖുലഫാഉർറാഷിദുകളുടെ കാലത്ത് നബി(സ)യുടെ പ്രിയപത്നി ആയിശ(റ)യും പ്രിയ പുത്രി ഫാത്വിമ(റ)യുമൊക്കെ ജീവിച്ചിരുന്നിട്ടും രാഷ്ട്രഭരണത്തിൽ അവർക്ക് എന്തെങ്കിലും സ്ഥാനമാനങ്ങൾ നൽകിയ ചരിത്രം ഇസ്ലാമിലില്ല. പല സഹാബിമാരെയും പല പ്രദേശങ്ങളിലേക്കും ഗവർണ്ണർമാരായും മറ്റും നിയോഗിച്ചിരുന്നുവെങ്കിലും ഒരൊറ്റ സഹാബി വനിതക്കും ഇത്തരത്തിലുള്ള ഒരു ദൗത്യവും നൽകിയിരുന്നില്ല. എന്നാൽ ഇതൊന്നും ഒരു കാലത്തും, ഒരു കാരണവശാലും സ്ത്രീകൾക്ക് നിർവ്വഹിക്കാൻ പാടില്ല എന്ന നിരോധന ഉത്തരവാണെന്നും ഇസ്ലാം പറഞ്ഞിട്ടില്ല. നന്മ ഉപദേശിക്കുകയും, തിന്മ നിരോധിക്കുകയും ചെയ്യാനുള്ള ബാധ്യത ആണിനും, പെണ്ണിനുമുണ്ടെന്ന സൂറത്തുത്തൗബയിലെ നിർദ്ദേശം സ്ത്രീകൾക്കും പൊതുപ്രവർത്തനങ്ങളിൽ പങ്കാളികളാവാമെന്നതാണ് സൂചിപ്പിക്കുന്നത്. എന്നാൽ പൊതുപ്രവർത്തനങ്ങളിൽ പുരുഷനെപ്പോലുള്ള നിർബന്ധം സ്ത്രീയിൽ ചുമത്താതിരുന്നത് ലിംഗ വിവേചനത്തിന്റെ പേരിലല്ല. സ്ത്രീയുടെ പ്രത്യേകതകളും പ്രയാസങ്ങളും കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനങ്ങളാണ് അവയെല്ലാം. സ്ത്രീ പുറത്തിറങ്ങുമ്പോൾ മുഖവും, മുൻകയ്യും ഒഴിച്ചുള്ള ഭാഗങ്ങൾ മറച്ചിരിക്കണം, അഥവാ ഹിജാബ് ധരിക്കണം എന്ന ഇസ്ലാമിക ശാസന പ്രതിലോമപരമായാണ് ചിലർ കാണുന്നത്. അതുപോലെ സ്ത്രീ ഒറ്റക്ക് ദൂരസ്ഥലങ്ങളിലേക്ക് രക്ത, കുടുംബബന്ധമുള്ളവർ കൂടെയില്ലാതെ യാത്ര ചെയ്തുകൂടാ എന്ന ഇസ്ലാമിക കൽപനയുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചില ഫെമിനിസ്റ്റുകൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം സ്ത്രീയുടെ സുരക്ഷിതത്വത്തെ മുൻനിർത്തിക്കൊണ്ടുള്ള കരുതൽ നിയമങ്ങൾ മാത്രമാണ്.
ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവർ ബഹുഭാര്യത്വത്തിന് ഇസ്ലാം അനുമതി നൽകിയതിനെ ആക്ഷേപിക്കാറുണ്ട്. എന്നാൽ ബഹുഭാര്യാത്വം ഇസ്ലാമിൽ നിയമമല്ല. നിയമത്തിനുള്ള അപവാദം മാത്രമാണ്. പുരുഷന് ഇഷ്ടം പോലെ നാലു കെട്ടാനുള്ള അനുവാദമൊന്നും ഇസ്ലാം നൽകുന്നില്ല. അതുപോലെ അനന്തരാവകാശ സ്വത്തിൽ പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്വത്തേ സ്ത്രീക്ക് ലഭിക്കുന്നുള്ളൂവെന്നതും വിമർശനത്തിന്നിടയാക്കിയിട്ടുണ്ട്. കുടുംബജീവിതത്തിൽ ചെലവുകളെല്ലാം വഹിക്കേണ്ട ബാധ്യത പുരുഷന്റെ മേലാണ് മതം ചുമത്തിയിട്ടുള്ളത്. സ്ത്രീ ധനികയാണെങ്കിൽ പോലും ഭർത്താവിന്റെയോ, സന്തതികളുടെയോ, സ്വന്തത്തിന്റെയോ പോലും ചെലവുകൾ നടത്തേണ്ടതില്ല. വിവാഹസമയത്ത് ലഭിക്കുന്ന മഹ്റിലൂടെ സ്ത്രീക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള സാധ്യതയും മതം വകവെച്ചു നൽകുന്നുണ്ട്. അതിനാൽ സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്തെന്ന് ഇസ്ലാമിക നിയമത്തിൽ ഒരപാകതയും ചൂണ്ടിക്കാണിക്കാനില്ല.
വിവാഹമോചനം ഇസ്ലാം വെറുക്കുന്ന കാര്യമാണ്. എങ്കിലും ദമ്പതികൾ തമ്മിൽ ഒരു നിലക്കും യോജിച്ചു പോകാൻ പറ്റാത്ത സാഹചര്യത്തിൽ വിവാഹമോചനത്തിന് അനുമതി നൽകുക എന്ന പ്രായോഗിക സമീപനമാണ് ഇസ്ലാം മുന്നോട്ടു വെച്ചിട്ടുള്ളത്. അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലനത്തെ ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ബൈബിൾ പറഞ്ഞപോലെ പ്രസവിക്കുക എന്ന പ്രയാസം സ്ത്രീക്കാണ് ലഭിച്ചിട്ടുള്ളത് എന്നത് കൊണ്ട് ആണും, പെണ്ണും നിർബാധം സംഗമിക്കുന്നത് കൊണ്ട് അനാശാസ്യമായി വല്ലതും സംഭവിച്ചാൽ അതിന്റെ ദുരിതം പേറേണ്ടി വരിക കൂടുതലായും സ്ത്രീയായിരിക്കും. അതുകൊണ്ട് അന്യ രണ്ട് സ്ത്രീ-പുരുഷന്മാർ സംബന്ധിക്കുന്നേടത്ത് മൂന്നാമതായി പിശാചും കൂടിയുണ്ടാകുമെന്ന് പ്രവാചകൻ താക്കീത് ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ സ്ത്രീ-പുരുഷ ബന്ധത്തിൽ സമൂഹത്തിന്റെ ഭദ്രതക്കും, സരളമായ നീക്കത്തിനും സഹായകമായ നിയമസംഹിതകളാണ് ശാസ്ത്രീയമായ കാഴ്ചപ്പാടോടെ ഖുർആനും നബിയും നൽകിയിട്ടുള്ളത്.
ഇന്ന് ചില മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ മുഖവും കൂടി മറക്കുന്നുണ്ട്. ഇത്തരം അമിത ഭക്തിയൊന്നും ഇസ്ലാം അനുശാസിക്കുന്നില്ല. സമൂഹത്തിൽ ഇറങ്ങി നടക്കുന്നവർ അവരുടെ "ഐഡന്റിറ്റി" വ്യക്തമാക്കേണ്ടതുണ്ട്. സഊദിയിലും മറ്റും ചില ക്രിമിനലുകളും ഇത്തരത്തിലുള്ള "നിഖാബ്" ധരിച്ച് നിയമപാലകരിൽ നിന്ന് രക്ഷപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജ്ജിന് സ്ത്രീ മുഖം മറക്കരുതെന്നാണല്ലോ നിയമം. ആ നിയമം തന്നെ സ്ത്രീ പൊതുജീവിതത്തിൽ പാലിച്ചാൽ മതിയാകുന്നതാണ്.
Back to INDEX

018 സൽസബീൽ - മാസപ്പിറവി തെറ്റിദ്ധരിപ്പിക്കുന്നു

(ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് നവോത്ഥാന നായകരിലെ പ്രഗത്ഭ പണ്ഡിതൻ കെ. ഉമർ മൗലവിയുടെ സൽസബീലിൽ വന്ന ലേഖനം പുനർവായനക്കു സമർപ്പിക്കുകയാണ്).
പ്രഗത്ഭനായ അലിമണിക്ഫാൻ മാസപ്പിറവിയെക്കുറിച്ച് സൽസബീലിൽ (ജനുവരി) എഴുതിയ ലേഖനത്തിന് മറുപടിയായി '95 ഏപ്രിൽ ലക്കത്തിൽ സാബിറ ജാബിറിന്റെ (തിരൂർ) ഒരു കുറിപ്പ് വായിച്ചു. എന്തിനീ 'പർദ്ദ' എന്ന് വിനയപൂർവ്വം ചോദിക്കുന്നു. കേരള ഹിലാൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ തുറന്ന സമീപനമായിരുന്നല്ലോ നല്ലത്. ലേഖനത്തിന്റെ ഒടുവിൽ ഹിലാൽ കമ്മിറ്റിയുടെ മാനദണ്ഡം എന്ന ഔദ്യോഗിക സ്വഭാവമുള്ള ഖണ്ഡിക വായിക്കുന്നവർക്ക് ഇത് ചോദിക്കാതിരിക്കാൻ സാധ്യമല്ലല്ലോ. തുറന്ന ചർച്ചയ്ക്ക് സൽസബീൽ താളുകൾ അനുവദിക്കുമെങ്കിൽ ഞങ്ങൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും. വായനക്കാർക്ക് അത് പ്രയോജന പ്രദമാകുമല്ലോ. ലേഖിക ചില ധാരണ പിശകുകൾ എന്നതിൽ ചൂണ്ടിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാം.
1. 'ഫമൻ ശഹിദ മിൻകുമുശ്ശഹ്റ ഫൽയസുംഹു' എന്ന ഖുർആൻ വചനത്തിന് "ആ മാസത്തിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ (ഹാജറുണ്ടെങ്കിൽ) നോമ്പനുഷ്ഠിച്ചു കൊള്ളട്ടെ" എന്ന ഒരർത്ഥമുണ്ടോ? അഥവാ മണിക്ഫാൻ എഴുതിയത് പോലെ 'ആരെങ്കിലും ആ മാസത്തിൽ സാക്ഷ്യം വഹിക്കുന്നുവെങ്കിൽ' എന്നതല്ലേ ശരി? സാക്ഷ്യം വഹിക്കൽ രണ്ടു തരത്തിലാകാം. കണക്ക് പ്രകാരം അറിഞ്ഞുകൊണ്ടോ കണ്ടുകൊണ്ടോ, രണ്ടുമാകാമല്ലോ.
2. 'സുമൂലി റുഅ്യത്തിഹി വ അഫ്ത്തിറുലീ റുഅ്യത്തിഹീ' എന്ന നബിവചനം അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെയാണ് മണിക്ഫാൻ വിവരിച്ചത്. തിരക്കേറിയ ജീവിത സാഹചര്യത്തിൽ ആധുനിക മനുഷ്യന് ചന്ദ്രനെ കാണലും അതിനു തെളിവ് കൊടുക്കലും ബുദ്ധിമുട്ടാണെന്ന് പറഞ്ഞത് വളരെ ശരിയാണ്. അതല്ലേ ഇക്കഴിഞ്ഞ ദുൽഹജ്ജ് മാസത്തിൽ സംഭവിച്ചത്? ഹിലാൽ കണ്ടിട്ടും മൂക്കിനു താഴെയുള്ള ഖാളിമാരെയും ചുണ്ടിനു മേലെയുള്ള ഹിലാൽ കമ്മിറ്റിക്കും വിവരം നൽകാൻ കഴിയാതെ നാലഞ്ചു ദിവസം കുറ്റിച്ചിറയിൽ തന്നെ കുറ്റിയടിച്ചു കിടന്ന ആധുനിക മനുഷ്യനെയാണ് അലിമണിക്ഫാൻ ഉയർത്തി കാട്ടിയത്. ഇനി എന്തു തെളിവാണ് ലേഖികയ്ക്ക് വേണ്ടത്!
ആധുനിക മനുഷ്യന്റെ തിരക്കും ബുദ്ധിമുട്ടും പരിഗണിച്ചു തന്നെയാണ് ഫർള് നമസ്കാരങ്ങളുടെ സമയം വർഷങ്ങൾക്ക് മുമ്പു തന്നെ ശാസ്ത്രീയമായ കണക്കുകൾ പ്രകാരം കലണ്ടറുകളിലും മറ്റും രേഖപ്പെടുത്തി വെച്ചതും നാം അത് സ്വീകരിച്ച് പ്രവർത്തിക്കുന്നതും. നമസ്കാര സമയങ്ങൾ തിരിച്ചറിയാൻ നബി(സ) ജനങ്ങൾക്ക് കാണിച്ചു കൊടുത്ത രീതി നാം ഇപ്പോൾ അനുകരിക്കാത്തത് പ്രവാചക നിർദ്ദേശത്തെ നിരാകരിക്കലായി ആരെങ്കിലും വിശേഷിപ്പിക്കുന്നുണ്ടോ? വെളുത്ത നൂലുമായി പുലർച്ചയിൽ ഏതെങ്കിലും പള്ളിയിലെ മുഅദ്ദിൻ പുറത്തിറങ്ങാറുണ്ടോ? ളുഹറിന്റെയും അസറിന്റെയും സമയം നിർണ്ണയിക്കാൻ അളവു കോലുമായി നിഴലിന്റെ നേരെ നീങ്ങാറുണ്ടോ? സൂര്യാസ്തമയത്തിന്റെ പ്രഭയും ഇരുളും നോക്കി മഗ്രിബ് ഇശാഉം സ്വീകരിക്കുന്നതിലാണ് പുണ്യമുള്ളതെന്ന് ആർക്കെങ്കിലും വാദമുണ്ടോ? ഇല്ല എന്ന് തന്നെ എല്ലാവരും സമ്മതിക്കും. എങ്കിൽ നമുക്ക് തിരിച്ചറിവ് ഉണ്ടാകണം. ഗോള ശാസ്ത്രകണക്കുകൾ അറിയാത്ത ഒരു ജനതക്ക് നമസ്കാരത്തിന്റെ സമയനിർണ്ണയം എളുപ്പത്തിൽ നടത്തുന്നതിനാണ് നബി(സ) ഈ മാർഗ്ഗം ഉപദേശിച്ചത്. മുസ്ലിം സമൂഹം ശാസ്ത്രീയനേട്ടം കൈവരിച്ചപ്പോൾ അതിന് തയ്യാറാകുകയും അത് സ്വീകരിക്കുകയും ചെയ്തു. പണ്ടു കാലങ്ങളിൽ ക്ലോക്കിലെ സമയം നോക്കി ബാങ്ക് കൊടുത്തപ്പോൾ ചിലർ ശൈത്വാന്റെ പെട്ടി എന്നു ആക്രോശിച്ചു കൊണ്ട് ക്ലോക്ക് തല്ലിപ്പൊളിച്ചതായി കേട്ടിട്ടുണ്ട്. എന്നാൽ യാഥാസ്ഥിതികരും പുരോഗമനവാദികളും ഇന്ന് ഒരുപോലെ ഇത് സ്വീകരിക്കുന്നു.
മാസമാറ്റം നിർണ്ണയിക്കാൻ നബി(സ) സഹാബികൾക്ക് കാണിച്ചു കൊടുത്ത വഴി വകതിരിച്ച് മനസ്സിലാക്കാൻ ഇത് തന്നെയാണ് തെളിവ്. "നാം നിരക്ഷരരാണ് എഴുതാനും കണക്കുകൂട്ടാനും അറിയില്ല" എന്ന് ആമുഖമായി നബി(സ) പറഞ്ഞതിൽ നിന്നും സംഗതി വളരെ വ്യക്തമായി. മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ 29ന് ഹിലാൽ നോക്കുവാനും കണ്ടില്ലെങ്കിൽ 30 പൂർത്തിയാക്കാനും പറഞ്ഞു. നമ്മളാകട്ടെ മാസം 30നും 1നും ഹിലാൽ കാണാൻ ആകാശത്തേക്ക് കണ്ണും നട്ട് നിൽക്കാൻ ജനങ്ങളോട് പറയുന്നു.
ഏപ്രിൽ 30-ാം തിയ്യതി സൂര്യനസ്തമിച്ചാൽ 36 മിനിറ്റ് ചന്ദ്രപ്പിറവി നിലനിൽക്കുന്നുവെന്ന് സുല്ലമുസ്സലാം, മദീനത്തുൽ ഉലൂം, ശബാബ് എന്നീ കലണ്ടറുകൾ വ്യക്തമായി കാണിച്ചിരുന്നു. എന്നിട്ടും 30ന് മാസം കണ്ടാൽ അറിയിക്കണമെന്ന് പരസ്യം ചെയ്യുന്ന നിലപാട് വെളുത്ത നൂലുമായി സുബ്ഹിന്റെ സമയം കണ്ടുപിടിക്കാൻ മുഅദ്ദിനോടു ആവശ്യപ്പെടുന്നതുപോലെ പരിഹാസ്യമല്ലേ. മെയ് അഞ്ചിന് ഖാളിമാർ പെരുന്നാളുമായി രംഗപ്രവേശം ചെയ്തപ്പോൾ മാത്രമാണ് ഹിലാൽ കമ്മിറ്റി കണ്ണു തുറന്നത്. പിറ കാണണമെന്ന് ശാഠ്യമുണ്ടെങ്കിൽ അതിനുള്ള മാർഗ്ഗമെങ്കിലും ഒരുക്കേണ്ടതായിരുന്നു. ഖാളിമാരുടെ പ്രഖ്യാപനത്തിനു ശേഷമാണെങ്കിലും പിറ കണ്ടതായി സാക്ഷികൾ രേഖാമൂലം അറിയിപ്പു തന്നിട്ടും പ്രഖ്യാപനം നടത്താതെ (പുതിയാപ്ലമാർക്ക്) കൈമുട്ടുന്നത് പാടില്ലെന്നും പാടുണ്ടെന്നും പറഞ്ഞു തമ്മിൽതല്ലി ഭിന്നിച്ച വലിയതും ചെറിയതുമായി വാഴുന്ന) ഖാളിമാരുടെ പടിപ്പുരക്കൽ കാത്തുക്കെട്ടിക്കിടന്നു സമയം പാഴാക്കിയത് ഐക്യത്തിനു വേണ്ടിയാണെന്ന് വന്നാൽപ്പോലും ഒടുവിൽ ഐക്യവിരോധികളായി ചിത്രീകരിക്കപ്പെടുന്ന ഗതികേട് സ്വയം ഏറ്റുവാങ്ങുകയല്ലേ ചെയ്തത്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ പിളർപ്പന്മാരായി മുദ്ര കുത്തുന്നതും അനഭിലഷണീയമായ നിലപാടാണെന്ന് വിനീതമായി പറഞ്ഞുകൊള്ളട്ടെ.
കണക്കുകൾ പ്രകാരം പ്രഖ്യാപിച്ചാലും കാഴ്ചയുടെ സാക്ഷി മൊഴിയനുസരിച്ച് പറഞ്ഞാലും ഇവിടെ ഐക്യമുണ്ടാകുകയില്ല. ഉണ്ടാക്കുകയുമില്ല. രാഷ്ട്രീയലാഭം നോക്കി ദീൻകാര്യം തീരുമാനിക്കുന്നവരും. ഞാൻ വലിയവനും നീ ചെറിയവനുമാണെന്ന് പറഞ്ഞു പോരടിച്ചു വാണരുളുന്ന ഖാളിമാരും ഓരോ മഹല്ലിലെയും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് പെരുന്നാൾ സ്വീകരിക്കുമെന്ന് തീരുമാനിച്ചിട്ടുള്ള മൗദൂദികളും (ദീനും ദുൻയാവും ഒന്നാണെന്ന് വാദിക്കുകയും ദീൻ കാര്യം വന്നപ്പോൾ ഭൂരിപക്ഷം നോക്കുകയും ചെയ്യുന്ന ബഹുമുഖ കാപട്യം കൈമുതലാക്കിയവർ) ഈ നാട്ടിൽ മതകാര്യങ്ങൾ കയ്യാളുന്ന കാലത്തോളം നോമ്പും പെരുന്നാളും ഐക്യത്തിലാക്കാമെന്നുള്ള ഹിലാൽ കമ്മിറ്റിയുടെ മോഹം വെറും ഒരു മരീചികയാണ്. കാഴ്ചയാണ് സർവ്വപ്രധാനമെങ്കിൽ പ്രശ്നം ഖാളിമാരുടെ പടിപ്പുരക്കൽ സമർപ്പിച്ച് പിൻവാങ്ങുക. പേനയും നാവും മറ്റുമാർഗ്ഗങ്ങളിൽ ഉപയോഗിക്കാം. കൃത്യമായ കണക്കുകളാണു സ്വീകാര്യമെങ്കിൽ ബാലിശമായ ഐക്യ പ്രഹസനത്തിനു നേരം കളയാതെ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകുക. ഐക്യമെന്ന ശർക്കരക്കുടം മോഹിച്ച് സത്യപ്രബോധനത്തിന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ, ധീരമായി മുന്നോട്ട് ഗമിച്ച് നാനോന്മുഖമായ പ്രശ്നങ്ങളിൽ സമുദായത്തെ ബോധവൽക്കരിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്ത പരിപാവനമായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനം ഇവിടെയും അത് കാത്തുസൂക്ഷിക്കണം എന്നാണു ഞങ്ങൾക്ക് പറയാനുള്ളത്.
കണക്ക് നൂറ് ശതമാനവും സത്യമെന്ന് സമ്മതിക്കുന്ന ഹിലാൽ കമ്മിറ്റി കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടക്ക് സഊദി ഗവൺമെന്റിന്റെ നോമ്പും പെരുന്നാളും പ്രഖ്യാപനം ഒന്നു പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഈ കാലയളവിൽ വളരെ കുറഞ്ഞ സമയം മാത്രമേ സഊദി അറേബ്യയുടെ മേഖലയിൽ ചന്ദ്രോദയം ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. സഊദിയുടെ മേഖലയിൽ ചന്ദ്രോദയം ഇല്ലാതിരുന്നിട്ടും ലോകത്ത് ആദ്യമുണ്ടാകുന്ന പുതുചന്ദ്രനെ (ന്യൂമൂൺ) അടിസ്ഥാനപ്പെടുത്തിയാണ് അവർ പ്രഖ്യാപനം നടത്തുന്നത്. എൺപത് ശതമാനത്തോളം മറ്റു മുസ്ലിം രാഷ്ട്രങ്ങൾ കൂടി ഇതനുസരിച്ച് നോമ്പും പെരുന്നാളം അനുഷ്ഠിക്കുന്നതും അനുഭവമാണ്. ഇത് അവർ സ്വീകരിക്കുവാനുണ്ടായ കാരണം 1978ൽ ഇസ്താംബൂളിലും 1985 ൽ മക്കയിലും ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് ലോകത്ത് ആദ്യമുണ്ടാകുന്ന ന്യൂമൂൺ അടിസ്ഥാനപ്പെടുത്തി മാസപ്പിറവി സ്വീകരിക്കാമെന്ന് തീരുമാനിച്ചതിനാലാണ്. 17 വർഷങ്ങളായി മുസ്ലിം ലോകം സ്വീകരിച്ചു പോരുന്ന ഒരു പ്രധാന വിഷയം അംഗീകരിക്കുവാൻ കേരള ഹിലാൽ കമ്മിറ്റിക്ക് എന്തിനു വൈമനസ്യമുണ്ടാകണം. തൽക്കാലം ഇത്രമാത്രം. (സൽസബീൽ 1995 ജൂൺ 20)
[കുറിപ്പ്: അൽഫനാറിൽ ചന്ദ്രമാസ നിർണയ വിഷയത്തിൽ ലേഖനമെഴുതിയതിനാൽ സംഘടനയിൽ നിന്നു പുകച്ചു ചാടിപ്പിക്കപ്പെട്ടവരുണ്ട്. ഉമർ മൗലവിയുടെ വിശാല ഹൃദയം എത്ര മഹനീയമായിരുന്നുവെന്നു ഈ ലേഖനം വിളിച്ചോതുന്നു. ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കും മുമ്പ് ഈ വിഷയത്തിലെ നവോത്ഥാന ചിന്തയുള്ളവർ സംഘടിച്ച സംവിധാനമായിരുന്നു ഹിജ്റ ഹിലാൽ കമ്മിറ്റി. അതിന്റെ സെക്രട്ടറിയുടെ ലേഖനമാണിത്. നവോത്ഥാന പ്രസ്ഥാനമെന്ന മുജാഹിദ് സംഘടനകൾ കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും നവോത്ഥാനത്തിൽ ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ലെന്നു തെളിയിക്കുന്നതാണീ ലേഖനം. (പത്രാധിപർ, അൽഫനാർ)
Back to INDEX

019 ചന്ദ്രമാസ നിർണ്ണയത്തിൽ മുസ്ലിം പണ്ഡിതന്മാരുടെ നിസ്സംഗത - കെ.പി. കുഞ്ഞിമ്മൂസ

ചന്ദ്രമാസ നിർണ്ണയത്തിൽ പൂർവ്വികർ കാണിച്ച ആവേശവും ആത്മാർത്ഥതയും സത്യസന്ധതയും പത്രപ്രവർത്തകൻ എന്ന നിലയിൽ ആറ് പതിറ്റാണ്ട് ഞാൻ അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ചില ഭാഗങ്ങളിൽ നിന്ന് കാണിച്ച വീഴ്ചയും പാകപ്പിഴവുകളും അസഹനീയമായപ്പോൾ എനിക്ക് പ്രതികരിക്കേണ്ടി വന്നിട്ടുമുണ്ട്. മാസം ആകാശത്തിലും നിർണ്ണയം തങ്ങളുടെ നാക്കിൻതുമ്പത്തുമാണെന്ന് ശഠിക്കുന്നവരോട് സമരസപ്പെട്ടും പോവാനാവില്ല.
നഗ്നനേത്രം കൊണ്ട് മാസപ്പിറവി കാണുന്നതിനെപ്പറ്റിയും അതിലെ വിശ്വാസ്യത സംബന്ധിച്ചും കാസർകോഡ് ചെമ്പരിക്ക ഖാസിയായിരുന്ന അബ്ദുല്ല മുസ്ലിയാർ വിവരിച്ചു തന്നിരുന്നു. ഗോളശാസ്ത്രത്തെ കുറിച്ച് അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ ഇത് സംബന്ധിച്ച പുസ്തകം ഞാൻ പ്രചരിപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് വലിയ ഖാസി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളും മാമുക്കോയ ഖാസിയും തലശ്ശേരി ഖാസി എരേച്ചൻ വീട്ടിൽ മമ്മു മുസ്ലിയാരുമൊക്കെ ചന്ദ്രമാസ നിർണ്ണയത്തിൽ കാണിച്ച സമീപനം മാതൃകാപരമായിരുന്നു. ഔചിത്യബോധവും ശാസ്ത്രീയ നിഗമനവും മനഃശാസ്ത്രപരമായ സമീപനവും കൈകൊണ്ടവരെ ചോദ്യം ചെയ്യാൻ ആർക്കും മനോധൈര്യമുണ്ടായിരുന്നില്ല.
പ്രകൃതിയുമായി ബന്ധപ്പെട്ട് പലതും പഠിക്കാനുണ്ടെന്ന് കുട്ടിക്കാലം മുതലേ ഓർമ്മപ്പെടുത്തിയ മൊല്ലാക്കമാരും സീതിമാരും ഓർമ്മകളെ മനസ്സിൽ പതിപ്പിച്ചത് മറക്കാനാവില്ല.
അസർ നമസ്കാര സമയം നിർണയിക്കാൻ നിഴലളക്കുന്നതും അസർ പൂവ് വിരിയുന്നത് കണ്ടെത്തുകയും ചെയ്തത് പിഴച്ചിട്ടില്ല. ഇശാപൂവിന്റെ സുഗന്ധം ആസ്വദിക്കാനാവുന്നത് ഇശാ സമയത്തായിരുന്നു. കോഴി കൂവുന്നതും കിളികൾ ശബ്ദിക്കുന്നതും കേൾക്കാത്തവരോട് ഉറക്കിനെക്കാൾ ഉത്തമം നമസ്കാരമാണെന്ന വിളി കേൾപ്പിച്ചിട്ടുണ്ട്. ഈ അടയാളങ്ങളൊക്കെ അന്ധവിശ്വാസമായും കെട്ടുകഥകളായും കണക്കാക്കുന്നവരോട് ഒന്നും പറയാനില്ല. ഞാൻ പ്രവാചകനാണെന്ന് വാദിച്ച നാട്ടിൻപുറത്തുകാരനോട് ദൈവമായ ഞാൻ അങ്ങനെ ഒരാളെ നിയമിച്ചിട്ടില്ലെന്ന് മറുപടി കൊടുത്ത നാട്ടുകാരണവരെപ്പറ്റി നാം കേട്ടതാണല്ലോ.
ചന്ദ്രമാസ നിർണ്ണയത്തിന്റെ പ്രാധാന്യം സംബന്ധിച്ച് പതിറ്റാണ്ട് മുമ്പ് കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ച നോട്ടീസിൽ ഒപ്പു വെച്ചവനാണ് ഞാൻ. ഖാസിമാരും പണ്ഡിതന്മാരും അഭിഭാഷകരും മേയറുമൊക്കെ അതിൽ ഒപ്പിട്ടിരുന്നു. മാസം കണ്ടത് വിശ്വാസപൂർവ്വം അറിഞ്ഞാൽ നിർണ്ണയിക്കാമെന്നായിരുന്നു അതിന്റെ രത്നച്ചുരുക്കം. നോട്ടീസിലെ പരാമർശങ്ങളും മാമുക്കോയ ഖാസിയുടെ തീരുമാനവും ഞാൻ പല പ്രസംഗവേദികളിലും വ്യക്തമാക്കാറുമുണ്ട്.
മാസം കാണുമോ ഇല്ലയോ എന്ന് സംശയമുള്ള ദിവസം മാമുക്കോയ ഖാസിയുടെ വസതിക്കു മുമ്പിൽ ജനം തടിച്ചുകൂടിയിരുന്നു. അപ്പോഴാണ് മുഷിഞ്ഞ വേഷധാരിയായ ഒരു മത്സ്യത്തൊഴിലാളി ഓടിക്കിതച്ചുവന്നു പറയുന്നത് ഖാളിയാരേ, ഞാൻ മാസം കണ്ടുവെന്ന്.
ഖാസി അവനോട് ചോദിച്ചു നീ നമസ്കരിക്കാറുണ്ടോ?
ഇല്ല എന്നായിരുന്നു മറുപടി.
നോമ്പ് അനുഷ്ഠിക്കാറുണ്ടോ? എന്നായിരുന്നു രണ്ടാമത്തെ ചോദ്യം.
ഇല്ല എന്ന് ഉത്തരം.
ഖാസി മാസം ഉറപ്പിച്ചു.
അതോടെ ഖാസിയോടായി ചിലരുടെ ചോദ്യം. നമസ്കരിക്കാത്ത, നോമ്പനുഷ്ഠിക്കാത്ത മീൻകാരന്റെ വാക്ക് സ്വീകരിച്ചാണോ നിങ്ങൾ മാസം ഉറപ്പിക്കുന്നത്?
ഖാസി വിശദീകരിച്ചു. അവൻ മാസപ്പിറവി കണ്ടത് നേരാണ്. അവൻ സത്യവാനാണ്. കളവ് പറയുന്നവനല്ല. നോമ്പ് നോക്കാറുണ്ടോ എന്നും നമസ്കരിക്കാറുണ്ടോ എന്നും ചോദിച്ചപ്പോൾ ഇല്ല എന്നാണവൻ പറഞ്ഞത്. അവന് കളവു പറയാനറിയാത്തത് കൊണ്ടാണിങ്ങനെ പറഞ്ഞത്. അവൻ മാസം കണ്ടത് നേരാണ്.
ഇങ്ങനെ നേരിന്റെ മാർഗ്ഗത്തിൽ ചരിക്കുന്നവരെ എന്നും അംഗീകരിച്ചവരായിരുന്നു പൂർവ്വികർ. ഐക്യത്തിന്റെ മാർഗ്ഗവും അവർ സ്വീകരിച്ചു.
1922 ലാണ് അഴീക്കോട്, ഏറിയാട്, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ മുസ്ലിംകളുടെ ഇടയിൽ കക്ഷിവഴക്ക് രൂക്ഷമായത്. അന്ന് നിഷ്പക്ഷ സംഘം എന്ന പേരിൽ മുസ്ലിം സംഘടന ഉണ്ടാക്കിയതും അത് കേരള മുസ്ലിം ഐക്യസംഘമായി രൂപാന്തരപ്പെട്ടതും രണ്ടു പെരുന്നാളും പെരുന്നാൾ ദിവസം നോമ്പും ഇല്ലാതാക്കാൻ തന്നെയായിരുന്നു. കെ.എം. മൗലവി, ഇ.കെ. മൗലവി, കോട്ടപ്പുറത്ത് സീതിമുഹമ്മദ് മണപ്പാട്ട്, പി. കുഞ്ഞഹമ്മദ് എന്നിവർ ചേർന്നു നടത്തിയ ഐക്യശ്രമത്തിന് കാലിക പ്രസക്തിയുണ്ടെന്ന് പറയേണ്ടതില്ല.
കെ.എം. സീതിസാഹിബ് വിത്തിട്ട പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്റെ അനുയായികൾ ഏറ്റുപിടിച്ച പ്രസിദ്ധീകരണാലയങ്ങളും ഒന്നിലും നിസ്സംഗത പാലിച്ചിട്ടില്ല. കോഴിക്കോട് വൈ.എം.സി. റോഡിൽ നടത്തിയ ക്രസന്റ് ബുക്ക് സ്റ്റാളിൽ വിശുദ്ധ ഖുർആൻ പരിഭാഷയോടൊപ്പം വിറ്റിരുന്ന പുസ്തകങ്ങളൊക്കെ കക്ഷിത്വം വിളംബരം ചെയ്യുന്നതായിരുന്നില്ല. ഇൽമുന്നിസയും തുർക്കി വിപ്ലവവും അബലയുടെ പ്രതികാരവും ഖസീദത്തുൽ ബുർദയും അന്ന് അൽഫനാർ ത്രൈമാസിക ഇന്ന് ചെയ്യുന്ന അക്ഷരവിപ്ലവമാണ് നടത്തിയത്. ആലുവയിലെ ഇസ്ലാമിക് ബുക്ക് സ്റ്റാൾ മുതൽ തലശ്ശേരി ജിന്നാ ബുക്ക് സ്റ്റാൾ വരെ ഇറക്കിയ പുസ്തകങ്ങൾ ഈടുറ്റതായിരുന്നു. ഒരു കൊല്ലത്തെ മുഴുവൻ ഖുതുബ തർജ്ജമയും പത്ത് കിത്താബ് തർജ്ജമയും അൽബഖറ പരിഭാഷയും നമസ്കാരക്രമവും വായിപ്പിക്കാൻ സീതിസാഹിബ് തലശ്ശേരി ചിറക്കരയിൽ മൗലാനാ മുഹമ്മദലി സ്മാരക വായനശാല നടത്തിയത് പുതിയ തലമുറക്കറിയില്ല. ചന്ദ്രികയുടെ പ്രഥമ മാനേജിംഗ് ഡയറക്ടറും മലബാർ ജില്ലാ മുസ്ലിം ലീഗിന്റെ ആദ്യത്തെ ട്രഷററുമായിരുന്ന സി.പി. മമ്മുക്കേയിയുടെ സ്മാരകമായി തലശ്ശേരി മുബാറക്ക് ഹൈസ്കൂളിന് സമീപം സ്ഥാപിച്ച സ്മാരക ലൈബ്രറിയിൽ നിന്ന് ആനുകാലികങ്ങൾ എടുത്തുതന്ന കെ.എൻ. ഇബ്രാഹീം മൗലവി തന്നെയന്ന് പ്രസംഗിപ്പിച്ചു പഠിപ്പിച്ചത് നിസ്സംഗതയെ രൂക്ഷമായി വിമർശിക്കാനാണ്.
മാസപ്പിറവി കണ്ട വിവരം അറിയിച്ചാലും പെരുന്നാൾ ഉറപ്പിക്കാതെ ഉരുണ്ടു കളിക്കുന്നവർ എത്ര വലിയവരായാലും അവരെ നേർവഴി നയിക്കാൻ പണ്ഡിതന്മാർ മടിക്കരുതെന്നാണ് ആവർത്തിച്ചു ആവശ്യപ്പെടാനുള്ളത്.
[ലേഖകന്റെ സ്വതന്ത്രവീക്ഷണം അൽഫനാറിന്റെ ഔദ്യോഗികാഭിപ്രായമായിരിക്കണമെന്നില്ല (പത്രാധിപർ)].
Back to INDEX

020 നബി(സ)യുടെ കാലത്ത് അജ്ഞാതമായത് - എ. അബ്ദുസ്സലാം സുല്ലമി

ചോദ്യം 1: ന്യൂമൂൺ നബി(സ)യുടെ കാലത്ത് അറിയാത്തതാണ്. അപ്പോൾ അതിനെ ചന്ദ്രമാസം തീരുമാനിക്കുവാൻ അവലംബിക്കുന്നത് ശരിയാണോ? ഇത് മതത്തിൽ പുതിയത് നിർമ്മിക്കൽ അല്ലയോ? (മൊയ്തീൻകോയ, തിരുവണ്ണൂർ)
ഉത്തരം: നബി(സ)യുടെ കാലത്ത് അജ്ഞാതമായതും ശാസ്ത്രലോകം പിന്നീട് കണ്ടുപിടിച്ചതുമായ ധാരാളം സംഗതികൾ നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നതും നബി(സ) നിർദ്ദേശിച്ചതുമായ പല സംഗതികൾ നാം ഇന്ന് ഉപേക്ഷിച്ച് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇ വയൊന്നും മതത്തിൽ ബിദ്അത്തുണ്ടാക്കൽ അല്ല. മതത്തിന്റെ വിശാലത ഉൾകൊള്ളൽ ആണ്. നിങ്ങളാണ് നിങ്ങളുടെ ഭൗതിക കാര്യങ്ങളെക്കുറിച്ച് എന്നെക്കാൾ അറിവുള്ളവൻ എന്ന് നബി(സ) പറയുകയുണ്ടായി. അതിനാൽ അല്ലാഹു പറഞ്ഞു എന്ന് പറയാതെ ഒരു കാര്യം ഞാൻ നിങ്ങളോടു പറഞ്ഞു. അനുഭവത്തിൽ അതിനേക്കാൾ ഉത്തമമായത് നിങ്ങൾ കണ്ടു. എന്നാൽ എന്റെ കൽപന ഉപേക്ഷിച്ച് നിങ്ങൾക്ക് അത് അനുഷ്ഠിക്കാം എന്നും നബി(സ) പറഞ്ഞു. (മുസ്ലിം) ഒരു മാസക്കാലം നോമ്പ് മുറിക്കുവാനും അഞ്ച് നേരം ബാങ്ക് വിളിക്കുവാനും ഗ്രഹണം മനസ്സിലാക്കുവാനും നബി(സ) സ്വീകരിക്കുകയും നിർദ്ദേശിക്കുകയും ചെയ്ത ഉപാധികൾ ഉപേക്ഷിച്ച് നബി(സ)യുടെ കാലത്ത് ഇല്ലാത്തവ നാം എല്ലാവരും ഉപയോഗിക്കുന്നത് ബിദ്അത്ത് അല്ല തന്നെ. ചന്ദ്രമാസത്തിന്റെ മാറ്റം അറിയുന്നതിന് നബി(സ)യുടെ കാലത്ത് അജ്ഞാതമായിരുന്ന ശാസ്ത്രസംവിധാനം ഉപയോഗിക്കൽ മാത്രമാണോ ബിദ്അത്ത്?
1. ചികിത്സാരംഗം: കരിംജീരകം മരണം ഒഴികെയുള്ള സർവ്വ രോഗങ്ങൾക്കും ചികിത്സയാണെന്ന് നബി(സ) അരുളി. (ബുഖാരി) സംസം വെള്ളം നാം ഉദ്ദേശിക്കുന്നവയ്ക്കെല്ലാം ശമനമാണെന്ന് ഹദീസുകളിൽ പ്രസ്താവിച്ചു. നിങ്ങൾ ചികിത്സിക്കുന്നവയിൽ ഏറ്റവും ഉത്തമം കൊമ്പ് വെക്കലാണെന്നും ഹദീസിൽ പറയുന്നു. ഈ ഹദീസുകൾ അടിസ്ഥാനമാക്കി കാൻസർ രോഗം ബാധിച്ചാൽ ആധുനിക ചികിത്സയായ ശസ്ത്രക്രിയയും റേഡിയേഷൻ തെറാപ്പിയും കീമോതെറാപ്പിയും ഉപേക്ഷിച്ച് കരിംജീരകവും സംസം വെള്ളവും കൊമ്പ് വെക്കലും നാം ഉപയോഗിക്കേണ്ടതില്ല. ചുരുക്കത്തിൽ ചികിത്സാരംഗത്ത് നബി(സ)ക്ക് അജ്ഞാതമായ പലതും നാമിന്ന് ഉപയോഗിക്കുന്നുണ്ട്.
2. യാത്രാരംഗം: ഹജ്ജിനും ഉംറക്കും മറ്റു യാത്രക്കും നബി(സ) ഉപയോഗിച്ച വാഹനങ്ങൾ ഉപേക്ഷിച്ച് നബി(സ)ക്ക് അജ്ഞാതമായ വിമാനവും ബസ്സും കാറും ഉപയോഗിക്കൽ ബിദ്അത്ത് നിർമ്മിക്കൽ അല്ല തന്നെ.
3. പ്രബോധനരംഗം: മതം പ്രബോധനം ചെയ്യുവാൻ നബി(സ)ക്ക് അജ്ഞാതമായ പല മാർഗ്ഗങ്ങൾ ഇന്ന് നാം ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയ പോലെ.
4. വാർത്താ വിനിമയം: ഒരു വാർത്ത അറിയിക്കുവാൻ നബി(സ)ക്ക് അജ്ഞാതമായ പലതും നാം ഇന്ന് ഉപയോഗിക്കുന്നു.
5. ശുദ്ധീകരണം: നബി(സ) ശുദ്ധീകരിക്കുവാൻ ഉപയോഗിക്കുകയും ഉപയോഗിക്കുവാൻ കൽപിക്കുകയും ചെയ്തവ ഉപേക്ഷിച്ച് നബി(സ)ക്ക് അജ്ഞാതമായ പലതും നാമിന്ന് ഉപയോഗിക്കുന്നു.
6. ഭക്ഷണരംഗം: നബി(സ)ക്ക് അജ്ഞാതമായിരുന്ന പല ഭക്ഷണ പാനീയങ്ങളും നബി(സ) ഉപയോഗിച്ചവ വർജിച്ച് നാം ഉപയോഗിക്കുന്നു. അതുപോലെ വസ്ത്രങ്ങളും.
7. വിജ്ഞാനരംഗം: നബി(സ)ക്ക് അജ്ഞാതമായ പല വിജ്ഞാനങ്ങളും അവ പഠിപ്പിക്കുന്നതിന് പല ഉപാധികളും നാം ഉപയോഗിക്കുന്നു.
മുസ്ലിം സമൂഹം ഉമ്മിയ്യ് എന്നതിൽ നിന്ന് ശാസ്ത്രീയ കണക്കും എഴുത്തും അറിയുമ്പോൾ ചന്ദ്രമാസത്തിന്റെ അവസാനം മനസ്സിലാക്കുവാൻ അല്ലാഹു സൃഷ്ടിച്ചവയാണ് ന്യൂമൂൺ എന്ന പ്രകൃതി സത്യത്തെ. അതായത് ക്രസന്റ് (ഹിലാൽ) അറിയുവാനുള്ള മാധ്യമം. മുസ്ലിം സമൂഹം ചന്ദ്രമാസം അറിയുവാൻ എക്കാലവും ദർശനത്തെ തന്നെ സംസ്ഥാന അടിസ്ഥാനത്തിൽ ഉപയോഗിക്കണം. കണക്ക് ഉപയോഗിക്കുമ്പോൾ പാടില്ല എന്ന് നബി(സ) ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. കാരണം ഖാളി സ്ഥാനവും സ്ഥാനമാനങ്ങളും സംരക്ഷിക്കുക എന്നത് നബി(സ)ക്ക് ഉണ്ടായിരുന്നില്ല. ഈ ഉദ്ദേശ്യത്തിന് വേണ്ടി മതത്തെ നബി(സ) ഉപയോഗിച്ചിട്ടില്ല.
നാം ഏഴ് നമ്പറുകളിലായി നൽകിയവയ്ക്ക് ഉസൂലുൽ ഫിഖ്ഹിൽ "മസ്ലഹത്തുൽ മുർസല" എന്ന് പറയുന്നു. മതത്തെ പ്രായോഗികമാക്കുന്നത് ഇതാണ്. മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഇതിനെ അംഗീകരിക്കുന്നു. ഇത് മതത്തിൽ പുതിയ ഇബാദത്തും പുണ്യകർമ്മവും ഉണ്ടാക്കലല്ല. പള്ളിയിലെ ഉഷ്ണം നിയന്ത്രിക്കുവാൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ടി.വി. ഉപയോഗിക്കുന്നതും ബാങ്ക് വിളിക്കുന്നതിനും ജുമുഅ ഖുതുബ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതും എന്തുകൊണ്ട് ഇവർ ബിദ്അത്തായി കാണുന്നില്ല? നബി(സ)യുടെ കാലത്ത് ആകാശം മേഘാവൃതമായാൽ സൂര്യൻ അസ്തമിച്ച ശേഷം ചക്രവാളത്തിൽ ചന്ദ്രൻ അവശേഷിക്കുന്നത് അറിയുകയില്ല. അതിനാൽ അവിടുന്ന് മാസം 30 പൂർത്തിയാക്കുവാൻ പറഞ്ഞതാണ്. ഇന്ന് കണക്കിലൂടെയും ഗോളശാസ്ത്ര അറിവുകളുടെയും അടിസ്ഥാനത്തിൽ മേഘത്തിന്റെ മുകളിൽ പോയി ദൂരദർശിനിയിലൂടെയും ചന്ദ്രന്റെ ഉദയം (അസ്തമനം) ഗ്രഹിക്കുവാൻ സാധിക്കും.
ചോദ്യം 2: ഒരാൾ ഞാൻ ഉമ്മിയാണ്. എനിക്ക് കണക്ക് അറിയുകയില്ല. അതിനാൽ ഞാൻ ദർശനത്തെ അവലംബിക്കുകയാണ് എന്ന് പറഞ്ഞ് ദർശനത്തെ അവലംബിച്ചാൽ തെറ്റാകുമോ?
ഉത്തരം: തെറ്റാവുകയില്ല. എന്നാൽ ഇയാൾ ഒരു മാസം നോമ്പ് മുറിക്കുവാനും നമസ്കാര സമയം അറിയുവാനും ഗ്രഹണത്തെക്കുറിച്ച് അറിയുവാനും ഉമ്മിയായ നബി(സ)യും സഹാബിമാരും സ്വീകരിച്ച മാർഗ്ഗം അവലംബിക്കണം, ചികിത്സാരംഗത്തും യാത്രാരംഗത്തും വാർത്താ വിനിമയ രംഗത്തും മറ്റും അവർ സ്വീകരിച്ച മാർഗ്ഗം സ്വീകരിക്കണം, ചന്ദ്രമാസം ഉറപ്പിക്കുന്ന വിഷയത്തിൽ മാത്രം ഞാൻ ഉമ്മിയാണ് എന്ന് പറയൽ ദേഹേച്ഛക്ക് അനുസരിച്ച് മതത്തെ സ്വീകരിക്കലാണ്. ഇയാൾ എഴുതുവാനും വായിക്കുവാനും കണക്ക് കൂട്ടുവാനും പാടില്ല.
പുറമെ ഇയാൾ സ്വയം ചന്ദ്രനെ ദർശിക്കണം. മറ്റുള്ളവർ ദർശിച്ചതു അംഗീകരിക്കാമെങ്കിൽ കണക്കും മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാം. പിന്നെ സ്വന്തം മഹല്ലിലെ ദർശനത്തെ അവലംബിക്കണം, സംസ്ഥാന അടിസ്ഥാനത്തിൽ അല്ല, കാപ്പാടിലെ ദർശനത്തെ അവലംബിക്കാമെങ്കിൽ അതിലുപരിയായി ഭൂമിയിലെ ആദ്യത്തെ ദർശനത്തെ അവലംബിക്കാം. രണ്ട് മിനുട്ട് മാത്രമുള്ള ചന്ദ്രനെ ദർശിക്കാമെങ്കിൽ രണ്ടു മിനുട്ട് സൂര്യന് മുമ്പായി അസ്തമിച്ച ദർശനവും സ്വീകരിക്കാം. ഇവ തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കാണാൻ സാധിക്കാത്ത ചന്ദ്രനെ രണ്ടു കൂട്ടരും ദർശിക്കുന്നു. രണ്ടു കൂട്ടരും നുണ പറയുന്നു.
സഊദിയിൽ ചന്ദ്രമാസം ഉറപ്പിക്കുന്നത് ദർശനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അവിടെ നോമ്പും പെരുന്നാളും ആകുമ്പോൾ എന്തുകൊണ്ട് അവരുടെ ദർശനത്തെ ഇവിടെ അംഗീകരിക്കുന്നില്ല? കാരണം പറഞ്ഞാൽ ആ കാരണം അടിസ്ഥാനമാക്കി ചർച്ച ചുരുക്കാം. 2017ൽ അവിടെ ചെറിയ പെരുന്നാൾ ആയിട്ടും ഇവിടെ അത് അംഗീകരിച്ചില്ല. ഒരേ ഉദയം ആയിട്ടും.
ചോദ്യം 3: വെള്ളിയാഴ്ച ദിവസം സൂര്യൻ അസ്തമിച്ച രാത്രി 8 മണിക്ക് ഒരു കുട്ടി ജനിച്ചാൽ ഏതു രാത്രിയിൽ കുട്ടി ജനിച്ചു എന്ന് പറയണം?
ഉത്തരം: വെള്ളിയാഴ്ച രാത്രി 8 മണിക്ക് എന്നു പറയണം. ശനിയാഴ്ച രാത്രി എന്നല്ല. ഇതിൽ എന്താണ് തർക്കവിഷയം? ദുൽഹിജ്ജ 9ന് അറഫയിൽ നിൽക്കണം. സുബ്ഹിന്റെ മുമ്പ് നിന്നാലും ദുൽഹിജ്ജ 9ന് അറഫയിൽ നിന്ന് എന്നു പറയും. സുബ്ഹിക്ക് ശേഷം നിന്നാൽ പറയുകയില്ല. നിർബന്ധാവസ്ഥ ഇല്ലാതെ നിന്നാലും പ്രഭാതത്തിന് മുമ്പായാൽ അറഫ ലഭിക്കും. സുന്നത്ത് മഗ്രിബിന്റെ മുമ്പ് നിൽക്കലാണ്. നിർബന്ധാവസ്ഥ കാരണമായി പ്രഭാതത്തിന് ശേഷം നിന്നാൽ അറഫ ലഭിക്കുകയില്ല. മറ്റൊരു ഹജ്ജ് ചെയ്യണം. ബലി അറുത്താൽ മതിയാവുകയില്ല.
ചോദ്യം 4: അസ്വർ നമസ്കാരത്തിന് മധ്യനമസ്കാരം എന്ന് നബി(സ) എന്തുകൊണ്ട് പറഞ്ഞു?
ഉത്തരം: സുബ്ഹ് നമസ്കാരത്തോടുകൂടി നമസ്കാരം ആരംഭിക്കുന്നതിനാൽ ഒരു ദിവസത്തെ നമസ്കാരം ആരംഭിക്കുന്നത് സുബ്ഹ് നമസ്കാരത്തോടുകൂടിയാണ്. മഗ്രിബ് നമസ്കാരത്തോടു കൂടിയല്ല. അസ്വറിനു ശേഷം മഗ്രിബും ഇശാഉം ആ ദിവസത്തിലെ നാലും അഞ്ചും നമസ്കാരങ്ങളാണ്. ഇതിൽ നിന്ന് മറ്റു ചില ആശയങ്ങളും പിടിച്ചെടുക്കാം.
Back to INDEX

021 ഹംഫര്‍ എന്ന ശിയാ ചാരന്‍! - സ്വാലിഹ് നിസാമി പുതുപൊന്നാനി

ഹിജാസ് പരിസരങ്ങളില്‍ വ്യാപകമായി പടര്‍ന്നു കൊണ്ടിരുന്ന അന്ധവിശ്വാസങ്ങളെയും റാഫിദീ സൂഫി പ്രകടനങ്ങളെയും പ്രതിരോധിച്ച് , ശുദ്ധമായ ഇസ്ലാമിക ആദ്ധ്യാത്മികത തിരിച്ചുകൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്ത മഹാ മനുഷ്യനാണ് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് റഹി.
റാഫിദികള്‍ക്ക് വലിയ പ്രഹരമേല്‍പ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മുന്നേറ്റം. അറേബ്യന്‍ ഉപദ്വീപില്‍ അദ്ദേഹത്തിന്‍റെ പ്രസ്ഥാനം വളര്‍ച്ച പ്രാപിക്കുന്നത് , അവിടങ്ങളില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ കരുനീക്കങ്ങള്‍ നടത്തിയിരുന്ന ബ്രിടീഷ്കാര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. തങ്ങളുടെ സഫവിയ്യ സാമ്രാജ്യത്തിന് കനത്ത ഭീഷണിയായിരുന്ന ഉസ്മാനിയ്യ ഖിലാഫത്ത് തകര്‍ക്കാന്‍ പാത്തും പതുങ്ങിയും മുസ്ലിം നാടുകളില്‍ കറങ്ങിയിരുന്ന ശിയാക്കളെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തി. എക്കാലത്തും മുസ്ലിം മുന്നേറ്റങ്ങളെ ഒറ്റുകൊടുത്തും അകത്തു കയറി തുരന്നും നശിപ്പിക്കുന്ന ദീര്‍ഘ കാല ചരിത്ര പാരമ്പര്യം ഉള്ളവരാണ് ശിയാക്കള്‍. ശൈഖിന്‍റെ കാലശേഷം ‘വഹാബി’ വേഷത്തില്‍ ധാരാളം ശിയാക്കള്‍ ആ പ്രസ്ഥാനത്തിനകത്ത് കയറി. പുറമേ, ബ്രിട്ടന്‍ നിയമിച്ച കേവലം ചോറ്റുപട്ടാളങ്ങളും വഹാബി സൈന്യത്തില്‍ ഉണ്ടായിരുന്നു. അവര്‍ ശൈഖിനു ശേഷം ഇസ്വലാഹീ മൂവ്മെന്റിനെ ഗതി തിരിച്ചുവിട്ടു. താമസംവിനാ ശൈഖിനെതിരെയുള്ള ദുരാരോപണങ്ങള്‍ പ്രചരിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍ റാഫിദികള്‍ ശൈഖിനെതിരെ പടച്ചുവിട്ട ഒരു കഥാപാത്രമായിരുന്നു 'ഹംഫര്‍'.
ഉറുദുവിലും ഇംഗ്ലീഷിലും അറബിയിലും പ്രചരിപ്പിച്ച പ്രസ്തുത കള്ളക്കഥയുടെ ഉറുദുവില്‍ നിന്നുള്ള വികല മലയാള പരിഭാഷ 1992ല്‍ സമസ്തയുടെ തീവ്ര ആദര്‍ശവാദികള്‍ പുറത്തിറക്കി, പ്രചരിപ്പിച്ചു. (പരിഭാഷകന്‍ ഇപ്പോള്‍ വഹാബിയാണ്) ‘വഹാബി’സത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ആ ചെറുപ്പ കാലത്ത്, കൂടുതല്‍ പരന്നു വായിക്കാന്‍ മാത്രം പ്രായം ആകാത്ത ആ കാലത്ത്, അതിലെ ഓരോ പരാമര്‍ശങ്ങളെയും അപ്പടി വിശ്വസിച്ചു.
ഡോ കെ ഷൌക്കത്തലി ആ പുസ്തകത്തിനു പിന്നിലെ അന്തര്‍ രഹസ്യങ്ങള്‍ എടുത്തു കാണിക്കുന്ന ഒരു ലഘു അന്വേഷണം ‘ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു, 1996 ല്‍. അത് തത്സമയം തന്നെ വായിച്ചിരുന്നെങ്കിലും, ഷിയാ ഉപജാപങ്ങളെ കുറിച്ച് യാതൊരു അവബോധവും ഇല്ലാത്ത അക്കാലത്ത്, ഷൌക്കത്തലിയുടെ / വഹാബികളുടെ കേവല മറുപടിയായി മാത്രമേ അതിനെ കണ്ടുള്ളൂ.
എന്നല്ല, ഹംഫര്‍ കഥാപാത്രത്തെ ന്യായീകരിക്കാനുള്ള ശ്രമം തന്നെ നടത്തുകയുണ്ടായി. അങ്ങനെയാണ് ‘ഇസ്ലാം നുഴഞ്ഞു കയറ്റ ഭീഷണിയില്‍’ എന്ന എന്‍റെ പുസ്തകത്തില്‍ (1998) ഇത് സംബന്ധമായ ‘സമര്‍ത്ഥന’ സാമര്‍ത്ഥ്യം അന്ന് കാണിച്ചത്. പിന്നെയും മുന്നോട്ടു പോയി. 2000 ത്തില്‍ ‘വഹാബിസത്തിന്റെ ഭീകരമുഖം’ എന്നൊരു വി കൃതിയും പുറത്തുവന്നു.
ഹംഫര്‍ കഥയില്‍ നിന്നും പകര്‍ത്തിയ കുറെ ഭാഗങ്ങള്‍ക്കൊപ്പം, വഹാബിസത്തിനെതിരെ തുര്‍ക്കിയിലെ ‘ഹഖീഖത്ത് കിതാബെവി’ പുറത്തിറക്കിയ പുസ്തകങ്ങളയിരുന്നു മുഖ്യ അവലംബം.
ഈ പുസ്തകത്തിനു ‘സുന്നി’കള്‍ക്കിടയില്‍ നല്ല പ്രചാരം ലഭിച്ചു. പ്രസാധകനും ഗ്രന്ഥകാരനും അറിയാതെ ഏതൊക്കെയോ ‘കള്ളന്മാര്‍’ അതിന്‍റെ വ്യാജ പതിപ്പുകള്‍ അടിച്ചു വിതരണം ചെയ്തു. വഹാബിസത്തിനെതിരെയുള്ള സുന്നികളുടെ ആക്രമണത്തിന്‍റെ ശൈലി തന്നെ മാറ്റുന്നതില്‍ ‘ഭീകരമുഖം’ വഹിച്ച പങ്ക് വലുതായിരുന്നു.
എന്‍റെ സ്പെശ്യലൈസേശന്‍ എന്ന നിലയ്ക്ക് ശൈഖിനെ കുറിച്ചുള്ള വായനയും അന്വേഷണവും തുടര്‍ന്നു. അനുകൂലവും പ്രതികൂലവുമായവ. സത്യമായിട്ടും, അദ്ദേഹത്തിനെതിരെ എന്തെല്ലാം കണ്ടുപിടിക്കാം എന്ന് തന്നെയായിരുന്നു എന്‍റെ വായനയുടെ / അന്വേഷണത്തിന്‍റെ ഗതി.
ഇതിനിടയിലാണ്, ബഹു. അലവി അല്‍ മാലികി യുടെ ശൈഖിനോടുള്ള സമീപനം ശ്രദ്ധയില്‍ പെട്ടത്. കേരളക്കാരില്‍ നിന്നും, സൈനി ദഹ്ലാനില്‍ നിന്നും ഒരുപാട് വ്യത്യസ്തമായ , വൈജ്ഞാനിക സമീപനമായിരുന്നു മാലികിയുടെത്. വിയോജിപ്പുകള്‍ക്കൊപ്പം മാന്യമായ സമീപനം. തറഹ്ഹും ആശംസിക്കുന്നതില്‍ അദ്ദേഹത്തിന് വൈമനസ്യമില്ല. ശൈഖിനെ സ്വന്തം അനുയായികള്‍ വേണ്ടപോലെ മനസ്സിലാക്കിയിട്ടില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
അതിനെത്തുടര്‍ന്ന്, സമസ്ത പ്രസിഡന്റ് കൂടിയായിരുന്ന ബഹു. അസ്ഹരി തങ്ങള്‍ ശൈഖിനെ കുറിച്ചെഴുതിയ വരികള്‍ എന്‍റെ ചിന്തയിലും അന്വേഷണത്തിലും ‘കാറ്റും കോളും’ സൃഷ്ടിച്ചു.
കേരളത്തിലെ വ്യാജ ത്വരീഖത്ത് വിവാദങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കുവാനുള്ള ശ്രമത്തിനിടെ, ചരിത്രത്തില്‍ കടന്നുപോയ ശുദ്ധ സ്വൂഫിസവും കപട സൂഫിസവും വകതിരിച്ചരിയാനുള്ള വായന മുന്നോട്ടു പോയപ്പോള്‍, ശൈഖിന്‍റെ ആദര്‍ശത്തെ കുറിച്ച് വീണ്ടും പഠിക്കണമെന്ന ഘട്ടമുണ്ടായി. ഒരു ശുദ്ധ തസ്വവുഫ് ആയിരുന്നു ശൈഖ് മുന്നോട്ടു വെച്ചത് എന്ന ‘ഉപസംഹാര’ത്തില്‍ എത്താന്‍ അതിടയാക്കി. എങ്കിലും, ഒരുപാട് കാലത്തെ വഹാബി വിരോധം മൂലം, പുതുതായി കടന്നുപോകുന്ന ദിശാഫലകങ്ങളെ വേണ്ടത്ര പിന്തുടരാന്‍ മനസ്സ് സമ്മതിച്ചില്ല.
ശൈഖിനും വഹാബി പ്രസ്ഥാനത്തിനുമെതിരെ അന്ധമായി പ്രചരിപ്പിച്ച ‘രാഷ്ട്രീയ ആരോപണങ്ങള്‍’ എത്രത്തോളം ശരിയാണെന്ന് കൂടി അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷമാകാം എന്ന് മനസ്സിനെ പറഞ്ഞു ധരിപ്പിച്ചു. മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാര്‍ജ ബുക്ക് ഫയറില്‍ നിന്നും താങ്ങി കൊണ്ടുവന്ന പുസ്തകങ്ങളില്‍ പലതും അങ്ങനെയൊരു വായനയ്ക്ക് വേണ്ടിയായിരുന്നു.
കേരളത്തിലെ ഷിയാ സ്പന്ദനങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് തീര്‍ത്തും ആകസ്മികമായാണ് ചെന്നെത്തിയത്. മൂന്നാല് വര്‍ഷത്തെ കഠിന വായനയ്ക്കും കഷ്ടപ്പെട്ട അന്വേഷണത്തിനും ഫലമുണ്ടായി. സ്വൂഫിസം, വഹാബിസം, ഇബ്നു തൈമിയ്യ , കേരള സുന്നി പാരമ്പര്യം, സമസ്ത തുടങ്ങിയ മേഖലകളില്‍ ഒരുപാട് അബദ്ധ ധാരണകള്‍ തിരുത്താന്‍ അത് സഹായകമായി. അനുബന്ധ അന്വേഷണങ്ങള്‍ നാല് ദിക്കിലും പരന്നു.
വഹാബിയും ശിയാക്കളും തമ്മിലുള്ള പോരിന്‍റെ പൊരുള്‍ തിരിച്ചറിഞ്ഞു. ശൈഖിനെ കുറിച്ചും , ഇബ്നു തൈമിയ്യയെ കുറിച്ചും വീണ്ടും വീണ്ടും വായിച്ചു. അവരുടെ സ്വന്തം രചനകളില്‍ ഊന്നിയായിരുന്നു വായന വികസിച്ചത്. സ്വൂഫി ചരിത്രം വായിച്ചു. മുസ്ലിം സമുദായത്തില്‍ വിവിധ കക്ഷികള്‍, മറ്റു കക്ഷികളില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചു വായിച്ചു. സ്വീഫിസത്തെ കുറിച്ചുള്ള വഹാബി ആരോപണങ്ങള്‍ പരിശോധിച്ചു. സമകാലിക വഹാബികളുടെ സകല തീവ്രതയും മൈനസ് ചെയ്തു കണക്കു കൂട്ടിയാലും , അവര്‍ ഉന്നയിക്കുന്ന പല സംഗതികളിലും ഒരമ്പത് ശതമാനം സത്യമില്ലേ എന്ന ചോദ്യം ഉയര്‍ന്നു വന്നു.
അഹ്ലുസ്സുന്നയുടെ പിന്നിട്ട നൂറ്റാണ്ടുകള്‍, ആദര്‍ശത്തില്‍ വന്ന ഗതി മാറ്റങ്ങള്‍, സ്വൂഫി ഷിയാ (ഗുരു ശിഷ്യ) ബന്ധങ്ങള്‍, ഷിയാ പ്രസ്ഥാനത്തിന്‍റെ എക്കാലത്തെയും ‘തഖിയ എന്ന ഒളിപ്പോരു വിദ്യ, അവരിലെ വിവിധ ഉപജാതികളുടെ ഭരണ കാലം, പ്രദേശം, അവിടങ്ങളില്‍ ജീവിച്ച ‘സുന്നി’ ഉലമാക്കള്‍, അഹ്ലുല്‍ ബൈത്ത് കുടുംബങ്ങളുടെ സഞ്ചാരം, വേരുകള്‍, ..അങ്ങനെ വായന പരന്നു.
വഹാബികള്‍ പരിചയപ്പെടുത്തിയ ശൈഖായിരുന്നില്ല യഥാര്‍ഥത്തില്‍ മുഹമ്മദ്.; രാഫിദികളും അവരുടെ സ്രോതസ്സില്‍ നിന്നും സൈനി ദഹ്ലാനും അവരെ അപ്പടി പകര്‍ത്തിയ സമസ്തക്കാരും മനസിലാക്കിയ ശൈഖും ആയിരുന്നില്ല എന്ന കണ്ക്ലൂഷനില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു.
ഏതായാലും, ശൈഖിനെ കുറിച്ചു ശിയാക്കള്‍ പ്രചരിപ്പിച്ച ഒരു മഹാ കള്ളക്കഥയായിരുന്നു ഹംഫര്‍ എന്ന് ബോധ്യമായിരിക്കുന്നു. നാലഞ്ചു ഭാഷകളില്‍ പ്രചരിച്ച പ്രസ്തുത നോവലിന്‍റെ തന്തയില്ലായ്മ മാത്രമല്ല, അതിലെ ശുദ്ധ റാഫിദീ താല്പര്യം എടുത്തു കാണിക്കുന്ന തടിച്ച ഒരു പുസ്തകം എഴുതാന്‍ മാത്രം എന്‍റെ പക്കല്‍ രേഖകള്‍ സമ്പന്നമാണ്. (അരീക്കോടും കോഴിക്കോടും സംഘടിച്ച ഇറാന്‍ വിപ്ലവം തലക്കടിച്ച ചില ‘പുത്തി ജീവികളുടെ ‘സ്നേഹ സമ്മാന’ മായിട്ടായിരിക്കണം ആ ക്ഷുദ്ര കൃതി സുന്നികളുടെ കൈകളില്‍ എത്തുന്നത്. (കാരന്തൂര്‍ ഇരുവരുടെയും മഹല്ലാണ്. എണ്‍പതുകളില്‍ തുടങ്ങിയ അടുപ്പവുമാണ്; ഇപ്പോഴും അത് തുടരുന്നു . മുകള്‍ തട്ടിലേക്ക് ഇല്ലെന്നേ ഉള്ളൂ).
തല്‍ക്കാലം ഇത്രമാത്രം:
ഹംഫര്‍ എന്ന വ്യാജ കഥാപാത്രത്തെയും സൈനീ ദഹ്ലാന്‍ അവര്‍കളുടെ രചനകളെയും കണ്ണടച്ചു വിശ്വസിച്ചുകൊണ്ട്, ‘ഇസ്ലാം നുഴഞ്ഞു കയറ്റ ഭീഷണിയില്‍’, ‘ വഹാബിസത്തിന്റെ ഭീകര മുഖം’ എന്നീ പുസ്തകങ്ങളിലും ഒട്ടധികം ലേഖനങ്ങളിലും , ശൈഖിനെ അപകീര്‍ത്തിപ്പെടുത്തുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ടായിരുന്നു.. അതില്‍ പലതും അര്‍ദ്ധ സത്യങ്ങളും ശുദ്ധ കളവുകളും ആണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഇനിയും അവ ഉദ്ധരിച്ച് / വായിച്ച് തെറ്റിദ്ധരിക്കരുതെന്നും തെറ്റിദ്ധാരണ പരത്തരുതെന്നും ഇതിനാല്‍ അറിയിക്കുന്നു.
അബദ്ധങ്ങള്‍ അല്ലാഹു പൊറുക്കട്ടെ.
ഇമാമുനാ ശാഫിഈ റഹി പറയുകയുണ്ടായി:
ما أوردت الحق أو الحجة على أحد فقبلها مني فهبته واعتقدت مودته , ولا كابرني على الحق أحد ودافع الحجة إلا سقط من عيني ...

സത്യം സ്വീകരിക്കുന്നവരെ എനിക്ക് ഇഷ്ടമാണ്; തെളിവുകളെ ധിക്കാര പൂര്‍വ്വം തള്ളുന്നവരോട് എനിക്കിഷ്ടമില്ല”.
സയ്യിദ്നാ ഉമര്‍(റ) ഉപദേശിച്ചു:
فإن الحق قديم , لا ينقضه شيئ , والرجوع إلى الحق خير من التمادي في الباطل ... واعلم أنه من تزين للناس بغير ما يعلم الله شانه الله ..
“ (
ഇപ്പോഴേ അവിടെക്കെത്തിയിട്ടുള്ളൂവെങ്കിലും) സത്യം പഴയതാണ്. സത്യത്തിലേക്ക് മടങ്ങലാണ് അസത്യത്തില്‍ പിടിച്ചു നില്‍ക്കുന്നതിനേക്കാള്‍ ഉത്തമം.. അറിവിനെ അവഗണിച്ച്, ആളുകളുടെ മുന്നില്‍ ഭംഗി (നല്ലപിള്ള) ചമയുന്നവനെ അല്ലാഹു മുഖം കെടുത്തും”
ബഹു. ഇമാം ഗസാലി (റ) പ്രസ്താവിച്ചു:
" عادة ضعفاء العقول : يعرفون الحق بالرجال لا الرجال بالحق والعاقل يقتدي بقول أمير المؤمنين علي رضي الله عنه حيث قال : لا تعرف الحق بالرجال , بل اعرف الحق تعرف أهله . والعارف العاقل يعرف الحق ثم ينظر في نفس القول فإن كان حقا قبله سواء كان قائله محقا أو مبطلا ,,,
وهذا وهم باطل , وهو غالب على أكثر الخلق , فإذا نسبت الكلام وأسندته إلى قائل حسن فيه اعتقادهم قبلوه وإن كان باطلا , وإن أسندته إلى من ساء فيه اعتقادهم ردوه وإن كان حقا , وهذا غاية الضلال ...
“ദുര്‍ബ്ബല ബുദ്ധികളുടെ പൊതു നിലവാരം ഇത്രയാണ്: അവര്‍ സത്യത്തെ മനസ്സിലാക്കുന്നത് ആളുകളെ നോക്കിയാണ്. അല്ലാതെ സത്യത്തെ തിരിച്ചറിഞ്ഞ് അത് ആളുകളില്‍ ഉണ്ടോന്നു നോക്കുകയല്ല. ബുദ്ധിയുള്ളവന്‍ സയ്യിദ്നാ അലി (റ)ന്‍റെ പ്രസ്ഥാവനയെയാണ് പിന്തുടരുക. അതിങ്ങനെ: “ആളെ നോക്കി സത്യം അയാള്‍ പറയുന്നതാണ് എന്ന് കരുതരുത്; എന്നാല്‍, സത്യം എന്താണെന്ന് ആദ്യമേ മനസ്സിലാക്കുക, അപ്പോള്‍ അത് ഉള്‍ക്കൊള്ളുന്ന ആളുകള്‍ ആരൊക്കെയാണെന്ന് മനസ്സിലായിക്കൊള്ളും.’ അങ്ങനെയാണ് ബുദ്ധിയുള്ള അറിവാളന്‍. സത്യം ആദ്യേ മനസ്സിലാക്കി വെക്കും. എന്നിട്ട് ഒരാള്‍ പറയുന്നത് തൂക്കിനോക്കും. അയാളുടെ വാക്കില്‍ സത്യമുണ്ടെങ്കില്‍ സ്വീകരിക്കും; അത് പറഞ്ഞയാള്‍ പൊതുവേ/ മറ്റു കാര്യങ്ങളില്‍ സത്യവാനോ പിഴച്ചയാളോ ആയിക്കോട്ടെ..”
“ ഇത് അര്‍ത്ഥശൂന്യമായ ഒരു സമീപന രീതിയാണ്: മിക്ക മനുഷ്യരിലും ഈ പൊട്ടത്തരം കാണാം. നല്ലവന്‍ എന്ന് താന്‍ വിശ്വസിക്കുന്ന ഒരാള്‍ പറഞ്ഞ ഒരു സംഗതി ഉദ്ദരിച്ചാല്‍, അത് സത്യവിരുദ്ധമാണെങ്കില്‍ പോലും അപ്പടി വിശ്വസിക്കും. എന്നാല്‍, പിഴച്ചവന്‍ എന്ന് ധരിച്ചുവെച്ചിട്ടുള്ള ഒരാളുടെ വാക്ക് ഉദ്ധരിച്ചാല്‍, അതില്‍ സത്യമുണ്ടെങ്കില്‍ പോലും, തള്ളിക്കളയും; ഇത് പിഴവിന്‍റെ പരകോടി യത്രെ..”
സത്യം ബോധ്യമായാല്‍ , സംഘടനയെ/ പാര്‍ട്ടിയെ രക്ഷപ്പെടുത്താന്‍, അല്ലെങ്കില്‍ അന്നം/തൊഴില്‍/ കീര്‍ത്തി/ സൗഹൃദം നഷ്ടപ്പെടുമെന്ന ഭയത്തില്‍, സത്യം മറച്ചു വെക്കണം എന്ന എല്ലാ ദിക്കില്‍ നിന്നുമുള്ള ഉപദേശങ്ങള്‍ സ്നേഹപൂര്‍വ്വം ധിക്കരിക്കുന്നു. ബോധ്യമായ സത്യം അതാത് സമയം വിളംബരം ചെയ്യുന്ന കാരണത്താല്‍, പഴയ തട്ടകത്തില്‍ നിന്നും എനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ അശ്ലീല ബഹുമതികളും സസന്തോഷം സ്വീകരിക്കുന്നു..
(ലേഖകൻ കാന്തപുരം സമസ്തയിലെ പണ്ഡിതനും ബുദ്ധിജീവിയും രിസാല ലേഖകനുമായിരുന്നു)
"പറയൂ: സത്യം പുലർന്നു. അസത്യം തകർന്നു. അസത്യം എന്നെങ്കിലും തകരുക തന്നെ ചെയ്യും." (വി.ഖു. 17: 81)
Back to INDEX

022 കുറ്റവും ശിക്ഷയും: ഇസ്ലാമിന്റെ സമീപനങ്ങൾ - എ. മുഹമ്മദ്, മാറഞ്ചേരി

മനുഷ്യൻ സാമൂഹ്യ ജീവികളാണ് മനുഷ്യരുടെ സമീപനങ്ങളും ഇടപെടലുകളും സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്നുണ്ട്. ചലനങ്ങളിലെ വ്യതിയാനങ്ങൾ അധർമ്മങ്ങളും അക്രമണങ്ങളും ക്രൂരതകളും കുറ്റങ്ങളുമായി ഭവിക്കുകയും ചെയ്യുന്നുമുണ്ട്. അത് സമൂഹങ്ങളുടെ ഭദ്രതക്കും, സുരക്ഷിതത്വത്തിനും ഭീഷണിയാകുന്നതുമാണ്. അപ്പോൾ സമൂഹം തന്നെ സംവിധാനിച്ച നിയമനടപടികൾക്ക് കുറ്റവാളികൾ വിധേയരായിത്തീരുന്നു. അഥവാ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നു. ഇങ്ങനെ ലോകത്ത് വിവിധ നാടുകളിലും സമൂഹങ്ങളിലും ശിക്ഷാസമ്പ്രദായം നിലനിൽക്കുന്നു.
എന്നാൽ ഇസ്ലാം സംവിധാനിച്ച ശിക്ഷാ സമ്പ്രദായം പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമാകാറുണ്ട്. മോഷ്ടാവിന്റെ കൈവെട്ടുക, വ്യഭിചാരിയെ എറിഞ്ഞുകൊല്ലുക, അല്ലെങ്കിൽ ചാട്ടവാർ കൊണ്ട് അടിക്കുക എന്നിങ്ങനെയുള്ള ശിക്ഷകൾ ക്രൂരമാണെന്നും പ്രാകൃതമെന്നൊന്നും പറഞ്ഞുകൊണ്ട് ഇസ്ലാമിനെ വിമർശിക്കാറുണ്ട്. സഊദി അറേബ്യ നടപ്പാക്കുന്ന പരസ്യമായ ശിക്ഷകൾ ചിരിപ്പിച്ചുകൊണ്ട് അപഹസിക്കാറുണ്ട്. എന്നാൽ ചൈനയിൽ നടപ്പിലാക്കുന്ന ശിക്ഷ സഊദിയേക്കാൾ കടുത്തതാണ്. മയക്കുമരുന്ന് പിടിച്ചാൽ ചൈനയിൽ തലവെട്ടുകയാണ്. അല്ലെങ്കിൽ വെടിവെച്ചു കൊല്ലുകയാണ്. മോഷ്ടാക്കൾക്കു പോലും ജീവൻ തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ചൈന ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതൊന്നും മാധ്യമങ്ങൾക്കോ വിമർശകർക്കോ വിഷയമാകാറില്ല.
കൈവെട്ട് ശിക്ഷ
ഇസ്ലാം ശിക്ഷ നടപ്പാക്കുമ്പോൾ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും ശാസ്ത്രീയമാണ്. കുറ്റവാളികളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്തതിനു ശേഷമാണ് ശിക്ഷാ സമ്പ്രദായം നടപ്പിലാക്കുന്നത്. എന്നു പറഞ്ഞാൽ തെറ്റു ചെയ്യുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവരുതെന്ന് ഇസ്ലാം നിഷ്ക്കർഷിക്കുന്നുവെന്നല്ലേ. ഒരു ഉദാഹരണം നമുക്ക് ശ്രദ്ധിക്കാം. മോഷണം കുറ്റമാണ്. അതിന് ശിക്ഷ കൈവെട്ടലുമാണ്. എന്നാൽ പട്ടിണി കൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തിൽ ഒരാൾ ഭക്ഷണം മോഷ്ടിച്ചാൽ അവന്റെ കൈവെട്ടാൻ നിയമമില്ല. അതുകൊണ്ട് ഇസ്ലാം പട്ടിണി ഇല്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കുവാൻ നിർബന്ധമായ സക്കാത്തും ഐഛികമായ സദഖയും സമൂഹത്തിൽ ഏർപ്പെടുത്തി. സക്കാത്തിലൂടെ സ്വയം പര്യാപ്തി നേടിയ സമൂഹത്തിൽ മോഷണം നടന്നാൽ ശിക്ഷ വിധിച്ചിട്ടുമുണ്ട്. അവിടെ ശിക്ഷ അനിവാര്യമാണ്. ഐഹികാഢംബരങ്ങളിൽ ആർത്തി പൂണ്ട് അന്യന്റെ ധനം മോഷ്ടിക്കുമ്പോൾ ശിക്ഷ വിധിക്കുന്നത് സമൂഹത്തിന്റെ സുരക്ഷക്കും ഭദ്രതക്കും ആവശ്യമാണ്. ഇസ്ലാം ശിക്ഷാ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളത് സമൂഹത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും കെട്ടുറപ്പിനും വേണ്ടിയാണ്.
ശിക്ഷിക്കുവാനുള്ള അധികാരം കോടതികൾക്കു മാത്രമാണ്. ആൾക്കൂട്ടങ്ങൾ നടപ്പിലാക്കുന്ന ശിക്ഷ ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അത് മറ്റൊരു സാമൂഹ്യ പ്രശ്നമായി മാറുന്നതാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മധുവെന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മോഷണത്തിന്റെ പേരിൽ ശിക്ഷിച്ചു. മധു കൊല്ലപ്പെട്ടു. വിശപ്പാണ് മധുവിനെ മോഷ്ടാവാക്കിയത്. കോടികൾ ചെലവഴിക്കുന്ന ആദിവാസി ഊരുകൾ ഇന്നും പട്ടിണിയിലാണ്. ഉത്തരവാദികൾ ആരാണെന്ന് സർക്കാറുകൾ അന്വേഷിക്കട്ടെ! വിശപ്പു കൊണ്ട് മോഷ്ടിച്ചവൻ കൊല്ലപ്പെടുമ്പോൾ കോടികളുമായി മുങ്ങുന്ന വമ്പൻ കള്ളന്മാർ രക്ഷപ്പെടുകയും സുഖമായി ജീവിക്കുകയും ചെയ്യുന്നു! വ്യവസ്ഥയുടെ തകരാറാണെന്ന് വിമർശിക്കുന്നവരുണ്ട്. ഇവിടെ വ്യവസ്ഥിതിയല്ല മാറേണ്ടത് മനസ്ഥിതിയാണ്.
എറിഞ്ഞുകൊല്ലൽ
വ്യഭിചാരികളെ ശിക്ഷിക്കുവാൻ ഇസ്ലാം നിഷ്ക്കർഷിക്കുന്നുണ്ട്. ഈ ശിക്ഷാ സമ്പ്രദായം ഏർപ്പെടുത്തുന്നതിന് മുമ്പു തന്നെ ഇസ്ലാം അതിന്റെ സാഹചര്യങ്ങൾ ഇല്ലാതാക്കാനുള്ള മുൻകരുതലുകൾ ഏർപ്പെടുത്തുവാൻ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യഭിചാരം വർദ്ധിക്കുന്നത് സ്ത്രീ-പുരുഷ ഇടപഴകലുകളുടെ സാഹചര്യങ്ങളിലൂടെയാണ്. അന്യപുരുഷനും സ്ത്രീയും ഒറ്റക്ക് ഒരിടത്ത് ഇരിക്കരുതെന്ന ശാസന റസൂൽ(സ) പ്രഖ്യാപിച്ചിട്ടുണ്ട്. അന്യ സ്ത്രീപുരുഷ സംഗമം വ്യഭിചാരത്തിലേക്ക് എത്തുവാൻ കൂടുതൽ സാധ്യതയുള്ളതാണ്. അതുകൊണ്ടാണ് നിരോധനം വന്നത്. അതുപോലെ തന്നെ സ്ത്രീ സൗന്ദര്യ പ്രദർശനങ്ങളും പുരുഷ നഗ്ന കാഴ്ചകളും അവസാനമെത്തുന്നത് വ്യഭിചാരത്തിലേക്കാണ്. അതുകൊണ്ട് വസ്ത്രം ധരിച്ചാലും മേൽതട്ടം മാറിടത്തിലേക്ക് പ്രത്യേകമായി താഴ്ത്തിയിടണമെന്ന് സ്ത്രീയോടും പുരുഷനും സ്ത്രീയും പരസ്പരം കാണുമ്പോൾ കണ്ണുകൾ താഴ്ത്തണമെന്നും ഇസ്ലാം നിഷ്ക്കർഷിക്കുന്നുണ്ട്. സ്ത്രീകൾ മുഖവും മുൻകൈകളുമൊഴികെ മറക്കണമെന്നും പുരുഷന്മാർ മുട്ടുൾപ്പെടെ മറയുന്ന വസ്ത്രങ്ങളാണ് ധരിക്കേണ്ടത് എന്നും നിർബന്ധമാക്കുകയും ചെയ്തു.
ചുരുക്കത്തിൽ സ്ത്രീകളും പുരുഷന്മാരും സൗന്ദര്യം പ്രകടിപ്പിക്കേണ്ടത് അവരുടെ ഇണകളുമായിട്ടാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഈ നിയമം ഇന്ന് വ്യാപകമായി ലംഘിക്കപ്പെടുകയാണ്. സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്ന വിലക്കും ഇസ്ലാം വെച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ത്രീ സൗന്ദര്യം ഇന്നൊരു കച്ചവട ബ്രാന്റാണ്. കൊച്ചു പെൺകുട്ടികൾ മുതൽ മുത്തശ്ശിമാർ വരെ വ്യാപാരികളുടെ സാമ്പത്തിക ചൂഷണത്തിന് പ്രദർശന വസ്തുക്കളാണ്. സ്ത്രീകളുടെ വസ്ത്രധാരണാ രീതികളും ഇടപെടലുകളും പരിധികൾ കടന്നതാണ്. അതുകൊണ്ടു തന്നെ പുരുഷന്റെ കയ്യേറ്റങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്നു. 'സോഷ്യൽ മീഡിയ'യെന്ന ചതിക്കുഴികളിൽ കുട്ടികൾ പെട്ടുപോകുന്നു. വാട്ട്സ്ആപ്പും, ഫെയ്സ്ബുക്കും, നെറ്റുമെല്ലാം സ്ത്രീകളുടെ ബലഹീനതയായി മാറുമ്പോൾ അവിടെ പുരുഷന്റെ ക്യാമറക്കണ്ണുകൾ വ്യഭിചാര'ലൈവായി'ത്തീരുന്നു. വീടുവിട്ട് ഇറങ്ങുന്ന പെൺകുട്ടികൾ എത്തിപ്പെടുന്നത് വ്യഭിചാര ശാലകളിലേക്കാണ്. ഇവിടെ കോടതിയും നിയമവും ഉണ്ട്. പക്ഷേ, അങ്ങോട്ട് അധികവും എത്താറില്ല. ഇവിടെ ശിക്ഷാ സമ്പ്രദായം പരാജയപ്പെടുന്നു. കാരണം സാഹചര്യങ്ങളാണ് ഈ അധർമ്മം ഇല്ലായ്മ ചെയ്യുവാൻ കുറെ നിയമങ്ങൾ പാസ്സാക്കിയത് കൊണ്ട് കഴിയുകയില്ല. സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യണം. ഇസ്ലാം അതാണ് ആവശ്യപ്പെടുന്നത്. എല്ലാവിധ സൗന്ദര്യപ്രദർശനങ്ങളും നിരോധിക്കുക, സ്ത്രീപുരുഷ കടമകളും കടപ്പാടുകളും നിർവ്വഹിക്കപ്പെടാവുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുക. എങ്കിൽ വ്യഭിചാരം ഇല്ലായ്മ ചെയ്യാൻ കഴിയും. വൻകിട നഗരങ്ങളിലെ സ്റ്റാർ ഹോട്ടലുകളിലും മറ്റും വ്യഭിചാരത്തിന് സൗകര്യമൊരുക്കുന്ന രീതികളുണ്ട്. അതും നൃത്തനൃത്ത്യങ്ങളും നിരോധിക്കുക. അതുകൊണ്ടാണ് ഇസ്ലാം ഇതെല്ലാം നിരോധിച്ചത്. മാത്രമല്ല, പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചു കൊടുക്കണമെന്ന നിർദ്ദേശവും ഇസ്ലാം മുന്നോട്ടു വെക്കുന്നു. മേൽപറഞ്ഞ സാഹചര്യങ്ങളെയെല്ലാം മറികടന്ന് വ്യഭിചരിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കവാനേ ഇസ്ലാം കൽപിക്കുന്നുള്ളൂ.
വ്യാജാരോപണങ്ങൾ
സമൂഹത്തിൽ ഏറ്റവുമധികം കണ്ടുവരുന്നതാണ് ദുരാരോപണങ്ങൾ. വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശിക്ഷിക്കുവാൻ ഖുർആൻ നിയമം കൊണ്ടുവന്നിട്ടുണ്ട്. സദ്വൃത്തരുടെ പേരിൽ വ്യഭിചാരാരോപണം ഉന്നയിക്കുന്നവർ നാലു സാക്ഷികളെ ഹാജരാക്കണമെന്ന് നിയമത്തിൽ പറയുന്നു. ഹാജരാക്കാതിരിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ ആരോപണം കൊണ്ടുവന്നവരെ എൺപത് അടി അടിച്ചു കൊണ്ടു ശിക്ഷിക്കണമെന്നും ഖുർആൻ നിഷ്ക്കർഷിക്കുന്നു. ആർക്കും ആരെയും എപ്പോഴും എന്തും പറയുവാനോ ആരോപണങ്ങൾ ഉന്നയിക്കുവാനോ അവകാശമില്ല. അതുകൊണ്ടാണ് ആരോപണം ഉന്നയിക്കുന്നവരെയും ശിക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്തിയത്. സമൂഹത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കുന്നതാണ് ദുരാരോപണങ്ങൾ. അതിന്ന് സാക്ഷികളെ സത്യസന്ധമായി കൊണ്ടുവരാൻ കഴിയില്ല. ഇസ്ലാമിലെ ശിക്ഷാ സമ്പ്രദായം വ്യക്തിയുടെ സുരക്ഷക്ക് മാത്രമല്ല; സമൂഹത്തിന്റെ ഭദ്രതക്കും ആവശ്യമാണ്.
കലാപങ്ങൾ, അക്രമങ്ങൾ
അക്രമങ്ങളും കലാപങ്ങളും നാടുകളിൽ അഴിച്ചുവിട്ട് സമാധാനം നഷ്ടപ്പെടുത്തുന്നവരെ (കൊലപാതകങ്ങൾ വരെ നടത്തുന്ന) ശിക്ഷിക്കണമെന്ന് ഇസ്ലാം കൽപിക്കുന്നു. വധശിക്ഷ തന്നെ ഇവർക്ക് നൽകേണ്ടി വരുന്നു. രാജ്യത്ത് സാമാധാനന്തരീക്ഷം തകർക്കുന്നവരെ ശിക്ഷിക്കുവാൻ ഭരണകൂടം മുന്നോട്ട് വരാതിരിക്കുമ്പോൾ അരാജകത്വം ഉണ്ടാകും. അത് ആഭ്യന്തര കലാപങ്ങളായി മാറും. അതില്ലാതിരിക്കുവാനാണ് ശിക്ഷാ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുള്ളത്.
ശിക്ഷയുടെ രൂപങ്ങൾ
ശിക്ഷകൾ മൂന്നു തരത്തിലാണ് (ഒന്ന്). ക്വിസാസ്. (രണ്ട്) ഹദ്ദ്. (മൂന്ന്) തഅ്സീർ.
ക്വിസാസ്: തുല്യശിക്ഷ അല്ലെങ്കിൽ പ്രതിക്രിയ എന്നതാണ്. ഒരു മനുഷ്യനെ അന്യായമായി വധിച്ചാൽ അതിന് ശിക്ഷ പ്രതിക്രിയ എന്ന നിലയിൽ ഘാതകനെ വധിക്കലാണ്. കൊലപാതകികളെ കയറൂരിവിടുന്നതിനോട് ഒരാളും യോജിക്കുകയില്ല. സമൂഹത്തിന്റെ ഭദ്രതക്ക് ശിക്ഷാസമ്പ്രദായം അനിവാര്യമാണെന്ന് ഇന്നത്തെ ദുരവസ്ഥകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
മനഃപ്പൂർവ്വമല്ലാതെ വന്നുപോയ കൊലക്ക് പ്രായശ്ചിത്തമുണ്ട്. വധിക്കപ്പെട്ടവരുടെ അവകാശികൾക്ക് പ്രായശ്ചിത്തമായി നഷ്ടപരിഹാരം വാങ്ങി മോചനം നേടാം. അവകാശികൾക്ക് മോചനദ്രവ്യം സ്വീകരിക്കാതെ ഉദാരത കാണിച്ചുകൊണ്ട് ശിക്ഷയിൽ നിന്നും മോചിപ്പിക്കാം. ഇത് ഇസ്ലാം നൽകിയ വലിയൊരു ആശ്വാസമാണ്. അബദ്ധത്താൽ സംഭവിച്ചതാണെന്ന് കോടതിക്ക് ബോധ്യമായാൽ പരിഹാരമാർഗ്ഗങ്ങളും ഇസ്ലാം സംവിധാനിച്ചിട്ടുണ്ട്.
ഹദ്ദ് (നിർണിത ശിക്ഷ): വ്യഭിചാരം, വ്യഭിചാരാരോപണം, മോഷണം, കലാപം എന്നിവയ്ക്കാണ് ഹദ്ദ് ഏർപ്പെടുത്തിയിട്ടുള്ളത്. വ്യഭിചാരികൾക്ക് അടിയാണ് ശിക്ഷ. വിവാഹിതരാണെങ്കിൽ എറിഞ്ഞുകൊല്ലണമെന്നാണ് പറയുന്നത്. ദുരാരോപണം നടത്തിയവർക്കുള്ള ശിക്ഷ മുമ്പു സൂചിപ്പിച്ചിട്ടുണ്ട്. മോഷണം നടത്തിയവർക്കുള്ള ശിക്ഷയെക്കുറിച്ചും പ്രതിപാദിച്ചതാണ്.
വ്യഭിചാരകുറ്റം തെളിയിക്കുവാൻ നാലു സാക്ഷികൾ വേണം.
തഅ്സീർ: ഭരണാധികാരികളും കോടതികളും തീരുമാനിക്കുന്ന ശിക്ഷകൾ തഅ്സീരിൽ ഉൾപ്പെടുന്നു. ഒരു പീനൽ കോഡ് പ്രവാചകൻ നിർദ്ദേശിച്ചിട്ടില്ല. പല കാലഘട്ടങ്ങളിലും കുറ്റങ്ങൾ വ്യത്യസ്തമാണ്. സാഹചര്യങ്ങൾ വിഭിന്നമാണ്. കാരണങ്ങൾ വിവിധങ്ങളാണ്. അതുകൊണ്ട് തന്നെ കുറ്റങ്ങളുടെ ഗൗരവം മനസ്സിലാക്കി പഠിച്ചുകൊണ്ട് വിധി പറയാൻ ജഡ്ജിമാർക്ക് അനുമതി നൽകിയിരിക്കുന്നു. അത് തഅ്സീർ എന്ന ഇനത്തിൽ ഉൾപ്പെടുന്നു. ഇസ്ലാം എല്ലാ കാലഘട്ടങ്ങൾക്കും പ്രായോഗികമായ മതമാണ്. അതുകൊണ്ടുതന്നെ ശിക്ഷ വിധിക്കുവാനുമുള്ള സ്വാതന്ത്ര്യം ജഡ്ജിമാർക്ക് തഅ്സീറിലൂടെ നൽകിയിരിക്കുകയാണ്. അവർ നീതിയോടെ അത് നടപ്പിലാക്കണം.
ഇസ്ലാം നിഷ്ക്കർഷിക്കുന്ന നിർദ്ദേശങ്ങളുണ്ട്. ഒന്ന് സാക്ഷികൾ വേണം. സത്യസന്ധരായിരിക്കണം. സാക്ഷി പറയാൻ സന്നദ്ധരുമായിരിക്കണം. കാരണം നിരപരാധികൾ ശിക്ഷിക്കപ്പെടരുത്. രണ്ട്. നീതിയലധിഷ്ഠിതമായിരിക്കണം. വ്യക്തി, സംഘടന, മതം, രാഷ്ട്രീയം, പ്രാദേശികത, ദേശീയം ഇതൊന്നും വിധിയെ സ്വാധീനിക്കരുതെന്ന് ഇസ്ലാം കർശനമായി പഠിപ്പിക്കുന്നു. "എന്റെ മകൾ മോഷ്ടിച്ചാലും ഞാൻ അവളുടെ കൈവെട്ടും" എന്നു പഠിപ്പിച്ചത് റസൂലാണ്.
ശിക്ഷയെക്കുറിച്ച് ഇസ്ലാമിന്റെ നിലപാടുകൾ വിലയിരുത്തുമ്പോഴും നിരീക്ഷിക്കുമ്പോഴും പഠനവിധേയമാകുമ്പോഴും ന മുക്ക് ഗ്രഹിക്കുവാൻ കഴിയുന്നത് മനുഷ്യരുടെ ഭദ്രതയും സുരക്ഷയുമാണ്. അതിന് ഭംഗം വരുത്തുന്നവരെ ശിക്ഷിക്കുവാനാണ് ഇസ്ലാം നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ നാടുകളിൽ കാണുന്ന 'സദാചാര പോലീസുകാരുടെ' റോൾ ഇസ്ലാം അംഗീകരിക്കുന്നില്ല. ആൾക്കൂട്ടങ്ങൾ നടപ്പിലാക്കുന്ന ശിക്ഷയെ ഇസ്ലാം നിരോധിക്കുന്നു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കുന്നില്ല.
മനുഷ്യരുടെ സ്വത്തിനും ജീവനും സുരക്ഷക്കുവേണ്ടിയാണ് ഇസ്ലാം ശിക്ഷാ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. ആഴത്തിൽ പഠിച്ചാൽ നമുക്കിത് ബോധ്യമാകും.
Back to INDEX

023 ആനക്കാര്യമായി മാറുന്ന വേഷക്കാര്യം - അലി മൂർക്കനാട്

ഞാൻ എന്റെ സ്നേഹിതന്റെ കൂടെ ഞങ്ങളുടെ നാട്ടിലേക്കു ഒരു ഖത്തീബിനെ അന്വേഷിച്ചു യാത്ര പുറപ്പെട്ടു. കൊച്ചു ഗ്രാമത്തിലൂടെ ഇടവഴികൾ താണ്ടി ഒരു പണ്ഡിതന്റെ വീട്ടിലെത്തി. എന്റെ സ്നേഹിതൻ ഒന്നു ഞെട്ടി. അദ്ദേഹം ഭാവനയിൽ കണ്ട വേഷം ആ പണ്ഡിതനുണ്ടായിരുന്നില്ല. ആഴത്തിലുള്ള അറിവ്, ഭക്തി, വിനയം - ഇതെല്ലാം ഒത്തിണങ്ങിയ ആ യുവാവ് നല്ല ഒരു സംഘടനാ പ്രവർത്തകനായിരുന്നു. പക്ഷേ, ഞങ്ങളുടെ കമ്മിറ്റിയിൽപെട്ട ചില വ്യക്തികളോടു അദ്ദേഹത്തെ ഖത്തീബായി നിശ്ചയിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോൾ അവരുടെയെല്ലാം ചോദ്യം ഇങ്ങനെയായിരുന്നു. "അല്ലാ, കാണാൻ എങ്ങനെയുണ്ട്." പൊതുവായി സ്ത്രീകളും പുരുഷന്മാരും സ്വീകരിക്കേണ്ട വേഷം എങ്ങനെയായിരിക്കണമെന്നതിനു ഇസ്ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. അത്തരം നിയമങ്ങൾ ഈ ഖത്തീബ് പാലിക്കുന്നുണ്ടോ എന്ന് ചോദ്യകർത്താക്കൾ ഉദ്ദേശിക്കുന്നില്ല.
പ്രകടമായ വ്യക്തിത്വത്തിന്റെ അടയാളങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ചോദ്യത്തിനു പിന്നിലുള്ളതെങ്കിൽ പ്രശ്നമില്ല. സമൂഹത്തെ നയിക്കേണ്ട വ്യക്തിക്കു ശാരീരികവും മാനസികവുമായ കഴിവും യോഗ്യതയും വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. താടിയും തലപ്പാവും ധരിച്ചു നീളക്കുപ്പായവുമിട്ടു, ആരോടും സംസാരിക്കാതെ പള്ളി മൂലയിലിരുന്നു ഭക്തി പ്രകടിപ്പിക്കുന്ന ഒരു മത നേതാവിനെയാണ് ഇന്ന് സമൂഹം ആവശ്യപ്പെടുന്നത്. അവരെ പഴിച്ചിട്ടു കാര്യമില്ല, ചില അറബികളുടെ വേഷമാണ് മുസ്ലിം വേഷമായി കണക്കാക്കിപ്പോരുന്നത്.
ഖത്തീബിനെയും ഇമാമിനെയും നിശ്ചയിക്കുന്നതിൽ പരിമിതമാണ് ഈ വേഷക്കാര്യമെങ്കിൽ സമാധാനിക്കാമായിരുന്നു. താൻ ഉദ്ദേശിക്കാത്ത വേഷം സ്വീകരിച്ചവനെ കാഫിറായി ചിത്രീകരിക്കുവാനും ഇസ്ലാമിക സമൂഹത്തിൽ നിന്നു അവനെ അകറ്റി നിർത്തുവാനും ചിലർ ശ്രമിക്കുന്നു. ഈ തലതിരിഞ്ഞ ചിന്തയുള്ളവർ വിരളമാണെങ്കിലും അവരുടെ വേഷ വിഷയം മുസ്ലിം സമൂഹത്തിൽ സ്വീകാര്യത നേടിക്കഴിഞ്ഞു.
താടിയും തലപ്പാവും മാത്രമല്ല ഇസ്ലാമിലെ എല്ലാ സുന്നത്തുകളും നിർബന്ധമാക്കുവാൻ ഇവർക്കു തെളിവുകളുടെ ആവശ്യമില്ല. ഒരു സുന്നത്തിനെ നിർബന്ധമാക്കുവാൻ പ്രവാചകന്മാർക്കുപോലും അധികാരമില്ലെന്ന ഇസ്ലാമിക നിയമം ഇവർ കാറ്റിൽ പറത്തുന്നു.
താടിയും തലപ്പാവും ഇസ്ലാമിൽ സുന്നത്ത് ആയാലും അല്ലെങ്കിലും അതനുസരിച്ചാണു മുസൽമാന്റെ ഭക്തിക്കു മാർക്കിടുന്നതെങ്കിൽ സഹോദരാ നിനക്കു തെറ്റുപറ്റി. താടിയിലാണോ ഇസ്ലാം എന്ന നിഷേധ രൂപത്തിൽ പുസ്തകമെഴുതി താടിയിലും കോലത്തിലുമാണ് ഇസ്ലാം എന്നു സമർത്ഥിക്കുന്ന പൗരോഹിത്യ കൃതികൾ നമ്മുടെ നാട്ടിൽ സുലഭമാണെങ്കിലും അതിലൊന്നുമല്ല ഭക്തി കുടികൊള്ളുന്നതെന്ന് മനസ്സിലാക്കാൻ മരണാനന്തര ജീവിതം നമ്മെ കാത്തിരിക്കുന്നു. താടിയും തലപ്പാവും അണിഞ്ഞു ദുഷ്കൃത്യം ചെയ്ത ചിലർ നരകത്തിൽ കിടന്നു പിടയുമ്പോൾ വേഷഭൂഷാദികളില്ലെങ്കിലും സൽക്കർമ്മം ചെയ്തു സ്വർഗ്ഗത്തിൽ ഉല്ലസിക്കുന്ന ജനകോടികളെ കാണാൻ സാധിക്കുന്ന ഒരു ലോകം വരാനുണ്ട്. ഈ ബോധം ഇവർക്കുണ്ടായിരുന്നെങ്കിൽ കുഫ്റിന്റെ ചായം പുരട്ടുവാൻ വരുന്നതിന് മുമ്പ് താഴെ പറയുന്ന ഖുർആൻ വാക്യങ്ങൾ ഇവർ പരിശോധിക്കുമായിരുന്നു. "അവർ പറഞ്ഞു. ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നുവല്ലോ." (വി.ഖു. 25: 7)
"തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോടു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയോടിക്കരുത്. അവരുടെ കണക്കു നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്റെ കണക്കു നോക്കേണ്ട യാതൊരു ബാധ്യതയും അവർക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടി അകറ്റുക. അങ്ങനെ അവരെ ആട്ടി അകറ്റുകയാണെങ്കിൽ നീ അക്രമികളിൽ പെട്ടവനായിരിക്കും." (അൻആം 52)
"വല്ലവനും നന്മ ചെയ്തുകൊണ്ട് തന്റെ ശരീരത്തെ അല്ലാഹുവിന് സമർപ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടിക്കയറിൽ തന്നെയാണ് അവൻ പിടിച്ചിരിക്കുന്നത്. അല്ലാഹുവിലേക്കാണ് കാര്യങ്ങളുടെ മടക്കം." (വി.ഖു. 31: 22)
എല്ലാ പ്രവാചകന്മാരും താടി വെച്ചവരായിരുന്നു എന്നു വാദിക്കുന്നവർ ഹാറൂൻ നബിയുടെ താടിയാണു തെളിവാക്കാറുള്ളത്.
"എന്റെ സഹോദരൻ ഹാറൂൻ, എന്നെക്കാൾ വ്യക്തമായി സംസാരിക്കാൻ കഴിവുള്ളവനാകുന്നു. അതുകൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അദ്ദേഹത്തെ നിയോഗിക്കേണമേ." (സൂറത്ത് ഖസ്വസ് 34). വ്യക്തവും ശുദ്ധവുമായ ഭാഷയിൽ ആശയ വിനിമയം നടത്തി ജനഹൃദയങ്ങളെ കവർന്നെടുക്കുന്ന, പ്രാപ്തനായ, പ്രബോധകനെയാണ് ഇസ്ലാമിന് ആവശ്യമെന്നു ഈ സൂക്തം നമ്മെ ബോധ്യപ്പെടുത്തുന്നു. വേഷം കൊണ്ട് അലംകൃതമായ ഒരുവനെക്കാൾ പ്രധാനം. വിജ്ഞാനം കൊണ്ടു പ്രശോഭിക്കുന്നവനാണെന്നു ആർക്കാണറിഞ്ഞു കൂടാത്തത്? ചിലരുടെ മനസ്സിൽ നിന്ന് പൗരോഹിത്യവേഷ ബഹുമാനം ഇപ്പോഴും നീങ്ങിയിട്ടില്ല.
തൗഹീദി വിഷയത്തിൽ ഹാറൂൻ(അ) വേണ്ടത്ര ജാഗ്രത കാണിച്ചില്ലേ എന്ന സംശയം ഉണ്ടായപ്പോൾ താടി പിടിച്ചു വലിച്ചു എന്ന് പറഞ്ഞാൽ അതിനർത്ഥം ശിർക്കോ തിന്മയോ കണ്ടാൽ അയാളുടെ താടിക്കു ഒട്ടും പവിത്രതയില്ലെന്നല്ലേ മനസ്സിലാകുന്നത്. (ഹാറൂൻ നബിക്കു അശ്രദ്ധ ഉണ്ടായിട്ടില്ല.) നമ്മുടെ നാട്ടിൽ താടിയിലും മറ്റു സുന്നത്തുകളിലും കണിശത പുലർത്തുന്ന ചിലർക്കു ഇസ്ലാമിന്റെ മൗലിക വിഷയങ്ങളിൽ ഒട്ടും താൽപര്യമില്ല. എല്ലാ പ്രവാചകന്മാരും താടിക്കാരായിരുന്നു എന്ന് ഒരു തെളിവുമില്ലാതെ പ്രചരിപ്പിക്കുന്ന ഇവർക്ക് പ്രവാചകന്മാരുടെ തൗഹീദി കണിശത പ്രശ്നമേ ആകുന്നില്ല. ആരാധനയുടെ മജ്ജയായ പ്രാർത്ഥന മലക്കുകളോടോ ജിന്നുകളോടോ മറ്റു സൃഷ്ടികളോടോ ആയാലും നല്ല താടിയും തൊപ്പിയുമുണ്ടായാൽ അവൻ ഇമാമത്തിനും ഖുതുബക്കും ഒന്നാം തരം! (അവന് അറബി ഭാഷയോ ഖുർആനോ അറിഞ്ഞില്ലെങ്കിലും പ്രശ്നമില്ല). ഇസ്ലാം ഒട്ടും പ്രാധാന്യം കൽപിക്കാത്തവയെ വാരിപ്പുണരുന്ന ഇവരുടെ ന്യായവാദങ്ങൾ രസാവഹമത്രെ.
"വേദഗ്രന്ഥത്തിലെ ചിലതിൽ വിശ്വസിക്കുകയും ചിലതിൽ അവിശ്വസിക്കുകയുമാണോ നിങ്ങൾ ചെയ്യുന്നത്." ഈ ഖുർആൻ വാക്യമാണ് അവർ ഉദ്ധരിക്കാറുള്ളത്. വേദഗ്രന്ഥവും അതിൽ ഉടനീളം പ്രതിപാദിച്ച ഏക ദൈവ ദർശനവും കാറ്റിൽ പറത്തിയിട്ടാണ് ഈ ആയത്ത് സത്യവിശ്വാസികൾക്കു നേരെ പ്രയോഗിക്കുന്നതെന്നോർക്കണം. നബി(സ)യും സ്വഹാബികളും പഠിപ്പിക്കാത്ത ആചാര തീവ്രതാധിഷ്ഠിത ചിന്ത ഇന്നു കേരള മുസ്ലിംകളെപ്പോലും കീഴ്പ്പെടുത്തുമ്പോൾ അന്ധമായ അനുകരണത്തിന്റെ തിക്ത ഫലം നാം അനുഭവിച്ചു തുടങ്ങി എന്നു വേണം മനസ്സിലാക്കാൻ.
പരിശുദ്ധരാണെന്നു സ്വയം അവകാശപ്പെടുന്ന ചിലർ എപ്പോഴും ദന്തശുദ്ധീകരണം നടത്തുന്നു, നമസ്കാരത്തിൽ കാലിൽ ചവിട്ടി നിൽക്കുന്നു. പത്രം വായനയിൽ നിന്നു പോലും ജനങ്ങളെ വിലക്കുന്നു. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾ മഹ്റം അല്ലെങ്കിൽ പരസ്പരം കാണാൻ പാടില്ലെന്നു ശാഠ്യം പിടിക്കുന്നു. പാലിയേറ്റീവ് പോലെയുള്ള ബഹുമത പങ്കാളിത്വമുള്ള സാമൂഹിക സേവന മേഖലകളിൽ നിന്നു മാറിനിൽക്കുന്നു. സംഘടിത സക്കാത്തിനു തുരങ്കം വെക്കുന്നവരുമുണ്ട്. ഭൗതിക വിദ്യ അഭ്യസിക്കുന്നതു പോലും ശരിയാണോ എന്ന ചർച്ചയാണ് ഇപ്പോൾ ചിലരിൽ നടക്കുന്നത്. ഹദീസുകളുടെ പ്രയോഗവൽക്കരണമാണു തങ്ങളുടെ ജീവിതലക്ഷ്യമെന്നു പറയുന്ന ഇവർ ചില ഹദീസുകൾ തീരെ പരിഗണിക്കുന്നില്ല. ഉദാ. ഇവർ വെള്ള വസ്ത്രം ധരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നില്ല. കൊട്ടാരസമാനമായ വീടുകളിലാണ് ഇവർ താമസിക്കുന്നത്. രണ്ടു പേരുള്ള വീട്ടിലെ മൂന്നാമത്തെ റൂം പിശാചിനാണെന്ന നബിവചനം വീടിനു അമിതമായി പണം ചെലവഴിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. ഈ ഹദീസ് ഇക്കൂട്ടർ കാര്യമാക്കുന്നില്ല! ആഢംബര വാഹനങ്ങളുപയോഗിക്കലോ, വിവാഹധൂർത്തോ ഇവർക്കു ഹദീസ് നിഷേധമല്ല! തണൽമരം വെച്ചു പിടിപ്പിക്കാൻ മുഹമ്മദ് നബി(സ) കൽപിച്ചിട്ടുണ്ടെന്നുപോലും ഇവർക്കു അറിയില്ലത്രെ! ഇഷ്ടമുള്ളവ വിശ്വസിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്യുന്നവർ യഥാർത്ഥത്തിൽ ഇവരാണെന്ന കാര്യം ആരും ശ്രദ്ധിക്കുന്നുമില്ല.
ചില പണ്ഡിതന്മാർ ഹലാലും ഹറാമും തീരുമാനിക്കുന്നു. ചില പാവങ്ങൾ അതിൽ ചെന്നുചാടുന്നു. ക്രമേണ എല്ലാവരും ആ വഴിയിലൂടെ സഞ്ചരിക്കുന്നു. നിദാന ശാസ്ത്രമനുസരിച്ച് ഹദീസുകൾ പഠിക്കുകയും ഇസ്ലാമിലെ സുന്നത്തും ഫർളും വേർതിരിച്ചു മനസ്സിലാക്കുകയും ചെയ്ത ഒരു തലമുറയുടെ മക്കളാണു ഈ തീവ്രവിഭാഗത്തിനു ചുക്കാൻ പിടിക്കുന്നത്. ചരിത്ര ഗതിയനുസരിച്ച് ഇവരുടെ മക്കൾ നേർവഴിക്കു വരാൻ സാധ്യതയുണ്ട്. അങ്ങനെ സമാധാനിക്കുകയല്ലാതെ യഥാർത്ഥ മുവഹിദുകളുടെ മുമ്പിൽ മറ്റു മാർഗ്ഗങ്ങളില്ല...
Back to INDEX





No comments:

Post a Comment