Thursday, 13 December 2018

Part 3- Alfanar Sl No 41, E-Edition Vol 1 2018 Dec - Jan 2019

     ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയിൽ അണിചേരാം

അസ്സലാമു അലൈക്കും,
ഹിജ്റ കലണ്ടറിന്റെ മാനദണ്ഡങ്ങളും അതിന്റെ പ്രബോധക പ്രവർത്തനങ്ങളിൽ അംഗമാകാനുള്ള നിബന്ധനകളും.
1) ഹിജ്റ കലണ്ടർ, ഇസ്ലാമിക് കലണ്ടർ, ചന്ദ്ര മാസകലണ്ടർ, ലൂണാർ കലണ്ടർ എന്നീ പേരുകളിലറിയപ്പെടുന്ന കലണ്ടറിന്റെ യഥാർത്ഥ തുടക്കം അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് മുതൽ തന്നെയാണ്, ഇതിന് ആധാരം ഖുർആൻ 9:36, 37 വചനങ്ങളാണ്. ഈ കലണ്ടറിൽ 12 മാസങ്ങളാണ് എന്നും ഇതിന്റെ തുടക്കം പ്രപഞ്ചാരഭം മുതൽക്കാണ് എന്നും ഈ വചനങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട് കഴിഞ്ഞു.
2) നിലവിൽ ഈ 12 മാസങ്ങൾ അറബി ഭാഷയിൽ അറിയപ്പെടുന്ന മുഹറം, സഫർ, റബി ഉൽ അവ്വൽ, റബീഉൽ ആഖർ, ജമാദുൽ അവ്വൽ, ജമാദുൽ ആഖിർ, റജബ്, ശഅബാൻ, റമദാൻ, ശവ്വാൽ, ദുൽഖഅ്ദ, ദുൽഹിജ്ജ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
അതിൽ നാല് മാസങ്ങൾ വിശുദ്ധമായ യുദ്ധം വിലക്കപ്പെട്ട മാസങ്ങളാണ്. ഈ മാസങ്ങൾ ലോകത്തിന്നാകമാനം ഒരു പോലെ ബാധകമാണ്.
ഇതിൽ തുടർച്ചയായ മൂന്ന് മാസങ്ങൾ ഹജ്ജിന്റെ മാസങ്ങളായാണ് അറിയപ്പെടുന്നത്. അതിനാൽ ഈ മാസങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടത് മനുഷ്യർക്ക് നിർബന്ധമാണ്,
3) മാസങ്ങളെ കൃത്യമായി വേർതിരിച്ചറിയാൻ അതിലെ തീയതികൾ അറിഞ്ഞിരിക്കേണ്ടതും നിർബന്ധമാണ്. അതിലേക്ക് കൃത്യമായി വിരൽ ചൂണ്ടുന്നതാണ് ഖുർആൻ വചനം 2: 189.
"ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ (അഹില്ല) മനുഷ്യർക്ക് തിയതിളാണ്. ഹജ്ജിന്റെ കാലം നിർണയിക്കാനുമുള്ളതാകുന്നു. അതിനാൽ മാസം തിരിച്ചറിയാൻ അഹില്ലത്തിന് പ്രധാന പങ്കുണ്ട് എന്ന് മനസ്സിലാക്കാം.
4) ഈ കലണ്ടർ എങ്ങനെയാണ് പ്രപഞ്ചത്തിൽ സംവിധാനിച്ചിരിക്കുന്നത് എന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഖുർആൻ 10:5 എന്ന വചനത്തിൽ വിവരിക്കുന്നുണ്ട്. സുര്യനെ പ്രകാശത്തിന്റെ സ്രോതസ്സാക്കുകയും ചന്ദ്രനെ പ്രകാശം പ്രതിഫലിപ്പിക്കുന്ന താക്കുകയും ചെയ്തതു കൊണ്ടാണ് ചന്ദ്രന്റെ മൻസിലുകളും അതിന്റെ വൃദ്ധിക്ഷയങ്ങളും നമ്മുക്ക് കാണാൻ സാധിക്കുന്നത്,
സൂര്യപ്രകാശം ചന്ദനിൽ പതിച്ച് പ്രതിഫലിക്കുന്നത്കൊണ്ടാണ് ചന്ദ്രനെ നാം കാണുന്നത്. അത് മൂലം വർഷങ്ങളുടെ എണ്ണവും കണക്കും നമുക്ക് ലഭിക്കുന്നുവെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുന്നു.
5) 'മൻസിൽ' എന്നാൽ ഓരോ ദിവസത്തിലെയും ചന്ദ്രന്റെ ഭ്രമണപഥവും 'അഹില്ലത്ത്' എന്നാൽ ഓരോ ദിവസവും നാം കാണുന്ന ചന്ദ്രന്റെ രൂപവുമാണ്,
6) അല്ലാഹു നിർണയിച്ച മൻസിലുകളിലൂടെ ചന്ദ്രൻ അതിന്റെ തിയതികൾ ( അഹില്ല) ഭൂമി യിലുള്ളവർക്ക് ഗോചരമാക്കി കൊണ്ട് ഒരു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്നതാണ് ഒരു മാസം .
(സുര്യനെ ആധാരമാക്കിയാണ് ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത്. ഭൂമിയിലുള്ളവർക്ക് അവരുടെ തീയതി കാണിച്ച് കൊടുക്കാൻ ചന്ദ്രനെ സഹായിക്കുന്നതും സൂര്യൻ തന്നെയാണ്.)
7) ഹിജ്റ കലണ്ടറിൽ ഒന്നാമത്തെ ദിവസത്തെ കോളത്തിൽ ഒന്നാമത്തെകലയുടെ ഇമേജ് കൊടുത്തിരിക്കുന്നു. ഇതിന് കാരണം ഒന്നാമത്തെ ദിവസം ഭൂമിയിലെ വിടെയെങ്കിലും ഒന്നാമത്തെ കല പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് കൊണ്ടാണ്.
8) തുടർന്നുള്ള ഓരോ കോളങ്ങളിലും അതാത് ദിവസത്തിന്റെ തിയതികൾ കാണിക്കുന്ന ചന്ദ്രക്കലകൾ കൊടുത്തരിക്കുന്നത് കാണാം. ഇതെല്ലാം പരസ്പരം വ്യത്യസ്തമായിരിക്കുന്നു എന്നത് കൊണ്ടാണ് ഓരോ കലയും വ്യത്യസ്ത തീയതികളെ പ്രതിനിധീകരിക്കുന്നത്.
9) ചന്ദ മാസത്തിന്റെ ഒന്നു മുതൽ മാസമദ്ധ്യം വരെയുള്ളത് വളരുന്ന കലകളും മദ്ധ്യം മുതൽ മാസവസാനം വരെയുള്ളത് (ഉർജൂനുൽ ഖദീം) ക്ഷയിക്കുന്നതുമായിരിക്കും.
പ്രഥമദൃഷ്ട്യാ കലണ്ടറിൽ കാണുന്ന ഇരുപകുതിയിലേയും കലകൾ തമ്മിൽ സാമ്യം തോന്നുമെങ്കിലും സുക്ഷിച്ച് നോക്കിയാൽ അവ വ്യത്യസ്തമാണ് എന്ന് കാണാം, അതിന് കാരണം ആദ്യ പകുതിയിൽ പ്രകാശിതമാകുന്നത് ചന്ദ്രന്റെ പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രണ്ടാം പകുതിയിൽ ചന്ദൻ പ്രകാശം പ്രതിഫലിപ്പിക്കുന്നത് അതിന്റെ കിഴക്ക് ഭാഗത്താണ്.
10) ചന്ദ്രമാസം അവസാനിക്കുന്നത് ചന്ദ്രൻ പൂർണ്ണമായും ഭൂമിയോട് മറയുന്ന ദിവസത്തോടെയാണ്. അക്ഷരാർത്ഥത്തിൽ തന്നെ ഭുമിയിലുള്ളവർക്ക് ഒരു നിലക്കും ചന്ദ്രനെ കാണാൻ പറ്റാത്ത അവസ്ഥയാണിത്. ഈ ദിവസത്തിൽ മാസത്തെ പൂർത്തീകരിക്കുകയാണ് ചെയ്യേണ്ടത്.
അല്ലാഹു ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ മനുഷ്യർക്ക് തീയതികളായി സംവിധാനിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് നിങ്ങൾ നോമ്പിൽ പ്രവേശിക്കുകയും അതിനെ നിരീക്ഷിച്ച് കൊണ്ട് തന്നെ നോമ്പവസാനിപിക്കുകയും ചെയ്യണമെന്നും ആ വൃദ്ധിക്ഷയങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയാതെയായാൽ ആ മാസത്തിന്റെ എണ്ണം കണക്കു കൂട്ടി പൂർത്തികരിക്കുകയും ചെയ്യണമെന്നാണ് നബി അക്കാലത്തുള്ളവരോട് കൽപിച്ചത്.
ഇന്ന് ഗോളശാസ്ത്ര ജ്ഞാന പ്രകാരം അമാവാസി (ന്യൂമൂൺ) ദിവസം മാസാവസാന ദിവസമായിത്തന്നെയാണ് നമുക്ക് മനസ്സിലായിട്ടുള്ളത്. അത് ലൂണാർ കലണ്ടർ വ്യവസ്ഥയെ എളുപ്പമാക്കിയിരിക്കുന്നു.
മേൽ പറയപ്പെട്ട കാര്യങ്ങൾ അംഗീകരിച്ച് കൊണ്ട് മാത്രമെ പ്രപഞ്ചത്തിൽ സംവിധാനിക്കപ്പെട്ടിരിക്കുന്ന ചന്ദ്രമാസ കലണ്ടറിനെ മനസ്സിലാക്കാൻ സാധിക്കയുള്ളൂ. തദടിസ്ഥാനത്തിലാണ് ഹിജ്റ കമ്മിറ്റി ഓഫ് ഇന്ത്യ എല്ലാ വർഷവും കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. ഈ സംരഭത്തിന്റെ പ്രവർത്തനം ലോകവ്യാപകമാക്കുന്നതിന് വേണ്ടി ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്.
മേൽ പറയപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചു കൊണ്ട് ഈ സംരഭത്തിൽ ഏതൊരാൾക്കും അംഗമാകാവുന്നതാണ്. അതിന് താൽപര്യമുള്ള ആളുകൾ സ്വമേധയാ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡോ. കോയക്കുട്ടി ഫാറൂഖി


ചന്ദ്രനെ പേടിക്കുന്നവർ!
അബ്ദുശുക്കൂർ തളത്തിൽ

നഗ്‌ന നേത്രങ്ങൾ കൊണ്ട് അസ്തമയ ചന്ദ്രനെ കണ്ടു് പുതിയ മാസമുറപ്പിക്കുന്നവർ യഥാർഥ വിഷയത്തെ നേരിടാൻ ഭയമുള്ളവരാണ്.
1.മനുഷ്യനു കാലനിർണയം നടത്താൻ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും സ്ഥാനങ്ങളും അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിൽ ഒരു സംവിധാനമുണ്ട്.
2. അത് 12 മാസങ്ങളടങ്ങിയ ഒരു യൂണിറ്റിന്റെ (വർഷം) ആവർത്തനങ്ങളാണ്.
3. മനുഷ്യന്റെ യാതൊരു വിധ തീരുമാനങ്ങൾക്കും സ്വാധീനിക്കാൻ കഴിയാത്ത , അല്ലാഹുവിന്റെ പ്രപഞ്ച സംവിധാനത്തിന്റെ ഭാഗമാണത്.
4. മുഹമ്മദിയ ശരീഅതിന് മുമ്പ് തന്നെ ആ സംവിധാനത്തെ അല്ലാഹു അവന്റെ ദീൻ വ്യവസ്ഥയുടെ ഭാഗമാക്കിയിട്ടുണ്ട്.
5. നിലവിലുണ്ടായിരുന്ന മുഹർറം മുതൽ ദുൽഹിജ്ജ വരെ എണ്ണിക്കണക്കാക്കിയ 12 മാസങ്ങൾ ആണ് അത് എന്ന് മുസ്ലിം ലോകം അഭിപ്രായ ഭിന്നതയില്ലാതെ അംഗീകരിക്കേണ്ടതാണ്.
6. മാനുഷികമായ സകല ഇടപാടുകളിലും , വിശിഷ്യാ മുസ്ലിംകൾ അവരുടെ ആരാധനാ സംബന്ധിയായ സന്ദർഭങ്ങളിലും നിർബന്ധമായും പരിഗണിക്കേണ്ടത് ഈ തിയ്യതി സമ്പ്രദായത്തെയാണ്.
7 . മുസ്ലിംകളുടെ ഭാഗത്ത് നിന്ന് അതിൽ ഇടപെടലുകൾ നടത്തൽ അവരുടെ വിശ്വാസ നാശത്തിന് കാരണമാകുന്നതാണ്.
8. നബി (സ) അവിടുത്തെ ലൗകികവും ആരാധനാപരവുമായ മുഴുവൻ സന്ദർഭത്തിലും തിയ്യതി ആവശ്യമായി വന്നപ്പോൾ ഇത് മാത്രമാണ് അവലംബിച്ചത്.
9. ഈ കാലഗണനയിൽ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളോടും സ്ഥാനങ്ങളോടും (മൻസിൽ ) ഒത്തു വന്നില്ലെന്ന കാരണത്താൽ ജുത രീതിയെ നബി (സ) നിരാകരിച്ചു.
10. നബി(സ) ഓരോ മാസവും 29 ന്റെതാണോ 30 ന്റെതാണോ എന്ന് നേരത്തെ തന്നെ മനസിലാക്കി വെക്കാൻ പരിശീലിപ്പിച്ചിരുന്നു.
11. റമദാൻ, ശവ്വാൽ, ദുൽഹിജ്ജ മാസങ്ങളെ മാത്രം പ്രത്യേകം പരിഗണിക്കുന്ന രീതി പ്രവാചക ചര്യയിൽ ഉണ്ടായിരുന്നില്ല.
12. റജബ്, ദുൽഖഅദ, ദുൽഹിജ്ജ , മുഹർറം എന്നീ നാല് മാസങ്ങളാണ് സവിശേഷ പരിഗണനയുള്ള മാസങ്ങളായി ഖുർആൻ സൂചിപ്പിച്ചതും, നബി (സ) ആചരിച്ചതും
13. റമദാനിനെ ഖുർആനിന്റെ അവതരണ മാസമായി നിർണയിക്കയും നോമ്പ് ആചരിക്കാൻ ആ മാസം നിശ്ചയിക്കപ്പെടുകയും ചെയ്തപ്പോൾ , അതിനെ കാല ഗണനയുടെ ഭാഗമായി തന്നെ മനസിലാക്കി യഥാവിധം ആരംഭിക്കുവാനും അവസാനിപ്പിക്കുവാനും നബി (സ) കൽപിച്ചു. അതിന് മാത്രമായി ഒരു പ്രത്യേക നിർണയ രീതിയും അവിടുന്നു് സ്വീകരിച്ചില്ല.
14. മാസം എന്നത് 29/30 ദിവസങ്ങളടങ്ങിയ യൂണിറ്റുകളാണ് എന്നു് പഠിപ്പിക്കുക വഴി 28/31 ദിവസങ്ങളടങ്ങിയ മാസങ്ങളുള്ള സകല തിയ്യതി സമ്പ്രദായങ്ങളും പ്രവാചക രീതിക്ക് പുറത്തുള്ളതും മുസ്ലിംകൾ നിരാകരിക്കേണ്ടെതുമായി.
15. ദിവസം എന്ന യൂണിറ്റിനെ സൂര്യാസ്തമയത്തോടെ ആരംഭിക്കുന്ന പ്രകൃതി വിരുദ്ധ സമ്പ്രദായം നബി (സ) നിരാകരിച്ചു.
16. ദിവസം പ്രഭാത ഉദയത്തോടെയാണെന്ന് സ്ഥാപിക്കുന്ന രീതിയിൽ നബി(സ) അവിടുത്തെ ദിനചര്യകളെ ക്രമപ്പെടുത്തി.
17. മുസ്ലിം ഉമ്മയും മനുഷ്യ കുലവും വിചാരിച്ചാൽ ഈ സത്യങ്ങളെ മായ്ച്ചുകളയാനാവില്ല.
18. ഈ പ്രസ്താവനകളെ അസത്യമെന്ന് സ്ഥാപിക്കുന്ന ഒരു ആയത്തോ ഹദീസോ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് മുസ്ലിം ലോകത്തോടു് വിനയപൂർവ്വം ആവശ്യപ്പെടുന്നു.


ചരിതം
ആരാണ് യസീദികൾ?
മൻസൂർ കുഞ്ചിറയിൽ പനമ്പാട്

യസീദികളുടെ ഉത്ഭവം എങ്ങനെയാണ്? അവരുടെ വിശ്വാസവും ആചാരവും എന്തെല്ലാമാണ്? അതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം...
ഉമവീ ഭരണകൂടത്തിന്റെ പതനത്തോടെ ഹിജ്‌റ 132-ല്‍ ഉദയം ചെയ്ത ഒരു വിഭാഗമാണ് യസീദിയ്യ. ബനൂ ഉമയ്യയുടെ പ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായിട്ടായിരുന്നു അതിന്റെ രംഗ പ്രവേശം. യസീദുബ്‌നു മുആവിയയിലേക്ക് ചേര്‍ത്തു കൊണ്ടാണ് ആ പേര് വിളിക്കപ്പെടുന്നത്. കാലക്രമേണ അവര്‍ വഴിതെറ്റുകയും യസീദിനെയും ഇബ്‌ലീസിനെയും മഹത്വവത്കരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ഇറാഖില്‍ കുര്‍ദുകളുടെ പ്രദേശത്താണ് അവര്‍ താമസമാക്കിയത്. മര്‍വാന്‍ രണ്ടാമന്റെ (അദ്ദേഹത്തിന്റെ കാലത്താണ് ഉമവീ ഭരണകൂടം നിലംപതിച്ചത്) മാതാവ് കുര്‍ദുകളില്‍ പെട്ടവളായിരുന്നു എന്നതാണ് അതിന് കാരണം. അവരുടെ മാതൃഭാഷ കുര്‍ദ് ആണെങ്കിലും അറബിയും അവര്‍ സംസാരിച്ചിരുന്നു. വിശേഷിച്ചും ഇറാഖിലുള്ളവര്‍. അവരുടെ ആരാധനാ കര്‍മങ്ങളെല്ലാം കുര്‍ദ് ഭാഷയിലാണ്. മൊസൂള്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി വടക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാലഷ് ആണ് അവരുടെ തീര്‍ഥാടന കേന്ദ്രം. പ്രാചീന മെസൊപ്പെട്ടോമിയൻ മതങ്ങളിൽ പെട്ടതാണ്. യസീദികൾക്ക് അവരുടേതായ സ്വതന്ത്ര സംസ്കാരമുണ്ട്. ഇറാക്കിലെ നീനവേ പ്രവീശ്യയിലാണിവർ കൂടുതലായി താമസിക്കുന്നത്. അർമേനിയ, ജ്യോർജിയ, ടർക്കി, ഇറാൻ, സിറിയ എന്നിവിടങ്ങളിൽ ഇവർ താമസമുണ്ട്. ജർമനിയിലേക്ക് 1990കളിൽ ഇവർ വളരെയധികം പേർ താമസം മാറിയിട്ടുണ്ട്. 1969-ല്‍ ബഗ്ദാദിലെ റശീദ് സ്ട്രീറ്റില്‍ അല്‍മക്തബുല്‍ അമവീ ലിദ്ദഅ്‌വതില്‍ അറബിയ്യ എന്ന പേരില്‍ ഒരു ഓഫീസ് തുറക്കാന്‍ അവര്‍ക്ക് അനുമതി ലഭിച്ചു. അറബ് ഉമവീ ദേശീയതയായിരുന്നു അവരുടെ മുദ്രാവാക്യം.
യസീദി കഥകളുടെ തുടക്കം കുറിക്കുന്നത് മുഹമ്മദ്‌ നബിയുടെ (സ) മരണ ശേഷം (AD 632) ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭരണം ഖലീഫമാരിൽ എത്തിച്ചേർന്നു. സച്ചരിതരായ നാല്‌ ഖലീഫമാരുടെ ഭരണ കാലഘട്ടത്തിൽ (AD 632-661) ഇസ്ലാമിക സാമ്രാജ്യം വളർന്നു. നാലാം ഖലീഫയും മുഹമ്മദ്‌ നബിയുടെ മകളുടെ ഭർത്താവുമായ അലിയുടെ (റ)മരണ (AD 661) ശേഷം, മുസ്ലീം സാമ്രാജ്യ ഭരണ നേതൃത്വത്തിലും കാതലായ മാറ്റം പ്രകടമായി. അലിയുടെ (റ) ഭരണകാലത്തെ ഡമാസ്‌കസ്‌ പ്രവിശ്യാ ഗവർണർ ആയിരുന്ന മുആവിയ ആയിരുന്നു അലിക്ക്‌ (റ) ശേഷം ഭരണത്തിൽ വന്നത്‌. മുആവിയയുടെ (റ) ഭരണ കാലം AD 661 മുതൽ AD 680 വരെ ആയിരുന്നു. അലിയുടെ മക്കളിൽ ഒരാൾ ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ച അലിയുടെ (റ) അനുയായികളിൽ കുറച്ച്‌ പേർ ഇതിൽ അസംതൃപ്തരായിരുന്നു. മുആവിയയുടെ (റ) മരണ ശേഷം അലിയുടെ (റ) മക്കളിൽ ഭരണം എത്തിച്ചേരണമെന്ന് അവർ മുആവിയയുമായി (റ) ഉടമ്പടിയുണ്ടാക്കിയിരുന്നു. പക്ഷേ, മുആവിയയുടെ (റ) മരണ ശേഷം മകൻ യസീദ്‌ സ്വയം ഭരണാധികാരിയായി പ്രഖ്യാപിച്ചത്‌ അവരെ പ്രകോപിക്കുകയുണ്ടായെങ്കിലും ഭരണത്തിലൊന്നും താൽപര്യമില്ലാത്ത അലിയുടെ (റ) മക്കളായ ഹസനും (റ) ഹുസൈനും (റ) ഇതിൽ ഇടപ്പെട്ടില്ല. പക്ഷേ, നജഫ്‌ പ്രവിശ്യയിലെ യസീദിന്റെ ഗവർണർ അവിടെത്തുകാരെ ദ്രോഹിക്കുന്നുവെന്നും അതിൽ ഹുസൈൻ (റ) ഇടപെടണമെന്നും ആവശ്യപ്പെട്ട പ്രകാരം നജഫിലെ കർബലയിൽ (ഇന്നത്തെ ഇറാഖിൽ) എത്തിയ ഹുസൈനെ (റ) യസീദിന്റെ ഗവർണ്ണറുടെ സൈന്യം കർബല (AD 682) എന്ന യുദ്ധത്തിൽ കൊലപ്പെടുത്തുകയുണ്ടായി. കർബലയിൽ ഹുസൈൻ (റ) അടക്കം നബി കുടുംബത്തിലെ പലർക്കും ജീവൻ നഷ്ടമായി. യസീദിന്ന് ഇങ്ങനെയൊരു ആക്രമണ ആസൂത്രണത്തെ പറ്റി അറിവില്ലായിരുന്നു എന്ന് പറയപ്പെടുന്നുവെങ്കിലും യസീദിനെ പലരും വെറുക്കപ്പെട്ടവനായി കരുതി വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ യസീദിന്നെതിരെ ശപിക്കുന്ന പതിവ്‌ അക്കാലത്തുണ്ടായി. കർബല യുദ്ധത്തിന്നു ശേഷം ഏറെ കഴിയും മുന്പ് മുപ്പത്തിയാറാം വയസ്സിൽ 3 വർഷത്തെ ഭരണത്തിന്ന് ശേഷം യസീദ് മരണത്തിന്നു കീഴടങ്ങി. കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ട യസീദിനെ സ്വന്തം കുതിര തന്നെ കൊല്ലുകയാണ് ഉണ്ടായത്. യസീദിന്റെ ഭരണ കാലം AD 680 - 683. പിന്നീട്‌ വളരെ പെട്ടെന്ന് തന്നെ മുആവിയ കുടുംബത്തിൽ നിന്ന് മർവാൻ കുടുംബത്തിലേക്ക്‌ ഭരണം മാറുകയുണ്ടായി.
ഉമവീ ഭരണകൂടത്തിന്റെ പതനത്തോടെ AD 749 ൽ രൂപംകൊണ്ട ഒരു സമുദായ വിഭാഗമാണ്‌ യസീദികൾ. ഉമ്മയ്യ ഭരണകൂടത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി ചില അനുകൂലികൾ തുടങ്ങിവെച്ച ഒരു വിമത ഐക്യം മാത്രമായിരുന്നു ആദ്യ കാലത്തിത്. മുആവിയയുടെ (റ) മകൻ യസീദിന്റെ ഖുർദ്ദുകാരിയായ ഭാര്യയുടെ നാട്ടുകാരാണ്‌ ഇങ്ങനെ വിമത ഐക്യം ആദ്യമുണ്ടാക്കിയത്‌. രണ്ടാം ഉമയദ്‌ ഭരണാധികാരിയായ യസീദ്‌ ഇബ്ൻ മുആവിയയോട്‌ ചേര്‍ത്തുകൊണ്ടാണ് യസീദുകൾ എന്ന് വിളിക്കപ്പെടുന്നത്. കാലക്രമേണ അവര്‍ ഇസ്ലാമിക ആശയത്തിൽ നിന്ന് വഴിതെറ്റുകയും യസീദിനെയും സാത്താനെയും ആരാധിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ യസീദിനെ ശപിക്കുന്നത് വലിയ അപരാധമായി അവർ പ്രഖ്യാപിച്ചു. പിന്നീട് ആരെയും ശപിക്കാന്‍ പാടില്ലെന്നും ശാപം തന്നെ പാപമാണെന്നും വിധിച്ചു. എന്നാല്‍ ഖുര്‍ആനില്‍ ശൈതാനെ ശപിക്കുന്ന ഭാഗം അവര്‍ക്ക് വിനയായി. അതു മറികടക്കാന്‍ ഖുര്‍ആനിലെ അത്തരം പരാമര്‍ശങ്ങളെല്ലാം അവര്‍ മായ്ച്ചു കളഞ്ഞു. അതൊന്നും ഖുര്‍ആനില്‍ ഉണ്ടായിരുന്നില്ലെന്നും പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ആണെന്നുമായിരുന്നു അവരുടെ വാദം. തുടര്‍ന്ന് അവര്‍ സാത്താനെ വിശുദ്ധനായി വാഴ്‌ത്തി അതിന് കാരണമായി അവര്‍ പറയുന്നത് സാത്താൻ ആദമിന് സുജൂദ് ചെയ്തില്ല അല്ലാഹുവല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യാന്‍ പാടില്ല എന്ന കല്‍പന മലക്കുകള്‍ മറന്നപ്പോള്‍ അത് വിസ്മരിക്കാതെ നിന്ന സാത്താനാണ്‌ ആദ്യത്തെ ഏകദൈവ വിശ്വാസി. 'ത്വാവൂസുല്‍ മലാഇക' എന്നാണ് അവര്‍ സാത്താനെ പരിചയപ്പെടുത്തുന്നത്. ചെമ്പ് കൊണ്ടുള്ള ഒരു നീല നിറമുള്ള മയിലിന്റെ രൂപമാണത്. ഈ മയിലാണ് യസീദികളുടെ മത ചിഹ്നം. ഇറാഖില്‍ കുര്‍ദുകളുടെ പ്രദേശത്താണ് അവര്‍ താമസമാക്കിയത്‌. അവരുടെ ആരാധനാകര്‍മങ്ങളെല്ലാം കുര്‍ദ് ഭാഷയിലാണ്.
അവരുടെ ചില വിശ്വാസങ്ങൾ :-
1.അവരുടെ ശഹാദത്ത്: "അശ്ഹദു വാഹിദുല്ലാഹ്, സുല്‍ത്വാന്‍ യസീദ് ഹബീബുല്ലാഹ്" എന്നതാണ് അവരുടെ സാക്ഷ്യവചനം.
2. അവരുടെ നമസ്‌കാരം: ശഅ്ബാൻ 15ന് രാത്രിയില്‍ അവര്‍ നമസ്‌കരിക്കുന്നു. ഒരു വര്‍ഷത്തെ നമസ്‌കാരത്തിന്ന് തുല്യമാണ് അതെന്നാണ് വാദം.
3. അവരുടെ നോമ്പ്: ഓരോ വര്‍ഷവും ഡിസംബറില്‍ മൂന്ന് നോമ്പനുഷ്ഠിക്കുന്നു. യസീദുബ്‌നു മുആവിയയുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിയാണത്. അതേസമയം ഐഛികമായി കൂടുതല്‍ നോമ്പനുഷ്ഠിക്കാം.
4. അവരുടെ സകാത്തിന്റെ രീതി: മയിലിന്റെ രൂപം ഉപയോഗിച്ച് പിരിച്ചെടുക്കുന്ന പണം നേതാക്കള്‍ക്ക് നല്‍കുന്നു.
5. അവരുടെ ഹജ്ജ് ഇറാഖിലെ ലാലഷിലാണ് (മൊസോളിൽ നിന്ന് 60 കി മി). അവിടെയുള്ള മലയും നീരുറവയും അറഫക്കും സംസമിനും പകരമായി അവര്‍ കാണുന്നു. ഓരോ വര്‍ഷവും ദുല്‍ഹജ്ജ് പത്തിന് ലാലഷിലെത്തി അവിടെ അറഫാ മല എന്ന് അവര്‍ കരുതുന്ന മലയില്‍ നില്‍ക്കുന്നു.
6. പരലോകം വിശ്വാസം: ഇറാഖിലെ സന്‍ജാര്‍ മലയിലുള്ള ബാത്വത്വ് എന്ന ഗ്രാമമാണ് മഹ്ശര്‍ എന്നും അദിയ്യിന്റെ (അദിയ്യുബ്‌നു മുസാഫിര്‍) മുൻപിൽ തുലാസ് സ്ഥാപിക്കപ്പെടുകയും അദ്ദേഹം ജനങ്ങളെ വിചാരണ നടത്തി തന്റെ വിഭാഗത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
7. അവരുടെ മത നേതാക്കളുടെ ഖബറിടത്തില്‍ വിളക്കുവെക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു. നീല നിറത്തെ അവര്‍ ആദരിക്കുന്നു.
8. മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്നത് നിഷിദ്ധമാണെന്നും ഒരു യസീദിക്ക് ആറ് പേരെ വിവാഹം ചെയ്യാമെന്നും പഠിപ്പിക്കുന്നു.
9. അക്ഷരാഭ്യാസം നേടല്‍ നിഷിദ്ധമാണ്. അതിനാല്‍ തന്നെ അജ്ഞതയും നിരക്ഷരതയും വ്യാപകമാണ്. അത് കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്കും വഴികേടിലേക്കും നയിക്കുന്നു.
10. രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളാണ് അവര്‍ക്കുള്ളത്. അല്ലാഹുവിന്റെ വിശേഷണങ്ങളും വസ്വിയ്യത്തുകളും വിവരിക്കുന്ന 'അല്‍ജല്‍വ'യാണ് ഒന്ന്. പ്രപഞ്ചത്തിന്റെയും മലക്കുകളുടെയും സൃഷ്ടിപ്പ്, യസീദിയ്യ വിഭാഗത്തിന്റെ ഉല്‍ഭവം, അവരുടെ വിശ്വാസാദര്‍ശങ്ങള്‍ എന്നിവ വിവരിക്കുന്ന 'അല്‍കിതാബുല്‍ അസ്‌വദ്' ആണ് രണ്ടാമത്തേത്.
12. സൂര്യനാണ് അവരുടെ ഖിബ്‌ല അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടി എന്ന പരിഗണന വെച്ചുകൊണ്ടാണത്. സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും അതിനെ നോക്കി യസീദികള്‍ പ്രാര്‍ഥിക്കുന്നു. മത നേതാക്കളുടെ ജന്മദിനം ഉള്‍പ്പെടെ പലവിധത്തിലുള്ള ആഘോഷങ്ങളുണ്ട് അവര്‍ക്ക്. 'കറുത്ത രാത്രി' എന്നറിയപ്പെടുന്ന രാത്രിയില്‍ എല്ലാ പ്രകാശവും അണച്ച്, മദ്യവും മറ്റു നിഷിദ്ധകാര്യങ്ങളുമായി ആ രാത്രി ചെലവഴിക്കുന്നു.
13. ക്രിസ്ത്യാനികളില്‍ നിന്ന് മാമോദിസ മുക്കുന്ന രീതിയും അവര്‍ സ്വീകരിച്ചിട്ടുണ്ട്‌. കുട്ടിക്ക് ഒരാഴ്ച പ്രായമായാല്‍ അദിയ്യുബ്‌നു മുസാഫിറിന്റെ ശവക്കല്ലറയ്‌ക്ക്‌ സമീപം കൊണ്ടുവരികയും അവിടെ വെച്ച് 'വെളുത്ത അരുവി'യിലെ വെള്ളത്തില്‍ (അവരുടെ സംസം) മുക്കുകയും, ഉച്ചത്തില്‍ അവന്റെ പേര് വിളിച്ച് യസീദിലും ത്വാവൂസ് മലകി (ഇബ്‌ലീസി) ലും വിശ്വസിക്കൂ എന്നുണര്‍ത്തുകയും ചെയ്യുന്നു.
14. ക്രൈസ്തവ പുരോഹിതരുടെ കൈകള്‍ അവര്‍ ചുംബിക്കാറുണ്ട്. അവരോടൊപ്പം തിരുവത്താഴം കഴിക്കുന്ന അവര്‍, മദ്യം യേശുവിന്റെ യഥാര്‍ഥ രക്തമാണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ മദ്യം കുടിക്കുമ്പോള്‍ ഒരു തുള്ളി പോലും നിലത്തുവീഴാതിരിക്കാനും താടിയിലൂടെ ഒലിക്കാതിരിക്കാനും അവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുന്നു.
15. മത നേതാക്കൾ ഇവരാണ് അദിയ്യുബ്‌നു മുസാഫിര്‍, സ്വഖ്‌റുബ്‌നു മുസാഫിര്‍, അദിയ്യുബ്‌നു അബില്‍ ബറകാത്ത്, ശംസുദ്ദീന്‍ അബൂമുഹമ്മദ് എന്നിവർ യസീദുകളുടെ മത നേതാക്കളായി ചരിത്രത്തിൽ അറിയപ്പെടുന്നു.
ഇന്നത്തെ യസീദികളിൽ ഭൂരിപക്ഷം ഇറാഖിലാണെങ്കിലും സിറിയ, തുര്‍ക്കി, ഇറാന്‍, റഷ്യ, ജർമനി എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ പല പ്രധാന സംഭവങ്ങളും പ്രത്യേകിച്ചും രാഷ്ട്രീയ മാറ്റങ്ങളും കലാപങ്ങളും യസീദികളുടെ ദേശാന്തരഗമനത്തിനു കാരണമായിട്ടുണ്ട്. ആയതിനാൽ കൃത്യമായ ഇവരുടെ ജനസംഖ്യാ കണക്കെടുപ്പ് സാദ്ധ്യമല്ലാതായിത്തീർന്നിട്ടുണ്ട്.
ഇറാക്കിലാണ് ഇന്നും യസീദികളുടെ ജനസഖ്യ സ്ഥായിയായി നിലനിൽക്കുന്നത്. 70000നും 500000നും ഇടയിൽ അവരുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇറാക്കിലെ നനവേ പ്രവിശ്യയിലാണിവർ കൂടുതൽ താമസിക്കുന്നത്. 2003ലെ ഇറാക്ക് യുദ്ധവും സദ്ദാം ഹുസൈന്റെ ഭരണമാറ്റവും അവരെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സിറിയയിലെ ഇവരുടെ എണ്ണം അനിശ്ചിതമാണ്. 1963ൽ ഇവിടത്തെ ദേശിയ കണക്കെടുപ്പു പ്രകാരം 10000 പേർ ഉണ്ടെന്നു കണ്ടെത്തി. ഇന്ന് 12000 മുതൽ 15000 പേർ വരെ ഉണ്ടാകാൻ സാദ്ധ്യത കാണുന്നുണ്ട്. 50000 പേരാണ് ഇറാക്ക് യുദ്ധത്തിൽ അഭയാർഥികളായി ഇറാക്ക് വിട്ട് സിറിയയിലെത്തിയത്.


പുസ്തകാഭിപ്രായം
നമസ്കാരം - ഖുർആനിലും സുന്നത്തിലും
ഡോ. കോയക്കുട്ടി ഫാറൂഖി

മുസ്ലിംകളുടെ നിർബന്ധ, സുപ്രധാന, ആരാധനാ കർമ്മമാണല്ലോ നമസ്കാരം. ബുദ്ധിക്ക് ഭ്രംശം സംഭവിക്കാത്ത ഏതൊരു പ്രായപൂർത്തി എത്തിയ മുസ്ലിമും അഞ്ച് നേരം നമസ്കരിച്ചേ തീരൂ! നമസ്കാരമില്ലാത്ത ഒരാളെ മുസ്ലിമായി ഗണിക്കാനാവില്ല.
നമസ്കാരം സംബന്ധിച്ച് നിരവധി ഗ്രന്ഥങ്ങൾ നിലവിലുണ്ട്. അതിലൊന്നാണ് ഡോ. കോയക്കുട്ടി ഫാറൂഖിയുടെ മേൽഗ്രന്ഥം. പ്രശസ്ത പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമി എടവണ്ണയാണതിന് അവതാരിക എഴുതിയിട്ടുള്ളത്. അവതാരികയിൽ അദ്ദേഹം ചില സുപ്രധാന വസ്തുതകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പുസ്തകം സാധാരണക്കാർക്ക് എളുപ്പം മനസ്സിലാകും വിധം ലളിതവും ഹൃദ്യവുമാണ്. തെളിവുകൾ നിരത്തി സ്ഫുടമായ മലയാള ഭാഷയിൽ എഴുതിയിരിക്കുകയാണ്. അതിനാൽ ദുർഗ്രാഹ്യതയില്ല. അത്യാവശ്യമായ സ്ഥലങ്ങളിൽ മാത്രമേ ഖുർആനിന്റെയും ഹദീസിന്റെയും അറബി മൂലം നൽകിയിട്ടുള്ളൂ. ഈ പുസ്തകത്തിന്റെ 40-ാമത്തെ എഡിഷനാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. ഇതിന്റെ വർദ്ധിച്ച സ്വീകാര്യതക്കത് തെളിവാണ്.
നമസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വളരെ സംക്ഷിപ്തമായി വിവരിക്കപ്പെട്ടിട്ടുണ്ട് ഈ കൃതിയിൽ. അബ്ദുസ്സലാം സുല്ലമിയുടെ ചില തിരുത്തുകൾ കൂടി ഈ ഗ്രന്ഥത്തിലുൾപ്പെടുത്തിയത് ഗ്രന്ഥകാരന്റെ വിശാല മനസ്കതക്ക് തെളിവാണ്. ഈ പുസ്തകം ഹൃദ്യവും മനോഹരവും ആശയ സമ്പുഷ്ടവുമായി പെട്ടെന്ന് വായിച്ച് തീർക്കാവുന്ന ഈ വിഷയത്തിലെ ഒരു കൃതിയാണ് എന്ന് തീർത്ത് പറയാം. നൂറ് രൂപ വില അധികത്തുകയല്ല താനും.
- അബ്ദുറഹ്മാൻ ഇരിവേറ്റി


കാലികം
അബ്ദുൽ റഷീദ് കൂമണ്ണ
ഹുബ്ബുർറസൂലിന്റെ വികൃതമുഖം

വളരെ ആവേശത്തോടെ, കൊടുംവാശിയോടെ നബിദിനാഘോഷം ഈ വർഷവും വിപുലമായി കൊണ്ടാടപ്പെട്ടു. ബന്ധപ്പെട്ടവർക്ക് തനി ബിദ്അത്തും ള്വലാലത്തുമാണെന്ന് ആയിരംവട്ടം മനസ്സിലായിട്ടുണ്ട്. എന്നാലും പ്രമാണങ്ങൾ ദുർവ്യാഖ്യാനിച്ചും വാചാലമായി ന്യായീകരിച്ചും പുതുപുത്തൻ പ്രമാണങ്ങൾ ചമച്ചും കൊണ്ടാടുക തന്നെ. നബി(സ)യോടുള്ള അതിരറ്റ സ്നേഹം തങ്ങൾക്കു മാത്രമാണുള്ളത്. വഹാബി മൗദൂദിയാതി വർഗ്ഗങ്ങൾക്കൊന്നും നബിയോട് അരക്കഴഞ്ചുപോലും സ്നേഹമില്ല!
"ദുർവ്യാഖ്യാനങ്ങളിലങ്ങനെ മൗലിദ് നബി(സ) തന്നെ നടത്തി. നബി ജീവിച്ചിരിക്കുമ്പോൾ സ്വഹാബികൾ നടത്തി. മരിച്ച ശേഷവും സ്വഹാബികൾ ചെയ്തു. ഖലീഫമാർ മൗലീദോതി. താബിഉകളും താബിഉത്താബിഉകളും അത് ചെയ്തു." പഴയകാലത്ത് മൊത്തം 20 ലക്ഷം ഹദീസുകളെങ്കിലും വ്യാജ നിർമ്മിതിയായിട്ടുണ്ട്. അതിനോടൊപ്പം ഇതാ ഇപ്പോൾ പച്ചക്കള്ളംഹദീസുകൾ ഉണ്ടാക്കി ഹദീസിന്റെ ശൈലിയിൽ അറബിയിലെഴുതി പരിഭാഷ സഹിതം വാട്സാപ്പുകളിൽ പ്രചാരത്തിലാക്കുന്നു. വായാടികളായ മൗലാനമാർ/ മുസ്ല്യാന്മാർ ആവേശോജ്വല ശൈലിയിൽ ഗംഭീരമായി പ്രസംഗിച്ചു സ്ഥാപിച്ചു കൊടുക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമത്രെ മൗലീദുന്നബി എന്നാണിപ്പോഴത്തെ ദിവ്യ വെളിപാട്!
സ്വർഗ്ഗത്തിൽ നിന്നാണ് ആദം(അ)നെ ശൈത്താൻ ചാടിച്ചത്. ആ ഇബ്‌ലീസ് ഇന്നും ലോകത്തെവിടെയുമുണ്ടല്ലോ. എക്കാലത്തും അവന്റെ പണി അതു തന്നെ. അറബികൾ നടത്തുന്ന മൗലിദ് സദസ്സുകളും മീഡിയകളിൽ വരുന്നു. മദീനയിലെ അറബികൾ മൗലിദ് ഓതുന്നതാണെന്നും പറഞ്ഞു വീഡിയോ കണ്ടു. ചിലർക്ക് അതുകണ്ട് അങ്കലാപ്പ്. യാ അറബികളും! നബി(സ) ജനിച്ച മക്കത്തു തന്നെയായിരുന്നു അബൂജഹലും അബൂലഹബുമൊക്കെ ഉണ്ടായിരുന്നതെന്ന് അങ്കലാപ്പിലായവർ മറന്നു പോകുന്നുവോ? നരകം ഏറ്റുവാങ്ങാൻ വെമ്പൽ കൊള്ളുന്നവരുടെ നാട്ടിൽ നടമാടുന്ന പേക്കൂത്തുകൾ കണ്ട് ഭയപ്പെടേണ്ടതില്ല. അല്ലാഹു പറഞ്ഞു: "സത്യനിഷേധികൾ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെയൊരിക്കലും വഞ്ചിതനാക്കി കളയരുത്. തുച്ഛമായ ഒരു സുഖാനുഭവമാണത്. പിന്നീട് അവർക്കുള്ള സങ്കേതം നരകമത്രെ. അത് വളരെ മോശമായ വാസസ്ഥലമാകുന്നു." (ആലുഇംറാൻ: 196, 197).


വിശേഷവിശേഷം
മൗലീദാഘോഷ വിശേഷങ്ങൾ
ഡോ. കോയക്കുട്ടി ഫാറൂഖി

1. കോഴിക്കോട് കാക്കേരിയിൽ നബിദിനത്തിൽ അലങ്കരിക്കാൻ തോരണം തൂക്കുന്നതിനെച്ചൊല്ലി എ.പി - ഇ.കെ. സുന്നികൾ തമ്മിൽ തർക്കം. ഏഴുപേർക്കെതിരെ പോലീസ് കേസടുത്തു. നബി(സ)യും സ്വഹാബിമാരും പള്ളികളിലും മദ്രസ്സകളിലും അങ്ങാടികളിലും സ്വലാത്തു നഗറുകളിലുമൊക്കെ തൂക്കിയ തോരണങ്ങൾ ഏതൊക്കെയായിരുന്നുവെന്നതിന്റെ സ്വഹീഹായ ഹദീസുകൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗവേഷണം മർകസുകളിൽ തുടങ്ങിയിട്ടുണ്ട്. അടുത്തവർഷം നബിദിനാഘോഷത്തിനു മുമ്പ് പ്രസിദ്ധീകരിക്കുന്നതാണ്! അതോടെ തമ്മിൽ തർക്കം തീരുന്നതാണെന്ന് പ്രതീക്ഷിക്കുന്നു. ഇൻശാഅല്ലാഹ്.
2. അഫ്ഗാനിസ്ഥാനിലെ കാബൂളിൽ നബിദിനാഘോഷങ്ങൾക്കിടയിൽ ചാവേറാക്രമണം. 43 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്ക്. ആഘോഷത്തിനെത്തിയ മത പണ്ഡിതന്മാരെ ലക്ഷ്യം വെച്ചാണത്രെ അക്രമം. ഉലമാ കൗൺസിലംഗങ്ങളുൾപ്പെടെയുള്ള പണ്ഡിതന്മാരാണ് കൊല്ലപ്പെട്ടത്.
ഈ കൊല്ലപ്പെട്ടവരുടെ സ്ഥിതിയെന്ത്? ഹബീബായ റസൂലിന്റെ ചര്യക്കെതിരിൽ ബിദ്അത്തും ള്വലാലത്തുമായ നബിദിനാഘോഷമല്ലാതിരുന്നു ഇതെങ്കിൽ അവർ ശുഹദാക്കളാകുമായിരുന്നില്ലേ? ഈ കൊല്ലപ്പെട്ടവരോട് നാളെ അല്ലാഹു ചോദിക്കുമ്പോൾ എന്തായിരിക്കും മറുപടി: "ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് താൻ ഏതൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ചോദിക്കപ്പെടുമ്പോൾ." (അത്തക്‌വീർ: 8, 9). ആ പെൺമക്കൾ നിരപരാധികളാണ്. ഒരാളുടെ ജീവിതാന്ത്യത്തിലെ വിശ്വാസവുമായാണ് ഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന തത്വമനുസരിച്ച് ആ പണ്ഡിതന്മാരുടെ സ്ഥിതി എന്തിലായിരിക്കും?
3. കാളികാവിലെ കല്ലാമൂലയിൽ ദിബേഷ് എന്ന അമുസ്ലിം സഹോദരനു ചികിത്സാസഹായം ചെയ്യാൻ പണപ്പിരിവ് മതപ്രഭാഷണത്തിൽ നടത്തി. മനുഷ്യത്വപരമായ ജീവകാരുണ്യമാണത്. ഏതു ജീവനോടും കരുണ കാണിക്കണം. ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമന്യേ അതാകാവുന്നതാണ്. ആ മഹല്ലുകാർ അതിൽ ഉത്തമ മാതൃക കാണിച്ചു. നല്ലത്.
എന്നാൽ നബിദിനാഘോഷ യാത്രക്ക് മരുതങ്ങോട് അയ്യപ്പക്ഷേത്ര കമ്മിറ്റി സ്വീകരണമേർപ്പെടുത്തി. കാരുണ്യപ്രവാചകന്റെ 'തിരുജയന്തി'യെന്നത് മഹത്തായ പുണ്യകർമ്മമായി ഹിന്ദുക്കൾ മനസ്സിലാക്കിപ്പോയിട്ടുണ്ട്. ക്ഷേത്ര രക്ഷാധികാരി സേതു നേതൃത്വം വഹിച്ചു. മതസഹിഷ്ണുതയാണത്രെ ഇത്! നബിദിന റാലിയിലെ നബി കീർത്തനവും അയ്യപ്പസ്വാമികളുടെ ശരണം വിളിയും ഒന്നിച്ചു മുഴങ്ങി. മധുരവിതരണം, ആശീർവാദ പ്രസംഗം, നന്ദിപ്രകടനം തുടങ്ങിയവയ്ക്കെല്ലാം മദ്രസാദ്ധ്യാപകൻ ജമാലുദ്ധീൻ മുസ്ലിയാരുടെ നേതൃത്വവും ഉണ്ടായി.
ഹിന്ദു സഹോദരന്മാരേ, ഈ മാപ്പിളമക്കൾ ചെയ്ത നബിദിനാഘോഷം ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഇസ്ലാമിലെ കടുത്ത അനാചാരമാണ് എന്നത് നിങ്ങൾക്കറിയുമോ? യഥാർത്ഥ ഇസ്ലാംമത വിശ്വാസികളെ അഗാധമായി ഈ സംഭവം വേദനിപ്പിച്ചിട്ടുണ്ട് എന്നറിയുക. ആരാധനകളിൽ പരസ്പരം വെള്ളം ചേർത്ത് അതിന്റെ പരിശുദ്ധി കളയരുത്. "അല്ലയോ അവിശ്വാസികളേ, ഞാൻ ആരാധിക്കുന്നതിനെ നിങ്ങൾ ആരാധിക്കുന്നില്ല. നിങ്ങൾ ആരാധിക്കുന്നവയെ ഞാൻ ആരാധിക്കുന്നുമില്ല. ഞാൻ ആരാധിക്കുന്നതിനെ നിങ്ങളോ നിങ്ങൾ ആരാധിക്കുന്നതിനെ ഞാനോ ആരാധിക്കേണ്ടതുമില്ല. നിങ്ങൾക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം." (സൂറ. അൽകാഫിറൂൻ). ഇതാണ് യഥാർത്ഥ മതസഹിഷ്ണുത. ഒരു കാര്യം ഉറപ്പാണ്. അയ്യപ്പ ഭക്തന്മാർക്ക് അയ്യപ്പനോടുള്ള അതേ ആരാധനാഭാവം മുസ്ലിംകൾക്ക് മുഹമ്മദ് നബി(സ)യോടുണ്ട് എന്നു തന്നെയാണ് ഇക്കാലത്തെ അമുസ്ലിംകളുടെ വിശ്വാസം! ആ വിശ്വാസം ശിർക്കാണ് - ബഹുദൈവാരാധന - എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന ശില എന്ന് എല്ലാ അമുസ്ലിം സഹോദരങ്ങളും മനസ്സിലാക്കണമന്നപേക്ഷിക്കുന്നു. ഇതോടെ മരുതങ്ങോട്ടെ നബിദിനാഘോഷ മാപ്പിളമാർ ഇരു മത അടിസ്ഥാന നിയമവും ലംഘിച്ചിരിക്കുകയാണ് എന്നു ഗ്രഹിക്കാൻ ഒരു പ്രയാസവുമില്ല.
4. പേരാമ്പ്ര കക്കറമുക്ക് മഹല്ല് കമ്മിറ്റി നബിദിനാഘോഷം മാറ്റിവെച്ചു. കാരണം ബഹുമാന്യനായ ഒരു നാടൻ കലാകാരനും പൊതുപ്രവർത്തകനുമായ രാജീവ് എന്ന ഹിന്ദു സഹോദരനോടുള്ള ആദരസൂചകമായിട്ടായിരുന്നു. മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷം നടന്ന അതേദിവസം പൂർണ്ണ ചന്ദ്രഗ്രഹണം നടന്ന - തിങ്കളാഴ്ച്ച - റബീഉൽ അവ്വൽ 12നായിരുന്നു. ആദ്യകാല ചരിത്രകാരന്മാർ രേഖപ്പെടുത്തിയ ഹിബ്രു കലണ്ടർ അനുസരിച്ച് യാദൃശ്ചികമായി അതേപോലുള്ള റബീഉൽ അവ്വൽ 12ന് തന്നെയാണ് തിങ്കളാഴ്ച - ഗ്രഹണമുണ്ടായ ദിനം - നബി(സ)യുടെ വഫാത്ത് (നിര്യാണം) - നടന്നത്. അഖില ലോകർക്കും കാരുണ്യവാനായി വന്ന പ്രവാചകന്റെ വഫാത്തിന്റെ ദുഃഖസൂചകമായി നബിദിനാഘോഷം മൊത്തം മാറ്റിവെക്കാത്തവർ പ്രവാചകനിന്ദയുടെ പാപഭാരം പേറേണ്ടി വരില്ലേ?
ഒരു കൂട്ടം മാപ്പിളമാർ വീറോടെ നബി ജന്മദിനാഘോഷം ആഹ്ലാദഭരിതമായി നടത്തുന്ന അതേദിവസം തന്നെയാണ് പ്രവാചകന്റെ ചരമദിനവും. അതുകൊണ്ട് കേവലം ഒരു നാടൻ കലാകാരന്റെ വിയോഗദുഃഖം പോലും താങ്ങാനാവാത്തതിനാൽ കക്കറമുക്ക് മഹല്ലുകാർ നബിദിനാഘോഷം മാറ്റിവെച്ചു. ഇതു മാതൃകയാക്കി 'അശ്റഫുൽ ഖൽഖി'ന്റെ വിയോഗത്തെ പരിഗണിച്ച് ഇനി മുതൽ നബിദിനാഘോഷം മുസ്ലിം ലോകം ഉപേക്ഷിക്കണമെന്ന് അൽഫനാർ ആവശ്യപ്പെട്ടു കൊള്ളുന്നു.



സംസ്കാരം
'ലഹരി'യായി മാറുന്ന പുതിയ തലമുറ
എ. മുഹമ്മദ് മാറഞ്ചേരി

'ലഹരിമുക്ത കേരളം' എന്ന മുദ്രാവാക്യം പല കോണുകളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ തലമുറ ലഹരിയിലാണ്, അല്ല ലഹരി തന്നെയാണ്. വിദ്യാലയങ്ങള്‍ക്കടുത്ത് ലഹരി കേന്ദ്രങ്ങള്‍ സജീവമാണ്. വിദ്യാര്‍ത്ഥികളെത്തന്നെ വില്‍പനക്കരാക്കുന്നഗൂഢ തന്ത്രമാണ് വന്‍കിട മയക്കുമാഫിയകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഐസ്ക്രീംപാര്‍ലറുകള്‍ പലതും ലഹരി വില്‍പന സ്ഥാപനങ്ങളാണെന്നു വാര്‍ത്തകളില്‍ കേള്‍ക്കുന്നു. പെണ്‍കുട്ടികളടക്കം ചെന്നുകയറുന്നത് ഇത്തരം കച്ചവട കേന്ദ്രങ്ങളിലേക്കാണെന്നു സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പുകയ്ക്കുന്ന യൗവനങ്ങളെയാണ് കണികാണുന്നതെന്ന് പലരും വിലപിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ മക്കള്‍ അതിലുള്‍പ്പെട്ടിട്ടില്ലെന്നും ഓരോ രക്ഷിതാവും ആശ്വാസം കൊള്ളുന്നു. അവരുടെ ആത്മവിശ്വാസം തെറ്റായിരുന്നുവെന്ന് പിന്നീടാണ് അവര്‍ അറിയുന്നത്.
ഇതില്‍ നിന്നും മോചനം നേടാന്‍ പുതിയ തലമുറയെ രക്ഷിക്കുവാന്‍ നാം എന്തുചെയ്യണം.?
ഇതിന് ഒന്നാമതായി രംഗത്തുവരേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. തങ്ങളുടെ മക്കളുടെ യാത്രകളും സഞ്ചാരങ്ങളും കൂട്ടുകെട്ടുകളും ചലനങ്ങളും രക്ഷിതാക്കള്‍ സദാ ശ്രദ്ധിക്കുക. അവിശ്വസനീയമായ കാഴ്ചകളും, കാര്യങ്ങളും കാണുമ്പോള്‍ ഉടനെയിടപെടുക. ശാസനകള്‍ക്കു പകരം ശാന്തമായ ഒരു അന്തരീക്ഷമൊരുക്കി കുട്ടികളെ ബോധവല്‍ക്കരിക്കുക. ശിക്ഷക്കുപകരം ശിക്ഷണങ്ങള്‍ നല്‍കുക. ലഹരിക്കടിമകളായ കുട്ടികളെ ചികിത്സക്കു വിധേയമാക്കുക. സൈക്യാട്രീ, സൈക്കോളജി ഭിഷഗ്വരന്മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക.
ലഹരി വ്യാപനത്തിന്നെതിരെ കൂട്ടായ്മ സംഘടിപ്പിച്ച് രംഗത്തു വരിക. മയക്കുമരുന്നു മാഫിയകള്‍ ശക്തരാണ്. രാഷ്ട്രീയക്കാരില്‍ പലരും അവരോടൊപ്പമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന്നതീതമായ കൂട്ടായ്മകള്‍ സ്വരൂപിക്കുക. ഭരണകൂടങ്ങളെ സാന്ദര്‍ഭികമായി ഇടപെടുത്തുക. മയക്കുമരുന്നു കേന്ദ്രങ്ങള്‍ നിഗൂഢതയിലാണ്. വമ്പിച്ച നെറ്റ്വര്‍ക്കിലൂടെയാണ് മാഫിയ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സാഹസികമാണ് നേരിടുകയെന്നത്. ഓരോ പ്രദേശത്തേയും സാമൂഹ്യ, മതസാംസ്കാരിക, ഭരണകൂട വ്യക്തിത്വങ്ങളെ ഒന്നിപ്പിച്ച് കൊണ്ട് മുന്നോട്ടുപോവുക, എങ്കില്‍ ഒരു പരിധിവരെ ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നതാണ്.
പാഠശാലകള്‍ക്കും വലിയൊരു പങ്കുവഹിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക. ഓരോ കുട്ടികളുടേയും സ്വഭാവങ്ങള്‍ നിരീക്ഷിക്കുക, സംശയമുള്ളവരെ പിന്തുടരുക. രക്ഷിതാക്കളുമായുള്ള ബന്ധം അധ്യാപക ര്‍നിലനിറുത്തുക. കുട്ടികളെ പരസ്യമായി ശാസിക്കാതിരിക്കുക. ലഹരിക്കടിമപ്പെട്ടവരെ മുക്തരാക്കുവാനുള്ള ക്ലിനിക്കുകളുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക് വിധേയരാക്കുക.
പുതിയ തലമുറയെ തിരിച്ചുകൊണ്ടു വരാന്‍ ആധുനിക ടെക്നോളജിയും ഉപയോഗപ്പെടുത്തുക. വാര്‍ട്സ് ആപ് കൂട്ടായ്മയിലൂടെ, സോഷ്യല്‍ മീഡിയകളിലൂടെ ലഹരിയുടെ അപകടങ്ങള്‍ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുക. ബോധം നഷ്ടപ്പെട്ടവരുടെ ചിത്രങ്ങളും ചരിത്രങ്ങളും ബോധ്യപെടുത്തിക്കൊണ്ടിരിക്കുക. ആത്മഹത്യയിലേക്ക് നടന്നുപോകുന്ന യുവതയുടെ അപകടകരമായ ചിത്രങ്ങള്‍ വരച്ചുകാണിക്കുക, തിരിച്ചു ചിന്തിക്കുവാനുള്ള ബോധവും നഷ്ടപ്പെടുത്തുന്ന പതനത്തിലേക്ക് എത്താതിരിക്കുവാന്‍ സാമൂഹ്യപ്രവര്‍ത്തകരും മുന്നോട്ടു വരിക. സമൂഹത്തിലെ മുഴുവന്‍ മനുഷ്യരും ഒന്നിച്ചുകൊണ്ട് ലഹരിക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരാവുക. ഒന്നിച്ചുള്ള മുന്നേറ്റം ലഹരി മാഫിയകളുടെ ഗമനത്തിന് തിരിച്ചടി തന്നെയാണെന്ന് ഓര്‍ക്കുക.
ലഹരിമുക്ത കേരളം സ്വപ്നം കാണുന്നവര്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഒന്നിച്ചുണരണം, ഒന്നിച്ചുയരണം, ഒന്നിച്ചു പ്രവര്‍ത്തിക്കണം.
ലഹരിമാഫിയപ്പോലെത്തന്നെയാണ് കേരള ബാറുകളും. നക്ഷത്ര ഹോട്ടലുകള്‍ മുതല്‍ പെട്ടിപ്പീടിക വരെ ലഹരി വില്‍പന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള അധികാരം പോലും സര്‍ക്കാര്‍ എടുത്തുകളഞ്ഞു. കള്ളും, ബാറും അനുവദിക്കുവാനും അനുവദിക്കാതിരിക്കുവാനും പഞ്ചായത്തിന് അധികാരമുണ്ടായിരുന്നു. അതുപോലും നഷ്ടപ്പെടുത്തിയവരാണ് ഭരണക്കാര്‍. അവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
അതുകൊണ്ട് ജനമുന്നേറ്റും അനിവാര്യമാണ്. ശക്തമായ ജനമുന്നേറ്റത്തിന്‍റെ മുന്നില്‍ ഒരു ഭരണകൂടത്തിനും പിടിച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. ലഹരിമുക്ത കേരളം നമ്മുടെ സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമാകണം. കേരളീയര്‍ ഒന്നിക്കുക.


വചനാനുഭവം
എം.എ. കാരപ്പഞ്ചേരി
ഖുർആൻ പ്രാരംഭം (പ്രാർത്ഥന)

പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തിൽ:
സർവ്വലോകനാഥനായ അല്ലാഹുവിന്നത്രെ സ്തോത്രം!
പരമകാരുണികനു കരുണാമയനും വിധിനാളിന്റെ അധിപനുമായ അല്ലാഹുവിന്ന്.
അല്ലാഹുവേ! ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുകയും നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു.
നീ ഞങ്ങളെ നേർവഴിയിൽ നയിച്ചാലും!
നീ അനുഗ്രഹിച്ചവരുടെ വഴിയിൽ - നിന്റെ കോപത്തിനിരയായവരുടെതും വഴിതെറ്റിയവരുടെതുമല്ലാത്ത മാർഗത്തിൽ!

ആമീൻ!



No comments:

Post a Comment