എഡിറ്റോറിയൽ
1. അൽഫനാർ ഓൺലൈനിൽ
അച്ചടിച്ചിലവുകൾ താങ്ങാനാവുന്നതിലും വർദ്ധിച്ചു. പത്തുവർഷം 40 ലക്കങ്ങൾ തുടർച്ചയായ ഇറക്കിയപ്പോൾ സാമ്പത്തികമായ വൻബാധ്യത വന്നു ചേർന്നു. അതിന്നിടയിൽ ആരോഗ്യപ്രശ്നവുമുണ്ടായി. പ്രിന്റിംഗ് മാഗസിനിൽ നിന്ന് ഓൺലൈൻ മാഗസിനിലേക്കു മാറി. വാർഷികാഘോഷവേളയിൽ ബ്ലോഗിൽ ആരംഭിക്കാനുള്ള ലോഞ്ചിംഗ് നടന്നു. അതിന്റെ പ്രഥമ ലക്കം വാർഷികപ്പതിപ്പ് തന്നെയാക്കി. തുടർന്നിതാ 1440 റബീഉൽ ആഖിറിൽ ഒന്നാം ലക്കം ആരംഭിച്ചിരിക്കുന്നു. കുറഞ്ഞ പേജുകളിൽ മാസാന്തമായി ഇനി മുതൽ www.magazinealfanar.blogspot.com ൽ വായിക്കാം. പുതിയൊരു വായനാലോകത്തെ പ്രതീക്ഷിക്കുന്നു. അച്ചടിപുസ്തകമായി വായിക്കാൻ മാത്രം ശീലിച്ചവർ ദുഃഖിതരാണ്. അവരിൽ മിക്കവരും ആധുനിക മാധ്യമ മാർഗ്ഗം അപരിചിതമായവരാണ്. അനിവാര്യമായ മാറ്റം സ്വാഗതം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്താൻ കഴിഞ്ഞു കൊള്ളണമെന്നില്ലല്ലോ. സഹകരിച്ചവർക്കെല്ലാം അല്ലാഹു പ്രതിഫലം നൽകട്ടെ. പുതിയ സംവിധാനവുമായി എല്ലാവരുടെയും സഹകരണം തേടിക്കൊള്ളുന്നു. വായിച്ചവരുടെ പരിശ്രമമുണ്ടായാൽ പുതിയ വായനക്കാരെ സൃഷ്ടിക്കാൻ കഴിയും.
**** ***** ******
2. തിയ്യതിയിൽ അട്ടിമറി
ചന്ദ്രമാസ നിർണ്ണയത്തിലെ ട്രിപ്പീസ് കളി സമുദായം ലജ്ജയില്ലാതെ തുടർന്നു
കൊണ്ടിരിക്കുന്നു. ഇസ്ലാമിലെ കലണ്ടർ വ്യവസ്ഥയുടെ പരിഹാസ്യമുഖം പ്രദർശിപ്പിച്ചു
കൊണ്ട് പ്രധാനപ്പെട്ട സുല്ലമുസ്സലാം, ശബാബ്, മാധ്യമം, ചന്ദ്രിക തുടങ്ങിയ
സമുദായ നാമക്കലണ്ടറുകൾ അരങ്ങേറ്റം മാറ്റമില്ലാതെ തുടരുകയാണ്. ശാസ്ത്ര
യാഥാർത്ഥ്യങ്ങളെ ഇവ്വിധം പരിഹസിക്കുന്ന വേറൊരു സമുദായവും ലോകത്ത് ഇന്നില്ല.
സമുദായത്തെ പേടിച്ച് അതിന്റെ ഊരയിൽ ജീവിക്കുന്ന മുത്തശ്ശി/ മുത്തച്ച/ മാപ്പിള
പത്രങ്ങളുണ്ടല്ലോ. അതിൽ തിയ്യതി രേഖപ്പെടുത്തുന്നതിൽ കാണിക്കുന്ന
അശാസ്ത്രീയവും മതവിരുദ്ധവും പോപ്പുലാരിറ്റി ഇടിവും ഭയപ്പെട്ടുള്ള വഞ്ചന/
കാപട്യമുഖം മാറ്റമേതുമില്ലാതെ തുടരുന്നു. ശാസ്ത്രലോകവും ഭൂലോകമനുഷ്യമതവും
ഗ്രന്ഥവുമായ ഖുർആനും അംഗീകരിച്ചിട്ടുള്ള ശാസ്ത്രലോകം പിന്തുടർന്നു വരുന്ന
ലൂണാർ കലണ്ടറിന്റെ യഥാർത്ഥ തിയ്യതി പ്രധാന പത്രക്കാരെല്ലാം
അട്ടിമറിച്ചിരിക്കുന്നു. ഒരു ദിവസത്തിനു ഒരു തിയ്യതി എന്ന പ്രാപഞ്ചിക
വ്യവസ്ഥാനിയമം ഈ മഹാ പത്ര നടത്തിപ്പുകാർക്കാർക്കും അറിയില്ലെന്നു വരില്ലല്ലോ.
ഈ സമുദായം കുനിഞ്ഞു നിൽക്കുന്ന കാലമത്രയും അവർക്കു ധൈര്യമുണ്ട്. അടികൊണ്ടാൽ
കരയാൻ പോലും അറിയാത്ത പ്രതികരണ, വിവേക, യുക്തിബോധ, സാമാന്യഅറിവ് പോലും
നഷ്ടപ്പെട്ട നിർജീവ മന്ദബുദ്ധി സമുദായമാണിതെന്ന് അവർ
മനസ്സിലാക്കിയിരിക്കുന്നു. മാപ്പിളമാർ കാശിനു വേണ്ടി അടിച്ചിറക്കി വിറ്റു
തിന്നു കൊണ്ടിരിക്കുന്ന കലണ്ടറുകളിൽ തിയ്യതികൾ മതിവിരുദ്ധമായി അശാസ്ത്രീയമായി
കൊടുത്തു കൊണ്ടിരിക്കുന്നത് ഇന്ത്യാ രാജ്യത്ത് കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും വലിയ ദുഷ്ടത മാധ്യമം
കലണ്ടറാണ് കാട്ടിയിട്ടുള്ളത്. ഹിജ്റ 1440-ാം വർഷ കലണ്ടറിൽ 5 മാസങ്ങളിൽ ഈരണ്ടു
ദിവസങ്ങൾ അട്ടിമറിച്ചു കൊണ്ടാണ് ഹിജ്റ തിയ്യതിയിട്ടിരിക്കുന്നത്. ഇസ്ലാമിന്റെ
നടുക്കണ്ടങ്ങളാണെന്നവകാശപ്പെടുന്ന ഇസ്ലാമിസ്റ്റുകളുടെ ഈ കലണ്ടർ എന്തിനു വേണ്ടി
നിലകൊള്ളുന്നുവെന്ന് ചോദിച്ചാൽ ദേഷ്യം പിടിക്കരുതേ. എന്തു പറഞ്ഞിട്ടെന്താ?
ഹാദാ ഖൗമുൻ ജാഹിലൂൻ.
എഡിറ്റർ
അൽഫനാർ
ഖുർആൻ ചിന്തകൾ
അബുൽ ബനാത്ത് കുറ്റിച്ചിറ
വഞ്ചകന്മാരുടെ കൂട്ടാളികൾ
إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ
بِمَا أَرَاكَ اللَّـهُ وَلَا تَكُن لِّلْخَائِنِينَ خَصِيمًا ﴿١٠٥﴾
وَاسْتَغْفِرِ اللَّـهَ ۖ إِنَّ اللَّـهَ كَانَ غَفُورًا
رَّحِيمًا ﴿١٠٦﴾ وَلَا تُجَادِلْ عَنِ الَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا
﴿١٠٧﴾
"അല്ലാഹു താങ്കൾക്കു വിവേകം തന്നതനുസരിച്ച് ജനങ്ങളിൽ വിധി കൽപിക്കുവാൻ വേണ്ടിയാണ് സത്യസന്ധമായ ഈ ഗ്രന്ഥം താങ്കൾക്കു നൽകിയിട്ടുള്ളത്. താങ്കളൊരിക്കലും വഞ്ചകന്മാർക്കു കൂട്ടുനിൽക്കരുത്. അല്ലാഹുവോട് പാപമോചനം തേടിക്കൊൾക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തി കൊണ്ടിരിക്കുന്നവർക്കു വേണ്ടി താങ്കൾ തർക്കിക്കരുത്. മഹാവഞ്ചകനും അധർമ്മകാരിയുമായ ഒരാളെയും അല്ലാഹുവിനു ഇഷ്ടമേയില്ല." (സൂറ. നിസാഅ് 4: 105-107).
പ്രവാചകനെയും സഹപ്രവർത്തകനെയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായിരുന്നു കപടവിശ്വാസികൾ. അക്രമികളായ ശത്രുക്കൾ മറ്റൊരു ഭാഗത്തും അവരെയെല്ലാം ആദർശപരമായി നേരിടാൻ വിശ്വാസികളെ അല്ലാഹു സജ്ജമാക്കുകയാണ് മേൽവചനത്തിലൂടെ. വിശദീകരണം ആവശ്യമില്ലാത്ത വിധം സ്വയം വ്യക്തമായ വചനങ്ങൾ. മദീനയിൽ ശക്തമായ ഇസ്ലാമിക വ്യവസ്ഥ നടപ്പിലാക്കപ്പെടുന്നതിൽ അസ്വസ്ഥരാണ് അവിശ്വാസികളും കപടന്മാരും. പ്രവാചകന്റെ തന്റേടത്തോടും ഇച്ഛാശക്തിയോടും കൂടിയുള്ള ഭരണം നിലവിൽ വന്നു. അതിൽ അസഹിഷ്ണുക്കളും അസൂയാലുക്കളും തങ്ങളുടെ അസ്തിത്വം അപകടകരമാണെന്നു മനസ്സിലാക്കിയ കപടന്മാർ മുസ്ലിംകളെ നാനാവിധം ദ്രോഹിക്കാൻ പദ്ധതികൾ നെയ്തു. പുറമെ നിന്നുള്ള സംഘടിത ശത്രു ശക്തികളെ ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തേണ്ട നിർണ്ണായക ഘട്ടത്തിൽ അവർ അഭ്യന്തര കലാപത്തിനും കപടനാടകത്തിനും അരങ്ങൊരുക്കി. പക്ഷേ, അവരുടെ ഓരോ തന്ത്രങ്ങളും അപ്പപ്പോൾ അല്ലാഹു റസൂലിനെ അറിയിച്ചു കൊണ്ടിരുന്നു. അവരെ ഭയപ്പെടരുതെന്നും ആ വഞ്ചകന്മാർക്ക് കൂട്ടുനിൽക്കരുതെന്നും അല്ലാഹു താക്കീതു നൽകിക്കൊണ്ടിരുന്നു.അതനുസരിച്ച പ്രവാചകനു അവരുടെ ഗൂഢതന്ത്രങ്ങളെല്ലാം തകർക്കാൻ കഴിഞ്ഞു.
കരാർ ലംഘനത്തിനു മനുഷ്യരെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. പണം, അധികാരം, പ്രശസ്തി, താൽപര്യ സംരക്ഷണം, സ്വാർത്ഥതാ പൂർത്തീകരണം, അഹങ്കാരം തുടങ്ങിയവയാണ് പ്രധാനം. ഇതെല്ലാം ഒത്തുചേർന്നവർക്ക് കരാർ ലംഘനം രസകരമായ വിനോദമായിരിക്കും. അവർ ഏതു തീവ്ര നിലപാടിലേക്കും അതിക്രമത്തിലേക്കും അനാചാരങ്ങളിലേക്കും അന്ധമായ വിരോധത്തിലേക്കും കടന്നുകയറും. വിശ്വാസികളെന്നും സൽകർമ്മികളെന്നും അവർ സ്വയം അവകാശപ്പെടും. എന്നാൽ വിശ്വാസം അവരുടെ തൊണ്ടക്കുഴി വിട്ടിറങ്ങിയിട്ടുണ്ടാകില്ല. കർമ്മങ്ങളിൽ സ്വാർത്ഥതയും പൊങ്ങച്ചവുമല്ലാതെ മറ്റൊന്നുമുണ്ടായിരിക്കില്ല. സൂറ. അന്നിസാഅ് 51ൽ അത്തരക്കാർ വേദഗ്രന്ഥ വിഹിതം കാട്ടിയിട്ടും ക്ഷുദ്ര വിദ്യ (സിഹ്ർ)യിലും ദുർമൂർത്തികളിലും വിശ്വസിക്കുകയും സത്യനിഷേധികളാണ് നേർമാർഗികൾ എന്നു പറയുകയും ചെയ്യുമെന്നു പ്രസ്താവിക്കുന്നുണ്ട്. അവർ ദുർമാർഗം വിലക്കുവാങ്ങുന്നവരും യഥാർത്ഥ വിശ്വാസികൾ വഴിതെറ്റിപ്പോകാനാഗ്രഹിക്കുന്നവരുമായിരിക്കുമെന്നും (4: 44) പറയുന്നുണ്ട്.
വി.ഖുർആനിലെ ഏതു വചനങ്ങളും അക്കാല മുനാഫിഖുകളെ കുറിച്ചു പറഞ്ഞത് എക്കാലത്തേക്കും ബാധകം തന്നെയാണ്. ശാശ്വതമായ ഉപദേശ നിർദ്ദേശമാണ്. വിശ്വാസി സമൂഹം എന്നും കരുതലോടെ ഗ്രഹിച്ചിരിക്കേണ്ടതാണ്. കാലമെത്ര പിന്നിട്ടാലും കപടവിശ്വാസത്തിന്റെ മുഖങ്ങൾ ഒന്നു തന്നെ. സത്യാസത്യ വിവേചനത്തെ വിവേകത്തോടെ സമീപിക്കേണ്ടതാണ്. കാലചക്രത്തിന്റെ കറക്കത്തിൽ ഇന്ന് വിശ്വാസത്തിനു ദുർബലതയേറ്റിരിക്കുന്നു. നന്മകൾ തിന്മകളായും മറിച്ചും ചിത്രീകരിക്കപ്പെടുന്ന വളരെ അപകടം പിടിച്ച ജനസഞ്ചയത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഖുർആനിന്റെ വെളിച്ചം വാശിയോടെ സമുദായത്തിലെത്തിക്കുന്നവർ കടുത്ത കൂരിരുട്ടിൽ കറുത്ത പൂച്ചയെ തപ്പുകയാണ്. സ്വന്തത്തിനു വെളിച്ചമാകാത്ത വെളിച്ചവുമായി കാഴ്ചയില്ലാത്തവർ നടക്കുന്ന മാതിരിയിൽ സഞ്ചരിക്കുകയാണിന്നു പലരും അണികളെ ഒന്നടങ്കം വഞ്ചകന്മാർക്കു കാണിക്ക വെച്ച് സ്വാർത്ഥാനുകൂല്യങ്ങളും അധികാരക്കസേരകളും മോഹിക്കുന്ന നേതാക്കളാൽ ഈ സമുദായം വഞ്ചിക്കപ്പെടുന്നു. വീണ്ടും വീണ്ടും.
അല്ലാഹു നൽകിയ വിവേകം, കാഴ്ചപ്പാട് ഒരു സൗഭാഗ്യമാണ്. ആ സൗഭാഗ്യം ലഭിച്ച പ്രവാചകർ ജനങ്ങളിൽ നീതിയനുസരിച്ച് വിധി കൽപിച്ചിട്ടുണ്ട്. ഒരൊറ്റ വഞ്ചകന്മാർക്കും ഒത്താശ ചെയ്തിട്ടില്ല. സ്വന്തക്കാർക്കു പോലും. സത്യസന്ധമായ വെളിച്ചത്തിന്റെ വെളിച്ചമായ വിശുദ്ധ ഖുർആൻ നമുക്കുണ്ട്. യാതൊരു വഞ്ചകന്മാർക്കും നാം കൂട്ടുനിൽക്കേണ്ട ആവശ്യമില്ല. ചതിക്കപ്പെട്ടെങ്കിൽ തിരിച്ചറിയുക തന്നെ വേണം. അല്ലാഹു കാരുണ്യവാനും പാപം പൊറുക്കുന്നവനുമായതിനാൽ പശ്ചാത്തപിക്കാം. ആത്മവഞ്ചന നടത്തിക്കൊണ്ടേയിരിക്കുന്ന, ദുഷ്ടതയും അഹങ്കാരവും ഹൃദയത്തിൽ മുദ്ര കുത്തിപ്പോയ, അത് അലങ്കാരമായി കൊണ്ടുനടക്കുന്നവർക്ക് ഓശാന പാടുന്നവർ എത്ര വലിയവരായാലും അവർ സമുദായവഞ്ചകരാകുന്നു. അത്തരം വഞ്ചകരെ പടിക്കു പുറത്താക്കാൻ കഴിയാത്തവർ നിസ്സഹായരായി കാഴ്ചക്കാരായി നിൽക്കുന്നത് വഞ്ചകന്മാർക്കു കൂട്ടുനിൽക്കലാകുന്നു. മേൽപറഞ്ഞ വചനങ്ങൾ മനസ്സിരുത്തി ഒരാവർത്തി വായിക്കുക. അതിലെ വെളിച്ചം ഹൃദയത്തെ തുറക്കാൻ കാരണമാകും. അല്ലാഹുവിനോട് അതിന്നുപേക്ഷിക്കുന്നു. നാഥാ നിൻ പ്രഭയാലെന്നെ നേർവഴിയിൽ ചേർക്കേണമേ.
തിരുമൊഴിപ്പൊരുൾ
നിദാഉർറഹ്മാൻ വി.ടി
മീ - റ്റൂ എന്ന അപമാനവൽക്കരണം
عن أبي برْزَةَ الأسْلَمِي قَالَ: قَالَ رَسُولُ اللهِ ﷺ يَا مَعْشَرَ
مَنْ آمَنَ بِلِسَانِهِ وَلَمْ يَدْخُلُ الاِيمَانُ قَلْبَهُ لاَ
تَغْتَابُوا الْمُسْلِمِينَ وَلاَ تَتَّبِعُوا عَوْ رَاتِهِمْ فَإِنَّهُ
مَنْ اَتَّبَعَ عَوْرَاتِهِمْ يَتَّبِعُ اللهُ عَوْرَتَهُ وَمَنْ
يَتَّبِعِ اللهُ عَوْرَتَهُ يَفْضَحُهُ فِي بَيْتِهِ (أحمد, أبوداود).
"അബൂബർസതൽ അസ്‌ലമി(റ) പറയുന്നു. നബി(സ) പറഞ്ഞു. നാവുകൊണ്ട് വിശ്വസിക്കുകയും
എന്നാൽ ഹൃദയത്തിലേക്ക് വിശ്വാസം കടക്കാതിരിക്കുകയും ചെയ്തവരേ,
മുസ്ലിംകളെക്കുറിച്ച് പരദൂഷണം പറയാതിരിക്കൂ. സ്വകാര്യതയുടെ പിറകെ ഒരിക്കലും
പോകരുത്. സ്വകാര്യതയുടെ പുറകെ പോകുന്നവരാരോ അവരുടെ പരമരഹസ്യങ്ങളെ അല്ലാഹു
പിന്തുടരും. ആരുടെയെങ്കിലും സ്വകാര്യ രഹസ്യങ്ങളെ അല്ലാഹു പിന്തുടരാൻ
തുടങ്ങിയാൽ പിന്നെ, അവന്റെ വീട്ടിൽ അവനിരിക്കെത്തന്നെ അല്ലാഹു അവനെ
വഷളാക്കിക്കളയും." (അഹ്മദ്, അബൂദാവൂദ്)
മീ റ്റൂ എന്ന അത്യന്ത്യം അപമാനകരമായ ഏർപ്പാടിനു പിന്നിലാണിന്ന് എല്ലാവരും. രണ്ടുപേർക്കിടയിൽ എന്നോ നടന്നുപോയ ഏതോ ചില രഹസ്യങ്ങൾ നട്ടുച്ചക്ക് നടുറോഡിൽ വിളിച്ചുകൂവുക. ധാർമ്മികതയുടെയും മാന്യതയുടെയും ഒരു മറ ഏതൊരു മനുഷ്യനിലുമുണ്ടാകും. അതു പൊളിച്ച് അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാക്കുന്ന ക്രൂരവിനോദമാണിന്ന് അരങ്ങേറുന്നത്. അത് വിളിച്ചു പറയുന്നതിലും കേട്ടാസ്വദിക്കുന്നതിലും വാർത്തയാക്കി പ്രചരിപ്പിക്കുന്നതിലും അവ കേസ്സാക്കി അനേകം പേരെ അപമാനിക്കുകയും ചെയ്യുന്ന ജുഗുപ്സാവഹമായ നടപടികൾ. മനുഷ്യാ, ലജ്ജയില്ലെങ്കിൽ നിനക്കു എന്തുമാകാം എന്ന് പ്രവാചകൻ പറഞ്ഞത് എത്ര ശരിയാണ്!
മനുഷ്യരാണ് നാം. മാലാഖമാരല്ല. തെറ്റുകൾ സംഭവിക്കും. പിന്നീട് ഖേദിക്കും. വിശ്വാസികൾക്ക് പാപഭാരം ഇറക്കിവെക്കാൻ അത്താണിയുണ്ട്. നന്മ തിന്മകളുടെ മിശ്രിത ജീവിതമാണ് മനുഷ്യരുടേത്.പാപം/ തെറ്റുകുറ്റങ്ങൾ ചെയ്യാത്തതായി മനുഷ്യരിലാരുമില്ല. അത് പരസ്പരം അറിയുന്നവരുമുണ്ടാകും. ഒരാളുടെ സ്വകാര്യത/ രഹസ്യങ്ങൾ അറിയുന്നവർ അത് കൊട്ടിപ്പാടി നടക്കുന്നത് വലിയ പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. മനുഷ്യാവകാശ ലംഘനമാണ് ഒരാളുടെ രഹസ്യം പരസ്യപ്പെടുത്തൽ. അതിക്രമത്തിനും വിധേയമാക്കപ്പെട്ടാൽ അക്രമിയുടെ തെറ്റ് ചൂണ്ടിക്കാണിക്കാൻ അനുമതിയുണ്ടെങ്കിലും അപ്പോഴും തന്റെ സഹോദരന്റെ രഹസ്യം സൂക്ഷിക്കലാണ് മനുഷ്യത്വം. അന്തസ്സ്. ഉയർന്ന നീതിബോധം.
ലോകമിന്ന് കാപട്യത്താൽ നിറഞ്ഞിരിക്കുന്നു. ഹൃദയത്തിൽ വിശ്വാസം കയറിയിട്ടില്ലാത്തവർ നാവുകൊണ്ട് വിശ്വാസികളായി അഭിനയിക്കുന്നു. അവരെയാണ് പ്രവാചകൻ ഇവിടെ അഭിസംബോധന ചെയ്യുന്നത്. മുസ്ലിംകളെക്കുറിച്ച് ഒരിക്കലും പരദൂഷണം പറയരുത്. രഹസ്യങ്ങൾ ചുഴിഞ്ഞറിഞ്ഞ് പരസ്യപ്പെടുത്തരുത്. താൻ ചെയ്ത തിന്മ തന്റെ റബ്ബിനോട് പശ്ചാത്തപിച്ചാൽ അല്ലാഹു പൊറുത്തിട്ടുണ്ടാകും. എന്നാൽ ആ പാപത്തെക്കുറിച്ചറിയുന്ന മറ്റവൾ ആ രഹസ്യം അന്യരുടെ ശ്രദ്ധയിൽ പെടുത്തിയാൽ അവൻ തന്നെയാണ് പാപിയായി മാറുക. അല്ലാഹു അവന്റെ കാരുണ്യത്താൽ തന്നെയാണ് ഒരാളുടെ രഹസ്യങ്ങൾ പുറത്താവാതെ കാത്തുസൂക്ഷിക്കുന്നത്. ഏതൊരുവന്റെ രഹസ്യം വിഴുപ്പലക്കാൻ അല്ലാഹു അവസരമേകിയാൽ അത് ആർക്കും തടുക്കാനാകില്ല. എന്റെ സഹോദരന്റെ രഹസ്യങ്ങൾ പുറത്തിട്ട് അപമാനിച്ചാൽ തന്റെ രഹസ്യങ്ങൾ അല്ലാഹു ഒരു നാൾ പുറത്തെറിയും. അവൻ അപമാനിതനായതിനേക്കാൾ ക്രൂരമായി ഇവൻ അപമാനിതനാകും. തന്റെ രഹസ്യങ്ങൾ രഹസ്യങ്ങളറിയുന്ന അല്ലാഹുവിനോട് മാത്രം പങ്കുവെക്കുക. പൊറുക്കാൻ പ്രാർത്ഥിക്കുക. അതാണ് വിശ്വാസികൾ ചെയ്യേണ്ടത്. മാമോദിസയും കുമ്പസാരവും ഇസ്ലാമിലില്ല. മ്ലേഛമാണവ. അതിന്റെ ദുരന്തം ഇന്ന് ലോകം അറിഞ്ഞുവല്ലോ.
"ദൈവം ആദരിച്ചതിനെ ബഹുമാനിക്കുന്നവനാണ് ദൈവദാസന്മാരിൽ ഏറ്റവും നന്മയുറ്റവൻ." (വി.ഖു. അൽഹജ്ജ് 30). "അല്ലാഹുവിന്റെ ആദരണീയ ചിഹ്നങ്ങൾ ബഹുമാനിക്കലാണ് ഹൃദയത്തിലെ ധാർമ്മിക മൂല്യം." (വി.ഖു. അൽഹജ്ജ് 32). "വിശ്വാസികൾ പരസ്പരം ഒരു കെട്ടിടം പോലെയായിരിക്കണം. ഓരോ ഭാഗവും മറ്റേഭാഗത്തെ ശക്തിപ്പെടുത്തിരിക്കുമല്ലോ." (ബുഖാരി, മുസ്ലിം). "ഒരാളുടെ രഹസ്യം മറച്ചുവെച്ചാൽ അവന്റെ സ്വകാര്യത പരലോകത്ത് അല്ലാഹു മറച്ചുവെക്കും." (ബുഖാരി, മുസ്ലിം). "വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. വഞ്ചിക്കുകയില്ല. ചതിക്കുകയില്ല. നിന്ദിക്കുകയില്ല. മുസ്ലിംകൾ പ്രത്യേകിച്ചും മറ്റൊരു മുസ്ലിമിന്റെ അഭിമാനവും ധനവും രക്തവും പവിത്രമായി കാത്തുകൊള്ളണം. ഹൃദയത്തിലാണ് ധർമ്മബോധം. ഒരാൾ സ്വന്തം മുസ്ലിം സഹോദരനെ അപമാനിക്കൽ മാത്രം മതി ഏറ്റവും വലിയ കുറ്റമാകാൻ." (തുർമുദി). "നിശ്ചയം വിശ്വാസികൾക്കിടയിൽ തെമ്മാടിത്തങ്ങൾ പ്രചരിപ്പിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഹത്തിലും പരത്തിലും കടുത്ത ശിക്ഷയുണ്ടായിരിക്കും." (വി.ഖു. അന്നൂർ 19). "ഒരിക്കൽ നബി(സ) പറഞ്ഞു: എന്റെ അനുയായികളെല്ലാം ആശ്വാസദായകമാണ്. രഹസ്യം വിളിച്ചുകൂവുന്നവരൊഴികെ. രാത്രിയിൽ അവൻ എന്തെങ്കിലും തിന്മ ചെയ്തിട്ടുണ്ടാകും. നേരം വെളുത്താൽ അവൻ ചെയ്ത തിന്മ അവൻ തന്നെ വിളിച്ചു പറയും. ഞാനിന്നലെ രാത്രിയിൽ അതു ചെയ്തു. ഇതു ചെയ്തു. യഥാർത്ഥത്തിൽ അവന്റെ രക്ഷിതാവായ അല്ലാഹു അത് മറച്ചുവെച്ചതായിരുന്നു. എന്നിട്ട് അല്ലാഹു മറച്ചുവെച്ച രഹസ്യം അവനിതാ പരസ്യമാക്കിയിരിക്കുന്നു. എത്ര മ്ലേഛൻ!" (ബുഖാരി, മുസ്ലിം). "ഒരടിമ സ്ത്രീ വ്യഭിചരിച്ചു തെളിവുകളെല്ലാം വ്യക്തമായി. അവൾക്ക് പ്രഹരശിക്ഷ നൽകുക. മറ്റൊരു പ്രതികാരവുമെടുക്കരുത്. വീണ്ടും അവൾ വ്യഭിചരിച്ചു തെളിഞ്ഞാൽ വീണ്ടും അവളെ പ്രഹരശിക്ഷ നൽകി വെറുതെ വിടുക. മൂന്നാമതും അവൾ വ്യഭിചരിച്ചാൽ അവളെ വിറകിനു കിട്ടുന്ന വളരെ കുറഞ്ഞ വിലക്കായാലും വിറ്റേക്കുക." (ബുഖാരി, മുസ്ലിം). മനുഷ്യസമൂഹത്തിന്റെ ധാർമ്മിക നിലവാരവും അന്തസ്സും കാത്തുരക്ഷിക്കാൻ മ്ലേഛവാർത്തകളും അവിഹിത കാര്യങ്ങളും പ്രചരിക്കപ്പെടാൻ പാടില്ല. പരസ്യമായി ചെയ്യപ്പെടുന്ന തിന്മകൾ തടയപ്പെടുകയും തെളിയിക്കപ്പെട്ടാൽ ഭരണാധിപന്മാർ യുക്തമായ ശിക്ഷാ നടപടികൾ അതാതു സമയം നൽകുകയും ചെയ്യണം. വ്യക്തിഹത്യ നടത്താനും മാന്യന്മാരെ അപമാനിക്കാനും പ്രതികാരം തീർക്കാനും വിദ്വേഷം പുലർത്താനും സ്വവിശുദ്ധിയിൽ അഭിമാനം കൊള്ളാനുമൊക്കെയാണിന്ന് രണ്ടുപേർക്കിടയിൽ നടന്ന പഴയ രഹസ്യങ്ങൾ അതിലൊരാൾ പുറത്തിട്ട് വിഴുപ്പലക്കുന്നത്. അഭിമാനകരമായൊരു സമൂഹത്തിൽ കനത്ത അരാചകത്വം സൃഷ്ടിക്കാൻ മാത്രമേ അത് ഉപകരിക്കൂ. അതുകൊണ്ട് വിശ്വാസികൾ ഇത്തരം അപമാനവൽക്കരണ പ്രക്രിയകളിൽ പങ്കാളികളാകാതിരിക്കുക. ഏതു പാപവും പൊറുക്കാൻ സദാസന്നദ്ധനായ അല്ലാഹുവിലേക്ക് എല്ലാവരും പശ്ചാത്തപിച്ചു മടങ്ങുക.
No comments:
Post a Comment