Part 3 – Text Version of Alfanar 10th Special Edition
INDEX
024 വേറിട്ട പെരുന്നാളിന്റെ വേദനയും ന്യൂമൂൺ വേവലാതികളും - അനീസ് ആലുവ
025 മാസപ്പിറവി: അസ്തമയത്തിലുദയം! - വടക്കൻ ഉമ്മർ, അരീക്കോട്
026 ഹദീസ്: സ്വീകരണ - നിരാകരണ മാനദണ്ഡങ്ങൾ - ഹഫീദ് നദ്`വി കൊച്ചി
027 ജീർണതയിലും തീവ്രതയിലും തകരുന്ന സമുദായം! - ശംസുദ്ദീൻ പാലക്കോട്
028 ചന്ദ്രമാസം : മുസ്ലിം നേതൃത്വങ്ങളോട് വിനയപൂര്‍വ്വം - ഡോ.പി. എ. കരീം നേച്ചറോപ്പതി
029 തീവ്രവാദമെന്ന അപവാദം - പി.കെ. അബ്ദുൽ ഗഫൂർ, പുഴങ്ങര ചാവക്കാട്
030 ചരിത്രരചനയിലെ 'കഥ'യില്ലായ്മ
031 ബഹുഭാര്യാത്വം -മുഹമ്മദ് ബഷീര്‍ മൗലവി ഹസനി അല്‍ ഖാസിമി തലനാട്
032 മുസ്ലിം സ്ത്രീകളുടെ ഇദ്ദാചരണം
033 ബുദ്ധിശക്തിയുടെ ഉറവിടം തകർന്നാൽ! - ഡോ. ബക്കർ എ. റഹ്മാൻ
034 ഖുർആൻ പരിഭാഷ(കൾ) - മലയാളികളോടു പറയുന്നത് - എം.എ. കാരപ്പഞ്ചേരി
024 വേറിട്ട പെരുന്നാളിന്റെ വേദനയും ന്യൂമൂൺ വേവലാതികളും - അനീസ് ആലുവ
"മറ്റു മുസ്ലിംകളിൽ" നിന്ന് വേറിട്ട് ഹിജ്റി കമ്മറ്റി പെരുന്നാൾ ആഘോഷിക്കുന്നതിൽ പലർക്കും വലിയ വിഷമമുണ്ട്. 1999 വരെ മിക്കപ്പോഴും വേറിട്ട് തന്നെ പെരുന്നാൾ ആഘോഷിക്കുകയും ശേഷം സാമ്പത്തിക സ്രോതസ്സുകൾ കണ്ണുരുട്ടിയതോടെ ഐക്യമുന്നണിയിൽ ചേർന്നവരാണ് ഇതൊക്കെ പറയുന്നത് എന്നത് നമുക്ക് തൽക്കാലം വിടാം. 1999ന് ശേഷം പുതിയ ഖുർആനൊന്നും "ഐക്യത്തിനായി" അവതരിച്ചിട്ടില്ലല്ലോ.ആരൊക്കെ കൂടെക്കൂടുന്നു എന്നതല്ല മൗലിക വിഷയം. കഴിഞ്ഞ ശഅബാനിൽ കലനോക്കാനിറങ്ങിയ ഒരു പറ്റം"ലോകമുസ്ലിംകൾക്ക്" കേരളത്തിൽ തന്നെ ഒരേ ദിവസം ശഅബാൻ 28 ഉം മറ്റേ കൂട്ടം"ലോകമുസ്ലിംകൾക്ക്" അതേ ദിവസം ശഅബാൻ 29 ഉം ആയിരുന്നു. ചില അവസരങ്ങളിൽ , ഒരു പറ്റം"ലോകമുസ്ലിംകൾ" ശഅബാൻ 28 ൽ നിന്ന് ഒറ്റ ചാട്ടമാണ് റമദാൻ 1 ലേക്ക്. അങ്ങനെ"ലോകമുസ്ലിംകളുടെ" ഐക്യത്തോടെയുള്ള എത്രയെത്ര "കലാപരിപാടികൾ"ക്കാണ് നാമൊക്കെ സാക്ഷിയായത്.! എന്നാൽ മുസ്ലിംകളുടെ ഐക്യത്തിനോ പൊതു വിഷയങ്ങളിലോ വേറിട്ട് പെരുന്നാൾ ആഘോഷിച്ചവർ ഒരിക്കൽ പോലും വിഘാതം നിന്നിട്ടില്ല എന്ന് അവരെ അറിയുന്നവർക്ക് മനസ്സിലാക്കാനാകും.
ഓരോ മാസത്തെയും ന്യൂമൂൺ UTസമയമെടുത്ത് അത് ലോക്കൽസമയത്തിലാക്കി, അവിടെ ന്യൂമൂൺസംഭവിച്ചോ , ഇവിടെ സംഭവിച്ചോ എന്ന് വേറെവേറെ ചോദിക്കേണ്ടതില്ല. 00:00Hr UT ആകുന്നു cutoff time. ആ സമയത്തെ, ന്യൂമൂൺ നടക്കുന്ന പ്രദേശത്തിന്റെതല്ലാത്ത ഏത് ലോക്കൽ സമയവുമായി മാറ്റിയിട്ട് ഒരുപ്രയോജനവുമില്ല.
മഹാത്മാഗാന്ധി പോർബന്തറിൽ ജനിച്ചപ്പോൾ ആ സ്ഥലത്തുണ്ടായ തിയതി അദ്ദേഹത്തിന്റെ ജനനത്തിയതിയായി രേഖപ്പെടുത്തി. ആ നിമിഷത്തിൽ അമേരിക്കയിൽ ഉള്ള ദിവസത്തിലല്ല അദ്ദേഹത്തിന്റെ ജനനത്തിയതിക്കായി അവലംബിക്കുക. അത് പോലെ തന്നെ സരളമാണ് , ന്യൂമൂണിന്റെ തിയതിയും. അത് സംഭവിക്കുന്ന പ്രദേശത്തെ ദിവസത്തിൽ രേഖപ്പെടുത്തുന്നു. ആ രീതി സ്വീകരിക്കുമ്പോൾ, ന്യൂമൂൺ സംഭവിക്കുന്ന നിമിഷത്തിന് മുമ്പായി പുതിയദിവസത്തിലേക്ക് ചില പ്രദേശക്കാർക്ക് പ്രവേശിക്കേണ്ടി വരും. അത് സ്വാഭാവികവും, അപ്രകാരം ചെയ്യൽ അനിവാര്യവുമാണ്.
നമസ്കാര സമയം കണ്ടുപിടിക്കാനുള്ള"അളവുകോൽ" സൂര്യന്റെ ചായ്വുകളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കപ്പെട്ടു. എന്നാൽ 24മണിക്കൂറും "രാത്രി" മാത്രം അനുഭവപ്പെടുന്നപ്രദേശങ്ങളിൽ പ്രസ്തുത അളവുകോൽ യോജിക്കില്ല എന്നതിനാൽ ഇസ്ലാമിലെ നമസ്കാര സമയം കണ്ടുപിടിക്കുന്ന രീതി തെറ്റാണ്, അത് ധ്രുവപ്രദേശങ്ങളിൽ അസാധ്യമാണ് എന്ന് പറയുന്നത്പോലെയാണ് ചില പ്രത്യേക സ്ഥലങ്ങളിൽ ന്യൂമൂണിന് മുമ്പ് തന്നെ പുതിയദിവസത്തിലേക്ക് പ്രവേശിക്കേണ്ടിവരുന്നതിനെ മുൻ നിറുത്തി ആ "രീതിയെതന്നെ" എതിർക്കുന്നത്. ഇനി ന്യൂമൂൺ സംഭവിക്കുന്നതിന് മുമ്പ് പുതുമാസത്തിലേക്ക് ഭൂമിയിലൊരാളും കടക്കരുത് എന്ന വിലക്കും ഇല്ലല്ലോ. ഇതിലൊന്നും ഒരു രഹസ്യവുമില്ല, ഹിജ്റി കലണ്ടറിൽ പ്രസ്തുത വിവരങ്ങൾനേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്, അതൊക്കെ മനസ്സിലാക്കിതന്നെയാണ് ഇത് സ്വീകരിക്കുന്നതും.
ലോകത്തെ ഏതെങ്കിലും മുക്കിലെ സമയംകണ്ടുപിടിച്ച്, മാസനിർണ്ണയ ചർച്ചയെ അതിൽകെട്ടിക്കുടുക്കി വസ്തുതകളിൽ നിന്ന് ശ്രദ്ധതെറ്റിക്കലാണ് ഇതിന്റെയൊക്കെ ലക്ഷ്യം.
എന്നാൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ മറ്റു ചിലതാണ്.
1- റമദാൻ 1, ശവ്വാൽ 1 എന്നീ ദിവസങ്ങൾ 12 മാസം നീളുന്ന കലണ്ടറിലെ ദിവസങ്ങൾമാത്രമാണ്. മറ്റു ദിവസങ്ങൾ ആരംഭിക്കുന്നത്പോലെ തന്നെയേ പ്രസ്തുത ദിവസങ്ങളുംആരംഭിക്കൂ. അതുപോലെ, മറ്റു ദിവസങ്ങൾ ഭൂമിയിൽ ആരംഭിച്ച സ്ഥലത്ത് നിന്നേ പരാമർശ ദിവസങ്ങളും തുടങ്ങൂ. മറ്റുദിവസങ്ങൾ ആരംഭിക്കുനതിലും അതേ കൃത്യതയും സൂക്ഷ്മതയും ഉണ്ടായാലേപ്രസ്തുത 3 ദിവസങ്ങളും കൃത്യമാകൂ. ജൂൺ24 = ഞായർ, ജൂൺ 24 = തിങ്കൾ, ജൂൺ 24 =ചൊവ്വ, ജൂൺ 24 = ബുധൻ, ജൂൺ 24 = വ്യാഴം,ജൂൺ 24 = വെള്ളി എന്നിങ്ങനെ ഒരേതിയതിയുള്ള അഞ്ച് ദിവസങ്ങൾ ഉണ്ടാകില്ല.അതു പോലെ ശവ്വാൽ 1 = വ്യാഴം, ശവ്വാൽ 1 =വെള്ളി, ശവ്വാൽ 1 = ശനി, ശവ്വാൽ 1 = ഞായർ,ശവ്വാൽ 1 = തിങ്കൾ എന്നിങ്ങനെയും സംഭവ്യമല്ല. "മതം", "ഇസ്ലാമിക്" തുടങ്ങിയമേമ്പൊടി ചേർത്താൽ ഇത്തരം അസംബന്ധങ്ങൾ സുബദ്ധങ്ങളാകില്ല എന്ന തിരിച്ചറിവുണ്ടായാൽ നന്ന്.
2- സൂര്യൻ, ചന്ദ്രൻ, ഭൂമി മുതലായ ആകാശഗോളങ്ങളുടെ ചലനംഅലാഹുവിന്റെ മാത്രം "ഹുക്മ്" ആകുന്നു. പ്രസ്തുത ചലനത്തിൽ നിന്നുൽഭൂതമാകുന്ന ദിവസം, മാസം തുടങ്ങിയവയൊക്കെ "ദൈവനിശ്ചിതമാണ്". പ്രവാചകന്മാരുൾപ്പെടെ ഒരു മനുഷ്യനും ആ പ്രാപാഞ്ചിക വ്യവസ്ഥയിൽ ഇടപെടാനാകില്ല.
3- ഭൂമിയിലെ നിരീക്ഷകന് ചന്ദ്രൻ ദൃശ്യമായോ ഇല്ലയോ എന്നത് "ചന്ദ്ര മാസം" എന്നദൈവത്തിന്റെ "പ്രോഗ്രാമിൽ" ഒരുവിധത്തിലും ബാധിക്കുന്നില്ല. മുഹമ്മദ്നബി(സ) ജനിക്കുന്നതിന് മുമ്പും സൂര്യനും ഭൂമിയും ചന്ദ്രനുമൊക്കെ ഉണ്ടായിരുന്നു, അന്നും മാസങ്ങൾ സംഭവിച്ചിരുന്നു. ഒരു പ്രകൃതി പ്രതിഭാസത്തിന്റെ സംഭവ്യതയിൽ “ഒരു പ്രവാചകനും” നിയന്ത്രണമില്ല. പെരുന്നാൾ നമസ്കാരത്തിന്റെ രീതി മുഹമ്മദ്നബി(സ) അദ്ദേഹത്തിന്റെ ശരീഅത്തിൽ എപ്രകാരമായിരിക്കണം എന്ന് പഠിപ്പിച്ചു. എന്നാൽ അദ്ദേഹം ജനിക്കുന്നതിനും എത്രയോ കാലം മുമ്പ് തന്നെ ആരംഭിച്ച് ഇന്നും തുടർന്നു കൊണ്ടിരിക്കുന്ന ചന്ദ്രചലനവും അതിന്റെ അനന്തരഫലമായി “പ്രകൃത്യാ സംഭവിക്കുന്ന” മാസവും; നബിയോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റാരെങ്കിലുമോ “കണ്ടാലേ” സംഭവിക്കൂഎന്നും, കാർമേഘം മൂലം അതിനെ കണ്ടില്ലെങ്കിൽ ആ മാസത്തിന് ഒരു ദിവസം കൂടുതൽ നൽകാൻ കഴിയുമെന്നും വിശ്വസിക്കൽ എത്രമാത്രം അപക്വമാണ്. ഇനി, ഒരൊറ്റ മനുഷ്യജീവിയും ചന്ദ്രക്കല നോക്കാൻ പോയില്ലെങ്കിലും 'മാസം' സ്വഭാവികമായി സംഭവിക്കും. കാർമേഘത്തിന് മാസം മാറ്റാനുള്ള കഴിവോ ചന്ദ്രനെ പിടിച്ച്നിറുത്താനുള്ള ശക്തിയോ ഇല്ല.
4- നബി(സ) ക്ക് സിഹ്ർ ബാധിച്ചു എന്നഹദീസുകൾ സ്വീകരിക്കാൻ പാടില്ല, കാരണം അത് ഖുർആനെതിരാണ് എന്ന് തെളിവുകൾ നിരത്തി പറയുന്നു ഒരുകൂട്ടർ. "ആകാശഗോളങ്ങളുടെ ചലനം ദൈവനിയന്ത്രണത്തിലാണ്, "പ്രവാചകനുൾപ്പെടെയുള്ള ഒരു മനുഷ്യന്റെകാഴ്ചക്കും, ഒരു കാർമേഘത്തിനും അതിനുമേൽ നിയന്ത്രണമില്ല എന്ന ഖുർആന്റെയും ശാസ്ത്രീയ സത്യത്തിന്റെയും നേരെ 'ഹദീസുകൾ' എന്ന പേരിൽ ചിലത് കൊണ്ടുവന്ന്, ആ ആശയത്തെ തന്നെ അട്ടിമറിക്കാൻ അവർക്ക് മടിയുണ്ടാകുന്നില്ല എന്നത് വൈരുധ്യം.
5- തിയതികൾ മനുഷ്യൻ “നിശ്ചയിക്കുന്നതല്ല” . ആലങ്കാരികമായി പറഞ്ഞാൽ “ആകാശത്ത്തൂക്കിയിട്ട” പ്രകൃതിയിലെ കലണ്ടർ ആണ്“ചന്ദ്ര ക്കലകൾ”. ആ കലകൾ “ദൃശ്യമാക്കുന്ന”തിയതികൾ വായിച്ചെടുക്കാമെന്നല്ലാതെ,ചന്ദ്രന് “തിയതി നിശ്ചയിച്ച് കൊടുക്കൽ” ഒരു ഖാദിയുടെയും , ഒരു ഹിലാൽ കമ്മറ്റിയുടെയും പണിയല്ല. അത് അവർക്ക് അസാധ്യവുമാണ്. കാരണം, അത് ദൈവത്തിന്റെ ക്രമീകരണമാണ്.
6- "വ്യവസ്ഥാ രഹിതമായ" കാലഗണനാ രീതി നിഷ്ഫലമാണ്.
12 മാസമുള്ളതിൽ 3 മാസത്തെ മാത്രംനിരീക്ഷിക്കാൻ പത്ര പരസ്യം, ചില സ്പെഷ്യൽ"കാഴ്ചയുള്ള" നോട്ടക്കാർ, ബാക്കിയുള്ള മാസങ്ങൾ ഒരാളും പരിഗണിക്കുന്നുമില്ല.!!!. 9മാസങ്ങൾ മാറിയപ്പോൾ പ്രവാചക കൽപനയെന്ന് പറയപ്പെടുന്ന "കാർമേഘം"കൊണ്ട് മറഞ്ഞാൽ 30 ആക്കുക എന്ന തത്വംപാലിച്ചില്ല. മറ്റു മാസത്തിൽ 30 ആക്കാമായിരുന്ന ദിവസത്തെ 29 ൽ ഒതുക്കിപോന്നു. എന്നിട്ട്, 3 മാസത്തിൽ മാത്രം "സുന്നത്ത് സ്നേഹം". ഇത് ആരെപറ്റിക്കാനാണ്? മുൻമാസങ്ങളിലെ തെറ്റായ മാസഗണനയിൽ നിന്ന് തുടർച്ചയെടുക്കുന്ന "പ്രത്യേക" മാസങ്ങളിലെ തിയതികൾക്ക് മാത്രം എന്ത് കൃത്യതയാണ് ഉണ്ടാകുക? 29ന് കല നോക്കാൻ ഖാദി പറയുന്ന ദിവസം, 29 പോലുമാകാറില്ല. അതാണ് മിക്കപ്പോഴും 28ന് മാസം നോക്കുന്ന വിചിത്ര "സുന്നത്" ഉണ്ടാകുന്നത്. നോമ്പും പെരുന്നാളും മാത്രമേ കല നോക്കേണ്ടതുള്ളൂ എന്നാണ് മറുപടി ഉണ്ടാകാറ്. അങ്ങിനെയെങ്കിൽ ആ മാസങ്ങളിൽ അല്ലാത്ത വേളകളിൽ പ്രവാചകൻ ഉപയോഗിച്ച "മാസഗണനാ രീതി" എപ്രകാരമായിരുന്നു, അദ്ദേഹം ഏത്കലണ്ടറാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്? സൂര്യ-ചന്ദ്ര അസ്തമയ വ്യത്യാസം മനസ്സിലാക്കാൻ "നാസ"ക്ക് പകരം ഏതു വിവര സ്രോതസ്സിനെയാണ് അദ്ദേഹം അവലംബിച്ചത്?
നാളത്തെ തിയതി എത്രയാണ് എന്ന് ഇന്നു രാത്രി 9 മണിക്കാണ് അറിയാൻ കഴിയുക എങ്കിൽ, ആ കലണ്ടറിന്നും ആ കാലഗണനാരീതിക്കും എന്ത് പ്രയോജനമാണ് ഈലോകത്തുള്ളത്? ഇത്ര നിഷ്ഫലവും, പ്രയോജനരഹിതവുമായ കലണ്ടർ സംവിധാനമാണോ "ശാസ്ത്രീയ മതം" മനുഷ്യർക്ക് സമ്മാനിച്ചത്?
7- 29 ദിവസങ്ങളുള്ളതും, 30 ദിവസങ്ങളുള്ളതുമായ മാസങ്ങൾ "പ്രകൃത്യാ" സംഭവിക്കുന്നതാണ്. അല്ലാതെ 30 ദിവസങ്ങളുള്ള മാസങ്ങൾ "കാർമേഘത്തിന്റെ വികൃതി" മൂലം സംഭവിക്കുന്നതല്ല. പ്രകൃത്യാ 29 ദിവസമുള്ള മാസത്തെ, കാർമേഘത്തിന്റെസഹായത്തോടെ 30 ആക്കുന്നത് പ്രകൃതിവിരുദ്ധമാണ്. കുറെ മനുഷ്യർ വായ കൊണ്ട്പറഞ്ഞു എന്നതിനാൽ ദൈവിക ക്രമീകരണത്തിന് മാറ്റമുണ്ടാകില്ല.
8- ദൃശ്യമാകുന്ന ചന്ദ്രക്കലകളുടെ നിരീക്ഷണമാണ് യഥാർത്ഥ രീതി. അതിന്റെ സൂക്ഷ്മമായ കണക്കാണ് ന്യൂമൂൺ സമയം.രണ്ടും വിരുദ്ധമല്ല. "ഖുർആന്റെ ശാസ്ത്ര സൂചനകൾ" എന്ന് പ്രഭാഷണം നടത്തുകയും, താഴെയിറങ്ങി "ഞങ്ങൾ ശാസ്ത്രം സ്വീകരിച്ച് കണക്ക് കൂട്ടില്ല" എന്ന് പറയുകയും ചെയ്യുന്നത് "നവോത്ഥാനമല്ല, അധപതനമാണ്" എന്ന് തിരിച്ചറിയുക.
9- സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ വരുന്ന "പ്രകൃതി പ്രതിഭാസമാണ്" മാസപ്പിറവി, ന്യൂമൂൺ, കൺജൻക്ഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന സംഭവം. സൂര്യൻ ചന്ദ്രൻ ഭൂമി എന്നിവയുടെ കേന്ദ്ര ബിന്ദുക്കൾ (Center point) ഭൂമിയുടെ ഏതെങ്കിലും ഒരു Longitude (N-S line) ൽ ഒന്നിക്കുന്ന ക്ഷണികമായ പ്രതിഭാസമാണ് ഇത്. The Earth's orbital speed around the Sun: 30 km/s ; Mean orbital speed of moon is 1.022 km/s. ഇതൊക്കെ ഒരു "സെക്കന്റിലെ" വേഗതയാണ്. അത്യധികമായ വേഗതയിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ സഞ്ചരിക്കുന്ന ഈ ഗോളങ്ങളുടെ "ഒന്നിക്കൽ" "ക്ഷണികം" എന്നല്ലാതെ, അതിന്റെ ദൈർഘ്യം എത്രയോചെറുതാണ്. അത് സംഭവിക്കുന്ന സമയംകൃത്യമായി, അറിവുള്ളവർ രേഖപ്പെടുത്തിയ രേഖകൾ നമുക്ക് ലഭ്യമാണ്. കൺജൻക്ഷൻഎന്ന പ്രതിഭാസത്തോടെ ചന്ദ്രന്റെ ഒരു cycle അവസാനിക്കുകയും, പുതിയ cycle ആരംഭിക്കുകയും ചെയ്യും. കൺജൻക്ഷൻ സംഭവിക്കുന്ന ദിവസം പുതിയ മാസത്തിലെ Zero Day അല്ലെങ്കിൽ "പഴയമാസത്തിലെ അവസാന ദിവസം". അതിനടുത്ത ദിവസം പുതുമാസത്തിലെ ആദ്യദിനം. ഇത് ലളിതമാണ്, ശാസ്ത്രീയമാണ്,ചന്ദ്രക്കലകളോട് യോജിക്കുന്നതുമാണ്. മനുഷ്യരുടെ ജീവിതം എളുപ്പമാക്കുകയും, ഹിജ്റി തിയതികൾക്ക് ഒരു വ്യവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു എന്ന നന്മയുമുണ്ട് അതിൽ.
അല്ലാതെ ദൃശ്യമായ ചന്ദ്രക്കലകളെ നിരീക്ഷിക്കാതെ, ചന്ദ്രൻ അദൃശ്യമായിരിക്കും എന്ന് ഉറപ്പുള്ള "അമാവാസി - കറുത്തവാവിന്റെ" ദിവസം ചന്ദ്രനെ കാണാൻ ആഹ്വാനം ചെയ്യലും, അത് തേടിയിറങ്ങലും, എന്നിട്ട് കാണാത്ത ചന്ദ്രനെ കണ്ടെന്ന് നുണപറഞ്ഞ് മാസമുറപ്പിക്കുന്നതുമാണ് കൂടുതൽ പരിഹാസ്യം.
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും, വ്യാഴാചയല്ലാത്ത ദിവസങ്ങളിലെ പെരുന്നാൾ അസ്വീകാര്യമാണെന്ന് വാദിക്കുകയോ, അവരുടെ ഈമാനിനെയോ, ആത്മാർഥതയെയോ ഒരു തരി പോലും ചോദ്യം ചെയ്യുകയോ ഞാൻ ചെയ്യുന്നില്ല. ഇത് ഒരു വൈജ്ഞാനിക വിഷയം. വ്യത്യസ്ത രീതിയിൽ കാര്യങ്ങളെ മനസ്സിലാക്കിയവർ അത് പറയുകയും, പ്രവർത്തിക്കുകയും ചെയ്യുന്നു, സഹിഷ്ണുതയോടും പരസ്പര ഗുണകാംക്ഷയോടും കൂടി മാത്രം. അതിനപ്പുറമുള്ള മാനങ്ങൾ ഈ കുറിപ്പിന് നൽകേണ്ടതില്ല.
إنما الأعمال بالنيات، وإنما لكل امرئ ما نوى،
Back to INDEX
025 മാസപ്പിറവി: അസ്തമയത്തിലുദയം! - വടക്കൻ ഉമ്മർ, അരീക്കോട്
ജനങ്ങളേ, ചിന്തിക്കൂ... ഇനിയെങ്കിലും വഞ്ചിതരാവാതിരിക്കൂ...അല്ലാഹു വിശുദ്ധ ഖുർആനിൽ ഒരുപാട് സ്ഥലത്ത് അല്ലാഹുവിന്റെ അടിയാന്മാരായ മൊത്തം ജനങ്ങളോടായി ചോദിക്കുന്ന ഒരു ചോദ്യം. നിങ്ങൾ ചിന്തിക്കുന്നില്ലേ, നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ, നിങ്ങൾ ചിന്തിക്കൂ, ചിന്തിക്കുന്ന ആളുകൾക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്നും, അറിയാവുന്ന ആളുകൾക്കാണ് ദൃഷ്ടാന്തങ്ങളെ വിശദീകരിക്കുന്നത് എന്നും, സൂക്ഷിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ടെന്നും. അങ്ങനെ പല രൂപത്തിലും അല്ലാഹു ഉണർത്തുന്നു. ഇങ്ങനെയൊക്കെയായിട്ടും ഒന്നും കണ്ടില്ലെന്നും, കേട്ടില്ലെന്നും എന്ന ഭാവേന പണ്ഡിത പാമര വ്യത്യാസമില്ലാതെ ഓരോ വിഷയത്തിലും പ്രത്യേകിച്ചും മാസപ്പിറവിയുടെ കാര്യത്തിൽ അലംഭാവമോ, ഒരു തരം വാശിയോ നടിക്കുന്നു.
ഈ കാര്യം നാം ഓരോരുത്തരും വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം നമുക്കേതൊരു കാര്യം തീരുമാനിക്കണമെങ്കിലും ദിവസം അറിഞ്ഞിരിക്കണമെന്നത് വളരെ നിർബന്ധമാണല്ലോ! ഇന്ന വർഷത്തിൽ ഇന്ന മാസം. അതിൽ ഇന്ന ദിവസം എന്നറിയാൻ ചന്ദ്രനെ നോക്കിയാൽ അറിയാൻ സാധിക്കുന്നു. അതിന്ന് ചന്ദ്രന്റെ ഉദയം എന്നാണെന്നും, എവിടെയാണെന്നും അറിയണം. ഉദിക്കുന്ന ഏതൊന്നിന്റെയും ഉദയസ്ഥാനം ഒരിക്കലും പടിഞ്ഞാറ് വരികയില്ല. അങ്ങനെ വന്നുകൂടാത്തതുമാണ്. അതുപ്രകാരം ചന്ദ്രനും കിഴക്കു തന്നെ ഉദയം കൊള്ളുന്നു. അതിന്നൊരു ഉദാഹരണം നമുക്ക് കലണ്ടറുകളിൽ തന്നെ നോക്കാം. അതായത് ഉദാ. സുല്ലമുസ്സലാം, ശബാബ്, അൽമനാർ തുടങ്ങിയ കലണ്ടറുകളിൽ അറബി മാസം 29 ആണെങ്കിൽ 28ന് ഇത്ര മിനുട്ട് മുമ്പ് ചന്ദ്രൻ "അസ്തമിക്കുമെന്നും" 29ന് സൂര്യാസ്തമയത്തിന് ഇത്ര മിനുട്ടിന് ശേഷം ചന്ദ്രൻ "അസ്തമിക്കുമെന്നും" അറബിമാസം 30 ദിവസമുണ്ടെങ്കിൽ 29ന് സൂര്യൻ അസ്തമിക്കുന്നതിന് ഇത്ര മിനുട്ട് മുമ്പ് ചന്ദ്രൻ "അസ്തമിക്കുമെന്നും" 30ന് ഇത്ര മിനുട്ടിന് ശേഷം ചന്ദ്രൻ "അസ്തമിക്കുമെന്നു"മാണ് കുറിച്ചിരിക്കുന്നത്. ഇവിടെയൊന്നും ഇത്ര മിനുട്ട് മുമ്പ് "ഉദിക്കുമെന്നോ", ഇത്ര മിനുട്ടിന് ശേഷം "ഉദിക്കുമെന്നോ" അല്ല എഴുതുന്നത്. ഇത് എത്രകാലമായി എഴുതാൻ തുടങ്ങീട്ട്? ഇന്ന് വരെ ആരെങ്കിലും തിരിച്ച് ചോദിച്ചിട്ടുണ്ടോ? പിന്നെയെന്തിനാ നമ്മൾ പടിഞ്ഞാറ് അസ്തമിക്കുന്ന ചന്ദ്രനെ നോക്കി നാളെ ഒന്ന് എന്ന് പറയുന്നത്? പടിഞ്ഞാറ് അസ്തമിക്കുന്നത് പടിഞ്ഞാറ് തന്നെ ഉദിക്കുമോ? ഉദിപ്പിനും അസ്തമയത്തിനുമിടയിൽ മിനുട്ടുകളെയുള്ളൂ. അങ്ങനെയെങ്കിൽ മഗ്രിബിനോടടുത്ത് പടിഞ്ഞാറ് കാണുന്ന ഈ ചന്ദ്രക്കല കിഴക്കെപ്പോഴോ ഉദിച്ചതല്ലേ... അങ്ങനെയെങ്കിൽ മാസത്തിന്റെ തുടക്കവും, മാസാരംഭമായ 1-ാം തിയതിയുമല്ലേ.... അസ്തമയം കണ്ട പിറ്റേദിവസമാണോ ഒന്ന്! അതോ രണ്ടോ? പിന്നെന്തിന് പാമരന്മാരായ ജനങ്ങളോട് കരുതിക്കൂട്ടി തെറ്റുകൾ ചെയ്യിപ്പിക്കുന്നു പണ്ഡിതരേ... നമ്മുടെ പണ്ഡിതരിൽ ചിലർ പറയുന്നതപ്പടി ഏറ്റു പിടിച്ച് ഒട്ടും ആലോചിക്കാതെ എല്ലാറ്റിലും അവരെ പിൻപറ്റിയാൽ നാളെ പരലോകത്ത് വെച്ച് അല്ലാഹു തീർച്ചയായും ചോദിക്കുന്ന ഒരു ചോദ്യം... നിങ്ങൾ ഓരോരുത്തർക്കും ഞാൻ വിശേഷബുദ്ധി തന്നില്ലായിരുന്നോ, ചിന്തിക്കാൻ ഞാൻ നിങ്ങളെ ഉണർത്തുകയും, അവസരം നൽകുകയും ചെയ്തില്ലായിരുന്നോ? പരലോകത്ത് വെച്ച് ഇവരാണ് അവരാണ് ഞങ്ങളെ പിഴപ്പിച്ചവർ, അതുകൊണ്ട് അവർക്ക് ഇരട്ടി ശിക്ഷ കൊടുക്കണമെന്നൊന്നും വിലപ്പോവില്ല. തിരികെ വന്ന് നന്നാവാനും സാധ്യമല്ലല്ലോ! എല്ലാവർക്കും ഇരട്ടി ശിക്ഷയുണ്ടെന്നും, ആസ്വദിച്ചോളൂ എന്നും മാത്രമായിരിക്കും അല്ലാഹുവിന്റെ മറുപടി. പരലോകത്ത് ഇളിഭ്യരാവുന്നതിന് മുമ്പ് ഇവിടുന്ന് ചിന്തിച്ച് േനർമാർഗം പ്രാപിക്കുക.
പക്ഷേ ദൃഷ്ടാന്തങ്ങളിൽ നിന്ന് തത്വങ്ങളും, വാസ്തവങ്ങളും മനസ്സിലാക്കാനുള്ള തന്റേടവും, ഭവിഷ്യത്തുകളെക്കുറിച്ചുള്ള ബോധവും ഉള്ളവർക്കേ ഇതെല്ലാം പ്രയോജനപ്പെടുകയുള്ളൂ എന്നതാണ് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ളതും. ഒന്നുകിൽ ഈ പറ്റിക്കൽ വിഡ്ഢിത്തം തിരുത്തുക. ഇല്ലെങ്കിൽ "ചന്ദ്രോദയം" മുതൽ അറബി മാസാരംഭം കണക്കാക്കുക.
2018 ജൂലൈ 27ന് 1439 ദുൽഖഅ്ദ 14ന് വെള്ളിയാഴ്ച ചന്ദ്രഗ്രഹണവും, 2018 ഓഗസ്റ്റ് 11ന് 1439 ദുൽഖഅ്ദ് 29ന് ശനിയാഴ്ച സൂര്യഗ്രഹണവും ഉണ്ടാവുമെന്നത് മുൻകൂട്ടി പറയുന്നത് കണക്കടിസ്ഥാനത്തിലല്ലേ? ഇത്തരത്തിൽ കണക്ക് കൊണ്ട് ഗ്രഹണങ്ങളെ നിശ്ചയിക്കാമെങ്കിൽ "ചന്ദ്രോദയത്തെ" മാത്രമെന്തേ കണക്കടിസ്ഥാനത്തിൽ നിന്നും മാറ്റപ്പെടുത്തുന്നു? ആശ്ചര്യം തന്നെ. ഖുർആനിലുള്ളത് പുറംതള്ളിയുള്ള ഹദീസാണോ ഇതിന്നടിസ്ഥാനം?
കണക്ക് നോക്കി ചന്ദ്രമാസം നിർണയിക്കാനും, മാസാരംഭം കുറിക്കാനും പാടില്ലെന്ന് പറയുന്നവർ തന്നെ അവരവർ അടിച്ചിറക്കുന്ന ഗ്രിഗ്വേറിയൻ കലണ്ടറുകളിൽ (ക്രൈസ്തവ ജൂത കലണ്ടറുകളിൽ) അറബിമാസം (ചന്ദ്രമാസം) ചെറുതായി ഉൾപ്പെടുത്തുന്നതിനു എന്തിനെയാണ് അവലംബമാക്കുന്നത്? കണക്കടിസ്ഥാനം തന്നെയല്ലേ! അതും അങ്ങോട്ടും ഇങ്ങോട്ടും തെറ്റിച്ചു തോന്നിയ പോലെയും ചേർക്കുന്നു. ഇന്നു നിലവിൽ മതസംഘടനകൾ ഇറക്കുന്ന കലണ്ടറുകൾ എടുത്തുനോക്കൂ.
ഉദാ. ഈ വർഷത്തെ കലണ്ടർ തന്നെയെടുക്കാം. അതായത് ഗ്രിഗ്വേറിയൻ കലണ്ടറും അറബിമാസവും. 1439 ഹിജ്രി ചന്ദ്രമാസക്കലണ്ടറുമായി ഒത്തുനോക്കുക. അപ്പോൾ തികഞ്ഞ വൈരുദ്ധ്യം കാണാം.
1) റമദാൻ മാസത്തിലെ നോമ്പ്, ചെറിയ പെരുന്നാൾ വ്യത്യസ്ത ദിവസങ്ങളിൽ
2) 2018 ജൂലൈ 27ന് ദുൽഖഅ്ദ് 14ന് ചന്ദ്രഗ്രഹണം (1439.11.14 ന് ഫുൾമൂൺ)
3) 2018 ഓഗസ്റ്ര് 11ന് 1439 ദുൽഖഅ്ദ 29ന് സൂര്യഗ്രഹണം
4) 2018 ഓഗസ്റ്റ് 21ന് 1439 ദുൽഹിജ്ജ 10ന് ചൊവ്വ ബലിപെരുന്നാൾ.
കലണ്ടറുകൾ നോക്കി ഒന്ന് വിലയിരുത്തൂ. ഇങ്ങനെ തെറ്റിച്ചു കൊടുക്കാനും ഒരു കണക്ക് വേണ്ടേ... ചന്ദ്രൻ ഉദിച്ച് കാണാതെ ഈ കണക്കൊക്കെ മുൻകൂട്ടി എങ്ങനെയുണ്ടാക്കി? കണക്ക് നോക്കാൻ പാടില്ലായെന്ന് പറയുന്നവർ ചന്ദ്രമാസ ക്കണക്ക് കലണ്ടറുകളിൽ നിന്നും ഒഴിവാക്കേണ്ടതല്ലേ. ഇതാ പറഞ്ഞത് ജനങ്ങളെ പറ്റിക്കലാണെന്ന്.
അധികമാളുകളും അവനവന്റെ സംഘടനകളെയും, നേതാക്കന്മാരെയും പേടിക്കുകയാണ്! അല്ലാഹുവിനെ മാത്രം പേടിക്കുക. അല്ലാഹു അല്ലാതെ മറ്റാരുമല്ല എല്ലാ ജീവികൾക്കെന്നപോലെ വിശേഷബുദ്ധിയുള്ള മനുഷ്യർക്കും ആഹാരവും, മറ്റു സൗകര്യങ്ങളും നൽകുന്നതെന്നോർക്കുക. വിചാരണ നാളിനെ ഭയപ്പെടുക. അല്ലാഹുവിനെയും മുത്ത് റസൂലിനെയും അനുസരിച്ച് ജീവിക്കുന്നവരിൽ ഉൾപ്പെടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
Back to INDEX
026 ഹദീസ്: സ്വീകരണ - നിരാകരണ മാനദണ്ഡങ്ങൾ - ഹഫീദ് നദ്`വി കൊച്ചി
ഇസ്ലാമിന്റെ പ്രഥമ പ്രമാണം ഖുർആൻ തന്നെ. അതിന്റെ സംരക്ഷണ ബാധ്യത അല്ലാഹു നേരിട്ട് ഏറ്റെടുത്തതാണ്.ഖുർആനെ നെഞ്ചിലേറ്റിയ അനുയായികളിലൂടെ അതിന്റെ സംരക്ഷണം റബ്ബ് സാധ്യമാക്കുകയും ചെയ്തു. ഈ ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങൾ പ്രബോധിതർക്ക് വ്യക്തമാക്കി കൊടുക്കലായിരുന്നു നബി(സ)യുടെ നിയോഗലക്ഷ്യം.
അതിനാൽ, പ്രവാചകന്റെ ചര്യ ഖുർആൻ മനസ്സിലാക്കാൻ അത്യന്താപേക്ഷിതം. പ്രവാചകാനുസരണം ദൈവാനുസരണമാണെന്നും (വി.ഖു. 4: 80) പ്രവാചകാജ്ഞാപനങ്ങൾ അംഗീകരിക്കലും നിരോധങ്ങൾ വർജിക്കണമെന്നതും (വി.ഖു. 59: 7) ഖുർആനിക കൽപനകളാണ്.
എന്നാൽ നബി(സ) പറഞ്ഞു. എന്റെ വചനം കേൾക്കുകയും സൂക്ഷ്മമായി ഗ്രഹിക്കുകയും അതേപടി മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്ത ആളെ അല്ലാഹു അനുഗ്രഹിക്കട്ടെ. നേരിട്ട് കേട്ടവനേക്കാൾ സൂക്ഷ്മമായി കാര്യങ്ങൾ ഗ്രഹിക്കുന്ന എത്രയോ പേർ അവനിൽ നിന്ന് വിവരം ലഭിച്ചവരിലുണ്ട്. (അഹ്മദ്. 4157, തിർമുദി. 2657, ഇബ്നുമാജ. 232).
ഇവ കേട്ട സ്വഹാബത്ത് അവ നിവേദനം ചെയ്യുകയും കേട്ടവരിൽ നിന്നവ നേരിട്ട് ശേഖരിക്കാനും അവർ കാണിച്ച ആവേശവും താൽപര്യവും അനിതര സാധാരണമാണ്. ഇങ്ങനെ ക്രോഡീകൃതമായവയിൽ ഇന്ന് ലഭ്യമായ ആദ്യ ഗ്രന്ഥം ഇമാം മാലികിന്റെ മുവത്വയാണ്. എന്നാൽ പിൽക്കാലത്ത് മാത്രമാണ് ഹദീസ് നിദാനശാസ്ത്രം ക്രോഡീകരിക്കപ്പെടുന്നതും ആ മാനദണ്ഡങ്ങളനുസരിച്ച് സ്വഹീഹ്, സുനൻ, മുസ്നദ്, ജാമിഅ് എന്നിങ്ങനെ വംശീകരണം നടക്കുന്നതുമെല്ലാം. ഈ ഹദീസ് ഗ്രന്ഥങ്ങളിലെ നെല്ലും പതിരും വേർതിരിക്കുന്ന സേവനം ഉമ്മത്ത് അനുസ്യൂതം തുടർന്ന് കൊണ്ടിരുന്നു. അൽബാനി, മഹ്മൂദ് ശാകിർ, ശുഐബ്, അർനാമൗത്വ്, മുസ്ത്വഫൽ ബുഗാ എന്നീ ആധുനിക പണ്ഡിതന്മാരെല്ലാം ഈ ദൗത്യം നെഞ്ചിലേറ്റിയവർ ആയിരുന്നു.
14ൽ കൂടുതൽ നൂറ്റാണ്ടായിട്ടും ഒരാളുടെ നടത്തം, കിടത്തം, അനക്കം, അടക്കം, ഉറക്കം, ഉണർച്ച, സ്വഭാവം, സമീപനം, സമ്പ്രദായം, പെരുമാറ്റം, സംസാരം, കർമ്മം, വികാരം, വിചാരം, കേൾവി, കാഴ്ച, ആരാധന, ആചാരം, പ്രാർത്ഥന, കീർത്തനം തുടങ്ങി മലമൂത്രവിസർജന മര്യാദകളടക്കം നാം മാതൃക (ഉസ്വത്ത്) ആ നബിചര്യയിൽ നിന്നാവണം. വിശുദ്ധ ഖുർആന്റെ ആധികാരിക വ്യാഖ്യാനവും പ്രായോഗിക മാതൃകയുമായി നബി(സ) 23 സംവത്സരങ്ങൾ ജീവിച്ചു കാണിച്ചുതന്ന ജീവിതാണ് സുന്നത്ത്. നമസ്കാരം, സക്കാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളുടെ വിശദാംശങ്ങൾ നബി(സ) സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരികയായിരുന്നു. മോഷ്ടാവിന്റെ കൈമുറിക്കാൻ ഖുർആൻ അനുശാസിക്കുന്നു, അതാരാണ് ചെയ്യേണ്ടത്? എത്ര കട്ടാലാണത് ബാധകമാവുക, എങ്ങനെയാണത് തുടങ്ങിയ വിശദാംശങ്ങൾ അതിസൂക്ഷ്മ തലത്തിൽ (Micro Level)ൽ നമുക്ക് ദർശിക്കാനാവുന്നത് അദ്ദേഹത്തിന്റെ ജീവിതചര്യയിലാണ്. അതിനാൽ തന്നെ ഇസ്ലാമിന്റെ ദ്വിതീയ പ്രമാണമായ ഹദീസ്/ സുന്നത്തിനെ സ്വീകരിക്കാതെ നമുക്ക് ഖുർആന്റെ പ്രയോക്താക്കളാവുക അസാധ്യം. കാരണം നബി(സ)യെ അനുസരിക്കൽ അല്ലാഹുവിനുള്ള അനുസരണമായാണ് ഖുർആൻ പഠിപ്പിക്കുന്നത്. (3: 133).
സുന്നത്തിന്റെ പ്രാമാണികത
മുസ്ലിം സമൂഹത്തിന്റെ ഉപരിസൂചിത വിഷയത്തിലുള്ള സുന്നത്ത് വിധേയത്വം മുതലെടുത്ത് പക്ഷേ ഏറ്റവും വ്യാജനിർമ്മിത ഹദീസുകൾ മാർക്കറ്റിൽ സ്ഥാനം പിടിച്ചു. "എന്റെ പേരിൽ കള്ളം പറഞ്ഞാൽ നരകത്തിലെ സീറ്റ് റിസർവ്വ് ചെയ്യട്ടെ" എന്നു പഠിപ്പിച്ച ആ പ്രവാചകന്റെ പേരിൽ ലക്ഷക്കണക്കിന് കള്ളനാണയങ്ങളാണ് സനാദിഖ് നിരീശ്വരവാദികളായ/ ഇസ്ലാം വിരുദ്ധർ മനഃപൂർവ്വം കെട്ടിച്ചമച്ചത്. ഇക്കാലത്തും ഇസ്ലാമിനെ ട്രോളാൻ സർക്കസ് രീതിയിൽ ഡിങ്കമതക്കാർ ഉപയോഗിക്കുന്നവയിലധികവും ഇത്തരം 'കുന്ദംകുളം' സൃഷ്ടികളാണ്. ആയതിനാൽ ഇബ്നുൽ ജൗസി പറഞ്ഞ ഒരു വാചകം ഇവിടെ ഉദ്ധരിക്കുന്നത് സംഗതമാവുമെന്ന് വിശ്വസിക്കുന്നു.
"ബുദ്ധി, പ്രമാണം, അടിസ്ഥാനം എന്നിവക്ക് വിരുദ്ധമാണെങ്കിൽ അവ വ്യാജനിർമിതമാണെന്ന് മനസ്സിലാക്കുക എന്നാണ് ആ പറഞ്ഞതിനർത്ഥം." ഇബ്നു തൈമിയ്യ പറഞ്ഞ ഒരു വാചകം ഇതിനോട് ചേർത്ത് വായിച്ചാൽ ചിത്രം കൂടുതൽ വ്യക്തമാവും.
പ്രകടബുദ്ധിക്കെതിരാവുന്നത് വ്യാജമാണെന്നാണ് ആ വാചകത്തിന്റെ ശരാശരി മലയാളിക്ക് തിരിയുന്ന പരാവർത്തനം. ഈയടിസ്ഥാനത്തിൽ ആധികാരിക ഹദീസ് ഗ്രന്ഥങ്ങൾ പരതിയാൽ നാം പരിചയിച്ച് പോന്ന സ്വിഹാഹുസ്സ്വിത്ത എന്ന പ്രയോഗത്തെ ആറു ഗ്രന്ഥങ്ങൾ എന്ന അർത്ഥത്തിൽ അൽകുതുബിസ്സിത്ത എന്നോ നിവേദന ഗ്രന്ഥങ്ങൾ എന്നയർത്ഥത്തിൽ കുതുബ്ർരിവായത്ത് എന്നോ വിളിക്കേണ്ടി വരും. അഖ്ൽ/ നഖ്ൽ/ അസ്വൽ എന്ന മാച്ചിംഗ് പോയിന്റുകളിൽ ക്രോസ് മാച്ചിംഗ് ചെയ്താൽ തീരാവുന്നതേയുള്ളൂ. മുസ്ലിം സംഘടനകളിലെ സംഘട്ടനങ്ങൾ എന്ന് പലപ്പോഴും തമാശയായി പറയാറുള്ളത് ആനുഷികമായി സൂചിപ്പിക്കട്ടെ.
എല്ലാ ഹദീസുകളും സ്വീകാര്യമോ?
നബി(സ) വെറും മതോപദേഷ്ടാവ് മാത്രമായിരുന്നില്ല. പ്രത്യുത ആ നാട്ടിലെ ജനകീയ വിഷയങ്ങളിലെല്ലാം ഇടപെടേണ്ടിവരുന്ന നേതാവും കൂടിയായിരുന്നു. അദ്ദേഹം വിഷയത്തിന്റെ ഗൗരവവും തെര്യപ്പെടുത്താൻ ശക്തമായ ഭാഷ ഉപയോഗിക്കേണ്ടി വരും. അതങ്ങനെ തന്നെ അണ്ണാക്കു തൊടാതെ വിഴുങ്ങാൻ അദ്ദേഹം പോലും ഉദ്ദേശിച്ചിട്ടുണ്ടാവില്ല.
ഉദാ. മുആവിയ്യ(റ)ൽ നിന്ന് നിവേദനം. 'കള്ള് കുടിച്ചവനെ അടിക്കുവിൻ, നാലാം തവണയും അത് ആവർത്തിച്ചാൽ അവനെ കൊന്ന് കളയുവിൻ.'
ഈ ഹദീസ് സ്വഹീഹാണെന്ന് പറയുന്നവർ തന്നെ പറയുന്നു ഇത് മൻസൂഖാണെന്ന്. എങ്കിൽ ആ ഹദീസിന്റെ നാസിഖ് എവിടെ എന്ന ചോദ്യത്തിന് മൗനമാണ് അവരുടെ മറുപടി. ഈ ആവശ്യാർത്ഥം ദൗസ, ഇബ്നു ശഹീൻ, ഹമദാനി, ഇസ്ബഹാനി, ഇബ്നുസലാമി, ഹാസിമി, ഇബ്നുൽ ജൗസി എന്നിവരുടെ നസ്ഖിനെ കുറിച്ചെഴുതിയ ഗ്രന്ഥങ്ങൾ മുഴുവൻ പരതിയിട്ടും ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല.
മറ്റൊരുദാഹരണമാണ്, "മുസ്ലിം നിഷേധിയെയോ നിഷേധി മുസ്ലിമിനെയോ അനന്തരമെടുക്കുകയില്ല" എന്ന ഹദീസ്. ഇതേ ആശയം ബുഖാരി, മുസ്ലിം, അബൂദാവൂദ്, അഹ്മദ് എന്നിവർ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ "ഇസ്ലാം വർദ്ധിപ്പിക്കുകയാണ്, കുറയ്ക്കുകയല്ല" എന്നും "ഇസ്ലാം ഉയരും, അതിനു മീതെ മറ്റൊന്നും ഉയരുകയില്ല" എന്നൊക്കെയർത്ഥം വരുന്ന ഹദീസുകൾ അനുസരിച്ചാണ് ഇസ്ലാമിക ലോകത്തെ പ്രവർത്തന പാരമ്പര്യമെന്നാണ് ഇബ്നുൽ ഖയ്യിം തന്റെ ഗുരുവായ ഇബ്നുതൈമിയയിൽ നിന്നുമുദ്ധരിക്കുന്നത് (അഹ്കാമു അഹ്ലിദ്ദിമ്മ 462-465).
(അഥവാ മദ്യപനെ കൊന്ന ചരിത്രമോ മുസ്ലിമായ മകൻ മുസ്ലിമല്ലാത്ത പിതാവിനെ അനന്തരമെടുക്കാത്ത ചരിത്രമോ ഇസ്ലാമിക ലോകത്തിന് അന്യമാണ് എന്നർത്ഥം)
ഹദീസ് നിദാനശാസ്ത്രത്തിലെ തർജീഹ്, തൗഖീഫ്, തസാഖുത്വ്, തഖ്യീർ എന്നീ ചർച്ചകളെല്ലാം നസ്ഖ് പോലെ തന്നെ ഹദീസുകൾ സ്വീകരണ - നിരാകരണ രംഗത്തെ ഊന്നലുകളെയാണ് കുറിക്കുന്നത്. അവയെക്കുറിച്ച് വിശദമായി നമുക്ക് മറ്റൊരിക്കൽ സംവദിക്കാം. ഇ.അ.
ഹദീസുകളുടെ അക്ഷരവായന
പ്രമാണങ്ങളെ എങ്ങനെയാണ് വായിക്കേണ്ടത് എന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചർച്ചയാണ്. ളാഹിരീ ചിന്താധാര അക്ഷരവായനയെ പ്രോത്സാഹിപ്പിക്കുമ്പോൾ ആശയവും ഉദ്ദേശ്യവുമാണ് പരിഗണിക്കപ്പെടേണ്ടത് എന്ന ശക്തമായ 'റഅ്യ്' വാദവും നിലവിലുണ്ട്. 'ഹദീസ് ബനീ ഖുറൈള' എന്ന സുപ്രസിദ്ധ ഹദീസാണ്, രണ്ടുകൂട്ടരുടെയും തെലിവ്. ത്വാഹാ ജാബിർ ഉൽവാനിയെ പോലെയുള്ള ആധുനിക പണ്ഡിതൻ ഫിഖ്ഹുൽ ഇഖ്തിലാഫ് (അഭിപ്രായ വൈജാത്യങ്ങളുടെ കർമ്മശാസ്ത്രം) വികസിപ്പിച്ചെടുത്തത് ഈ ഹദീസിന്റെ ഭൂമികയിലാണ്. അൽ ഉമൂറി ബി ഖാസ്വിദിഹാ (കാര്യങ്ങൾ അവയുടെ ഉദ്ദേശ്യങ്ങൾ പരിഗണിച്ചാവണം) എന്ന നിദാനശാസ്ത്ര തത്വം പരിഗണിക്കുമ്പോഴാണ് പ്രമാണങ്ങളിലെ അക്ഷരവായനയിൽ നിന്നും നമുക്ക് മോചിതരാവാൻ കഴിയൂവെന്നതിന് ചില ഉദാഹരണങ്ങൾ.
1) കന്യകയുടെ സമ്മതം: കന്യകയുടെ കല്യാണ വിഷയത്തിൽ അവളുടെ അനുമതി വാങ്ങണം. അവൾ മൗനമവലംബിക്കലാണ് സമ്മതം (ബു. 5135/ മു. 1419). അവളെങ്ങാനും എനിക്കത് സമ്മതമായി എന്ന് പറഞ്ഞാൽ ആ വിവാഹം നടക്കാൻ പാടില്ല എന്നാണ് ള്വാഹിരീ വീക്ഷണം. കാരണം അവൾ മൗനം ലംഘിച്ചല്ലോ.
2) പല്ലുതേക്കൽ - അറാക്കിന്റെ കറുത്ത കൊള്ളി വേണം. അതാണ് കൂടുതൽ സുഗന്ധം (ബു. 3225). അതായത് പല്ലുതേക്കൽ സുന്നത്താവണമെങ്കിൽ അറാക്കിന്റെ മണമുള്ള കറുത്ത കൊള്ളി വേണ്ടി വരും. നല്ലയിനം അറാക്ക് ലഭിക്കാൻ അപ്പോൾ ഇറാഖിൽ തന്നെ പോവേണ്ടി വരും. മാർക്കറ്റിൽ ലഭ്യമായ ബ്രഷോ പേസ്റ്റോ സുന്നത്തിനെതിരാവും.
3) ഫിത്വർ സക്കാത്ത്: ഈത്തപ്പഴം, ബാർളി, പാൽക്കട്ടി, ഉണക്കമുന്തിരി ഇവയിലേതെങ്കിലും ഒന്ന് ഒരു സ്വാഅ് (ബു. 1435) എന്ന പ്രമാണത്തിന്റെ അക്ഷരം വായിച്ചാൽ നമുക്ക് ആ ഇനത്തിൽ ഒരാൾക്ക് ആയിരങ്ങൾ പൊടിക്കേണ്ടി വരും. അന്നേദിവസം ദരിദ്രർ അങ്ങാടിയിൽ കറങ്ങാതിരിക്കട്ടെ, നോമ്പുകാരന്റെ നോമ്പിൽ വന്നിരിക്കാൻ സാധ്യതയുള്ള പിഴവുകളുടെ പരിഹാരമാവട്ടെ എന്നീ പ്രമാണങ്ങൾ കൂടി ചേർത്തു വായിച്ചില്ലെങ്കിൽ തീരെ പ്രായോഗികമല്ലാത്ത രോദനമായി നമ്മുടെ സകാത്തുൽ ഫിത്വർ മാറും.
4) മാസം കാണുക: മാസം കണ്ട് വേണം നോമ്പ് പിടിക്കുവാനും പെരുന്നാളാഘോഷിക്കുവാനം (മു. 1887) എന്ന ഹദീസ് അക്ഷരങ്ങളിൽ സ്വീകരിച്ചാൽ കണ്ടവർക്കേ നോമ്പെടുക്കേണ്ടി വരൂ. കണ്ടവരെല്ലാം (രോഗി/ യാത്രക്കാരുൾപ്പെടെ) എടുക്കേണ്ടി വരും. കാണാത്തവർക്ക് അഥവാ അന്ധർക്ക് ഇതൊന്നും ബാധകമാവുകയുമില്ല. മുആദല്ലാഹ്.
ഇത്തരത്തിൽ ഈ വിഷയകമായി ഒരുപാടുണ്ട്. ഗവേഷണ താൽപര്യമുള്ളവർ തുടർവായനക്ക് ഡോ. ജാസിർ ഔദയുടെ ഫിഖ്ഹുൽ മഖാസ്വിദ് വായിക്കുക.
ഹദീസുകളിലെ പാരായണ ഭേദങ്ങൾ: ഖുർആനിലെ ഏഴ്
പാരായണ ഭേദങ്ങളെ അംഗീകരിക്കുന്നവർ പോലും കാണാതെ പോവുന്ന ഒന്നാണ് ഹദീസുകളിലെ പാരായണ ഭേദങ്ങൾ (തസ്ഹീഫ്). ഹദീസുകൾക്ക് ഒന്നിൽ കൂടുതൽ വായനകൾ സാധ്യമാണെന്നും അതുകൊണ്ട് തന്നെ വൈജാത്യങ്ങളെ ഉൾക്കൊള്ളാൻ നമുക്ക് കഴിയേണ്ടതാണെന്നും ചുരുങ്ങിയത് പ്രബോധകരെങ്കിലും മനസ്സിലാക്കിയേ മതിയാവൂ. നിവേദകന്മാരുടെ പേരുകളുടെ അക്ഷരങ്ങൾ മാറിവരുന്നത് പൊതുവെ എല്ലാവരും അംഗീകരിക്കുമെങ്കിലും ഹദീസിലെ പദങ്ങൾ നാം ശീലിച്ചതിന് എതിരാണെങ്കിൽ ശാദ്ദ് (കൂട്ടത്തിൽ കൂടാത്ത) ചാപ്പകുത്തി മാറ്റിവെക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാവൂ. അതിലേക്കാവശ്യമയാ ചില സൂചനകൾ മാത്രം നൽകുന്നു.
1. ശവ്വാലിലെ സുന്നത്ത് നോമ്പ്
റമദാൻ നോമ്പ് നോറ്റ ശേഷം ശവ്വാലിലെ ആറ് നോമ്പ് തുടർന്ന് നോറ്റാൽ കാലം/ വർഷം മുഴുവൻ നോമ്പു നോറ്റവനെപ്പോലെയാണെന്ന ഹദീസ് (മു. 1164) പക്ഷേ സിത്തൻ (ആറ്) എന്നതിന് പകരം ചില രേഖകളിൽ ശൈഅൻ എന്നാണുള്ളത്. അറബിഭാഷയ്ക്ക് ആദ്യകാലത്ത് കുത്തും കോമയും ഹറകത്തുകളൊന്നുമുണ്ടായിരുന്നില്ലയെന്നതും അലി(റ)ന്റെ കാലത്ത് അബുൽ അസ്മദ് ദുഅവി എന്ന ഗവർണറാണ് ആ മഹാദൗത്യം ആരംഭിച്ചത് എന്ന് വായനക്കാർ മറന്നു കൂടാത്തതാണ്.
2. കൈകെട്ടൽ
നമസ്കാരത്തിൽ നബി(സ) വലതുകൈ ഇടതുകൈയിൽ വെച്ച് നെഞ്ചത്ത് വെച്ചു. (ദ. 723) ഇതിൽ നെഞ്ചത്ത് (അലാസ്വദ്റിഹി) എന്നതിന് പകരം ചില രേഖകളിൽ (അലഹാദിഹി) എന്നാണ് കാണുന്നത്. നസാഈയും അഹ്മദും ഉദ്ധരിക്കുന്ന ഹദീസിൽ അലാസ്വദ്റിഹി എന്നെയില്ല. റിപ്പോർട്ട് ചെയ്ത വാഇൽ പ്രമുഖ സ്വഹാബിയല്ലെന്നും പ്രമുഖ സ്വഹാബിയും നബിയുടെ മരുമകനും നാലാം ഖലീഫയുമായ അലി(റ)യുടെ റിപ്പോർട്ടിനുള്ള പ്രശ്നങ്ങളെല്ലാം ഹദീസ് ബലാബലത്തിൽ വാഇലിന്റെ ഹദീസിനുമുണ്ടെന്നുമാണ് നിരീക്ഷണം. ആയതിനാൽ ഈ അഭിപ്രായ വ്യത്യാസ വൈജാത്യം (തഫർറുഅ്)ന്റേതാണ് എന്നാണ് സിറിയൻ പണ്ഡിതരുടെ നിരീക്ഷണം.
3. പള്ളിയിൽ ഹിജാമ
നബി(സ) തന്റെ പള്ളിയിൽ ഒരു പായ വിരിച്ചു കൊമ്പുവെച്ചു. (അ. 21648). എന്നാൽ ഇഹ്തജറ എന്നാണ് ശരിയായ വായനയെന്നും നിവേദകരിൽ ഒരാൾ അതിലെ 'റാഇനെ മീം' എന്ന് വായിച്ചിടത്ത് നിന്നാണ് ഈ ആശയക്കുഴപ്പം ഉടലെടുത്തത്. അത് വളർന്ന് ഹിജാമ പരിപാടി പള്ളിയിലാണ് സുന്നത്ത് എന്നുവരെയുള്ള അതിവാദങ്ങൾ അക്ഷരപൂജകർക്കിടയിൽ ഉടലെടുക്കുകയുണ്ടായിട്ടുണ്ട്.
അസ്കരി, സുയൂത്വി, ഹസൻ അൽ ബസ്വരി, ദാറുഖുത്നീ, ഖത്വാബി, ഖൈറുവാനീ, മൗസ്വിലീ എന്നീ പണ്ഡിതർക്ക് ഈ വിഷയ സംബന്ധിയായ ഗ്രന്ഥങ്ങൾ ഉണ്ട്. അവയുടെ വിഷയം തന്നെ ഹദീസുകളാൽ വന്ന തസ്വ്ഹീഹുകളാണ്.
വിരുദ്ധങ്ങളായ
ഹദീസുകൾ
പ്രത്യക്ഷത്തിൽ തന്നെ വിരുദ്ധങ്ങളായ ഹദീസുകൾ ഇമാം തിർമിദി തന്റെ സുനനിൽ അടുത്തടുത്ത അധ്യായങ്ങളിൽ എമ്പാടും ഉദ്ധരിക്കുന്നുണ്ട്.
ഉദാ. മലമൂത്ര വിസർജ്ജനവേളയിൽ ഖിബ്ലക്ക് മുന്നിടുകയോ പിന്നിടുകയോ ചെയ്യരുത്. പ്രത്യുത, കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക.
എന്നാൽ നബി ഖിബ്ലക്ക് അഭിമുഖമായി ചെയ്യുന്നത് കണ്ടുവെന്നു വളരെ പ്രബലമായ ഹദീസെന്ന് തിർമിദി തന്നെ സർട്ടിഫൈ ചെയ്ത ജാബിറി(റ)ന്റെ ഹദീസിലുണ്ട്. എന്നാൽ ഇത് നബി(സ)ക്ക് മാത്രം പ്രത്യേകമാണ് എന്നാണ് നമ്മുടെ കർമ്മശാസ്ത്ര വിശാരദർ ന്യായീകരിക്കാറുള്ളത്. ഒന്നാമത്തേത് നിയമവശവും രണ്ടാമത്തേത് പ്രായോഗികതയുടെ മതാധ്യാപനവും എന്ന് കണ്ടാൽ പ്രശ്നം തീർന്നു.
2. ഒരു സമൂഹത്തിന്റെ കുപ്പയിടുന്ന സ്ഥലത്തെത്തിയപ്പോൾ നബി(സ) നിന്ന് മൂത്രമൊഴിച്ചുവെന്ന് യാത്രയിൽ കൂടെയുണ്ടായിരുന്ന ഹുദൈഫ(റ) പറയുമ്പോൾ നബി(സ) ഇരുന്നേ മൂത്രമൊഴിക്കാറുണ്ടായിരുന്നുള്ളൂവെന്ന ഹദീസും വിരുദ്ധങ്ങളല്ല; ആദ്യത്തേത് എപ്പോഴോ അനിവാര്യ സാഹചര്യത്തിൽ സംഭവിച്ചതും രണ്ടാമത്തേത് നബി(സ)യുടെ തിരുചര്യയുമെന്നേ മനസ്സിലാക്കേണ്ടതുള്ളൂ.
3. വുളുവിൽ ഓരോ തവണ എന്നും ഈ രണ്ടു തവണ എന്നും മുമ്മൂന്ന് തവണയെന്നും ഒന്നും രണ്ടും മൂന്നും വീതം ഒന്നും ചില അവയവങ്ങൾ മൂന്നു തവണയെന്നുമെല്ലാം വ്യത്യസ്ത രൂപത്തിൽ വന്നിട്ടുള്ളത് സമയത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയനുസരിച്ചായിരുന്നു എന്നു മനസ്സിലാക്കലാണുചിതം.
4. വെള്ളം ശുദ്ധമാണ് അതിനെ യാതൊന്നും മലിനമാക്കുകയില്ല എന്ന് പറഞ്ഞ നബി തന്നെ വെള്ളം രണ്ടു ഖുല്ലത്തുണ്ടെങ്കിൽ അത് മലിനമായിത്തീരുകയില്ല എന്ന് പഠിപ്പിച്ചതിൽ നിന്നും ആ വെള്ളത്തിന്റെ പരിണാമം പഠിപ്പിക്കുകയായിരുന്നു രണ്ടാമത്തേതിൽ എന്നു വേണം മനസ്സിലാക്കേണ്ടത്.
5. തീയിൽ വെന്തത് കഴിച്ചാൽ വുളൂഅ് ചെയ്യണമെന്ന അബൂഹുറൈറ(റ) നിവേദനം ചെയ്ത ഹദീസിനെ ഇബ്നു അബ്ബാസും(റ) ജാബിറും(റ) ഉദാഹരണ സഹിതം ചോദ്യം ചെയ്തിട്ടുണ്ട്. നബി പാൽ കുടിച്ചതിന് ശേഷം വായ കൊപ്ലിച്ച സംഭവമാണ് ഇബ്നു അബ്ബാസ്(റ) പറഞ്ഞതെങ്കിൽ ആട്ടിറച്ചി തിന്നതിന് ശേഷം വുളൂ ചെയ്യാതെ അസ്വർ നമസ്കരിച്ചതാണ് ജാബിർ(റ) തെളിവ് പറഞ്ഞത്. ഈ സംഭവങ്ങളെയും നബി(സ)ക്ക് മാത്രം പ്രത്യേകമായത് എന്ന് വ്യാഖ്യാനിക്കാൻ സമുദായത്തിൽ ആളുകളുണ്ട്.
സുനനുത്തിർമിദിയിലെ ശു ദ്ധി എന്ന അധ്യായത്തിലെ ചില ഹദീസുകൾ ഉദ്ധരിച്ചുവെന്നു മാത്രം. ഹദീസുകളിൽ കാണുന്ന ഈ തആറുള്വ് (വൈരുദ്ധ്യങ്ങൾ) പക്ഷേ പ്രമാണങ്ങളെ വായിക്കേണ്ട രീതിയിൽ വായിച്ചാൽ മനസ്സിലാക്കാൻ പ്രയാസമില്ല.
സ്ത്രീവിരുദ്ധമായി വ്യാഖ്യാ- നിക്കപ്പെടുന്ന ഹദീസുകൾ
നബി(സ) ഭൂമിയിൽ ഏറ്റവും സ്നേഹിച്ചിരുന്നതും ബഹുമാനിച്ചിരുന്നതും സ്ത്രീകളെയും കുട്ടികളെയുമായിരുന്നുവെന്ന് ഹദീസുകളിൽ നിന്ന് വ്യക്തമാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു സംഘത്തിന്റെയടുത്ത് കൂടെ നടന്നു പോയപ്പോൾ "നിങ്ങളാണ് എന്റെ ഏറ്റവും പ്രിയർ" (ബു. 1484) എന്നാൽ അതേ നബി(സ)ക്ക് ചേർത്ത് ചില വർത്തമാനങ്ങൾ വന്നിരിക്കുന്നതിന്റെ നിജസ്ഥിതി ഒന്നറിയൽ നന്നാവും.
1. സ്ത്രീ മുന്നിലൂടെ നടന്നാൽ നമസ്കാരം മുറിയും: ഇബ്നു ഉമർ(റ) സ്ത്രീ, നായ, കഴുത എന്നിവ മുന്നിലൂടെ നടന്നാൽ നമസ്കാരം മുറിയുമെന്ന നിവേദനം പ്രവാചകപത്നിയായ ആയിശ(റ) തന്നെ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്.
നിങ്ങളെന്താ ഞങ്ങളെ നായയോടും കഴുതയോടും തുല്യമായി കാണുന്നുവോ? (ബു. 303)
2. ദുഃശ്ശകുനം മൂന്നെണ്ണത്തിലാണ്. വനിത, വാഹനം, വസതി (ബു. 2858). ഇത് നബി(സ) തന്റെ അഭിപ്രായമായി പറഞ്ഞതല്ലെന്നും സ്ത്രീകളെ ചൊടിപ്പിക്കാൻ പൊതുവെ ജാഹിലിയ്യ സമൂഹത്തിലുള്ളവർ പറയാറുണ്ടായിരുന്നുവെന്നേ ഇ തിനർത്ഥമുള്ളൂവെന്നാണ് ആ യിശ(റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്നത്. നമ്മുടെ പ്രഭാഷകരും പലപ്പോഴും ഉദ്ധരിക്കുന്ന ഒരു കവിതാ ശകലമാണല്ലോ "കനകം മൂലം കാമിനി മൂലം..." "നാരികൾ നാരികൾ, വിശ്വവിപത്തിൻ...." എന്നിവ. അത്രയേ ആ പറഞ്ഞതിന് അർത്ഥമുള്ളൂ. ഒരു മനുഷ്യന്റെ സൗഭാഗ്യമായി നബി(സ) പഠിപ്പിച്ച നാല് കാര്യങ്ങൾ വനിത, വസതി, അയൽവാസി, വാഹനം എന്ന അഹ്മദ്, ഹാക്കിം എന്നിവർ ഉദ്ധരിച്ച ഹദീസ് സ്വഹീഹാണെന്ന് അൽബാനി സാക്ഷ്യപ്പെടുത്തുന്നു. (887).
3. പുരുഷന്മാർക്ക് സ്ത്രീകളെ പോലെ ഒരു പരീക്ഷണമില്ല. (ബു. 5096, മു. 2097) സ്ത്രീകൾ മാത്രമാണ് പരീക്ഷണം എന്നതല്ല സ്ത്രീകളെക്കൊണ്ടുള്ള പരീക്ഷണം കൂടുതലാണ് എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. സ്ഥിരമായി പത്രം വായിക്കുന്ന ആർക്കും ഈ പ്രസ്താവനയിൽ യാതൊരു സംശയവുമുണ്ടാവില്ല. ഖുർആനിൽ സൂറ. തഗ്വാബുൻ 14-ാം സൂക്തത്തിലും സൂറ. അൻഫാൽ 28-ാം സൂക്തത്തിലും യഥാക്രമം ശത്രു (അദുവ്വ്) പരീക്ഷണം (ഫിത്ന) എന്നേ ഹദീസിൽ വന്ന ഫിത്നക്ക് അർത്ഥമുള്ളൂ. മക്കളും ഭാര്യമാരും പരീക്ഷണങ്ങളായ എത്രയോ പുരുഷകേസരികളെ നമുക്ക് പരിചയമുണ്ട്.
4. സ്ത്രീ വളഞ്ഞ വാരിയെല്ലിൽ നിന്നാണ് സൃഷ്ടിക്കപ്പട്ടത്. (ബു. 1772). ഈ പരാമൃഷ്ട വളവ് അവരുടെ വെളവല്ല. പ്രത്യുത അവരുടെ സൃഷ്ടിപ്പിന്റെ സൗന്ദര്യമാണത്. തത്തയുടെ സൗന്ദര്യം അതിന്റെ വളഞ്ഞ കൊക്കാണ്. പഴയ തറവാടുകളിൽ സൗന്ദര്യ വിളക്കുകൾ തൂക്കിയിടുന്ന ഹൂക്ക് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ. കുടുംബമാവുന്ന ഈ വിളക്ക് തൂക്കിയിട്ടിരിക്കുന്ന കൊളുത്താണ് ആ വളവ്. അതിനെ നേരെയാക്കൽ അതിനെ പൊട്ടിച്ചു കളയും.
5. ബുദ്ധിയും മതവും കുറഞ്ഞവർ. (ബു. 203, മു. 86). മുസ്ലിം സ്ത്രീയെ ക്രൂശിക്കാൻ ഓറിയന്റലിസ്റ്റുകളും മറ്റും ഏറ്റവും കൂടുതൽ ഉപയോഗിക്കാറള്ള ഒരു കച്ചിത്തുരുമ്പാണ് ഈ ഹദീസ്. ആർത്തവകാലത്ത് സ്ത്രീകളനുഭവിക്കുന്ന മനോവിഷമവും വിഷാദവും മനസ്സിലാക്കാത്ത ഫെമിനിസ്റ്റുകളാണ് ഇത്തരം ഹദീസുകൾക്കെതിരെ മുദ്രാവാക്യം മുഴക്കാറ്. യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ഈ പിരീഡിൽ അവർക്ക് പരീക്ഷകൾ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ അനുവദിച്ചു കൊടുക്കാറുണ്ട്. ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ മെൻസസ് ലീവ് എന്ന ശമ്പളത്തോടെയുള്ള ലീവ് എല്ലാ ഋതുമതികൾക്കുമുണ്ട്. അഥവാ ഇക്കാലത്ത് സ്ത്രീകൾ ശാരീരികമായും വൈകാരികമായും വിഷാദത്തിലാവുന്നതിനാലാണ് അവർക്ക് ആരാധനകളിൽ പോലും ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഈ ഇളവില്ലാത്ത പെണ്ണുങ്ങൾ ഏതായാലും ഈ പ്രസ്താവനക്കപവാദമാണല്ലോ?!
6. സ്ത്രീ അധികാരത്തിൽ വന്ന സമൂഹം വിജയിക്കില്ല. (ബു. 2456). കോൺടെക്സ്റ്റുകൾ (സന്ദർഭങ്ങൾ) മനസ്സിലാവാതെ ടെക്സ്റ്റുകൾ (പ്രമാണങ്ങൾ) വായിക്കുന്നതിന്റെ ഉദാഹരണമാണ് ഈ ഹദീസ്. കിസ്റാ രാജാവ് മരിച്ച് മക്കൾ തമ്മിൽ ആഭ്യന്തര കലഹമുടലെടുത്തു. കൂട്ടത്തിൽ നാവിക ശേഷിയുണ്ടായിരുന്ന പെണ്ണൊരുത്തി ബൂറാൻ അധികാരം പിടിച്ചടക്കി. ആ രാജ്ഞി അധികം നാടുവാഴില്ല എന്നാണ് നബി(സ) ആ പറഞ്ഞതിന്റെ സാരം. നബി പ്രവചിച്ചത് പോലെ അധികം കഴിയും മുമ്പേ ആ സാമ്രാജ്യം അടിച്ചുപിരിഞ്ഞു. ക്രിസ്തുവർഷം 628-632ലാണ് സംഭവം. സ്ത്രീക്ക് ഇമാമത്തുൽ ഉള്മയല്ലാത്ത എന്തുത്തരവാദിത്തവും വഹിക്കാമെന്നാണ് ഇമാം അബൂഹനീഫ മുതൽ ഇബ്നു ഹസം വരെയുള്ള പണ്ഡിതന്മാരുടെ നിലപാട്. സ്ത്രീ അവളുടെ വീട്ടിലെ ഭരണാധികാരി (ബു. 853) യാണ് എന്ന് നബി(സ) പഠിപ്പിക്കുന്നത് തന്നെ അവരുടെ തെളിവ്. ഇംഗ്ലണ്ടിലെ വിക്ടോറിയയും ഇസ്രായേലിലെ ഗ്ലേലിഡ് മേയറും ഇന്ത്യയിലെ ഇന്ദിരാഗാന്ധിയും ചരിത്രത്തിലെ ബൽഖീസിനെ അനുസ്മരിപ്പിച്ച മഹിളാരത്നങ്ങളായിരുന്നു.
സ്ത്രീക്ക് പള്ളിയും പള്ളിക്കൂടവും കൊട്ടിയടക്കുന്നവർ പറയാറുള്ള ഒരായത്താണ് ആയത്തുൽ ഹിജാബ്. ഏതാണത് എന്നതിൽ പക്ഷേ അവർക്കു പോലും യോജിപ്പില്ല. ആ ആയത്തിന് ശംഷം സ്ത്രീകളാരും പള്ളിയിൽ പോയിട്ടില്ല എന്നു തോന്നും അവരുടെ വർത്തമാനം കേട്ടാൽ. സ്ത്രീ പള്ളി പ്രവേശവുമായി ബന്ധപ്പെട്ട ഹദീസിൽ "അവരുടെ വീടാണ് അവർക്കുത്തമം" എന്ന പരാമർശം ഇദ്റാജിന്റെ ഉദാഹരണമായി നിവേദകൻ ഇബ്നു ഖുസൈമ ചേർത്തതാണ്.
സ്ത്രീക്ക് സാക്ഷ്യം പാടില്ല, അവളെ പുറത്തിറക്കുന്നവൻ ദയൂസ് (കൂട്ടികൊടുപ്പുകാരൻ), അവൾ ജോലിക്കിറങ്ങരുത് എന്നിവയെല്ലാം നാവുകളിൽ കറങ്ങി നടക്കുന്ന ചില 'കുന്ദംകുളം' ഹദീസുകളാണ്. നബി(സ)യുടെ പ്രിയ പത്നി സൈനബ് കൈത്തറി വസ്തുക്കൾ ഉണ്ടാക്കി വിറ്റു കിട്ടുന്ന വരുമാനം സ്വദഖ ചെയ്തിരുന്നതും തനി പരിവ്രാജക ജീവിതം നയിച്ചിരുന്ന ഇബ്നു മസ്ഊദി(റ)ന്റെ ഭാര്യ അധ്വാനിച്ച് വീട്ടിൽ അടുപ്പുകത്തിച്ചതും ഇദ്ദയിലുള്ള സ്ത്രീക്ക് കാരക്ക പറിക്കാൻ പോവാനുള്ള അനുമതി നബി(സ) നേരിട്ട് വാങ്ങിയതും ഉമർ(റ) തന്റെ പുത്രി ഹഫ്സ്വയെ പഠിപ്പിക്കാൻ വന്നിരുന്ന സ്ത്രീ ശിഫാക്ക് കൂലി കൊടുത്തതും മാർക്കറ്റിലെ നിരീക്ഷണത്തിന് ആ മഹതിയെ തന്നെ ഏൽപ്പിച്ചതുമെല്ലാം ഹദീസ് ചരിത്രഗ്രന്ഥങ്ങളിൽ നിറഞ്ഞ് നിൽക്കുമ്പോഴും സ്ത്രീ പുറത്തിറങ്ങാൻ പാടില്ലെന്ന് ഉദ്യോഗം നിർവഹിക്കാൻ പാടില്ലെന്നുമെല്ലാം വാദിക്കുവാൻ വിവരക്കേടു മാത്രം പോര; നല്ല തൊലിക്കട്ടിയും വേണം.
Back to INDEX
027 ജീർണതയിലും തീവ്രതയിലും തകരുന്ന സമുദായം! - ശംസുദ്ദീൻ പാലക്കോട്
പറയാനും കേൾക്കാനും സുഖമുള്ള, വായിച്ചാൽ രോമാഞ്ചമുണ്ടാകുന്ന കുറെ സ്ഥാനപദവികൾ പ്രമാണബദ്ധമായി ചാർത്തപ്പെട്ട ഒരു അനുഗ്രഹീത സമുദായമാണ് മുസ്ലിം സമുദായം. ഉത്തമസമുദായം (ഖുർആൻ 3/110), മാതൃകാസമുദായം (2/143), ഉന്നതർ (3/139), മാതൃകാ വ്യക്തിത്വത്തിനുടമകൾ (25/74), ആശങ്കയും ഉൽകണ്ഠയും അനുഭവിക്കാത്ത സമൂഹം (3/139), നിർഭയത്വം മുഖമുദ്രയാക്കിയ സമൂഹം (6/82) എന്നീ ഖുർആനിക വിശേഷണങ്ങൾ ഉദാഹരണം. വിശുദ്ധ ഖുർആൻ മുസ്ലിം ഉമ്മത്തിനെപ്പറ്റി അവരോടും ലോകത്തോടും പരിചയപ്പെടുത്തുകയും ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന പ്രമാണവചനങ്ങൾ താഴെ ഉദ്ധരിക്കാം:"മനുഷ്യവംശത്തിന് വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ നന്മ കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നു. സത്യവിശ്വാസം ഉൾക്കൊള്ളുകയും ചെയ്യുന്നു." (ഖുർആൻ ആലുഇംറാൻ 110).
"അപ്രകാരം നാം നിങ്ങളെ ഒരുത്തമ സമുദായമാക്കായിരിക്കുന്നു. നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുന്നതിനും റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി." (ഖുർആൻ അൽബഖറ 143).
"നിങ്ങൾ ദൗർബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ തന്നെയാണ് ഉന്നതന്മാർ, നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ." (ആലുഇംറാൻ 139).
"(അവർ അഥവാ സത്യവിശ്വാസികൾ) ഇങ്ങനെ പ്രാർത്ഥിക്കുന്നവരായിരിക്കും. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളിൽ നിന്നും ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും ഞങ്ങൾക്ക് നീ കൺകുളിർമ അനുഭവിപ്പിക്കേണമേ. ധർമനിഷ്ഠ പാലിക്കുന്നവർക്ക് ഞങ്ങളെ നീ മാതൃകകളാക്കുകയും ചെയ്യേണമേ." (ഫുർഖാൻ 74).
"വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടിക്കലർത്താതിരിക്കുകയും ചെയ്യുന്നവരാരോ അവർക്കാണ് നിർഭയത്വമുള്ളത്. അവർ തന്നെയാണ് നേർമാർഗ്ഗം പ്രാപിച്ചവർ." (അൽ അൻആം 82).
അല്ലാഹുവിലുള്ള വിശ്വാസം, പരലോക വിശ്വാസം തുടങ്ങിയ ആറ് വിശ്വാസകാര്യങ്ങളും നമസ്കാരം, സക്കാത്ത് തുടങ്ങിയ അഞ്ച് ഇസ്ലാം കാര്യങ്ങളും തത്വത്തിലെങ്കിലും അംഗീകരിച്ചവരാണ് മുസ്ലിം സമുദായത്തിലെ ഏതാണ്ടെല്ലാവരും. ഇങ്ങനെ ഈമാനും ഇസ്ലാമും തത്വത്തിൽ അംഗീകരിക്കുകയും പ്രായോഗിക ജീവിതത്തിൽ ഈ ആദർശധാരയോട് ആഭിമുഖ്യവും പ്രതിബദ്ധതയും പുലർത്തി ജീവിക്കുകയും ചെയ്യാൻ മുസ്ലിം സമുദായത്തിൽ എത്ര പേർ സന്നദ്ധമാകുന്നുണ്ടെന്നതാണ് പ്രസക്തമായ കാര്യം.
ഖുർആൻ ലോകാവസാനം വരെ നിലനിൽക്കുന്ന ദൈവീക വേദഗ്രന്ഥമാണ്. വിശുദ്ധ ഖുർആൻ പറഞ്ഞ കാര്യങ്ങൾ അവാസ്തവമാവുകയോ കാലഹരണപ്പെടുകയോ ചെയ്യുകയില്ല. അപ്പോൾ പിന്നെ മുസ്ലിം സമുദായത്തെപ്പറ്റി വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച ഗുണങ്ങൾ എന്ത് കൊണ്ട് അവരിൽ ഇക്കാലത്ത് കാണപ്പെടുന്നില്ല എന്നത് പ്രത്യേകം ചിന്തയും വിശകലനവും അർഹിക്കുന്ന വിഷയം തന്നെയാണ്. ഇക്കാര്യം ആദർശത്തിന്റെ മൗലികത ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ മുസ്ലിം സമുദായം സത്യസന്ധത പുലർത്തുന്നുണ്ടോ അവഗണനാനയം കൈകൊള്ളുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതു തന്നെയാണ് സമുദായത്തിൽ കാലിക പ്രസക്തിയുള്ള വിശകലന വിഷയമാകേണ്ടത്.
മുകളിൽ ഉദ്ധരിച്ച ആയത്തുകൾ മുൻനിർത്തിത്തന്നെ ഈ വിഷയം നമുക്ക് പരിചിന്തനം നടത്താം. ഖുർആൻ 3: 110ൽ മുസ്ലിം സമുദായത്തെപ്പറ്റി 'ഉത്തമസമുദായം ആകുന്നു നിങ്ങൾ' എന്ന് വിശേഷിപ്പിച്ച വാചകത്തോടൊപ്പം തന്നെ ഉത്തമ സമുദായം എന്ന പദവിക്ക് മുസ്ലിം സമുദായം അർഹമാകുന്നതിന്റെ കാരണവും മൂന്ന് ഉത്തരവാദിത്ത നിർവ്വഹണമായി അല്ലാഹു ഈ സമുദായത്തെ ഓർമ്മപ്പെടുത്തിയതായി കാണാം. നിങ്ങൾ നന്മ ഉപദേശിക്കണം, നിങ്ങൾ തിന്മ വിരോധിക്കണം. നിങ്ങൾ സത്യവിശ്വാസികളായി തന്നെ നിലകൊള്ളണം. ഈ മൂന്ന് കാര്യങ്ങളാണ് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്വമായി ഖുർആൻ ഓർമ്മപ്പെടുത്തുന്നത്. ഈ മൂന്ന് ഉത്തരവാദിത്വങ്ങൾ മുസ്ലിം ഉമ്മത്ത് തിരിച്ചറിഞ്ഞ് നിർവ്വഹിക്കുമ്പോഴാണ് 'ഉത്തമസമുദായം' എന്ന പദവിയിലേക്ക് അവർ ഉയർത്തപ്പെടുകയും ലോകത്തിനും മുസ്ലിം സമുദായത്തിനും അത് അനുഭവവേദ്യമാവുകയും ചെയ്യുക. അഥവാ മുസ്ലിം സമുദായം ഉത്തമ സമുദായം എന്ന ഉന്നത പദവിയിൽ നിന്ന് ജീർണ്ണ സമുദായം എന്ന നിലവാരത്തിലേക്ക് മൂക്കു കുത്തി വീണിട്ടുണ്ടെങ്കിൽ അതിനുത്തരവാദി ഖുർആൻ വചനം തെറ്റിയതല്ല. മുസ്ലിം സമുദായം ശരിയായ നിർദ്ദേശിത വഴിവിട്ട് തെറ്റായ അപചയവഴികളിലേക്ക് സ്വയം മാറി സഞ്ചരിച്ചത് കൊണ്ടാണെന്നത് വ്യക്തം.
'നിങ്ങൾ ഒരു മാതൃകാസമുദായം ആകുന്നു' എന്നാണ് ഖുർആൻ മുസ്ലിം ഉമ്മത്തിനെ വിശേഷിപ്പിച്ച മറ്റൊരു വിശേഷണം (ഉമ്മത്തൻ വസത്വൻ/ മാതൃകാ സമുദായമെന്നോ മധ്യമസമുദായമെന്നോ ഖുർആനികമായി അർത്ഥം പറയാവുന്ന പദമാണ്). നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളാകണം, പ്രവാചകൻ നിങ്ങൾക്ക് സാക്ഷിയായതുപോലെ എന്ന അനുബന്ധ വാചകവും ശ്രദ്ധേയമാണ്. മതത്തിന്റെ വിഷയത്തിൽ യാതൊരു തീവ്രതയോ ജീർണ്ണതയോ സ്വാധീനിക്കാത്ത മാതൃകാജീവിതമായിരുന്നു പ്രവാചകന്റെ 23 വർഷക്കാല ജീവിതം. വിവിധ മതക്കാരും ആദർശക്കാരുമുള്ള ഒരു ബഹുമത സമുദായത്തിൽ ജീവിച്ചപ്പോഴും (മദീനാജീവിതം ഉദാഹരണം) - പ്രവാചകന്റെ ജീവിതം മാതൃകായോഗ്യമായിരുന്നു. അ തുപോലെ ആദർശപരമായ തനിമ നിലനിർത്തിക്കൊണ്ടു തന്നെ ഇതര സമുദായങ്ങൾക്കും സമൂഹങ്ങൾക്കും നല്ല മാതൃകകൾ പകർന്നു നൽകിക്കൊണ്ട് മുസ്ലിംകൾ ജീവിക്കണം. ഈ വിഷയത്തിൽ ഇന്ന് മുസ്ലിം സമുദായം എവിടെ നിൽക്കുന്നു എന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാതൃകാസമുദായത്തിൽ നിന്ന് പാർശ്വവൽകൃത സമുദായത്തിലേക്ക് മുസ്ലിം സമുദായം ഇറക്കപ്പെട്ടതിന്റെ കാരണം! (സംഗീതം കേൾക്കാൻ പോലും അനുവദിക്കാത്ത, അമുസ്ലിമിന്റെ വീട്ടിലെ സൽക്കാരത്തിന് പങ്കെടുക്കാൻ അനുവദിക്കാത്ത ഒരു തരം വരണ്ട ഇസ്ലാമിലേക്ക് മുസ്ലിം സമുദായത്തെ വഴിതിരിച്ച് വിടുന്ന മതപ്രഭാഷകരെ പിടിച്ചുകെട്ടിയിട്ട് വേണം ഇനി നാം 'ഉമ്മത്തൻവസത്തൻ - മധ്യമസമുദായമാകുന്നു നിങ്ങൾ' എന്ന ആയത്തോതാൻ എന്ന അവസ്ഥയിലാണിപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്).
'നിർഭയത്വം അനുഭവിക്കുന്ന ഉന്നത സമുദായം' എന്ന വിശേഷണത്തിന്റെ കൂടെയും അനുബന്ധമായി ചേർത്ത കടമകളും ഉത്തരവാദിത്വങ്ങളും ഇന്ന് സമുദായ മക്കൾ വിസ്മരിച്ചിരിക്കുകയാണ്. അന്യായം അഥവാ ബഹുദൈവത്വം കലരാത്ത യഥാർത്ഥ സത്യവിശ്വാസം ഉൾകൊള്ളുകയും ശരിയായ സത്യവിശ്വാസപാതയിൽ ജീവിക്കുകയും ചെയ്യുന്ന മുസ്ലിം സമൂഹത്തിനാണ് ഔന്നത്യവും നിർഭയത്വവും ഖുർആൻ ഉറപ്പു നൽകുന്നത്. ചുരുക്കത്തിൽ, ഖുർആൻ മുസ്ലിം സമുദായത്തിന് ചുമത്തിത്തന്ന ഉത്തമഗുണങ്ങളെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം.
നിങ്ങൾ ഉത്തമ സമുദായമാകുന്നു, പക്ഷേ നിങ്ങൾ നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന കാലത്തോളം. അഥവാ ഈ മൂന്ന് ഗുണങ്ങൾ നിങ്ങൾ പാലിക്കുന്നില്ലെങ്കിൽ ഉത്തമ സമുദായം എന്ന വിശേഷണം നിങ്ങൾക്ക് ഉണ്ടാവുകയില്ല.
നിങ്ങൾ മാതൃകാസമുദായമാകുന്നു, പ്രവാചകൻ നിങ്ങൾക്ക് മുമ്പിൽ മാതൃകായോഗ്യമായ - ജീർണതയും - തീവ്രതയുമില്ലാത്ത - ഒരു മധ്യമ ജീവിതം നയിച്ചത് പോലെ നിങ്ങളും നിങ്ങളുടെ ജീവിത കാലത്തിനും ലോകത്തിനും മാതൃകയാകുന്ന വിധം ജീർണ്ണതയും തീവ്രതയുമില്ലാത്ത ജീവിതം നയിക്കണം. അഥവാ ഈ ബാധ്യത നിങ്ങൾ നിർവഹിക്കുന്നില്ലെങ്കിൽ മാതൃകാ സമുദായം എന്ന ഗുണവിശേഷണം നിങ്ങളിലുണ്ടായിരിക്കുന്നതല്ല.
നിങ്ങൾ ഉന്നതരും, നിർഭയരുമായ ഒരു സമുദായമാകുന്നു, പക്ഷേ നിങ്ങൾ കറകളഞ്ഞ ആദർശവിശുദ്ധിയും ഏകദൈവാരാധനയും മുറുകെ പിടിച്ച് വിശ്വാസത്തിലും ആദർശത്തിലും ശിർക്ക് കലരാതെ ജീവിക്കണം. അഥവാ നിങ്ങൾ അങ്ങനെ ജീവിക്കുന്നില്ലെങ്കിൽ നിർഭയത്വത്തിന് പകരം ഭയവും ഔന്നത്യത്തിന് പകരം അധമത്വവുമായിരിക്കും നിങ്ങളെ പിടികൂടുക!
കാര്യവും കാരണവും വിശകലനം ചെയ്യപ്പെട്ട വിശുദ്ധ ഖുർആനിലെ ആദർശ തത്വങ്ങളാണ് മുകളിൽ സൂചിപ്പിച്ചത്. ഇനി നാം പരിശോധിക്കേണ്ടത് 'ഉത്തമ സമുദായത്തിന്' എന്ത് കൊണ്ട് ഖുർആൻ പറഞ്ഞ ഉത്തമ ഗുണങ്ങൾ നിലനിർത്താൻ കഴിയുന്നില്ല? അതിന്റെ പ്രധാന കാരണങ്ങളിൽ ചിലത് സൂചിപ്പിക്കാം.
അല്ലാഹുവിനെ വേണ്ടവിധം മനസ്സിലാക്കാത്തതാണ് സുപ്രധാനമായൊരു കാരണം. 'വമാ ഖദറുല്ലാഹ ഹക്ക ഖദ്റിഹി' (അല്ലാഹുവിനെ അവർ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയിട്ടില്ല) എന്ന ഖുർആൻ പ്രസ്താവനയിൽ ഇക്കാര്യം മൂന്ന് സ്ഥലത്ത് അല്ലാഹു ആവർത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇതാണ് വിശ്വാസികളുടെ അപചയത്തിന്റെ പ്രധാന കാരണം. അല്ലാഹുവിലുള്ള കേവല വിശ്വാസമല്ല വിശ്വാസത്തിന്റെ താൽപര്യം. പിന്നെയോ? അല്ലാഹുവാണ് തന്റെ സ്രഷ്ടാവും രക്ഷകനും അന്തകനും എന്ന് അറിയുകയും ആ അറിവിനോടൊപ്പം എന്റെ ആരാധനകളും പ്രാർത്ഥനകളുമെല്ലാം അവന് മാത്രമേ അർപ്പിക്കാവൂ എന്ന തിരിച്ചറിവും ഉണ്ടാവുക എന്നതാണ് യഥാർത്ഥ ഉദ്ദേശ്യം. ഈ വിധം അല്ലാഹുവിനെ അറിയുകയും തിരിച്ചറിവ് നേടുകയും ചെയ്യുന്നില്ലെങ്കിൽ മൂന്ന് അപചയങ്ങൾ മതസമൂഹത്തിൽ ഉണ്ടാകും.
1. വേദഗ്രന്ഥത്തോട് അപരിചിതത്വം
2. മരണാനന്തര ജീവിതത്തെ ഗൗരവമായി കാണാതിരിക്കൽ
3. സ്വന്തം കഴിവിലും മികവിലും അഹങ്കരിക്കൽ
ഈ മൂന്ന് അപചയങ്ങളിലൂടെ ഒരു മുസ്ലിം നീങ്ങുന്നത് കണ്ടാൽ ഉറപ്പിച്ചു കൊള്ളുക. അയാൾ അല്ലാഹുവിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്ന്! അല്ലാഹുവിലുള്ള വിശ്വാസം അയാൾ പ്രഖ്യാപിക്കുന്നുണ്ടാവാം. ഒരു പക്ഷേ ആയിരം വട്ടവും പതിനായിരം വട്ടവും തഹ്ലീൽ (ലാ ഇലാഹ ഇല്ലല്ലാ) ഉരുവിടുന്ന ദിക്റ് ഹൽഖയിൽ അയാൾ ഉണ്ടായെന്നു വരാം! മേൽപറഞ്ഞ രൂപത്തിലുള്ള മൂന്ന് അപചയങ്ങൾ അയാളിൽ കാണുന്നുണ്ടെങ്കിൽ അയാൾ അല്ലാഹുവിനെ മനസ്സിലാക്കാത്ത വ്യക്തി തന്നെയാണ്!
പരലോകത്തിലുള്ള ദൃഢബോധ്യത്തിന്റെ അഭാവമാണ് രണ്ടാമത്തെ കാരണം. ജ്വല്ലറി കവർച്ചയിലും മയക്കുമരുന്ന് കേസിലും വാഹനമോഷണത്തിനും പിടിക്കപ്പെടുകയോ അതിൽ ജീവിതമാർഗ്ഗം കണ്ടെത്തുകയോ ചെയ്യുന്ന മുസ്ലിം നാമധാരിയോട് ചോദിച്ചു നോക്കുക. നിനക്ക് പരലോകത്തിലും അല്ലാഹുവിലും വിശ്വാസമില്ലേ എന്ന്. ഉണ്ട് എന്ന അർത്ഥത്തിൽ തന്നെയായിരിക്കും ഇവരിൽ അധികപേരും തലയാട്ടുക! എന്നിട്ടും ഇവർ എന്ത് കൊണ്ട് ഇങ്ങനെ ജീർണ്ണതയിലും തീവ്രവാദ പ്രവണതകളിലും വിധ്വംസക പ്രവർത്തനങ്ങളിലും മുഖം കുത്തി വീഴുന്നു എന്ന് പരിശോധിച്ചാൽ അതിന്റെ ഉത്തരം പരലോകത്തിലുള്ള ദൃഢബോധ്യത്തിന്റെ അഭാവം തന്നെയാണ് എന്ന് ബോധ്യമാകും.
പരലോകത്തിൽ ദൃഢബോധ്യമില്ലെങ്കിൽ (യഖീൻ ഇല്ലെങ്കിൽ) മതനാമധാരികളിൽ അപചയങ്ങൾ സംഭവിക്കും. ഉദാഹരണം:
മതത്തിന്റെ നിയമങ്ങളിൽ ചിലതൊക്കെ സ്വീകരിക്കുമെങ്കിലും സുപ്രധാനമായ പലതും ഉപേക്ഷിക്കുന്ന പ്രവണതയുണ്ടാകും. ഈ ഒരു അപചയത്തെപ്പറ്റി ഖുർആൻ സൂചിപ്പിക്കുന്നത് ഇപ്രകാരം. "വേദഗ്രന്ഥത്തിന്റെ ചിലത് നിങ്ങൾ സ്വീകരിക്കുകയും ചിലത് അവിശ്വസിക്കുകയുമാണോ?" (ഖുർആൻ 2: 85)
ഈ അപചയത്തിൽ മൂക്കുകുത്തി വീണ മതനാമധാരികൾക്ക് ഇഹലോകത്ത് അപമാനവും, പരലോകത്ത് കഠിനശിക്ഷയും ഉണ്ടാകും എന്ന മുന്നറിയിപ്പും ഖുർആൻ പ്രസ്തുത സൂക്തത്തിൽ തന്നെ നൽകുന്നത് കാണാം.
മതത്തിന്റെ ചിലത് കൊള്ളുകയും ചിലത് തള്ളുകയും ചെയ്യുന്നതിന് ഒരു ഉദാഹരണം സൂചിപ്പിക്കട്ടെ.
വിവാഹത്തിന്റെ സമയത്ത് നികാഹിന്റെ വാചകം മാതൃഭാഷയിലോ അറബിയിലോ വേണ്ടത് എന്ന മതവിധി അറിയാൻ വലിയ താൽപര്യം! എന്നാൽ, വിവാഹപ്പെണ്ണിനെ അർദ്ധ നഗ്നയായി സ്വർണ്ണാഭരണത്തിൽ പൊതിഞ്ഞ് പ്രദർശന വസ്തുവാക്കുന്നതിന്റെ മതവിധി അറിയാൻ ഇവർക്ക് തീരെ താൽപര്യം ഉണ്ടാവുകയില്ല! (ജ്വല്ലറി മോഷണം നടത്തിയ മുസ്ലിം നാമധാരി പള്ളി കമ്മിറ്റിക്ക് സംഭാവന കൊടുക്കാൻ തയ്യാറാകുന്നതുപോലെ).
ഖുർആനിലേക്ക് മടങ്ങുക
മനുഷ്യജീവിതത്തെ എങ്ങനെയാണ് ഗുണപരമായി പ്രവർത്തനക്ഷമമാക്കേണ്ടത് എന്ന കാര്യം വിശദീകരിച്ചു തരുന്ന ദൈവത്താൽ അവതീർണ്ണമായ ഭരണഘടനയും മാന്വലുമാണ് വിശുദ്ധ ഖുർആൻ. ഈ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഖുർആനാധിഷ്ടിത മൂല്യബോധത്തിലേക്ക് മുസ്ലിം സമുദായം തിരിച്ച് വരിക എന്നതുമാത്രമാണ് അവർ അകപ്പെട്ടിട്ടുള്ള ജീർണ്ണ ജീവിതത്തിൽ നിന്നും തീവ്രവാദ പ്രവണതകളിൽ നിന്നും കരകയറാനുള്ള ഏക പരിഹാര മാർഗ്ഗം. മഹല്ലുകളും മതസംഘടനകളും മതപണ്ഡിതരും ഡിജിറ്റൽ - സൂപ്പർ മതപ്രഭാഷണ ഘോഷങ്ങൾ അൽപമൊന്നു കുറക്കുകയും ശാന്തമായ ഖുർആൻ ബോധനം ജനകീയമാക്കാൻ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുകയും ചെയ്യുക എന്നതാണ് സമുദായം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട കർത്തവ്യം. അല്ലെങ്കിൽ 'ഈ ഉത്തമ സമുദായം' അധികം വൈകാതെ ഒരു പ്രവാചക വചനത്തിൽ സൂചിപ്പിക്കപ്പെട്ടത് പോലെ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് വരുന്ന ചപ്പുചവറുകളായി എഴുതി തള്ളപ്പെടാനുള്ള സാധ്യത കാണുന്നുണ്ട്! അല്ലാഹു ഈ സമുദായത്തിന് സത്ബുദ്ധി നൽകുകയും സമുദായത്തെ കാത്ത് രക്ഷിക്കുകയും ചെയ്യട്ടെ.
Back to INDEX
028 ചന്ദ്രമാസം : മുസ്ലിം നേതൃത്വങ്ങളോട് വിനയപൂര്‍വ്വം - ഡോ.പി. എ. കരീം നേച്ചറോപ്പതി
ബഹുമാന്യരെ,ഭൂനിവാസികള്‍ക്കുവേണ്ടി അല്ലാഹു അവതരിപ്പിച്ച പഞ്ചാംഗമാകുന്നു ചന്ദ്രബിംബം. അതിന്റെ ശരീരഭാഷ നിത്യവും വ്യത്യസ്ത തിയ്യതികളെ പ്രതിനിധാനം ചെയ്യുന്നു. ആര്‍ക്കും എവിടെ വെച്ചും നോക്കി മനസ്സിലാക്കാവുന്ന ഒരു ആകാശക്കലണ്ടര്‍! താന്‍ പ്രസാധനം ചെയ്തുതന്ന ഈ കലണ്ടറായിരിക്കണം ദിവസത്തിയ്യതി നിര്‍ണ്ണയത്തിനും ആരാധനകള്‍ക്കും ആഘോഷങ്ങള്‍ക്കും അവലംബമാക്കേണ്ടത് എന്ന് അല്ലാഹു പ്രഖ്യാപിക്കുന്നു. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ ചന്ദ്രനെ ആസ്പദിച്ച് ഒരു കലണ്ടറുണ്ടാക്കി തിയ്യതി നിര്‍ണ്ണയിക്കുക അപ്രായോഗികമാണെന്ന് വാദിക്കുകയാണ് മുസ്ലിം നേതൃത്വങ്ങള്‍! ഇത് ദൈവ നിന്ദയല്ലേ? മാത്രവുമല്ല പോപ്പ് ഗ്രിഗ്വറി എന്നൊരാള്‍ രൂപപ്പെടുത്തിയ, കാല്‍ദിവസം ചേര്‍ത്ത് ഏച്ചു കെട്ടിയ (365 1/4 ദിവസം) വാര്‍ഷികക്കലണ്ടറാണ് പ്രായോഗികം എന്നുകൂടി അതേ ശ്വാസത്തില്‍ പറയുകയും ചെയ്യുന്നു! അല്ലാഹുവിനെ അപമാനിക്കാന്‍ ഇനിയെന്തു വേണം!!
സൂര്യ ചന്ദ്രന്മാര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. ദൈവീക ദൃഷ്ടാന്തങ്ങളെ നിഷേധിക്കാന്‍ പാടില്ല. അവന്റെ ഉത്തരവനുസരിച്ചാണ് അവ സഞ്ചരിക്കുന്നത്. സൂര്യന്‍ ദിവസത്തിന്റെയും ചന്ദ്രന്‍ മാസത്തിന്റെയും സമയം കാണിക്കുന്നു. ആ സഞ്ചാര ഗതി അനുസരിച്ചായിരിക്കണം ഇബാദത്തുകള്‍ . ഹലാല്‍ – ഹറാം നിശ്ചയിക്കാനും തിയ്യതികള്‍ പ്രഖ്യാപിക്കാനും പണ്ഡിതന്മാര്‍ക്കോ ഖാദിമാര്‍ക്കോ അധികാരമില്ല. അത് അല്ലാഹുവിന്റെ അധികാരത്തില്‍പ്പെടുന്നു.
മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥനാണ്. മറ്റ് മനുഷ്യരോട് അത് കല്‍പ്പിക്കേണ്ടവരാണ് മുസ്ലിംകള്‍. അഥവാ മനുഷ്യര്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ടവര്‍. പക്ഷേ അവര്‍ തങ്ങളുടെ ദൌത്യം ഇക്കാര്യത്തില്‍ മാതൃകാപരമായി നിര്‍വഹിച്ചിട്ടുണ്ടോ എന്ന ഒരാലോചന ഇപ്പോള്‍ പ്രസക്തമായിരിക്കുന്നു.
ഗവേഷണം അനിവാര്യം
ഇസ്ലാം ചിന്തിക്കാനും പഠിക്കാനും നിര്‍ബന്ധിക്കുന്നു. എന്നാല്‍ അതിന്റെ വക്താക്കളായി രംഗത്തുള്ളവര്‍ നേരിയ മാറിച്ചിന്തകളെയും വിശാല വിദ്യാന്വേഷണങ്ങളെയും പോലും വല്ലാത്ത നീരസത്തോടെയാണ് സമീപിക്കുന്നത്. താന്‍ പഠിപ്പിച്ചുതന്നതിനപ്പുറമുള്ള വിജ്ഞാനങ്ങള്‍ ചൈനയില്‍ പോയിട്ടെങ്കിലും സ്വായത്തമാക്കണമെന്ന് പ്രവാചകന്‍. തങ്ങള്‍ പറയുന്നതുപോലെ മാത്രം ചിന്തിച്ചാലും പഠിച്ചാലും മതി എന്ന് മത നേതൃത്വങ്ങള്‍ ! ഇജ്തിഹാദ് ഇസ്ലാമില്‍ പുണ്യ കര്‍മ്മമാണ്. അതില്‍ തെറ്റു സംഭവിച്ചാല്‍ ഒരു പ്രതിഫലവും ശരിയായാല്‍ ഇരട്ടി പ്രതിഫലവുമാണ്. ഈ അറിവ് ഒരു കൂട്ടം ആളുകളെ ചന്ദ്രമാസ നിര്‍ണ്ണയത്തില്‍ പഠനഗവേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചു. മുസ്ലിംകളുടെ ആഘോഷ ആരാധനകള്‍ ഇതര സമുദായക്കാരുടേതു പോലെ ഒരുമിപ്പിപ്പിക്കുകയും ഒറ്റക്കെട്ടായി ദൈവീക പാശത്തെ മുറുകെപ്പിടിക്കുകയും ചെയ്യാനവസരമുണ്ടാക്കാം എന്നവര്‍ വിചാരിച്ചു, ഒപ്പം അല്ലാഹുവിന്റെ താല്‍പര്യം ഭൂമിയല്‍ നടപ്പാക്കുന്നതിന്റെ സായൂജ്യവും അവര്‍ കാംക്ഷിച്ചു. ഇതിനെ നമുക്ക് കുറ്റപ്പെടുത്തിക്കൂടാ. മറിച്ച് ഇജ്തിഹാദില്‍ പെടുത്തേണ്ടതാണ്. ഇവരെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വേദിയൊരു-ക്കുകയും ചെയ്യേണ്ട മത നേതൃത്വങ്ങളും സംഘടനകളും അവരെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സംഘടനകള്‍ക്കകത്ത് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാത്തതും ദുരൂഹമാണ്. സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും അണികളെ അനുവദിക്കേണ്ടത് ഇസ്ലാമിന്റെ താല്‍പര്യമാണ്. പ്രവാചക മാതൃകയുമാണ്. സംഘടനകള്‍ ഇന്ന് പുത്തന്‍ പ്രതിമകളായി രൂപപ്പെടുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുസ്ലിംകള്‍ ഏതോ ദിശാ സന്ധിയില്‍ വെച്ച് വൈജ്ഞാനികമായി പിറകോട്ടടിച്ചുപോയി. ലോകത്തിന്് വെളിച്ചം പകര്‍ന്നവര്‍ ഇന്ന് ഇരുട്ടില്‍ തപ്പുകയാണ്. മുസ്ലിംകള്‍ കണ്ടെത്തേണ്ടിയിരുന്ന, അവര്‍ക്ക് തന്നെ അനിവാര്യമായ പലതും ഇതര ജനവിഭാഗങ്ങളെക്കൊണ്ടാണ് അല്ലാഹു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ കണക്കുകൂട്ടിയത് കൊണ്ട് നമുക്ക് കലണ്ടര്‍ നോക്കി ബാങ്ക് വിളിക്കാന്‍ സാധിക്കുന്നു. അവര്‍ കണ്ടെത്തിയതുകൊണ്ട് നമുക്ക് ഇന്റര്‍ നാഷണല്‍ ഡേറ്റ് ലൈനിനപ്പുറത്ത് ജുമുഅയും ഇപ്പുറത്ത് ളുഹ്റും നമസ്കരിക്കാന്‍ കഴിയുന്നു. അങ്ങനെ പലതും.
കാലോചിത ഉപാധികൾ
നമ്മളും ചിലതൊക്കെ ചെയ്തിട്ടുണ്ടല്ലോ. ഖുര്‍ആന്‍ ഹദീസ് അധ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ആയിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കപ്പുറമുള്ള രീതികളില്‍ കാലികമായ പരിഷ്കരണങ്ങള്‍ നാം വരുത്തിയിട്ടുണ്ട്. കുരുമുളകിനും തേങ്ങയ്ക്കും റബ്ബറിനും നബി തിരുമേനി പറയാതിരുന്നിട്ടും സക്കാത്ത് കൊടുത്തു. ബലിയറുക്കേണ്ടതിനു പകരം ബാങ്കില്‍ പണമടച്ചു ഹജ്ജ് പൂര്‍ത്തീകരിച്ചു. സൂര്യന്റെ ചലനം നോക്കി വേണം ബാങ്കുവിളി എന്ന പ്രവാചക കല്‍പ്പന ജലരേഖയായി. ബിലാലിന്റെ കണ്ഠ ബാങ്കൊലി ലൌഡ്സ്പീക്കര്‍ ഏറ്റെടുത്തു. ഖുതുബകള്‍ മലയാളത്തിലാക്കി. അതെ, പ്രവാചക കൽപനകള്‍ കാലത്തിന്റെ തേട്ടമനുസരിച്ചു നാം പരിഷ്കരിച്ചു. (ബാങ്കും ഖുത്ത്ബയും ലൌഡ്സ്പീക്കറിലൂടെ പാടില്ലെന്ന് പറയുന്നവര്‍ ഇന്നുമുണ്ട്, ഖുതുബ മലയാളത്തില്‍ നിഷിദ്ധമെന്ന് വാദിക്കുന്നവരും ഉണ്ട് എന്ന കാര്യം മറക്കുന്നില്ല.) എങ്കില്‍ പിന്നെ എന്തുകൊണ്ട് ചന്ദ്രമാസ നിര്‍ണ്ണയത്തിലും ഒരു കാലിക പരിഷ്കരണത്തെപ്പറ്റി ആലോചിച്ചു കൂടാ ? വിശേഷിച്ചും ഖലീഫ ഉമറിന്റെ മാതൃക നമ്മുടെ മുമ്പിലിരിക്കെ ?
1.മുഅല്ലഫത്തുല്‍ ഖുലൂബിന്ന് മേലാല്‍ സക്കാത്തിന്റെ വിഹിതം നല്‍കില്ല എന്ന് ഉമര്‍ ഉത്തരവിടുന്നു. 2. പട്ടാളക്കാര്‍ക്ക് ഗനീമത്ത് സ്വത്തിന്റെ അവകാശവും അദ്ദേഹം നിഷേധിക്കുന്നു.
അവകാശികള്‍ അതിനെ ചോദ്യം ചെയ്തു. ഖുര്‍ആന്‍ കൽപിച്ച, പ്രവാചകന്‍ നടപ്പാക്കിയ നിയമം റദ്ദ് ചെയ്യാന്‍ ഉമറിനെന്തവകാശം?. ഉമറിന്റെ മറുപടി ശ്രദ്ധിക്കുക: `ഖുര്‍ആന്‍ അനുശാസിക്കുന്നു എന്നതും നബി തിരുമേനി ചെയ്തിട്ടുണ്ട് എന്നതും ഇന്നലെ വരെ ലഭിച്ചുകൊണ്ടിരുന്നു എന്നതും ശരി തന്നെ. പക്ഷെ അത് ഇന്ന് അതേ പടി പ്രയോഗവല്‍ക്കരിക്കുമ്പോള്‍ രാഷ്ട്രത്തിനും സമുദായത്തിനും കോട്ടമുണ്ടാകുമെങ്കില്‍ സുരക്ഷ പരിഗണിച്ച് തല്‍ക്കാലം വേണ്ടെന്ന് വെയ്ക്കാവുന്നതാണ്. മുഅല്ലഫത്തുല്‍ ഖുലൂബിന്ന് ഇപ്പോള്‍ സകാത്തിന്റെ ആവശ്യമില്ല. അവരേക്കാള്‍ അര്‍ഹരായവര്‍ വേറെ കിടക്കുന്നു. പട്ടാളക്കാര്‍ മുന്‍കാല യുദ്ധ വിജയങ്ങളിലൂടെ സ്വത്ത് വാരിക്കൂട്ടിയിരിക്കുന്നു. തന്‍മൂലം അവര്‍ക്ക് യുദ്ധത്തിന് സമയവും താല്‍പര്യവുമില്ലാതായി. ഇനിയും അവരെ യുദ്ധങ്ങള്‍കൊണ്ട് സമ്പന്നരാക്കിയാല്‍ രാഷ്ട്ര സുരക്ഷക്ക് അത് ഭീഷണിയാകും. മേലില്‍ അവര്‍ക്ക് ശമ്പളമാവാം'.
ഖുര്‍ആന്‍ കൽപനയും തിരുചര്യയും സമൂഹരക്ഷക്ക് വേണ്ടി മാറ്റി വെക്കാമെന്ന് ഉമര്‍ കാണിച്ചു തന്നിരിക്കെ, നിങ്ങള്‍ എന്റെയും ഖലീഫമാരുടെയും സുന്നത്ത് പിന്തുടരണമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചിരിക്കെ, `കാണുക' എന്ന ഒരു പദ പ്രയോഗത്തില്‍ കടിച്ചുതൂങ്ങി ഇനിയും ഈ സമുദായത്തെ മാനം കെടുത്തേണ്ടതുണ്ടോ, ചിന്നഭിന്നമാക്കേണ്ടതുണ്ടോ എ ന്ന് പണ്ഡിത – നേതൃത്വങ്ങള്‍ ആലോചിക്കേണ്ടതുണ്ട്.
നമ്മുക്ക് വിഷയത്തിലേക്ക് വരാം. ഒരു ദിവസം ആരംഭിക്കുന്നത് രാത്രി പന്ത്രണ്ട് മണിക്കാണ് എന്നത് പ്രകൃതി നിയമമല്ല. മറിച്ച് ചില സൌകര്യങ്ങള്‍ക്കു വേണ്ടിയുള്ള സാങ്കേതിക പ്രയോഗം മാത്രമാണ്. ദിവസത്തിന്റെ തുടക്കം പ്രഭാതത്തോടെയാണെന്ന് ഏത് കുരുവിക്കുഞ്ഞിനും അറിയാം. സസ്യലതാദികള്‍ക്കറിയാം. മനു ഷ്യ സമൂഹവും ആദികാലം തൊട്ടിന്നേവരെ ഇത് അനുഭവിച്ചറിയുന്നുണ്ട്. ഇതിലൊന്നും ആര്‍ക്കും സംശയമില്ല. സാക്ഷ്യമായി ഖുര്‍ആന്‍ – ഹദീസ് വചനങ്ങള്‍ എമ്പാടുമുണ്ട്.
ഉദയം പടിഞ്ഞാറോ?
അമാവാസി (ന്യൂമൂണ്‍) ഒരു ചന്ദ്രമാസത്തിന്റെ അവസാന ദിവസമാണ്. അത് സംഭവിക്കുന്നതിന്റെ പിറ്റേ ദിവസം പുതിയ ചന്ദ്രമാസത്തിലെ ഒന്നാം തിയ്യതിയാണ്. അതായത് ന്യൂ മൂണ്‍ സംഭവിക്കുമ്പോള്‍ ദിവസം മാറുന്നില്ല. പുതിയ മാസം തുടങ്ങുന്നുമില്ല. അടുത്ത ദിവസത്തിന്റെ പ്രഭാതത്തോടെ മാത്രമാണ് ഒന്നാം തിയ്യതി പിറക്കുന്നത്.
ചന്ദ്രപിറവിയും ചന്ദ്രോദയവും രണ്ടാണ്. പിറവി മാസത്തില്‍ ഒരിക്കല്‍ മാത്രമാണ്. ചക്രവാളത്തില്‍ എവിടെ വെച്ചും ഏതു സമയത്തും അതു നടക്കാം. പക്ഷെ ചന്ദ്രോദയം നിത്യവും നടക്കുന്നു അതാകട്ടെ കിഴക്കന്‍ ചക്രവാളത്തില്‍ മാത്രമായിരിക്കും. ഓരോ ദിവസവും ഏകദേശം 50 മിനിറ്റ് വൈകിക്കൊണ്ടുദിക്കുന്നു. ഈ ഉദയം രാവിലെയാകാം, ഉച്ചയ്ക്കാവാം, സന്ധ്യക്കോ രാത്രിയിലോ എപ്പോഴുമാകാം.
ഭൂമി പടിഞ്ഞാറു നിന്ന് കിഴക്കോട്ടു കറങ്ങുകയാണ്. അതുകൊണ്ടാണ് സൂര്യന്‍ കിഴക്കുദിക്കുന്നതായി കാണുന്നത്. ചന്ദ്രനും ഇത് ബാധകമാണ്. സൂര്യനെപോലെ ചന്ദ്രനും നിത്യവും കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നു. അറബി ഭാഷയില്‍ `മശ്രിഖ്' എന്ന പദത്തിന് ഉദയസ്ഥാനം എന്നും `മഗ്രിബ്' എന്ന പദത്തിന് അസ്തമയസ്ഥാനം എന്നുമാണല്ലോ അര്‍ത്ഥം. അപ്പോള്‍ ചന്ദ്രന്റെ ഉദയം ദര്‍ശിക്കാന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക,് അഥവാ അസ്തമയ സ്ഥാനത്തേക്ക്, സന്ധ്യാനേരത്ത് നോക്കുന്നത് മണ്ടത്തരമല്ലേ ? ഇനി അവിടെ അന്നേരം ചന്ദ്രക്കല കണ്ടാല്‍ അതിനര്‍ത്ഥം എന്താണ് ? രാവിലെ കിഴക്കുദിച്ച ബാലചന്ദ്രന്‍ സൂര്യനു പിന്നാലെ സഞ്ചരിച്ച് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കുന്നു എന്നല്ലേ ? ആ ചന്ദ്രക്കല ആ ദിവസത്തിന്റെ തിയ്യതിയെ കുറിക്കുന്നു. അപ്പോഴേക്കും ദിവസത്തിന്റെ പാതിയും കഴിഞ്ഞിരിക്കുന്നുവെന്നാണ് അത് നമ്മെ നോക്കിപ്പറയുന്നത്. അപ്പോള്‍ നാളെ ഒന്നാം തിയ്യതി എന്നല്ല പ്രഖ്യാപിക്കേണ്ടത്, രണ്ടാം തിയ്യതി എന്നാണ്.
ചിന്താശക്തി നശിക്കാത്തവരോട്
ഇവിടെയാണ് വിഷയത്തിന്റെ മര്‍മ്മം. എല്ലാ രണ്ടാം തിയ്യതികളെയും ഒന്നാം തിയ്യതികളായി പ്രഖ്യാപിക്കപ്പെടുന്നതിലൂടെ ഒരു ദിവസം നഷ്ടപ്പെടുത്തുന്നു. അങ്ങനെ റമദാന്‍ രണ്ടാം തിയ്യതി ഒന്നാം നോമ്പ്. ശവ്വാല്‍ ഒന്നിന് നോമ്പ്, രണ്ടിന് പെരുന്നാള്‍! റമദാനിലെ ഒരു നോമ്പ് അകാരണമായി നഷ്ടപ്പെടുത്തി. നോമ്പ് നിഷിദ്ധമായ ശവ്വാല്‍ ഒന്നിന് നോമ്പെടുത്തു. ഇതിന്റെ ഗൌരവം മനസ്സിലാക്കിയ ചില ശുദ്ധാത്മാക്കള്‍ കൃത്യ തിയ്യതിക്കു തന്നെ നോമ്പും പെരുന്നാളും അനുഷ്ഠിക്കാന്‍ തുടങ്ങി. ഇതിനെയാണ് `ലോകമുസ്ലിംകള്‍ നോമ്പെടുത്തപ്പോള്‍ പെരുന്നാളാഘോഷിച്ചവര്‍ , സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍' എന്നെല്ലാം പരിഹസിക്കുന്നത്. ഓരോ പ്രദേശത്തുകാരും കണ്ണുകൊണ്ട് ചന്ദ്രനെ കണ്ട ശേഷമേ മാസം ആരംഭിക്കാവൂ എന്നാണെങ്കില്‍ താഴെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്താണ് ?
1. ഒന്നാം തിയ്യതി ഞായറാഴ്ച ഉറപ്പിച്ച കോഴിക്കോട്ടുകാരനും തിങ്കളാഴ്ച ഉറപ്പിച്ച തിരുവന്തപുരത്തുകാരനും ചൊവ്വാഴ്ച ഉറപ്പിച്ച ദല്‍ഹിക്കാരനും പൌര്‍ണ്ണമി കണക്കാക്കേണ്ടത് അവരവരുടെ `ഉറപ്പിക്ക'ലിന്റെ അടിസ്ഥാനത്തിലോ, ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുന്നതിന്റെ അടിസ്ഥാനത്തിലോ? മുസ്ലിംകള്‍ക്ക് പൌര്‍ണ്ണമി നാളുകളില്‍ പ്രബലമായ നോമ്പുകളുണ്ട് എന്നറിയാമല്ലോ. അത് എന്നാണ് എന്ന് നിങ്ങള്‍ ഇന്നേവരെ സമുദായാംഗങ്ങള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുമില്ല!.
2. ഇതേ മൂന്നു പേര്‍ ഹജ്ജിന് പോയാല്‍ മിനയില്‍ രാപ്പാര്‍ക്കേണ്ടതും അറഫയില്‍ സമ്മേളിക്കേണ്ടതും ആരുടെ, എവിടത്തുകാരുടെ `ഉറപ്പിക്കലി'ന്റെ അടിസ്ഥാനത്തിലാണ് ?
3. ഈ മൂന്നു പേരുടെയും ലൈലത്തുല്‍ ഖദ്ര്‍ എങ്ങനെ തിട്ടപ്പെടുത്തും.? ലൈലത്തുല്‍ ഖദ്ര്‍ ലോകം മുഴുക്കെ ഒരേ രാത്രിയില്‍ സംഭവിക്കുന്നതാണല്ലോ.
4. അമാവാസി – പൌര്‍ണ്ണമി നാളുകളില്‍ ശരീരത്തില്‍ രക്ത ചംക്രമണം വര്‍ദ്ധിക്കും. ആസ്തമ, ചര്‍മ്മ രോഗങ്ങള്‍ രൂക്ഷമാകും. പ്രസവങ്ങള്‍ ഏറും. വേലിയേറ്റമുണ്ടാകും. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടാകാം. ഗ്രഹണങ്ങള്‍ സംഭവിക്കാം. ഈ വക കാര്യങ്ങളെല്ലാം പ്രകൃതി നടപ്പാക്കുന്നത് കോഴിക്കോടും തിരുവനന്തപുരത്തും ഡല്‍ഹിയിലും വ്യത്യസ്ത ദിവസങ്ങളില്‍ ആയിരിക്കുമോ? അഥവാ കോഴിക്കോട്ടുകാരില്‍ ഞായറാഴ്ച രക്ത ചംക്രമണം കൂടുന്നു. തിരുവനന്തപുരത്തുകാരില്‍ തിങ്കളാഴ്ച, ഡല്‍ഹിക്കാരില്‍ ചൊവ്വാഴ്ച എന്നിങ്ങനെ?
കാലമാറ്റം അറിയാത്തവർ
ഹിജ്റ കമ്മറ്റിക്കാര്‍ വരുന്നതിന് മുമ്പ് നബിയും സഹാബത്തും ഇതെല്ലാം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടല്ലോ എന്നാണ് മറുപടിയെങ്കില്‍ അതെങ്ങനെയായിരുന്നു എന്നുകൂടി കാണുക.
പൌര്‍ണ്ണമിക്ക് ശേഷമുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ചെറുതായി ചെറുതായി ഉദിച്ചുവരുന്നത് പ്രഭാത സമയത്ത് നീരീക്ഷിച്ചുകൊണ്ടിരിക്കുക. അവസാനം ഒരു ദിവസം അതിനെ കാണാതാവും. അന്ന് അമാവാസി. പിറ്റേ ദിവസം ഒന്നാം തിയ്യതി. ഈ ഒന്നാം തിയ്യതി നിര്‍ണ്ണയം മാസാരംഭത്തില്‍ തന്നെ നിരീക്ഷിച്ചു മനസ്സിലാക്കാന്‍ പരിശീലനം കൊണ്ട് സാധിക്കും. ചന്ദ്രക്കലകളെ പഠിച്ചവര്‍ക്ക് ഇന്ന് തിയ്യതി എത്രയാണെന്ന് ആകാശത്തെ ചന്ദ്രനെ നോക്കി പറയാന്‍ കഴിയും. പൌര്‍ണ്ണമിയും അമാവാസിയും മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ഇതെല്ലാം പഴയ കാല കഥകള്‍. ഇന്ന് പക്ഷെ ഇതിന്റെയൊന്നും ആവശ്യമില്ല. ശാസ്ത്രം വളര്‍ന്നതോടെ നൂറ്റാണ്ടുകള്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള ചന്ദ്രപ്പിറവികളെപ്പോലും കൃത്യമായി കണക്കുകൂട്ടാന്‍ സാധിക്കുന്നു. ചുമരില്‍ തൂങ്ങിക്കിടക്കുന്ന കലണ്ടറില്‍ നോക്കി ബാങ്കു വിളിക്കുന്ന അതേ ലാഘവത്തോടെ അതേ കലണ്ടറില്‍ നോക്കി പൌര്‍ണ്ണമിയും അമാവാസിയും ചന്ദ്രപ്പിറവിയും മസ്സിലാക്കാമെന്നിരിക്കെ കൊട്ടും കുരവയുമായി ഒരു സമുദായത്തെ മുള്‍മുനയില്‍ പടിഞ്ഞാറോട്ട് തിരിച്ചുനിര്‍ത്തുന്നതിന്റെ നാണക്കേടും ഭോഷത്തവും ഒന്നാലോചിച്ചു നോക്കൂ.
ശാസ്ത്രം വളരുന്നതിന്റെയും മുഹമ്മദു നബി വരുന്നതിന്റെയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഹിന്ദു മതപണ്ഡിതന്മാര്‍ ചന്ദ്രമാസക്കലണ്ടറും ഗോള ശാസ്ത്രക്കലണ്ടറും നിര്‍മ്മിച്ചിട്ടുണ്ട്. അതാണ് പഞ്ചാംഗം. ഹിന്ദുക്കളുടെ വാവുബലി, അമാവാസി – പൌര്‍ണ്ണമി പൂജകള്‍, വ്രതങ്ങള്‍ തുടങ്ങിയവ ചന്ദ്രനെ ആശ്രയിച്ചാണ്. അവരൊന്നും ആകാശത്തേക്ക് നോക്കാതെ ചന്ദ്രമാസത്തിന്റെ കൃത്യ തിയ്യതിക്കു തന്നെ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. മുസ്ലിം നേതൃത്വങ്ങള്‍ പക്ഷെ പ്രവാചകനെ ദുര്‍വ്യാഖ്യാനിച്ച് സമുദായത്തെ വഴിപിഴപ്പിക്കുകയാണ് വ്യാഖ്യാനങ്ങള്‍ എല്ലായ്പ്പോഴും അല്ലാഹുവിന്റെയും പ്രവാചകന്റെയും താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കണം. മുസ്ലിം ഐക്യമാണ് ദീനിന്റെ താല്‍പര്യം. ഈ രീതിയില്‍ വിഷയത്തെ സമീപിക്കാന്‍ പണ്ഡിത – നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല.
പിന്നെ പൊതു ജനത്തിന്റെ കാര്യം എന്തുപറയാന്‍ ? യഥാ രാജ, തഥാ പ്രജ!
അല്ലാഹുവും പ്രവാചകനും ഇഷ്ടപ്പെടാത്ത വഴിയില്‍ സമുദായത്തെ ഇനിയും നയിക്കരുത്. വിഷയംപഠിച്ച് തെറ്റുതിരുത്താനുള്ള ആര്‍ജ്ജവം പണ്ഡിത–നേതൃത്വങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
Back to INDEX
029 തീവ്രവാദമെന്ന അപവാദം - പി.കെ. അബ്ദുൽ ഗഫൂർ, പുഴങ്ങര ചാവക്കാട്
ശാസ്ത്ര ഗവേഷണ ലോകം ഉറ്റുനോക്കുന്ന ഇസ്ലാം മതം വെറുമൊരു വിശ്വാസമല്ല, സാക്ഷ്യമാണ്. അഥവാ ബോധ്യമാണ് എന്ന് സ്ഥിരീകരിയ്ക്കും വിധമാണ് അനുദിനം പരീക്ഷണ നിരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നത്. 1452 വർഷം മുമ്പ് അവതീർണമാരംഭിച്ച് 23 വർഷകാലയളവ് കൊണ്ട് 1429 വർഷങ്ങൾക്ക് മുമ്പ് സമ്പൂർണമാക്കപ്പെട്ട പരിശുദ്ധ ഖുർആനിലൂടെയുള്ള സൃഷ്ടാവിന്റെ പ്രഖ്യാപനമായ "ഇത് നാമാണ് ഇറക്കിയത് നാം തന്നെ നിലനിർത്തുകയും ചെയ്യും." (15: 9) എന്നത് മറ്റ് മതങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നും വിഭിന്നമായി ഒരു വള്ളി പുള്ളി പോലും അന്തരമില്ലാതെ നിലനിൽക്കുന്നു എന്നത് തന്നെ ഖുർആനിന്റെ അമാനുഷിക ദിവ്യപ്രഭാവം സാക്ഷ്യപ്പെടുത്തുന്നു, അതിലൂടെ ഇസ്ലാം മതത്തിന്റെ യാഥാർത്ഥ്യവും വെളിപ്പെടുത്തുന്നു. നമസ്കാരം കൊണ്ടും വ്രതാനുഷ്ഠാനം കൊണ്ടും സമ്പത് സംസ്കരണം കൊണ്ടുമെന്നല്ല നിർബന്ധമല്ലാത്ത ചെറിയ കർമാനുഷ്ഠാനങ്ങളിലൂടെ പോലും ശാരീരികമായും മാനസികമായും സാമൂഹികമായും മനുഷ്യകുലം ഉത്കൃഷ്ടതയിലേക്ക് ചേക്കേറുകയാണ്.ഇസ്ലാമിനെ അബദ്ധവൽക്കരിച്ചും മുസ്ലിംകളെ പാർശ്വവൽക്കരിച്ചും തീവ്രവാദ മുദ്രണം ചെയ്ത് പിശാചിന്റെ ഇഷ്ടവിനോദമായ തിന്മകൾ പുലർത്താനും നിലനിർത്താനും വേണ്ടി നന്മകൾക്ക് കൂച്ചുവിലങ്ങുകളണിയിച്ചു കൊണ്ടിരിക്കുകയാണ് ദുഷ്ടശക്തികൾ. മുസ്ലിംകളാണിതിനെല്ലാം മുഖ്യകാരണവും നിത്യകാരണവും എന്ന് വരുത്തിത്തീർക്കും വിധം 'കപ്പലിൽ തന്നെയുള്ള കള്ളന്മാരായ കപടവിശ്വാസി'കളെ തിന്മയോട് ചേർത്തു നിർത്തുന്നത് അവരുടെ ഊർജവുമാക്കി കൊണ്ടേയിരിക്കുന്നു. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. മനുഷ്യോൽപത്തിയിലൂടെ ഉടലെടുത്ത പിശാചിന്റെ ആവിർഭാവം തൊട്ടേയുള്ളതാണ് അത് കാലാന്ത്യം വരെ തുടരുകയും ചെയ്യും. ഭയന്ന് അവയോട് കലരേണ്ടവരല്ല കലഹിയ്ക്കേണ്ടവരാണ് സത്യവിശ്വാസികൾ.
അക്രമം നേരിടേണ്ടി വരുമ്പോൾ മരണവും നഷ്ടങ്ങളും മുഖാമുഖം കാണുമ്പോൾ പ്രത്യാക്രമണം നടത്തി പ്രതിരോധിക്കുന്നത് ജീവസമൂഹത്തിലെ മനുഷ്യനുൾപ്പെടെ ഏത് ജീവജാലകങ്ങളുടെയും പ്രകൃതമാണ്. അക്രമം നടത്തുന്നവരോട് അതിജീവനത്തിനായി പ്രത്യാക്രമണം നടത്തി പ്രതിരോധിക്കുന്നവരെ നിയമലംഘകരെന്നും രാജ്യദ്രോഹികളെ ഇന്നും അപരാധം ചുമത്തി കുറ്റവാളികൾക്ക് പിൻവാതിലിലൂടെ സുരക്ഷിതത്വം ഏർപ്പെടുത്തുമ്പോൾ 'നീതിക്ക് ബലമില്ലാതെ വരുമ്പോൾ ബലമുള്ളതിനെ നീതിയായെടുക്കും' എന്ന പാസ്കലിന്റെ തത്വത്തോട് ലോകർ ചേർന്ന് നിൽക്കും.
ഭീകരവാദം ഇസ്ലാമിന്റെ തത്വമോ ഭീകര പ്രവർത്തനം മുസ്ലിമിന്റെ ദൗത്യമോ അല്ലേയല്ല. ജീവനും ജീവിതവും ജീവിതവിഭവങ്ങളും നൽകി അനുഗ്രഹിച്ച അത്യുദാരനായ സർവനാഥന്റെ വിധിവിലക്കുകൾ അവഗണിച്ച് ധിക്കാരപൂർവ്വം അക്രമിയോട് രാജിയാവുകയും തടയുകയും തടുക്കുകയും സാമൂഹികനീതി ചെയ്യുന്നതാണ് ജിഹാദ്(ധർമ്മസമരം). നിരായുധരായ ശിഷ്ടശക്തികൾ, സർവായുധ സന്നാഹത്തോടെ കയറി വന്ന മൂന്നിരട്ടി ദുഷ്ടശക്തികളെ തറ പറ്റിച്ചുകൊണ്ട് ബദ്റിലൂടെ വ്യക്തമാക്കിയത് അതാണ്.
സത്യസമത്വ സ്വാതന്ത്ര്യം പുലർത്തി നിലനിർത്താൻ ഒരു നിലയ്ക്കും അനീതിയോട് കൂട്ട് കൂടി കൂട്ടം കൂടാതെ തീവ്രമായി പ്രതികരിക്കുന്നവരാണ് സത്യവിശ്വാസികൾ. ലോകചരിത്രത്തിലെ ഇന്ത്യയുൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെയും അധിനിവേശത്തിനെതിരെ പ ശ്ചാത്തലങ്ങളിൽ സത്യവിശ്വാസികളുടെ പങ്ക് അതിന് ദൃഷ്ടാന്തങ്ങളാണ്. 40 വെള്ളിക്കാശിന് വേണ്ടി വിശ്വാസവും ആദർശവും അടിയറവ് വെക്കാതെ, സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാതെ തീവ്രവും കർക്കശവുമായി നിബന്ധനകൾ പാലിച്ചു നിലകൊള്ളുന്നവനാണ് സത്യവിശ്വാസി. അതുകൊണ്ട് തന്നെയാണ് പൈശാചിക തിന്മകളുടെ കാവലാളുകൾ അവരുടെ ഭീകരപ്രവർത്തനങ്ങൾക്ക് പുകമറയാക്കി ലോകമുസ്ലിംകളെ തീവ്രവാദികളെന്ന ചാപ്പ കുത്തി പെരുമ്പറയടിച്ച് വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത്.
ചരിത്രങ്ങളെ കഥകളാക്കിയും, ഒരു യുക്തിയുമില്ലാത്ത കെട്ടുകഥകളും, ഉപകഥകളും ഉപോപകഥകളും ചരിത്രങ്ങളാക്കിയും, പുരാതന ചരിത്രങ്ങളെ നവയുഗ പുരോഗമന പരിഷ്കാരവൽക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സത്യങ്ങൾക്ക് മേൽ ചവിട്ടിനിന്നുകൊണ്ട് അസത്യങ്ങളെയും അസംബന്ധങ്ങളെയും വാഴിക്കുവാൻ രാപ്പകലില്ലാതെ പാഴ്വേല ചെയ്തുകൊണ്ടിരിക്കുകയാണവർ. സത്യത്തെ കൊന്ന് നുറുങ്ങുകളാക്കി കരിച്ച് കുഴിച്ച് മൂടിയാലും മഴ വീണ തരിശുഭൂമിയിൽ പൊട്ടിമുളക്കുന്ന സസ്യജാലങ്ങളെ പോലെ സത്യം പുനർജനിക്കുമെന്നറിഞ്ഞ് ചിന്തിക്കാൻ മാത്രം വളർച്ച ലഭിക്കാത്ത മസ്തിഷ്കധാരികളാണവർ.
നിഷ്പക്ഷതയോടും സത്യസന്ധതയോടും കൂടി ഇസ്ലാം മതത്തെയും മറ്റ് മതങ്ങളെയും താരതമ്യം ചെയ്ത് വിശകലനം ചെയ്യുന്നവർക്കും ഇസ്ലാമിക ചരിത്രം പഠിക്കുന്നവർക്കും തീർച്ചയായും ഇസ്ലാമിന്റെ അന്തസത്ത അനുഭവിച്ചറിയനാവും. വഴിയറിയാതിരുന്ന അവർ തന്നെയാണ് നേർവഴി കണ്ടെത്തി കൊണ്ട് സത്യവിശ്വാസത്തിലൂടെ സത്യമതം ആശ്ലേഷിച്ചു കൊണ്ടിരിക്കുന്നത്. പരിശുദ്ധ ഖുർആനിലെ പ്രവചന രഹസ്യങ്ങൾ വിലയിരുത്തി ഗവേഷണങ്ങളിലൂടെ സത്യങ്ങൾ വെളിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശ്വാസത്തേക്കാൾ ബോധ്യമായിക്കൊണ്ട് പാശാചാത്യരാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാർ പോലും കൂട്ടത്തോടെ ഇസ്ലാമിലേക്ക് ചേർന്നു നിന്നുകൊണ്ടിരിക്കുന്നത്.
അന്ധവിശ്വാസികളും കപടവിശ്വാസികളും വിശ്വാസരഹിതരും എന്തൊക്കെ വ്യാഖ്യാനിച്ചാലും സമർപ്പണത്തിന്റെയും സമാധാനത്തിന്റെയും അനുസരണയുടെയും സുരക്ഷിതത്വത്തിന്റെയും മതമാണ് ഇസ്ലാം. അതുൾക്കൊണ്ട് പ്രവർത്തിച്ചു ജീവിക്കുന്നവനാണ് മുസ്ലിം.
"ഒരിക്കൽ വിശ്വസിക്കുകയും പിന്നീട് നിഷേധിക്കുകയും വീണ്ടും വിശ്വസിച്ച് പിന്നെയും നിഷേധിക്കുകയും അനന്തരം നിഷേധം കൂടിക്കൂടി വരികയും ചെയ്തവരാരോ അവർക്ക് അല്ലാഹു പൊറുത്ത് കൊടുക്കുകയില്ല. അവരെ അവൻ നേർവഴിയിലേക്ക് നയിക്കുന്നതുമല്ല." (4: 137).
പ്രതിവർഷം റമളാനിൽ നടത്തുന്ന വഴിപാട് പശ്ചാത്താപവും ഇസ്ലാമിക വേഷപ്രഛന്നതകളും ഭൗതിക പരിവേഷങ്ങളുമെല്ലാം മേൽപറഞ്ഞ ആ സൂക്തത്തിനെ അന്വർത്ഥമാക്കുന്നു. അത് മാറ്റി ഇസ്ലാമിന്റെ നിലപാടറിഞ്ഞ് ഇസ്ലാമിൽ നിലയുറച്ച് സത്കർമങ്ങൾ നിലനിർത്തുന്നവരായി നാം മാറേണ്ടതുണ്ട്.
മാനവികതയുടെ പുനഃക്രമീകരണം, സാഹോദര്യത്തിന്റെയും തത്തുല്ല്യതയുടെയും പുനഃക്രമീകരണം, കനിവിന്റെ കിനിവിന്റെ പുനഃക്രമീകരണം, ദഹനേന്ദ്രിയങ്ങളുടെ കാര്യക്ഷമതാ പുനഃക്രമീകരണം ഇവയെല്ലാം സൂക്ഷ്മതയോടും ആത്മാർത്ഥതയോടും വ്രതാനുഷ്ഠാനത്തിലൂട കരഗതമാക്കിയ ഉത്തമ സത്യവിശ്വാസികളിൽ നാം ഏവരെയും സർവ്വശ്രേഷ്ഠനായ സൃഷ്ടാവ് ഉൾപ്പെടുത്തുമാറാവട്ടെ. അക്രമികളാവാതെ ധർമ്മസംസ്ഥാപനത്തിനായി, ഇസ്ലാമികസംഹിതാ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് അനീതികളെ ചെറുത്തു തോൽപിക്കാനുള്ള ബദ്റിന്റെ സന്ദേശമാർജ്ജിച്ച് ധൈര്യവും ശൗര്യവും വീര്യവും കരഗതമാക്കിയവരിൽ നാമേവരെയും ഉൾപ്പെടുത്തുമാറാവട്ടെ.
നേർവഴിയിലായവർക്കേ സ്വർഗം ലഭിക്കൂ. സ്വർഗം ലഭിച്ചവർക്കേ പറുദീസ ലഭിക്കൂ. പറുദീസ ലഭിച്ചവർക്കേ അത്യുന്നതനായ സൃഷ്ടാവിന്റെ നേർക്കാഴ്ച ലഭിക്കൂ. അതിനായി നാം പരിവർത്തനം ചെയ്യുക, പരിവർത്തനം ചെയ്യപ്പെടുമാറാവട്ടെ. ആമീൻ.
Back to INDEX
030 ചരിത്രരചനയിലെ 'കഥ'യില്ലായ്മ
നാലാം ഖലീഫ അലിയ്യിബ്നു അബീത്വാലിബ്(റ)ഉം മുആവിയത്ബ്നു അബീസുഫ്യാനും തമ്മിലുണ്ടായ സ്വിഫ്ഫീൻ യുദ്ധസംഭവത്തിന്റെ രണ്ടു വിധമുള്ള ചരിത്രകാരന്മാരുടെ വിവരണങ്ങളാണ് താഴെ. ആദ്യത്തേത് "ഇസ്ലാം, ചരിത്രവും വികാസവും" എന്ന കോഴിക്കോട്ടെ യുവത പ്രസിദ്ധീകരണത്തിൽ നിന്നുള്ളതും രണ്ടാമത്തേത് 'ശീഇസം - ഭീതിതമായ കാണാപുറങ്ങൾ' എന്ന കായംകുളം അൽജാമിഅത്തുൽ ഹസനിയ്യയുടെ 75-ാം വാർഷിക പതിപ്പിൽ 'മുഫ്തി ത്വാരിഖ് അൻവർ ഹസനി അൽഖാസിമി'യുടെ ലേഖനത്തിൽ നിന്നുമുള്ളതാണ്. മൂന്നാം ഖലീഫ ഉസ്മാർ(റ)നെ കൊല ചെയ്ത കറുത്ത കരങ്ങളേതോ അതു തന്നെയാണ് ആയിഷ(റ)യെയും അലി(റ)യെയും ജമൽ യുദ്ധത്തിലേക്ക് തള്ളിയിട്ടവർ. അവരുടെ തന്നെ കുതന്ത്രങ്ങൾ പൂർണ്ണവിജയം നേടിയതാണ് അലി(റ)യും മുആവിയ(റ)യും തമ്മിൽ സ്വിഫ്ഫീനിൽ ഏറ്റുമുട്ടാൻ കാരണമാക്കിയത്. ആ സംഭവങ്ങളുടെ പിൽക്കാല ചരിത്രരചനകളുടെ പിന്നാമ്പുറങ്ങളിലും ഭീതിതമായ കെട്ടുകഥകൾ ഉണ്ടാക്കി ഓറിയന്റലിസ്റ്റ്/ സിയോണിസ/ ജൂത ക്രൈസ്തവ/ ശീആ ലോപികൾക്കു കൈമാറിയതും അവരുടെ അനന്തരവന്മാരാകുന്നു. എന്നാൽ ഇക്കഥകളൊന്നും ഗവേഷണ മനസ്സോടെ ത്യാഗോജ്ജ്വലമായി വിശകലനം ചെയ്യാതെ, അറബി ചരിത്രഗ്രന്ഥങ്ങളിൽ നിന്നപ്പടി പകർത്തി പരിഭാഷകളാക്കി 'കനമുള്ള' ചരിത്രഗ്രന്ഥങ്ങളുണ്ടാക്കി സമ്പാദിക്കുന്നവർ അറിഞ്ഞതേയില്ല. ചരിത്രകാരന്മാരെന്ന് മേനി നടക്കുന്ന പലരും ഈ യാഥാർത്ഥ്യം വിവേചിച്ചറിയുന്നില്ല. അവരുടെ 'കഥയില്ലായ്മ' ചൂണ്ടിക്കാണിച്ചാൽ അവരുടെ ഔന്നിത്യഭാവം അപ്പോൾ കാണാം. നിഷ്പക്ഷമായ ചരിത്രരചനക്ക് കഠിനത്യാഗവും നിസ്വാർത്ഥ മനസ്സും നിഷ്കളങ്ക സേവന മനഃസ്ഥിതിയും അഗാധ ജ്ഞാനവും ആവശ്യമാണ്. അതിലേക്കുള്ള ടോർച്ചടിയാണ് താഴെപ്പറയുന്ന രണ്ടു ലേഖനങ്ങളുടെയും താരതമ്യത്തിൽ നിന്നുദ്ദേശിക്കുന്നത്.-എഡിറ്റർ
കോഴിക്കോട്ടെ യുവത ബുക്സ് പ്രസിദ്ധീകരിച്ച "ഇസ്ലാം, ചരിത്രവും വികാസവും" എന്ന ഗ്രന്ഥത്തിൽ നിന്ന്.
താരതമ്യപഠനം
ജമൽ യുദ്ധം: ഒരു ചരിത്ര ദുരന്തം
ഉസ്മാൻ(റ) വധിക്കപ്പെട്ടു മൂന്നു നാൾക്കകം അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചിലരെല്ലാം അദ്ദേഹത്തിനു ബൈഅത്തു ചെയ്യുന്നതിൽ നിന്നു വിട്ടുനിന്നു. ഭരണം ഏറ്റെടുത്ത ഉടനെ ധൃതിപിടിച്ചു കടുത്ത പ്രത്യാഘാതങ്ങൾക്കു കാരണമാകുന്ന രണ്ടുത്തരവുകൾ പുറപ്പെടുവിച്ചു. ഉസ്മാൻ(റ) ബൈത്തുൽമാലിൽ നിന്നു സ്വന്തക്കാർക്കും ബന്ധുക്കൾക്കും അവിഹിതമായി നൽകിയെന്നു ആരോപിക്കപ്പെടുന്ന പണവും ഭൂമിയും തിരിച്ചുപിടിക്കാനുള്ള ഉത്തരവായിരുന്നു ഒന്ന്. ഉസ്മാൻ(റ) നിയമിച്ച ഉദ്യോഗസ്ഥന്മാരെ മാറ്റി പകരക്കാരെ നിയമിച്ചതാണ് മറ്റൊരു നടപടി. ഇത് അൽപം താമസിച്ചുമതി എന്നു പലരും അലി(റ)യെ ഉപദേശിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എങ്കിൽ മുആവിയ(റ)യെ തൽസ്ഥാനത്തു തന്നെ നിലനിർത്തണമെന്നു ചിലർ പറഞ്ഞുനോക്കിയെങ്കിലും അതും അദ്ദേഹം നിരസിച്ചു. എന്നാൽ ഉപദേഷ്ടാക്കൾ ഭയപ്പെട്ടത് തന്നെ സംഭവിച്ചു. പുതിയ ഗവർണർമാരിൽ ചിലർ ചാർജെടുക്കാൻ കഴിയാതെ തിരിച്ചുപോരേണ്ടിവന്നു. മുആവിയ(റ)യുടെ ആസ്ഥാനമായ സിറിയയിലേക്കു നിയുക്തനായ സഹ്ൽ തബൂക്കിലെത്തിയപ്പോഴേക്കും ഒരു കുതിരപ്പട അദ്ദേഹത്തെ ആക്രമിച്ചു. വന്ന വഴിക്കുതന്നെ തിരിച്ചയച്ചു.
മുആവിയ(റ) ഖലീഫയായി അലി(റ)യെ അംഗീകരിച്ചു ബൈഅത്ത് ചെയ്യാൻ വിസമ്മതിച്ചു. അലി(റ)യെ തെരഞ്ഞെടുത്തത് മുസ്ലിംകളിൽ തീരുമാനാധികാരമുള്ളവരുടെ ഭൂരിപക്ഷ പ്രകാരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാത്രമല്ല ഉസ്മാന്റെ വധത്തിൽ കലാശിച്ച കലാപം നടക്കുമ്പോൾ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ അലി(റ) ആത്മാർത്ഥമായ ശ്രമം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഉസ്മാൻ(റ)ന്റെ ഘാതകരെ പിടികൂടുന്നതിൽ അലി വീഴ്ച വരുത്തുകയാണെന്നും വധിക്കപ്പെട്ട ഖലീഫയുടെ ബന്ധു എന്ന നിലക്കു പ്രതിക്രിയ നടത്താൻ തനിക്ക് അവകാശമുണ്ടെന്നും മുആവിയ വാദിച്ചു. അലിയും മുആവിയയും തമ്മിൽ കത്തിടപാടുകൾ നടന്നുവെങ്കിലും മുആവിയ തന്റെ നിലപാടിൽതന്നെ ഉറച്ചുനിന്നു. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ഭരണാധികാരിക്കു ബൈഅത്തു നൽകാതിരിക്കൽ രാജ്യദ്രോഹവും കടുത്ത ആക്രമവുമാണെന്നു കണ്ട അലി, മുആവിയ സൃഷ്ടിക്കുന്ന കുഴപ്പത്തെ യുദ്ധംകൊണ്ടു അടിച്ചമർത്താൻ തന്നെ തീരുമാനിച്ചു. സിറിയയുമായി ഒരു യുദ്ധം നടത്താൻ പട്ടാളക്കാരെ അയക്കാൻ വിവിധ നാടുകളിലെ ഗവർണർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയയുമായുള്ള ഒരു പോരാട്ടത്തിനു തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് അ ലിയെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത വരുന്നത്. ത്വൽഹയും സുബൈറും അലിക്കു നൽകിയ ബൈഅത്ത് ഉടമ്പടി ലംഘിച്ചിരിക്കുന്നു. ആയിശ(റ)യും അവരോടൊപ്പം ചേർന്നിട്ടുണ്ട്. ഒരു വലിയ സൈന്യത്തെയും കൊണ്ട് അവർ ബസ്വറയിലേക്കു നീങ്ങിയിരിക്കുന്നു. ഉസ്മാന്റെ രക്തത്തിനു പകരം ചോദിക്കുകയും ഉസ്മാന്റെ കൊലപാതകത്തിൽ പങ്കെടുത്തവരോടു പ്രതിക്രിയ നടത്തുകയുമാണ് ലക്ഷ്യം. "നിങ്ങൾ നേരത്തെ അലിക്കു ബൈഅത്തു ചെയ്തവരല്ലേ? പിന്നെയെന്തേ ഇപ്പോൾ അത് ലംഘിക്കാൻ?" - ത്വൽഹയോടും സുബൈറിനോടും പലരും ചോദിച്ചു. അവരുടെ മറുപടി ഇതായിരുന്നു: "ഞങ്ങളുടെ കഴുത്തിനു നേരെ വാൾ നീട്ടിയ പരിതസ്ഥിതിയിൽ നിർബന്ധിതരായി ബൈഅത്ത് ചെയ്തതാണ്." അലി ഭരണം ഏറ്റെടുത്ത ഉടനെ പലർക്കും ഉദ്യോഗം നൽകിയെങ്കിലും ത്വൽഹയെയും സുബൈറിനെയും ഒഴിവാക്കിയിരുന്നു. നേരത്തെ അവർ രണ്ടുപേരും ഉംറക്കു അനുമതി ചോദിച്ചപ്പോൾ തന്നെ 'നിങ്ങൾ മക്കയിലേക്കു പോകുന്നത് ഉംറക്കല്ല' എന്നു അലി പറഞ്ഞിരുന്നു. ഉസ്മാൻ(റ) വധിക്കപ്പെടുകയും അലി(റ) ഖലീഫയായി നിയമിതനാവുകയും ചെയ്ത ഉടനെ ആയിശ(റ) മസ്ജിദുൽ ഹറാമിൽ വെച്ചു കലാപകാരികളുടെ നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ചും ഉസ്മാനെ പ്രകീർത്തിച്ചും സാഹിത്യഭാഷയിൽ ഒരു തീപ്പൊരിപ്രസംഗം നടത്തിയിരുന്നു. ഹജ്ജിനുശേഷം അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ആയിശ മദീനയിലേക്കു തിരിച്ചുപോയില്ല. സ്ത്രീസഹജമായ ചില കാരണങ്ങളാൽ അലിയുമായി മെച്ചപ്പെട്ട ബന്ധം പുലർത്താതിരുന്ന ആയിശ(റ), അലി ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തുഷ്ടയായിരുന്നില്ല. സ്വന്തം സഹോദരിയുടെ പുത്രനായ അബ്ദുല്ലാഹിബ്നു സുബൈറിന്റെയും ബനൂഉമയ്യ ഗോത്രത്തിൽപ്പെട്ട ചിലരുടെയും പ്രേരണക്കു വശംവദയായി അവർ അലിക്കെതിരിലുള്ള ഒരു പോരാട്ടത്തിനു മക്കയിൽ നിന്നു പുറപ്പെട്ടു. നബിയുടെ പത്നിയായ ഉമ്മുസലമ(റ) ഈ നീക്കത്തിൽ നിന്നു പിന്തിരിയാൻ അഭ്യർത്ഥിച്ചുകൊണ്ട് ആയിശ(റ)ക്കു സുദീർഘമായ ഒരു കത്തെഴുതി. പക്ഷേ ആയിശ തന്റെ നീക്കം ഒരു ബാധ്യതാ നിർവഹണമായി കണ്ടു. ആയിശയുടെ ശുദ്ധതയും സ്ഥാനവും ചിലർ ചൂഷണം ചെയ്യുകയായിരുന്നു. ഭരണമേറ്റെടുത്ത ഉടനെ അലി(റ) ആദ്യം ചെയ്യേണ്ടത് ഉസ്മാന്റെ ഘാതകരെ പിടികൂടി ശിക്ഷിക്കുകയാണെന്നു വിശ്വസിക്കുന്ന ചില സ്വഹാബികളും ആയിശയുടെ സംഘത്തിൽ ചേർന്നു. കൂടെ മക്കയിലെ ഗവർണറും ബസ്വറയിലെയും കൂഫയിലെയും പുറത്തായ ഗവർണർമാരുമുണ്ടായിരുന്നു.
സംഘം ബസ്വറയെ ലക്ഷ്യം വെച്ചു നീങ്ങി. മാഉൽ ഹൗഅബ് എന്ന സ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ കുരച്ചു. പെട്ടെന്നു ആയിശ ചോദിച്ചു: "ഇത് ഏതാണ് സ്ഥലം?" "മാഉൽ/ഹൗഅബ്." ആയിശ: "എങ്കിൽ ഞാൻ തിരിച്ചുപോവുകയാണ്." "കാരണം?" ആയിശ: "റസൂൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. "നിങ്ങളിൽ ഒരുത്തിയെ/ ഹൗഅബിലെ നായ്ക്കൾ കാണുമ്പോൾ കുരക്കും. ഓമനേ, ആ ഒരുത്തി നീ ആകരുത്." "ഉമ്മ ഈ കേട്ടതൊക്കെയങ്ങു വിട്ട് യാത്ര തുടരുക." ഇതായിരുന്നു കൂട്ടുകാരുടെ പ്രതികരണം.
ആയിശയും മൂവായിരം പേരടങ്ങിയ സംഘവും ബസ്വറക്കടുത്ത ഹഫീറിൽ താവളമടിച്ചു. ഉസ്മാൻ(റ)ന്റെ രക്തത്തിനു പകരം ചോദിക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ ബസ്വറക്കാരെ വിളിച്ചു. ഉസ്മാനെ വധിച്ചത് തങ്ങളല്ലെന്നു പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ബസ്വറ ഗവർണർ ഉസ്മാനുബ്നു മദ്ഊൻ പ്രതിരോധ നടപടികൾക്കായി ജനങ്ങളോട് ആഹ്വാനം ചെയ്തു. ആയിശയുടെ സംഘവും ബസ്വറക്കാരും തമ്മിൽ പോരാട്ടം നടന്നു. ആയിശയുടെ പക്ഷത്തായിരുന്നു വിജയം. ഗവർണർ ബന്ധിതനായി പിടിക്കപ്പെട്ടു. പിന്നെ അമ്പത് അടി കൊടുത്തശേഷം അയാളെ വിട്ടയച്ചു.
സിറിയ ലക്ഷ്യം വെച്ചു പുറപ്പെട്ട അലി സൈന്യത്തെ ബസ്വറയിലേക്കു തിരിച്ചുവിട്ടു. കൂഫയിൽ നിന്നു സൈന്യത്തിലേക്കു ഒമ്പതിനായിരം പേരെ കൂടി കൂട്ടി. ഇരുപതിനായിരം പേരടങ്ങിയ ഒരു സൈന്യവുമായി ബസ്വറക്കടുത്ത 'ക്വരീബ'യിൽ താവളമടിച്ചു. വിവരമറിഞ്ഞ ആയിശ പക്ഷം മുപ്പതിനായിരം പേരെയും കൊണ്ട് അലിയെ നേരിടാൻ പുറപ്പെട്ടു. യുദ്ധം ഒഴിവാക്കാൻ അലി നടത്തിയ സംഭാഷണങ്ങൾ വിജയത്തോടടുത്തുവെങ്കിലും അബ്ദുല്ലാഹിബ്നു സബഇന്റെ പക്ഷക്കാർ സൂത്രത്തിൽ അത് തകർത്തു. ആയിശ ഒട്ടകപ്പുറത്ത് പുറപ്പെട്ടതിനെ പലരും അപലപിച്ചുവെങ്കിലും അവർ ന്യായീകരിക്കുകയായിരുന്നു. സുബൈർ ഒരുവേള യുദ്ധം ഒഴിവാക്കി തിരിച്ചുപോയെങ്കിലും ഇത് ഭീരുത്വമാണെന്നു പറഞ്ഞ് മകൻ പിതാവിനെ തിരിച്ചുവിളിച്ചു.
ദൗർഭാഗ്യകരമായ ആ യുദ്ധം നടക്കുക തന്നെ ചെയ്തു. ആയിശ മുന്നണിയിൽ ഒട്ടകപ്പുറത്ത് ഒരു കൂടാരത്തിൽ. കൂടാരത്തിനു നേരെ തുരുതുരെ അമ്പുകൾ വർഷിച്ചു. കൂടാരം രക്ഷിക്കാൻ നിരവധിപേർ ജീവൻ ബലിയർപ്പിച്ചു. അമ്പുകൾ എയ്യുന്ന ഇരുപതോളം കൈകൾ മർവാൻ വെട്ടിമുറിച്ചു. കൂടാരത്തെ കേന്ദ്രീകരിച്ചു രൂക്ഷമായ പോരാട്ടം നടന്നു. ത്വൽഹ നിലത്തുവീണു രക്തം വാർന്നൊലിച്ചു. അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ജനങ്ങൾ കൂടാരത്തിന്റെ പേരിൽ വീണു മരിക്കുകയാണ്. യുദ്ധം നിർത്താൻ അലി ഒരു പോംവഴി മാത്രം കണ്ടു. ആയിശയുടെ ഒട്ടകത്തിന്റെ കാൽ മുറിക്കാൻ കൽപിച്ചു. ഒട്ടകം ഒരു വലിയ ശബ്ദം മുഴക്കി നിലത്തുവീണു. കൂടാരം ചെരിഞ്ഞു. ജനങ്ങൾ ചിതറി ഓടി. ആയിശയും മർവാനും മാത്രം ബാക്കി. കൂടാരം അമ്പുകൾ ഏറ്റു മുള്ളൻപന്നി പോലെയായിട്ടുണ്ട്. അലി ഉടനെ ആയിശക്കു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നന്വേഷിച്ചു. ഇല്ല. അവർ സുരക്ഷിത. സഹോദരൻ മുഹമ്മദുബ്നു അബൂബക്കർ അവരെ ബസ്വറയിലെ ഒരു വീട്ടിലേക്കു മാറ്റി. മറ്റൊരു നേതാവായിരുന്ന സുബൈറിനെ മദീനയിലേക്കു മടങ്ങുമ്പോൾ വഴിയിൽവെച്ച് നമസ്കരിക്കുന്നതിനിടയ്ക്ക് ഇബ്നുജർമൂസ് എന്നയാൾ വധിച്ചു.
അലി, ആയിശ ബീവിയുടെ താമസസ്ഥലത്തുചെന്ന് അവരുടെ സുഖവിവരം അന്വേഷിച്ചു. ആയിശ മദീനയിലേക്കു പോകാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊടുത്തു അവരെ യാത്രയാക്കി. കൂടെ തന്റെ മക്കളെയും ആയിശയുടെ സഹോദരൻ മുഹമ്മദുബ്നു അബൂബക്കറിനെയും അയച്ചു.
ഈ സംഭവം കഴിഞ്ഞു തിരിച്ചുപോയശേഷം ആയിശ കരഞ്ഞു കൊണ്ടാണ് നാളുകൾ കഴിച്ചുകൂട്ടിയത്. കണ്ണീരൊലിച്ചു അവരുടെ മക്കന നനഞ്ഞിരുന്നുവെന്നു ചരിത്രകാരന്മാർ പറയുന്നു. അവർ ഇങ്ങനെ പറഞ്ഞു വിലപിക്കുമായിരുന്നു. "ഇരുപതു വർഷം മുമ്പ് ഞാൻ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു!"
ഇരുപക്ഷത്തുനിന്നുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതിനായിരമായി ചില ചരിത്രകാരന്മാർ കണക്കാക്കുന്നു. മഹാന്മാരായ സ്വഹാബികളും പണ്ഡിതന്മാരും ഖുർആൻ ഹൃദിസ്ഥമാക്കിയവരുമെല്ലാം ഇരുപക്ഷത്തുമായി ജീവനറ്റു കിടക്കുന്നത് കണ്ടപ്പോൾ അലി(റ) വളരെയേറെ ദുഃഖിതനായി. ജയിച്ച കക്ഷി അലിയുടേതായിരുന്നുവെങ്കിലും മുറിവേറ്റു കിടക്കുന്നവർക്കു ജീവനാശം വരുത്താനോ ഓടിപ്പോകുന്നവരെ പിന്തുടരാനോ എതിർവിഭാഗത്തിന്റെ വീടുകളിൽ കയറി പരിശോധന നടത്താനോ പാടില്ലെന്നു അദ്ദേഹം ഉത്തരവിട്ടു. ആയിശയുടെ പക്ഷക്കാർ ഉപേക്ഷിച്ചുപോയ സ്വത്ത് അദ്ദേഹം ഗനീമത്തായി കണക്കാക്കിയില്ല. മറിച്ചു കണ്ടുകിട്ടിയവയത്രയും ബസ്വറയിലെ പള്ളിയിൽ ഒരുമിച്ചുകൂട്ടി തിരിച്ചറിയുന്ന ഉടമകളോട് എടുത്തുകൊണ്ടുപോകാൻ പറയുകയാണുണ്ടായത്. രണ്ടു പക്ഷത്തുമായി മരണപ്പെട്ടവരുടെ ജനാസ ഒന്നിച്ചു നമസ്കരിച്ചു.
ഹി. 36 ജമാദുൽ അവ്വൽ മാസം അവസാനം ഒരു ദിവസം കൊണ്ട് അവസാനിച്ച ഈ യുദ്ധത്തിനു ആയിശയുടെ ഒട്ടകത്തെ സൂചിപ്പിച്ചു കൊണ്ടു 'ജമൽ യുദ്ധം' എന്നു പറയുന്നു.
സ്വിഫ്ഫീൻ യുദ്ധവും മധ്യസ്ഥ പ്രഹസനവും
അലിയെ ഖലീഫയായി അംഗീകരിക്കാൻ മുആവിയ തയ്യാറായില്ല. അലിയുടെ ബൈഅത്ത് അനധികൃതവും ഭാഗികവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തനിക്കു ഖിലാഫത്തിന്നർഹതയുണ്ടെന്നു വിശ്വസിച്ച മുആവിയ ഖിലാഫത്ത് ബനൂഉമയ്യയിൽ മാത്രം പരിമിതപ്പെടുത്താൻ ആഗ്രഹിച്ചുവെന്നാണ് അനന്തര സംഭവഗതികൾ വ്യക്തമാക്കുന്നത്. ഉസ്മാന്റെ രക്തംപുരണ്ട കുപ്പായവും അദ്ദേഹത്തിന്റെ പത്നി നാഇലയുടെ മുറിഞ്ഞ വിരലുകളും പള്ളിയിൽ പ്രദർശിപ്പിച്ചു കൊണ്ട് അദ്ദേഹം ഇടക്കിടെ ജനവികാരം ഇളക്കിവിടുമായിരുന്നു. ഉസ്മാന്റെ ഘാതകരെ പിടികൂടാൻ നടപടി സ്വീകരിക്കാത്ത അലിയുടെ നയത്തെ അദ്ദേഹം വിമർശിച്ചു കൊണ്ടിരുന്നു. വിശാലമായ ഒരു സാമ്രാജ്യവും ധാരാളം സ്വത്തുക്കളും കൈവശമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിനു ജനങ്ങളെ നന്നായി വശീകരിക്കാൻ കഴിഞ്ഞു. തന്ത്രങ്ങൾ മെനയുന്നതിലും അദ്ദേഹം സമർത്ഥനായിരുന്നു. ഉമർ ഉദ്യോഗസ്ഥന്മാർ പലരെയും മാറ്റിയപ്പോൾ മുആവിയയെ തൊട്ടില്ല. പക്ഷേ, അദ്ദേഹത്തെ നന്നായി നിയന്ത്രിച്ചു. ഉസ്മാനും മുആവിയക്കു ഒരു സ്ഥാനചലനവും വരുത്തിയില്ല.
അലിയാകട്ടെ തന്ത്രങ്ങളും വിദ്യകളും ഒന്നും പ്രയോഗിക്കാനറിയാത്ത, അതൊക്കെ സത്യസന്ധതയ്ക്കെതിരാണെന്നു വിശ്വസിക്കുന്ന ശുദ്ധഗതിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ പട്ടാളക്കാർക്കു ശമ്പളം കൊടുക്കാൻ പോലും ധനമില്ല. ബൈത്തുൽ മാലിൽ നിന്നും അനർഹമായി ആർക്കും ഒന്നും നൽകുമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഉപജീവനം കഴിക്കാനുള്ളത് മാത്രമേ എടുക്കുമായിരുന്നുള്ളൂ. ബൈത്തുൽമാലിൽ എന്തെങ്കിലും മിച്ചമുണ്ടെങ്കിൽ തുല്യനീതിയാക്കി അവിടെ രണ്ടു റക്അത്ത് നമസ്കരിക്കും. ധനത്തിന്റെ കാര്യത്തിൽ ഇത്രയും സൂക്ഷ്മത പാലിക്കുന്ന അലിക്കു പണം കൊണ്ട് ആളുകളെ വശീകരിക്കാൻ കഴിയുമായിരുന്നില്ല.
ഖലീഫയായ അലിക്കു വഴങ്ങികൊടുക്കാതെ സൈനികശക്തി കൊണ്ട് അദ്ദേഹത്തെ നേരിടാൻതന്നെ മുആവിയ തീരുമാനിച്ചു. സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും ജനങ്ങളിൽ നിന്നു ബൈഅത്ത് വാങ്ങുകയും ചെയ്തു.
അലിയാകട്ടെ ഉസ്മാനു ശേഷം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി എന്ന നിലക്കു എല്ലാവരും തന്നെ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും ധിക്കരിക്കുന്നവരെ നേരിടേണ്ടത് മതപരമായ തന്റെ കടമയാണെന്നും വിശ്വസിച്ചു. എങ്കിലും ഒരു യുദ്ധം കഴിവതും ഒഴിവാക്കണമെന്ന നിർബന്ധമുണ്ടായിരുന്ന സമാധാനപ്രേമിയായ അലി ആദ്യം മുആവിയയുടെ അടുത്തേക്ക് അദ്ദേഹത്തിന്റെ ബൈഅത്ത് ആവശ്യപ്പെട്ടു കൊണ്ട് ആദ്യം ജരീറുബ്നു അബ്ദുല്ലയെ അയച്ചു. ജരീർ പല നിലക്കും മുആവിയയെ ഉപദേശിച്ചു നോക്കിയെങ്കിലും താൻ മറുപടി പിന്നെ പറയാമെന്നു ധരിപ്പിച്ചു ജരീറിനെ തിരിച്ചുപോകാൻ അനുവദിക്കാതെ കൂടെനിർത്തി. അതിനിടക്കു മുആവിയ വളരെക്കാലം ഈജിപ്തിൽ ഗവർണറായി ജോലി ചെയ്തു പരിചയമുള്ള അംറുബ്നുൽ ആസ്വിനെ വിളിച്ചുവരുത്തി. അഭിപ്രായം ആരാഞ്ഞു. അലിയുമായുള്ള പോരാട്ടത്തിൽ അംറിന്റെ സഹായം ലഭിക്കുമെന്ന് ഉറപ്പുവാങ്ങി. തന്നെ ഈജിപ്തിൽ ഗവർണറായി നിയമിക്കണമെന്ന ആവശ്യവും അദ്ദേഹം മുആവിയയെക്കൊണ്ട് അംഗീകരിപ്പിച്ചു. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം മുആവിയ അലിയുടെ കത്തിനു പ്രതികൂലമായ മറുപടി അയച്ചു.
പിന്നെ മുആവിയ എൺപത്തിമൂന്നായിരം പേരടങ്ങുന്ന ഒരു സൈന്യവുമായി യൂഫ്രട്ടീസിന്റെ സമതലപ്രദേശമായ സ്വിഫ്ഫീൻ ലക്ഷ്യം വെച്ചു നീങ്ങി. അവിടെ എത്തിയ ഉടനെ മുആവിയ ജലസൗകര്യം കൈവശപ്പെടുത്തി. അലിയുടെ കക്ഷി അത് ഉപയോഗിക്കുന്നത് തടയാൻ പതിനായിരം പേരടങ്ങിയ ഒരു സൈന്യത്തെ കാവൽ നിർത്തുകയും ചെയ്തു. തൊണ്ണൂറായിരം പേരടങ്ങിയ ഒരു സൈന്യവുമായി പുറപ്പെട്ട അലി, മുആവിയയുടെ സൈന്യം നിലയുറപ്പിച്ച സ്വിഫ്ഫീനടുത്തുതന്നെ നിലയുറപ്പിച്ചു. പക്ഷേ, മുആവിയ അവർക്കു വെള്ളം വിട്ടുകൊടുത്തില്ല. വെള്ളം പൊതുസ്വത്താണെന്നും രണ്ടു വിഭാഗത്തിനും ഉപയോഗിക്കാൻ സൗകര്യം നൽകണമെന്നും ചില ദൂതന്മാർ മുഖേന അലി ആവശ്യപ്പെട്ടു. വെള്ളം കിട്ടാതെ അലിയും സംഘവും മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞു. പിന്നെ ഒരു പോരാട്ടത്തിൽ മുആവിയയുടെ കാവൽസൈന്യത്തെ തകർത്തു ജലത്തിന്മേലുള്ള അധികാരം അലി കൈവശപ്പെടുത്തി. മറുപക്ഷം ദാഹിച്ചുവലയുന്നതിൽ സങ്കടം തോന്നിയ അദ്ദേഹം അവർക്കു വെള്ളം ഉപയോഗിക്കുന്നതിനു സ്വാതന്ത്ര്യം കൊടുക്കാൻ പട്ടാളത്തോടാവശ്യപ്പെടുകയാണുണ്ടായത്. ഒറു സംഘട്ടനം ഒഴിവാക്കാൻ അലി വീണ്ടും ദൂതന്മാരെ അയക്കുകയും സംഭാഷണങ്ങൾ തുടരുകയും ചെയ്തു. ഒരുവേള അത് വിജയിച്ചുവെങ്കിലും പിന്നെയും തകർന്നു, ഏറ്റുമുട്ടലുകൾ ആരംഭിച്ചു. അത് നീളുകയാണെന്നു കണ്ട അലി ശക്തമായ ഒരാക്രമണത്തിനു ഉത്തരവിട്ടു. മുആവിയ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന ഒരു അവസ്ഥയിലെത്തിയപ്പോൾ നേരത്തെ പ്ലാൻ ചെയ്ത ഒരു തന്ത്രം പ്രയോഗിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
മുആവിയയുടെ അണികളിൽ പെട്ടെന്ന് കുന്തങ്ങൾ ഉയർന്നു. അവയുടെ തലപ്പത്ത് മുസ്വ്ഹഫുകൾ: "ഇതാ, അല്ലാഹുവിന്റെ ഗ്രന്ഥം. നമുക്കിടയിലെ തർക്കം ഈ ഗ്രന്ഥത്തിന്റെ തീരുമാനത്തിനു വിടുക. നാം നശിച്ചാൽ പിന്നെ ആരുണ്ട്; അതിർത്തികൾ കാക്കാൻ." തോൽക്കുകയാണെന്നു കണ്ടപ്പോൾ അംറുബ്നുൽ ആസ്വ് കണ്ട സൂത്രം. നേരത്തെ തീരുമാനിച്ചതിനാൽ മുസ്വ്ഹഫുകൾ കൊണ്ടുവന്നിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. മുസ്വ്ഹഫുകൾ കണ്ടയുടനെ അലിയുടെ കൂടെയുള്ളവർ അട്ടഹസിച്ചു. "നാം അല്ലാഹുവിന്റെ നിർദ്ദേശം അംഗീകരിക്കുക." വിജയം തൊട്ടുതൊട്ടില്ലെന്ന അവസ്ഥയിൽ എത്തിനിൽക്കുന്ന ഈ സമയത്ത് ഈ കെണിയിൽ വീഴരുതെന്നു അലി അണികളെ ഉപദേശിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അവരുടെ നിർബന്ധത്തിനു അവസാനം അലി വഴങ്ങി. തുടർന്നു അലിയുടെ കക്ഷി രണ്ടു ചേരിയായി ഭിന്നിച്ചു. യുദ്ധം നിർത്തിയതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും. "എന്താണ് നിങ്ങൾ കാണുന്ന പരിഹാരം?" മുആവിയയോടു അലിയുടെ പ്രതിനിധി ആരാഞ്ഞു: "നിങ്ങളും ഞങ്ങളും ഓരോ പ്രതിനിധിയെ അയക്കുക. അവർ രണ്ടു പേരും ഒത്തുചേർന്നു നമ്മുടെ തർക്കത്തിൽ അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് ഒരു തീരുമാനത്തിലെത്തിച്ചേരുക." ഈ നിർദ്ദേശം അലിയുടെ കക്ഷിയുടെ ഭൂരിപക്ഷം പേരും സ്വാഗതം ചെയ്തപ്പോൾ ഒരു ന്യൂനപക്ഷം അതിനെ എതിർത്തു. അലി ഈ നിർദേശത്തിനു വഴങ്ങാൻ നിർബന്ധിതനായി. ഇതിന്നകം നിരവധി മഹാന്മാരായ സ്വഹാബികളും ധീരയോദ്ധാക്കളും സംഘട്ടനത്തിൽ വധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ വീരേതിഹാസം കുറിച്ച അമ്മാറുബ്നു യാസിറും ഇവരിൽ ഉൾപ്പെട്ടിരുന്നു. തൊണ്ണൂറു വയസ്സു കഴിഞ്ഞെങ്കിലും യുവത്വത്തിന്റെ ചുറുചുറുക്കുള്ള അമ്മാർ അലിയുടെ പക്ഷത്ത് ചേർന്ന് യുദ്ധം ചെയ്യുകയായിരുന്നു.
മുആവിയ അദ്ദേഹത്തിന്റെ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന മധ്യസ്ഥനായി തന്ത്രജ്ഞനും ഭരണനിപുണനും പരിചയസമ്പന്നനുമായ അംറുബ്നുൽ ആസ്വിനെ തെരഞ്ഞെടുത്തു. അലിയുെട പക്ഷത്താകട്ടെ ഈ യോഗ്യതകളൊന്നുമില്ലാത്ത ശുദ്ധഗതിക്കാരനായ അബൂ മൂസൽ അശ്അരിയും. ഇബ്നു അബ്ബാസ്, അശ്തർ തുടങ്ങിയവരുടെ പേരുകൾ അലി നിർദ്ദേശിച്ചുവെങ്കിലും ജനം കൂട്ടാക്കിയില്ല.
രണ്ടു മധ്യസ്ഥന്മാരും ഹി. 37 സ്വഫർ മാസം ദൂമതുൽ ജൻദൽ എന്ന സ്ഥലത്ത് സമ്മേളിച്ചു. യുദ്ധം നിർത്തിവെക്കുന്നതിലും രണ്ടു പേരും അടുത്തു സമ്മേളിക്കേണ്ട സ്ഥലം, തിയ്യതി എന്നിവയിലും ധാരണയായി കരാർ ഒപ്പുവെച്ചു. കരാർപത്രം എഴുതുമ്പോൾ അലിയുടെ പേരിൽ നിന്നു ഖലീഫ എന്ന പദം മാറ്റാൻ അംറ് നിർബന്ധിച്ചപ്പോൾ അബൂമൂസാ അതിനു വഴങ്ങി. അലിയുെട അടിസ്ഥാനവാദം തന്നെ അതോടെ തകർക്കപ്പെടുകയായിരുന്നു. കരാറിലെ ഏറ്റവും വലിയ തന്ത്രം ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയം നിർണയിച്ചിരുന്നില്ല എന്നതായിരുന്നു കാരണം. അത് യഥാർത്ഥത്തിൽ തീരുമാനമെടുക്കാൻ ഉള്ളതായിരുന്നില്ല.
കരാർ ഒപ്പുവെച്ച ഉടനെ അലിയുടെ പാളയത്തിൽ അനുകൂലികളും പ്രതികൂലികളുമായി ജനം രണ്ടായി പിളർന്നു. എതിർപ്പുള്ള പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരുവിഭാഗം പിണങ്ങിപ്പോയി കൂഫയിലെ ഹറൂറാഅ് എന്ന ഗ്രാമത്തിൽ സമ്മേളിച്ചു. പിന്നീടവർ ഹറൂരികൾ എന്ന പേരിൽ അറിയപ്പെട്ടു. ഈ വിഭാഗത്തിന്റെ മുദ്രാവാക്യം ലാ ഹുക്മഇല്ലാ ലില്ലാ (വിധി അല്ലാഹുവിനു മാത്രം) എന്നതായിരുന്നു. അലി മധ്യസ്ഥ തീരുമാനം അംഗീകരിച്ചതിന്നർത്ഥം അദ്ദേഹം ശൂറാ അടിസ്ഥാനത്തിൽ ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതിനെ സ്വയം ചോദ്യം ചെയ്യുക എന്നതാണെന്നും ഇതുവഴി അദ്ദേഹം പിഴച്ചുവെന്നും അലിയും മുആവിയയും രണ്ടുപേരും തെറ്റിയവരാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ഖവാരിജ് എന്ന പേരിൽ വേറിട്ടുപോയി.
ഏതായാലും ഹി. 37 റമദാനിൽ രണ്ടു മധ്യസ്ഥന്മാരും നിശ്ചയപ്രകാരം സമ്മേളിച്ചു. നീണ്ട ചർച്ചകളും വാഗ്വാദങ്ങളും നടന്നു. അതിൽ അംറുബ്നുൽ ആസ്വ് തന്ത്രം നന്നായി പയറ്റി. ഉസ്മാന്റെ രക്തത്തിനു അവകാശി മുആവിയയാണെന്നു അബൂമൂസയെക്കൊണ്ട് സമ്മതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവസാനം പ്രശ്നത്തിനു പരിഹാരമായി. അലിയെയും മുആവിയയെയും രണ്ടുപേരെയും ഒഴിവാക്കി മൂന്നാമതൊരാളെ ശൂറപ്രകാരം തെരഞ്ഞെടുക്കുക എന്ന യോജിപ്പിലെത്തി; തീരുമാനം പള്ളിയിലെ മിൻബറിൽ വെച്ചു പ്രഖ്യാപിക്കുക എന്നും പ്രായം പരിഗണിച്ചു ആദ്യം അബൂമൂസാ സംസാരിക്കണമെന്നായി അംറ്.
അബൂമൂസാ ഇങ്ങനെ പ്രഖ്യാപിച്ചു. "ജനങ്ങളേ, ഞങ്ങൾ ഈ സമുദായത്തിന്റെ കാര്യം ആലോചിച്ചു. ഭിന്നിപ്പ് ഒഴിവാക്കാൻ ഞാനും അംറും കണ്ട അനുയോജ്യമായ മാർഗം അലിയെയും മുആവിയയെയും രണ്ടുപേരെയും സ്ഥാനഭ്രഷ്ടരാക്കുക എന്നതാണ്. സമുദായം അവർക്കിഷ്ടമുള്ളവരെ തെരഞ്ഞെടുക്കട്ടെ. ഞാൻ അലിയെയും മുആവിയയെയും രണ്ടുപേരെയും ഇതാ ഒഴിവാക്കിയിരിക്കുന്നു. നിങ്ങൾ ഇക്കാര്യത്തിനു അർഹരായി കാണുന്നവരെ അധികാരം ഏൽപ്പിക്കുക."
പിന്നെ അംറ് ഇപ്രകാരം സംസാരിച്ചു: "ഇദ്ദേഹം പ്രഖ്യാപിച്ചത് നിങ്ങൾ കേട്ടുവല്ലോ. അദ്ദേഹം അദ്ദേഹത്തിന്റെ ആളെ ഒഴിവാക്കിക്കഴിഞ്ഞു. ഞാനും അദ്ദേഹത്തെ ഇതാ ഒഴിവാക്കുന്നു. എന്റെ ആൾ മുആവിയയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. കാരണം അദ്ദേഹമാണ് ഉസ്മാന്റെ ബന്ധു. ഉസ്മാന്റെ രക്തത്തിനു പകരം ചോദിക്കേണ്ടവൻ, ഈ സ്ഥാനത്തിനു ഏറ്റവും അനുയോജ്യൻ."
അബൂമൂസാ ക്ഷോഭിച്ചു: "അങ്ങനെയല്ല തീരുമാനം. അംറ് പറയുന്നത് കള്ളമാണ്" എന്നൊക്കെ അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. അംറ് പുഞ്ചിരിക്കുക മാത്രം ചെയ്തു. നാണക്കേട് സഹിക്കാതെ അബൂമൂസാ ഒരു വാഹനത്തിൽ മക്കയിലേക്കു യാത്രയായി.
അൽ ജാമിഅത്തുൽ ഹസനിയ്യ, കായംകുളം പ്രസിദ്ധീകരിച്ച 75-ാം വാർഷിക പതിപ്പിലെ
സ്വഹാബാക്കൾക്കിടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ എന്ന ലേഖനത്തിൽ നിന്ന് :
ജമല്‍യുദ്ധം
ഹിജ്റ 35- ല്‍ ഉസ്മാന്‍(റ)ന്‍റെ വധത്തിനു മുമ്പ് മദീനയില്‍ പ്രശ്നങ്ങളുണ്ടായ വേളയില്‍ മഹതി ആയിശ(റ) യുടെ നേതൃത്വത്തില്‍ ഉമ്മഹാത്തുല്‍ മുഅ്മിനീന്‍ ഹജ്ജിന് വേണ്ടി യാത്ര തിരിച്ചു. മദീനയില്‍ ഉസ്മാന്‍(റ) കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അറിഞ്ഞ് അവര്‍ മക്കയില്‍ തന്നെ താമസമുറപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍ മക്കയില്‍ സ്വഹാബത്തിന്‍റെ ഒരു വലിയ സംഘം ഒരുമിച്ച് കൂടിയിരുന്നു. അവര്‍ക്കിടയില്‍ മഹതി ആഇശാ(റ) എഴുന്നേറ്റു നില്‍ക്കുകയും ഉസ്മാന്‍(റ)ന്റെ ഘാതകരെ വധിക്കാന്‍ ഖലീഫയോട് ആവശ്യപ്പെടാന്‍ അവരെ പ്രേരിപ്പിക്കുകയും, ആ അക്രമികള്‍ സ്ഥലവും പരിസരവും പരിഗണിക്കാതെ ചെയ്ത് കൂട്ടിയ അതിക്രമങ്ങള്‍ അവരെ ധരിപ്പിക്കുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം അവരെ അനുസരിക്കാന്‍ തയ്യാറായി. നിങ്ങള്‍ എങ്ങോട്ട് പോയാലും ഞങ്ങള്‍ നിങ്ങളോടപ്പമുണ്ട് എന്ന് പറയുകയും ചെയ്തു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവില്‍ ബസ്വറയിലേക്ക് പോകാമെന്ന് തീരുമാനമായി.
മറുഭാഗത്ത് അലി(റ) ഉം മുആവിയ(റ) ഉം തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ചതിനാല്‍ അലി(റ) ഒരു വലിയ സൈന്യത്തോടപ്പം ശാമിലേക്ക് തിരിച്ചു. വഴിമദ്ധ്യേ മഹതി ആയിശ(റ)യും സംഘവും ബസ്വറയിലേക്ക് വരുകയാണന്നറിഞ്ഞ അലി(റ) തന്‍റെ യാത്ര ബസ്വറയിലേക്കാക്കി. ഇരു വിഭാഗത്തിന്‍റെയും ഉദ്ദേശം ഇസ്ലാഹ് (ചിതറികിടക്കുന്ന ഉമ്മത്തെ-മുസ്ലിമയുടെ വിഭാഗങ്ങളെ ഒന്നിപ്പിക്കുക) മാത്രമായിരുന്നു, ധാരാളം ചരിത്ര സംഭവങ്ങള്‍ ഇതിന് സാക്ഷിയാണ്.
അലി(റ) തന്‍റെ സഹായത്തിനായി കൂഫക്കാരെ വിളിച്ചുകൊണ്ട് വരാന്‍ മകന്‍ ഹസന്‍(റ) നെയും അമ്മാറുബിനു യാസിര്‍(റ) നെയും അയച്ചു. അവര്‍ കൂഫാ നിവാസികളിലെ വലിയൊരു സംഘവുമായി തിരിച്ചു വന്നപ്പോള്‍ അലി(റ) അവരെ സ്വാഗതം ചെയ്ത് കൊണ്ട് പറഞ്ഞു: ബസ്വറക്കാരായ നമ്മുടെ സഹോദരങ്ങളുടെ പ്രശ്നത്തില്‍ സാക്ഷിയാകാനാണ് നിങ്ങളെ ഞാന്‍ വിളിച്ച് വരുത്തിയത്, ഇനി അവര്‍ മടങ്ങിപ്പോകുകയാണെങ്കില്‍ നാം അത് തന്നെയാണ് ആഗ്രഹിക്കുന്നത്, ഇനി അവര്‍ വിസമ്മതിച്ചാല്‍ അവര്‍ നമ്മോട് അക്രമം കാണിക്കുന്നത് വരെ നാം അവരോട് മയമായി പെരുമാറുന്നതാണ്. രജ്ഞിപ്പിനും ഐക്യത്തിനും ഉതകുന്ന കാര്യങ്ങള്‍ക്കായിരിക്കും നാം മുന്‍ഗണന നല്‍കുക.(ഇന്‍ശാഅല്ലാഹ്) (അല്‍ബിദായ വന്നിഹായ: 5/237)
ശേഷം അലി(റ) ബസ്വറയിലുള്ള ത്വല്‍ഹ, സുബൈര്‍(റ) യുടെ അടുക്കലേക്ക് ഖഅ്ഖാഉബ്നു അംറ്(റ) നെ ദൂതനായി അയച്ചു. അദ്ദേഹം അവരെ ഐക്യത്തിലേക്കു ക്ഷണിക്കുകയും അഭിപ്രായ വ്യത്യാസത്തിന്‍റെയും ഭിന്നതയുടെയും കടുപ്പം പറഞ്ഞ് കൊടുക്കുകയും ചെയ്തു. അങ്ങനെ അവര്‍ക്കിടയില്‍ നടന്ന സംഭാഷണത്തിനൊടുവില്‍ ഖഅ്ഖാഅ് (റ) അവരോട് കീഴടങ്ങാനും അലി(റ) നെ ബൈഅത്ത് ചെയ്യുവാനും ഉസ്മാന്‍(റ) ന്റെ ഘാതകരെ കൊല്ലാന്‍ അലി (റ) ന് സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. അവര്‍ ആ അഭിപ്രായത്തില്‍ സന്തുഷ്ടരായി അദ്ദേഹത്തോട് പറഞ്ഞു താങ്കള്‍ മടങ്ങി പോകുക, അലി(റ) ഇതേ അഭിപ്രായവുമായി വരുകയാണെങ്കില്‍ പ്രശ്നം അവസാനിച്ചു. ഖഅ്ഖാഅ്(റ) അലി(റ) നെ ഈ കാര്യമറിയിച്ചപ്പോള്‍ അലി(റ) വളരെ സന്തോഷിക്കുകയും ജനങ്ങള്‍ സന്ധിക്ക് തയ്യാറാകുകയും ചെയ്തു. ഒപ്പം ആഇശാ(റ) അലി(റ) ന്‍റെ അടുക്കലേക്ക് ആളയച്ച് താന്‍ സന്ധിക്ക് വേണ്ടി മാത്രമാണ് വന്നതെന്ന് അറിയിക്കുകയും കൂടി ചെയ്തപ്പോള്‍ ഇരു വിഭാഗവും അങ്ങേയറ്റം സന്തോഷഭരിതരായി.
തല്‍സമയം അലി(റ) പ്രസംഗത്തിനായി എഴുന്നേറ്റുനിന്നു. അല്ലാഹുവിനെ സ്തുതിക്കുകയും ജാഹിലിയ്യത്തും അതിന്‍റെ പരാജയവും ഇസലാമും അതിലൂടെയുണ്ടായ വിജയവും അനുസ്മരിക്കുകയും ചെയ്ത് കൊണ്ട് മഹാനവറുകള്‍ പറഞ്ഞു: റസൂലുല്ലാഹി(സ) യ്ക്ക് ശേഷം അല്ലാഹു തആല ഉമ്മത്തിനു ഖലീഫമാരിലൂടെ ഐക്യം നല്‍കി അനുഗ്രഹിച്ചു. എന്നാല്‍ ഇന്ന് ദുന്‍യാവിന്‍റെ പ്രേമികളും അസൂയാലുക്കളുമായ ഒരു കൂട്ടം നാശകാരികള്‍ ഇസ്ലാമിനെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉമ്മത്തിനെ ഈ നാശങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. അല്ലാഹു അവന്‍റെ തീരുമാനം നടപ്പാക്കുക തന്നെ ചെയ്യും. ഞാന്‍ നാളെ യാത്ര തിരിക്കുകയാണ്. നിങ്ങളും എന്നോടപ്പം യാത്ര തിരിക്കുക. ഉസ്മാന്‍(റ) ന്‍റെ കൊലയില്‍ ഏതെങ്കിലും തരത്തില്‍ സഹായിച്ച ആരും എന്നോടൊപ്പം കൂടരുത്.
അലി (റ) ന്‍റെ പ്രസംഗത്തിന് ശേഷം ഉസ്മാന്‍(റ) ന്‍റെ ഘാതകര്‍ ഒരുമിച്ച് കൂടി. അവര്‍ ഏകദേശം 1500 പേരുണ്ടായിരുന്നു(അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ അവരോടപ്പം ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല) അവരിലെ പ്രമുഖര്‍ അശ്തര്‍ അന്നഖഈ, ശുറൈഹ് ഇബ്നു ഔഫാ, ഇബ്നു സൗദാഅ് എന്നറിയപ്പെട്ട അബ്ദുല്ലാഹിബ്നു സബഅ് തുടങ്ങിയവരായിരുന്നു. അവര്‍ പറഞ്ഞു: അല്ലാഹുവില്‍ സത്യം അലി(റ), ഉസ്മാന്‍(റ) ന്റെ ഘാതകരെ അന്വേഷിച്ച് പുറപ്പെട്ടവരേക്കാള്‍ ഖുര്‍ആനില്‍ അവഗാഹമുള്ള വരും അതനുസരിച്ച് അമല്‍ ചെയ്യുന്നവരില്‍ ധൃതിയുള്ളവരുമാണ്. അദ്ദേഹം ജനങ്ങളെ നിങ്ങള്‍ക്കെതിരില്‍ ഒരുമിച്ച് കൂട്ടികൊണ്ട് സംസാരിച്ച സംസാരം നിങ്ങള്‍ കേട്ടു. ഇവരെല്ലാവരും ചേര്‍ന്ന് ലക്ഷ്യമിടുന്നത് നിങ്ങളെയാണ്. അശ്തര്‍ പറഞ്ഞു: അവര്‍ നിങ്ങളെ വകവരുത്താനായിരിക്കും സന്ധിയുണ്ടാക്കിയത്, എങ്കില്‍ അലിയെ ഉസ്മാനോടൊപ്പം യാത്ര അയക്കാം. അബ്ദുല്ലാഹ് ബിനു സബഅ് പറഞ്ഞു: നിന്‍റെ അഭിപ്രായം തെറ്റാണ്, എങ്കില്‍ അവരെല്ലാവരും ചേര്‍ന്ന് നമ്മെ വകവരുത്തും, നമ്മള്‍ ന്യൂനപക്ഷമാണ്. അല്‍യാഅ് ഇബ്നുല്‍ ഹൈസം പറഞ്ഞു: അവരെ വിട്ടിട്ട് നമുക്ക് വേറെ ഏതെങ്കിലും നാടുകളില്‍ പോയി അഭയം പ്രാപിക്കാം. അബ്ദുല്ലാഹിബ്നു സബഅ് പറഞ്ഞു: എങ്കില്‍ ജനങ്ങള്‍ നമ്മളെ റാഞ്ചി കൊണ്ട് പോകും. വ്യത്യസ്ത അഭിപ്രായങ്ങള്‍ ശ്രവിക്കുകയും അതില്‍ പലതിനെയും തള്ളുകയും ചെയ്ത ശേഷം ജൂതനായ അബുദല്ലാഹ് ഇബ്നു സബഅ് പറഞ്ഞു: അല്ലയോ സമൂഹമേ! ജനങ്ങളോടൊപ്പം കലര്‍ന്ന് കഴിയുന്നതിലാണ് നിങ്ങളുടെ അന്തസ്സ്, അതിനാല്‍ ഇവരെ ഒന്നിക്കാന്‍ അനുവദിക്കരുത്. രഹസ്യമായ നിലയില്‍ അവര്‍ക്കിടയില്‍ നിങ്ങള്‍ യുദ്ധത്തിന് തിരികൊളുത്തുകയും ചെയ്യുക, അങ്ങനെ അവര്‍ ആഗ്രഹിക്കുന്ന സന്ധി ഇല്ലാതാകുകയും നിങ്ങള്‍ രക്ഷപ്പെടുകയും ചെയ്യും. എന്‍റെ അഭിപ്രായം സ്വീകരിച്ച് നിങ്ങള്‍ പിരിഞ്ഞ് പോകുകയും ചെയ്യുക. ജൂതന്‍റെ ഈ അഭിപ്രായത്തില്‍ സംതൃപ്തരായി അവര്‍ മടങ്ങി. (അല്‍കാമില്‍ ലിബ്നില്‍ അസീര്‍: 2/41, അല്‍ ഫിത്ത്നതു വവഖഅത്തുല്‍ ജമല്‍: 1/149, താരീഖുത്വബരി:3/33, താരീഖുര്‍റുസുലി വല്‍ മുല്‍ക്: 3/45, താരീഖു ഇബ്നു ഖല്‍ദൂന്‍: 2/161)
ജനങ്ങളെല്ലാം സന്ധിയുടെ സ്വപ്നത്തില്‍ ഉറക്കത്തിലായി. അബ്ദുല്ലാഹ് ഇബ്നു സബഉം കൂട്ടരും അവരോടപ്പം രാത്രി കഴിച്ച് കൂട്ടി. പ്രഭാതമടുത്തപ്പോള്‍ അവര്‍ ആയിശാ(റ) യുടെ സംഘത്തെ അക്രമിച്ചു. അലി(റ) തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തെറ്റിധരിച്ച് അവര്‍ ആയുധങ്ങളുമായി അലി(റ) ന്‍റെ സൈന്യത്തെ ആക്രമിച്ചു അങ്ങനെ ഇരു സൈന്യങ്ങളും അവരവരുടെ ആള്‍ ബലവും ആയുധ ബലവും ഉപയോഗിച്ച് യുദ്ധ ഭൂമിയിലറങ്ങിയതോടെ യുദ്ധം അതിരൂക്ഷമായി. മുറിവേറ്റ ആരെയും അക്രമിക്കരുതെന്നും പിന്തിരിഞ്ഞോടുന്നവരെ പിടികൂടരുതെന്നും അവര്‍ പരസ്പരം തീരുമാനിച്ചിരുന്നുവെങ്കിലും ഇരു വിഭാഗത്തിലെയും ആളുകള്‍ക്ക് ധാരാളം പരിക്കേല്‍ക്കുകയും നൂറ് കണക്കിന് ആളുകള്‍ മരിച്ച് വീഴുകയും ചെയ്തു. തല്‍സമയം അലി(റ) അടക്കാനാകാത്ത വിഷമത്തോടെ മകന്‍ ഹസന്‍(റ)നോട് പറഞ്ഞു: നിന്‍റെ പിതാവ് ഇതിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോയിരുന്നു വെങ്കില്‍!! ഹസന്‍ (റ) ചോദിച്ചു: വാപ്പ! ഞാന്‍ താങ്കളെ ഇതില്‍ നിന്നും തടഞ്ഞിരുന്നില്ലെ? അലി(റ) പറഞ്ഞു: കാര്യം ഇവിടം വരെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.
അവസാനം അമീറുല്‍ മുഅ്നീന്‍ അലി(റ) യുദ്ധം അവസാനിപ്പിക്കുവാനായി നിരായുധനായി നബി(സ)യുടെ കോവര്‍ കഴുതയുടെ പുറത്ത് കയറി രണാങ്കണത്തിലെത്തി ത്വല്‍ഹ,സുബൈര്‍,(റ) യെ വിളിച്ച് വരുത്തി ഉപദേശിച്ചതിനാല്‍ അവര്‍ ഇരുവരും ഖേദിച്ച് മടങ്ങി. എന്നാല്‍ അക്രമികള്‍ തന്ത്രപൂര്‍വ്വം അവര്‍ ഇരുവരെയും വധിച്ചു. ഇതിനിടയില്‍ മഹതി ആഇശാ(റ) യുടെ ഒട്ടകത്തിന് ചുറ്റും യുദ്ധം ചൂട് പിടിച്ചത് കണ്ട അലി(റ) ആ ഒട്ടകത്തെ അറുക്കാന്‍ കല്‍പ്പിച്ചു. ഒട്ടകം നിലം പൊത്തിയതോടെ യുദ്ധം അവസാനിക്കുകയും ജനങ്ങള്‍ പിരിഞ്ഞ് പോകുകയും ചെയ്തു. ശേഷം അലി(റ) ന്‍റെ കല്‍പന പ്രകാരം ആയിശാ(റ)യെ ബസ്വറയിലേക്ക് കൊണ്ട് പോകപ്പെട്ടു.
ആയിശാ(റ) ബസ്വറയില്‍ നിന്നും യാത്ര തിരിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ അലി(റ) അവര്‍ക്ക് ആവശ്യമായതെല്ലാം അയച്ച് കൊടുക്കുകയും ബസ്വറയില്‍ അറിയപ്പെട്ട വിശ്വസ്തരായ നാല്പത് സ്ത്രീകളെയും അവരുടെ സഹോദരന്‍ മുഹമ്മദ് ബിന് അബൂബക്കര്‍(റ)വിനെയും അവരോടപ്പം മദീനയിലേക്ക് യാത്ര അയക്കുകയും ചെയ്തു. പുറപ്പെടുംവേള ആയിശ(റ) ജനങ്ങളോട് പറഞ്ഞു: നമ്മളില്‍ പരസ്പരം ആരും ആരെയും കുറ്റം പറയരുത്, ഒരു സ്ത്രീക്കും അവളുടെ ഭര്‍തൃബന്ധുക്കള്‍ക്കിടയിലുമുള്ള പ്രശ്നത്തില്‍ കവിഞ്ഞൊരു പ്രശ്നവും എന്‍റെയും അലിയുടെയും ഇടയില്‍ ഇല്ലാ. അലി(റ) പറഞ്ഞു: അല്ലാഹുവില്‍ സത്യം, അവര്‍ പറഞ്ഞത് സത്യമാണ്. ദുന്‍യാവിലും ആഖിറത്തിലും അവര്‍ നിങ്ങളുടെ നബിയുടെ പ്രിയ പത്നിയാണ്, ശേഷം അവരെ യാത്ര അയക്കാനായി മൈലുകളോളം അലി(റ) അവര്‍ക്കൊപ്പം നടക്കുകയുണ്ടായി.(റളിയല്ലാഹുഅന്‍ഹും) (താരീഖുത്വബ്രി: 3/61, അല്‍ബിദായ വന്നിഹായ: 7/ 274)
ചുരുക്കത്തില്‍, ഇരു വിഭാഗവും നല്ല ഉദ്ദേശത്തില്‍ മാത്രമാണ് ബസ്വറയില്‍ ഒരുമിച്ച് കൂടിയതെന്നും ഉസ്മാന്‍(റ) ന്‍റെ ഘാതകരുടെയും വിശിഷ്യാ, ജൂതനായ അബ്ദുല്ലാഹ് ബിനു സബഇന്‍റെയും ഗൂഢതന്ത്രമാണ് യുദ്ധത്തിലേക്ക് കൊണ്ടെത്തിച്ചെതെന്നും സംശയത്തിനിടയില്ലാതെ വ്യക്തമായി.
ഈ യാഥാര്‍ത്ഥ്യം ഇബ്നുഹസം(റഹ്) തന്‍റെ അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം:2/212 എന്ന കിതാബിലും ശൈഖ് ഇബ്നുതൈമിയ(റഹ്) തന്‍റെ മിന്‍ഹാജുസ്സുന്ന: 4/170 എന്ന കിത്താബിലും വ്യക്തമാക്കുന്നുണ്ട്. അല്ലാഹുഅഅ്ലം!!!!
സിഫ്ഫീന്‍യുദ്ധം
അലി(റ) ഖലീഫ ആയതു മുതല്‍ തന്നെ ഓരൊ പ്രദേശങ്ങളിലേക്കും ഗവര്‍ണര്‍മാരെ അയച്ചു കൊണ്ടിരുന്നു. അക്കൂട്ടത്തില്‍ ശാമിലേക്ക് മുആവിയ(റ) നു പകരമായി സഹ്ലുബ്നു ഹുനൈഫ്(റ) നെയും അയച്ചു.അദ്ദേഹം തബൂക്കിലെത്തിയപ്പോള്‍ മുആവിയ(റ)വിന്‍റെ സംഘവുമായി കണ്ട്മുട്ടി. അവര്‍ ചോദിച്ചു: താങ്കള്‍ ആരാണ്? അദ്ദേഹം: അമീര്‍, അവര്‍: എവിടുത്തെ? അദ്ദേഹം: ശാമിലെ, അവര്‍: താങ്കളെ അയച്ചത് ഉസ്മാന്‍(റ) ആണെങ്കില്‍ താങ്കള്‍ക്ക് സ്വാഗതം, അല്ലെങ്കില്‍ താങ്കള്‍ മടങ്ങി കൊള്ളുക, അദ്ദേഹം: പുതുതായി ഉണ്ടായതൊന്നും നിങ്ങള്‍ അറിഞ്ഞില്ലെ?, അവര്‍: അതെ, അങ്ങനെ സഹ്ലുബ്നു ഹുനൈഫ്(റ) അലി(റ)ന്‍റെ അടുക്കലേക്ക് മടങ്ങിവന്നു. ഈ സന്ദര്‍ഭത്തില്‍ മുആവിയ(റ) ഉബാദത്തുബ്നു സാമിത്(റ),അബൂദ്ദര്‍ദാഅ്(റ) അബൂഉമാമ(റ) അബൂമുസ്ലിമില്‍ ഖൗലാനി(റഹ്) തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ക്കും താബിഉകള്‍ക്കുമൊപ്പം ജനങ്ങളെ ഒരുമിച്ച് കൂട്ടി ഉസ്മാന്‍(റ)ന്റെ ഘാതകരെ ശിക്ഷിക്കാന്‍ ആവശ്യപ്പെടാനായി പ്രേരിപ്പിച്ചു.
സ്വിഫ്ഫീനില്‍ വെച്ച് അലി(റ) ഒരു സംഘത്തെ മുആവിയ(റ)ന്‍റെ അടുത്തേക്കയച്ച് തന്നെ ബൈഅത്ത് ചെയ്യുവാനും ഉമ്മത്തിന്‍റെ ഇടയിലുള്ള ഭിന്നിപ്പും രക്തച്ചൊരിച്ചിലും ഒഴിവാക്കുവാനും ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: അപ്പോള്‍ ഉസ്മാന്‍(റ)ന്‍റെ രക്തം പാഴാകുമെന്നാണോ നിങ്ങള്‍ പറയുന്നത്? ഇല്ല! ഒരിക്കലും ഞാനത് അനുവദിക്കില്ല! ഇതു സംബന്ധമായി അലി(റ) മുആവിയ(റ)ന് ധാരാളം കത്തെഴുതിയിരുന്നുവെങ്കിലും മുആവിയ(റ) ന്‍റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല.
ചുരുക്കത്തില്‍, മുആവിയ(റ) അലി(റ)നെ ബൈഅത്തു ചെയ്യുവാന്‍ തയ്യാറായിരുന്നു. പക്ഷെ നിബന്ധന, ഉടന്‍ തന്നെ ഉസ്മാന്‍(റ)ന്റെ ഘാതകരെ പിടികൂടണമെന്നായിരുന്നു. എന്നാല്‍ അലി(റ)ന്‍റെ അഭിപ്രായം ആദ്യം മുആവിയ(റ)അടക്കമുള്ളവര്‍ ബൈഅത്ത് ചെയ്യട്ടെ, ശേഷം അല്ലാഹുവിന്‍റെ കല്‍പന പ്രകാരം ഉസ്മാന്‍(റ)ന്‍റെ ഘാതകര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാം എന്നായിരുന്നു, അങ്ങനെ ഇരു വിഭാഗത്തിന്‍റെയും അഭിപ്രായങ്ങള്‍ പരസ്പരം വിരുദ്ധമായപ്പോള്‍ പ്രശ്നം ഗുരുതരമായി. തന്‍റെ ശ്രമങ്ങള്‍ വിഫലമാകുകയും യഥാര്‍ത്ഥ ഖലീഫയായ തന്നെ ബൈഅത്ത് ചെയ്യാന്‍ മുആവിയ(റ) തടസ്സം നില്‍ക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്ത അലി(റ) ശാമുകാരോട് പോരാടാന്‍ സൈനിക തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. തല്‍സമയം പിതാവിനെ ഇതില്‍ നിന്നും പിന്തിരിപ്പിച്ച് കൊണ്ട് ഹസന്‍(റ) പറഞ്ഞു: വാപ്പാ ഈ പരിപാടി വിട്ടേക്കുക, മുസ്ലിമുകളുടെ രക്തച്ചൊരിച്ചിലായിരിക്കും ഇതിന്‍റെ ഫലം. മകന്‍റെ വാക്കുകള്‍ തിരസ്കരിച്ച് അലി(റ) ശാമിലേക്ക് യാത്ര തിരിച്ചെങ്കിലും വഴിയില്‍ വെച്ച് ആഇശാ(റ) യും സംഘവും ബസ്വറയിലേക്ക് തിരിച്ചെന്ന വിവരമറിഞ്ഞ് അങ്ങോട്ട് യാത്രയായി.
ജമല്‍ യുദ്ധത്തിന് ശേഷം ശാമുകാരെ തന്നെ അനുസരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനായി അവിടേക്ക് യാത്ര തിരിച്ചു. അലി(റ) ഉസ്മാന്‍(റ)ന്റെ ഘാതകരെ വധിക്കുകയോ വധിക്കാന്‍ വിട്ട് തരുകയോ ചെയ്യുന്നത് വരെ അലി(റ) നെ ബൈഅത്ത് ചെയ്യുകയില്ല എന്ന നിലപാടില്‍ മുആവിയ(റ) ഉറച്ച് നിന്നു, കൂഫയിലെത്തിയ അലി(റ) ജരീറുബിനുഅബ്ദുല്ലാഹില്‍ ബജലി(റ) നെ മുആവിയ(റ)ന്‍റെ അടുക്കലേക്ക് കത്തുമായി അയച്ചു, ആ കത്തില്‍ മുഹാജിറുകളും അന്‍സാരികളും തന്നെ ബൈഅത്ത് ചെയ്തിരിക്കുകയാണ്, താങ്കളും എന്നെ ബൈഅത്ത് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. കത്ത് എത്തിയ ഉടന്‍ മുആവിയ(റ) തന്‍റെ കൂട്ടകാരോട് കൂടിയാലോചന നടത്തി, ഉസ്മാന്‍(റ)ന്റെ ഘാതകരെ വധിക്കാതെ ബൈഅത്ത് ചെയ്യുന്ന പ്രശ്നമില്ലന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. ഇതറിഞ്ഞ അലി(റ) തന്‍റെ സൈന്യത്തോടപ്പം പുറപ്പെട്ട് ഇരു വിഭാഗവും സ്വിഫ്ഫീനില്‍ എത്തി ചേര്‍ന്നു. രണ്ട് ദിവസം പരസ്പരം ആശയ വിനിമയങ്ങളൊന്നുമില്ലാതെ കഴിഞ്ഞ് പോയി. മൂന്നാം ദിവസം അലി(റ) സന്ധി സംഭാഷണത്തിനായി മൂന്ന് പേരെ അയച്ചെങ്കിലും മുആവിയ(റ) തന്‍റെ നിലപാടില്‍ ഉറച്ച് നിന്നതോടെ ഘോരമായ യുദ്ധത്തിന് തുടക്കം കുറിക്കുകയായി. രണ്ട് മാസത്തോളം നീണ്ട് നിന്ന ഈ യുദ്ധത്തിനിടയിലും സന്ധിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും അത് വിഫലമായിരുന്നു. അങ്ങനെയിരിക്കെ ഹിജ്റ 37 സഫര്‍ മാസം 9-ാം തിയതി രാത്രി യുദ്ധം ശക്തമാകുകയും അലി(റ)ന്‍റെ സൈന്യം വിജയത്തോടടുക്കുകയും ചെയ്തപ്പോള്‍ കുന്തങ്ങളില്‍ മുസ്ഹഫുകള്‍ ഉയര്‍ത്തിപിടിച്ച് കൊണ്ട,് ജനങ്ങള്‍ നശിച്ച് കൊണ്ടിരിക്കുന്നു, ഇവര്‍ നശിച്ചാല്‍ ഇസ്ലാമിക രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ആരു സംരക്ഷിക്കും?, ആയതിനാല്‍ ഈ മുസ്ഹഫ് നമുക്കിടയില്‍ വിധികല്‍പ്പിക്കട്ടെ എന്ന് ശാമുകാര്‍ പറഞ്ഞു. അലി(റ) ആദ്യം ഈ അഭിപ്രായത്തില്‍ വൈഷമ്യം പ്രകടിപ്പിച്ചുവെങ്കിലും അവസാനം അതിന് തയ്യാറാകുകയായിരുന്നു. അങ്ങനെ ഇരു വിഭാഗത്തില്‍ നിന്നും ഓരോ വിധികര്‍ത്താക്കളെ തിരഞ്ഞെടുത്ത് ഉമ്മത്തിന്‍റെ ഗുണവും ഉമ്മത്തിന്‍റെ നന്മയും മുന്നില്‍ വെച്ച് അവര്‍ പ്രശ്നം പരിഹരിക്കട്ടെ എന്ന് തീരുമാനമായി.
ഒടുവില്‍ മുആവിയ(റ) അംറുബിനുല്‍ ആസ്(റ) നെയും, അലി(റ) അബൂമൂസല്‍ അശ്അരി(റ) നെയും വിധികര്‍ത്താക്കളായി തീരുമാനിച്ചു. ഇവര്‍ ഇരുവരും അലി(റ) മുആവിയ(റ) ല്‍ നിന്നും, ഇരു സൈന്യങ്ങളില്‍ നിന്നും, എല്ലാ തരത്തിലും നിര്‍ഭയരായിരിക്കുമെന്നും തങ്ങളെടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും കരാര്‍ എഴുതി വാങ്ങി. തീരുമാനം റമളാനിലേക്ക് പിന്തിപ്പിക്കുകയും ചെയ്തു. അങ്ങനെ തീരുമാനിച്ചതനുസരിച്ച് അലി (റ) 400 കുതിര പടയാളികളോടപ്പം അബൂമൂസല്‍ അശ്അരി(റ) നെയും, മുആവിയ(റ)400 കുതിരപടയാളികളോടപ്പം അംറുബിനുല്‍ ആസ് (റ) നെയും അയച്ചു. ഇരു വിഭാഗവും ദൗമത്തുല്‍ ജന്‍ദല്‍ എന്ന സ്ഥലത്ത് സമ്മേളിച്ചു. ഉമ്മത്തിന്‍റെ നന്മയും ഗുണവും മുന്നില്‍ വെച്ച് വിധികര്‍ത്താക്കള്‍ ഇരുവരും അലി, മുആവിയ(റ)യുടെ പ്രശ്നം, നബി(സ) ആരിലെല്ലാം തൃപ്തരായാണോ വഫാത്തായത് അവര്‍ക്ക് വിട്ടുകൊടുക്കാമെന്ന് തീരുമാനിച്ചു.(അല്‍ ബിദായ 7/302-309, താരിഖുല്‍ ഉമമി വല്‍ മുലൂക്ക്:5/67, അല്‍ കാമില്‍: 3/329)
ഈ രണ്ട് മഹത്തുക്കളും അവരുടെ ഗവേഷണത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത തീരുമാനമാണ് ഇത്. പിന്നെ അത് നടപ്പായില്ലെന്നത് അവരുടെ കുറ്റമല്ല. റളിയല്ലാഹുഅന്‍ഹും.
ഇബ്നു കസീര്‍(റഹ്) പറയുന്നു: വിധികര്‍ത്താക്കളിരുവരും പ്രമുഖ സഹാബികളായിരുന്നു. ശാമുകാരുടെ ഭാഗത്ത് നിന്നും അംറുബിനുല്‍ ആസ് (റ) വും ഇറാഖ് കാരുടെ ഭാഗത്ത് നിന്നും അബൂമൂസല്‍ അശ്അരി(റ) വും ജനങ്ങള്‍ക്കിടയില്‍ സന്ധി ഉണ്ടാക്കാന്‍ മുസ്ലിമുകള്‍ക്ക് എളുപ്പമായതും അവരുടെ രക്തങ്ങളെ സംരക്ഷിക്കുന്നതുമായ തീരുമാനമെടുക്കാനാണ് അവര്‍ നിയോഗിക്കപ്പെട്ടത്. അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.(അല്‍ ബിദായ: 6/241).
എന്നാല്‍ ഖളിയത്തുത്തഹ്കീമിന്‍റെ വിഷയത്തില്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്നത് മറ്റൊരു സംഭവമാണ്. അതിന്‍റെ രത്ന ചുരുക്കം താഴെ കൊടുക്കുന്നു. അലി(റ)നെയും മുആവിയ(റ)നെയും സ്ഥാന ഭ്രഷ്ടരാക്കാമെന്നും ശേഷമുള്ള ഖലീഫയെ ജനങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കട്ടെയെന്നും ഇരുവരും ഏകോപിച്ച് തീരുമാനിച്ചു. ശേഷം അംറുബിനു ആസ്(റ) അബൂമൂസല്‍ അശ്അരി(റ) നോട് നമ്മള്‍ അലോചിച്ച് തീരുമാനിച്ചത് ആദ്യം താങ്കള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിക്കുക എന്ന് പറഞ്ഞതനുസരിച്ച് അബൂമൂസല്‍ അശ്അരി(റ) പ്രസംഗിക്കാനായി എഴുന്നേറ്റുനിന്നു. ഹംദ്, സ്വലാത്ത്, സലാമിന് ശേഷം പറഞ്ഞു: ഞാനും അംറുബിനുല്‍ ആസും ഉമ്മത്തിന്‍റെ മസ്ലഹത്തിനായി ആലോചിച്ചു. അലി(റ), മുആവിയ(റ) എന്നീ രണ്ട് മഹത്തുക്കളെയു സ്ഥാനഭ്രഷ്ടരാക്കി ഖിലാഫത്തിന്‍റെ കാര്യം ജനങ്ങള്‍ക്ക് തീരുമാനിക്കാന്‍ വിട്ട്കൊടുക്കുന്നതിനേക്കാള്‍ ഉചിതമായ ഒന്നും ഞങ്ങള്‍ കാണുന്നില്ല. ആയതിനാല്‍ ഞാനിതാ അലി(റ)നെയും മുആവിയ(റ)നെയും സ്ഥാനഭ്രഷ്ടരാക്കിയിരിക്കുന്നു. ശേഷം അതേ സ്ഥാനത്ത് അംറുബ്നുല്‍ ആസ്(റ)നിന്ന് കൊണ്ട് പറഞ്ഞു: ഇദ്ദേഹം പറഞ്ഞത് നിങ്ങള്‍ കേട്ടു. അദ്ദേഹം തന്‍റെ നേതാവ് അലി(റ)വിനെ സ്ഥാനഭ്രഷ്ടനാക്കിയത് പോലെ ഞാനും അദ്ദേഹത്തെ സ്ഥാനഭ്രഷ്നാക്കുകയാണ്. ഒപ്പം എന്‍റെ നേതാവ് മുആവിയ(റ)നെ ഞാന്‍ നിലനിര്‍ത്തുകയും ചെയ്തിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ അബൂമൂസ(റ) അംറുബ്നുല്‍ആസ്(റ)നോട് പരുഷമായി സംസാരിക്കുകയും അദ്ദേഹം അപ്രകാരം തന്നെ മറുപടി പറയുകയും ചെയ്തു.
ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ അംറ്(റ) ചതിയനും വഞ്ചകനുമായിരുന്നുവെന്നും അബൂമൂസ(റ) അശ്രദ്ധനും മണ്ടനുമായിരുന്നുവെന്നും പറയാന്‍ ചില ചരിത്രകാരന്‍മാര്‍ ധൈര്യം കാണിച്ചു. (താരീഖുല്‍ ഉമമി വല്‍ മുലൂക്ക്: 5/70)
എന്നാല്‍, ഇതും ഇതിനനുബന്ധമുണ്ടായ സംഭവങ്ങളുടെയും ആധികാരികത പരിശോധിക്കേണ്ടതാണ്. കാരണം ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തില്‍ സ്വഹാബത്തിന് സ്ഥിരപ്പെട്ടിട്ടുള്ള മഹത്വങ്ങള്‍ക്ക് ഘടകവിരുദ്ധമാണിത്. ഈ സംഭവത്തെ ഉദ്ധരിച്ച് കൊണ്ട് ഇമാം ഇബ്നുല്‍ അറബി(റഹ്) പറയുന്നു: ഇതെല്ലാം വ്യക്തമായ കളവാണ്, ഇതിലൊരു അക്ഷരം പോലും സംഭവിച്ചിട്ടില്ല, ഇത് പുത്തന്‍ വാദികള്‍ മെനഞ്ഞുണ്ടാക്കിയതും ചരിത്രകാരന്‍മാര്‍ രാജാക്കന്‍മാരെ പ്രീതിപ്പെടുത്താന്‍ തയ്യാറാക്കിയതുമാണ്. പരസ്യമായി തിന്മകളും ബിദ്അത്തുകളും പ്രവര്‍ത്തിക്കുന്ന ദുര്‍നടപടിക്കാര്‍ അതിനെ ഏറ്റുപറയുകയും ചെയ്തു. (അല്‍ അവാസ്വിം മിനല്‍ ഖവാസിം: 179)
ഈ സംഭവത്തിന്റെ യാഥാർത്ഥ്യമെന്ത്:
1. മുആവിയ(റ) ഖലീഫ ആയിരുന്നില്ല, താന്‍ ഖലീഫയാണെന്ന് അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ വാദിച്ചിരുന്നതുമില്ല. പിന്നെ അംറുബ്നുല്‍ ആസ്(റ) അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാതെ സ്ഥിരപ്പെടുത്തി എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്?
2. മുആവിയ(റ), അലി(റ)ന്‍റെ മഹത്വത്തെയും അദ്ദേഹത്തിന് ഖിലാഫത്തിനുള്ള യോഗ്യതകളെയും തുറന്ന് അംഗീകരിച്ചിരുന്നു. ആയതിനാലാണല്ലോ ഉസ്മാന്‍(റ)ന്റെ ഘാതകരെ വധിക്കുന്ന പക്ഷം ശാമുകാരില്‍ അലിയെ ബൈഅത്ത് ചെയ്യുന്ന ആദ്യത്തെ ആള്‍ ഞാനായിരിക്കും എന്നദ്ദേഹം പറഞ്ഞത്.
ഇബ്നു ഹസം(റഹ്) പറയുന്നു: മുആവിയ(റ), അലി(റ)ന്‍റെ മഹത്വത്തെയോ അദ്ദേഹത്തിന് ഖിലാഫത്തിനുള്ള അര്‍ഹതയെയോ ഒരിക്കലും നിഷേധിച്ചിരുന്നില്ല. പക്ഷെ ഉസ്മാന്‍(റ)ന്റെ ഘാതകരെ വധിക്കുന്നത് ആദ്യമാകട്ടെ എന്ന അഭിപ്രായത്തിലേക്കാണ് അദ്ദേഹത്തിന്‍റെ ഇജ്തിഹാദ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. (അല്‍ഫസലു ഫില്‍മിലലി വല്‍അഹ്വാഇ വന്നിഹല്‍: 4/160)
ഈ വിഷയം ഇബ്നു തൈമിയ്യ(റഹ്) തന്‍റെ മജ്മൂഅത്തു ഫതാവയിലും(35/72) പരമാര്‍ശിക്കുന്നുണ്ട്.
അഭിപ്രായ ഭിന്നത ഖിലാഫത്തിന്‍റെ പേരിലല്ലെങ്കില്‍ പിന്നെ ഈ സംഭവത്തിന് എന്തു യാഥാര്‍ത്ഥ്യമാണുള്ളത്.?
3. ഈ സന്ദര്‍ഭത്തില്‍ അബൂമൂസല്‍ അശ്അരി(റ)ന് ഒരു പാളിച്ചയും സംഭവിച്ചിട്ടില്ല, ആയതിനാലാണ് ഈ സംഭവത്തെ മഹാനവറുകളുടെ വലിയ മഹത്വമായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയത്. മഹാനവറുകളുടെ സാമര്‍ത്ഥ്യവും കഴിവും കാരണത്താലാണ് നബി(സ) അദ്ദേഹത്തെ മുആദ്(റ)നോടപ്പം യമനിലേക്ക് അയച്ചത്. ചുരുക്കത്തില്‍ തഹ്കീമില്‍ ഒരു വിധ ചതിയോ വഞ്ചനയോ അശ്രദ്ധയോ സംഭവിച്ചിട്ടില്ല. ഇതായിരിക്കും സ്വഹാബത്തിന്‍റെ മഖാമിന് ഏറ്റവും അനുയോജ്യമായത്.
മുശാജറത്തുസ്സഹാബ സ്വഹാബികൾക്കിടയിലെ തർക്കം ശരീഅത്തിന്റെ വീക്ഷണത്തിൽ
പരിശുദ്ധമായ ശരീഅത്ത് മുസ്ലിംകളുടെ രക്തവും സമ്പത്തും സംരക്ഷിക്കാനുള്ള എല്ലാവിധ ഏര്‍പ്പാടുകളും ചെയ്തു. ഹജ്ജത്തുല്‍ വദാഇല്‍ നബി(സ) പ്രഖ്യാപിച്ചു: തീര്‍ച്ചയായും ഈ ദിവസത്തിന്‍റെയും മാസത്തിന്‍റെയും നാടിന്‍റെയും പവിത്രത പോലെ നിങ്ങളുടെ രക്തങ്ങളും സമ്പത്തും പവിത്രമാണ്(മുത്തഫഖുന്‍ അലൈഹി).
എന്നാല്‍ മൂന്ന് സാഹചര്യങ്ങളില്‍ മുസ്ലിമുകള്‍ക്കിടയില്‍ യുദ്ധമുണ്ടാകാമെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നു. അതിന്‍റെ വിശദമായ നിയമങ്ങള്‍ ഫുഖഹാഅ് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്.
1. ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്ന നാശകാരികളോട് പോരാടുക.
2. മുസ്ലിംകളിലെ രണ്ടു സംഘങ്ങള്‍ പോരാടുകയും ഒരു വിഭാഗം മറ്റേ വിഭാഗത്തോട് അക്രമം കാണിക്കുകയും ചെയ്യുക. ഈ സന്ദര്‍ഭത്തില്‍ അക്രമികളോട് യുദ്ധം.
3. മുസ്ലിമുകളുടെ ഇമാമിനെതിരെ തിരിഞ്ഞ്, വിപ്ലവം ഉണ്ടാക്കുന്നവരോടുള്ള യുദ്ധം. ഇതിനാണ് ഫിഖിഹിന്‍റെ ഭാഷയില്‍ ഖിതാലുല്‍ബുഗാത്ത് എന്ന് പറയുന്നത്. അല്‍ ബുഗാത്ത്(വിപ്ലവകാരികള്‍) എന്നാല്‍ ഒരു വ്യാഖ്യാനത്തോടെ (തഅ്വീലോടെ) ഇമാമിനെതിരില്‍ തിരിയുന്ന വിഭാഗമാണ്. അവരുടെ ലക്ഷ്യം ഇമാമിനെ സ്ഥാനഭ്രഷ്ടനാക്കലോ അദ്ദേഹത്തെ അനുസരിക്കുന്നതില്‍ നിന്നും ജനങ്ങളെ തടയലോ നിര്‍ബന്ധമായ ഹഖിനെ തടഞ്ഞ് വെയ്ക്കലോ ആയിരിക്കും. ഇതു തന്നെയാണ് ബുഗാത്തിനെ കുറിച്ചുള്ള നാല് ഇമാമുകളുടെയും അഭിപ്രായം. (അല്‍ ഫുറൂഖ് ലില്‍ഖര്‍റാഫി:4/171)
സ്വാഹബത്തിന്‍റെ ഇടയിലുള്ള യുദ്ധങ്ങളെ ഈ മൂന്നാമത്തെ ഗണത്തില്‍ പെടുത്താനേ പറ്റുകയുള്ളു. കാരണം ഉസ്മാന്‍(റ)നു ശേഷം യഥാര്‍ത്ഥ ഖലീഫ അലി(റ)തന്നെയാണ്. മുഴുവന്‍ നാട്ടുകാരും അദ്ദേഹത്തെ ബൈഅത്ത് ചെയ്തില്ലായിരുന്നുവെങ്കിലും മദീനയിലും മറ്റും അഹ്ലുല്‍ ഹില്ലി വല്‍ അഖ്ദ് അദ്ദേഹത്തെ ബൈഅത്ത് ചെയ്തിരുന്നു.
അപ്പോള്‍ ജമലിലും സ്വിഫ്ഫീനിലും വ്യാഖ്യാനത്തോടെ അദ്ദേഹത്തോട് പോരാടിയവര്‍ ബുഗാത്ത്(വിപ്ലവകാരികള്‍) ആണ്. അവരുടെ വിഷയത്തില്‍ അലി(റ) ബുഗാത്തിന്‍റെ നിയമങ്ങള്‍ നടപ്പാക്കി. എന്നു തന്നെയല്ല ഫുഖഹാഅ് ബുഗാത്തിന്‍റെ നിയമങ്ങള്‍ പഠിച്ചത് തന്നെ ഈ സംഭവങ്ങളില്‍ നിന്നുമായിരുന്നു.
ഇമാം ബൈഹഖി തന്‍റെ മനാഖിബുശ്ശാഫിഈ (1/450) ല്‍ കുറിക്കുന്നു: ഇമാം യഹ്യബ്നു മഈന്‍(റഹ്) ഇമാം ശാഫിഇക്ക് ശിയാ ചുവയുണ്ടെന്ന് പറയുന്നതായി ഇമാം അഹ്മദു ബ്നു ഹംബല്‍(റഹ്) അറിഞ്ഞു. ഇമാം അഹ്മദ് അദ്ദേഹത്തോട് ചോദിച്ചു: നിങ്ങള്‍ മുസ്ലിമുകളുടെ ഇമാമുകളില്‍ പ്പെട്ട ഒരാളെ കുറിച്ച് ഇങ്ങനെ പറയുകയാണോ? യഹ്യ(റഹ്) പറഞ്ഞു: ഖിതാലുല്‍ ബുഗാത്തിനെ കുറിച്ച് അദ്ദേഹത്തിന്‍റെ ഗ്രന്ഥം വായിച്ചപ്പോള്‍ തുടക്കം മുതല്‍ അവസാനം വരെ അലി(റ) നെ അദ്ദേഹം രേഖയാക്കിയിരിക്കുന്നതായാണ് കാണാന്‍ സാധിച്ചത്. ഇമാം അഹ്മദ്(റ)പറഞ്ഞു: താങ്കളുടെ കാര്യം വലിയ അത്ഭുതം തന്നെ! ഈ വിഷയത്തില്‍ അദ്ദേഹം വേറെ ആരെയാണ് രേഖയാക്കേണ്ടത്? ഈ ഉമ്മത്തില്‍ ഈ പരീക്ഷണം നേരിട്ട ആദ്യത്തെ മഹാന്‍ അദ്ദേഹമായിരുന്നു. അദ്ദേഹമാണ് അവരോട് യുദ്ധം ചെയ്യണമെന്നു തീരുമാനിച്ചതും അതിന്‍റെ നിയമങ്ങള്‍ നടപ്പാക്കിയതും. ഈ വിഷയത്തില്‍ നബി(സ)യില്‍ നിന്നോ മറ്റു ഖലീഫമാരില്‍ നിന്നോ ഒരു നടപടിയും വന്നിട്ടില്ല. പിന്നെ അദ്ദേഹം ആരെ രേഖയാക്കണം? ഇതു കേട്ട് യഹ്യ(റഹ്) ലജ്ജിച്ചു പോയി.
എന്നാലും ഈ യുദ്ധങ്ങളിലെല്ലാം ശരിയുടെ പക്ഷത്ത് നിന്നത് അലി(റ) ആണെന്നതില്‍ ഉലമാഇന് രണ്ടഭിപ്രായമില്ല. അപ്പോള്‍ അദ്ദേഹത്തിനെതിരില്‍ യുദ്ധം ചെയ്തവര്‍ ബുഗാത്ത് (വിപ്ലവകാരികള്‍) ആണ്. അവരുടെ ഇജ്തിഹാദിന്‍റെ അടിസ്ഥാനത്തിലാണ് അവര്‍ ഇമാമിനെതിരെ തിരിഞ്ഞതെങ്കിലും അവര്‍ക്ക് ഇജിതിഹാദില്‍ തെറ്റു പറ്റി. ആയതിനാല്‍ അവര്‍ക്ക് ഉദ്ര്‍ ഉണ്ട്. മാത്രമല്ല ഇജ്തിഹാദിന്‍റെ പ്രതിഫലവുമുണ്ടാകും. (അല്‍ ഇബാന:78 -79, ശര്‍ഹുല്‍ അഖീദത്തില്‍ വാസിത്വിയ:546, അല്‍ ഇന്‍സ്വാഫ് ലില്‍ ബാഖില്ലാനി:78, അല്‍ ഫസ്ല്‍ ലിബ്നി ഹസം: 4/161)
സ്വഹാബികൾക്കിടയിലെ തർക്കങ്ങൾ: അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ നിലപാട്
ഈ വിഷയത്തില്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിലെ പണ്ഡിതന്‍മാരുടെ നിലപാട് വളരെ ഹൃസ്വവും ഉജ്ജ്വലവുമായ നിലയില്‍ ഇമാം ഖുര്‍ത്വുബി വിവരിക്കുന്നത് ഇങ്ങനെയാണ്:
ഖണ്ഡിതമായ ഒരു തെറ്റും സ്വഹാബത്തിലേക്ക് ചേര്‍ത്ത് പറയല്‍ അനുവദനീയമല്ല. കാരണം അവര്‍ എല്ലാവരും അവരുടെ ഓരോ പ്രവര്‍ത്തനങ്ങളിലും ഇജ്തിഹാദ് നടത്തുകയും അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കുകയും ചെയ്തിരുന്നു. അവരെല്ലാം നമ്മുടെ നേതാക്കളാണ്. നബി(സ)യുടെ സഹവാസത്തിന്‍റെ പവിത്രത കാരണം അവര്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങളില്‍ കൈകടത്താതിരിക്കലും, അവരെ സംബന്ധിച്ച് നല്ലത് മാത്രം പറയലും നമ്മെ സംബന്ധിച്ചിടത്തോളം പുണ്യ കര്‍മ്മങ്ങളാണ്. അവരെ ആക്ഷേപിക്കുന്നതിനെ നബി(സ) തടഞ്ഞിട്ടുണ്ട്. അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും അവരില്‍ തൃപ്തനാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഭൂമുഖത്ത് കൂടി നടക്കുന്ന ശഹീദാണ് ത്വല്‍ഹ എന്ന ഹദീസ് നബി തങ്ങളില്‍ നിന്നും വ്യത്യസ്തമായ നിവേദന പരമ്പരകളിലൂടെ വന്നിട്ടുള്ളതാണ്. അപ്പോള്‍ അദ്ദേഹം യുദ്ധത്തിന് പുറപ്പെട്ടത് തെറ്റായിരുന്നുവെങ്കില്‍ അതില്‍ വധിക്കപ്പെട്ടത് മുഖേന അദ്ദേഹം ശഹീദാകുമായിരുന്നില്ല. അപ്രകാരം കാര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അദ്ദേഹത്തിനു സംഭവിച്ച പിഴവായും നിര്‍ബന്ധ കാര്യത്തില്‍ വരുത്തിയ വീഴ്ചയായും അതിനെ വിലയിരുത്തിയാല്‍ തന്നെ അദ്ദേഹത്തെ ശഹീദിന്‍റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല. കാരണം അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി വധിക്കപ്പെടുന്നതു മുഖേനയാണ് ശഹാദത്ത് ഉണ്ടാകുന്നത്. അപ്പോള്‍ സ്വഹാബത്തിന്‍റെ കാര്യം നാം വിശദീകരിച്ചത് പോലെ വ്യഖ്യാനിക്കപ്പെടേണ്ടത് അനിവാര്യമാണ്. സുബൈര്‍(റ)ന്‍റെ ഘാതകന്‍ നരകത്തിലാണ് എന്ന അലി(റ)ന്‍റെ വാചകം ഇതിലേക്കു സൂചിപ്പിക്കുന്നുണ്ട്. അദ്ദഹം പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: ഇബനു സ്വഫിയ്യത്തിന്‍റെ ഘാതകന് നരകത്തെപറ്റി സന്തോഷ വാര്‍ത്ത അറിയിച്ച് കൊള്ളുക. അങ്ങനെ വരുമ്പോള്‍ യുദ്ധത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ ത്വല്‍ഹാ(റ)ഉം സുബൈര്‍(റ) ഉം പാപികളാകുന്നില്ല എന്ന കാര്യം സ്ഥിരപ്പെടുന്നു. അങ്ങനെയല്ലായിരുന്നുവെങ്കില്‍ നബി(സ) ത്വല്‍ഹയെപറ്റി ശഹീദ് എന്നും, സുബൈറിന്‍റെ ഘാതകന്‍ നരകത്തിലാണെന്നും പറയില്ലായിരുന്നു.
അപ്രകാരം യുദ്ധത്തില്‍ പങ്കെടുക്കാതിരുന്നവരും സംഭവത്തെ വിലയിരുത്തുന്നതില്‍ തെറ്റുപറ്റിയവരല്ല. മറിച്ച് അവരുടെ പ്രവര്‍ത്തനവും ശരിയായിരുന്നു. ഇജ്തിഹാദ് മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ച് കൊടുത്തതാണത്. കാര്യങ്ങളുടെ നിജസ്ഥിതി ഇപ്രകാരമാണെങ്കില്‍ സഹാബത്തിനെ അധിക്ഷേപിക്കലോ അവരെ ഫാസിഖ് എന്നു വിലയിരുത്തലോ ദീനിലുള്ള അവരുടെ സ്ഥാനത്തെയും അവരുടെ പരിശ്രമങ്ങളെയും നിരര്‍ത്ഥകമായി കാണലോ ഭൂഷണമല്ല. അവര്‍ക്കിടയിലുണ്ടായ രക്ത ച്ചൊരിച്ചിലിനെ പറ്റി ചോദിക്കപ്പെട്ടപ്പോള്‍ പണ്ഡിത മഹത്തുക്കള്‍ എല്ലാവരും വളരെ സൂക്ഷ്മതയോടെ യാണ് മറുപടി പറഞ്ഞിട്ടുള്ളത്. അവരില്‍ ചിലരുടെ മറുപടികള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം. ഒരു മഹാന്‍ പറയുന്നു: അത് കഴിഞ്ഞ് പോയ ഒരു സമുദായമാണ്. അവരുടെ പ്രവര്‍ത്തന ഫലം അവര്‍ക്കും നിങ്ങളുടെ പ്രവര്‍ത്തന ഫലം നിങ്ങള്‍ക്കും ലഭിക്കുന്നതാണ്. അവരുടെ പ്രവര്‍ത്തനങ്ങളെ പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതുമല്ലതാനും(ബഖറ:124)
ഒരു മഹാന്‍ പറയുന്നു: ആ രക്തത്തില്‍ നിന്നും അല്ലാഹു എന്‍റെ കരങ്ങളെ സംരക്ഷിച്ചിരിക്കുന്നു. അതിനാല്‍ അതിനെപ്പറ്റി പറഞ്ഞ് എന്‍റെ നാവിനെ രക്തവര്‍ണ്ണമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
ഇബ്നു ഫൗറഖ്(റഹ്) പറയുന്നു: നമ്മുടെ മഹാന്‍മാരില്‍ ചിലര്‍ പറയുന്നു: സ്വഹാബത്തിന്‍റെ ഇടയിലുണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ യൂസുഫ് നബിയുടെയും അദ്ദേഹത്തിന്‍റെ സഹോദരങ്ങളുടെയും ഇടയിലുണ്ടായ സംഭവങ്ങളോട് സാദൃശ്യം പുലര്‍ത്തുന്നതാണ്. എന്നാല്‍ അതിന്‍റെ പേരില്‍ പ്രവാചകത്വത്തിന്‍റെയോ വിലായത്തിന്‍റെയോ പരിധിയില്‍ നിന്നും അവര്‍ പുറത്ത് പോയതുമില്ല. അതു പോലെയാണ് സ്വഹാബത്തിന്‍റെ ഇടയിലുണ്ടായ സംഭവങ്ങളെയും വിലയിരുത്തേണ്ടത്.
അവര്‍ക്കിടയിലുണ്ടായ യുദ്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഹസന്‍ ബസ്വരി(റഹ്) മറുപടി പറഞ്ഞു:
നബി തങ്ങളുടെ സ്വഹാബത്താണ് അതില്‍ പങ്കെടുത്തത്, നമ്മള്‍ അതില്‍ പങ്കെടുത്തിട്ടില്ല. അവര്‍ക്ക് അതിനെപ്പറ്റി അറിയാം, നമുക്ക് അറിയില്ല. അവര്‍ ഒരു കാര്യത്തില്‍ ഏകോപിച്ചാല്‍ നാം അത് പിന്‍പറ്റും, അവര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ നാം സംയമനം പാലിക്കും. മുഹാസബി(റഹ്) പറയുന്നു: ഹസന്‍(റ)പറഞ്ഞതു തന്നെയാണ് ഞങ്ങളും പറയുന്നത്. നമുക്കറിയാം, അവര്‍ കൈക്കൊണ്ട തീരുമാനത്തെപ്പറ്റി അവര്‍ തികച്ചും ബോധവാന്‍മാരായിരുന്നു. അവര്‍ ഏകോപിച്ച കാര്യങ്ങള്‍ നാം പിന്‍പറ്റും, അവര്‍ അഭിപ്രായ വ്യത്യാസത്തിലായാല്‍ നാം സംയമനം പാലിക്കും. നമ്മുടെ ഭാഗത്ത് നിന്നും അഭിപ്രായം ഒന്നും ആ വിഷയത്തില്‍ പറയില്ല. അവര്‍ ഇജ്തിഹാദ് ചെയ്യുകയും അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിക്കുകയും ചെയ്തിരുന്നു എന്ന് നമുക്കറിയാം. കാരണം അവര്‍ ദീനില്‍ ആരോപണ വിധേയരായിരുന്നില്ല. (തഫ്സീറുല്‍ ഖുര്‍ത്വുബി:8/197-198)
ഉപസംഹാരം
1. മഅ്രിഫത്തുസ്സഹാബ അഥവാ സഹാബാക്കളെ അറിയലും, അവര്‍ക്കിടയിലുള്ള സ്ഥാനവ്യത്യാസങ്ങള്‍ മനസ്സിലാക്കലും, അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളില്‍ തീരുമാനം കണ്ടെത്തലും ഒരു ചരിത്രപരമായ മസ്അല അല്ല. മറിച്ച് മഅ്രിഫത്തുസ്സഹാബ ഇല്‍മുല്‍ ഹദീസിന്‍റെ ഒരു ഭാഗമാണ്. ഈ വിഷയം ഇബ്നുഹജരില്‍ അസ്ഖലാനിയും ഇബ്നു അബ്ദുല്‍ ബര്‍റും വ്യക്തമാക്കിയിട്ടുണ്ട്. സഹാബത്തിനിടയിലുള്ള സ്ഥാനവ്യത്യാസങ്ങള്‍ മനസ്സിലാക്കലും അവര്‍ക്കിടയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് തീരുമാനം കണ്ടെത്തലും അഖീദയുമായി ബന്ധപ്പെട്ട മസ്അലയാണ്. അത് കൊണ്ട് തന്നെയാണ് അഖീദയുടെ ഗ്രന്ഥങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പണ്ഡിതമഹത്തുക്കള്‍ ഇടം നല്‍കിയത്. ഈ മസ്അലയില്‍ അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തിന്‍റെ നിലപാടുകളില്‍ നിന്നും തെറ്റിയാണ് ശിയാ, റവാഫിള്, ഖവാരിജ് അടക്കം ധാരാളം ഗ്രൂപ്പുകള്‍ ഉണ്ടായതെന്നതും ഒരു ചരിത്രയാഥാര്‍ത്യമാണ്.
ഇത്തരത്തില്‍ പ്രാധാന്യവും ഗൗരവവുമുള്ള ഒരു വിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ രേഖകള്‍ തന്നെ ആവശ്യമാണ്. ഇതിന് പരിഹാരം കേവലം ചില ചരിത്ര സംഭവങ്ങളില്‍ അന്വേഷിക്കുന്നത് അടിസ്ഥാനപരമായ തെറ്റാണ്.
ചരിത്രഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ എത്രതന്നെ വിശ്വസ്തരാണെങ്കിലും വിഷയം ചരിത്രമായതിനാല്‍ അതില്‍ എല്ലാതരത്തിലുള്ള രിവായത്തുകള്‍ കടന്ന്കൂടുക സ്വഭാവികമാണ്. ഇക്കാരണത്താലാണ് പ്രശ്സ്ത പണ്ഡിതന്‍ ഇമാം ഇബ്നു അബ്ദുല്‍ബര്‍റ(റഹ്), മഅ്രിഫത്തുസ്സഹാബയുടെ വിഷയത്തിലെഴുതിയ അല്‍ ഇസ്തീആബ് ഫീ മഅ്രിഫത്തില്‍ അസ്ഹാബ് എന്ന ഈടുറ്റ ഗ്രന്ഥത്തെ ഉമ്മത്തിലെ പണ്ഡിതന്‍മാര്‍ സ്വീകരിച്ചുവെങ്കിലും അതില്‍ സ്വഹാബത്തക്കള്‍ക്കിടയിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള അവിശ്വസനീയമായ ചില ചരിത്ര രിവായത്തുകള്‍ കടന്ന് കൂടിയതിനെ അവര്‍ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചത്.
ഇബ്നുസ്വലാഹ് (റഹ്)തന്‍റെ മഅ്രിഫത്തു ഉലൂമില്‍ ഹദീസ് എന്ന ഗ്രന്ഥത്തില്‍ മഅ്രിഫത്തുസ്സഹാബ എന്ന വിഷയത്തെ പരാമര്‍ശിച്ചു കൊണ്ട് പറഞ്ഞു: ഇത് വലിയ ഇല്‍മാണ്, ഇതില്‍ ധാരളം മഹത്തുക്കള്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മഹത്തരമായ ഗ്രന്ഥമാണ് ഇബ്നുഅബ്ദുല്‍ബര്‍റ് (റഹ്)യെടെ അല്‍ ഇസ്തീആബു ഫീ മഅ്രിഫത്തില്‍ അസ്ഹാബ്, എന്നാല്‍ സ്വഹബത്തിനിടയിലുണ്ടായ പ്രശ്നങ്ങളെ സംബന്ധിച്ച് മുഹദ്ദിസുകളല്ലാത്ത ചരിത്രകാരന്‍മാരുടെ രിവായത്തകുള്‍ ആ ഗ്രന്ഥത്തിന് കളങ്കം ചാര്‍ത്തുന്നു, കാരണം അടിസ്ഥാനമുള്ളതും ഇല്ലാത്തതുമായ രിവായത്തുകളെ പരസ്പരം കലര്‍ത്തുക, രിവായത്തുകള്‍ കൂടുതലായി ഒരുമിച്ച് കൂട്ടുക, എന്നതൊക്കെയാണ് ചരിത്രകാരന്‍മാരുടെ സാധാരണ ശൈലി.
ഇപ്രകാരം ഇമാം സുയൂത്വി തന്‍റെ തദ്രീബുല്‍ റാവിയിലും, ഇമാം സഖാവി തന്‍റെ ഫത്ത്ഹുല്‍ മുഗീസിലും, ഇബ്നു അബ്ദില്‍ ബര്‍റിന്‍റെ ഈ ശൈലിയെ വിമര്‍ശക്കുന്നു. ഇമാം സഖാവി ചോദിക്കുന്നു: മുശാജറത്തുസ്സഹാബ അഖീദയുമായി ബന്ധപ്പെട്ട പ്രശ്നമാണ്, അതില്‍ ചരിത്ര സംഭവങ്ങള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്?
ചുരുക്കത്തില്‍ സ്വഹാബതുല്‍കിറാമിന്‍റെ മഹത്വങ്ങള്‍ പരിശുദ്ധ ഖുര്‍ആന്‍ കൊണ്ടും സ്വഹീഹായ ഹദീസുകള്‍ കൊണ്ടും സ്ഥിരപ്പെട്ടിരിക്കെ, വെറും ചില ചരിത്ര സംഭവങ്ങളുടെ അടിസ്ഥാനത്തിലവരെ കരിവാരി തേയ്ക്കാന്‍ പരിശ്രമിക്കുന്നത് വലിയ നാശങ്ങള്‍ക്ക് ഇടയാക്കിയേക്കും. അല്ലാഹു നമ്മെ കാക്കുമാറാകട്ടെ.. ആമീന്‍!
2.സ്വഹാബത്ത് നബിമാരപ്പോലെ മഅ്സൂമുകളായിരുന്നില്ല, മറിച്ച് അവരില്‍ നിന്നും തെറ്റുകള്‍ ഉണ്ടാകാം, ഉണ്ടായിട്ടുമുണ്ട്. ശിക്ഷകളും ഹദ്ദുകളും നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ നബി(സ) അത് നടപ്പാക്കിയിട്ടുമുണ്ട്. ഇത്തരം ധാരാളം സംഭവങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. എന്നാല്‍, ആദരവായ നബി(സ)യുടെ സഹവാസത്തിന്‍റെ ബറക്കത്ത് കാരണം അല്ലാഹു ശരീഅത്തിനെ അവരുടെ പ്രകൃതിയാക്കിയിരുന്നു. വീഴ്ചകള്‍ ഉണ്ടായാല്‍ അവര്‍ അങ്ങേയറ്റം ഖേദിക്കുകയും തൗബ ചെയ്യുകയും ചെയ്തിരുന്നു. ജമല്‍യുദ്ധം കഴിഞ്ഞ് ബസ്വറയില്‍ നിന്നും മഹതി ആഇശാ(റ) വളരെ ഖേദിച്ചാണ് മടങ്ങിയത്. ജീവിത കാലത്തില്‍ ഈ സംഭവം ഓര്‍ക്കുമ്പോഴെല്ലാം മക്കന നനയുവോളം അവര്‍ കരഞ്ഞിരുന്നു. ഇതു തന്നെയായിരുന്നു ഈ യുദ്ധങ്ങളില്‍ പങ്കെടുത്ത മറ്റ് സ്വഹാബത്തിന്‍റെയും അവസ്ഥ.(അല്‍ അവാസിം മിനല്‍ ഖവാസിം: 164).
ഇതില്‍ അല്ലാഹുവിന് വലിയ ഹിക്മത്തുകള്‍ ഉണ്ട്. നബി(സ)യുടെ സ്ഥാനത്തിന് കോട്ടം തട്ടാത്ത വീഴ്ചകളും അതിന്‍റെ പരിഹാരങ്ങളും അല്ലാഹു തങ്ങളിലൂടെ തന്നെ ഉമ്മത്തിന് പഠിപ്പിച്ചു. തങ്ങളുടെ സ്ഥാനത്തിന് യോജിക്കാത്ത വീഴ്ചകളും തെറ്റുകളും അതിന്‍റെ പരിഹാരങ്ങളും നിയമ നിര്‍ദേശങ്ങളും അല്ലാഹു തആല സ്വഹാബത്തുല്‍കിറാമിലൂടെ ഉമ്മത്തിന് കാണിച്ച് കൊടുത്തു. ഖിതാലുല്‍ ബുഗാത്തിന്‍റെ നിയമങ്ങള്‍ ഫുഖഹാഅ് ഈ യുദ്ധങ്ങളിലൂടെയായിരുന്നു മനസ്സിലാക്കിയത് എന്ന വിഷയം നേരത്തെ നാം പ്രതിപാദിച്ചിരുന്നു.
3. ഈ മുഴുവന്‍ പ്രശ്നങ്ങള്‍ക്കിടയിലും അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മഹത്വങ്ങള്‍ കൊണ്ടും പരസ്പര സ്നേഹം കൊണ്ടും നിറഞ്ഞതായിരുന്നു എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഉദാഹരണത്തിന് അതില്‍ ചില സംഭവങ്ങള്‍ താഴെ കൊടുക്കുകയാണ്.
ജമല്‍ യുദ്ധത്തില്‍ തനിക്കെതിരെ പോരാടിയവരെ കുറിച്ച് അലി(റ)നോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: അവര്‍ നമ്മുടെ സഹോദരങ്ങളാണ്, അവര്‍ നമുക്കെതിരെ പടയോട്ടം നടത്തിയെന്നുമാത്രം. (ബൈഹഖി: 8/182)
അബൂസല്ലാം ദാലാനി അലി(റ)നോട് ചോദിച്ചു: നാളെ നമ്മുടെയും അവരുടെയും (താങ്കളോട് യുദ്ധം ചെയ്തവരുടെയും) അവസ്ഥ എന്തായിരിക്കും? അദ്ദേഹം പറഞ്ഞു: നമ്മില്‍പ്പെട്ടതോ അവരില്‍പ്പെട്ടതോ ആയ ആരെങ്കിലും പരിശുദ്ധമായ ഹൃദയത്തോടെയാണ് കൊല്ലപ്പെടുന്നതെങ്കില്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (അല്‍ബിദായ വന്നിഹായ:7/260).
മുസ്ലിമുകളുടെ ഭിന്നത മുതലെടുത്ത് ചില ഇസ്ലാമിക രാഷ്ട്രങ്ങള്‍ കീഴടക്കാമെന്ന് റോമന്‍ ചക്രവര്‍ത്തിക്ക് മോഹമുണ്ടെന്നറിഞ്ഞ മുആവിയ (റ) അദ്ദേഹത്തിന് ഇപ്രകാരം കത്തെഴുതി: ശപിക്കപ്പെട്ടവനെ, നിന്‍റെ ഉദ്യമത്തില്‍ നിന്നും പിന്തിരിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയില്ലായെങ്കില്‍ ഞാന്‍ എന്‍റെ പിതൃ സഹോദരന്‍റെ മകന്‍ അലിയുമായി സന്ധിയുണ്ടാക്കി നിനക്കെതിരെ പോരാടുകയും ഭൂമി നിനക്ക് ഇടുക്കമാക്കി മാറ്റുകയും ചെയ്യും. (അല്‍ബിദായ വന്നിഹായ:8/127)
ഒരിക്കല്‍ ളിറാറുബ്നു ളംറത്തുല്‍ കിനാനി(റഹ്) മുആവിയ(റ)ന്‍റെ അടുക്കല്‍ വന്നപ്പോള്‍ എനിക്ക് അലിയെ കുറിച്ച് പറഞ്ഞ് തരിക എന്ന് മുആവിയ(റ) ആവശ്യപ്പെട്ടതനുസരിച്ച് ളിറാര്‍(റഹ്) അലി(റ)ന്‍റെ വിശേഷണങ്ങള്‍ ഉജ്ജ്വലമായി അവതരിപ്പിക്കാന്‍ തുടങ്ങി. ഇതു കേട്ട് മുആവിയ(റ) നിയന്ത്രണം വിട്ട് താടി നനയത്തക്കവണ്ണം കരഞ്ഞ് കൊണ്ട് പറഞ്ഞു: അല്ലാഹു അബുല്‍ ഹസന് കരുണ ചെയ്യട്ടെ! അദ്ദേഹം അങ്ങനെ തന്നെയായിരുന്നു. (ഹില്‍യത്തുല്‍ ഔലിയാഅ്)
ഇത്തരത്തില്‍ ഉന്നത മാതൃകകള്‍ കാണിച്ചു തന്ന സഹാബത്തുല്‍ കിറാം ഉമ്മത്തിന്‍റെ അഭിമാനമാണ്.
(ഇത്തരം ചതിയും വഞ്ചനകളും അരങ്ങേറുന്ന അനുഭവങ്ങളാണ് നമുക്ക് ചുറ്റിലുമിന്നുള്ളത്. ആവർത്തിക്കപ്പെടുന്ന ചരിത്രദുരന്തങ്ങൾ!)
Back to INDEX
031 ബഹുഭാര്യാത്വം -മുഹമ്മദ് ബഷീര്‍ മൗലവി ഹസനി അല്‍ ഖാസിമി തലനാട്
സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രസ്ഥാനങ്ങള്‍ വന്നതിന് ശേഷം ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രശ്നമാണ് ബഹുഭാര്യാത്വം. ഇസ്ലാമിന്‍റെ കുടുംബ നിയമങ്ങളെക്കുറിച്ച് പാശ്ചാത്യലോകം പടച്ചുവിട്ട ആരോപണങ്ങളില്‍ പ്രഥമ സ്ഥാനം ഇതിനുതന്നെയാണ്. ഒരു കാര്യം കാതില്‍ നിരന്തരം മുഴുകിക്കൊണ്ടിരുന്നാല്‍ അത് എത്ര അസത്യമായിരുന്നാലും ജനങ്ങള്‍ അതിനെ ശരിയായി കണ്ടുപോകുന്നതാണ്. ബഹുഭാര്യാത്വത്തെക്കുറിച്ചുള്ള പ്രചണ്ഡമായ പ്രചാരണങ്ങള്‍ കാരണം ധാരാളം മുസ്ലിം നാമധാരികള്‍ക്ക് പോലും ഇതില്‍ സംശയമുണ്ടായിരിക്കുന്നു. പലരും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ വലിയ ലജ്ജയോടെയാണ്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച ശരിയായ നിലയില്‍ പഠനം നടത്തിയാല്‍ ഇസ്ലാമിക നിയമങ്ങളുടെ മഹത്വം വ്യക്തമാകുന്നതാണ്. ഈ വിഷയത്തിന്‍റെ മതപരവും സാമൂഹ്യവും സ്വഭാവപരവുമായ വിഷയങ്ങളും ഇവിടെ ചുരുക്കിക്കൊടുക്കുന്നു.ആദ്യമായി മതങ്ങളുടെ കാര്യം എടുക്കുക. ലോകത്തുള്ള ഏതാണ്ട് എല്ലാ മതങ്ങളും ഇതിനെ അനുവദനീയമായി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു പുരുഷന്‍ ഒരു നേരം ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നത് അനുവദനീയമാണെന്ന് ഋഗ്വേദം പറഞ്ഞതായി ഡോ: മാലിക്ക് റാം ഉദ്ധരിക്കുന്നു. ഈ വിഷയത്തിലുള്ള ഹൈന്ദവ ഉദ്ധരണികള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഡോ: ശായിസ്ഥാ പര്‍വീന്‍ തയ്യാറാക്കിയ ഇന്ത്യയിലെ ബഹുഭാര്യത്വം എന്ന രചന വായിക്കുക. ശ്രീരാമചന്ദ്രന്‍റെ പിതാവ് മഹാരാജ ദശഥരന് മൂന്ന് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഇപ്രകാരം പാണ്ഡവരാജാവിനും രണ്ടുഭാര്യമാര്‍ ഉണ്ടായിരുന്നു. യഹൂദ മതവും ബഹുഭാര്യത്വം അനുവദിക്കുന്നു. ഇബ്റാഹീം നബി (അ) ക്ക് രണ്ടും യഅ്ഖൂബ് നബി (അ)ക്ക് നാലും മൂസാ നബി (അ) ക്ക് രണ്ടും സുലൈമാന്‍ (അ) ക്ക് എഴുന്നൂറും ഭാര്യമാര്‍ ഉണ്ടായിരുന്നതായി ബൈബിള്‍ പറയുന്നു. നിയമ വിഷയങ്ങളില്‍ യഹൂദ മതത്തെ പിന്തുടരുന്ന ക്രൈസ്തവതയും ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നവരാണ്. പതിനേഴാം നൂറ്റാണ്ടിന്‍റെ മധ്യഭാഗം വരെ ക്രൈസ്തവ ലോകം ബഹുഭാര്യത്വത്തെ അംഗീകരിച്ചിരുന്നതായി ഉസ്താദ് മഹ്മൂദ് അഖ്ഖാദ് ഉദ്ധരിക്കുന്നു. (അല്‍ ഫല്‍സഫത്തുല്‍ ഖുര്‍ആനിയ്യ 54). പില്‍ക്കാലത്ത് ക്രൈസ്തവ ലോകം ബഹുഭാര്യത്വത്തെ എതിര്‍ത്തുവെങ്കിലും 1650 ല്‍ ജര്‍മ്മനിയില്‍ കൂടിയ ക്രൈസ്തവ പണ്ഡിതസഭ രണ്ടാം വിവാഹത്തിന് അനുവാദം നല്‍കി. (മാലിക്ക് റാം ഇസ്ലാമിയ്യാത്ത് 161). ചുരുക്കത്തില്‍ ലോകത്തുള്ള പ്രസിദ്ധ മതങ്ങളെല്ലാം ബഹുഭാര്യത്വത്തെ അംഗീകരിച്ചവരാണ്. ഇസ്ലാമിന് മുമ്പ് അറബികളിലും ബഹുഭാര്യത്വം നിലനിന്നിരുന്നു. ഗ്വയ്ലാന്‍ സഖഫി (റ) മുസ്ലിമായപ്പോള്‍ അദ്ദേഹത്തിന് പത്ത് ഭാര്യമാര്‍ ഉണ്ടായിരുന്നു. ഇപ്രകാരം നൗഫലിബ്നു മുആവിയ (റ) ക്ക് അഞ്ചും ഹാരിസുബ്ന ഖൈസ് (റ) ന് എട്ടും ഭാര്യമാര്‍ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ മറ്റുമതങ്ങളില്‍ ഉള്ളതുപോലെ ഇസ്ലാമും ബഹുഭാര്യത്വത്തെ അനുവദനീയമായിക്കാണുന്നു. പക്ഷേ ഈ വിഷയത്തില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
ഒന്ന്, ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്, പ്രേരിപ്പിക്കുകയോ പുണ്യകര്‍മ്മമായി പറയുകയോ ചെയ്തിട്ടില്ല. റസൂലുല്ലാഹി (സ) യുടെ കാലത്ത് പോരാട്ടങ്ങളുടെയും അനാഥരുടെയും ആധിക്യം കാരണം പലസഹാബികള്‍ക്ക് ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരുന്നു. റസൂലുല്ലാഹി (സ) തന്നെ ഇസ്ലാമിക പ്രബോധനത്തിന്‍റെയും വിധവ സംരക്ഷണത്തിന്‍റെയും പേരില്‍ പല വിവാഹങ്ങള്‍ കഴിച്ചു. കാര്യം ഇങ്ങനെയാണെങ്കിലും ഒരു വിവാഹം തന്നെയാണ് ഉത്തമം എന്ന് ഫുഖഹാഅ് പ്രസ്താവിച്ചിരിക്കുന്നു. അല്ലാമാ ബുര്‍ഹാനുദ്ദീന്‍ മര്‍ഗീനാനി പ്രസ്താവിക്കുന്നു: ഒരു ഭാര്യയുള്ള വ്യക്തി രണ്ടാമതും വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചാല്‍ ഇരുവര്‍ക്കുമിടയില്‍ നീതി കാണിക്കില്ലെന്ന് ഭയമുണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ പാടില്ല. നീതി കാണിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ വിവാഹം കഴിക്കാവുന്നതാണ്. ഇതിനോട് കൂടിയും വിവാഹം കഴിക്കാതിരിക്കുന്നത് തന്നെയാണ് പ്രതിഫലാര്‍ഹം. കാരണം, ഇതിലൂടെ ആദ്യഭാര്യയെ ദു:ഖിപ്പിക്കാതിരിക്കാന്‍ കഴിയുന്നതാണ്. ഇപ്രകാരം ഒരു സ്ത്രീ രണ്ടാമത്തെ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞ് മാറുമ്പോഴും അവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്. (മുഖ്ത്താറാത്തുന്നവാസില്‍ 2/84).
രണ്ട്, ഇസ്ലാം ബഹുഭാര്യത്വത്തെ നാലില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് കൂടിപ്പോയാല്‍ നാലുവരെയാകാം. റസൂലുല്ലാഹി (സ) നാലില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടായിരുന്നവരെ നാലിലേക്ക് മടക്കുകയുണ്ടായി.
മൂന്ന്, ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിച്ചിരിക്കുന്നത് നീതി കാട്ടണം എന്ന നിബന്ധനയോട് കൂടിയാണ്. അതായത് രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ഭാര്യമാര്‍ക്കിടയില്‍ നീതി പുലര്‍ത്താന്‍ കഴിവും തീരുമാനവുമുള്ള ആളായിരിക്കണം. ഇപ്രകാരം കഴിവില്ലാത്തവര്‍ ഒന്നുകൊണ്ട് മതിയാക്കണം. (നിസാഅ് 3). ഭാര്യമാര്‍ക്കിടയില്‍ നീതി കാണിക്കാതിരിക്കുന്നതിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പ് വന്നിട്ടുണ്ട്. റസൂലുല്ലാഹി (സ) അരുളി: ഒരു വ്യക്തിയുടെ അരികില്‍ രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അവരോട് നീതി കാണിക്കാതിരിക്കുകയും ചെയ്താല്‍ ഖിയാമത്ത് നാളില്‍ ഒരു ഭാഗം തളര്‍ന്നവനായി അവന്‍ ഹാജരാകുന്നതാണ്.
ബഹുഭാര്യത്വം ചിലപ്പോൾ ഒരു സാമൂഹ്യ ആവശ്യമായി വരുന്നതാണ്. സാധാരണയായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനനം തുല്യമായിട്ടാണ് സംഭവിക്കാറുള്ളതെങ്കിലും മരണ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷന്മാരായിരിക്കും. കാരണം അപകടങ്ങള്‍ കൂടുതലും പുരുഷന്മാര്‍ക്കാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് ഒന്നാം മഹാലോക യുദ്ധത്തില്‍ 80 ലക്ഷം ഭടന്മാര്‍ മാത്രം കൊല്ലപ്പെട്ടു. രണ്ടാം മഹാലോക യുദ്ധത്തില്‍ ആറരക്കോടി ജനങ്ങള്‍ നശിച്ചു. അതില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. 1920 മുതല്‍ 40 വരെ ഒരു പുരുഷന് മൂന്ന് സ്ത്രീകള്‍ എന്ന കണക്കില്‍ ജര്‍മ്മനിയില്‍ സ്ത്രീകള്‍ പെരുകി. 1900 ല്‍ ഫ്രാന്‍സില്‍ നടന്ന കണക്കെടുപ്പില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ നാലുലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഒന്‍പത് ആയിരുന്നു. യുദ്ധങ്ങള്‍ കൂടാതെ വാഹന നിര്‍മ്മാണ ശാലകളുടെ അപകടങ്ങളിലും കൂടുതലായി ഇരയാകുന്നതും പുരുഷന്മാരാണ്. ജയിലുകളില്‍ ഉള്ള തടവുകാരും 90 ശതമാനവും പുരുഷന്മാരാണ്. ഈ കാരണങ്ങളാല്‍ പൊതുവില്‍ ലോകത്ത് പുരുഷന്മാരേക്കാള്‍ എണ്ണം സ്ത്രീകളുടേതാണ്. ഇത്തരം സന്ദർഭങ്ങളില്‍ ബഹുഭാര്യാത്വത്തിന് അനുവാദം നല്‍കിയില്ലെങ്കില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ ഭര്‍ത്താവില്ലാതെ കഴിയേണ്ടിവരും. ഇക്കാരണത്താല്‍ ബഹുഭാര്യാത്വം പുരുഷന്മാരുടെ ഒടുങ്ങാത്ത കൊതിയല്ല, ഒരു സാമൂഹ്യ ആവശ്യമാണ്.
ബഹുഭാര്യാത്വത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം സ്വഭാവ മേഖലയാണ്. പാതിവൃത്യവും ജീവിത വിശുദ്ധിയും മനുഷ്യരുടെ അടിസ്ഥാന ഗുണമാണ്. പശു, കുതിര, കഴുത മുതലായ ഒരു മൃഗങ്ങള്‍ക്കുമിടയില്‍ വിവാഹം നടക്കാറില്ല. വിവാഹത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ആഴത്തില്‍ ബന്ധപ്പെട്ട് ഒന്നാകുന്ന അവസ്ഥ മനുഷ്യര്‍ക്കിടയില്‍ മാത്രമേയുള്ളൂ. ആഴമേറിയ ഈ ബന്ധത്തിന്‍റെ പേരാണ് പാതിവ്രത്യം. പാതിവ്രത്യത്തിന്‍റെ പ്രാധാന്യം സംശുദ്ധ ബുദ്ധിയുള്ള എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. അത്യാവശ്യ സന്ദര്‍ഭത്തിലുള്ള ബഹുഭാര്യാത്വം പാതിവൃത്യസംരക്ഷണത്തിനുള്ള മുഖ്യമാധ്യമമാണ്. ലോകത്ത് എവിടെയെങ്കിലും നിയമത്തിലൂടെ ബഹുഭാര്യാത്വം നിരോധിച്ചപ്പോഴെല്ലാം നിയമ വിരുദ്ധമായ ബഹുഭാര്യാത്വം അഥവാ വ്യഭിചാരം അവിടെ പ്രചരിക്കുകയുണ്ടായി. ഗ്രീക്ക്, റോമന്‍ നാഗരികതകള്‍ ബഹുഭാര്യാത്വത്തെ നിരോധിച്ചിരുന്നു. എന്നാല്‍ വ്യഭിചാരത്തിന് അവിടെ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്ന് എഡ്വർഡ് ലേക്കി കുറിക്കുന്നു. ഡോ: ഗസ്തൗലി ബാന്‍ എഴുതുന്നു: ഏകപത്നീവ്രതം എന്ന പാശ്ചാത്യ വീക്ഷണം പുസ്തകങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒന്നാണ്. ഒരിക്കലും സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. മറ്റുസ്ഥലങ്ങളിലെ ന്യായമായ ബഹുഭാര്യാത്വത്തെക്കാള്‍ വള രെ കൂടുതലാണ് പാശ്ചാത്യലോകത്തെ അന്യായമായ ബഹുഭാര്യത്വങ്ങള്‍. (തമദ്ദുന്‍ അറബ് 366). മാലിക്ക് റാം പ്രസ്താവിക്കുന്നു: ബഹുഭാര്യത്വം പാടില്ലെന്ന് പറയുന്നവര്‍ എണ്ണത്തില്‍ കൂടുതലുള്ള സ്ത്രീകളെ എന്ത് ചെയ്യണമെന്നുകൂടി പറയേണ്ടതാണ്. വിവാഹം കഴിക്കാതെയുള്ള ജീവിതം സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടങ്ങള്‍ക്ക് കാരണമാണ്. ബഹുഭാര്യാത്വത്തെ തടയുന്നവര്‍ ജാരസന്തതികള്‍ ഉണ്ടാകുന്നതിനെ അനുവദിക്കേണ്ടിവരുന്നതാണ്. സ്ത്രീകളുടെ മഹത്വം വാദിക്കുന്നവര്‍ തന്നെ സ്ത്രീകളെ നിന്ദ്യതയിലേക്ക് തള്ളിവിടുന്നത് വളരെ വേദനാജനകം തന്നെയാണ്. (ഇസ്ലാമിയ്യാത്ത് 162). ചുരുക്കത്തില്‍ ബഹുഭാര്യത്വം ജീവിത വിശുദ്ധിയുടെ അനിവാര്യ തേട്ടമാണ്. ജീവിത വിശുദ്ധി നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് പാശ്ചാത്യലോകം സാക്ഷിയാണ്.
ബഹുഭാര്യത്വത്തില്‍ സ്ത്രീകളോട് കാരുണ്യത്തിന്‍റെ ഒരു ഭാഗവും കൂടിയുണ്ട്. ഒരു സ്ത്രീ നിത്യരോഗിയോ സന്താനമില്ലാത്തവരോ ആവുകയും ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍ ഒന്നുകില്‍ അവരെ വിവാഹമോചനം നടത്തി മറ്റൊരു വിവാഹം കഴിക്കേണ്ടി വരും. അല്ലെങ്കില്‍ നിയമവിരുദ്ധമായ ബഹുഭാര്യാത്വം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് രണ്ടും വളരെ അക്രമമാണ്. ഇത്തരുണത്തില്‍ ന്യായമായ ബഹുഭാര്യാത്വം അനുവദിക്കുന്നത് സ്ത്രീജനങ്ങളോടുള്ള കാരുണ്യമാണ്, അക്രമമല്ല. കൂടാതെ, വിവാഹമോചിതകളും വിധവകളുമായ സ്ത്രീകളുടെ പ്രശ്നങ്ങളുടെ പരിഹാരവും ബഹുഭാര്യാത്വം തന്നെയാണ്.
ചുരുക്കത്തില്‍ മതം, സ്വഭാവം, സാമൂഹ്യം എന്നിങ്ങനെ വിവിധ വീക്ഷണങ്ങളിലൂടെ നോക്കുമ്പോള്‍ ബഹുഭാര്യാത്വത്തിന്‍റെ ന്യായം സുതരാം വ്യക്തമാകുന്നതാണ്. അവസാനമായി ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ: ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ബഹുഭാര്യാത്വം വളരെ മുന്‍പന്തിയിലാണ് എന്ന് വര്‍ഗ്ഗീയ വാദികള്‍ പ്രചരിപ്പിക്കുകയും ഇതര സമുദായങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ യാഥാര്‍ത്ഥ്യം ഇതിന് വിരുദ്ധമാണ്. ഡോ: ശാഹിസ്ഥാ പര്‍വീന്‍ ഈ വിഷയത്തില്‍ പി. എച്ച്. ഡി പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്. അതില്‍ വിവിധ വര്‍ഷങ്ങളില്‍ നടത്തപ്പെട്ട വ്യത്യസ്ത സര്‍വ്വേകള്‍ ഉദ്ധരിച്ചിരിക്കുന്നു. അതിന്‍റെ രത്നചുരുക്കം ഇവിടെ കൊടുക്കുന്നു:
1931-1940 വര്‍ഷങ്ങള്‍: ഗോത്രസമുദായം 9.35, ഹൈന്ദവര്‍ 6.79, മുസ്ലിംകള്‍ 7.29.
1949-1950 വര്‍ഷങ്ങള്‍: ഗോത്രസമുദായം 17.53, ഹൈന്ദവര്‍ 7.15, മുസ്ലിംകള്‍ 7.06
1951-1960 വര്‍ഷങ്ങള്‍: ഗോത്രസമുദായം 17.98, ഹൈന്ദവര്‍ 5.06, മുസ്ലിംകള്‍ 4.31
1961-1970 വര്‍ഷങ്ങള്‍: ഗോത്രസമുദായം 15.25, ഹൈന്ദവര്‍ 5.08, മുസ്ലിംകള്‍ 5.07
1991-2000 വര്‍ഷങ്ങള്‍: ഗോത്രസമുദായം 15.25, ഹൈന്ദവര്‍ 5.80, മുസ്ലിംകള്‍ 5.73.
(കടപ്പാട്: മുസ്ലിം വ്യക്തി നിയമങ്ങൾ)
Back to INDEX
032 മുസ്ലിം സ്ത്രീകളുടെ ഇദ്ദാചരണം
മൊഴിചെല്ലപ്പെട്ടവൾ പുനർവിവാഹം ചെയ്യപ്പെടുന്നതിനു മുമ്പ് അനുഷഠിക്കേണ്ട ദീക്ഷാകാലത്തിനാണ് ഇദ്ദയെന്നു പറയുന്നത്. സാധാരണ ആർത്തവമുണ്ടായിക്കൊണ്ടിരിക്കുന്നവളാണ് മൂന്ന് ആർത്തവമുണ്ടാകുന്നതുവരെ ഇദ്ദ അനുഷ്ഠിക്കേണ്ടത്. അവൾക്ക് ഗർഭമില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി കൂടിയാണ് ഇദ്ദ. അതോടൊപ്പം ഭർത്താവ് മാനസാന്തരപ്പെട്ട് അവളെ വീണ്ടെടുക്കാനുള്ള ഒരു അവസരം നൽകലും. ആർത്തവം ഉണ്ടായിട്ടില്ലാത്തവർക്കും ആർത്തവം നിലച്ചവർക്കും ഗർഭിണികൾക്കുമുള്ള ഇദ്ദകാലം ഏതെന്ന് ഖുർആൻ വചനത്തിൽ നിന്ന് ഗ്രഹിക്കാം.وَاللَّائِي يَئِسْنَ مِنَ الْمَحِيضِ مِن نِّسَائِكُمْ إِنِ ارْتَبْتُمْ فَعِدَّتُهُنَّ ثَلَاثَةُ أَشْهُرٍ وَاللَّائِي لَمْ يَحِضْنَ وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا
"നിങ്ങളുടെ സ്ത്രീകളിൽ നിന്ന് ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്നു മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെത്തന്നെ. ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു." (65: 4)
വിവാഹമോചനാനന്തരം എത്ര ചുരുങ്ങിയ കാലത്തിനിടയിൽ പ്രസവിച്ചാലും ഇദ്ദ അവസാനിച്ചു. ആവശ്യമെങ്കിൽ അവൾക്ക് വേറെ വിവാഹിതയാകാവുന്നതാണ്.
വിവാഹാനന്തരം സംയോഗം നടക്കുന്നതിനു മുമ്പ് വിവാഹമോചനം ചെയ്യപ്പെട്ടുവെങ്കിൽ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല.
يَا أَيُّهَا الَّذِينَ آمَنُوا إِذَا نَكَحْتُمُ الْمُؤْمِنَاتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا
"സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ട് നിങ്ങൾ അവരെ സ്പർശിക്കുന്നതിന് മുമ്പ് അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക് മതാഅ് നൽകുകയും അവരെ സുന്ദരമായി പിരിച്ചയക്കുകയും ചെയ്യുക." (33: 49)
വിവാഹത്തിന് മഹ്ർ നിശ്ചയിക്കാതെയും സംയോഗം നടക്കാതെയുമാണ് വിവാഹമോചനം ചെയ്യുന്നതെങ്കിൽ വിവാഹമുക്തയ്ക്ക് വിവാഹമൂല്യമായി ഒന്നും തന്നെ നൽകേണ്ടതില്ല. അതേയവസരത്തിൽ ഭർത്താവിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് എന്തെങ്കിലും പ്രയോജനപ്രദമായ പാരിതോഷികം നൽകി തൃപ്തിപ്പെടുത്തുന്നത് നല്ലതാണ്.
لَّا جُنَاحَ عَلَيْكُمْ إِن طَلَّقْتُمُ النِّسَاءَ مَا لَمْ تَمَسُّوهُنَّ أَوْ تَفْرِضُوا لَهُنَّ فَرِيضَةً وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ حَقًّا عَلَى الْمُحْسِنِينَ
"നിങ്ങൾ ഭാര്യമാരെ സ്പർശിക്കുകയോ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങൾ അവരുമായുള്ള ബന്ധം വേർപ്പെടുത്തിയാൽ (മഹ്ർ നൽകാത്തതിന്റെ പേരിൽ) നിങ്ങൾക്ക് കുറ്റമില്ല. എന്നാൽ അവർക്ക് നിങ്ങൾ മര്യാദയനുസരിച്ച് ജീവിതവിഭവമായി എന്തെങ്കിലും നൽകേണ്ടതാണ്. കഴിവുള്ളവൻ തന്റെ കഴിവനുസരിച്ചും ഞെരുക്കമുള്ളവൻ തന്റെ ഞെരുക്കത്തിനനുസരിച്ചും. സദ്വൃത്തരായ ആളുകൾക്ക് ഇതൊരു ബാധ്യതയത്രെ." (2: 236).
ഇനി മഹ്ർ നിശ്ചയിക്കുകയും അതോടൊപ്പം സംയോഗം നടക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ വിവാഹമോചനം നടന്നാൽ നിശ്ചയിക്കപ്പെട്ട മഹ്റിന്റെ പകുതി നൽകണം.
وَإِن طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ وَقَدْ فَرَضْتُمْ لَهُنَّ فَرِيضَةً فَنِصْفُ مَا فَرَضْتُمْ إِلَّا أَن يَعْفُونَ أَوْ يَعْفُوَ الَّذِي بِيَدِهِ عُقْدَةُ النِّكَاحِ وَأَن تَعْفُوا أَقْرَبُ لِلتَّقْوَىٰ وَلَا تَنسَوُا الْفَضْلَ بَيْنَكُمْ إِنَّ اللَّـهَ بِمَا تَعْمَلُونَ بَصِيرٌ
"ഇനി നിങ്ങൾ അവരെ സ്പർശിക്കുന്നതിനു മുമ്പ് തന്നെ വിവാഹബന്ധം വേർപ്പെടുത്തുകയും അവരുടെ വിവാഹമൂല്യം നിങ്ങൾ നിശ്ചയിച്ചിരിക്കുകയുമാണെങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങൾ നൽകേണ്ടതാണ്); അവർ (ഭാര്യമാർ) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കിൽ വിവാഹക്കരാർ കൈവശം വെച്ചിരിക്കുന്നവർ (ഭർത്താവ്) (മഹ്ർ പൂർണ്ണമായി നൽകിക്കൊണ്ട്) വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. എന്നാൽ നിങ്ങൾ (ഭർത്താക്കന്മാർ) വിട്ടുവീഴ്ച ചെയ്യുന്നതാണ് ധർമ്മനിഷ്ഠയ്ക്ക് കൂടുതൽ യോജിച്ചത്. നിങ്ങൾ അന്യോന്യം ഔദാര്യം കാണിക്കാൻ മറക്കരുത്. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ട്." (2: 237)
മതാഅ്
വിവാഹമുക്തരായവർ സാമ്പത്തിക ഞെരുക്കത്തിൽ ക്ലേശിക്കാൻ ഇടവരരുത്. ഭർത്താവിന്റെ കീഴിൽ പാർപ്പിടവും ഭക്ഷണവും മറ്റു സൗകര്യങ്ങളും അനുഭവിച്ചുപോന്നവൾ പെട്ടെന്ന് അത് നഷ്ടപ്പെടുമ്പോൾ പ്രയാസമനുഭവിക്കും. പുനർവിവാഹം ചെയ്യപ്പെടുവാൻ കാലതാമസവുമുണ്ടായേക്കാം. അല്ലെങ്കിൽ പുനർവിവാഹം ഉണ്ടാവാതിരിക്കാം. അതിനാൽ ഇദ്ദ കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ സാധ്യമായ സാമ്പത്തിക സഹായം ആശ്വാസധനമായി അവൾക്ക് നൽകണം. ഖുർആൻ ഒന്നിലേറെ വചനങ്ങളിൽ ഈ ആശ്വാസധനം (മതാഅ്) നൽകണമെന്ന് അനുശാസിക്കുന്നുണ്ട്.
وَلِلْمُطَلَّقَاتِ مَتَاعٌ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ
"വിവാഹമോചിതരായ സ്ത്രീകൾക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിത വിഭവമായി നൽകേണ്ടതാണ്. ഭയഭക്തിയുള്ളവർക്ക് അതൊരു ബാധ്യതയത്രെ." (2: 241)
ഇബ്നു അബ്ബാസ്(റ) തന്റെ ഭാര്യക്ക് പതിനായിരം ദിർഹം മതാഅ് നൽകുകയുണ്ടായി.
വിവാഹജീവിതത്തിൽ ഭർത്താക്കന്മാർ ഭാര്യമാർക്ക് സമ്മാനങ്ങളും നൽകാറുണ്ട്. ഇപ്രകാരം നൽകിയത് വിവാഹമോചന സമയത്ത് തിരിച്ചുവാങ്ങാവതല്ല. മഹ്ർ നൽകിയതും തിരിച്ചുവാങ്ങരുത്.
وَإِنْ أَرَدتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنطَارًا فَلَا تَأْخُذُوا مِنْهُ شَيْئًا أَتَأْخُذُونَهُ بُهْتَانًا وَإِثْمًا مُّبِينًا ﴿٢٠﴾ وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقًا غَلِيظًا ﴿٢١﴾
"നിങ്ങൾ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന പക്ഷം അവരിൽ ഒരുവൾക്ക് നിങ്ങൾ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതിൽ നിന്ന് യാതൊന്നും തന്നെ നിങ്ങൾ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധർമ്മം ചെയ്തുകൊണ്ടും നിങ്ങളത് വാങ്ങുകയോ? നിങ്ങളന്യോന്യം കൂടിച്ചേരുകയും അവർ നിങ്ങളിൽ നിന്ന് കനത്ത ഒരു കരാർ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങൾ അതെങ്ങനെ വാങ്ങും." (4: 20, 21)
ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ ഇദ്ദ ആചരിക്കേണ്ടതാണ്. നൂറ്റിമുപ്പത് ദിവസം (നാലു മാസവും പത്തു ദിവസവും)മാണത്. അല്ലാഹു പറയുന്നു.
وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا
"തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് നിങ്ങളിൽ ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്." (2: 234)
ഭർത്താവ് മരിക്കുമ്പോൾ ഭാര്യ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതോടുകൂടി ഇദ്ദ അവസാനിക്കുന്നു. സഅ്ദ്ബ്നു ഹവാലയുടെ ഭാര്യ സുബയ്അത്തുൽ അസ്ലമിയ്യ ഗർഭിണിയായിരിക്കെ അദ്ദേഹം മരണപ്പെട്ടു. താമസിയാതെ അവർ പ്രസവിച്ചു. പ്രസവാനന്തര രക്തസ്രാവം അവസാനിച്ചപ്പോൾ അവർ വിവാഹിതയാകാൻ താൽപര്യം പ്രകടിപ്പിച്ചു. ഇദ്ദ അവസാനിച്ചിട്ടില്ലെന്ന് ചിലർ പറഞ്ഞപ്പോൾ അവൾ പ്രവാചകന്റെ അടുത്തുചെന്ന് പ്രശ്നം അവതരിപ്പിച്ചു. വിവാഹിതയാകാൻ നബി(സ) അനുമതി നൽകി. സൂറത്തു ത്വലാഖിലെ ഗർഭിണികൾ പ്രസവിക്കുന്നതോടെ ഇദ്ദ അവസാനിച്ചുവെന്ന പ്രസ്താവം ഇവിടെയും ബാധകമാണ്.
ഇദ്ദകാലത്ത് സ്ത്രീകൾ ഭർത്താവിന്റെ വീട് വിട്ടു പുറത്തുപോകാൻ പാടുള്ളതല്ല എന്ന് കർമശാസ്ത്ര പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്കു പുറത്തുപോകാവുന്നതാണ്. പ്രവാചകൻ അതിന്നനുവദിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാൽ അവൾ തിരിച്ചുവന്നു ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കണം. ഈ കാലയളവിൽ താമസവും ഭക്ഷണവും ലഭിക്കാനവൾക്ക് അവകാശമുണ്ട്.
ഭർത്താവ് മരണപ്പെട്ടവൾ ഇദ്ദ കാലത്ത് സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുകയോ ആഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നത് ഭൂഷണമല്ല. എന്നാൽ വെളുത്ത വസ്ത്രം മാത്രം ഉടുത്ത് ഇരുട്ടറക്കുള്ളിൽ കഴിയേണ്ടതുമില്ല. സാധാരണ വസ്ത്രങ്ങളേതും ധരിച്ച് വീട്ടുകാര്യങ്ങളിൽ ഏർപ്പെടാവുന്നതാണ്.
(കടപ്പാട്: ഇസ്ലാം 5 വാള്യങ്ങളിൽ, യുവത)
Back to INDEX
033 ബുദ്ധിശക്തിയുടെ ഉറവിടം തകർന്നാൽ! - ഡോ. ബക്കർ എ. റഹ്മാൻ
മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതും സർവ്വ ചരാചരങ്ങളുടെയും മേൽ അവന് ആധിപത്യം ചെലുത്താൻ പ്രാപ്തനാക്കുന്നതും അവന്റെ ബുദ്ധിശക്തിയാണെന്നത് സർവ്വാംഗീകൃതമായ യാഥാർത്ഥ്യമാണ്. ബുദ്ധിശക്തിയുടെ ആസ്ഥാനം തലച്ചോറിലാണോ ഹൃദയത്തിലാണോ അതല്ല ശരീരത്തിലെ മറ്റേതെങ്കിലും അവയവത്തിലാണോ എന്ന കാര്യത്തിൽ ഒരന്തിമ തീർപ്പ് ശാസ്ത്രത്തിനു ഇപ്പോഴും നൽകാൻ കഴിഞ്ഞിട്ടില്ല. പരിണാമ സിദ്ധാന്തപ്രകാരം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള പരിണാമത്തിൽ ഏറ്റവും അധികം വികസിച്ച മനുഷ്യാവയവം തലച്ചോറാണത്രെ. തലച്ചോറും ബുദ്ധിശക്തിയും തമ്മിൽ ബന്ധമുണ്ടോ എന്ന ഗവേഷണം ഇന്നും നടന്നുകൊണ്ടിരിക്കുന്നുണ്ട്.മഹാപ്രതിഭകളുടെ തലച്ചോറുകൾ പലപ്പോഴും ഗവേഷണ വിധേയമാക്കപ്പെട്ടിട്ടുണ്ട്. അസാധാരണ ബുദ്ധിശക്തിക്കുടമയായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ. തന്റെ ബുദ്ധിയിൽ ജന്മം കൊണ്ട ആറ്റംബോബ് രണ്ടാം ലോക മഹായുദ്ധത്തിന്റെ ഗതി തന്നെ രണ്ടു ദിവസം കൊണ്ട് മാറ്റിമറിച്ചുവല്ലോ. അതിഭീകരനാശകാരിയായ ആയുധമായിരുന്നു അദ്ദേഹം കണ്ടുപിടിച്ചത്. അണുവിസ്ഫോടന ശക്തി മുഖേന ലഭ്യമാക്കുന്ന ഊർജ്ജം ഭൂലോകത്തിന് ഏറ്റവും വലിയ ഊർജ്ജസ്രോതസ്സാണ്. ലോകം കണ്ട മറ്റൊരു ബുദ്ധിരാക്ഷസനാണ് ശ്രീനിവാസ രാമാനുജൻ. അക്കങ്ങൾ കൊണ്ട് മനുഷ്യ മസ്തിഷ്കങ്ങളെ അതിശയിപ്പിച്ച ശ്രീമതി. ശകുന്തളാദേവി ഇന്ത്യ കണ്ട ഏറ്റവും വലിയ ബുദ്ധിമതിയായിരുന്നു.
ഐൻസ്റ്റീന്റെ തലച്ചോർ എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാൻ അദ്ദേഹത്തിന്റെ തന്നെ അന്ത്യവസിയ്യത്തുണ്ടായിരുന്നു. ഗവേഷണങ്ങൾക്കായി നൽകപ്പെട്ട ആ തലച്ചോറ് 1955ൽ അദ്ദേഹം മരിച്ചപ്പോൾ തോമസ് ഹാർവി എന്ന ഗവേഷകൻ പരിശോധിച്ചു. അസാധാരണമായി മറ്റു തലച്ചോറുകളിൽ നിന്ന് യാതൊരു മാറ്റവും അദ്ദേഹത്തിനു കണ്ടെത്താനായില്ല. പിന്നീട് 1999ൽ സാട്രയും സംഘവും സൂക്ഷിക്കപ്പെട്ടിരുന്ന ആ തലച്ചോറ് വീണ്ടും ഗവേഷണവിധേയമാക്കി. എല്ലാ തലച്ചോറുകൾക്കുമുള്ള പോലെയുള്ള ചുളിവുകളിൽ ഒന്നു മാത്രം ഐൻസ്റ്റീന്റെ തലച്ചോറിലില്ലെന്നു കണ്ടെത്തി. അതിനു പകരമായി അടുത്തുള്ള ചില ഭാഗങ്ങൾ വലുതായി കണ്ടെത്തുകയും ചെയ്തു. ആ കണ്ടെത്തിയ ഭാഗം ഗണിതവും മറ്റും കൈകാര്യം ചെയ്യുന്ന സെക്ഷനായിരുന്നു. അദ്ദേഹത്തിന്രെ അത്ഭുത പ്രതിഭക്ക് കാരണം അതായിരുന്നുവെന്നവർ വിശ്വസിക്കുന്നു. അതോടെ ശാസ്ത്രലോകം തലച്ചോറിലാണ് ബുദ്ധികേന്ദ്രം എന്ന നിഗമനത്തെ സ്ഥിരീകരിച്ചു.
വലിയ തലയിൽ തലച്ചോറ് അധികമുണ്ട്. അതിനാൽ വലിയ തലയുള്ളവർക്ക് ബുദ്ധിശക്തി കൂടുതലായിരിക്കുമത്രെ. നൂറോളം മഹാപ്രതിഭകളുടെ തലച്ചോറുകൾ ഗവേഷണവിധേയമാക്കിയ 'സ്വിറ്റിസ്ക' എന്ന ശാസ്ത്രജ്ഞൻ 1902ൽ ഇക്കാര്യം സിദ്ധാന്തിച്ചിരുന്നു. ജീവിച്ചിരിക്കുന്നവരുടെ തലച്ചോറ് സ്കാൻ ചെയ്ത് തലച്ചോറിന്റെ വലുപ്പവും ബുദ്ധിശക്തിയും അളക്കാനുള്ള സംവിധാനങ്ങൾ ഇന്നു വളരെ പുരോഗമിച്ചിട്ടുണ്ട്. മനുഷ്യമനസ്സു പോലെ വളരെ സങ്കീർണ്ണമാണ് തലച്ചോറും എന്നും കണ്ടെത്തിയിട്ടുണ്ട്.
മഹാഅതിശയകരം
അനേകം അത്യന്താധുനിക കമ്പ്യൂട്ടറുകൾ ഒന്നിച്ചു പ്രവർത്തിച്ചാൽ പോലും മനുഷ്യ തലച്ചോറിന്റെ അടുത്തൊന്നും എത്തുകയില്ല. തലച്ചോറിന്റെ മാത്രം പ്രവൃത്തികളായ ബുദ്ധി, ഓർമ്മശക്തി, വിവിധ വികാരങ്ങൾ തുടങ്ങിയവയാണല്ലോ മനുഷ്യനെ മനുഷ്യനാക്കുന്ന പ്രധാന ഘടകങ്ങൾ. ഈ കഴിവുകളാണ് മനുഷ്യരെ മൃഗങ്ങളേക്കാൾ ദൈവവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയെന്ന് വിശേഷിപ്പിച്ചാൽ അത് തെറ്റാവുകയില്ല. ബുദ്ധിശക്തി തലച്ചോറിന്റെ സുപ്രധാന പ്രവർത്തനമാണ്. അനേകം ശതകോടി കോശങ്ങളുടെ സമുച്ചയമായ തലച്ചോറിലെ കോശങ്ങൾ തമ്മിൽ തമ്മിൽ സംവദിക്കുന്നുണ്ട്. അതൊരു ശൃംഖലയായി നിലകൊള്ളുന്നു. ഒരു വലിയ മഹാഗ്രന്ഥശാലയിലുമുള്ള സർ വ്വ വിജ്ഞാന കോശങ്ങളാണ് ഓരോ സെല്ലുകളും എന്നു പറയാം. അതിനിസ്സാര കാര്യങ്ങൾ മുതൽ പ്രതിഭാത്വം നിറഞ്ഞ അതിസങ്കീർണ്ണ ഗണിതങ്ങൾ വരെ മസ്തിഷ്കത്തിലെ ഖനിയിലുണ്ട്. ക്ഷണനേരം കൊണ്ട് അവ വെളിക്കെടുക്കാൻ കഴിയുന്ന സംവിധാനങ്ങളുമുണ്ട്. നിമിഷങ്ങൾക്കുള്ളിൽ തലച്ചോറ് ആവശ്യമായ വസ്തുതകൾ ശേഖരിക്കും. മനുഷ്യശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന ഏതു സംഭവങ്ങളെയും നിരീക്ഷിച്ചും നിയന്ത്രിച്ചും പ്രവർത്തിപ്പിക്കും തലച്ചോറ് നിരന്തര ജാഗ്രതയിലുള്ള അതീവ സങ്കീർണ്ണ കമ്പ്യൂട്ടറുകൾ പോലും ഈ തലച്ചോറാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിൽ മനുഷ്യന്റെ തലച്ചോറ് എത്ര വലിയ മഹാ പ്രതിഭാസമാണെന്നു നമുക്കൂഹിക്കാൻ പോലും കഴിയാത്തത്ര വലുതാണ്.
സുഭദ്രസ്ഥാനത്ത്
അടുക്കിക്കോർത്ത് വെച്ച് ശക്തമായ അസ്ഥികളാൽ ഭദ്രമായി നിർമ്മിച്ചിട്ടുള്ള മനുഷ്യശരീരത്തിലെ തലയോട്ടിക്കുള്ളിലെ ശക്തമായ മൂന്ന് ആവരണങ്ങളാൽ സംരക്ഷിതമാണ് തലച്ചോർ. സി.എസ്.എഫ് എന്നു വിളിക്കപ്പെടുന്ന ഒരു ദ്രാവകത്തിൽ തലച്ചോറ് പൊങ്ങിക്കിടക്കുന്നു. രണ്ടർദ്ധ വിഭാഗങ്ങളായാണ് തലച്ചോറ് നിലകൊള്ളുന്നത്. ഓരോ പകുതിയും നാലുഭാഗങ്ങളായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. ലോബ് എന്ന് വിളിക്കപ്പെടുന്ന ഈ ഭാഗങ്ങൾ വിവിധ ചുമതലകൾ വഹിക്കുന്നു. ഒരു ലോബ് ഓർമ്മകളെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ മറ്റൊന്ന് സംസാരത്തിന്റെയും ഭാഷയുടെയും ഭാഗമായാണ് പ്രവർത്തിക്കുന്നത്. സ്വഭാവം, വ്യക്തിത്വം തുടങ്ങിയവയെ 'ഫ്രോണ്ടൽ ലോബ്' കൈകാര്യം ചെയ്യുമ്പോൾ കാഴ്ച, കേൾവി, ഗന്ധങ്ങൾ തുടങ്ങിയവയെ 'ഓക്സിപ്പിറ്റൽ ലോബ്' വിനിമയം ചെയ്യുന്നു. കൈകാലുകൾക്ക് പ്രത്യേകം പ്രത്യേകം ഭാഗങ്ങളുണ്ട്. മോട്ടോർ കോർട്ടക്സ്, സെൻസറി കോർട്ടക്സ് എന്നീ ഭാഗങ്ങൾക്ക് വല്ല ക്ഷതവും പറ്റിയാൽ കൈകാലുകൾ ചലിക്കാതെയാവുകയും സ്പർശന ശേഷി നശിച്ചുപോവുകയും ചെയ്യും. ഏതെങ്കിലും ഭാഗങ്ങൾക്ക് എന്തെങ്കിലും പരിക്കുകളോ ക്ഷതങ്ങളോ തകർച്ചയോ സംഭവിച്ചാൽ അതിന്റെ അനന്തരഫലം ശരീരത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടും. ഓർമ്മശക്തി കേന്ദ്രമായ 'ഹിപ്പോകാംപസ്'നു ബാധിക്കുന്ന ക്ഷതം ഓർമ്മശക്തിയെ തകർത്തുകളയും. പൊതുവെ ഇപ്രകാരം പറയുന്നുവെങ്കിലും അവർണ്ണനീയമായ അനേകം സങ്കീർണ്ണ പ്രവർത്തനങ്ങളുടെ അത്യത്ഭുതകരമായ കടമകളാണ് മനുഷ്യനിലെ തലച്ചോറ് നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്.
ഓർമ്മശക്തിയുടെ മാസ്മരികത
ഉദാഹരണത്തിനു മനുഷ്യൻ എന്തെങ്കിലുമൊന്നു ഓർമ്മിച്ചാൽ മതി തലച്ചോറിലെ അനേകഭാഗങ്ങൾ ഒന്നാകെ സജീവമാകും. ഓക്സപ്പിറ്റൽ ലോബ് ഓർമ്മിക്കപ്പെടുന്നതിന്റെ സർവ്വ വ്യാപകമായ അന്വേഷണം തുടങ്ങും. ഉടനെ സന്ദേശം 'റ്റെംപറൽ ലോബി'ലേക്ക് നൽകും. ഇരുവരും കൂടി ഓർമ്മിക്കാൻ ശ്രമിച്ചതിന്റെ നിജസ്ഥിതി പെട്ടെന്നു തന്നെ ശേഖരിക്കപ്പെട്ട് ലക്ഷക്കണക്കിന് വസ്തുതകളിൽ നിന്ന് തരംതിരിച്ചെടുക്കും. ഓർമ്മിക്കുന്നതിന്റെ എന്തെല്ലാം സവിശേഷതകളുണ്ടോ അതെല്ലാം നൊടിയിടയിൽ സമൃതിപഥമാകുന്ന സ്ക്രീനിലേക്ക് നൽകും. അപ്പോഴേക്കും അനേകമനേകം പേശികളിൽ നിന്ന് ആവശ്യമായ പേശികളെ ചലിപ്പിക്കാനാവശ്യമായ സന്ദേശങ്ങൾ നൽകും. ഫ്രോണ്ടൽ ലോബ് വ്യാകരണ തെറ്റുകൾ മുതൽ കീഴ്വഴക്കങ്ങളുടെ ലംഘനങ്ങൾ വരെയുള്ള കാര്യങ്ങൾ പരിശോധിക്കും. ഓർമ്മിക്കപ്പെടുന്ന വസ്തുവിന്റെ / പേരിന്റെ/ നാടിന്റെ എന്തുമാകട്ടെ അതിന്റെ നാനാവശങ്ങൾ ചിക്കിപ്പിറക്കി മോട്ടോർ കോർട്ടെക്സ് സെക്ഷന്റെ ഓർമ്മപഥത്തിലേക്ക് സന്ദേശം കൽപനകളായി പായിക്കും. അപ്പോൾ ആ വ്യക്തി ഓർമ്മയുടെ അറകളിലെ മുഴുവൻ കാര്യങ്ങളും ഓർക്കുകയായി. ആ ഉത്തരവ് അതിസൂക്ഷ്മ നാഡികളിലൂടെ ചുണ്ടിലും നാക്കിലും ശ്വാസനാളത്തിലും മനസ്സിലുമെല്ലാം പാഞ്ഞെത്തുമ്പോൾ അവകൾ ചലിക്കുകയായി. ഓർമ്മിച്ച കാര്യം പറയാനും വികാരവിചാരങ്ങളിലൂടെ അത് പ്രത്യക്ഷമാകാനും ഓർമ്മയുടെ ഉടമയ്ക്ക കഴിയുമാറാകുന്നു. ഒരു വ്യക്തിയെ/ സാധനത്തെ/ പേരിനെ/ സ്ഥലത്തെ/ വസ്തുതയെ ഓർക്കേണ്ട താമസം അതു സംബന്ധമായി ഓർമ്മയുടെ ചെപ്പുകളെല്ലാം മനോമുകുരത്തിൽ പൊന്തുകയായി. വാക്കുകൾ കൊണ്ട് പറയുമ്പോൾ ലളിതമായി തോന്നുവെങ്കിലും ഇതിന്റെ പ്രവർത്തന ശൃംഖല വല്ലാത്തൊരു അത്ഭുത പ്രക്രിയ തന്നെയാണ്. തലച്ചോറിന്റെ ഏതെങ്കിലുമൊരു ഭാഗത്തിനു എന്തെങ്കിലുമൊരു പ്രശ്നം സംഭവിച്ചാൽ ഇതെല്ലാം താളംതെറ്റും. മനസ്സിൽ വന്ന പേര് തിരിച്ചറിയാൻ സഹായിക്കുന്ന ഓക്സിപ്പിറ്റൽ കോർട്ടെക്സിനു ക്ഷീണമോ രോഗമോ വന്നാൽ ആളെ കണ്ടാലും പേര് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടും. വേറെ ഏതെങ്കിലും പേരായിരിക്കും അപ്പോൾ ഉരുവിടുക. ചുരുക്കത്തിൽ നിസ്സാരമായി തോന്നുന്ന ഓർമ്മ തലച്ചോറിന്റെ പ്രധാനപ്പെട്ട ഒരു പ്രവർത്തനത്തിന്റെ ഭാഗമാണ്. അതെങ്ങനെ നിലനിൽക്കുന്നുവെന്നത് ചിന്തനീയമായ കാര്യമാണ്.
സ്ഥിരസാന്നിധ്യമുള്ള ഓർമ്മശക്തിയുണ്ട്. സമയം എത്ര, എവിടെ ഞാൻ നിൽക്കുന്നു, എന്തിനാണീ നിറുത്തം, ബസിൽ നിന്നിറങ്ങേണ്ടതെപ്പോൾ, എവിടെ തുടങ്ങിയവ ഓർത്തുകൊണ്ടേയിരിക്കുന്നതാണ്. ഇമ്മീഡിയറ്റ് മെമ്മറി എന്നു പറയുന്ന ഇത് അപ്പപ്പോൾ തന്നെ മറന്നുപോവുകയും ആ സ്ഥാനത്ത് അടുത്ത വസ്തുതകൾ കയറിവരികയും ചെയ്യും. ഫോൺ നമ്പർ പറഞ്ഞു കേട്ടപ്പോൾ 10 അക്കവും ഓർമ്മിച്ചു ഫോൺ ചെയ്തു. വിളി കഴിഞ്ഞാൽ പിന്നെ ആ നമ്പറുകൾ ഓർമ്മയിൽ നിൽക്കുന്നില്ല. തലച്ചോറിലെ ഫ്രോണ്ടൽ ലോബ് എന്ന ഭാഗമാണത് കൈകാര്യം ചെയ്തത്. ഇതിൽ തകരാറു പറ്റിയാൽ സ്ഥലകാല ബോധം നഷ്ടമാകും. എന്നാൽ മണിക്കൂറുകളോളം ഓർമ്മിച്ചു വെക്കുന്നതു കൈകാര്യം ചെയ്യുന്ന റീസെന്റ് മെമ്മറി എന്ന ഭാഗമുണ്ട് തലച്ചോറിൽ. ഇന്നലെ രാത്രിയിലുണ്ടായ സംഭവം, മെനിഞ്ഞാണ് യോഗത്തിൽ പ്രസംഗിച്ച കാര്യം, ഇന്നുരാവിലെ കഴിച്ച ഭക്ഷണം തുടങ്ങി ഈ ഓർമ്മശക്തിയുടെ ഭാഗമാണ്. പുതിയ കാര്യങ്ങൾ പഠിക്കുക, ഹൃദിസ്ഥമാക്കുക, കാണാപ്പാഠമാക്കിയത് എടുത്തുദ്ധരിക്കുക തുടങ്ങിയവ തലച്ചോറിലെ റ്റെംപറൽ ലോബിലെ ഡിപ്പോ ക്യാംപസ് എന്ന അവയവം കൈകാര്യം ചെയ്യുന്നു. ചിലപ്പോൾ പത്തുകൊല്ലം മുമ്പ് നടന്നതു ഓർക്കുന്നവൻ ഇന്നലെ നടന്നത് ഓർക്കാൻ കഴിയാതെ വിഷമിക്കുന്നവസ്ഥയുണ്ടാകാറുണ്ട്. കളവ് പറയുകയാണെന്നു തോന്നിപ്പോകും കേൾവിക്കാരന്.മറവി രോഗത്തിലെ ഏറ്റവും അപകടകാരിയായ 'ആൾസൈമർ' രോഗമാകാനിടയുള്ളതാണത്. ഹിപ്പോക്യാംപസ് അവയവത്തിനു ചുരുങ്ങൽ സംഭവിക്കുമ്പോൾ മനുഷ്യൻ ആൾസൈമറിനു വിധേയനാകും. തലക്ക് ക്ഷതം സംഭവിച്ചാൽ ഓർമ്മശക്തികളെ അങ്ങോട്ടുമിങ്ങോട്ടും കൈകാര്യം ചെയ്യുന്ന തലച്ചോറിലെ ഭാഗങ്ങൾ നിശ്ചലമാകുമ്പോൾ സംഭവങ്ങളൊന്നും ഓർമ്മിക്കാൻ കഴിയില്ല. ജീവിതത്തിൽ കഴിഞ്ഞതെല്ലാം ചിലപ്പോൾ പൂർണ്ണമായും ഡിലീറ്റായി പോകും.
ഓർമ്മശക്തിയിൽ മറ്റൊന്ന് റിമോട്ട് മെമ്മറിയാണ്. വർഷങ്ങൾക്ക് മുമ്പുള്ളത് കൃത്യമായി ഓർമ്മിക്കാനാകും. ഇത് റ്റെംപറൽ ലോബാണ് നിയന്ത്രിക്കുന്നത്. ഇവകൾ കൂടാതെയുള്ള ഓർമ്മശക്തികൾ വേറെയുമുണ്ട്. ഡ്രൈവിംഗ്, സൈക്കിളിംഗ് തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിലൂടെ നേടിയത് പേശികളിലേക്ക് സന്ദേശമയക്കുന്നത് ഒരുതരം ഓർമ്മശക്തിയുടെ ഫലമാണ്. ഓരോ സന്ദർഭത്തിലും തദനുസാര ചലനങ്ങൾ യാന്ത്രികമായി ചെയ്യാൻ കഴിയുകയാണിതിന്റെ പ്രത്യേകത. ബോധമനസ്സിനേക്കാൾ ഇവിടെ ഉപബോധ മനസ്സിലെ ഓർമ്മതരംഗങ്ങൾ ഇവ നിയന്ത്രിക്കും. മറ്റു ചിന്തകളിലും സംസാരത്തിലും മുഴുകുമ്പോഴും സൈക്കിളിൽ നിന്ന് വീഴാതെ, വാഹനം നിയന്ത്രണം വിടാതെ സുഗമമായി സഞ്ചരിക്കാനാവും. ഈ ഓർമ്മകളെ നിയന്ത്രിക്കുന്നതിനെ പ്രൊസീഡറൽ മെമ്മറി എന്നാണ് വിവക്ഷിക്കുന്നത്.
ന്യൂറോ സൈക്കോളജിയിലൂടെ പലതരം ഓർമ്മശക്തികൾ പരിശോധിക്കാവുന്നതാണ്. ബ്രോക്കാസ് അപേഷ്യ എന്ന രോഗബാധിതർക്കു നാലു തരം മറവികൾ സംഭവിക്കാറുണ്ട്. സ്വന്തം പേരുപോലും പറയാനാകാതെ വരുമവർക്ക്. ചുരുക്കത്തിൽ വളരെ സങ്കീർണ്ണവും കെട്ടുപിണഞ്ഞതുമായ പ്രവർത്തനങ്ങളുടെ മേഖലയാണ് തലച്ചോർ കൈകാര്യം ചെയ്യുന്നത്. ഒരു വ്യക്തിയെ ശരിയായ ദിശയിൽ സഞ്ചരിപ്പിക്കുന്ന സുപ്രധാന നിയന്താവാണ് തലച്ചോറ്. ബുദ്ധിയുടെ കേന്ദ്രമാണത്. അതു തകരാറിലായാൽ മനുഷ്യൻ മനുഷ്യനല്ലാതാകും. ലഹരി, കൂടിയ മാനസിക സംഘർഷം, ടെൻഷൻ, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവയിൽ ഓർമ്മശക്തിയെ തകർത്ത് ചകിരിച്ചോറു പോലെയായിത്തീരുന്നതിൽ നിന്ന് മനുഷ്യർ കരുതൽ എടുക്കേണ്ടതുണ്ട്. ചിന്തിച്ചും പഠിച്ചും ഓർമ്മിച്ചും വിനയപ്പെട്ടും സൂക്ഷിച്ചും ജീവിച്ചാൽ തലച്ചോറിനെ സംരക്ഷിച്ചു നിർത്താനാകും. മനുഷ്യനെ മൃഗമാക്കാതെ ജീവിക്കാനാകും. കേൾവിയും കാഴ്ചയും ചിന്തയും ഓർമ്മശക്തികളുടെ അംബാസഡർമാരാണ്. മൂന്നും തമ്മിലുള്ള ശക്തമായ ബന്ധം മനുഷ്യനെ യഥാർത്ഥ മനുഷ്യത്വമുള്ളവനാക്കും. അല്ലാഹു പറയുന്നു.
"നിങ്ങൾക്ക് നാം സ്വാധീനം നൽകിയിട്ടില്ലാത്ത മേഖലകളിൽ അവർക്ക് (ആദ് ഗോത്രക്കാർ) നാം സ്വാധീനം നൽകുകയുണ്ടായി. കേൾവിയും കാഴ്ചയും ഹൃദയങ്ങളും നാമവർക്കു നൽകി. എന്നാൽ ദൈവ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു. അപ്പോൾ അവരുടെ കേൾവിശക്തിയും കാഴ്ചശക്തിയും ചിന്താശക്തിയും അവർക്ക് യാതൊരുപകാരവും ചെയ്തില്ല. എന്തൊന്നിനെ അവർ പരിഹസിച്ചുവോ അത് അവരിൽ വന്നുഭവിക്കുകയും ചെയ്തു." (വി.ഖു. അൽഅഹ്ഖാഫ്: 26)
Back to INDEX
034 ഖുർആൻ പരിഭാഷ(കൾ) - മലയാളികളോടു പറയുന്നത് - എം.എ. കാരപ്പഞ്ചേരി
കേരളത്തിൽ ഖുർആന്റെ മലയാള പരിഭാഷകൾ ഇറങ്ങിത്തുടങ്ങിയിട്ടു ഏഴു പതിറ്റാണ്ടെങ്കിലും പിന്നിടുകയാണ്. മതസംഘടനകളും കച്ചവടക്കാരും വിപണനാർത്ഥം പുറത്തിറക്കിയ പരിഭാഷകൾക്കു പുറമെ വ്യക്തികൾ സ്വകാര്യ വിതരണത്തിനുവേണ്ടി അച്ചടിച്ചിറക്കിയവയുമുണ്ട്. എണ്ണത്തിൽ നാൽപതോളം വരും. (എഴുതിത്തീരാത്തതും അപൂർണ്ണമായി പ്രസിദ്ധീകരിച്ചതും പരിഗണിച്ചിട്ടില്ല).ഇത്രയും പരിഭാഷകൾ (വ്യാഖ്യാന ഗ്രന്ഥങ്ങളെ വേറിട്ടു കാണുന്നില്ല). പ്രചാരത്തിലുണ്ടെങ്കിലും അവയിലൊന്നു പോലും വായനക്കാർക്ക് കൃത്യവും സ്പഷ്ടവുമായ സന്ദേശങ്ങൾ നൽകിക്കാണുന്നില്ല! അവ്യക്തമായ തർജ്ജമ, അർത്ഥശങ്കക്കിടയാക്കുന്ന വാ ക്യഘടന, വാഗർത്ഥ ഭാഷാന്തരണത്തിൽ നഷ്ടപ്പെടുന്ന ആശയങ്ങൾ, സ്ഥലകാലബോധമില്ലാത്ത സാരകൽപന, യുക്തിസഹമല്ലാത്ത അവതരണം, ഔചിത്യമില്ലാത്ത പ്രയോഗങ്ങൾ, പരസ്പര വൈരുധ്യത്തിനിടയാക്കുന്ന തരത്തിലുള്ള യാന്ത്രികവിവർത്തനം, അനാവശ്യമായ ബ്രാക്കറ്റുകളും അടിക്കുറിപ്പുകളും, ബ്രാക്കറ്റോ അടിക്കുറിപ്പോ വേണ്ടിടത്തു അതൊന്നുമില്ലാതെ 'ഒഴുക്കൻമട്ടിലുള്ള' പരിഭാഷ, ഖുർആന്റെ കേന്ദ്രാശയങ്ങളോട് നീതി പുലർത്താത്ത സമീപനങ്ങൾ, പ്രപഞ്ചത്തെയും പ്രകൃതി പ്രതിഭാസങ്ങളെയും സംബന്ധിച്ച (പൗരാണിക) പരാമർശങ്ങളുടെ കാലാനുചിതമല്ലാത്ത അവതരണം, ചരിത്ര സന്ദർഭങ്ങളെയും വ്യക്തികളെയും 'ഇന്നത്തെ അറിവി'ന്റെ അടിസ്ഥാനത്തിൽ പുനരാവിഷ്കരിക്കാനുള്ള വി മുഖത, സാമൂഹിക - സാമ്പത്തിക തത്വങ്ങളെയും നിയമങ്ങളെയും ശാസ്ത്രീയമായും ഔചിത്യത്തോടെയും അഭിമുഖീകരിക്കാനുള്ള അർദ്ധമനസ്സ്, കുറ്റവും ശിക്ഷയും സംബന്ധിച്ച ക്ലാസിക്കൽ ഭാവങ്ങളും മനോഭാവങ്ങളും അതേപടി പുനരാനയിക്കാനുള്ള വ്യഗ്രത, വിശദീകരണമോ വ്യാഖ്യാനമോ കൂടാതെ മനസ്സിലാവാത്ത വചനങ്ങളും പാഠഭാഗങ്ങളും ഭാഷയോടോ ആശയത്തോടോ ഒട്ടും നീതി കാണിക്കാതെ അനുവാചകരുടെ ഭാവനയ്ക്കു വിട്ടുകൊടുക്കുന്ന തന്ത്രം, ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമോ ചരിത്രപാഠപുസ്തകമോ ആണെന്ന മട്ടിലുള്ള അർത്ഥകൽപനയും ആശയാവതരണവും, ഖുർആൻ എന്നേക്കും പ്രായോഗികമാണെന്ന അവകാശവാദത്തെ സ്വയം തിരുത്തുന്ന തരത്തിലുള്ള അവതരണരീതി.
നിലവിലുള്ള പരിഭാഷകളുടെ പൊതുസ്വഭാവമാണിത്. ഏറ്റക്കുറച്ചിലുകളോടെയാണെ ങ്കിലും, എല്ലാ പരിഭാഷകളും ഇത്തരം പ്രതിസന്ധികൾ പങ്കുവെക്കുന്നുണ്ട്. ഓരോ പ്രശ്നവും വരും ലക്കങ്ങളിൽ വിസ്തരിച്ചു പ്രതിപാദിക്കാനാണ് ഉദ്ദേശ്യം. ഒരു പ്രശ്നം മാത്രം ഇപ്പോൾ ഇവിടെ ചർച്ച ചെയ്യാം.
ഖുർആനിലെ ഒന്നാം അധ്യായത്തിലെ ഒന്നാം വചനമെടുക്കുക: ചിലർക്ക് അല്ലാഹു പരമകാരുണികനും ദയാപരനുമാണ്. അധികംപേർക്കും അല്ലാഹു പരമകാരുണികനും കരുണാനിധിയുമാണ്. ആദ്യകാലത്തെ ഒരു പണ്ഡിത പരിഭാഷകനു അല്ലാഹു കരുണാവാരിധിയും പരമകാരുണികനുമാണ്. മറ്റൊരു പഴയകാല പണ്ഡിത പരിഭാഷകൻ മഹാകാരുണികനും കരുണാനിധിയും എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇനിയുമൊരു പ്രശസ്തനായ പണ്ഡിത പരിഭാഷകൻ അല്ലാഹു കരുണാനിധിയും പരമകാരുണികനും എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഒരു പുതിയകാല പരിഭാഷകന്നു, അല്ലാഹു പരമദയാലുവും കരുണാവാരിധിയുമാണ്.
അല്ലാഹുവിന്റെ അടിസ്ഥാനഗുണമാണ് റഹ്മത് (കരുണ). കരുണയുടെ രണ്ടളവുകളാണ് അർറഹ്മാൻ, അർറഹീം എന്ന വ്യത്യസ്ത പ്രയോഗങ്ങളിലൂടെ ഖുർആൻ പ്രകാശിപ്പിക്കുന്നത്. പരിഭാഷകരുടെ പൊതുവിജ്ഞാനത്തിൽ പെട്ട ഒരു ബോധമാണിത്. അല്ലാഹു റഹ്മാനും റഹീമുമാണെന്നു പറയുമ്പോൾ എന്താണർത്ഥമാക്കുന്നത്? വ്യാകരണബോധവും തത്വബോധവുമുള്ളവരായിരിക്കുമല്ലോ (ആയിരിക്കണമല്ലോ) ഖുർആൻ പരിഭാഷകർ. ലക്ഷ്യഭാഷയിലുള്ള അവരുടെ ഭാഷാബോധവും തുടർന്നു കടന്നുവരുന്നു. അങ്ങനെ അർറഹ്മാനും അർറഹീമും ഏതുതലത്തിൽ, ഏതളവിൽ വ്യത്യസ്തമായിരുന്നു എന്ന ചിന്തയും പഠനവും ആവശ്യമായി വരുന്നു. അത്തരമൊരു ഗൃഹപാഠം നടത്തിയായിരിക്കില്ല ആദ്യകാല പണ്ഡിത പരിഭാഷകരും അവരെ പ്രത്യക്ഷരം അനുകരിച്ച പരിഭാഷകരും 'രചന'യിൽ ഏർപ്പെട്ടതെന്നു സവിനയം ഉണർത്തട്ടെ. (വിശദമായി അടുത്ത ലക്കത്തിൽ).
No comments:
Post a Comment